കെ.ശ്രീജിത്ത്
ആന്ദ്രേസ് ഇനിയേസ്റ്റ എന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ ഒരുകാലത്ത് ലോക ഫുട്‌ബോള്‍ അടക്കിഭരിച്ച, മൈതാനത്ത് ഒരു മാന്ത്രികനായി അവതരിച്ച ഒരു മനുഷ്യന്റെ ചിത്രമാണ് ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ ഓടിവരിക. വെറുമൊരു ഫുട്‌ബോളറല്ല ഇനിയേസ്റ്റ. മറിച്ച് കാലില്‍ പന്ത് കൊരുക്കിയെടുത്ത ഒരു കലാകാരനാണ് അയാള്‍. എല്ലാ അര്‍ത്ഥത്തിലും ഒരു കലാകാരന്‍. മിഡ്ഫീല്‍ഡര്‍ എന്ന പൊസിഷനെ പുനര്‍നിര്‍വചിച്ച ഇതിഹാസം. ലോകത്തെ മുഴുവന്‍ ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തിലും എക്കാലത്തേയ്ക്കുമായി കൊത്തിവെയ്ക്കപ്പെട്ട ചാമ്പ്യന്‍. വളരെ ചെറുപ്പത്തില്‍ത്തന്നെ ഇനിയേസ്റ്റ എന്ന പയ്യന്റെ ഫുട്‌ബോളിലെ മിടുക്ക് അവന് വേണ്ടപ്പെട്ടവര്‍ക്കെല്ലാം മനസിലായിരുന്നു. അവന് പന്ത്രണ്ട് വയസുള്ളപ്പോള്‍ ബാഴ്‌സലോണ എഫ്.സിയുടെ ലാ മാസിയ അക്കാദമിയും അവനിലെ പ്രതിഭ തിരിച്ചറിഞ്ഞു. പിന്നെ അവന്‍ ആ അക്കാദമിയിലായി പരിശീലനം. ഐതിഹാസികമായ ഒരു യാത്രയുടെ തുടക്കമായിരുന്നു അത്. യുവപ്രതിഭകളെ ഉടച്ചുവാര്‍ക്കുന്നതില്‍ ലോകത്ത് ഏറെ പേരുകേട്ട ഫുട്‌ബോള്‍ അക്കാദമിയാണ് ലാ മാസിയ അക്കാദമി. അവിടെ ആന്ദ്രേസ് ഇനിയേസ്റ്റ എന്ന ആ കൊച്ചു പ്രതിഭ അതിവേഗം തന്റെ കഴിവിന്റെ പൂര്‍ണതയിലേയ്ക്ക് വളര്‍ന്നു. തന്റെ കഴിവുകളെല്ലാം തേച്ചുമിനുക്കി, പുതിയ പലതും പഠിച്ചെടുത്ത് അയാള്‍ ആ അക്കാദമിയിലെ ഏറ്റവും മികച്ച കളിക്കാരനായി മാറി. പന്തിനുമേലുള്ള നിയന്ത്രണം, കളിയെക്കുറിച്ചുള്ള കാഴ്ചപ്പാട്, ക്രിയാത്മകത എന്നീ ഗുണങ്ങളെല്ലാം ലാ മാസിയ അക്കാദമിയിലെ പരിശീലനം അവനിലുണ്ടാക്കി.

തുടര്‍ന്ന് 2002ല്‍ തന്റെ പതിനെട്ടാമത്തെ വയസില്‍ ബാഴ്‌സലോണയുടെ സീനിയര്‍ ടീമില്‍ അയാള്‍ അരങ്ങേറ്റം കുറിച്ചു. ഇതിനിടയില്‍ അയാള്‍ സ്‌പെയിനിന്റെ അണ്ടര്‍-15, അണ്ടര്‍-16, അണ്ടര്‍-17, അണ്ടര്‍-19 ടീമുകളില്‍ കളിച്ച് കഴിഞ്ഞിരുന്നു. 2003ല്‍ സ്‌പെയിനിന്റെ അണ്ടര്‍-19 ടീം യൂത്ത് ലോകകപ്പിന്റെ ഫൈനലിലെത്തിയപ്പോള്‍ ആ ടീമില്‍ ഇനിയേസ്റ്റയുമുണ്ടായിരുന്നു. 2004-2005 സീസണില്‍ ബാഴ്‌സലോണ ലാലിഗ കിരീടം നേടിയപ്പോള്‍ ആ ടീമില്‍ നിര്‍ണായക സാന്നിദ്ധ്യമായി ആന്ദ്രേസ് ഇനിയേസ്റ്റയുമുണ്ടായിരുന്നു. തുടര്‍ന്ന് 2006 മെയ് 15ന് ഇനിയേസ്റ്റയെ സ്‌പെയിനിന്റെ സീനിയര്‍ ടീമിലേയ്ക്ക് തിരഞ്ഞെടുത്തു. അന്ന് ആ തീരുമാനം പലരുടെയും നെറ്റിചുളിച്ചു. പന്ത്രണ്ട് ദിവസത്തിനുശേഷം മെയ് 27ന് അയാള്‍ സ്‌പെയിനിന്റേ സീനിയര്‍ ടീമിനുവേണ്ടി ആദ്യ മത്സരം കളിച്ചു. റഷ്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു അത്. ഇതിനുശേഷം ഇംഗ്ലണ്ടിനെതിരെ നടന്ന മറ്റൊരു സൗഹൃദ മത്സരത്തില്‍ അയാള്‍ തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടി. ഒരു ലോങ് റേഞ്ചറിലൂടെയായിരുന്നു ആ ഗോള്‍. 2008 യൂറോ കപ്പിലേയ്ക്ക് സ്‌പെയിന്‍ യോഗ്യത നേടിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് ഇനിയേസ്റ്റയായിരുന്നു. പിന്നീട് സ്‌പെയിന്‍ ആ യൂറോ കപ്പില്‍ കിരീടം നേടിയപ്പോള്‍ അതിന് പിന്നിലും ഇനിയേസ്റ്റയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ടീം ഓഫ് ദ ടൂര്‍ണമെന്റ് തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഇനിയേസ്റ്റയുമുണ്ടായിരുന്നു.

2010 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ചിലിയ്‌ക്കെതിരായ മത്സരത്തില്‍ ഇനിയേസ്റ്റ ഗോള്‍ നേടുകയും സ്‌പെയിന്‍ ജയിക്കുകയും ചെയ്തു. മത്സരത്തിലെ പ്ലേയര്‍ ഓഫ് ദ മാച്ചായി അയാള്‍ തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലുടനീളം മികച്ച കളി പുറത്തെടുത്ത ഇനിയേസ്റ്റയുടെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് ലോകകപ്പിന്റെ ഫൈനലിലായിരുന്നു. നെതര്‍ലന്റ്‌സിനെതിരായ മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനിലയിലായതോടെ കളി എക്‌സ്ട്രാ ടൈമിലേയ്ക്ക് നീങ്ങി. 116-ാമത്തെ മിനിറ്റിലാണ് സ്‌പെയിനിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ആ സുവര്‍ണ നിമിഷം പിറന്നത്. സമനില പൂട്ട് പൊളിച്ച് ഇനിയേസ്റ്റ സ്‌പെയിനിനെ മുന്നിലെത്തിച്ചു. ഇനിയേസ്റ്റയുടെ ആ ഗോളാണ് സ്‌പെയിനിന് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്തത്. ഇനിയേസ്റ്റ പ്ലേയര്‍ ഓഫ് ദ മാച്ചായും തിരഞ്ഞെടുക്കപ്പെട്ടു. 2012 യൂറോ കപ്പും സ്‌പെയിനിന് നേടിക്കൊടുത്തത് ഇനിയേസ്റ്റ എന്ന ജീനിയസായിരുന്നു. ടൂര്‍ണമെന്റില്‍ ഫൈനലിലുള്‍പ്പടെ നാല് പ്ലേയര്‍ ഓഫ് ദ മാച്ചാണ് ഇനിയേസ്റ്റ നേടിയത്. സ്‌പെയിന്‍ തുടര്‍ച്ചയായി മൂന്ന് അന്താരാഷ്ട്ര കിരീടങ്ങള്‍ നേടിയപ്പോള്‍ ആ ടൂര്‍ണമെന്റുകളില്‍ ചുരുങ്ങിയത് ഒരു തവണയെങ്കിലും പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ ആദ്യത്തെ സ്‌പെയിന്‍ കളിക്കാരനായി മാറി ഇതോടെ ഇനിയേസ്റ്റ. ആ യൂറോ കപ്പില്‍ പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടതും ഇനിയേസ്റ്റയായിരുന്നു. 2013 കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ സ്‌പെയിന്‍ റണ്ണര്‍ അപ്പ് ആയപ്പോള്‍ മികച്ച രണ്ടാമത്തെ കളിക്കാരനുള്ള സില്‍വര്‍ ബോള്‍ ലഭിച്ചത് ഇനിയേസ്റ്റയ്ക്കായിരുന്നു. 2014 ലോകകപ്പിലും സ്‌പെയിനിനുവേണ്ടി കളിച്ച ഇനിയേസ്റ്റ ടൂര്‍ണമെന്റിനിടെ തന്റെ നൂറാം അന്താരാഷ്ട്ര മത്സരം കളിച്ചു. 2016 യൂറോ കപ്പിലും 2018 ലോകകപ്പിലും സ്‌പെയിനിന്റെ എല്ലാ മത്സരങ്ങളിലും ഇനിയേസ്റ്റ കളിച്ചു. എന്നാല്‍ രണ്ട് ടൂര്‍ണമെന്റുകളിലും സ്‌പെയിനിന്റെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. 2018 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റഷ്യയോട് തോറ്റ് സ്‌പെയിന്‍ പുറത്തായതോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി ഇനിയേസ്റ്റ പ്രഖ്യാപിച്ചു. 131 മത്സരങ്ങളാണ് ഇനിയേസ്റ്റ സ്‌പെയിനിനുവേണ്ടി കളിച്ചത്. 13 ഗോളും നേടി. 2012 ബാലന്‍ദ്യോര്‍ പുരസ്‌കാരത്തില്‍ ഇനിയേസ്റ്റ മൂന്നാമതെത്തിയിരുന്നു.

ക്ലബ് തലത്തില്‍ ബാഴ്‌സലോണയുടെ ഇതിഹാസ താരങ്ങളിലൊരാളാണ് ആന്ദ്രേസ് ഇനിയേസ്റ്റ. 2008ല്‍ ക്ലബിന്റെ പരിശീലകനായി പെപ് ഗ്വാര്‍ഡിയോള എത്തിയതോടെയാണ് ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കാലങ്ങളിലൊന്ന് പിറക്കുന്നത്. ആ സുവര്‍ണകാലത്തിന്റെ കേന്ദ്രബിന്ദു ആന്ദേസ് ഇനിയേസ്റ്റ എന്ന ജീനിയസായിരുന്നു. സാവി, സെര്‍ജിയോ ബുസ്‌കെറ്റ്‌സ് എന്നീ മറ്റ് മിഡ്ഫീല്‍ഡ് ജീനിയസുകളുമൊത്ത് ഇനിയേസ്റ്റ ഉണ്ടാക്കിയെടുത്ത മാനസിക പൊരുത്തവും കളിപ്പൊരുത്തവും ബാഴ്‌സലോണയുടെ ഓരോ നീക്കങ്ങളിലും ഓരോ പാസുകളിലും നിര്‍ണായകമായി. ഗ്വാര്‍ഡിയോളയെന്ന ചാണക്യ പരിശീലകനു കീഴില്‍ അതിന്റെ തലതൊട്ടപ്പനായി ഇനിയേസ്റ്റ പ്രതിഷ്ഠിക്കപ്പെട്ട ആ തേരോട്ടത്തില്‍ ബാഴ്‌സലോണ ലോകമെങ്ങുമുള്ള ആരാധകരെ രോമാഞ്ചം കൊള്ളിച്ചു. കിരീടങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ബാഴ്‌സലോണ നേടി. ബാഴ്‌സലോണയുമൊത്ത് ഇനിയേസ്റ്റ് 32 ട്രോഫികളാണ് നേടിയത്. ഇതില്‍ ഒമ്പത് ലാലിഗ കിരീടം, നാല് ചാമ്പ്യന്‍സ് ലീഗുകള്‍, ആറ് കോപ്പ ഡെല്‍ റേ കിരീടം എന്നിവ ഉള്‍പ്പെടുന്നു. 2012ലെ യുവേഫ ബെസ്റ്റ് പ്ലേയര്‍ ഇന്‍ യൂറോപ്പ് പുരസ്‌കാരം ഇനിയേസ്റ്റയ്ക്കായിരുന്നു. ഈ ഒരൊറ്റ അംഗീകാരം മതി ഇനിയേസ്റ്റ എത്രത്തോളം ജീനിയസ് ആയിരുന്നു എന്ന് മനസിലാക്കാന്‍. 2018ല്‍ പതിനാറ് വര്‍ഷം നീണ്ട ബാഴ്‌സലോണ ജീവിതം അവസാനിപ്പിച്ച് ജപ്പാനിലെ വിസെല്‍ കോബെ ക്ലബില്‍ ചേരാന്‍ ഇനിയേസ്റ്റ തീരുമാനിച്ചു. അന്നയാള്‍ ബാഴ്‌സലോണ വിട്ടത് ഏറെ വേദനയോടെയായിരുന്നു. ബാഴ്‌സലോണ എഫ് സിക്കും ആ വിട്ടുപോക്ക് ഏറെ വൈകാരികമായ ഒന്നായിരുന്നു. ബാഴ്‌സലോണയ്ക്കുവേണ്ടി 442 മത്സരം കളിച്ച ഇനിയേസ്റ്റ 35 ഗോളാണ് സ്‌കോര്‍ ചെയ്തത്.

തുടര്‍ന്ന് അഞ്ച് വര്‍ഷം ഇനിയേസ്റ്റ വിസെല്‍ കോബെയ്ക്കുവേണ്ടി കളിച്ചു. ക്ലബിനുവേണ്ടി 114 മത്സരം കളിച്ച ഇനിയേസ്റ്റ 21 ഗോള്‍ സ്‌കോര്‍ ചെയ്തു. 2023ല്‍ യു.എ.ഇയിലെ എമിറേറ്റ്‌സ് ക്ലബില്‍ ചേര്‍ന്ന ഇനിയേസ്റ്റ അവിടെ ഒരു വര്‍ഷത്തോളം കളിച്ചു. എമിറേറ്റ്‌സിനുവേണ്ടി 20 മത്സരത്തില്‍ ബൂട്ട് കെട്ടിയ ഇനിയേസ്റ്റ അഞ്ച് ഗോളടിച്ചു. ഒടുവില്‍ 2024 ഒക്ടോബര്‍ ഏഴിന് പ്രൊഫഷണല്‍ ഫുട്‌ബോളിലെ തന്റെ ഇതിഹാസ യാത്ര അവസാനിപ്പിക്കുന്നതായി ഇനിയേസ്റ്റ പ്രഖ്യാപിച്ചു. കരിയറിന്റെ തുടക്കത്തില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായാണ് ഇനിയേസ്റ്റ കളിച്ചതെങ്കിലും പിന്നീടയാള്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ എന്ന നിലയിലേയ്ക്ക് വളര്‍ന്നു. ഒരു സമ്പൂര്‍ണ ഫുട്‌ബോളറാണ് ആന്ദ്രേസ് ഇനിയേസ്റ്റ. അയാള്‍ക്ക് ആക്രമിക്കാനും പ്രതിരോധിക്കാനും ഒരുപോലെ അറിയമായിരുന്നു. ഗോളടിക്കാനും ഗോളടിപ്പിക്കാനും അറിയാമായിരുന്നു. വിങര്‍, സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍, ഡീപ്പ് മിഡ്ഫീല്‍ഡര്‍, സെക്കന്റ് സ്‌ട്രൈക്കര്‍ തുടങ്ങി ഫുട്‌ബോളിലെ മിക്ക പൊസിഷനുകളിലും അയാള്‍ കളിച്ചു. ആ റോളുകളിലെല്ലാം അയാള്‍ അസാമാന്യ കളി കാഴ്ചവെയ്ക്കുകയും ചെയ്തു. തന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായിരുന്ന ഇതിഹാസ താരം സാവിയുമൊത്ത് ഇനിയേസ്റ്റ ഫുട്‌ബോളിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്ന് സൃഷ്ടിച്ചു. അവര്‍ തമ്മിലുള്ള മനപ്പൊരുത്തവും കളിപ്പൊരുത്തവും ഒന്നുവേറെത്തന്നെയായിരുന്നു. അത് അന്താരാഷ്ട്ര ഫുട്‌ബോളിലായാലും ശരി ക്ലബ് ഫുട്‌ബോളിലായാലും ശരി. ഇവരിലൊരാള്‍ക്ക് മറ്റേയാള്‍ മൈതാനത്തിന്റെ ഏത് ഭാഗത്താണെന്ന കൃത്യമായ അറിവുണ്ടായിരുന്നു. അസാധാരണ പാസുകള്‍, സാങ്കേതികത്തികവ്, ദീര്‍ഘവീക്ഷണം, അപ്രതീക്ഷിത നീക്കങ്ങള്‍ ഇതിന്റെയെല്ലാം ആശാനായിരുന്നു ഇനിയേസ്റ്റ. കളിയിലെ സാഹചര്യങ്ങള്‍ മനസിലാക്കുന്നതില്‍ ഇനിയേസ്റ്റയെപ്പോലെ മിടുക്കുണ്ടായിരുന്നവര്‍ കുറവാണ്. അതിവേഗം മുന്നോട്ടുകുതിക്കാനും എത്ര വേഗതയിലോടുമ്പോഴും പന്തിനുമേല്‍ കൃത്യമായ നിയന്ത്രണം പാലിക്കാനും അയാള്‍ക്ക് കഴിഞ്ഞു. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഡ്രിബ്ലര്‍ കൂടി ആയതോടെ അയാളെ തടഞ്ഞുനിര്‍ത്തുക അസാധ്യമായി.

ലാ ക്രോക്കേറ്റ എന്ന് പേരുകേട്ട മുന്നേറ്റത്തിന്റെ ഉപഞ്ജാതാവ് മൈക്കല്‍ ലൗദ്രൂപ്പ് ആയിരുന്നെങ്കിലും അതിനെ പ്രശസ്തമാക്കിയത് ഇനിയേസ്റ്റയായിരുന്നു. എതിര്‍ കളിക്കാരന്‍ തൊട്ടടുത്തെത്തുമ്പോള്‍ പന്ത് വലതുകാലില്‍ നിന്ന് ഇടതുകാലിലേയ്ക്ക് അതിവേഗം മാറ്റുകയും അതുവഴി എതിര്‍കളിക്കാരനെ മറികടക്കുകയും ബുദ്ധിമുട്ടേറിയ സാഹചര്യത്തെ അതിജീവിക്കുകയും ചെയ്യുന്ന വിദ്യയായിരുന്നു ലാ ക്രോക്കേറ്റ. അത്രത്തോളം ഭാവനാത്മകമായി കളി മെനഞ്ഞെടുക്കാനും മൈതാനത്തെ ഒഴിഞ്ഞ കളി സ്ഥലങ്ങളെ തന്ത്രപൂര്‍വം ഉപയോഗിക്കാനും ബോക്‌സില്‍ നിന്ന് ബോക്‌സിലേയ്ക്ക് പന്തിനുമേലുള്ള നിയന്ത്രണം ഒട്ടും നഷ്ടപ്പെടാതെ ഓടിക്കയറാനും ഇനിയേസ്റ്റയ്ക്ക് കഴിഞ്ഞു. അതുതന്നെയായിരുന്നു ആ ജീനിയസിന്റെ കളിയെ വ്യത്യസ്തമാക്കിയതും. കളിയുടെ ഒഴുക്കിനെ തന്ത്രപൂര്‍വം നിയന്ത്രിക്കുകയും ടീമിലെ സഹകളിക്കാര്‍ക്ക് മൈതാനത്ത് ആവശ്യത്തിന് ഇടം കിട്ടുന്ന വിധം അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു ഇനിയേസ്റ്റ. ക്ലിനുവേണ്ടിയാണെങ്കിലും രാജ്യത്തിനുവേണ്ടിയാണെങ്കിലും നിര്‍ണായക കളികളില്‍ മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരനായിരുന്നു ഇനിയേസ്റ്റ. അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങള്‍ ലോകകപ്പ്, യൂറോ കപ്പ്, ലാലിഗ, ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളിലെ അയാളുടെ പ്രകടനമാണ്. ഫൈനല്‍ ഏതായാലും അന്നയാള്‍ മികച്ച കളി പുറത്തെടുത്തിരിക്കും. സ്‌പെയിനും എതിര്‍ടീമും തമ്മിലുള്ള പ്രധാന വ്യത്യാസം അയാളാണെന്ന നിലയിലുള്ള പ്രകടനങ്ങളായിരുന്നു അവയെല്ലാം. ലോകകപ്പ്, യൂറോ കപ്പ്, ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളിലെല്ലാം പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയിട്ടുള്ള ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഒരേയൊരു കളിക്കാരനാണ് ഇനിയേസ്റ്റ എന്നുകൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് നിര്‍ണായക കളികളില്‍, പ്രത്യേകിച്ചും ഫൈനലുകളില്‍ അയാള്‍ എത്രമാത്രം വലിയ കളിക്കാരനായിരുന്നു എന്ന് മനസിലാവുക.

ആന്ദ്രേസ് ഇനിയേസ്റ്റ വെറുമൊരു ഫുട്‌ബോള്‍ കളിക്കാരന്‍ മാത്രമായിരുന്നില്ല. അയാള്‍ വല്ലാത്തൊരു പ്രചോദനമായിരുന്നു. അയാളുടെ വിനയം, കളിയിലെ നൈതികത, സമര്‍പ്പണം എന്നിവയെ എല്ലാം ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരും വളര്‍ന്നുവരുന്ന കളിക്കാരും ഒരുപോലെ ആരാധിച്ചിരുന്നു. ഫുട്‌ബോളിലെ മിഡ്ഫീല്‍ഡര്‍ എന്ന പൊസിഷനെ അയാള്‍ പുനര്‍നിര്‍വചിച്ചു. ഫുട്‌ബോളില്‍ ചാരുതയും ക്രിയാത്മകതയും കരുത്തുപോലെത്തന്നെ വിലപ്പെട്ടതായി മാറ്റാനാകുമെന്ന് അയാള്‍ ലോകത്തിന് കാണിച്ചുകൊടുത്തു. ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പട്ടികയില്‍ നിന്ന് ഒരു ശക്തിക്കും ഇനിയേസ്റ്റയെ ഒഴിവാക്കാനാവില്ല. ആ പട്ടികയിലെ അയാളുടെ സ്ഥാനം നിഷേധിക്കാനാവത്തതാണ്. ഫുട്‌ബോള്‍ എന്ന മനോഹരമായ കളിയിലെ മാന്ത്രികനായിരുന്നു ഇനിയേസ്റ്റ. വരാനിരിക്കുന്ന തലമുറകളിലെ ഫുട്‌ബോളര്‍മാരില്‍ പോലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന അസാധാരണ കളിക്കാരനും അസാധാരണ വ്യക്തിത്വവും.



