ക്രൊയേഷ്യന്‍ ഫുട്‌ബോളിലെ സുവര്‍ണതാരമാണ് അവരെ ലോകകപ്പ് ഫൈനലിലേയ്ക്ക് നയിച്ച ലൂക്ക മോഡ്രിച്ച്. 2018ലെ ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനോട് തോല്‍ക്കുന്നതുവരെയുള്ള ക്രൊയേഷ്യയുടെ തേരോട്ടത്തെ മുന്‍നിരയില്‍ നിന്ന് നയിച്ചത് മോഡ്രിച്ച് ആയിരുന്നു. ആ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയത് മോഡ്രിച്ച് ആയിരുന്നു എന്നതുതന്നെ ആ ടൂര്‍ണമെന്റിനെ എത്രമാത്രം അയാള്‍ സ്വാധീനിച്ചിരുന്നു എന്നതിന്റെ തെളിവാണ്. ഇതിനുപുറമെ ആ വര്‍ഷത്തെ ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നേടിയത് ലൂക്ക മോഡ്രിച്ച് ആയിരുന്നു. 2007നുശേഷം ആദ്യമായിട്ടായിരുന്നു ലിയണല്‍ മെസ്സിയോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ അല്ലാതെ ഒരു താരം ആ പുരസ്‌കാരം നേടുന്നത്. ഫിഫയുടെ മികച്ച പുരുഷ താരം, യുവേഫയുടെ മികച്ച പുരുഷ താരം, ഐഎഫ്എഫ്എച്ച്എസ്സിന്റെ ലോകത്തെ മികച്ച പ്ലേമക്കര്‍ എന്നീ പുരസ്‌കാരങ്ങളും 2018ല്‍ മോഡ്രിച്ച് നേടി. പൊതുവെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി കളിക്കുന്ന മോഡ്രിച്ച് ചിലപ്പോഴൊക്കെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ സ്ഥാനത്തും കളിച്ചിട്ടുണ്ട്.

ക്രൊയേഷ്യയിലെ സദറില്‍ 1985 സപ്തംബര്‍ ഒമ്പതിനാണ് ലൂക്ക മോഡ്രിച്ചിന്റെ ജനനം. മോഡ്രിച്ചിന്റെ കുട്ടിക്കാലം ദുരിതമയമായിരുന്നു. 1991ല്‍ ക്രൊയേഷ്യയും സെര്‍ബിയയും തമ്മില്‍ നടന്ന യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ചവരില്‍ മോഡ്രിച്ചും കുടുംബവും ഉണ്ടായിരുന്നു. ക്രൊയേഷ്യന്‍ സര്‍ക്കാരിനോട് കൂറുള്ള സൈന്യവും സെര്‍ബിയ നിയന്ത്രിച്ചിരുന്ന യുഗോസ്ലാവ് പീപ്പിള്‍സ് ആര്‍മിയും തമ്മിലായിരുന്നു യുദ്ധം. സോഷ്യലിസ്റ്റ് ഫെഡറല്‍ റിപ്പബ്ലിക്ക് യുഗോസ്ലാവ്യയയില്‍ നിന്ന് ക്രൊയേഷ്യന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. മോഡ്രിച്ചിന്റെ മുത്തച്ഛന്‍ ലൂക്കയെ സെര്‍ബിയന്‍ വിമതര്‍ വധിച്ചു. സ്വന്തം മുത്തച്ഛന്‍ കൊല്ലപ്പെടുന്നത് കുട്ടിയായ മോഡ്രിച്ച് സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടു. തുടര്‍ന്ന് മോഡ്രിച്ചും കുടുംബവും ജന്മനാട്ടില്‍ നിന്ന് പലായനം ചെയ്തു. കുന്നുകളും മേടുകളും താണ്ടിയായിരുന്നു ആ പാലായനം. ഇതിനുശേഷം മോഡ്രിച്ചിന്റെ കുടുംബ വീട് വിമതര്‍ കത്തിക്കുകയായിരുന്നു. തുടര്‍ന്ന് മോഡ്രിച്ചും കുടുംബവും അഭയാര്‍ത്ഥികളായി വിവിധ ഹോട്ടലുകളിലാണ് താമസിച്ചത്. മോഡ്രിച്ചിന്റെ അച്ഛന്‍ ക്രെയേഷ്യന്‍ പട്ടാളത്തില്‍ എയ്‌റോമെക്കാനിക്കായി ചേര്‍ന്നു. അക്കാലത്ത് മോഡ്രിച്ച് താമസിച്ചിരുന്ന നഗരത്തില്‍ ആയിരക്കണക്കിന് ബോംബുകളാണ് പതിച്ചത്. തീര്‍ത്തും ഭയാനകമായ അന്തരീക്ഷം. എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ബോംബ് വീഴുകയും ജീവന്‍ തന്നെ ഇല്ലാതാവുകയും ചെയ്യാമെന്ന സാഹചര്യം.

അന്ന് യുദ്ധമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടാനുള്ള വഴിയായിരുന്നു മോഡ്രിച്ചിന് ഫുട്‌ബോള്‍. അത് ഏറെ കഠിനമായ ദിവസങ്ങളായിരുന്നുവെന്ന മോഡ്രിച്ച് പിന്നീട് പറഞ്ഞിട്ടുണ്ട്. തന്റെ കുടുംബവും താനും ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചു. ആ അനുഭവങ്ങളാണ് ഒരു വ്യക്തി എന്ന നിലയില്‍ രൂപപ്പെടുത്തിയതെന്നും മോഡ്രിച്ച് പറഞ്ഞിട്ടുണ്ട്. ആ പ്രായത്തില്‍ തനിക്ക് യുദ്ധത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ഞങ്ങള്‍ സമാന പ്രായക്കാരായ കുട്ടികള്‍ കൂട്ടുകൂടി നടന്നു. ഞങ്ങളുടെ മാതാപിതാക്കള്‍ യുദ്ധത്തിന്റെ കെടുതി ഞങ്ങളെ അറിയിക്കാതിരിക്കാനും യുദ്ധം ഞങ്ങളുടെ കുട്ടിക്കാലം നശിപ്പിക്കാതിരിക്കാനും കാര്യമായി ശ്രദ്ധിച്ചു. ആ കടുത്ത സാഹചര്യത്തില്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് അവന്‍ ഫുട്‌ബോള്‍ കളിച്ച് തുടങ്ങി. യുദ്ധത്തിന്റെ രണ്ട് വര്‍ഷങ്ങളില്‍ സദറില്‍ വെള്ളമോ വൈദ്യുതിയോ ലഭിച്ചിരുന്നില്ല. തീര്‍ത്തും ദുഷ്‌കരമായിരുന്നു ആ സാഹചര്യം. എന്നിട്ടും ഒരിക്കല്‍പ്പോലും മോഡ്രിച്ചിന്റെ ചുണ്ടുകളില്‍ നിന്ന് പുഞ്ചിരി മാഞ്ഞില്ല. 1992ല്‍ മോഡ്രിച്ച് പ്രൈമറി സ്‌കൂളിലും ഒരു സ്‌പോര്‍ടിംഗ് അക്കാദമിയിലും ഒരേസമയം ചേര്‍ന്നു. കുടുംബത്തിന് വരുമാനമായി കിട്ടിയിരുന്ന തുച്ഛമായ തുകയില്‍ നിന്ന് മിച്ചം പിടിച്ചാണ് സ്‌പോര്‍ടിംഗ് അക്കാദമിയില്‍ ഫീസായി നല്‍കിയിരുന്നത്. പലപ്പോഴും അവന്റെ അമ്മാവന്റെ സഹായവുമുണ്ടായി. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ താരം വോനിമിര്‍ ബോബനും ഇറ്റലിയുടെ ഫ്രാന്‍സിസ് ടോട്ടിയുമായിരുന്നു അക്കാലത്ത് ഫുട്‌ബോള്‍ കളിക്കാനുള്ള മോഡ്രിച്ചിന്റെ പ്രചോദനം. അന്ന് മോഡ്രിച്ച് താമസിച്ചിരുന്ന ഹോട്ടലിന്റെ ഉടമ തന്നെയായിരുന്നു ഫുട്‌ബോള്‍ ക്ലബായ എന്‍.കെ സദറിന്റെ പരിശീലകനും. ആ ക്ലബിലാണ് മോഡ്രിച്ച് കുട്ടിക്കാലത്ത് ഫുട്‌ബോള്‍ കളിച്ചത്. ദിവസം ചുരുങ്ങിയത് അഞ്ഞൂറ് ഗ്രനേഡെങ്കിലും വന്നുവീഴുന്ന പ്രദേശമായിരുന്നു അത്. യുദ്ധത്തിന്റെ ആ ബഹളങ്ങള്‍ക്കിടയിലും ആ ക്ലബില്‍ അവന്‍ വര്‍ഷങ്ങളോളം ഫുട്‌ബോള്‍ പരിശീലനം നടത്തി. എട്ടാമത്തെ വയസില്‍ അവന്റെ സ്വപ്‌ന ക്ലബായ ഹാജ്ദുക്ക് അവനെ ചേര്‍ക്കാന്‍ വിസമ്മതിച്ചു. ശാരീരികമായി അവന്‍ ദുര്‍ബലനാണെന്നായിരുന്നു അവര്‍ കാരണമായി പറഞ്ഞത്.

തുടര്‍ന്ന് ആ വാശിയില്‍ കൂടുതല്‍ കഠിനമായി ഫുട്‌ബോള്‍ പരിശീലിച്ച് തുടങ്ങി. പതിനാറാമത്തെ വയസില്‍ മോഡ്രിച്ച് ക്രൊയേഷ്യയിലെ ഏറ്റവും വലിയ ക്ലബായ ഡൈനമോ സാഗ്രെബുമായി കരാറൊപ്പിട്ടു. എന്നാല്‍ അയാളുടെ അരങ്ങേറ്റ സാധ്യമായില്ല. അവനെ ആ മേഖലയിലെ ഏറ്റവും കഠിനമായ ലീഗിലേയ്ക്ക് പറഞ്ഞയച്ചതായിരുന്നു കാരണം. ബോസ്‌നിയയിലെ സ്രിന്‍സ്‌കിയിലേയ്ക്കാണ് മോഡ്രിച്ചിനെ പറഞ്ഞയച്ചത്. എന്നാല്‍ അവിടെ ഏറ്റവും കഠിനമായ സീസണ്‍ എങ്ങനെയൊക്കെയോ മോഡ്രിച്ച് പൂര്‍ത്തിയാക്കി. തുടര്‍ന്ന് ക്രൊയേഷ്യയിലെ ഇന്റര്‍ സാപ്രെസിച്ചിലേയ്ക്ക് വായ്പയായി പറഞ്ഞുവിട്ടു. അവിടെ അവന്‍ സ്ഥിരമായി ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുകയും പതിനെട്ടാമത്തെ വയസില്‍ ക്രൊയേഷ്യയുടെ അണ്ടര്‍ 21 ടീമിലിടം പിടിക്കുകയും ചെയ്തു. ഡൈനമോ സാഗ്രെബില്‍ 73 മത്സരം കളിച്ച ലൂക്ക മോഡ്രിച്ച് 22 ഗോളുകളടിക്കുകയും 21 അസിസ്റ്റുകള്‍ ഒരുക്കുകയും ചെയ്തു. അന്ന് ആരും മോഡ്രിച്ചിന്റെ ദുര്‍ബലമായ ശരീരത്തെക്കുറിച്ച് പറഞ്ഞില്ല. കാരണം അയാള്‍ പുലര്‍ത്തിയ നിലവാരം അത്രമാത്രം ഉയര്‍ന്നതായിരുന്നു. 2018ലെ റഷ്യന്‍ ലോകകപ്പിന് ശേഷം മോഡ്രിച്ച് പറഞ്ഞു, ‘ഞാനൊരിക്കലും എന്റെ കഴിവില്‍ സംശയിച്ചിട്ടില്ല’. ഞാനെന്നും കരുതിയത് എനിക്ക് അന്താരാഷ്ട്ര ഫുട്‌ബോളില്‍ കളിക്കാന്‍ കഴിയും എന്നുതന്നെയായിരുന്നു. അങ്ങനെ തന്നെ സംഭവിച്ചതില്‍ ദൈവത്തിന് നന്ദി. ആളുകള്‍ എന്നെ സംശയിച്ചത് എനിക്കൊരു തടസമേ അല്ലായിരുന്നു. പകരം അതൊരു പ്രചോദനമായിരുന്നു. ഫുട്‌ബോള്‍ കളിക്കാന്‍ നിങ്ങളേറെ ശരീര പുഷ്ടിയുള്ളവനാകണമെന്നില്ല.

2008ല്‍ ടോട്ടനം ഇരുപത് മില്യണ്‍ യൂറോ നല്‍കി ടീമിലെടുത്തു. ഇതോടെയാണ് അയാളുടെ ലോക ഫുട്‌ബോളിന്റെ ഉയരങ്ങളിലേയ്ക്കുള്ള യാത്ര ആരംഭിച്ചത്. 2010ല്‍ ടോട്ടനം അമ്പത് വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗിനുള്ള യോഗ്യത നേടിയപ്പോള്‍ അതിന്റെ കളത്തിലെ സൂത്രധാരന്‍ ലൂക്ക മോഡ്രിച്ച് ആയിരുന്നു. ടോട്ടനത്തില്‍ മോഡ്രിച്ച് മൊത്തം 160 മത്സരം കളിച്ചു. 17 ഗോള്‍ നേടുകയും ഗോളടിക്കാന്‍ 26 പാസ് നല്‍കുകയും ചെയ്തു. അക്കാലത്ത് ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡറായി അയാളെ ആരും കണക്കാക്കിയിരുന്നില്ല. എന്നാല്‍ റയല്‍ മാഡ്രിഡ് അങ്ങനെ കരുതുകയും അയാളെ ടീമിലെടുക്കുകയും ചെയ്തു. 2012ല്‍ മുപ്പത് മില്യണ്‍ യൂറോയ്ക്കാണ് റയല്‍ ലൂക്ക മോഡ്രിച്ചിനെ ടീമിലെത്തിച്ചത്. റയലിുനൊപ്പമുള്ള ആദ്യ സീസണില്‍ മോഡ്രിച്ചിന്റെ പ്രകടനം അത്ര മെച്ചമായിരുന്നില്ല. അപ്പോള്‍ അയാള്‍ക്ക് റയല്‍ നല്‍കിയ വന്‍തുക ചര്‍ച്ചയില്‍ വരികയും അത് വ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അയാള്‍ കഠിനാദ്ധ്വാനം ചെയ്യുകയും ലോക ഫുട്‌ബോളിന്റെ മുന്‍നിരയിലേയ്ക്ക് സ്വയം മാര്‍ച്ച് ചെയ്ത് എത്തുകയും ചെയ്തു. ഇന്ന് ലോകത്തെയും റയല്‍ മാഡ്രിഡിന്റെയും ഇതിഹാസ മിഡ്ഫീല്‍ഡര്‍മാരിലൊരാളായാണ് മോഡ്രിച്ച് കണക്കാക്കപ്പെടുന്നത്. റയലിനുവേണ്ടി അയാള്‍ മൊത്തം 450 മത്സരം കളിക്കുകയും 34 ഗോള്‍ നേടുകയും ചെയ്തു. 74 അസിസ്റ്റുകളാണ് അയാളൊരുക്കിയത്. പന്തിനുമേലുള്ള അയാളുടെ ടച്ചുകള്‍, കളിയെക്കുറിച്ചുള്ള അയാളുടെ ഉള്‍ക്കാഴ്ച, അയാളുടെ വിനയം, ക്യാപ്റ്റനെന്ന നിലയിലുള്ള അയാളുടെ ആത്മാവ് തുടങ്ങിയവയെല്ലാം വര്‍ഷങ്ങളായി റയല്‍ മാഡ്രിഡ് അയാളെ ആരാധിക്കാനുള്ള കാരണങ്ങളാണ്. റയലിനൊപ്പം അയാള്‍ 28 മേജര്‍ ട്രോഫികളാണ് ജയിച്ചത്. ഇതില്‍ ആറ് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നാല് ലാലിഗ കിരീടങ്ങളും രണ്ട് കോപ്പ ഡെല്‍ റേ കിരീടങ്ങളും ഉള്‍പ്പെടുന്നു.

2006 മേയില്‍ ഇരുപത്തൊന്നാമത്തെ വയസിലാണ് മോഡ്രിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്. അര്‍ജന്റീനയ്‌ക്കെതിരെയായിരുന്നു അത്. ക്രൊയേഷ്യന്‍ ഫുട്‌ബോളിലെ രണ്ടാം സുവര്‍ണതലമുറയെ നയിച്ചത് മോഡ്രിച്ചാണ്. 2008 മുതല്‍ 2024 വരെയുള്ള എല്ലാ യൂറോ കപ്പുകളും കളിക്കാന്‍ യോഗ്യത നേടിയ ക്രൊയേഷ്യ 2006 മുതല്‍ 2022 വരെയുള്ള എല്ലാ ലോകകപ്പുകളും കളിച്ചതിന് പ്രധാന കാരണം ലൂക്ക മോഡ്രിച്ച് എന്ന ഈ മനുഷ്യനാണ്. ക്രൊയേഷ്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിച്ചതിനുള്ള റെക്കോഡ് 2021ല്‍ മോഡ്രിച്ച് സ്വന്തം പേരിലാക്കി. 2022 ലോകകപ്പില്‍ മോഡ്രിച്ച് ക്രൊയേഷ്യയെ മൂന്നാം സ്ഥാനത്തേയ്ക്ക് നയിച്ചു. അത്തവണ ചാമ്പ്യന്‍മാരായ അര്‍ജന്റീനയോടാണ് അന്ന് ക്രൊയേഷ്യ സെമിഫൈനലില്‍ തോറ്റത്. 2022 ലോകകപ്പിലെ മികച്ച മൂന്നാമത്തെ കളിക്കാരനുള്ള ബ്രോണ്‍സ് ബോള്‍ നേടിയത് മോഡ്രിച്ചായിരുന്നു. 2007 മുതല്‍ 2024 വരെ തുടര്‍ച്ചയായി പതിമൂന്ന് തവണ ക്രൊയേഷ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം അയാള്‍ നേടി. ക്രൊയേഷ്യയ്ക്കുവേണ്ടി 184 മത്സരങ്ങളില്‍ കളിച്ച മോഡ്രിച്ച് 27 ഗോളാണ് സ്‌കോര്‍ ചെയ്തത്. 2024 യൂറോ കപ്പില്‍ ഇറ്റലിക്കെതിരെ അയാള്‍ ഗോളടിച്ചപ്പോള്‍ യൂറോപ്യന്‍ ചാമ്പ്യയന്‍ഷിപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി.

മൈതാന മധ്യത്തില്‍ നിരന്തരം പന്തിന്റെ നിയന്ത്രണമേറ്റെടുത്ത് കളിയുടെ അജണ്ട തീരുമാനിക്കുന്ന താരമാണ് ലൂക്ക മോഡ്രിച്ച്. എതിര്‍ ടീമിനെ തങ്ങളുടെ താളത്തിനനുസരിച്ച് കളിപ്പിക്കുകയും എതിരാളികള്‍ എങ്ങനെ കളിക്കണമെന്ന് സ്വയംതീരുമാനിക്കുകയും ചെയ്യുന്ന മിടുമിടുക്കന്‍ മിഡ്ഫീല്‍ഡര്‍. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം 2002 ലോകകപ്പിലെ ബ്രസീലിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമാണ്. പന്തിന്റെ നിയന്ത്രണം തങ്ങളുടെ ഇഷ്ടാനുസരണം നടക്കണമെന്ന് അതിയായി ആഗ്രഹിക്കുന്ന ടീമാണ് ബ്രസീല്‍. അവരുടെ കളിയുടെ ഒഴുക്ക് തന്നെ അതിലാണ്. അതുകൊണ്ടുതന്നെ പന്ത് കിട്ടിയില്ലെങ്കില്‍ അവര്‍ അസ്വസ്ഥരാവുകയും അതവരുടെ കളിയുടെ ഒഴുക്കിനെത്തന്നെ ബാധിക്കുകയും ചെയ്യും. മാത്രമല്ല നിരന്തരം എതിര്‍ ഗോള്‍പോസ്റ്റില്‍ ആക്രമണം നടത്തുന്നതാണ് ബ്രസീലിന്റെ ശൈലി. ഇക്കാര്യങ്ങള്‍ നന്നായി അറിയാവുന്ന ലൂക്ക മോഡ്രിച്ച് ബ്രസീലിന് അവര്‍ ആഗ്രഹിക്കുന്ന വിധം പന്ത് കിട്ടുന്നില്ലെന്ന് ഉറപ്പുവരുത്തി. അവരെ അവര്‍ ആഗ്രഹിക്കുംവിധം ആക്രമണം രൂപപ്പെടുത്താനുള്ള അവസരം നല്‍കാതെ മിഡ്ഫീല്‍ഡില്‍ കെട്ടിയിട്ടു. പന്തിന്റെ നിയന്ത്രണം പരമാവധി തങ്ങളുടെ കൈയില്‍ വെച്ച് മൈതാന മധ്യത്ത് പരസ്പരം തട്ടിക്കളിച്ച ക്രൊയേഷ്യന്‍ തന്ത്രം ബ്രസീല്‍ കളിക്കാരെ ശരിക്കും വിറളിപിടിപ്പിച്ചു. പന്ത് കിട്ടാതെ മൈതാനത്ത് അലഞ്ഞ അവരുടെ അസ്വസ്ഥത നിമിഷം കഴിയുംതോറും വര്‍ദ്ധിച്ചു. ഇതുതന്നെയാണ് ക്രൊയേഷ്യ ആഗ്രഹിച്ചതും. ഒരു ചെസ് ബോര്‍ഡിലെന്ന പോലെ രൂപീകരിച്ച തന്ത്രം ക്രൊയേഷ്യ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിയപ്പോള്‍ അതിന് മിഡ്ഫീല്‍ഡില്‍ നിന്നുകൊണ്ട് ചുക്കാന്‍ പിടിച്ചത് ലൂക്ക മോഡ്രിച്ചായിരുന്നു. അന്ന് ആ കളി ബ്രസീല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റപ്പോള്‍ ഫുട്‌ബോള്‍ ലോകം അതിന് കാരണക്കാരനായി പ്രധാനമായും കണ്ടത് മോഡ്രിച്ചിനെയായിരുന്നു. അതാണ് അയാള്‍. ഏത് കൊലകൊമ്പനെയും തന്റെ മിടുക്ക് കൊണ്ട് വീഴിക്കും.

കഴിഞ്ഞ ഒന്നര പതീറ്റാണ്ടായി ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ടീമിനെ ഏതാണ്ട് ഒറ്റയ്ക്ക്, സ്വന്തം ചുമലിലേറ്റിയാണ് ലൂക്ക മോഡ്രിച്ച് ലോക ഫുട്‌ബോളില്‍ കൊണ്ടുനടന്നത്. മോഡ്രിച്ചിന്റെ കൃത്യതയുള്ള പാസുകളെയും ലോങ് റേഞ്ച് ഷോട്ടുകളെയും ഫുട്‌ബോള്‍ പണ്ഡിതന്‍മാര്‍ വാഴ്ത്തുന്നു. ഏത് സമ്മര്‍ദ്ദത്തിലും ടാക്കിളുകള്‍ അതിജീവിക്കാനുള്ള മോഡ്രിച്ചിന്റെ മിടുക്ക് അപാരമാണ്. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ അയാള്‍ക്കുള്ള മിടുക്കും അതിവേഗം തന്ത്രങ്ങള്‍ മെനയാനുള്ള കുശാഗ്ര ബുദ്ധിയും ലൂക്ക മോഡ്രിച്ചിനുമാത്രം അവകാശപ്പെട്ടതാണ്. കളിയുടെ വേഗത കൂട്ടാനും കുറയ്ക്കാനും അതുവഴി എതിരാളികളെ അമ്പരപ്പിക്കാനും മോഡ്രിച്ചിന് അനായാസം കഴിയും. അത് എതിരാളികളുടെ തന്ത്രങ്ങളെ അട്ടിമറിക്കുന്നത് നാം പലതവണ കണ്ടിട്ടുണ്ട്. പതുക്കെ പതുക്കെ കളി രൂപപ്പെടുത്തിയെടുക്കാനും ഷോട്ടുതിര്‍ക്കാനുള്ള സ്‌പേസും സമയവും സഹകളിക്കാര്‍ക്ക് ഒരുക്കിക്കൊടുക്കാനും മോഡ്രിച്ചിന് ഒരു പ്രത്യേക കഴിവുണ്ട്. കോര്‍ണറുകളും ഫ്രീകിക്കുകളും എടുക്കാനുള്ള അയാളുടെ മിടുക്കും ഏറെ ശ്രദ്ധേയമാണ്. എന്തായാലും ഫുട്‌ബോളെന്ന കളിയെ മോഡ്രിച്ചിനെപ്പോലെ സര്‍ഗാത്മകമായി രൂപപ്പെടുത്തിയെടുത്ത കളിക്കാര്‍ ലോക ഫുട്‌ബോളില്‍ത്തന്നെ കുറവായിരിക്കും. അതുകൊണ്ടുതന്നെയാണ് എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായും പ്ലേമേക്കറുമായൊക്കെ ലൂക്ക മോഡ്രിച്ചിനെ ഫുട്‌ബോള്‍ ലോകം വാഴ്ത്തുന്നത്.



