കെ.ശ്രീജിത്ത്
രണ്ടായിരം മുതല്‍ ഒരു പതീറ്റാണ്ടോളം നീണ്ടുനിന്ന ലോകക്രിക്കറ്റിലെ ഓസ്‌ട്രേലിയന്‍ പടയോട്ടത്തിന്റെ പ്രതീകാത്മക ചിത്രങ്ങളിലൊന്നാണ് ആഡം ഗില്‍ക്രിസ്റ്റ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ സുവര്‍ണ തലമുറയിലെ ഏറ്റവും പ്രധാനികളിലൊരാള്‍. ആധുനിക ക്രിക്കറ്റിനെ പ്രകമ്പനം കൊള്ളിച്ച, ആരാധകരെ ഹരം കൊള്ളിച്ച ഹീറോ. ബാറ്റിംഗില്‍ ഒന്നാമതായോ, ഏഴാമതായോ ഇറങ്ങിക്കൊള്ളട്ടെ, ടെസ്റ്റ് ക്രിക്കറ്റോ പരിമിത ഓവര്‍ ക്രിക്കറ്റോ ആയിക്കൊള്ളട്ടെ ഗില്‍ക്രിസ്റ്റ് ക്രീസിലുണ്ടെങ്കില്‍ ഏത് നിമിഷവും എന്തും സംഭവിക്കാം. അത്രമാത്രം രോമാഞ്ചം കൊള്ളിക്കുന്ന ബാറ്ററായിരുന്നു അയാള്‍. അസാധ്യതകളില്‍ നിന്ന് സാധ്യതകള്‍ കണ്ടെത്തുന്നതില്‍ മിടുമിടുക്കന്‍. ഏത് സാഹചര്യത്തിലും, ഏത് സമ്മര്‍ദ്ദത്തിലും അയാള്‍ ചിരിച്ചുകൊണ്ടേയിരിക്കും. കണ്‍മഷമേതുമില്ലാത്ത ചിരി. 2003 ഏകദിന ലോകകപ്പിലെ സെമിഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ അംപയര്‍ ഔട്ട് നല്‍കാഞ്ഞിട്ടും തിരിഞ്ഞുനടന്ന ഗില്‍ക്രിസ്റ്റ് ക്രിക്കറ്റിലെ മാന്യതയുടെ മുഖമായിരുന്നു.

ആക്രമണമായിരുന്നു അയാളുടെ ഏക ആയുധം. പന്ത് വന്നാല്‍ അടിക്കുക എന്നതാണ് ബാറ്റിംഗിനെക്കുറിച്ചുള്ള തന്റെ തത്വശാസ്ത്രമെന്ന് ഒരിക്കല്‍ ഗില്‍ക്രിസ്റ്റ് പറഞ്ഞിട്ടുണ്ട്. കരിയറിലുടനീളം അയാള്‍ അതുതന്നെയാണ് ചെയ്തതും. സാഹചര്യമേതായാലും ആക്രമിച്ചുകളിക്കുക. എതിര്‍ ടീമിന് മേല്‍ ആധിപത്യം സ്ഥാപിക്കുക. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അയാള്‍ക്ക് അത്രയും വ്യക്തതയുണ്ടായിരുന്നു. ടെസ്റ്റിലായാലും ഏകദിനത്തിലായാലും അയാളുടെ സമീപനം ഒന്നുതന്നെയായിരുന്നു. അതുകൊണ്ടാണ് ടെസ്റ്റില്‍ 81ഉം ഏകദിനത്തില്‍ 96ഉം സ്‌ട്രൈക്ക് റേറ്റ് അയാള്‍ക്കുണ്ടായത്. എല്ലാ അര്‍ത്ഥത്തിലും അയാളൊരു വിനാശകാരിയായ ബാറ്ററായിരുന്നു. നിമിഷനേരം കൊണ്ട് എതിരാളികളുടെ മനോവീര്യം തല്ലിത്തകര്‍ക്കാന്‍ കഴിയുന്ന ബാറ്റര്‍. ഗില്‍ക്രിസ്റ്റിനെ കൂടുതല്‍ നേരം ക്രീസില്‍ നിര്‍ത്തിയാല്‍ പിന്നെ കളി കൈവിട്ടുപോകുമെന്ന് എതിരാളികള്‍ക്കറിയാം. അതുകൊണ്ടുതന്നെ എത്രയും നേരത്തെ അയാളെ പുറത്താക്കാനായിരിക്കും എതിര്‍ ബൗളര്‍മാരുടെ ശ്രമം. അതിനായി അവര്‍ സകലശ്രമവും നടത്തും. എന്നാല്‍ ഗില്‍ക്രിസ്റ്റ് ആകട്ടെ എത്രയും പെട്ടെന്ന് എതിരാളികള്‍ക്കുമേല്‍ ആധിപത്യം ശ്രമിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യ പന്ത് മുതല്‍ ആക്രമിച്ചുകളിക്കും. ബൗളര്‍മാരും ഗില്‍ക്രിസ്റ്റും തമ്മിലുള്ള ഈ യുദ്ധത്തില്‍ മിക്കപ്പോഴും ഗില്‍ക്രിസ്റ്റിനായിരിക്കും ജയം. അപൂര്‍വമായി ബൗളര്‍മാരും ജയം രുചിച്ചു.

ഗില്‍ക്രിസ്റ്റിന്റെ വരവോടെയാണ് ശക്തരായിരുന്ന ഓസ്‌ട്രേലിയ അതിശക്തരായി മാറിയത്. അരങ്ങേറ്റ മത്സരത്തില്‍ 81 റണ്ണടിച്ച ഗില്‍ക്രിസ്റ്റ് അഞ്ച് ക്യാച്ചെടുക്കുകയും ഒരു സ്റ്റംപിംഗ് നടത്തുകയും ചെയ്തു. ആ മത്സരം മുതല്‍ 2008ല്‍ വിരമിക്കുന്നതുവരെ ഗില്‍ക്രിസ്റ്റ് എതിരാളികള്‍ക്ക് ശ്വാസം വിടാന്‍ സമയം കൊടുത്തില്ല. വളരെ അപൂര്‍വമായി മാത്രമെ അയാള്‍ പരാജയപ്പെട്ടുള്ളൂ. അതും കരിയര്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള കുറച്ചുകാലം മാത്രം. 2005 ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ആന്‍ഡ്ര്യൂ ഫഌന്റോഫ് എറൗണ്ട് ദ വിക്കറ്റ് പന്തെറിഞ്ഞ് അയാളെ വലച്ചിരുന്നു. തുടര്‍ന്ന് കുറച്ചുകാലം ഗില്‍ക്രിസ്റ്റിന്റെ ബാറ്റ് നിശബ്ദമായി. എന്നാല്‍ 2006ല്‍ ബംഗ്ലാദേശിനെതിരെ മത്സരത്തിന്റെ ഗതി തിരിച്ചുവിട്ട സെഞ്ച്വറിയടിച്ച് ഗില്‍ക്രിസ്റ്റ് തിരിച്ചുവന്നു. 16 ടെസ്റ്റുകള്‍ക്കുശേഷമുള്ള അയാളുടെ ആദ്യ സെഞ്ച്വറിയായിരുന്നു അത്. 2006-2007ലെ ആഷസ് പരമ്പര ഗില്‍ക്രിസ്റ്റിനെ സംബന്ധിച്ചിടത്തോളം സമ്മിശ്രമായിരുന്നു. മൂന്ന് ഏക അക്ക സ്‌കോറുകളും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും. 2007 ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഗില്‍ക്രിസ്റ്റ് 104 പന്തില്‍ 149 റണ്ണാണ് നേടിയത്. 13 ഫോറുകളും എട്ട് സിക്‌സറുകളുമാണ് അയാള്‍ അടിച്ചുകൂട്ടിയത്. ആ ഒരൊറ്റ ഇന്നിംഗ്‌സ് കാരണമാണ് ഓസ്‌ട്രേലിയ തുടര്‍ച്ചയായി മൂന്നാമതും ലോകചാമ്പ്യന്‍മാരായത്. അതിനുമുമ്പുള്ള രണ്ട് ലോകകപ്പ് ഫൈനലുകളില്‍ 54, 57 എന്നിങ്ങനെയായിരുന്നു ഗില്‍ക്രിസ്റ്റ് നേടിയ സ്‌കോര്‍. അതായത് ഓസ്‌ട്രേലിയയുടെ ആ മൂന്ന് ലോകകപ്പ് ജയങ്ങളിലും ഗില്‍ക്രിസ്റ്റിന്റെ നിര്‍ണായക സംഭാവനയുണ്ടായിരുന്നു എന്നര്‍ത്ഥം. ആ ഇന്നിംഗ്‌സ് ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്‌സായാണ് കണക്കാക്കപ്പെടുന്നത്. തുടര്‍ച്ചയായ മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ ചുരുങ്ങിയത് 50 റണ്ണെങ്കിലും നേടുന്ന ഒരേയൊരു കളിക്കാരനെന്ന സവിശേഷമായ റെക്കോഡാണ് ആ സെഞ്ച്വറിയോടെ അയാള്‍ നേടിയത്. മാത്രമല്ല ആ ലോകകപ്പ് നേട്ടത്തോടെ മൂന്ന് ലോകകപ്പുകള്‍ ജയിച്ച വെറും മൂന്ന് കളിക്കാരില്‍ ഒരാളായി അയാള്‍ മാറി. മറ്റ് രണ്ട് പേര്‍ ടീമിലെ അയാളുടെ കൂട്ടുകാരായ റിക്കി പോണ്ടിംഗും ഗ്ലെന്‍ മക്ഗ്രാത്തുമാണ്. ഈ മൂന്ന് പേരും 1999, 2003, 2007 ലോകകപ്പുകള്‍ ജയിച്ച ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗങ്ങളായിരുന്നു.

2006 ഐ സി സി ചാമ്പ്യന്‍സ് ട്രോഫി നേടിയ ഓസ്‌ട്രേലിയന്‍ ടീമിലും ഗില്‍ക്രിസ്റ്റ് ഉണ്ടായിരുന്നു. ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരുടെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളെന്ന് കണക്കാക്കപ്പെടുന്നവയില്‍ മൂന്നെണ്ണം ആഡം ഗില്‍ക്രിസ്റ്റിന്റേതാണ്. 1999ല്‍ ഹൊബാര്‍ട്ടില്‍ പാകിസ്താനെതിരെ എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയിരിക്കെ അയാള്‍ നേടിയ 149 റണ്ണാണ് ആ മൂന്നെണ്ണത്തില്‍ ഒന്നാമത്തേത്. അത് അയാളുടെ കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റായിരുന്നു എന്നുകൂടി ഓര്‍ക്കണം. രണ്ട് വര്‍ഷത്തിന് ശേഷം ദക്ഷിണാഫ്രിക്കയിലെ ജോഹനസ്ബര്‍ഗില്‍ അയാള്‍ പുറത്താകാതെ നേടിയ 204 റണ്ണാണ് രണ്ടാമത്തേത്. ആഷസില്‍ പെര്‍ത്തില്‍ നടന്ന ടെസ്റ്റില്‍ വെറും 57 പന്തില്‍ അയാള്‍ നേടിയ സെഞ്ച്വറിയാണ് മൂന്നാമത്തേത്. സ്ഥിരം ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന് പകരം ക്യാപ്റ്റനാകാന്‍ അവസരം ലഭിച്ചപ്പോള്‍ ഗില്‍ക്രിസ്റ്റ് ഓസ്‌ട്രേലിയയ്ക്ക് സമ്മാനിച്ചത് ഇന്ത്യയിലൊരു പരമ്പര നേട്ടമായിരുന്നു. 2004-2005ലായിരുന്നു ഇത്. നീണ്ട 35 വര്‍ഷത്തിന് ശേഷമായിരുന്നു ഓസ്‌ട്രേലിയ ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. കാലങ്ങളായി ഇന്ത്യയാണ് അവസാന കടമ്പ എന്ന് പറഞ്ഞുകൊണ്ടിരുന്ന ഓസ്‌ട്രേലിയയ്ക്ക് ഏറ്റവും മധുരതരമായ വിജയമാണ് ക്യാപ്റ്റനെന്ന നിലയില്‍ ഗില്‍ക്രിസ്റ്റ് സമ്മാനിച്ചത്.

വിക്കറ്റ് കീപ്പറെന്ന നിലയില്‍ റോഡ് മാര്‍ഷിന്റെ മെയ്‌വഴക്കമോ ഇയാന്‍ ഹീലിയുടെ പൂര്‍ണതയോ ആഡം ഗില്‍ക്രിസ്റ്റിനുണ്ടായിരുന്നില്ല. ചില അസാധാരണ ക്യാച്ചുകള്‍ അയാളെടുക്കുകയും വളരെ എളുപ്പമുള്ള ചില ക്യാച്ചുകള്‍ അയാള്‍ വിട്ടുകളയുകയും ചെയ്തു. എന്നിട്ടും കരിയര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റ് കീപ്പറെന്ന നിലയിലുള്ള അയാളുടെ റെക്കോഡ് മികച്ചതായിരുന്നു. ടെസ്റ്റില്‍ കീപ്പറെന്ന നിലയില്‍ 416 പേരെ പുറത്താക്കിയ ഗില്‍ക്രിസ്റ്റ് ഏകദിനത്തില്‍ 472 പേരെ പുറത്താക്കി. ഏകദിനത്തിലെ അയാളുടെ റെക്കോഡ് ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍മാരിലെ ഏറ്റവും മികച്ചതാണ്. ഫാസ്റ്റ്് ബൗളര്‍മാരായ ഗ്ലെന്‍ മക്ഗ്രാത്തിന്റെയും ബ്രെറ്റ് ലീയുടെയും ബൗളിംഗില്‍ ഗില്‍ക്രിസ്റ്റിന്റെ കീപ്പിംഗ് ഉയര്‍ന്ന നിലവാരത്തിലുള്ളതായിരുന്നു. ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതി ഗില്‍ക്രിസ്റ്റ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറായിരുന്ന അലക് സ്റ്റ്യുവര്‍ട്ടിനും ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പറായിരുന്ന മാര്‍ക്ക് ബൗച്ചറിനുമൊപ്പം പങ്കിടുന്നു. ഒരു മത്സരത്തില്‍ ആറ് ക്യാച്ചാണ് മൂവരും എടുത്തിട്ടുള്ളത്. ആറ് തവണയാണ് ഗില്‍ക്രിസ്റ്റ് ഒരു മത്സരത്തില്‍ ആറ് ക്യാച്ചെടുത്തത്. 2007ല്‍ ഒരു ഏകദിന മത്സരത്തില്‍ ഗില്‍ക്രിസ്റ്റ് ആറ് പേരെ പുറത്താക്കുകയും അര്‍ദ്ധ സെഞ്ച്വറി നേടുകയും ചെയ്തു. ഇത് രണ്ടാം തവണയായിരുന്നു ഗില്‍ക്രിസ്റ്റ് ഈ നേട്ടം കൈവരിക്കുന്നത്. ഗില്‍ക്രിസ്റ്റല്ലാതെ മറ്റൊരു കളിക്കാരനും ഈ നേട്ടം ഒരു തവണയെങ്കിലും കൈവരിച്ചിട്ടില്ല.

ആരാധകരെയും എതിരാളികളെയും എന്തിന് സ്വന്തം ടീമിലെ സഹകളിക്കാരെ പോലും മുള്‍മുനയില്‍ നിര്‍ത്തിയ ബാറ്ററായിരുന്നു ഗില്‍ക്രിസ്റ്റ്. ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്‌സ് അടിക്കുന്ന ആദ്യത്തെ ബാറ്ററാണ് ഗില്‍ക്രിസ്റ്റ്. അയാളുടെ ടെസ്റ്റിലെ പതിനേഴും ഏകദിനത്തിലെ പതിനാറും സെഞ്ച്വറികള്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയുടെ റെക്കോഡിന് മാത്രം പിറകിലാണ്. രണ്ടായിരത്തില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ട ഗില്‍ക്രിസ്റ്റ് 2008ല്‍ വിരമിക്കുന്നതുവരെ ആ സ്ഥാനത്ത് തുടര്‍ന്നു. ഇതിനിടയില്‍ സ്ഥിരം ക്യാപ്റ്റന്‍മാരായ സ്റ്റീവ് വോയ്ക്കും റിക്കി പോണ്ടിംഗിനും അസൗകര്യമുണ്ടായപ്പോള്‍ വല്ലപ്പോഴുമൊക്കെ അയാള്‍ ടീമിനെ നയിച്ചു. ഇങ്ങനെ നയിച്ച ആറ് ടെസ്റ്റുകളില്‍ നാലെണ്ണത്തിലും അയാള്‍ ടീമിനെ ജയത്തിലേയ്ക്ക് നയിച്ചു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യയിലെ പരമ്പര നേട്ടമായിരുന്നു. ഏകദിനത്തില്‍ 17 തവണ അയാള്‍ ടീമിനെ നയിച്ചപ്പോള്‍ പന്ത്രണ്ടെണ്ണത്തില്‍ ജയിച്ചു.

2002ല്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി ആഡം ഗില്‍ക്രിസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. 2003ല്‍ ആ വര്‍ഷത്തെ ഏറ്റവും മികച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ക്കുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ നേടിയത് ഗില്‍ക്രിസ്റ്റായിരുന്നു. 2003ലും 2004ലും മികച്ച ഏകദിന കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതും ഗില്‍ക്രിസ്റ്റായിരുന്നു. 2004ല്‍ റിച്ചി ബെനോ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ടീമില്‍ ഗില്‍ക്രിസ്റ്റും ഉള്‍പ്പെട്ടു. അന്ന് കളിച്ചിരുന്നവരില്‍ ഗില്‍ക്രിസ്റ്റ് മാത്രമാണ് റിച്ചി ബനോയുടെ ടീമില്‍ ഉള്‍പ്പെട്ടതെന്നത് ഗില്‍ക്രിസ്റ്റ് എത്രമാത്രം ഗംഭീര ക്രിക്കറ്ററായിരുന്നു എന്നതിന്റെ തെളിവാണ്. 2012ല്‍ സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയയുടെ ഹാള്‍ ഓഫ് ഫെയിമിലും 2015ല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയ്മിലും ഗില്‍ക്രിസ്റ്റിനെ ഉള്‍പ്പെടുത്തി. 96 ടെസ്റ്റില്‍ നിന്നായി 47.60 ശരാശരിയില്‍ 5,570 റണ്ണാണ് ഗില്‍ക്രിസ്റ്റിന്റെ സമ്പാദ്യം. 17 സെഞ്ച്വറിയും 26 അര്‍ദ്ധ സെഞ്ച്വറിയും. 287 ഏകദിനങ്ങളില്‍ നിന്ന് 35.89 ശരാശരിയില്‍ 9,619 റണ്ണാണ് അയാള്‍ അടിച്ചത്. 16 സെഞ്ച്വറിയും 55 അര്‍ദ്ധ സെഞ്ച്വറിയും. 13 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 22.66 ശരാശരിയില്‍ 272 റണ്ണും അയാള്‍ നേടി. ടെസ്റ്റില്‍ 379 പേരെ ക്യാച്ചെടുത്ത് പുറത്താക്കിയപ്പോള്‍ 37 പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഏകദിനത്തില്‍ ക്യാച്ചിലൂടെ 417 പേരെയും സ്റ്റംപിംഗിലൂടെ 55 പേരെയുമാണ് ആഡം ഗില്‍ക്രിസ്റ്റ് പുറത്താക്കിയത്. വിക്കറ്റ് കീപ്പറെന്ന നിലയിലുള്ള ഈ കണക്കുകള്‍ ഓസ്‌ട്രേലിയന്‍ റെക്കോഡാണ്. ഐ പി എല്ലില്‍ ഗില്‍ക്രിസ്റ്റ് ഹാദരാബാദ് ഡെക്കാണ്‍് ചാര്‍ജേഴ്‌സിന് വേണ്ടിയും കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയും കളിച്ചു. 2009ല്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സ് ഐ പി എല്ലില്‍ ചാമ്പ്യന്‍മാരായപ്പോള്‍ ഗില്‍ക്രിസ്റ്റ് ആയിരുന്നു ക്യാപ്റ്റന്‍.

എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരിലൊരാളാണ് ആഡം ഗില്‍ക്രിസ്റ്റെന്ന് നിസംശയം പറയാം. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും വിക്കറ്റ് കീപ്പറുടെ റോളിനെ വിപ്ലവകരമായി അയാള്‍ മാറ്റിമറിച്ചു. അയാള്‍ക്ക് ശേഷം ലോക ക്രിക്കറ്റിലെത്തിയ മിക്ക വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും മാതൃകയാക്കിയത് ഗില്‍ക്രിസ്റ്റിനെയായിരുന്നു. ഒരേസമയം അതിവേഗം റണ്ണടിക്കാനും കൂറ്റന്‍ സ്‌കോറുകള്‍ നേടാനും കഴിയുന്ന വിക്കറ്റ് കീപ്പര്‍മാര്‍ക്കായി പിന്നീട് ഡിമാന്റ്. അസാധാരണ എന്റര്‍ടെയ്‌നറായിരുന്ന ഗില്‍ക്രിസ്റ്റ് തന്റെ സ്‌ഫോടനാത്മകമായ ബാറ്റിംഗിലൂടെ ആരാധകരെയും എതിരാളികളെയും ഒരുപോലെ അമ്പരപ്പിച്ചു. ആ ഇന്നിംഗ്‌സുകള്‍ എതിര്‍ ടീമിന്റെ മനോവീര്യം തല്ലിക്കെടുത്തുന്നതായിരുന്നു. അസാധാരണമായ ടൈമിംഗിലൂടെ മൈതാനത്തിന്റെ ഏത് വശത്തേയ്ക്കും ഷോട്ട് പായിക്കാനുള്ള കഴിവാണ് ഗില്‍ക്രിസ്റ്റിനെ വേറിട്ടുനിര്‍ത്തിയിരുന്നത്. ബാറ്റ് ഹാന്‍ഡിലിലെ ഗ്രിപ്പിന്റെ ഏറെ മുകള്‍ ഭാഗത്താണ് ഗില്‍ക്രിസ്റ്റ് രണ്ട് കൈയും ചേര്‍ത്തുപിടിച്ചിരുന്നത്. ബാറ്റിന് മുകള്‍ ഭാഗത്ത് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ആക്രമണോത്സുകതയും സ്ഥിരതയും ഒരുപോലെ സംഗമിച്ച ബാറ്ററായിരുന്നു ഗില്‍ക്രിസ്റ്റ്. ഇതാണയാളെ ലോകക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും വിനാശകാരിയായ ബാറ്റര്‍മാരിലൊരാളാക്കിയത്. ഗില്‍ക്രിസ്റ്റ് ഓസ്‌ട്രേലിയയ്ക്ക് നേടിക്കൊടുത്ത വിജയങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടുന്നതാണ്. അസാധാരണമായ ഒരു കളിക്കാലത്തെ ഓര്‍മപ്പെടുത്തുന്ന അസാധാരണ പ്രതിഭയായി അയാള്‍ എന്നും ക്രിക്കറ്റ് പ്രേമികളുടെ മനസിലുണ്ടാകും. തീര്‍ച്ച.



