Monday, February 16, 2026
Google search engine
HomeSportLegendsവെല്ലുവിളികള്‍ ആഗ്രഹിച്ച രവിചന്ദ്രന്‍ അശ്വിന്‍

വെല്ലുവിളികള്‍ ആഗ്രഹിച്ച രവിചന്ദ്രന്‍ അശ്വിന്‍

കെ.ശ്രീജിത്ത്

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ കാല്‍ഭാഗത്ത് ലോകത്ത് കളിച്ച ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍മാരിലൊരാളാണ് ആര്‍.അശ്വിന്‍. ക്രിക്കറ്റ് ഫീല്‍ഡിലെ എല്ലാ വെല്ലുവിളികളെയും നിര്‍ഭയം ഏറ്റെടുത്ത ഒരാള്‍. പ്രതിരോധമല്ല, ആക്രമണമായിരുന്നു എക്കാലത്തും അശ്വിന്റെ ശൈലി. ഒരിക്കലും സുരക്ഷിതമായി കളിക്കാന്‍ അയാള്‍ ശ്രമിച്ചതേയില്ല. പകരം സാഹസികമായി കളിക്കാരനായിരുന്നു അയാളുടെ ശ്രമം. എതിരെ നില്‍ക്കുന്ന ബാറ്റര്‍ തന്റെ ബൗളിംഗിനെ അടിച്ചുപറത്തുമ്പോഴും ഒരിക്കലും അയാള്‍ പ്രതിരോധത്തിലേയ്ക്ക് വലിഞ്ഞില്ല. പകരം കൂടുതല്‍ കൂടുതല്‍ ആക്രമണോത്സുകത കാണിച്ചു. ക്രിക്കറ്റിന്റെ വൈവിധ്യങ്ങളെ ആസ്വദിച്ച, തന്റെ ബൗളിംഗിന്റെ ക്രാഫ്റ്റിനെക്കുറിച്ച് അസാധാരണമായ അറിവുണ്ടായിരുന്ന ക്രിക്കറ്ററായിരുന്നു അശ്വിന്‍. ക്രിക്കറ്റ് ഫീല്‍ഡില്‍ തന്റെ സഹകളിക്കാര്‍ക്കിടയില്‍ നില്‍ക്കുമ്പോഴും അയാള്‍ ഏകാകിയായിരുന്നു. വല്ലാത്തൊരു ഏകാന്തത അയാളുടെ പ്രകൃതത്തിലും ബൗളിംഗിലുമുണ്ടായിരുന്നു. ആ ഏകാന്തതയെ നിരന്തരം ഉപാസിച്ച അയാള്‍ ഒരു വെല്ലുവിളിക്കുമുന്നിലും മുട്ടുമടക്കിയില്ല. പകരം കൂടുതല്‍ കൂടുതല്‍ വെല്ലുവിളികള്‍ ആഗ്രഹിക്കുകയാണ് ചെയ്തത്. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വെല്ലുവിളികളാണ് എപ്പോഴും അശ്വിനിലെ ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവന്നത്. കുശാഗ്ര ബുദ്ധി, കാരം ബോളും ആം ബോളും ഉള്‍പ്പടെ ബൗളിംഗിലെ വൈവിധ്യം, ഓഫ് ബ്രെയ്ക്കുകളിന്‍മേലുള്ള അസാധ്യ നിയന്ത്രണം എന്നിവയെല്ലാമായിരുന്നു ആദ്യകാലത്ത് രവിചന്ദ്രന്‍ അശ്വിനെ പരിമിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബൗളറാക്കി മാറ്റിയത്. എന്നാല്‍ പിന്നീട് ടെസ്റ്റ് ക്രിക്കറ്റാണ് അയാളിലെ പ്രതിഭ മുഴുവന്‍ പുറത്തുകൊണ്ടുവന്നത്.

ക്രിക്കറ്റില്‍ എല്ലാ റോളും ഏറ്റവും നന്നായി കൈകാര്യം ചെയ്യാന്‍ അയാള്‍ ആഗ്രഹിച്ചു. ബാറ്റ് ചെയ്യാനും ഏറ്റവും വേഗത്തില്‍ ബൗള്‍ ചെയ്യാനും ടീമിനെ നയിക്കാനുമെല്ലാം അയാള്‍ക്ക് ഉത്കടമായ ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹമാണ് അയാളെ എപ്പോഴും മുന്നോട്ടുനയിച്ചത്. ഓഫ് സ്പിന്‍ ബൗളിംഗില്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം അയാള്‍ ചെയ്തു. ഏതറ്റം വരെ പോകാമോ ആ അറ്റം വരെ പോകാന്‍ അശ്വിന്‍ മടിച്ചതേയില്ല. പൊതുവെ മനുഷ്യര്‍ പരീക്ഷണങ്ങള്‍ക്ക് മടിക്കുന്ന ഒരു ലോകത്ത് അയാള്‍ യാതൊരു മടിയും കൂടാതെ നിരന്തരം പരീക്ഷണങ്ങളില്‍ മുഴുകി. അതിനെല്ലാം ഫലവുമുണ്ടായി. ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായി അയാള്‍ മാറി. ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ക്ക് അശ്വിനെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി അയാള്‍ വല്ലാതെ പരീക്ഷണങ്ങള്‍ നടത്തുന്നു എന്നതായിരുന്നു. അയാളെ സംബന്ധിച്ചിടത്തോളം ആ പരീക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ അയാളില്ലായിരുന്നു. അത്രമേല്‍ അശ്വിന്‍ ആ പരീക്ഷണങ്ങളെല്ലാം ആസ്വദിച്ചു. അയാള്‍ ആഗ്രഹിക്കുന്നിടത്ത് പന്ത് പിച്ച് ചെയ്യിക്കാനുള്ള അസാധാരണമായ കഴിവ് അശ്വിനുണ്ടായിരുന്നു. ആ കഴിവില്‍ അയാള്‍ പൂര്‍ണമായും വിശ്വസിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഓഫ് സ്പിന്‍ എന്ന കലയില്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാം അയാള്‍ ചെയ്തത്. വ്യത്യസ്തമായ റണ്ണപ്പുകള്‍, വ്യത്യസ്തമായ സീം പൊസിഷനുകള്‍, ഒന്നിനൊന്ന് വ്യത്യസ്തമായ പന്തുകള്‍ അങ്ങനെ എല്ലാം അയാള്‍ പരീക്ഷിച്ചു. പരീക്ഷണങ്ങള്‍ തിരിച്ചടിക്കുമോ എന്നയാള്‍ ഒരിക്കലും ഭയപ്പെട്ടില്ല. പരമ്പരാഗത രീതിയില്‍ ചിന്തിച്ചതുമില്ല. വരുന്നതുവരട്ടെ എന്നതായിരുന്നു അശ്വിന്റെ മാനസികനില. അതുകൊണ്ടുതന്നെയാണ് മറ്റൊരു ഓഫ് സ്പിന്നര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരങ്ങളിലേയ്ക്ക് അയാള്‍ ചുവടുവെച്ചതും. ഏറ്റവും മികച്ചത് തേടിയുള്ള തന്റെ ശ്രമങ്ങളില്‍ ഒന്നും തടസമാകാന്‍ അയാള്‍ അനുവദിച്ചില്ല. ഹിന്ദി അറിയില്ല എന്ന ഒരൊറ്റ കാരണം മൂലം അയാള്‍ ഒരിക്കല്‍ ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിന് അടുത്തുവരെയെത്തിയതാണ്. ഒരു അണ്ടര്‍-17 ക്യാംപിലായിരുന്നു സംഭവം. ഹിന്ദി ഭാഷ അറിയാത്തത് തനിക്കൊപ്പം കളിക്കുന്ന മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് അയാള്‍ക്ക് വല്ലാത്ത തടസമായി. ഇതില്‍ അയാള്‍ക്ക് മനംനൊന്തു. ക്രിക്കറ്റ് ഉപേക്ഷിച്ചാലോ എന്നുവരെ ചിന്തിച്ചു. എന്നാല്‍ കളിയോടുള്ള ഇഷ്ടം അയാളെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു. പകരം അയാള്‍ ഹിന്ദി ക്ലാസുകളില്‍ പോയി ഹിന്ദി പഠിച്ചു. ഹിന്ദി അറിയില്ല എന്നത് ഒരു സാംസ്‌കാരിക പ്രതിസന്ധിയായോ രാഷ്ട്രീയ പ്രശ്‌നമായോ അല്ല അയാള്‍ കണ്ടത്. പകരം അയാളതിനെ ഒരു പ്രായോഗിക പ്രശ്‌നം മാത്രമായി കണ്ട് അതിന് പരിഹാരം തേടുകയാണ് ചെയ്തത്.

ചെറുപ്പത്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഒരു ബാറ്ററായിരുന്നു. അക്കാലത്ത് അയാളുടെ തലമുറയിലുള്ള എല്ലാ ഇന്ത്യന്‍ കുട്ടികളെയും പോലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കൊപ്പം ബാറ്റ് ചെയ്യുക എന്ന സ്വപ്‌നം അയാളും ഉള്ളില്‍ കൊണ്ടുനടന്നു. അണ്ടര്‍-17 ക്യാംപില്‍ അയാളൊരു ബാറ്ററായിട്ടായിരുന്നു എത്തിയത്. ആവശ്യമെങ്കില്‍ ഏതാനും ഓവറുകള്‍ മീഡിയം പേസ് എറിയാവുന്ന ഒരു ബാറ്ററായി. അന്ന് അണ്ടര്‍-17 ടീമിന്റെ ക്യാപ്റ്റന്‍ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൃഷ്ണമാചാരി ശ്രീകാന്തിന്റെ മകനായ അനിരുദ്ധ ശ്രീകാന്തായിരുന്നു. അശ്വിന്റെ ബൗളിംഗിലെ സ്പിന്നിനെ കാര്യമായി ശ്രദ്ധിച്ച അനിരുദ്ധ മത്സരങ്ങളില്‍ പലപ്പോഴും മുന്‍നിര ബൗളര്‍ക്കുമീതെയായി അശ്വിനെ ബൗള്‍ ചെയ്യാന്‍ വിളിച്ചു. അശ്വിനാകട്ടെ ഒരു മടിയും കൂടാതെ ബൗള്‍ ചെയ്യുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. താന്‍ ക്യാപ്റ്റനല്ലാതിരുന്ന കാലത്ത് അനിരുദ്ധ തന്റെ ക്യാപ്റ്റനോട് അശ്വിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ അനിരുദ്ധയാണ് അശ്വിനിലെ ഓഫ് സ്പിന്നറെ കണ്ടെത്തിയതെന്ന് പറയാം. നിരന്തരം ബൗളിംഗ് ആക്ഷനില്‍ മാറ്റം വരുത്തുന്ന, ഓഫ് സ്പിന്‍ എറിയുന്ന അതേ ആക്ഷനില്‍ ലെഗ് സ്പിന്‍ എറിയുന്ന അശ്വിനിലെ ബൗളറെ എന്തുകൊണ്ടോ അനിരുദ്ധ അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു. ക്യാപ്റ്റനായിരിക്കെ അനിരുദ്ധ എപ്പോഴൊക്കെ അശ്വിനെ ബൗള്‍ ചെയ്യാന്‍ വിളിച്ചോ അപ്പോഴെല്ലാം വിക്കറ്റ് വീഴ്ത്തി അശ്വിന്‍ ക്യാപ്റ്റന്റെ വിശ്വാസം കാത്തു. ഉച്ചഭക്ഷണത്തിനും ചായയ്ക്കും ഡ്രിംഗ്‌സിനുമൊക്കെ പിരിയുന്നതിന് തൊട്ടുമുമ്പ് ഒരു വിക്കറ്റിനായി അനിരുദ്ധ അശ്വിനെക്കൊണ്ട് ബൗള്‍ ചെയ്യിച്ചു. അത്ഭുതമെന്ന് പറയട്ടെ അപ്പോഴൊക്കെ അശ്വിന്‍ വിക്കറ്റ് വീഴ്ത്തി. അനില്‍ കുംബ്ലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സമയം. ഹര്‍ഭജന്‍ സിംഗ് ആകട്ടെ തീരെ മങ്ങിപ്പോവുകയും ചെയ്ത സമയം. ഇന്ത്യന്‍ ടീം ഒരു മികച്ച സ്പിന്നര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. അവിടേക്കാണ് രവിചന്ദ്രന്‍ അശ്വിന്‍ കയറിവരുന്നത്. ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുവേണ്ടി അശ്വിന്‍ നിറഞ്ഞാടുന്ന സമയം കൂടിയായിരുന്നു അത്. ഐ പി എല്ലിലൂടെ പ്രശസ്തനായി ടെസ്റ്റ് ക്രിക്കറ്റില്‍ സുവര്‍ണനേട്ടങ്ങള്‍ കരസ്ഥമാക്കിയ അപൂര്‍വം ക്രിക്കറ്റര്‍മാരില്‍ ഒരാള്‍ കൂടിയാണ് അശ്വിന്‍.

തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ അശ്വിന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഡല്‍ഹിയില്‍ ഒമ്പത് വിക്കറ്റാണ് വീഴ്ത്തിയത്. ആ മത്സരത്തില്‍ അയാളായിരുന്നു പ്ലേയര്‍ ഓഫ് ദ മാച്ച്. താന്‍ കളിച്ച ആദ്യ 16 ടെസ്റ്റുകളില്‍ ഒമ്പത് തവണയാണ് അശ്വിന്‍ ഒരിന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ മുന്നൂറ് വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ അശ്വിനാണ്. അന്ന് അയാള്‍ തകര്‍ത്തത് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡെന്നിസ് ലില്ലിയുടെ റെക്കോഡാണ്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 400 വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളറും അശ്വിനാണ്. മുത്തയ്യ മുരളീധരനാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 100, 200, 250, 300, 350, 400, 500 വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ ബൗളറും രവിചന്ദ്രന്‍ അശ്വിനാണ്. ടെസ്റ്റില്‍ 37 തവണയാണ് അയാള്‍ ഒരിന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. എട്ട് തവണ മത്സരത്തില്‍ പത്ത് വിക്കറ്റെന്ന നേട്ടവും അയാള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരെ തൊണ്ണൂറില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള അശ്വിന്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അമ്പതില്‍ കൂടുതല്‍ വിക്കറ്റ് നാല് തവണയാണ് വീഴ്ത്തിയത്. 2016-17ല്‍ ന്യൂസീലന്റിനെതിരെ ഇന്ത്യയില്‍ വെച്ച് നടന്ന മൂന്ന് ടെസ്റ്റ് പരമ്പരയില്‍ 27 വിക്കറ്റും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയില്‍ 28 വിക്കറ്റും ഓസ്‌ട്രേലിയയ്‌ക്കെതിരായ നാല് ടെസ്റ്റ് പരമ്പരയില്‍ 21 വിക്കറ്റുമാണ് അശ്വിന്‍ നേടിയത്. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ ആ ടീമില്‍ അശ്വിനുമുണ്ടായിരുന്നു. 2015 ഏകദിന ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് അശ്വിന്‍ 13 വിക്കറ്റ് നേടി. 2014 ട്വന്റി20 ലോകകപ്പില്‍ 11 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ലോവര്‍ ഓര്‍ഡറില്‍ ബാറ്റിംഗിനിറങ്ങി മികച്ച ബാറ്റിംഗ് കാഴ്ചവെച്ച ബാറ്റര്‍ കൂടിയായിരുന്നു അശ്വിന്‍. ടെസ്റ്റില്‍ ആറ് സെഞ്ച്വറികളാണ് അയാള്‍ അടിച്ചിട്ടുള്ളത്.

ഐ പി എല്ലില്‍ ഇതുവരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുവേണ്ടി എട്ട് സീസണുകള്‍ കളിച്ചിട്ടുള്ള അശ്വിന്‍ രണ്ട് തവണ അവര്‍ക്കൊപ്പം ചാമ്പ്യന്‍മാരായി. ചെന്നൈയ്ക്കുവേണ്ടി ഓപ്പണിംഗ് ബൗളറായും അവസാന ഓവറുകളിലും അശ്വിന്‍ തിളങ്ങി. ടീമിന് വിക്കറ്റ് അനിവാര്യമായിരുന്ന ഘട്ടത്തിലെല്ലാം അത് നേടിക്കൊടുത്ത ബൗളറായിരുന്നു അയാള്‍. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അശ്വിന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളറാണ്. ഇക്കാര്യത്തില്‍ അനില്‍ കുംബ്ലെയാണ് ഒന്നാമന്‍. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ അശ്വിന്‍ വീഴ്ത്തിയത് 37 വിക്കറ്റായിരുന്നു. 106 ടെസ്റ്റുകളില്‍ നിന്ന് 537 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം. 59 റണ്‍ വിട്ടുകൊടുത്ത ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് ഒരു ഇന്നിംഗ്‌സിലെ മികച്ച പ്രകടനം. 140 റണ്ണിന് 13 വിക്കറ്റ് വീഴ്ത്തിയതാണ് ഒരു മത്സരത്തിലെ ഏറ്റവും മികച്ച പ്രകടനം. 116 ഏകദിന മത്സരങ്ങളില്‍ നിന്ന് 156 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. 25 റണ്‍ വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 4.93 ആണ് ഇക്കണോമി നിരക്ക്. 65 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 72 വിക്കറ്റാണ് അശ്വിന്‍ നേടിയത്. എട്ട റണ്ണിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 6.90 ആണ് എക്കണോമി നിരക്ക്. ടെസ്റ്റില്‍ 3,503 റണ്ണും ഏകദിനത്തില്‍ 707 റണ്ണും ട്വന്റി20യില്‍ 184 റണ്ണും അശ്വിന്‍ നേടി. ഐ പി എല്ലില്‍ ചെന്നൈയ്ക്കുപുറമെ പൂണെ, പഞ്ചാബ്, രാജസ്ഥാന്‍ ടീമുകള്‍ക്ക് വേണ്ടിയും അശ്വിന്‍ കളിച്ചു. നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് അയാള്‍. 2016ല്‍ ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയത് അശ്വിനായിരുന്നു. കരിയറില്‍ ഇന്ത്യയില്‍ വെച്ച് നടന്ന ടെസ്റ്റ് പരമ്പരകളില്‍ ഒന്നില്‍ പോലും പരിക്ക് കാരണമോ അല്ലാതെയോ ഒഴിവാക്കപ്പെടാത്ത ബൗളറാണ് അശ്വിന്‍ എന്ന യാഥാര്‍ത്ഥ്യം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അയാള്‍ എത്രമാത്രം മികച്ച ബൗളറായിരുന്നു എന്നതിന്റെ ഉദാഹരണമാണ്.

ലോകക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് രവിചന്ദ്രന്‍ അശ്വിന്‍ എന്ന് നിസംശയം പറയാം. മറ്റാരും സഞ്ചരിക്കാന്‍ ധൈര്യം കാണിക്കാത്ത വഴികളിലൂടെയാണ് അശ്വിന്‍ എന്ന ഓഫ് സ്പിന്നര്‍ സഞ്ചരിച്ചത്. ആ സാഹസികതയ്‌ക്കൊത്ത നേട്ടങ്ങള്‍ അയാള്‍ കൈവരിക്കുകയും ചെയ്തു. പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റില്‍. കളിയെക്കുറിച്ചുള്ള വ്യക്തമായ ധാരണ അയാള്‍ക്കുണ്ടായിരുന്നു. അത് കേവലം സാങ്കേതിക അറിവ് മാത്രമായിരുന്നില്ല. അസാധാരണമായ ഉള്‍ക്കാഴ്ച കൂടിയായിരുന്നു. ബൗളിംഗ് പോലെത്തന്നെ ബാറ്റിംഗും ഫീല്‍ഡിംഗുമെല്ലാം അയാള്‍ നന്നായി ആസ്വദിച്ചു. അതിലെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാന്‍ അയാള്‍ സദാ ശ്രമിച്ചു. ഒരുപരിധി വരെ അതിലെല്ലാം വിജയിക്കുകയും ചെയ്തു. ടെസ്റ്റില്‍ അയാള്‍ നേടിയിട്ടുള്ള ആറ് സെഞ്ച്വറികള്‍ അതിന് ഉദാഹരണമാണ്. മികച്ച സാങ്കേതികത്തികവുള്ള ബാറ്റര്‍ കൂടിയായിരുന്നു അശ്വിനെന്നതും മറന്നുകൂടാ. ക്രിക്കറ്റ് ഫീല്‍ഡില്‍ എല്ലാ അര്‍ത്ഥത്തിലും ആത്മസമര്‍പ്പണം നടത്തിയ ക്രിക്കറ്ററാണ് അശ്വിന്‍. ഒരുപക്ഷെ പുതിയകാലത്ത് നമ്മുക്ക് അത്ര കണ്ടുപരിചയമില്ലാത്ത ഒന്നാണ് ആത്മസമര്‍പ്പണം. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിലെ അശ്വിന്റെ അസാന്നിദ്ധ്യം സൃഷ്ടിക്കുന്ന ശൂന്യത വളരെ വലുതാണ്. അത് മറികടക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിയുമോ എന്നതിന് ഉത്തരം നല്‍കേണ്ടത് കാലമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments