Saturday, February 21, 2026
Google search engine
HomeSportLegendsഎവര്‍ഷൈനിംഗ് ഷെയ്ന്‍ വോണ്‍

എവര്‍ഷൈനിംഗ് ഷെയ്ന്‍ വോണ്‍

കെ.ശ്രീജിത്ത്

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ച് ക്രിക്കറ്റര്‍മാരിലൊരാളായി കണക്കാക്കപ്പെടുന്ന ഷെയ്ന്‍ വോണ്‍. ക്രിക്കറ്റിലെ ലെഗ് സപിന്‍ എന്ന ബൗളിംഗ് ശാഖയുടെ മേല്‍വിലാസമായി മാറിയ ഒരേയൊരു ഷെയ്ന്‍ വോണ്‍. വോണ്‍ മികച്ച ഫോമില്‍ ബൗള്‍ ചെയ്യുമ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റര്‍ പോലും വിറച്ചു. ലെഗ് സ്റ്റംപിന് പുറത്ത് കുത്തി ഉള്ളിലേയ്ക്ക് 90 ഡിഗ്രി ആംഗിളില്‍ തിരഞ്ഞുവരുന്ന പന്ത് ഷെയ്ന്‍ വോണിന്റെ മാത്രം പ്രത്യേകതയായിരുന്നു. ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിംഗും വെസ്റ്റ് ഇന്‍ഡീസിന്റെ ശിവ് നാരായണ്‍ ചന്ദര്‍പോളുമെല്ലാം കുത്തിത്തിരിഞ്ഞുവന്ന ആ പന്തുകളില്‍ വീണുപോയി. ഷെയ്ന്‍ വോണിന്റെ ആ പന്തുകള്‍ നേരെ കുത്തിത്തിരിഞ്ഞുവന്നത് ക്രിക്കറ്റ് ചരിത്രത്തിലേയ്ക്കായിരുന്നു. നൂറ്റാണ്ടിന്റെ പന്തുകളായി അവ വിശേഷിപ്പിക്കപ്പെട്ടു. ജീനിയസ് ആയതുകൊണ്ടുതന്നെയായിരിക്കണം എന്നും വിവാദങ്ങളുടെ കേന്ദ്രം കൂടിയായിരുന്നു വോണ്‍. ക്രിക്കറ്റ് ജീവിതത്തിലും വ്യക്തി ജീവിതത്തിലും വിവാദങ്ങളുണ്ടാക്കുന്നതില്‍ അയാള്‍ ലെഗ് സ്പിന്‍ എറിയുന്നതുപോലെത്തന്നെ ബഹുകേമനായിരുന്നു. മൈതാനത്തിനകത്തും പുറത്തും ആ വിവാദങ്ങള്‍ കത്തിപ്പടര്‍ന്നു. ഏറെക്കാലം നീറിനീറി നിന്നു. വാതുവെയ്പ് വിവാദം തൊട്ട് ഉത്തേജക മരുന്ന് ഉപയോഗവും മദ്യവും മദിരാക്ഷിയുമെല്ലാം വോണിന്റെ ജീവിതത്തില്‍ നിറഞ്ഞുനിന്നു. എന്നും പത്രങ്ങളിലെ തലക്കെട്ടുകളില്‍ ഷെയ്ന്‍ വോണ്‍ നിറഞ്ഞുനിന്നു. ടെലിവിഷനിലെ സോപ്പ് ഒപ്പേറകള്‍ പോലെയായിരുന്നു വോണിന്റെ ജീവിതം. എല്ലാതരം മസാലകളും അതില്‍ ഇഴുകിച്ചേര്‍ന്നു. ഒന്നിനുപിറകെ ഒന്നായി വിവാദങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും അയാളിലെ ലെഗ് സ്പിന്‍ ജീനിയസിനെ ഒന്നിനും തടഞ്ഞുനിര്‍ത്താനായില്ല. എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമായ ഒരു കരിയര്‍ പൂര്‍ത്തിയാക്കിയാണ് അയാള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. എന്നാല്‍ ജീവിതത്തില്‍ നിന്നുള്ള അയാളുടെ വിരമിക്കല്‍ സര്‍വരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. അതും വെറും അമ്പത്തിരണ്ടാമത്തെ വയസില്‍. 2022 മാര്‍ച്ച് നാലിന് തായ്‌ലന്‍ഡില്‍ ഒഴിവുകാലം ആഘോഷിക്കുന്ന വേളയിലായിരുന്നു ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഷെയ്ന്‍ വോണ്‍ ജീവിതത്തില്‍ നിന്ന് വിടവാങ്ങിയത്. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.

ഷെയ്ന്‍ വോണ്‍ ക്രിക്കറ്റിന്റെ ചിത്രത്തിലേയ്ക്ക് വരുന്നതിന് മുമ്പോ പിമ്പോ അയാളുടെ നിലവാരത്തിലുള്ള ഒരു ലെഗ് സ്പിന്നര്‍ ലോക ക്രിക്കറ്റിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. തന്റെ സമകാലികനായ മറ്റൊരു ഇതിഹാസ ലെഗ് സ്പിന്നര്‍ വോണില്‍ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു. ബൗളിംഗിന്റെ കാര്യത്തിലും സമീപനത്തിന്റെ കാര്യത്തിലും അതങ്ങനെത്തന്നെയായിരുന്നു. കടുത്ത അച്ചടക്കവും കഠിനാദ്ധ്വാനവുമായിരുന്നു കുംബ്ലെയുടെ മുഖമുദ്രയെങ്കില്‍ ഷെയ്ന്‍ വോണ്‍ പ്രതിഭയുടെ മാത്രം പിന്‍ബലത്തില്‍ മാജിക്ക് കാണിച്ചു. ടെസ്റ്റില്‍ അയാള്‍ ഹാട്രിക്ക് നേടി, ലോകകപ്പ് ഫൈനലില്‍ പ്ലേയര്‍ ഓഫ് ദ മാച്ചായി, ഏഴ് പുസ്തകങ്ങള്‍ക്ക് വിഷയമായി… അങ്ങനെ നേട്ടങ്ങള്‍ക്കും നാടകീയതകള്‍ക്കും അയാളുടെ ജീവിതത്തില്‍ ഒട്ടും കുറവുണ്ടായില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 700 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയ ബൗളര്‍ ഷെയ്ന്‍ വോണായിരുന്നു. ലെഗ് സ്പിന്നിന് വംശനാശം സംഭവിച്ചു എന്ന് കരുതിയ കാലത്താണ് ഷെയ്ന്‍ വോണ്‍ ചിത്രത്തില്‍ വരുന്നതും ക്രിക്കറ്റിലെ ഏറ്റവും മഹത്തായ ആ ശാഖയെ പുനരുജ്ജീവിപ്പിക്കുന്നതും. ടെസ്റ്റില്‍ ഒരു സെഞ്ച്വറി പോലും നേടാതെ ഏറ്റവും കൂടുതല്‍ റണ്ണടിച്ചതിന്റെ റെക്കോഡ് വോണിനുള്ളതാണ്. ഓസ്‌ട്രേലിയയ്ക്ക് ലഭിക്കാതെ പോയ ഏറ്റവും മികച്ച ക്യാപ്റ്റനായാണ് ഷെയ്ന്‍ വോണ്‍ കരുതപ്പെടുന്നത്. ഒരു ബൗളറാകുന്നതിനെക്കുറിച്ച് ഒരിക്കല്‍ അയാള്‍ ഇങ്ങനെ പറഞ്ഞു: ‘ആദ്യം നിങ്ങള്‍ക്ക് വേണ്ടത് ക്ഷമയാണ്. എന്നാല്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവും അതുതന്നെയാണ്. ഒരു ബാറ്റര്‍ നിങ്ങളെ സ്റ്റേഡിയത്തിന് പുറത്തേയ്ക്ക് അടിച്ചുപറത്തിയാലും നിങ്ങള്‍ വിഷമിക്കരുത്. കാരണം ആ പന്തില്‍ അയാളുടെ വിക്കറ്റ് നേടാനാകില്ലെങ്കിലും തൊട്ടടുത്ത പന്തില്‍ അതിനുള്ള അവസരം നിങ്ങള്‍ക്ക് ബാക്കിയുണ്ട് എന്നത് മറക്കരുത്’. ആ പ്രതീക്ഷയാണ് ഷെയ്ന്‍ വോണിനെ എക്കാലത്തും മുന്നോട്ടുനയിച്ചത്. അതാണയാളെ മുമ്പൊരു ബൗളര്‍ക്കും എത്തിപ്പിടിക്കാനാകാത്ത ഉയരങ്ങളിലെത്തിച്ചതും.

1992ല്‍ സിഡ്‌നിയില്‍ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഷെയ്ന്‍ വോണ്‍ ആദ്യകാലത്ത് വെറുമൊരു ശരാശരി ബൗളര്‍ മാത്രമായിരുന്നു. ഇന്ത്യയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ ആ പരമ്പരയില്‍ രണ്ട് ടെസ്റ്റ് കളിച്ച വോണ്‍ ആകെ നേടിയത് ഒരു വിക്കറ്റായിരുന്നു. തുടര്‍ന്ന് അയാള്‍ ടീമില്‍ നിന്ന് പുറത്തായി. പിന്നീട് 1992ന്റെ പകുതിയില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ ഷെയ്ന്‍ വോണിനെ ടീമിലുള്‍പ്പെടുത്തി. കൊളംബോയില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഒന്നാമിന്നിംഗ്‌സില്‍ വോണിന് വിക്കറ്റൊന്നും നേടാനായില്ല. എന്നാല്‍ രണ്ടാമിന്നിംഗ്‌സില്‍ ശ്രീലങ്കയുടെ അവസാന മൂന്ന് വിക്കറ്റുകള്‍ റണ്ണൊന്നും നല്‍കാതെ വോണ്‍ വീഴ്ത്തി. ഇതോടെ ശ്രീലങ്ക കൂട്ടത്തകര്‍ച്ചയെ നേരിട്ടു. മത്സരം ഓസ്‌ട്രേലിയ പതിനാറ് റണ്ണിന് ജയിച്ചു. തുടര്‍ന്ന് ശ്രീലങ്കയുടെ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗെ ഒരു അഭിമുഖത്തില്‍ വോണിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ‘ ടെസ്റ്റില്‍ മുന്നൂറില്‍ കൂടുതല്‍ ശരാശരിയുള്ള ഒരു ബൗളര്‍ ഞങ്ങളുടെ കൈകളില്‍ നിന്ന് ജയം തട്ടിയെടുത്തു’. ആ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ജയത്തിന് കാരണമായെങ്കിലും അടുത്ത ടെസ്റ്റിനുള്ള ടീമില്‍ വോണിനെ ഉള്‍പ്പെടുത്തിയില്ല. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലാകട്ടെ വോണ്‍ ടീമിലുണ്ടായിരുന്നെങ്കിലും അയാള്‍ക്ക് വിക്കറ്റൊന്നും നേടാനായില്ല. പിന്നീട് വെസ്റ്റ് ഇന്‍ഡീസിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഷെയ്ന്‍ വോണിന് കാര്യമായി എന്തെങ്കിലും ചെയ്യാനായത്. പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സില്‍ വോണ്‍ 52 റണ്ണിന് ഏഴ് വിക്കറ്റ് വീഴ്ത്തി. അയാളുടെ ആദ്യത്തെ ശ്രദ്ധേയമായ പ്രകടനം. 1993ല്‍ ഓസ്‌ട്രേലിയ ന്യൂസീലന്റില്‍ പര്യടനം നടത്തിയപ്പോള്‍ പരമ്പരയില്‍ 15.05 ശരാശരിയില്‍ ഷെയ്ന്‍ വോണ്‍ 17 വിക്കറ്റ് വീഴ്ത്തി. തുടര്‍ന്ന് ന്യൂസീലന്റിനെതിരായ ഏകദിന പരമ്പരയില്‍ അയാള്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.

1993ല്‍ തന്റെ ആദ്യ ആഷസ് പരമ്പരയില്‍ വോണ്‍ 25.79 ശരാശരിയില്‍ 34 വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ ഒരു മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിംഗിനെ പുറത്താക്കിയ വോണിന്റെ പന്ത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ പന്തായാണ് അറിയപ്പെടുന്നത്. ലെഗ് സ്റ്റംപിന് പുറത്ത് കുത്തിയ പന്ത് ഗാറ്റിംഗിന്റെ ഓഫ് സ്റ്റംപുമായാണ് പറന്നത്. അത് നൂറ്റാണ്ടിന്റെ പന്തായി വിശേഷിപ്പിക്കപ്പെട്ടു. 1993 കലണ്ടര്‍ വര്‍ഷത്തില്‍ ഷെയ്ന്‍ വോണ്‍ ടെസ്റ്റില്‍ 72 വിക്കറ്റാണ് വീഴ്ത്തിയത്. അന്ന് അതൊരു റെക്കോഡായിരുന്നു. 1993-94ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വോണ്‍ ടെസ്റ്റിലെ തന്റെ ആദ്യ പത്ത് വിക്കറ്റ് നേട്ടം കരസ്ഥമാക്കി. സിഡ്‌നിയില്‍ വെച്ച് നടന്ന ടെസ്റ്റിലായിരുന്നു അത്. എന്നാല്‍ വോണ്‍ മികച്ച രീതിയില്‍ ബൗള്‍ ചെയ്തിട്ടും ഓസ്‌ട്രേലിയ ആ ടെസ്റ്റില്‍ തോറ്റു. 94ല്‍ ഷെയ്ന്‍ വോണ്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുിക്കപ്പെട്ടു. 1994ല്‍ ഓസ്‌ട്രേലിയ പാകിസ്താനില്‍ പര്യടനം നടത്തിയപ്പോള്‍ വോണ്‍ പരമ്പരയില്‍ 18 വിക്കറ്റ് വീഴ്ത്തി. എന്നാല്‍ പാകിസ്താന്‍ പരമ്പര 1-0ന് ജയിച്ചു. ആ പരമ്പര പിന്നീട് വന്‍വിവാദത്തിലായി. പാകിസ്താന്‍ ക്യാപ്റ്റന്‍ സലീം മാലിക്ക് ഓസ്‌ട്രേലിയന്‍ താരങ്ങളായ മാര്‍ക്ക് വോ, ഷെയ്ന്‍ വോണ്‍, ടിം മേ എന്നിവരെ സമീപിച്ച് കളി തോല്‍ക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്ന വിവരം പിന്നീട് പുറത്തായി. എന്നാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ആ വാഗ്ദാനം സ്വീകരിച്ചില്ല.

1994-95 ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഷെയ്ന്‍ വോണ്‍ ഹാട്രിക്ക് നേടി. 1996 ലോകകപ്പില്‍ ഓസ്‌ട്രേലിയ ഫൈനലിലെത്തിയെങ്കിലും ശ്രീലങ്കയോട് പരാജയപ്പെട്ടു. ലോകകപ്പില്‍ വോണ്‍ 12 വിക്കറ്റ് നേടി. 1998ല്‍ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ വോണിന്റെ പ്രകടനം മോശമായിരുന്നു. അന്ന് നവ്‌ജ്യോത് സിംഗ് സിദ്ദുവും സച്ചിന്‍ തെന്‍ഡുല്‍ക്കറും ഉള്‍പ്പടെ എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാരും വോണിനെ കണക്കിന് ശിക്ഷിച്ചു. 98ന്റെ രണ്ടാം ഘട്ടത്തില്‍ തോളിനേറ്റ പരിക്ക് കാരണം ഷെയ്ന്‍ വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചില്ല. ആ വര്‍ഷം ഡിസംബറില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ചില വെളിപ്പെടുത്തലുകള്‍ നടത്തി. മൂന്ന് വര്‍ഷം മുമ്പ് ശ്രീലങ്കയില്‍ നടന്ന ഒരു ഏകദിന മത്സരത്തില്‍ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും വാതുവെയ്പുകാര്‍ക്ക് വിവരം നല്‍കി പണം വാങ്ങിയതിന് മാര്‍ക്ക് വോയ്ക്കും ഷെയ്ന്‍ വോണിനും പിഴശിക്ഷ നല്‍കിയിരുന്നു എന്നായിരുന്നു ആ വെളിപ്പെടുത്തല്‍. 1999 ലോകകപ്പ് ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ഷെയന്‍ വോണും ന്യൂസീലന്റിന്റെ ജെഫ് അലോട്ടുമായിരുന്നു. ഇരുപത് വിക്കറ്റ് വീതം. ലോകകപ്പിന്റെ സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഫൈനലില്‍ പാകിസ്താനെതിരെയും വോണ്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് മത്സരത്തിലും വോണായിരുന്നു പ്ലേയര്‍ ഓഫ് ദ മാച്ച്.

2003 ലോകകപ്പ് ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ടീമിലുണ്ടായരുന്ന ഷെയ്ന്‍ വോണിനെ ഓസ്‌ട്രേലിയ നാട്ടിലേയ്ക്ക് തിരിച്ചയച്ചു. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. ഓസ്‌ട്രേലിയയില്‍ നടന്ന ഒരു ഏകദിന പരമ്പരയ്ക്കിടെ വോണ്‍ നിരോധിത മരുന്ന് കഴിച്ചതായി ഉത്തേജക പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അയാളെ ഒരു വര്‍ഷത്തേയ്ക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്കി. 2004 ഫെബ്രുവരിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഷെയ്ന്‍ വോണ്‍ തുടര്‍ന്ന് ശ്രീലങ്കന്‍ പര്യടനത്തില്‍ മൂന്ന് ടെസ്റ്റിലായി 26 വിക്കറ്റ് വീഴ്ത്തി തിരിച്ചുവരവ് ആഘോഷമാക്കി. പരമ്പരയില്‍ നാല് തവണയാണ് ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെന്ന നേട്ടം വോണ്‍ കരസ്ഥമാക്കിയത്. ഇതിനിടെ ടെസ്റ്റില്‍ അഞ്ഞൂറ് വിക്കറ്റെന്ന നേട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു. കോട്‌നി വാല്‍ഷിന് ശേഷം ടെസ്റ്റില്‍ ആ നേട്ടം കൈവരിക്കുന്ന ബൗളറായിരുന്നു വോണ്‍. 2005ല്‍ 96 വിക്കറ്റെടുത്ത ഷെയ്ന്‍ വോണ്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതിനുള്ള റെക്കോഡ് തകര്‍ത്തു. 2006-2007 ആഷസ് പരമ്പരയോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഷെയ്ന്‍ വോണ്‍ പരമ്പരയിലെ നാലാമത്തെ മത്സരത്തിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റെന്ന നേട്ടം പൂര്‍ത്തിയാക്കുന്നത്. അത്തവണ ഓസ്‌ട്രേലിയ ആഷസ് തിരിച്ചുപിടിച്ചു. ഷെയ്ന്‍ വോണിന് നല്‍കാവുന്ന ഏറ്റവും മികച്ച വിരമിക്കല്‍ സമ്മാനമായിരുന്നു അത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ലോകക്രിക്കറ്റിനെ ഞെട്ടിക്കുന്നത് തുടര്‍ന്നു ഷെയ്ന്‍ വോണ്‍. 2008ല്‍ ആദ്യ ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേയ്ക്ക് നയിച്ചായിരുന്നു ഇത്. അത്രയൊന്നും പേരുകേട്ടിട്ടില്ലാത്ത കളിക്കാരുമായി ഇറങ്ങിയ രാജസ്ഥാനെ ഷെയ്ന്‍ വോണിന്റെ അസാധാരണ നേതൃപാടവമാണ് ചാമ്പ്യന്‍മാരാക്കിയത്. ഓസ്‌ട്രേലിയയെ ഒരിക്കലും നയിക്കാതെ പോയ മികച്ച ക്യാപ്റ്റനെക്കുറിച്ച് അന്നും ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. പിന്നീട് കമന്റേറ്ററായി ക്രിക്കറ്റില്‍ തുടര്‍ന്ന ഷെയ്ന്‍ വോണ്‍ ഏതെങ്കിലുമൊക്കെ തരത്തില്‍ ക്രിക്കറ്റുമായി ഒട്ടിനിന്നു. അയാള്‍ക്ക് അങ്ങനെയല്ലാതെ പറ്റില്ലായിരുന്നു. ഒടുവില്‍ 2022 മാര്‍ച്ച് നാലിന് ലോകം അവിശ്വസനീയമായ ആ വാര്‍ത്ത കേട്ടു. ഷെയ്ന്‍ വോണ്‍ അന്തരിച്ചു. ലെഗ് സ്പിന്‍ എന്ന കലയിലെ എല്ലാ സാധ്യതകളും പരീക്ഷിച്ച കലാകാരനായിരുന്നു ഷെയ്ന്‍ വോണ്‍. അയാളുടെ ആവനാഴിയില്‍ എല്ലാ ആയുധങ്ങളുമുണ്ടായിരുന്നു. ഫ്‌ളിപ്പര്‍, ടോപ് സ്പിന്നര്‍, ഗൂഗ്ലി, സ്‌ട്രെയിറ്റ് ബോള്‍, അസാധാരണമായി കുത്തിത്തിരിഞ്ഞ ലെഗ് ബ്രെയ്ക്കുകള്‍ അങ്ങനെ എല്ലാം എല്ലാം. ഈ ആയുധങ്ങളോടൊപ്പം കൃത്യത കൂടി ചേര്‍ന്നതോടെ അയാളെ നേരിടുക ഏതാണ്ട് അസാധ്യം തന്നെയായിരുന്നു. പന്ത് എത്ര ഡിഗ്രി ടേണ്‍ ചെയ്യണമെന്നതുപോലും അയാള്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് നിയന്ത്രിച്ചു. വേഗത കൂട്ടിയും കുറച്ചും ബാറ്റര്‍മാരെ അയാള്‍ കുഴപ്പത്തിലാക്കി. ഏറ്റവും ലളിതമായി അയാള്‍ ഇതെല്ലാം ചെയ്തു. എന്നാല്‍ അയാള്‍ക്കൊഴികെ മറ്റാര്‍ക്കും അതത്ര ലളിതമായിരുന്നില്ല. ഷെയ്ന്‍ വോണിനെപ്പോലെ ഒരു ലെഗ് സ്പിന്നര്‍ ഇനി ക്രിക്കറ്റിലുണ്ടാകുമോ എന്നറിയില്ല. നിലവിലെ സാഹചര്യത്തില്‍ അതിന് ഒരു സാധ്യതയും കാണുന്നില്ല. കാരണം നേട്ടങ്ങളുടെ ആ കൊടുമുടി കയറുക അത്ര എളുപ്പമല്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments