കെ.ശ്രീജിത്ത്
ടെസ്റ്റില്‍ ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍ നേടിയിട്ടുള്ള ബാറ്ററാണ് ജോ റൂട്ട്. അവരുടെ എക്കാലത്തെയും മികച്ച ബാറ്റര്‍. വളരെ ചെറുപ്പത്തില്‍ത്തന്നെ ഭാവിയില്‍ മികച്ച ബാറ്ററാകുമെന്ന പ്രതീക്ഷിക്കപ്പെട്ട താരമാണ് ജോ റൂട്ട്. ആ പ്രതീക്ഷകള്‍ ശരിവെയ്ക്കുംവിധം ഒരു ഇതിഹാസ ബാറ്ററായി ജോ റൂട്ട് മാറി. വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവരോടൊപ്പം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ 25 വര്‍ഷത്തില്‍ ലോകം കണ്ട ഏറ്റവും മികച്ച ബാറ്ററായി ജോ റൂട്ടിനെയും ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തുന്നു. ഈ നാല് ബാറ്റര്‍മാരുടെ സംഘത്തെ ഫാബുലസ് ഫോര്‍ എന്നാണ് വിളിക്കുന്നത്. റൂട്ടിന്റെ ചെറുപ്പത്തില്‍ ഭാവിയില്‍ അയാളൊരു ഓപ്പണിംഗ് ബാറ്ററായി മാറുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. പകരം അയാള്‍ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ കരിയറില്‍ ബാറ്റ് ചെയ്തത്. റൂട്ടിന് ഏറ്റവും ചേര്‍ന്ന ബാറ്റിംഗ് പൊസിഷനുകള്‍ അതായിരുന്നു. ക്ഷമയും ഏകാഗ്രതയും വേണ്ടുവോളമുള്ള ബാറ്ററാണ് ജോ റൂട്ട്. ക്രീസില്‍ എത്രനേരം വേണമെങ്കിലും യാതൊരു മുഷിപ്പുമില്ലാതെ തുടരാന്‍ അയാള്‍ക്ക് കഴിയും. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണിന്റെ കളിയോട് ചില സാദൃശ്യങ്ങളുണ്ട് റൂട്ടിന്റെ കളിക്ക്. പ്രത്യേകിച്ചും അയാളുടെ ഫ്രണ്ട് ഫൂട്ട് ഡ്രൈവ് വോണിന്റേതുപോലെത്തന്നെയാണെന്ന് ചില ക്രിക്കറ്റ് പണ്ഡിതര്‍ പറയുന്നു.

കഴിഞ്ഞ ഒരു ദശകമായി ഇംഗ്ലണ്ട് ബാറ്റിംഗിന്റെ നട്ടെല്ലാണ് ജോ റൂട്ട്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും അയാള്‍ മികച്ച കളി പുറത്തെടുത്തു. ടെസ്റ്റില്‍ അയാള്‍ ശരിക്കുമൊരു റണ്‍ മെഷീനാണ്. വ്യത്യസ്ത സാഹചര്യങ്ങളുമായി അതിവേഗം പൊരുത്തപ്പെടാനുള്ള റൂട്ടിന്റെ മിടുക്ക് ഏറെ ശ്രദ്ധേയമാണ്. 2012ല്‍ ഇരുപത്തൊന്നാമത്തെ വയസിലാണ് ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു ഇത്. അരങ്ങേറ്റ ഇന്നിംഗ്‌സില്‍ 73 റണ്‍സാണ് റൂട്ട് നേടിയത്. അന്ന് പ്രായത്തെക്കാള്‍ കൂടുതല്‍ പക്വത കാണിച്ച റൂട്ട് സകലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അന്താരാഷ്ട്ര ക്രിക്കറ്റിലെ തുടക്ക കാലത്ത് അലിസ്റ്റയര്‍ കുക്കിനെയും കെവിന്‍ പീറ്റേഴ്‌സണെയും ജെയിംസ് ആന്‍ഡേഴ്‌സണെയും പോലുള്ള ഇതിഹാസങ്ങള്‍ക്കൊപ്പമാണ് റൂട്ട് കളിച്ചത്. ഇത് അയാള്‍ക്ക് ഏറെ ഗുണം ചെയ്തു. ഇവരെല്ലാം റൂട്ടിനെ സ്വാധീനിക്കുകയും കളിയില്‍ അയാള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എല്ലാ ഫോര്‍മാറ്റിലും റൂട്ടിന്റെ കളി മികച്ചുനിന്നെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലാണ് അയാള്‍ ശരിക്കും മിന്നിത്തിളങ്ങിയത്. ക്ലാസിക്കല്‍ ബാറ്റിംഗ് ടെക്‌നിക്കുകളും മനോഹരമായ പാദചലനങ്ങളും നങ്കൂരമിട്ട് കളിക്കാനുള്ള അപാരമായ കഴിവുമാണ് ജോ റൂട്ടിനെ ഒരു മഹത്തായ ബാറ്ററായി മാറ്റുന്നത്. സ്ഥിരമായ ബാറ്റിംഗ് പ്രകടനങ്ങളാണ് അയാളുടെ തലമുറയിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായി റൂട്ട് മാറിയതിന്റെ പ്രധാന കാരണം. ടെസ്റ്റില്‍ മിക്കപ്പോഴും നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങുന്ന റൂട്ട് ആക്രമണവും പ്രതിരോധവും സമാസമം ചേര്‍ത്താണ് കളിക്കുക. ഇന്ത്യയെയും ഓസ്‌ട്രേലിയയെയും പോലുള്ള മികച്ച ടീമുകള്‍ക്കെതിരെയാണ് റൂട്ട് മികച്ച കളി പുറത്തെടുത്തിട്ടുള്ളത് എന്നതുതന്നെ അയാളുടെ നിലവാരം കാണിക്കുന്നുണ്ട്.

പരിമിത ഓവര്‍ ക്രിക്കറ്റിലും അയാള്‍ ഏറ്റവും നല്ല കളി തന്നെയാണ് പുറത്തെടുത്തത്. 2019ല്‍ ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് നേടിയപ്പോള്‍ റൂട്ടില്‍ നിന്ന് നിരവധി മികച്ച ഇന്നിംഗ്‌സുകളുണ്ടായി. ആ ഇന്നിംഗ്‌സുകള്‍ ഇംഗ്ലണ്ടിന്റെ കിരീടധാരണത്തില്‍ നിര്‍ണായകമായി. ടൂര്‍ണമെന്റില്‍ 556 റണ്ണാണ് റൂട്ട് നേടിയത്. 61.77 ആയിരുന്നു ശരാശരി. ആ ലോകകപ്പില്‍ പലപ്പോഴും സമ്മര്‍ദ്ദഘട്ടങ്ങളില്‍ ശാന്തതയോടെ കളിച്ച റൂട്ട് ടീമിനെ അപകടങ്ങളില്‍ നിന്ന് കരകയറ്റി. 2017 മുതല്‍ 2022 വരെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന റൂട്ട് ടീമിനെ മികച്ച ചില വിജയങ്ങളിലേയ്ക്ക് നയിച്ചു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്റ് എന്നീ ടീമുകള്‍ക്കെതിരെയെല്ലാം റൂട്ടിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് പരമ്പര നേടി. ഇതില്‍ ദക്ഷിണാഫ്രിക്കയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ പരമ്പര വിജയങ്ങള്‍ അവരുടെ നാട്ടില്‍ വെച്ചായിരുന്നു. ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേയ്ക്ക് നയിച്ച ക്യാപ്റ്റനും ജോ റൂട്ട് ആണ്. 27 വിജയങ്ങള്‍. എന്നാല്‍ റൂട്ടിന്റെ ക്യാപ്റ്റന്‍സിയില്‍ എടുത്തുപറയത്തക്ക ചില പരാജയങ്ങളും ഇംഗ്ലണ്ടിനുണ്ടായി. നാട്ടിലും വിദേശത്തുമായി ന്യൂസീലന്റിനെതിരെ മൂന്ന് ടെസ്റ്റ് പരമ്പരകളിലും വെസ്റ്റ് ഇന്‍ഡീസില്‍ വെച്ച് നടന്ന തുടര്‍ച്ചയായ രണ്ട് ടെസ്റ്റ് പരമ്പരകളിലും ഇംഗ്ലണ്ട് തോറ്റു. റൂട്ടിന്റെ നേതൃത്വത്തില്‍ മൂന്ന് ആഷസ് പരമ്പരകളിലും ഇംഗ്ലണ്ട് തോറ്റിട്ടുണ്ട്. കളിക്കാരനെന്ന നിലയിലുള്ള ടെസ്റ്റിലെ ശരാശരിയേക്കാള്‍ എട്ട് റണ്‍ കുറവാണ് ക്യാപ്റ്റനെന്ന നിലയിലുള്ള റൂട്ടിന്റെ ശരാശരി. മാത്രമല്ല ക്യാപ്റ്റനായിരുന്നപ്പോള്‍ ഒരു കലണ്ടര്‍ വര്‍ഷം ഒരൊറ്റ ടെസ്റ്റ് സെഞ്ച്വറി പോലും നേടാനാകാതെ അയാള്‍ കുഴങ്ങുകയും ചെയ്തു. ഇതൊക്കെ കൊണ്ടുതന്നെ റൂട്ടിനെ അത്ര മികച്ച ക്യാപ്റ്റനായി കാണാത്തവരുമുണ്ട്.

ഇന്ത്യയ്‌ക്കെതിരായ അരങ്ങേറ്റത്തിനുശേഷം 2013ല്‍ ഹെഡ്ഡിംഗ് ലിയില്‍ ന്യൂസീലന്റിനെതിരെ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ച്വറി നേടി. തുടര്‍ന്ന് നടന്ന ആഷസ് പരമ്പരയിലെ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റിലും റൂട്ട് സെഞ്ച്വറി നേടി. അന്നയാള്‍ ഓപ്പണറായാണ് ഇറങ്ങിയത്. ഇതോടെ ആ റോളില്‍ അയാള്‍ ഏറെക്കാലം ശോഭിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. പിന്നീട് ആ പരമ്പരയില്‍ മോശം ഫോമിലേയ്ക്ക് വഴുതിവീണ റൂട്ട് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഒഴിവാക്കപ്പെട്ടു. ആ ആഷസില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോട് 5-0ന് തോല്‍ക്കുകയും ചെയ്തു. എന്നാല്‍ ആ വീഴ്ചയ്ക്കുശേഷം റൂട്ട് ഉയര്‍ത്തെഴുന്നേറ്റ രീതി ഗംഭീരമായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ റൂട്ട് അതിനുശേഷം ഇന്ത്യയ്‌ക്കെതിരെ രണ്ട് കൂറ്റന്‍ സെഞ്ച്വറികള്‍ കൂടി നേടി. ഈ മൂന്ന് ഇന്നിംഗ്‌സുകളിലും എതിര്‍ ടീമിന് അയാളെ പുറത്താക്കാന്‍ കഴിഞ്ഞിരുന്നില്ല. തിരിച്ചടികളില്‍ നിന്ന് തിരിച്ചുവരാനുള്ള റൂട്ടിന്റെ അസാധാരണമായ കഴിവിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇത്. 2015ല്‍ അയാള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം ടെസ്റ്റ് റണ്‍ നേടി. തുടര്‍ന്ന് എല്ലാതരം പിച്ചുകളിലും തകര്‍ത്താടിയ റൂട്ട് എല്ലാ ഫോര്‍മാറ്റുകളിലും ഇംഗ്ലണ്ടിന്റെ മികച്ച കളിക്കാരനായി. നാലാം നമ്പറിലിറങ്ങി മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ച റൂട്ട് പലപ്പോഴും ഇംഗ്ലണ്ട് മുന്‍നിര ബാറ്റിംഗിന്റെ തകര്‍ച്ച ടീമിന് ബാധ്യതയാകാത്തവിധം കൈകാര്യം ചെയ്തു. എത്രയോ, എത്രയോ വട്ടം അയാള്‍ ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റി.

2015ലും 2016ലും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍ നേടിയതിന്റെ റെക്കോഡ് തുടര്‍ച്ചയായി സൃഷ്ടിച്ചു. യഥാക്രമം 2,278ഉം 2,570ഉം റണ്ണായിരുന്നു അന്നയാള്‍ അടിച്ചുകൂട്ടിയത്. 2021ല്‍ ഒരു കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ 1,708 റണ്ണാണ് റൂട്ട് നേടിയത്. ഇതോടെ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ഒരു കലണ്ടര്‍ വര്‍ഷം നേടിയ 1481 റണ്ണിന്റെ റെക്കോഡ് പഴങ്കഥയായി. 2024ല്‍ ഒരിക്കല്‍ കൂടി റൂട്ട് ഒരു കലണ്ടര്‍ വര്‍ഷം 1,500ല്‍ കൂടുതല്‍ ടെസ്റ്റ് റണ്‍ നേടി. ഇതില്‍ പാകിസ്താനെതിരെ മുള്‍ട്ടാനില്‍ നേടിയ 262 റണ്ണും ഉള്‍പ്പെടുന്നു. ടെസ്റ്റിലെ റൂട്ടിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണത്. ആ ഇന്നിംഗ്‌സിലൂടെ ഇംഗ്ലണ്ടിനുവേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമായും റൂട്ട് മാറി. അലിസ്റ്റയര്‍ കുക്കിന്റെ റെക്കോഡാണ് റൂട്ട് മറികടന്നത്. കളിക്കാരനെന്ന നിലയില്‍ ഇംഗ്ലണ്ടിന്റെ മൂന്ന് ആഷസ് വിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള റൂട്ട് ഈ വിജയങ്ങളിലെല്ലാം നിര്‍ണായക സംഭാവനകള്‍ നല്‍കി. 2015ലെ ആഷസ് പരമ്പര ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ടീമിനുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ജോ റൂട്ട് പ്ലേയര്‍ ഓഫ് ദ സീരീസ് ആയി. 2021ല്‍ ചെന്നൈയില്‍ വെച്ച് നടന്ന ടെസ്റ്റില്‍ റൂട്ട് നേടിയ 218 റണ്‍ അയാളുടെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ ലോകനിലവാരത്തിലുള്ള ബൗളിംഗിനെ ഫലപ്രദമായി ചെറുത്തുനിന്ന് നേടിയ ആ ഇന്നിംഗ്‌സ് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. ആ പരമ്പരയില്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയാണ് റൂട്ട് നേടിയത്. 2017 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഏകദിനത്തില്‍ 900 റണ്‍ നേടിയ റൂട്ട് 2020ല്‍ ഈ ഫോര്‍മാറ്റില്‍ നിന്ന് പിന്‍വാങ്ങി. എന്നാല്‍ 2023 ഏകദിന ലോകകപ്പില്‍ തിരിച്ചുവന്ന റൂട്ട് ടൂര്‍ണമെന്റില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറി നേടി. എന്നാല്‍ ആ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ പ്രകടനം ദയനീയമായിരുന്നു.

2022ല്‍ ക്യാപ്റ്റന്‍സിയുടെ ഭാരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ ജോ റൂട്ട് പഴയ ഫോമിലേയ്ക്ക് തിരിച്ചെത്തി. പിന്നീട് കളിച്ച 35 ടെസ്റ്റുകളില്‍ 57 റണ്‍ ശരാശരിയോടെയാണ് അയാള്‍ റണ്ണടിച്ചുകൂട്ടിയത്. ഇതില്‍ 11 സെഞ്ച്വറിയും ഉള്‍പ്പെടുന്നു. ഇതുവരെയായി ജോ റൂട്ട് 154 ടെസ്റ്റുകളില്‍ നിന്ന് 13,087 റണ്ണാണ് നേടിയിട്ടുള്ളത്. 50.92 ആണ് ശരാശരി. 36 സെഞ്ച്വറിയും 66 അര്‍ദ്ധ സെഞ്ച്വറിയും നേടി. 262 ആണ് ഉയര്‍ന്ന സ്‌കോര്‍. 180 ഏകദിന മത്സരങ്ങളില്‍ നിന്നായി 49.14 ശരാശരിയില്‍ 7,126 റണ്ണാണ് റൂട്ടിന്റെ സമ്പാദ്യം. 18 സെഞ്ച്വറിയും 42 അര്‍ദ്ധ സെഞ്ച്വറിയും. പുറത്താകാതെ നേടിയ 162 ആണ് ഉയര്‍ന്ന സ്‌കോര്‍. 32 ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 35.72 ശരാശരിയില്‍ 893 റണ്ണാണ് റൂട്ട് നേടിയിട്ടുള്ളത്. പുറത്താകാതെ നേടിയ 90 ആണ് ഉുയര്‍ന്ന സ്‌കോര്‍. പാര്‍ട്ട് ടൈം ഓഫ് സ്പിന്നര്‍ എന്ന നിലയിലും റൂട്ട് തിളങ്ങിയിട്ടുണ്ട്. ടെസ്റ്റില്‍ 71ഉം ഏകദിനത്തില്‍ 28ഉം ട്വന്റി20യില്‍ ആറും വിക്കറ്റ് അയാള്‍ വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ ഒരിന്നിംഗ്‌സില്‍ എട്ട് റണ്‍ വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 2024ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ പലപ്പോഴും റൂട്ടിനെ പാര്‍ട്ട് ടൈം സ്പിന്നര്‍ എന്ന നിലയില്‍ നിന്ന് മാറി പ്രധാനപ്പെട്ട സ്പിന്നര്‍ എന്ന നിലയില്‍ പോലും ഇംഗ്ലണ്ട് ഉപയോഗിച്ചിട്ടുണ്ട്. ഏഷ്യയിലെ സ്പിന്നിംഗ് പിച്ചുകളില്‍ റൂട്ട് പലപ്പോഴും ഏറെ ഉപയോഗപ്രദമായ സ്പിന്നറാണ്. ടെസ്റ്റില്‍ 210ഉം ഏകദിനത്തില്‍ 88ഉം ട്വന്റി20യില്‍ 18ഉം ക്യാച്ചെടുത്തിട്ടുള്ള റൂട്ട് ലോകത്തെത്തന്നെ മികച്ച് സ്ലിപ്പ് ഫീല്‍ഡര്‍മാരിലൊരാളാണ്.

ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളാണ് ജോ റൂട്ട്. ആധുനിക ക്രിക്കറ്റില്‍ ഒരു ബാറ്റര്‍ക്ക് വേണ്ട എല്ലാ ഗുണങ്ങളും ഒത്തുചേര്‍ന്ന ബാറ്ററാണ് അയാള്‍. നീണ്ട ഇന്നിംഗ്‌സുകള്‍ കളിക്കാനുള്ള അയാളുടെ ക്ഷമത ആരെയും അമ്പരപ്പിക്കുന്നതാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത രീതിയില്‍ കളിക്കാനും ടീം തകര്‍ച്ചയെ നേരിടുമ്പോള്‍ സ്ഥിരപ്രജ്ഞയോടെ അതിനെ നേരിട്ട് ആ തകര്‍ച്ചയില്‍ നിന്ന് കരകയറാനും പ്രത്യേക മിടുക്കുണ്ട് ജോ റൂട്ടിന്. അത് പലതവണ അയാള്‍ ലോകത്തിന് കാണിച്ചുകൊടുത്തിട്ടുള്ളതാണ്. ഇപ്പോള്‍ 34 വയസ് മാത്രം പ്രായമുള്ള റൂട്ടിന് മുന്നില്‍ ചുരുങ്ങിയത് നാല് വര്‍ഷമെങ്കിലും കളി ബാക്കിയുണ്ട്. പ്രായം കൂടുംതോറും റൂട്ടിലെ ബാറ്റര്‍ കൂടുതല്‍ കൂടുതല്‍ പക്വതയാര്‍ജിക്കുകയും തിളങ്ങുകും ചെയ്യുന്നതായാണ് അനുഭവം. അതുകൊണ്ടുതന്നെയാണ് ഇപ്പോഴും അയാള്‍ ഇംഗ്ലണ്ട് ബാറ്റിംഗ് ലൈനപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായി തുടരുന്നതും. ക്ലാസിക്കല്‍ ബാറ്റിംഗ് ടെക്‌നിക്കും അസാധാരണമായ പാദചലനങ്ങളും ദീര്‍ഘനേരം ക്ഷമയോടെ ക്രീസില്‍ പിടിച്ചുനില്‍ക്കാനുമുള്ള കഴിവ് അന്യംനിന്നുപോകുന്ന ഒരു കാലത്താണ് ജോ റൂട്ട് ആ പ്രത്യേകതകളുമായി ഇപ്പോഴും ലോകക്രിക്കറ്റില്‍ തുടരുന്നത്. ആ ഗണത്തില്‍പ്പെട്ട ബാറ്റര്‍മാരുടെ വംശം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ട്വന്റി20 പോലുള്ള അതിവേഗ ക്രിക്കറ്റ് ഏറെ പ്രചാരം നേടിയ ഈ കാലത്ത് സാങ്കേതികത്തികവിന് പ്രാധാന്യം നല്‍കുന്ന റൂട്ടിനെപ്പോലുള്ള ബാറ്റര്‍മാര്‍ ഒരു അപൂര്‍വ കാഴ്ചയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴും ക്ലാസിക്കല്‍ ബാറ്റിംഗ് ഇഷ്ടപ്പെടുന്ന എണ്ണത്തില്‍ കുറവുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു ആശ്വാസമാണ് ജോ റൂട്ട്. ആ ആശ്വാസം അടുത്ത കുറച്ചുവര്‍ഷങ്ങള്‍ കൂടി തുടരുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം.



