കെ.ശ്രീജിത്ത്
അജയ് ജഡേജയും റോബിന്‍ സിംഗും… ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാത്ത രണ്ട് പേരുകള്‍… തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ഏകദിന ടീമിന്റെ മധ്യനിരയില്‍ നിറഞ്ഞുനിന്ന രണ്ട് ഉശിരന്‍ താരങ്ങള്‍. ഏത് പ്രതിസന്ധിയിലും ചങ്കുറപ്പോടെ പോരാട്ടം എതിര്‍ക്യാമ്പിലേയ്ക്ക് നയിച്ച പോരാളികള്‍. അന്നൊന്നും മുന്‍നിര ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞാലും ക്രിക്കറ്റ് പ്രേമികള്‍ ആശങ്കപ്പെടാറില്ല. കാരണം ഇനിയാണ് യഥാര്‍ത്ഥ കളിയെന്ന് അവര്‍ മനസില്‍ പറയും. ജഡേജയും റോബിന്‍ സിംഗും ഇറങ്ങാനിരിക്കുന്നതെയുള്ളൂ. എതിര്‍ ടീമിനും അറിയാം, ശ്വാസം വിടാന്‍ സമായമായിട്ടില്ല എന്ന്. അവിടെനിന്നങ്ങോട്ടാണ് കളിയെന്ന്. ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാര്‍ പോലും സൂക്ഷിച്ചാണ് ബൗള്‍ ചെയ്യുക. ആദ്യ ബോള്‍ മുതല്‍ ആക്രമിച്ച് കളിക്കാന്‍ യാതൊരു മടിയുമില്ലാത്ത രണ്ട് പേര്‍. ഇനി അഥവാ മെല്ലെയാണ് തുടങ്ങുന്നതെങ്കിലോ പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണെന്ന വിജയ് സിനിമയിലെ മാസ് ഡയലോഗ് ആണ് ഫാന്‍സ് ഓര്‍ക്കുക. കളിയുടെ എതെങ്കിലും ഒരു ഘട്ടത്തില്‍ അവര്‍ തങ്ങളുടെ വിശ്വരൂപം പുറത്തെടുക്കുമെന്ന് ഉറപ്പാണ്. അങ്ങനെയാണവര്‍. ഭയം എന്ന വികാരം തൊട്ടുതീണ്ടിയില്ലാത്ത രണ്ട് പേര്‍.
തൊണ്ണൂറുകളില്‍ എത്രയെത്ര കളികളാണ് ഇരുവരും ചേര്‍ന്ന് ഫിനിഷ് ചെയ്തിട്ടുള്ളത്. തോല്‍വി തുറിച്ചുനോക്കിയ ഇന്ത്യന്‍ ടീമിനെ ജയത്തിന്റെ തീരത്തേയ്ക്ക് അടുപ്പിച്ചിട്ടുള്ളത്. തോല്‍വിയുടെ പടുകുഴികളില്‍ നിന്ന് നിര്‍ഭയം പോരാടി ഉയര്‍ത്തെഴുന്നേറ്റത്. വിജയപടവുകള്‍ ആത്മവിശ്വാസത്തോടെ കയറിയത്. എത്രയെത്ര രക്ഷാപ്രവര്‍ത്തനങ്ങള്‍. രണ്ട് ശരീരമാണെങ്കിലും ഒരു ആത്മാവായി കളിച്ച് രാജ്യത്തെ യശസിലേയ്ക്ക് ഉയര്‍ത്തിയ പോരാട്ടങ്ങള്‍.

ആദ്യ അഞ്ച് വിക്കറ്റുകള്‍ അനായാസം വീഴ്ത്തിയിട്ടുംമ കളി ജയിക്കാന്‍ കഴിയാതെ നിരാശരായ എതിര്‍ ബൗളര്‍മാര്‍.
ജഡേജയും റോബിന്‍ സിംഗും പൊരുതിക്കളിച്ചിട്ടും തോല്‍ക്കേണ്ടിവന്ന സന്ദര്‍ഭങ്ങളും നിരവധിയാണ്. അന്നും പക്ഷെ ആരാധകര്‍ ആ പോരാട്ടങ്ങളെ നെഞ്ചിലേറ്റി. പോയകാലത്തെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളായി അതിന്നും ഹൃദയങ്ങളില്‍ കൊത്തിവെയ്ക്കപ്പെട്ടിട്ടുണ്ട്.
ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും ഫീല്‍ഡിങ്ങിലും നിറഞ്ഞുനിന്നു ഇരുവരും. എപ്പോഴൊക്കെ ഇന്ത്യയ്ക്ക് ബ്രെയ്ക്ക്ത്രൂ ആവശ്യമായി വന്നുവോ അപ്പോഴൊക്കെ ഒന്നുകില്‍ ജഡേജയോ അല്ലെങ്കില്‍ റോബിന്‍ സിംഗോ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. കളിയുടെ ഗതിക്ക് വിപരീതമായി അവര്‍ വിക്കറ്റ് വീഴ്ത്തി. അപ്രതീക്ഷിതമായ ആഘാതത്തില്‍പ്പെട്ട് എതിര്‍ ടീം ആടിയുലഞ്ഞു. പാര്‍ട്ണര്‍ഷിപ്പുകള്‍ പൊളിക്കാന്‍ ക്യാപ്റ്റന്‍മാര്‍ റോബിന്റെയും ജഡേജയുടെയും സഹായം തേടി. അവര്‍ വിക്കറ്റ് വീഴ്ത്തി ക്യാപ്റ്റന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു.
ഫീല്‍ഡിങ്ങിലാകട്ടെ, അന്ന് ഇന്ത്യയുടെ മാത്രമല്ല, ലോകത്തെതന്നെ ഏറ്റവും മികച്ച രണ്ട് ഫീല്‍ഡര്‍മാരായിരുന്നു അവര്‍. അവിശ്വസനീയമായ ക്യാച്ചുകള്‍… പറന്നെത്തി സ്ലൈഡ് ചെയ്തുള്ള ഗ്രൗണ്ട് ഫീല്‍ഡിംഗ്… ഇരുവരും ചേര്‍ന്ന് ചരുങ്ങിയത് മുപ്പത് റണ്ണെങ്കിലും സേവ് ചെയ്തു. അതുവഴി എതിര്‍ ടീമുകള്‍ക്ക് മുപ്പത് റണ്‍സ് കൂടുതലായി സ്‌കോര്‍ ചെയ്യേണ്ടിവന്നു. ട്വന്റി ട്വന്റി ക്രിക്കറ്റ് അന്നുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് പേരുമായേനെ ഏറ്റവും ഡിമാന്റുള്ള കളിക്കാര്‍.

എല്ലാ അര്‍ത്ഥത്തിലും കംപ്ലീറ്റ് ക്രിക്കറ്റര്‍മാരായിരുന്നു അജയ് ജഡേജയും റോബിന്‍ സിംഗും. ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇല്ലാത്തതും അത്തരം ക്രിക്കറ്റര്‍മാരാണ്.



