കെ.ശ്രീജിത്ത്
ക്രിക്കറ്റില്‍ ബാറ്റിംഗിനെ കാലത്തിനനുസരിച്ച് നവീകരിച്ച ബാറ്റര്‍മാരില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ബാറ്ററാണ് സനത് തെരാന്‍ ജയസൂര്യ. പ്രത്യേകിച്ചും ഏകദിന ക്രിക്കറ്റിനെ. തൊണ്ണൂറുകളുടെ മധ്യത്തില്‍ ഏകദിന ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങി സ്‌ഫോടനാത്മകമായ ബാറ്റിംഗ് കാഴ്ചവെച്ച് ലോകത്തെ ഞെട്ടിച്ചു ജയസൂര്യ. അന്ന് ജയസൂര്യയ്ക്ക് കൂട്ടായി റോമേഷ് കലുവിതരണയുമുണ്ടായിരുന്നു. ഫീല്‍ഡിംഗ് നിയന്ത്രണമുണ്ടായിരുന്ന ആദ്യ പത്ത് ഓവറില്‍ ആ ആനുകൂല്യം മുതലെടുത്ത് റണ്ണടിച്ചുകൂട്ടുക എന്നതായിരുന്നു തന്ത്രം. വിശാലമായ മൈതാനത്ത് സര്‍ക്കിളിനുപുറത്ത് രണ്ടേ രണ്ട് ഫീല്‍ഡര്‍മാരെ മാത്രമാണ് ഫീല്‍ഡിംഗ് ക്യാപ്റ്റന് കഴിയുമായിരുന്നുള്ളൂ. ആ നിര്‍ബന്ധിതാവസ്ഥയെ ജയസൂര്യയും കലുവിതരണയും ശരിക്കും ഉപയോഗിച്ചു. അവരെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത് അവരുടെ ഓസ്‌ട്രേലിയക്കാരനായ പരിശീലകന്‍ ഡേവ് വാറ്റ്‌മോറായിരുന്നു. വാറ്റ്‌മോറിന്റെ ആ തന്ത്രം ജയസൂര്യയ്ക്കും കലുവിതരണയ്ക്കും ഒരു അവസരമായിരുന്നു. ലോകത്തിന് മുന്നില്‍ തങ്ങളുടെ പ്രതിഭ ഷോകേസ് ചെയ്യാനുള്ള ഒന്നാന്തരം അവസരം. അത് അവര്‍ പൂര്‍ണമായും വിനിയോഗിക്കുകയും ചെയ്തു. മത്സരങ്ങള്‍ കഴിയുംതോറും ലോകക്രിക്കറ്റിനെ ജയസൂര്യയും കലുവിതരണയും വിറപ്പിച്ചു. അതില്‍ത്തന്നെ പ്രധാനി ജയസൂര്യയായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു അയാളുടെ ഇംപാക്ട്. എതിരാളികള്‍ ജയസൂര്യയെ കാണുന്ന മാത്രയില്‍ പേടിച്ചുവിറച്ചു. അയാള്‍ നിര്‍ദാക്ഷിണ്യം എതിര്‍ ടീമിന്റെ ബൗളര്‍മാരെ അടിച്ച് നിലംപരിശാക്കി. സിക്‌സറുകളും ഫോറുകളും ആ ബാറ്റില്‍ നിന്ന് ഒന്നിനുപിറകെ ഒന്നായി ഒഴുകി.

1996 ലോകകപ്പില്‍ ജയസൂര്യയുടെ അടി കൊണ്ടു മടുത്ത ഇന്ത്യയുടെ മീഡിയം പേസര്‍ മനോജ് പ്രഭാകര്‍ ഓഫ് സ്പിന്നിലേയ്ക്ക് തിരിഞ്ഞത് ഇന്നും ക്രിക്കറ്റ് പ്രേമികള്‍ മറന്നിട്ടുണ്ടാകില്ല. ബൗളര്‍മാര്‍ എങ്ങനെ പന്തെറിഞ്ഞാലും അയാള്‍ അടിച്ചുപറത്തി. ടീമിന്റെ സ്‌കോര്‍ റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു. ശ്രീലങ്കയുടെ ഈ തന്ത്രത്തെ എങ്ങനെ നേരിടണമെന്നറിയാതെ എതിര്‍ ടീമുകള്‍ കുഴങ്ങി. ആരെക്കൊണ്ട് പന്തെറിയിക്കണമെന്നറിയാതെ എതിര്‍ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ തലചൊറിഞ്ഞു. ആരെറിഞ്ഞാലും, എവിടെയെറിഞ്ഞാലും അടി ഉറപ്പാണ്. അത് ഫാസ്റ്റ് ബൗളറായാലും ശരി, സ്പിന്നറായാലും ശരി. ജയസൂര്യ സെഞ്ച്വറിക്ക് പിറകെ സെഞ്ച്വറികള്‍ അടിച്ചുകൂട്ടി. അയാള്‍ അതിവേഗം ലോകക്രിക്കറ്റിലെ ഏറ്റവും നിര്‍ഭയനായ ബാറ്ററായി മാറി. എതിരാളികളെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തി ശ്രീലങ്ക 1996ലെ ലോകകപ്പ് അനായാസം നേടി. അതുവഴി ലോകക്രിക്കറ്റിലെ അവഗണിക്കാനാകാത്ത ശക്തിയായി അവര്‍ മാറുകയും ചെയ്തു.

1989 ഡിസംബര്‍ 26ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ മെല്‍ബണില്‍ നടന്ന ഏകദിന മത്സരത്തിലൂടെയായിരുന്നു സനത് ജയസൂര്യയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ വര്‍ഷങ്ങളില്‍ സനത് ജയസൂര്യയെ ഒരു ബൗളറായിട്ടാണ് ലോകം കണ്ടതെന്നത് ഇന്ന് ഒരുപക്ഷെ പുതിയ തലമുറയ്ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ സത്യമാണ്. ഇടംകൈയ്യന്‍ സ്പിന്നറായാണ് ഏതാണ്ട് കരിയറിന്റെ ആദ്യ അര പതീറ്റാണ്ടോളം ജയസൂര്യയെ ടീമിലെടുത്തിരുന്നത്. അന്നയാള്‍ ഏഴാമതോ എട്ടാമതോ ഒക്കെ ആയാണ് ബാറ്റിംഗിനിറങ്ങിയത്. എന്നാല്‍ ഡേവ് വാറ്റ്‌മോര്‍ ശ്രീലങ്കന്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റതാണ് ജയസൂര്യയുടെ ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവായത്. വാറ്റ്‌മോര്‍ ജയസൂര്യയെ ഓപ്പണറാക്കി മാറ്റിയതിനുശേഷം ജയസൂര്യ തിരിഞ്ഞുനോക്കിയില്ല. പിന്നീട് ഒരു പതീറ്റാണ്ടിലധികം ലോകക്രിക്കറ്റില്‍ ജയസൂര്യയുടെ തേര്‍വാഴ്ചയായിരുന്നു. ഏകദിന ക്രിക്കറ്റില്‍ മാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റിലും അയാള്‍ മിന്നിത്തിളങ്ങി. കണ്ണും കൈയും തമ്മിലുള്ള പൊരുത്തത്തെ ഇത്രമാത്രം ആശ്രയിച്ച ബാറ്റര്‍മാര്‍ ക്രിക്കറ്റ് ചരിത്രത്തില്‍ത്തന്നെ കുറവായിരിക്കും. എന്നാല്‍ ജയസൂര്യയുടെ ആ അസാധാരണമായ കഴിവ് അയാള്‍ക്ക് ഒന്നിനുപിറകെ ഒന്നായി നേട്ടങ്ങള്‍ സമ്മാനിച്ചു. 1993ല്‍ ഇന്ത്യയില്‍ നടന്ന ഹീറോ കപ്പിലാണ് ഏകദിന ക്രിക്കറ്റില്‍ ജയസൂര്യ ആദ്യമായി ഓപ്പണറായി ബാറ്റ് ചെയ്യുന്നത്. തുടര്‍ന്ന് 1996 ലോകകപ്പ് ആകുമ്പോഴേയ്ക്കും അയാള്‍ ഓപ്പണര്‍ എന്ന നിലയില്‍ പേരെടുത്തിരുന്നു. ഇതിനിടയില്‍ അയാള്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയും നേടിയിരുന്നു. അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു അത്.

1996 ലോകകപ്പ് ശ്രീലങ്ക നേടിയതിന് പിന്നില്‍ സനത് ജയസൂര്യയുടെ പങ്ക് നിര്‍ണായകമായിരുന്നു. സെമിഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെയും ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയും അരവിന്ദ് ഡിസില്‍വ കളിച്ച ഇന്നിംഗ്‌സുകളാണ് ലോകം ഓര്‍ത്തിരിക്കുന്നതെങ്കിലും അതിനുമുമ്പ് ഇന്ത്യയ്‌ക്കെതിരെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ജയസൂര്യയുടെ ബാറ്റിംഗാണ് ശ്രീലങ്കയെ മുന്നോട്ടുനയിച്ചത്. ലോകകപ്പിനുശേഷം ജയസൂര്യ ടെസ്റ്റ് ക്രിക്കറ്റിലും മികച്ച ബാറ്റിംഗ് കാഴ്ചവെച്ച് തുടങ്ങി. ഓപ്പണറായി ഇറങ്ങി അന്ന് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരുടെ മനോവീര്യം കെടുത്തി ജയസൂര്യ. ടെസ്റ്റിലും അയാളുടേത് ആക്രമണാത്മക ബാറ്റിംഗായിരുന്നു. അതിവേഗം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌കോറുകള്‍ നേടാന്‍ ടീമിനെ സഹായിക്കുക വഴി ജയസൂര്യ മറ്റൊന്നുകൂടി ചെയ്തു. മുത്തയ്യ മുരളീധരനും ചാമിന്ദ വാസും അടങ്ങുന്ന ബൗളര്‍മാര്‍ക്ക് എതിര്‍ ടീമിനെ രണ്ടുവട്ടം പുറത്താക്കാന്‍ ആവശ്യമായ സമയം നല്‍കുക എന്ന ഏറെ പ്രധാനപ്പെട്ട കാര്യം. ഇതിനിടെ തന്റെ ഇടംകൈയ്യന്‍ സ്പിന്‍ ബൗളിംഗ് കൊണ്ട് ഒട്ടേറെ വിക്കറ്റുകളും ജയസൂര്യ വീഴ്ത്തി. ശ്രീലങ്കയും പല വിജയങ്ങളിലും ഇതും ഏറെ നിര്‍ണായകമായി. പന്ത് ടേണ്‍ ചെയ്യിക്കുന്നതിനേക്കാള്‍ വേഗത കൂട്ടിയും കുറച്ചും പന്തെറിയുന്നതിലായിരുന്നു ജയസൂര്യയുടെ മിടുക്ക്. അയാള്‍ പന്ത് വലുതായൊന്നും ടേണ്‍ ചെയ്യിച്ചില്ല. എന്നാല്‍ വേഗതയില്‍ നിരന്തരം ഏറ്റക്കുറിച്ചിലുകള്‍ വരുത്തി. ഇത് ബാറ്റര്‍മാരെ കുഴക്കി. മിക്കപ്പോഴും ടീമിലെ പ്രധാന ബൗളര്‍മാര്‍ക്ക് ജയസൂര്യയുടെ ബൗളിംഗ് വലിയ സഹായമായി.

ക്യാപ്റ്റനെന്ന നിലയില്‍ നാല് വര്‍ഷത്തോളം ജയസൂര്യ ശ്രീലങ്കന്‍ ടീമിനെ നയിച്ചു. 2003 ലോകകപ്പ് സെമിഫൈനലില്‍ ശ്രീലങ്ക തോറ്റതോടെ ആ റോള്‍ ജയസൂര്യ അവസാനിപ്പിച്ചു. അപ്പോഴേയ്ക്കും അയാളുടെ റണ്‍ സമ്പാദ്യം കുറഞ്ഞുതുടങ്ങിയിരുന്നു. ഇത് ചെറിയ മുറുമുറുപ്പുകള്‍ക്കും ഇടയാക്കി. എന്നാല്‍ അയാള്‍ 2004ല്‍ ശക്തമായ തിരിച്ചുവരവ് നടത്തി. 2006ല്‍ വിരമിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും ആഴ്ചകള്‍ക്കുശേഷം അയാള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്തി. 18 മാസത്തിന് ശേഷം ജയസൂര്യ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാല്‍ ഏകദിനത്തിലും ട്വന്റി20യിലും അയാള്‍ തുടര്‍ന്നും കളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 2011 ജൂണിലാണ് ഈ ഫോര്‍മാറ്റുകളിലും അയാള്‍ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. ഇതിനിടയില്‍ ജയസൂര്യ ശ്രീലങ്കയെ ഒരിക്കല്‍ കൂടി ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്തിച്ചു. 2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പിലായിരുന്നു ഇത്. എന്നാല്‍ ഫൈനലില്‍ അവര്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. 2008ല്‍ ശ്രീലങ്ക ഏഷ്യാ കപ്പ് ജയിച്ചപ്പോള്‍ അതില്‍ ജയസൂര്യയുടെ സംഭാവനയുണ്ടായിരുന്നു. ഐ പി എല്‍ തുടങ്ങിയതോടെ തന്റെ പ്രതിഭ ലോകത്തിനുമുന്നില്‍ ഒരിക്കല്‍ കൂടി അവതരിപ്പിക്കാനുള്ള അവസരം ജയസൂര്യയ്ക്ക് ലഭിച്ചു. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ആദ്യ സീസണില്‍ തിളങ്ങിയെങ്കിലും പിന്നീടങ്ങോട്ടുള്ള സീസണുകളില്‍ നിറംമങ്ങി.

2010 ഏപ്രിലില്‍ ശ്രീലങ്കന്‍ പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും തുടര്‍ന്നുവന്ന ട്വന്റി20 ലോകകപ്പില്‍ തീരെ മോശം കളിയാവുകയും ചെയ്തതോടെ ജയസൂര്യയുടെ കാലം അവസാനിച്ചെന്നും ഇനി വിരമിക്കലല്ലാതെ മറ്റ് വഴികളില്ലെന്നും ലോകം കരുതി. എന്നാല്‍ 2011 ലോകകപ്പിനുള്ള മുപ്പതംഗ പ്രാഥമിക ടീമില്‍ സനത് ജയസൂര്യയെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തി. എന്നാല്‍ അയാള്‍ക്ക് ടൂര്‍ണമെന്റില്‍ കളിക്കാനായില്ല. പിന്നീട് ആ വര്‍ഷം ഇംഗ്ലണ്ടില്‍ വെച്ച് ജയസൂര്യ തന്റെ അന്താരാഷ്ട്ര കരിയറിലെ അവസാന ഏകദിന മത്സരവും ട്വന്റി20 മത്സരവും കളിച്ചു. അപ്പോഴേയ്ക്കും അയാള്‍ നാല്പത്തിരണ്ട് വയസിലേയ്ക്ക് അടുത്തിരുന്നു. 110 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 40.07 ശരാശരിയില്‍ 6,973 റണ്ണാണ് ജയസൂര്യ അടിച്ചത്. 14 സെഞ്ച്വറിയും 31 അര്‍ദ്ധസെഞ്ച്വറിയും. 340 ആണ് ഉയര്‍ന്ന സ്‌കോര്‍. 445 ഏകദിനത്തില്‍ നിന്ന് 32.36 ശരാശരിയില്‍ 13,430 റണ്ണാണ് ജയസൂര്യ അടിച്ചുകൂട്ടിയത്. 28 സെഞ്ച്വറിയും 68 അര്‍ദ്ധ സെഞ്ച്വറിയും. 189 ആണ് ഉയര്‍ന്ന സ്‌കോര്‍. 31 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 23.29 ശരാശരിയില്‍ 629 റണ്ണാണ് ജയസൂര്യയുടെ സമ്പാദ്യം. 88 ആണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ 98 വിക്കറ്റ് നേടിയിട്ടുള്ള ജയസൂര്യ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കി. 34 റണ്‍ വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഒരിന്നിംഗ്‌സില മികച്ച നേട്ടം. ഏകദിനത്തില്‍ 323 വിക്കറ്റ് വീഴ്ത്തിയ ജയസൂര്യ നാല് തവണ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കി. 29 റണ്‍ വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അന്താരാഷ്ട്ര ട്വന്റി20യില്‍ മൊത്തം 19 വിക്കറ്റാണ് ജയസൂര്യ വീഴ്ത്തിയത്. 21 റണ്‍ വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

22 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച സനത് തെരാന്‍ ജയസൂര്യ അതില്‍ ഒന്നര പതീറ്റാണ്ടിലധികം ലോകക്രിക്കറ്റിനെ വിറപ്പിച്ച താരമാണ്. എല്ലാ അര്‍ത്ഥത്തിലും ഒരു മാച്ച് വിന്നര്‍. അത് ബാറ്റ് കൊണ്ടായാലും ശരി ബോള്‍ കൊണ്ടായാലും ശരി. നിമിഷനേരം കൊണ്ട് ഒരു കളിയെ കീഴ്‌മേല്‍ മറിച്ചിടാന്‍ കെല്പുള്ള ബാറ്റര്‍. പോയിന്റിലൂടെയും കവറിലൂടെയും അയാളുടെ ബാറ്റില്‍ നിന്ന് പറന്ന സ്‌ട്രോക്കുകള്‍ ക്രിക്കറ്റ് ആരാധകരുടെ കണ്ണുകളെ ഇപ്പോഴും വിഭ്രമിപ്പിക്കുന്നുണ്ട്. ലെഗ് സ്റ്റംപിലെറിയുന്ന പന്തിനെ ശക്തമായൊരു ഫഌക്കിലൂടെ ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്താന്‍ കഴിവുള്ള അസാധാരണ പ്രതിഭ. ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ജയസൂര്യ ലോകക്രിക്കറ്റിലെ ആക്രമണാത്മക ബാറ്റിംഗിന്റെ തുടക്കക്കാരിലൊരാളാണ്. ഇന്നും ആക്രമണാത്മക ബാറ്റിംഗിന്റെ പ്രബലമായ മുഖങ്ങളിലൊന്ന്. ശ്രീലങ്കയെ ലോകക്രിക്കറ്റിലെ വന്‍ശക്തികളിലൊന്നാക്കുന്നതില്‍ സനത് ജയസൂര്യ വഹിച്ച പങ്ക് വളരെ വലുതാണ്. അതുകൊണ്ടാണ് ശ്രീലങ്ക എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മിക്കവരുടെയും മനസില്‍ ഓടിയെത്തുന്ന ആദ്യ മുഖങ്ങളിലൊന്ന് ജയസൂര്യയുടേതാകുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റിലും തന്റെ മുദ്രകള്‍ പതിപ്പിച്ചാണ് ജയസൂര്യ ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കന്‍ താരമെന്ന റെക്കോഡുകളടക്കം പലതും ജയസൂര്യ തന്റെ പേരിലാക്കിയിട്ടുണ്ട്.

ക്രിക്കറ്റിലെ എല്ലാ ഷോട്ടുകളും ജയസൂര്യയ്ക്ക് വഴങ്ങിയിരുന്നു. എല്ലാതരം ബൗളര്‍മാരെയും അടിച്ചുപറത്താനും അയാള്‍ക്ക് സാധിച്ചു. ഇന്ന് പരിശീലകനെന്ന നിലയിലും ജയസൂര്യ ശ്രീലങ്കയ്ക്ക് ശ്രദ്ധേയമായ ജയങ്ങള്‍ നേടിക്കൊടുക്കുന്നു. ക്രിക്കറ്റ് ഫീല്‍ഡിലെ സാഹചര്യങ്ങളെ അതിവേഗം മനസിലാക്കാനും അതിനനുസരിച്ച് തന്ത്രങ്ങള്‍ രൂപപ്പെടുത്താനും അയാള്‍ക്ക് അനായാസം സാധിക്കും. അത് ഇപ്പോള്‍ പരിശീലകനെന്ന നിലയിലും അയാള്‍ ലോകത്തിന് കാണിച്ചുകൊടുക്കുന്നു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ പരമാവധി ചൂഷണം ചെയ്ത കളിക്കാരനാണ് സനത് ജയസൂര്യ. അതുവഴി അയാള്‍ ശ്രീലങ്കയ്ക്ക് ഒരുകാലത്ത് സ്വപ്‌നം കാണാന്‍ പോലും കഴിയുമായിരുന്നില്ലാത്ത വിജയങ്ങള്‍ നേടിക്കൊടുത്തു. അതുവഴി തന്നെയും തന്റെ ടീമിനെയും ഒരു ബ്രാന്റാക്കി മാറ്റാന്‍ ജയസൂര്യയ്ക്ക് കഴിഞ്ഞു. ആക്രമണോത്സുക ക്രിക്കറ്റ് എന്ന ബ്രാന്റ്. ലോകക്രിക്കറ്റില്‍ ഒരുകാലത്ത് ഈ ബ്രാന്റ് എന്നാല്‍ അത് സനത് ജയസൂര്യയും ശ്രീലങ്കയുമായിരുന്നു. പലതലമുറകളിലെ ബാറ്റര്‍മാരെ സ്വാധീനിച്ച കളിക്കാരനാണ് സനത് ജയസൂര്യ. ക്രിക്കറ്റ് പന്തിനെ നിര്‍ഭയമായി നേരിടാന്‍ അവര്‍ക്ക് പ്രചോദനം നല്‍കിയത് ജയസൂര്യയാണ്. തനിക്കൊപ്പം കളിച്ചവരെയും തനിക്കുശേഷം വന്നവരെയും ഈ നിലയില്‍ സ്വാധീനിക്കാന്‍ അപൂര്‍വം ക്രിക്കറ്റര്‍മാര്‍ക്കെ കഴിഞ്ഞിട്ടുള്ളൂ. ആ പട്ടികയിലെ ആദ്യ പേരുകാരിലൊരാളാണ് ജയസൂര്യ. ഇന്ന് ട്വന്റി20 ക്രിക്കറ്റിലെ പല വെടിക്കെട്ട് ബാറ്റര്‍മാരെയും കാണുമ്പോള്‍ ആരാധകരുടെ മനസില്‍ തെളിയുന്ന ഓര്‍മച്ചിത്രം സനത് ജയസൂര്യയുടേതാണ്. ആ കട്ടുകളുടെയും പുള്ളുകളുടേയും ലോഫ്റ്റഡ് ഡ്രൈവുകളുടേതുമാണ്. തനിക്കുശേഷം വന്ന കളിക്കാരിലൂടെ, അവരുതിര്‍ക്കുന്ന ഷോട്ടുകളിലൂടെ താന്‍ ഓര്‍മിക്കപ്പെടുക എന്നതില്‍ കൂടുതല്‍ സൗഭാഗ്യമൊന്നും ഒരു ബാറ്റര്‍ക്കും കിട്ടാനില്ല. ആ സൗഭാഗ്യം വേണ്ടുവോളമുള്ള ബാറ്ററാണ് സനത് തെരാന്‍ ജയസൂര്യ.



