Saturday, February 21, 2026
Google search engine
HomeSportLegendsധോണി എന്ന ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍

ധോണി എന്ന ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍

കെ.ശ്രീജിത്ത്

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഫുട്‌ബോളില്‍ ഗോള്‍കീപ്പറായിരുന്നു ആ പയ്യന്‍. എതിരാളികളുടെ ബൂട്ടില്‍ നിന്ന് വരുന്ന തീയുണ്ടകള്‍ ഗോളാകാതെ രക്ഷപ്പെടുത്തുന്നതില്‍ അതികേമന്‍. ഗോള്‍കീപ്പിംഗിലെ അവന്റെ മിടുക്ക് കണ്ട സ്‌കൂള്‍ ക്രിക്കറ്റ് കോച്ച് എന്തുകൊണ്ട് നിനക്ക് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായി ഒരു കൈ നോക്കിക്കൂടാ എന്നവനോട് ചോദിക്കുന്നു. അതോടെ ആ വഴിയൊന്ന് പരീക്ഷിച്ചുനോക്കാം എന്നവന്‍ തീരുമാനിക്കുന്നു. ആ പയ്യന്‍ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലംഗമായി. ടീമിന്റെ ക്യാപ്റ്റനായി. രണ്ട് ലോകകപ്പുകള്‍ രാജ്യത്തിന് നേടിക്കൊടുത്തു. അവനാണ് മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍മാരിലൊരാള്‍. ഒരുകാലത്ത് ലോകക്രിക്കറ്റിലെ തന്നെ മികച്ച ക്യാപ്റ്റന്‍.

കിഴക്കേ ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഇപ്പോഴത്തെ ജാര്‍ഖണ്ഡ് എന്ന സംസ്ഥാനത്തിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ 1981 ജൂലായ് ഏഴിനാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ജനനം. അച്ഛന്‍ പാന്‍സിംഗ് പൊതുമേഖലാ സ്ഥാപനമായ മെക്കോണിലെ ജോലിക്കാരനായിരുന്നു. അമ്മ ദേവകിദേവി വീട്ടമ്മയും. ധോണി ചെറുപ്പം മുതലേ സ്‌പോര്‍ട്‌സില്‍ വലിയ താല്പര്യം കാണിച്ചിരുന്നു. ഫുട്‌ബോളില്‍ തുടങ്ങിയ ധോണി പിന്നീട് ബാഡ്മിന്റണിലും ക്രിക്കറ്റിലും ഒരുകൈ നോക്കി. ഒടുക്കം കോച്ച് കേശവ് ബാനര്‍ജിയുടെ പ്രോത്സാഹനത്തില്‍ ക്രിക്കറ്റില്‍ ഉറച്ചുനിന്നു. 1995 മുതല്‍ 98 വരെ റാഞ്ചിയിലെ കമാന്റോ ക്രിക്കറ്റ് ക്ലബില്‍ വിക്കറ്റ് കീപ്പറായി കളിച്ച ധോണി പിന്നീട് സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ ക്രിക്കറ്റ് ടീമില്‍ അംഗമായി. സിസിഎല്ലില്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായി കളിച്ച ധോണി ടീമിന് ഉയര്‍ന്ന ഡിവിഷനില്‍ കളിക്കാന്‍ യോഗ്യത നേടിക്കൊടുത്തു. ക്ലബ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിനു മങ്കാദ് ട്രോഫിക്കായുള്ള അണ്ടര്‍ പതിനാറ് ടീമില്‍ ധോണി ഇടംപിടിച്ചു. 1998-99ല്‍ കൂച്ച് ബിഹാര്‍ ട്രോഫിയില്‍ ബിഹാര്‍ അണ്ടര്‍ പത്തൊമ്പത് ടീമില്‍ അംഗമായ ധോണി അഞ്ച് മത്സരങ്ങളില്‍ നിന്നായി 176 റണ്‍സ് നേടി. തൊട്ടടുത്ത വര്‍ഷത്തെ കൂച്ച് ബഹാര്‍ ട്രോഫി ഫൈനലില്‍ ധോണി 84 റണ്‍ നേടിയെങ്കിലും ബിഹാറിന് കിരീടം നേടാനായില്ല. ടൂര്‍ണമെന്റില്‍ ഒമ്പത് മത്സരങ്ങളില്‍ അഞ്ച് അര്‍ദ്ധസെഞ്ച്വറിയോടെ ധോണി 488 റണ്‍സാണ് നേടിയത്. കൂടാതെ പതിനേഴ് ക്യാച്ചുകളും ഏഴ് സ്റ്റംപിങ്ങുകളും. ഇതോടെ സി.കെ.നായിഡു ട്രോഫിക്കായുള്ള ഈസ്റ്റ് സോണ്‍ ടീമില്‍ ധോണി ഇടംപിടിച്ചു. എന്നാല്‍ അത്ര ഗംഭീരമായിരുന്നില്ല ധോണിയുടെ പ്രകടനം.

1999-2000 സീസണില്‍ ബിഹാറിനുവേണ്ടി മഹേന്ദ്ര സിഗ് ധോണി രഞ്ജി ട്രോഫിയില്‍ അരങ്ങേറി. അസമിനെതിരായ മത്സരത്തിലായിരുന്നു ഇത്. പതിനെട്ടുകാരനായ ധോണി അന്ന് രണ്ടാംമിന്നിംഗ്‌സില്‍ 68 റണ്‍സ് നേടി. സീസണ്‍ അവസാനിക്കുമ്പോള്‍ ധോണി അഞ്ച് മത്സരങ്ങളില്‍ നിന്ന് 283 റണ്‍സ് നേടി. 2000-2001 രഞ്ജി ട്രോഫിയില്‍ ബിഹാറും ബംഗാളും തമ്മിലുള്ള മത്സരത്തിലാണ് ധോണി തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടുന്നത്. ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകൃതമായതോടെ 2002-2003 സീസണിലാണ് ധോണി ജാര്‍ഖണ്ഡിനുവേണ്ടി രഞ്ജി ട്രോഫി കളിച്ചുതുടങ്ങുന്നത്. തുടര്‍ന്ന് ദേവ്ധര്‍ ട്രോഫിയില്‍ ഈസ്റ്റ് സോണിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് തുടങ്ങിയതോടെ ധോണി ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടുതുടങ്ങി. ബാറ്റിംഗ് ഓര്‍ഡറില്‍ താഴെയിറങ്ങി തകര്‍പ്പന്‍ അടികളിലൂടെ അതിവേഗം റണ്‍സ് നേടുകയും കളി ഫിനിഷ് ചെയ്യുന്നതുമടക്കമുള്ള ധോണി സ്‌റ്റൈല്‍ പതുക്കെപതുക്കെ ശ്രദ്ധയാകര്‍ഷിച്ചു.

2003-2004 സീസണ്‍ രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ ധോണി ആ വര്‍ഷം ദേവ്ധര്‍ ട്രോഫി നേടിയ ഈസ്റ്റ് സോണ്‍ ടീമിലംഗവുമായിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് 244 റണ്‍സാണ് അന്ന് ധോണി അടിച്ചുകൂട്ടിയത്. ആ വര്‍ഷം ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിനുവേണ്ടി രണ്ടാമിന്നിംഗ്‌സില്‍ ധോണി പൊരുതിനേടിയ അര്‍ദ്ധസെഞ്ച്വറി പക്ഷെ പാഴായി. ഫൈനലില്‍ ഈസ്റ്റ് സോണ്‍ തോറ്റു. 2004ല്‍ സിംബാബ്‌വെയും കെനിയയും സന്ദര്‍ശിച്ച ഇന്ത്യ എ ടീമില്‍ അംഗമായ ധോണി മികച്ച പ്രകടനം കാഴ്ചവെച്ചു. കെനിയയും പാകിസ്താന്‍ എയും ഇന്ത്യ എയും പങ്കെടുത്ത ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 72.40 ശരാശരിയില്‍ 362 റണ്‍സാണ് ധോണി നേടിയത്. ഇതില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികളും ഉള്‍പ്പെട്ടിരുന്നു.

ഇന്ത്യ എയ്ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചതോടെ 2004 ഡിസംബറില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലേയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ധോണി തിരഞ്ഞെടുക്കപ്പെട്ടു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറിയ ധോണി പക്ഷെ റണ്ണൊന്നുമെടുക്കാതെ റണ്ണൗട്ട് ആവുകയായിരുന്നു. തുടര്‍ന്ന് പാകിസ്താനെതിരായ ഏകദിന പരമ്പരയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ട ധോണി വിശാഖപട്ടണത്തുനടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍, അതായത് തന്റെ അഞ്ചാം ഏകദിനത്തില്‍ സെഞ്ച്വറി നേടി. 123 പന്തില്‍ 148 റണ്‍സാണ് ധോണി നേടിയത്. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോറായിരുന്നു ഇത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഒരു മത്സരത്തില്‍ മൂന്നാം നമ്പറുകാരനായി ബാറ്റിംഗിനിറങ്ങിയ ധോണി 145 പന്തില്‍ നിന്ന് പുറത്താകാതെ 183 റണ്‍സ് നേടി. തന്റെ തന്നെ 148 റണ്‍സിന്റെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോറിനുള്ള റെക്കോഡാണ് ധോണി മറികടന്നത്. പരമ്പരയില്‍ 346 റണ്‍സെടുത്ത ധോണി പ്ലേയര്‍ ഓഫ് ദ സീരീസുമായി. 2005ഓടെ ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമായ ധോണി ആ വര്‍ഷം ഡിസംബര്‍ രണ്ടിന് ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റിലും അരങ്ങേറി. ആ മത്സരത്തില്‍ 30 റണ്‍സ് നേടിയ ധോണി അടുത്ത മത്സരത്തില്‍ ടെസ്റ്റ് കരിയറിലെ തന്റെ ആദ്യ അര്‍ദ്ധസെഞ്ച്വറി നേടി ഇന്ത്യയെ ജയത്തിലേയ്ക്ക് നയിച്ചു. തുടര്‍ന്ന് പാകിസ്താന്‍ പര്യടനത്തില്‍ ഫൈസലാബാദില്‍ നടന്ന ടെസ്റ്റില്‍ ധോണി തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയും നേടി. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ചില ക്യാച്ചുകളും സ്റ്റംപിംഗ് അവസരങ്ങളും പാഴാക്കിയ ധോണി വിക്കറ്റ് കീപ്പിംഗില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനായി. 2006ല്‍ ജോഹനസ്ബര്‍ഗില്‍ വെച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി20 ക്രിക്കറ്റിലും ധോണി അരങ്ങേറിയതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2006ലെ ഐസിസിയുടെ ഏകദിന ടീമില്‍ ധോണി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ദയനീയ പ്രകടനം നടത്തിയ 2007 ഏകദിന ലോകകപ്പില്‍ ധോണി ടീമിന്റെ ഭാഗമായിരുന്നു.

2007 സെപ്റ്റംബറിലാണ് ധോണിയുടെ കരിയറിനെ തന്നെ മാറ്റിമറിച്ച തീരുമാനമുണ്ടായത്. ആ വര്‍ഷം നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി ധോണിയെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പാകിസ്താനെ തോല്പിച്ച് ഇന്ത്യ ലോകചാമ്പ്യന്‍മാരായതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണി യുഗം ആരംഭിച്ചു. അധികം വൈകാതെ തന്നെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ക്യാപ്റ്റനായി ധോണി മാറി. 2007ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ്‌ മത്സരത്തില്‍ ആറ് പേരെ പുറത്താക്കിയതോടെ ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയതിനുള്ള ആദം ഗില്‍ക്രിസ്റ്റിന്റെ ലോകറെക്കോഡിനൊപ്പം ധോണിയുമെത്തി. 2009ല്‍ ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ രണ്ട് സെഞ്ച്വറി നേടിയ ധോണി ടീമിനെ പരമ്പര നേട്ടത്തിലേയ്ക്ക് നയിച്ചു. ഇതോടെ ചരിത്രത്തിലാദ്യമായി ഇന്ത്യ ഐസിസിയുടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തി. 2009ല്‍ 24 ഏകദിന മത്സരങ്ങളില്‍ നിന്നായി 70.43 ശരാശരിയോടെ 1198 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. തുടര്‍ന്ന് ഐസിസിയുടെ ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തിയ ധോണി മാസങ്ങളോളം ആ സ്ഥാനത്ത് തുടര്‍ന്നു. ആ വര്‍ഷത്തെ ഐസിസി ടീമിന്റെ ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടത് ധോണിയായിരുന്നു.

ഇന്ത്യ ആതിഥേയരായ 2011 ലോകകപ്പില്‍ ധോണി ഇന്ത്യയെ കിരീടത്തിലേയ്ക്ക് നയിച്ചു. 1983ല്‍ കപില്‍ദേവിന്റെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ശേഷം ആദ്യമായിട്ടായിരുന്നു ഇന്ത്യ ഏകദിനത്തില്‍ ലോകചാമ്പ്യന്‍മാരാകുന്നത്. നീണ്ട 28 വര്‍ഷത്തിനുശേഷം. ഫൈനലില്‍ ശ്രീലങ്കയെ ഇന്ത്യ തോല്പിച്ചപ്പോള്‍ പുറത്താകാതെ 91 റണ്‍ നേടിയ ധോണിയായിരുന്നു പ്ലേയര്‍ ഓഫ് ദ മാച്ച്. 2013ല്‍ നടന്ന ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയിലും ധോണി ഇന്ത്യയെ കിരീടത്തിലേയ്ക്ക് നയിച്ചു. ഇതോടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ എല്ലാ ഐസിസി ട്രോഫികളും നേടുന്ന ഒരേയൊരു ക്യാപ്റ്റനായും ധോണി മാറി. 2014 ട്വന്റി20 ലോകകപ്പിലും ഇന്ത്യയെ നയിച്ചത് ധോണിയായിരുന്നു. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയോട് തോല്‍ക്കുകയായിരുന്നു.

2014 ഡിസംബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ടെസ്‌റ്റോടെ ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അവസാന ടെസ്റ്റില്‍ ഒരു സ്റ്റംപിംഗ് ചെയ്തതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിംഗ് ചെയ്ത വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് ധോണിയുടെ പേരിലായി. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെയാണ് ധോണി മറികടന്നത്. 2015 ലോകകപ്പില്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം എല്ലാ ഗ്രൂപ്പ് മത്സരങ്ങളും ജയിച്ചപ്പോള്‍ ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി ധോണി മാറി. ടൂര്‍ണമന്റിനിടെ നൂറ് ഏകദിന മത്സരങ്ങള്‍ ജയിക്കുന്ന ലോകത്തെ മൂന്നാമത്തെയും ആദ്യത്തെ ഓസ്‌ട്രേലിയന്‍ ഇതര ക്യാപ്റ്റനുമായി ധോണി. ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഇന്ത്യ പക്ഷെ ഓസ്‌ട്രേലിയയോട് തോറ്റു. 2016 ഏഷ്യാ കപ്പില്‍ ഇന്ത്യയെ കിരീടത്തിലേയ്ക്ക് നയിച്ച ധോണി 2017 ജനുവരിയില്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു.

ആ വര്‍ഷം ഓഗസ്റ്റില്‍ കൊളംബോയില്‍ വെച്ച് നടന്ന ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ അഖില ധനഞ്ജയയെ സ്റ്റംപ് ചെയ്തതോടെ ഏകദിന ക്രിക്കറ്റില്‍ നൂറ് സ്റ്റംപിംഗ് പൂര്‍ത്തിയാക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടം ധോണി കൈവരിച്ചു. 2018 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ എയ്ഡന്‍ മര്‍ക്രത്തെ സ്റ്റംപിംഗിലൂടെ പുറത്താക്കിയതോടെ ഏകദിന ക്രിക്കറ്റില്‍ 400 പേരെ പുറത്താക്കുക എന്ന സ്വപ്‌ന നേട്ടം കൈവരിച്ചു. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഏകദിനത്തില്‍ പതിനായിരം റണ്‍സ് എന്ന നാഴികക്കല്ലും മഹേന്ദ്രസിംഗ് ധോണി പിന്നിട്ടു. 2018ല്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അസാന്നിധ്യത്തില്‍ ടീമിനെ നയിച്ച ധോണി 200 ഏകദിനങ്ങളില്‍ ക്യാപ്റ്റനായ ആദ്യ ഇന്ത്യന്‍ താരമായി. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന പരമ്പരയിലെ ഒരു മത്സരത്തില്‍ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ സ്റ്റംപിംഗ് നടത്തിയ വിക്കറ്റ് കീപ്പറെന്ന നേട്ടത്തിന് ഉടമയായി. 0.08 സെക്കന്റ് കൊണ്ടാണ് അന്ന് ധോണി വെസ്റ്റ് ഇന്‍ഡീസ് താരം കീമോ പോളിനെ പുറത്താക്കിയത്. 2019 ഏകദിന ലോകകപ്പിലെ സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരമായിരുന്നു ധോണിയുടെ അവസാന അന്താരാഷ്ട്ര മത്സരം. മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും ധോണിയുടെ പോരാട്ടം വീരോചിതമായിരുന്നു. അത് ധോണിയുടെ 350-ാം ഏകദിന മത്സരമായിരുന്നു. 2020 ഓഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചു.

90 ടെസ്റ്റുകളില്‍ നിന്നായി 38.09 ശരാശരിയില്‍ 4876 റണ്‍സാണ് ധോണി നേടിയത്. ഇതില്‍ ആറ് സെഞ്ച്വറികളും 33 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. 256 ക്യാച്ചുകളും 38 സ്റ്റംപിംഗുകളുമാണ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ ടെസ്റ്റിലെ ധോണിയുടെ നേട്ടം. 350 ഏകദിന മത്സരങ്ങളില്‍ 50.57 ശരാശരിയില്‍ 10,773 റണ്‍സ് നേടി. 10 സെഞ്ച്വറികളും 73 അര്‍ദ്ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. 321 ക്യാച്ചും 123 സ്റ്റംപിംഗും നേട്ടമായുണ്ട്. 98 ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 37.60 ശരാശരിയില്‍ 1617 റണ്‍സാണ് ധോണി നേടിയത്. 57 ക്യാച്ചും 34 സ്റ്റംപിംഗും. ഇന്ത്യയെ 60 ടെസ്റ്റുകളില്‍ നയിച്ച ധോണി 27 എണ്ണത്തില്‍ ടീമിനെ ജയത്തിലേയ്ക്ക് നയിച്ചു. 45 ആണ് വിജയശതമാനം. 200 ഏകദിന മത്സരങ്ങളില്‍ ടീമിനെ നയിച്ച ധോണി 110ലും വിജയം കണ്ടെത്തി. 55.27 ആണ് വിജയശതമാനം. 72 ട്വന്റി20 മത്സരങ്ങളിലാണ് ധോണി ഇന്ത്യയെ നയിച്ചത്. ഇതില്‍ 41ലും ടീം ഇന്ത്യ ജയിച്ചു. 56.90 ആണ് വിജയശതമാനം. ഐ പി എല്‍ ക്രിക്കറ്റിലും ഏറെ തിളങ്ങിയ ക്യാപ്റ്റനാണ് ധോണി. 17 സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമുണ്ടായിരുന്ന ധോണി 226 മത്സരങ്ങളില്‍ ടീമിനെ നയിച്ചു. ഇതില്‍ 133ലും ടീം ജയിച്ചു. 58.85 ആണ് വിജയതമാനം. അഞ്ച് തവണ ചെന്നൈയെ ധോണി കിരീടത്തിലേയ്ക്ക് നയിച്ചു. 11 തവണയാണ് ധോണി ടീമിനെ ഐപിഎല്‍ ഫൈനലിലേയ്ക്ക് നയിച്ചത്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ 12 തവണയാണ് ചെന്നൈ പ്ലേ ഓഫ് കളിച്ചത്.

തന്റെ ടീമിലെ ഓരോ കളിക്കാരനെയും പ്രൊഫഷണലായും വ്യക്തിപരമായും അടിമുടി മനസിലാക്കി അതിനനുസരിച്ചുള്ള സമീപനം അവരോട് സ്വീകരിക്കുന്ന ക്യാപ്റ്റനായിരുന്നു മഹേന്ദ്ര സിംഗ് ധോണി. അതുകൊണ്ടുതന്നെ കളിക്കളത്തില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഓരോ കളിക്കാരന്റെയും മനോനിലയും ഏത് സാഹചര്യത്തില്‍ ഏത് കളിക്കാരനെ ഉപയോഗപ്പെടുത്തണമെന്നും ശരിയാംവിധമുള്ള ധാരണ ധോണിക്കുണ്ടായിരുന്നു. സമ്മര്‍ദ്ദഘട്ടത്തില്‍ ടീമിന്റെ രക്ഷയ്‌ക്കെത്താന്‍ ഏത് കളിക്കാരന് കഴിയും എന്നതിനെക്കുറിച്ചുള്ള അറിവാണത്. അത് ഒരു ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. അങ്ങനെയൊരു അറിവുണ്ടാകണമെങ്കില്‍ കളിക്കാരുമായി ആ നിലയിലുള്ള അടുപ്പമുണ്ടായിരിക്കണം. അവരെ വ്യക്തിപരമായിപ്പോലും സ്വാധീനിക്കാന്‍ കഴിയണം. ടീമിലെ എല്ലാ കളിക്കാരും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ക്യാപ്റ്റനായിരുന്നു മഹേന്ദ്രസിംഗ് ധോണി.

ഏത് സാഹചര്യത്തില്‍ ഏത് കളിക്കാരനെ എന്ത് ഉത്തരവാദിത്തമേല്പിക്കാമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ധോണിക്കുണ്ടായിരുന്നു. അതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിലെ ഫൈനലില്‍ അവസാന ഓവര്‍ എറിയാന്‍ ജോഗീന്ദര്‍ ശര്‍മയെ നിയോഗിച്ചത് അതിലൊന്നാണ്. കൃത്യമായ ബൗളിംഗ് ചെയ്ഞ്ചുകളും ബാറ്റിംഗ് ഓര്‍ഡറിലെ മാറ്റങ്ങളും ഫീല്‍ഡ് പ്ലേസിംഗുകളും ധോണിയുടെ മാസ്റ്റര്‍ സ്‌ട്രോക്കുകളായിരുന്നു. ധോണി ക്യാപ്റ്റനായിരിക്കുമ്പോഴാണ് സുരേഷ് റെയ്‌നയെക്കൊണ്ട് പലപ്പോഴും ബൗള്‍ ചെയ്യിച്ചിട്ടുള്ളത്. അത് മിക്കവാറുമൊക്കെ ഫലം കാണുകയും ചെയ്തിരുന്നു. കേദാര്‍ ജാദവ് മറ്റൊരു ഉദാഹരണമാണ്.

ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമെല്ലാം കൂടുതല്‍ തിളങ്ങിയിട്ടുള്ളത്. ഇരുവരുടെയും ബാറ്റ് ചെയ്യാനുള്ള കഴിവ് പൂര്‍ണമായും ഉപയോഗപ്പെടുത്തിയത് ധോണിയായിരുന്നു. കൂടുതല്‍ അവസരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുക എന്നത് ധോണിയുടെ രീതിയായിരുന്നു. ഇങ്ങനെ കളിക്കാരെ മനസിലാക്കി അവരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതില്‍ ഏറെ മിടുക്കുണ്ടായിരുന്നു ധോണിക്ക്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാണ് താനെന്നിരിക്കെ ഐ പി എല്ലില്‍ കളിക്കുന്ന മിടുക്കന്‍മാര്‍ക്ക് ദേശീയ ടീമിലും അവസരം ലഭിക്കുന്നുണ്ടെന്ന് ധോണി ഉറപ്പുവരുത്തി. രവിചന്ദ്രന്‍ അശ്വിന്‍ അത്തരത്തില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ ഒരു കളിക്കാരനാണ്. ചെന്നൈയില്‍ തനിക്കൊപ്പം കളിക്കുന്ന അശ്വിനും ജഡേജയും റെയ്‌നയുമെല്ലാം ഇന്ത്യന്‍ ടീമിലും ധോണിയുടെ വിശ്വസ്തരായിരുന്നു. അത് ആ കളിക്കാര്‍ക്കും ഏറെ ഗുണം ചെയ്തു. ക്യാപ്റ്റന്റെ വിശ്വാസം നേടിയെടുക്കാന്‍ അവര്‍ക്കായി. അതുകൊണ്ടുതന്നെ അവര്‍ക്ക് നിരന്തരം അവസരം ലഭിക്കുകയും ചെയ്തു. ലോകക്രിക്കറ്റില്‍ ധോണിയെപ്പോലെ നേട്ടങ്ങളുണ്ടാക്കിയ ക്യാപ്റ്റന്‍മാര്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ജയിക്കാനും കിരീടം നേടാനുമുള്ള പ്രത്യേക കഴിവ് തന്നെ ധോണിക്കുണ്ടായിരുന്നു. ആ നായക മികവ് ഇന്ത്യയ്ക്കും ഏറെ ഗുണം ചെയ്തു. ഒരു ദശകത്തോളം നീണ്ട ധോണി യുഗത്തില്‍ ഇന്ത്യ കൈവരിക്കാത്ത നേട്ടങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ് തുടങ്ങിയ അതികായന്‍മാരുള്ള ഒരു ടീമിനെയാണ് ധോണി നയിച്ചിരുന്നതെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. അവരുടെയെല്ലാം റോള്‍ കൃത്യമായി ബോധ്യപ്പെടുത്തി അസ്വാരസ്യങ്ങളില്ലാതെ അവരെ നയിച്ച ക്യാപ്റ്റനാണ് ധോണി. ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍ യുവ്‌രാജ് സിംഗ് തുടങ്ങിയ കളിക്കാരെയും ധോണി നന്നായി കൈകാര്യം ചെയ്തു. ഫീല്‍ഡില്‍ ഏറെ ശാന്തനായിരുന്ന, പൊട്ടിത്തെറിക്കാത്ത ക്യാപ്റ്റനായിരുന്നു ധോണി. ഈ സമീപനം മത്സരഫലങ്ങളെയും സ്വാധീനിച്ചു.

പ്രതിഭയും നായക മികവും ഒരുപോലെ ഒത്തിണങ്ങിയ കളിക്കാരനാണ് മഹേന്ദ്ര സിംഗ് ധോണി. മനുഷ്യരെ നയിക്കുന്നതില്‍ അയാള്‍ വല്ലാത്തൊരു പ്രാഗത്ഭ്യം കാണിച്ചു. അതുകൊണ്ടുതന്നെയാണ് അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതും. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു സുവര്‍ണകാലഘട്ടത്തിന് നെടുനായകത്വം വഹിച്ച മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റിന് പൊതുവായും ഇന്ത്യന്‍ ക്രിക്കറ്റിന് പ്രത്യേകിച്ചും നല്‍കിയ സംഭവാനകള്‍ അതുല്യമാണ്. അത് ചരിത്രത്തിന്റെ ഭാഗമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments