കെ.ശ്രീജിത്ത്
വങ്കിപ്പുറപ്പ് വെങ്കട്ട് സായി ലക്ഷ്മണ് എന്ന വി.വി.എസ് ലക്ഷ്മണ്. ഏറ്റവും മികച്ച ഫോമില്‍ കളിക്കുമ്പോള്‍ സാക്ഷാല്‍ സച്ചിന് തെന്‍ഡുല്‍ക്കറുടെ കളി കാണുന്നതിനേക്കാള്‍ മനോഹരമാണ് വി.വി.എസ് ലക്ഷ്മണിന്റെ സ്ട്രോക്ക് പ്ലേ എന്ന് ചില ക്രിക്കറ്റ് പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്. അത് ഏറെക്കുറെ ശരിയാണ്. ആ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ലെന്ന് ചില ക്രിക്കറ്റ് ആരാധകരെങ്കിലും സമ്മതിക്കും. അത്ര മനോഹരമായിരുന്നു വി.വി.എസിന്റെ സ്ട്രോക്ക് പ്ലേ. കണ്ണെടുക്കാന്‍ തോന്നാത്ത വിധം മനോഹരമായ സ്ട്രോക്കുകള്‍. കൈക്കുഴകള്‍ കൊണ്ടുള്ള ആ സ്ട്രോക്ക് പ്ലേയെ ലോകക്രിക്കറ്റിലെ മറ്റൊരു ക്രിക്കറ്റ് താരത്തിന്റെ സ്ട്രോക്ക് പ്ലേയുമായും താരമ്യം ചെയ്യാനാകില്ല. അത്രമാത്രം സവിശേഷമായിരുന്നു അത്. താന്‍ ഗുരുവായി കണ്ട് ആരാധിക്കുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിംഗുമായി ലക്ഷ്മണിന്റെ ബാറ്റിംഗിന് ഒട്ടേറെ സാമ്യമുണ്ടായിരുന്നു. പ്രധാനമായും ബാറ്റ് ചെയ്യുമ്പോഴുള്ള കൈക്കുഴകളുടെ ചലനത്തിലായിരുന്നു അത്. പലപ്പോഴും വി.വി.എസ് കളിക്കുന്നതുകണ്ടാല്‍ അസ്ഹറുദ്ദീനാണ് കളിക്കുന്നതെന്ന് തോന്നും. രണ്ട് പേരും ഒരേ നഗരത്തില്‍ നിന്ന് വരുന്നവരും ഒരേ ക്രിക്കറ്റ് പാരമ്പര്യത്തിന്റെ തുടര്ച്ചകളുമായിരുന്നു. അസ്ഹറുദ്ദീന്റെ കളി കണ്ടാണ് ലക്ഷ്മണ് വളര്‍ന്നുവന്നത്. അതുകൊണ്ടുതന്നെ ആ സ്വാധീനത്തില്‍ ഒട്ടും അത്ഭുതപ്പെടാനില്ല. എന്നാല്‍ ലക്ഷ്മണിന്റെ ഓഫ് സൈഡിലെ കളി അസ്ഹറിന്റെ ഓഫ് സൈഡിലെ കളിയേക്കാള്‍ കുറച്ചുകൂടി ആധികാരികതയുള്ളതായിരുന്നു. ഒരേ പന്തിനെ ഓഫ് സൈഡോ ലെഗ് സൈഡോ കളിക്കാനുള്ള അപൂര്‍വമായ കഴിവ് ലക്ഷ്മണിനുണ്ടായിരുന്നു. ലക്ഷ്മണ് ഏറ്റവുമധികം ശിക്ഷിച്ചത് ഓസ്ട്രേലിയക്കാരെയായിരുന്നു. അയാളുടെ ഏറ്റവും പ്രിയപ്പെട്ട എതിരാളി ഓസ്ട്രേലിയയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഓസ്ട്രേലിയന്‍ താരങ്ങള്‍ ഇങ്ങനെ പറഞ്ഞത് – ‘വി.വി.എസ്സിന് എവിടെ പന്തെറിയണമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു’. തന്റെ ഏറ്റവും മികച്ച കളി ലക്ഷ്മണ് പുറത്തെടുത്തത് ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു.

ഒരിക്കല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന വി.വി.എസ് ലക്ഷ്മണ് രാജ്യത്തെ ഏറ്റവും പ്രതിഭാധനനായ ബാറ്റര്‍മാരിലൊരാളായാണ് തൊണ്ണൂറുകളുടെ അവസാനം കരുതപ്പെട്ടിരുന്നത്. എന്നാല്‍ തുടക്കത്തില്‍ പലപ്പോഴും അയാള്‍ക്ക് തന്റെ അസാമാന്യ പ്രതിഭയോട് നീതി പുലര്‍ത്താനായിരുന്നില്ല. 2001ലെ ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലാണ് ലക്ഷ്മണ് ആ പരാതി തീര്‍ത്തത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സ്റ്റീവ് വോയുടെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയ ഇന്ത്യയെ തറപറ്റിക്കുന്നു. അന്ന് ലോകക്രിക്കറ്റിലെ കിരീടം വെയ്ക്കാത്ത രാജാക്കന്മാരായിരുന്ന ഓസ്ട്രേലിയയില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം തന്നെയായിരുന്നു അത്. തുടര്‍ന്ന് രണ്ടാമത്തെ ടെസ്റ്റിലെ ഒന്നാമിന്നിംഗ്സില്‍ വീണ്ടും ഇന്ത്യ, ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നുവീഴുന്നു. ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 445ന് മറുപടിയായി ഇന്ത്യ 171ന് എല്ലാവരും പുറത്താകുന്നു. ഓസ്ട്രേലിയയ്ക്ക് 274 റണ്‍ ലീഡ്. തുടര്‍ന്ന് ഓസ്ട്രേലിയ ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യാന്‍ വിടുന്നു. ഇനിയാണ് കളി. ഫോളോ ഓണ്‍ ചെയ്ത ഇന്ത്യ മൂന്നാം നമ്പറിലിറങ്ങിയ വി.വി.എസ് ലക്ഷ്മണിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും അത്ഭുത പ്രകടനത്തില്‍ ഏഴ് വിക്കറ്റിന് 657 റണ്ണെന്ന സ്കോറിന് രണ്ടാമിന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുന്നു. ലക്ഷ്മണ് 281ഉം ദ്രാവിഡ് 180ഉം റണ്ണാണ് നേടിയത്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് നേടിയതാകട്ടെ 376 റണ്ണും. തുടര്‍ന്ന് 394 റണ്ണിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 212 റണ്ണിന് എല്ലാവരും പുറത്താകുന്നു. ഇന്ത്യയ്ക്ക് 171 റണ്ണിന്റെ ഐതിഹാസിക വിജയം. അന്ന് ഓസ്ട്രേലിയ മാത്രമല്ല ലോകം തന്നെ ഞെട്ടിപ്പോയി. പിന്നീട് കഴിഞ്ഞ 25 വര്‍ഷത്തിനിടയ്ക്ക് എതിര് ടീമിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരമുണ്ടായാലും മിക്കവാറും ടീമുകളൊന്നും അതിന് തയ്യാറായില്ല. കാരണം ഒന്നേയുള്ളൂ. ലക്ഷ്മണും ദ്രാവിഡും ചേര്‍ന്ന് ലോകക്രിക്കറ്റിന് നല്കിയ കൊല്‍ക്കത്ത ഷോക്ക്!. അത്രയ്ക്കായിരുന്നു ലക്ഷ്മണും ദ്രാവിഡും ചേര്‍ന്ന് നടത്തിയ വീരോചിതമായ ആ പോരാട്ടത്തിന്റെ ഇംപാക്ട്. അത് ഇന്നും തുടരുന്നു. ആ ഒരൊറ്റ ഇന്നിംഗ്സോടെ വി.വി.എസ് ലക്ഷ്മണെ ലോകം ആദരവോടെ നോക്കാന്‍ തുടങ്ങി.
പിന്നീട് 2003-2004ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ വീണ്ടും ലക്ഷ്മണ് മാജിക്ക് കാണിച്ചു. അന്നും കൂട്ടായത് രാഹുല്‍ ദ്രാവിഡ്. അഡ്ലെയ്ഡില് നടന്ന രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ റിക്കി പോണ്ടിംഗിന്റെ ഡബിള്‍ സെഞ്ച്വറിയുടെ സഹായത്തോടെ ഒന്നാമിന്നിംഗ്സില്‍ 556 റണ്‍ അടിച്ചുകൂട്ടുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ ദ്രാവിഡിന്റെ ഡബിള്‍ സെഞ്ച്വറിയുടെയും ലക്ഷ്മണിന്റെ സെഞ്ച്വറിയുടെയും സഹായത്തോടെ 523 റണ്ണെടുക്കുന്നു. അന്ന് ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ പിറന്നത് 303 റണ്‍. രണ്ടാമിന്നിംഗ്സില്‍ ഓസ്ട്രേലിയയെ 196 റണ്ണിന് പുറത്താക്കിയ ഇന്ത്യ വിജയലക്ഷ്യമായ 230 റണ്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുന്നു. അതോടെ ആ പരമ്പരയില്‍ ഇന്ത്യ 1-0ന്റെ ലീഡെടുക്കുന്നു. അന്ന് ഓസ്ട്രേലിയ ശരിക്കും വിറച്ചുപോയി. ആ പരമ്പരയില്‍ ലക്ഷ്മണ് പിന്നീട് മറ്റൊരു സെഞ്ച്വറി കൂടി നേടി. ഓപ്പണിംഗില്‍ ഉള്‍പ്പടെ മിക്കവാറും എല്ലാ ബാറ്റിംഗ് പൊസിഷനുകളിലും അയാള്‍ കളിച്ചിട്ടുണ്ടെങ്കിലും മധ്യനിരയില്‍ ബാറ്റ് ചെയ്യുമ്പോഴാണ് അയാള്‍ കൂടുതല്‍ തിളങ്ങിയത്. കരിയറില്‍ 63 ശതമാനം സമയവും അയാള്‍ ബാറ്റ് ചെയ്തത് അഞ്ച്, ആറ് പൊസിഷനുകളിലാണ്.
എന്നാല്‍ ബാറ്റിംഗില്‍ വേണ്ടത്ര സ്ഥിരത പുലര്‍ത്തുന്നതില്‍ ലക്ഷ്മണ് പരാജയപ്പെട്ടു. ആ അസാമാന്യ പ്രതിഭ അല്പം കൂടി സ്ഥിരതയുള്ള ബാറ്റര്‍ ആയിരുന്നെങ്കില്‍ സച്ചിന്റെയും ലാറയുടെയുമൊക്കെ ഗണത്തില്‍ വരുന്ന എക്കാലത്തെയും മികച്ച ബാറ്റര്മാരിലൊരാളാകുമായിരുന്നെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അക്കാര്യത്തില്‍ ലക്ഷ്മണ് ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തി. പലപ്പോഴും മികച്ച ചില ഇന്നിംഗ്സുകള്‍ കളിച്ചെങ്കിലും ഇതിനിടയില്‍ ഇരുപതുകളിലും മുപ്പതുകളിലും ഒട്ടേറെ തവണ അയാള്‍ പുറത്തായി. അത് അയാളുടെ കരിയര്‍ റെക്കോഡിനെ ബാധിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴും ഓസ്ട്രേലിയയ്ക്കെതിരെയുള്ള അയാളുടെ കളി മികച്ചുനിന്നു. 2008ല്‍ ഫിറോസ് ഷാ കോട്ലയില് നടന്ന ടെസ്റ്റ് മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ലക്ഷ്മണ്, സച്ചിന് തെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റില്‍ രണ്ടായിരം റണ്‍ തികയ്ക്കുന്ന ഇന്ത്യന്‍ ബാറ്ററായി. രണ്ട് വര്‍ഷത്തിന് ശേഷം മൊഹാലിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ പുറംവേദന കൊണ്ട് വലഞ്ഞിട്ടും റണ്ണറെ വെച്ച് കളിച്ച ലക്ഷ്മണ് പുറത്താകാതെ 73 റണ്‍ നേടി ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം നേടിത്തന്നു. ഇതിനിടെ അയാള്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് ഏതാണ്ട് പൂര്‍ണമായും പുറത്തായിരുന്നു. 2011ല്‍ ലക്ഷ്മണ് തീരെ ഫോമിലല്ലായിരുന്നു. ആ വര്‍ഷം നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ എട്ട് ഇന്നിംഗ്സുകളില്‍ നിന്നായി ലക്ഷ്മണ് സ്കോര്‍ ചെയ്തത് വെറും 182 റണ്ണായിരുന്നു.
തുടര്‍ന്നുനടന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇതിലും പരിതാപകരമായി അവസ്ഥ. തന്റെ പ്രിയപ്പെട്ട എതിരാളികള്‍ക്കുമുന്നില്‍ ലക്ഷ്മണ് നിരന്തരം മുട്ടുമടക്കുന്നത് ദയനീയ കാഴ്ചയായിരുന്നു. ആ രണ്ട് വിദേശ പര്യടനങ്ങളിലും ഇന്ത്യ തകര്‍ന്നടിഞ്ഞതോടെ ലക്ഷ്മണിന്റെ ടീമിലെ സ്ഥാനം പരുങ്ങലിലായി. 2012 ഓഗസ്റ്റില്‍ ന്യൂസീലന്റിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ടീമില്‍ ലക്ഷ്മണ് ഉള്‍പ്പെട്ടെങ്കിലും ചില മുന്‍ കളിക്കാരും കമന്റേറ്റര്‍മാരും ഇതിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് തന്റെ ജന്മനാടായ ഹൈദരാബാദില്‍ ആദ്യ ടെസ്റ്റ് തുടങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ലക്ഷ്മണ് പ്രഖ്യാപിച്ചു. പ്രഖ്യാപനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും അയാള്‍ പറഞ്ഞതോടെ ന്യൂസീലന്റിനെതിരായ പരമ്പരയില്‍ കളിക്കില്ലെന്ന് ഉറപ്പായി. അതോടെ നീണ്ട പതിനാറ് വര്‍ഷത്തെ കരിയറിന് വിരാമമായി. 134 ടെസ്റ്റില്‍ നിന്ന് 8,781 റണ്ണാണ് ലക്ഷ്മണ് നേടിയത്. പതിനേഴ് സെഞ്ച്വറിയും 56 അര്‍ദ്ധ സെഞ്ച്വറിയും നേടി. 45.97 ആണ് ശരാശരി. 86 ഏകദിന മത്സരങ്ങളില്‍ നിന്ന് 2,338 റണ്ണാണ് അയാളുടെ സമ്പാദ്യം. ആറ് സെഞ്ച്വറിയും പത്ത് അര്‍ദ്ധ സെഞ്ച്വറിയും. 30.76 ആണ് ശരാശരി.
ഐ പി എല്ലിന്റെ ആദ്യ സീസണില്‍ ഹൈദരാബാദ് ഡെക്കാണ് ചാര്‍ജേഴ്സിന്റെ ഐക്കണ്‍ പ്ലേയറായി ലക്ഷ്മണിനെ തീരുമാനിച്ചെങ്കിലും ടീമിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും കൂടുതല്‍ താരങ്ങളെ ലേലത്തിലെടുക്കാന് ടീമിന് കഴിയുന്നതിനും വേണ്ടി ഐക്കണ്‍ പ്ലേയര്‍ പദവി വേണ്ടെന്ന് അയാള്‍ അറിയിച്ചു. അന്ന് ഇതിഹാസ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് വോ ലക്ഷ്മണിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: Always a man of values. അതായത് എന്നും മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട വ്യക്തി എന്ന്. പിന്നീട് ഡെക്കാണ് ചാര്‍ജേഴ്സ് ലക്ഷ്മണിനെ ക്യാപ്റ്റനായി നിയമിച്ചെങ്കിലും ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് അയാള്‍ ടൂര്‍ണമെന്റിന്റെ പാതിവഴിയില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്ന് ഓസ്ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ്റ് ക്യാപ്റ്റനായി. തുടര്‍ന്നും ഡെക്കാണ് ചാര്‍ജേഴ്സിനായി പല മത്സരങ്ങളും ലക്ഷ്മണ് കളിച്ചെങ്കിലും വേണ്ടത്ര ശോഭിക്കാനായില്ല. 2011ല്‍ കൊച്ചി ടസ്കേഴ്സ് കേരള ലക്ഷ്മണിനെ ടീമിലെത്തിച്ചെങ്കിലും മൂന്ന് മത്സരത്തിന് ശേഷം പരിക്ക് കാരണം അയാള്‍ക്ക് കളിക്കാനായില്ല. പിന്നീട് 2013ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ മെന്ററായി ലക്ഷ്മണിനെ നിയമിച്ചു. ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറാക്ടറാണ്. ഇതിനിടയില്‍ ചിലപ്പോഴൊക്കെ ദ്രാവിഡിനും ഗംഭീറിനുമൊക്കെ പകരക്കാരനായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ ദേശീയ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചു.
ഒരു ദശകത്തിലധികം ഇന്ത്യന്‍ മധ്യനിര ബാറ്റിംഗിന്റെ നെടുംതൂണുകളിലൊന്നായിരുന്നു വങ്കിപ്പുറപ്പ് വെങ്കട്ട് സായി ലക്ഷ്മണ്. ഏത് പ്രതിസന്ധിയിലും തളരാതെ, ചങ്കുറപ്പോടെ പോരാടിയ ലക്ഷണമൊത്ത ബാറ്റര്‍. പ്രതിഭ കൊണ്ടും സാങ്കേതികത്തികവുകൊണ്ടും എതിരാളികളെ അമ്പരപ്പിച്ച ബാറ്ററായിരുന്നു ലക്ഷ്മണ്. ഒപ്പം വേണ്ടുവോളം ഏകാഗ്രതയും ക്ഷമയും. ക്രിക്കറ്റ് ക്രീസില്‍ ഇത്രയേറെ ശാന്തനായി നില്ക്കുന്ന ബാറ്റര്‍മാര്‍ കുറവാണ്. ഒരു മധ്യനിര ബാറ്റര്‍ എങ്ങനെ സാഹചര്യങ്ങളെ വിലയിരുത്തി തന്ത്രപരമായി ബാറ്റ് ചെയ്യണം എന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ലക്ഷ്മണ്. എന്നും സാഹചര്യത്തിനനുസരിച്ചാണ് അയാള്‍ കളിച്ചത്. ഒരിക്കലും ആവേശമോ എടുത്തുചാട്ടമോ കാണിച്ചില്ല. സ്വന്തം ടീമിനെ വന്‍ തകര്‍ച്ചകളില്‍ നിന്ന് അയാള്‍ ഒട്ടേറെത്തവണ കരകയറ്റി. പലപ്പോഴും വാലറ്റക്കാരെ കൂട്ടുപിടിച്ചാണ് അയാള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപ്പോഴും പ്രതീക്ഷ കൈവിടാതെ, സ്ഥിരപ്രജ്ഞയോടെ അയാള്‍ കളിച്ചു. എതിര് ബൗളര്‍മാരെ വേണ്ടപ്പോള്‍ ശിക്ഷിച്ചും വേണ്ടപ്പോള്‍ ബഹുമാനിച്ചും ഏറെ ശ്രദ്ധയോടെ അയാള്‍ ഇന്നിംഗ്സുകള്‍ പടുത്തുയര്‍ത്തി. ടീം പ്രതിസന്ധിയെ തുറിച്ചുനോക്കുന്ന അവസരങ്ങളിലാണ് മിക്കപ്പോഴും അയാള്‍ ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയത്. എതിരാളികളുടെ സമ്പൂര്‍ണ ആധിപത്യത്തെ തടഞ്ഞുനിര്‍ത്തുകയായിരുന്നു അപ്പോഴൊക്കെ അയാളുടെ ആദ്യത്തെ ലക്ഷ്യം. പിന്നീട് ഇന്നിംഗ്സ് കെട്ടിപ്പടുക്കുകയും. മിക്കപ്പോഴും ഈ രണ്ട് വെല്ലുവിളികളും അയാള്‍ വിജയകരമായിത്തന്നെ പൂര്‍ത്തിയാക്കി. അപൂര്‍വം ചിലപ്പോഴൊക്കെ പരാജയപ്പെട്ടു. അപ്പോഴൊക്കെ ടീം തോല്‍ക്കുകയും ചെയ്തു. സ്പിന്‍ ബൗളിംഗിനെയും ഫാസ്റ്റ് ബൗളിംഗിനെയും അയാള്‍ ഒരുപോലെ മികച്ച രീതിയില്‍ നേരിട്ടു. താന്‍ കളിക്കുന്ന കാലത്തെ ലോകത്തെ ഏറ്റവും മികച്ച ടീമായ ഓസ്ട്രേലിയയ്ക്കെതിരെ ലക്ഷ്മണ് എന്നും മികച്ച കളി പുറത്തെടുത്തു. അവരുടെ ലോകനിലവാരത്തിലുള്ള ബൗളര്‍മാരെ ആ നിലവാരത്തില്‍ തന്നെ നേരിട്ടു. ഗ്ലെന്‍ മക്ഗ്രാത്തും ബ്രെറ്റ് ലീയും ജേസണ്‍ ഗില്ലസ്പിയും ഷെയ്ന് വോണുമെല്ലാം അയാളുടെ പ്രതിഭയ്ക്കുമുന്നില്‍ തലകുനിച്ചു. അവരെ തല കുനിപ്പിക്കാന്‍ മാത്രമുള്ള തലപ്പൊക്കം ലക്ഷ്മണിനുണ്ടായിരുന്നു. അത് അവര്‍ തുറന്ന് സമ്മതിക്കുകയും ഇയാള്‍ക്കെതിരെ എന്ത് ചെയ്യണമെന്ന് തങ്ങള്‍ക്കറിയില്ലെന്ന് കൈമലര്‍ത്തുകയും ചെയ്തു. എതിരാളികള്‍ ലക്ഷ്മണ് എന്ന വ്യക്തിയെയും അയാളിലെ അസാമാന്യ പ്രതിഭയുള്ള ബാറ്ററെയും എപ്പോഴും ബഹുമാനിച്ചു. ഒന്നും അസാധ്യമല്ലെന്ന് അയാള്‍ ഒന്നിലേറെത്തവണ തെളിയിച്ചതാണ്. നമ്മുക്ക് കാണിച്ചുതന്നതാണ്. അതുകൊണ്ടുതന്നെയാണ് വിരമിച്ച് ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും വി.വി.എസ് ലക്ഷ്മണ് എന്ന പേര് കേള്‍ക്കുമ്പോള്‍ ലോകക്രിക്കറ്റിലെ മുടിചൂടാമന്നന്മാര് ഇപ്പോഴും ബഹുമാനപൂര്‍വം പുഞ്ചിരിക്കുന്നത്. അതിനി എത്ര ദശകം കഴിഞ്ഞാലും അങ്ങനെത്തന്നെയായിരിക്കുകയും ചെയ്യും.



