Friday, February 20, 2026
Google search engine
HomeSportLegendsപിടിവാശിക്കാരനായ വിരാട് കോലി

പിടിവാശിക്കാരനായ വിരാട് കോലി

കെ.ശ്രീജിത്ത്

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ഇത്രമാത്രം ആഘോഷിച്ച മറ്റൊരു ബാറ്ററില്ല. ഇതിഹാസം എന്ന വാക്കിന് എന്തുകൊണ്ടും യോഗ്യന്‍. എല്ലാ അര്‍ത്ഥത്തിലും ഒരു മാച്ച് വിന്നര്‍. ഇങ്ങനെ വിരാട് കോലിക്ക് എത്രയൊക്കെ വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുത്താലും അധികമാവില്ല. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിരമിച്ചപ്പോള്‍ ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനും ചോദിച്ചു. ഇനി എന്നാണ് ഇങ്ങനെയൊരു ബാറ്ററെ കാണാനാവുക? പക്ഷെ അത്തരം നിരാശകള്‍ക്കൊന്നും സ്ഥാനമില്ലായിരുന്നു. സച്ചിന് പിന്‍ഗാമിയാകാന്‍ വിരാട് കോലി അപ്പോഴേക്കും ഒരുങ്ങിക്കഴിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് ഏതാണ്ട് ഒരു ദശകത്തോളം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഹൃദയമായി വിരാട് കോലി നിലകൊണ്ടു. ഒന്നിന് പിറകെ ഒന്നായി മികച്ച ഇന്നിങ്‌സുകള്‍ അയാള്‍ കളിച്ചു. ഇതിനിടയില്‍ ഒട്ടേറെ യുവതാരങ്ങള്‍ ടീമിലേയ്ക്ക് വന്നു. ആരൊക്കെ വന്നാലും കോലിയുടെ തിളക്കത്തിന് ഒരു കുറവുമുണ്ടായില്ല. അയാള്‍ എന്നത്തെയും പോലെ ഉയരത്തില്‍ തന്നെ നിലകൊണ്ടു. ഉയര്‍ന്ന സാങ്കേതികത്തികവും ലോകത്തെ ഏതൊരു അത്‌ലറ്റിനെയും തോല്പിക്കും വിധമുള്ള ഫിറ്റ്‌നസും വിരാട് കോലിയുടെ പ്രത്യേകതകളായിരുന്നു. അസാധാരണമായ ആ സാങ്കേതികത്തികവാണ് സച്ചിന്റെ പിന്‍ഗാമിയാകാന്‍ വിരാടിന് തുണയായത്.

തുടര്‍ച്ചയായി എത്രയോ വര്‍ഷങ്ങളില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ റണ്‍ നേടി ലോകത്തിന്റെ നെറുകയില്‍ നിലയുറപ്പിച്ച താരമാണ് വിരാട് കോലി. ആധുനിക ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും ഇത്രമാത്രം സ്ഥിരതയോടെ കളിച്ച മറ്റ് താരങ്ങള്‍ വളരെ കുറവാണ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ റണ്‍ ചേസ് ഇത്രമാത്രം ഇഷ്ടപ്പെട്ട മറ്റൊരു ബാറ്ററുണ്ടാകില്ല. ഏത് കൂറ്റന്‍ ലക്ഷ്യവും എളുപ്പമാണെന്ന് തോന്നിപ്പിക്കുംവിധം അയാള്‍ മറികടന്നു. റണ്‍ നേടാന്‍ ഏറ്റവും എളുപ്പമുള്ള വഴികളെല്ലാം അയാള്‍ കണ്ടെത്തി. തീര്‍ത്തും നിര്‍ഭയനായി ബാറ്റ് വീശി. ഒന്നും രണ്ടും തവണയല്ല നിരവധി, നിരവധി തവണയാണ് അയാള്‍ കൂറ്റന്‍ ലക്ഷ്യങ്ങള്‍ പിന്തുടര്‍ന്ന് ടീമിനെ ജയിപ്പിച്ചത്. കളിക്കാരനായിരുന്നപ്പോഴും ക്യാപ്റ്റനായിരുന്നപ്പോഴും ഇത്രമാത്രം വിജയതൃഷ്ണ പ്രകടിപ്പിച്ച മറ്റൊരു താരമില്ല. ജയിക്കുന്നത് അയാള്‍ക്കൊരു ഹരമായിരുന്നു. അതിന് എത്രവേണമെങ്കിലും കഠിനാദ്ധ്വാനം ചെയ്യാന്‍ അയാള്‍ തയ്യാറായി. മികച്ച രീതിയില്‍ കളിച്ച് ടീമിലെ മറ്റുള്ളവര്‍ക്ക് മാതൃകയായി. ക്യാപ്റ്റനായിരുന്നപ്പോള്‍ ടീമംഗങ്ങളില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം തന്നെ വേണമെന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചു. പ്രത്യേകിച്ചും ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്ന്. ബൗളിംഗിന് ആഴം കൂട്ടുന്നതിനുവേണ്ടി ഇലവനില്‍ ഒരു ബാറ്ററെ കുറച്ച് പകരം ഒരു ബൗളറെ കൂടി ഉള്‍പ്പെടുത്തി. ഇതിനൊക്കെ ഫലമുണ്ടായി. വിരാട് കോലി ക്യാപ്റ്റനായിരുന്നപ്പോള്‍ ഇന്ത്യ ദീര്‍ഘകാലം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. ഓസ്ട്രലിയയില്‍ ഇന്ത്യ ഇതാദ്യമായി പരമ്പര ജയിച്ചത് വിരാട് കോലിയുടെ നായകത്വത്തിന്‍ കീഴിലായിരുന്നു.

കോലി നയിച്ച 68 ടെസ്റ്റുകളില്‍ 40 എണ്ണത്തിലും ഇന്ത്യ ജയിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ നാലാമനാണ് വിരാട് കോലി. ഗ്രേയം സ്മിത്ത്, റിക്കി പോണ്ടിംഗ്, സ്റ്റീവ് വോ എന്നിവര്‍ മാത്രമാണ് ഇക്കാര്യത്തില്‍ കോലിക്ക് മുന്നിലുള്ളത്. ബംഗ്ലാദേശിനെതിരെ ഒഴികെ ബാക്കി താന്‍ കളിച്ച ടെസ്റ്റ് ടീമുകള്‍ക്കെതിരെയെല്ലാം സ്വന്തം നാട്ടിലും അവരുടെ നാട്ടിലും സെഞ്ച്വറി നേടിയ താരമാണ് കോലി. ബംഗ്ലാദേശില്‍ മാത്രമാണ് കോലിക്ക് സെഞ്ച്വറി നേടാനാകാതെ പോയത്. എന്നാല്‍ നാട്ടില്‍ കോലി അവര്‍ക്കെതിരെ സെഞ്ച്വറി നേടിയിട്ടുമുണ്ട്. ഏകദിനത്തില്‍ എണ്ണായിരം, ഒമ്പതിനായിരം, പതിനായിരം, പതിനൊന്നായിരം റണ്ണുകള്‍ ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് നേടിയ താരവും വിരാട് കോലിയാണ്. ഏകദിനത്തില്‍ ആദ്യമായി 50 സെഞ്ച്വറി നേടിയ താരവും കോലിയാണ്. 2023 ലോകകപ്പ് സെമിഫൈനലിലായിരുന്നു കോലി ഏകദിനത്തിലെ തന്റെ 50-ാം സെഞ്ച്വറി നേടിയത്. സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോഡാണ് അന്നയാള്‍ മറികടന്നത്. 2016നും 2018നുമിടയ്ക്ക് 35 ടെസ്റ്റുകളില്‍ നിന്ന് 3,596 റണ്ണാണ് വിരാട് കോലി അടിച്ചുകൂട്ടിയത്. 58 ഇന്നിംഗ്‌സുകളില്‍ നിന്ന് 66.59 ശരാശരിയിലായിരുന്നു ഇത്. എന്നാല്‍ അതിനുശേഷം അയാളുടെ ഫോമില്‍ കാര്യമായ ഇടിവുണ്ടായി. 2019ല്‍ പൂണെയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ടെസ്റ്റിലെ തന്റെ ഉയര്‍ന്ന സ്‌കോറായ 254 അടിച്ചതിനുശേഷമായിരുന്നു ഈ ഇടിവ്. തുടര്‍ന്നുള്ള രണ്ട് വര്‍ഷെ ടെസ്റ്റില്‍ വിരാടിന്റെ ശരാശരി വെറും 32 ആയിരുന്നു. 2024ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പെര്‍ത്തില്‍ നടന്ന ടെസ്റ്റില്‍ കോലി സെഞ്ച്വറി നേടിയപ്പോള്‍ അത് അയാളുടെ ഒരു വര്‍ഷത്തിനിടെയുള്ള ആദ്യത്തെ സെഞ്ച്വറിയായിരുന്നു. ആറ് മാസത്തിന് ശേഷം അയാള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞഅഞെടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

ഒമ്പതാമത്തെ വയസില്‍ അച്ഛന്‍ പ്രേം കോലിയോടൊപ്പം വെസ്റ്റ് ഡല്‍ഹി ക്രിക്കറ്റ് അക്കാദമിയെലെത്തിയതോടെയാണ് വിരാട് കോലി ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററാകാനുള്ള യാത്ര ആരംഭിക്കുന്നത്. അക്കാദമിയിലെ ഏറ്റവും അച്ചടക്കമുള്ള വിദ്യാര്‍ത്ഥിയായിരുന്നു കോലി. ഒരു ദിവസം പോലും അക്കാദമിയിലെത്താതെയിരുന്നില്ല അവന്‍. തന്നെക്കാള്‍ മുതിര്‍ന്നവരുടെ സീനിയര്‍ ഗ്രൂപ്പിനൊപ്പം കളിക്കാനാണ് വിരാട് എന്നും ഇഷ്ടപ്പെട്ടത്. എപ്പോഴും എവിടെയും സമ്പൂര്‍ണ ആധിപത്യത്തോടെ കളിക്കാനാണ് അയാള്‍ ശ്രമിച്ചത്. വെല്ലുവിളികളില്‍ ഒരിക്കലും പതറാതിരുന്ന കോലി മനക്കരുത്തിന്റെ കാര്യത്തില്‍ ആരെക്കാളും മുന്നിലായിരുന്നു. 2006ല്‍ വിരാട് കോലി ഡല്‍ഹിക്കുവേണ്ടി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. തമിഴ്‌നാടിനെതിരായ മത്സരത്തിലായിരുന്നു അത്. ചെറുപ്പം മുതല്‍ കവര്‍ ഡ്രൈവിന് പേരുകേട്ട ബാറ്ററായിരുന്നു കോലി. പേര് കേള്‍ക്കുമ്പോള്‍ തന്നെ എതിരാളികള്‍ വിറയ്ക്കുന്ന ബാറ്ററായി മാറുക എന്നതായിരുന്നു വിരാട് കോലിയുടെ എന്നത്തേയും ലക്ഷ്യം. ആ ലക്ഷ്യം അയാള്‍ നേടുകയും ചെയ്തു. തീരെ ഫോമിലല്ലാത്ത ദിവസങ്ങളില്‍ പോലും എതിരാളികള്‍ അയാളിലെ ബാറ്ററെ ഭയന്നു. എന്തും എപ്പോഴും സംഭവിക്കാമെന്നും എപ്പോള്‍ വേണമെങ്കിലും അയാള്‍ ഫോമിലേയ്ക്ക് തിരിച്ചെത്താമെന്നും എതിരാളികള്‍ ഭയന്നു. ക്രിക്കറ്റ് ഫീല്‍ഡിലെ തന്റെ സാന്നിദ്ധ്യം കൊണ്ടുതന്നെ മത്സരത്തിന്റെ തീവ്രത കൂടണമെന്ന് എപ്പോഴും കോലി ആഗ്രഹിച്ചു. അതിനായി എന്താണോ ചെയ്യേണ്ടത് അതയാള്‍ മിക്കപ്പോഴും ചെയ്തു. കളിയിലെ ഓരോ നിമിഷത്തിലും അയാള്‍ മത്സരിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ചെയ്യാനുള്ള മനക്കരുത്തും ശാരീരികക്ഷമതയും തനിക്കുണ്ടെന്ന് അയാള്‍ എപ്പോഴും ഉറപ്പുവരുത്തി. കളിക്കാരുടെ കായികക്ഷമതയോടുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ മനോഭാവം തന്നെ മാറ്റുന്നതില്‍ നിര്‍ണായക പങ്കാണ് വിരാട് കോലി വഹിച്ചത്. ടീമില്‍ തിരഞ്ഞെടുക്കപ്പെടാനുള്ള ഫിറ്റ്‌നസ് ടെസ്റ്റുകള്‍ കഠിനമാക്കിയതിന് പിന്നില്‍ വിരാട് കോലിയുടെ ആശയങ്ങളായിരുന്നു.

2008ല്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീം ലോകകപ്പ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. ഇതുകൂടാതെ നാല് ഐ.സി.സി ട്രോഫികള്‍ കൂടി കോലി നേടിയിട്ടുണ്ട്. 2011ല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ആ ടീമില്‍ കോലിയുണ്ടായിരുന്നു. പിന്നീട് 2013ലും 2015ലും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോഴും ടീമിലെ നിര്‍ണായക സാന്നിദ്ധ്യമായി കോലിയുണ്ടായിരുന്നു. ഒടുവില്‍ 2024ല്‍ ഇന്ത്യ രണ്ടാമതൊരിക്കല്‍ കൂടി ട്വന്റി20യില്‍ ലോകചാമ്പ്യന്‍മാരായപ്പോഴും ടീമിന്റെ നട്ടെല്ലായി കോലിയുണ്ടായിരുന്നു. അന്ന് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോലി 76 റണ്‍ നേടി. ഐ പി എല്ലില്‍ തുടര്‍ച്ചയായി 18 സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്ലൂരുവിനുവേണ്ടി കളിച്ച കോലി നീണ്ട കാത്തിരിപ്പിന് ശേഷം ഇത്തവണ ടീമിനൊപ്പം കപ്പ് നേടി. ഇന്ത്യയുടെ ഏറ്റവും ശക്തനായ ക്യാപ്റ്റനായിരുന്നു വിരാട് കോലിയെന്ന് നിസംശയം പറയാം. ക്യാപ്റ്റനെന്ന നിലയിലുള്ള അയാളുടെ എല്ലാ ഇടപെടലുകള്‍ക്ക് പിന്നിലും ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ടീമിനെ നിരന്തരം വിജയിപ്പിക്കുക. അതിനായി അയാള്‍ കഠിനപ്രയത്‌നം ചെയ്തു. സഹികളിക്കാരെ അതിന് നിര്‍ബന്ധിക്കുകയും ചെയ്തു.

എന്നാല്‍ അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്നപ്പോള്‍ അദ്ദേഹവുമായി ഉണ്ടായ ഏറ്റുമുട്ടല്‍ കോലിക്ക് മോശം പ്രതിച്ഛായയുണ്ടാക്കി എന്ന് പറയാതെ വയ്യ. അത്യന്തം കണിശക്കാരനായ കുംബ്ലെ അച്ചടക്കത്തിന്റെ വാള്‍ നിരന്തരം വീശിയത് ക്യാപ്റ്റനായിരുന്ന കോലിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ഇന്ത്യന്‍ താരങ്ങള്‍ സ്‌കൂള്‍ കുട്ടികളല്ലെന്നും ഒരു ഹെഡ്മാസ്റ്ററെപ്പോലെ പെരുമാറുന്ന കുംബ്ലെയുടെ രീതി അംഗീകരിക്കാനാകില്ലെന്നുമായിരുന്നു കോലിയുടെ നിലപാട്. തര്‍ക്കത്തിനും അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമൊടുവില്‍ കുംബ്ലെ കോച്ച് സ്ഥാനത്തുനിന്ന് പുറത്തായി എന്നതായിരുന്നു അന്തിമഫലം. അന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ അനിഷേധ്യ സൂപ്പര്‍സ്റ്റാറായിരുന്ന കോലിക്കൊപ്പം ബി.സി.സി.ഐ നിലകൊണ്ടതോടെയായിരുന്നു ഇത്. എന്നാല്‍ സുനില്‍ ഗവാസ്‌കറിനെപ്പോലുള്ള ഇതിഹാസ താരങ്ങള്‍ കോലിയുടെ നിലപാടുകളെ നിശിതമായി രംഗത്തെത്തി. കോച്ചിനുമീതെ സൂപ്പര്‍താരങ്ങളെ പിന്തുണയ്ക്കുന്ന ബി.സി.സി.ഐയെയും ഗവാസ്‌കര്‍ കണക്കിന് വിമര്‍ശിച്ചു. എന്തായാലും എല്ലാത്തിനുംമീതെ വിരാട് കോലി എന്ന ഇതിഹാസ ക്രിക്കറ്ററുടെ തട്ട് ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ബാറ്ററെന്ന നിലയിലുള്ള അയാളുടെ സമഗ്രാധിപത്യത്തെ ആര്‍ക്കും നിഷേധിക്കാനാകില്ല.

123 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 46.85 ശരാശരിയില്‍ 9,230 റണ്ണാണ് വിരാട് കോലി അടിച്ചുകൂട്ടിയത്. 30 സെഞ്ച്വറിയും 31 അര്‍ദ്ധ സെഞ്ച്വറിയും. പുറത്താകാതെ നേടിയ 254 റണ്ണാണ് ഉയര്‍ന്ന സ്‌കോര്‍. 302 ഏകദിന മത്സരങ്ങളില്‍ നിന്ന് 14,181 റണ്ണാണ് കോലിയുടെ സമ്പാദ്യം. 57.88 ആണ് ശരാശരി. 51 സെഞ്ച്വറിയും 74 അര്‍ദ്ധ സെഞ്ച്വറിയും. 183 ആണ് ഉയര്‍ന്ന സ്‌കോര്‍. 125 ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 48.69 ശരാശരിയില്‍ 4,188 റണ്ണാണ് കോലി നേടിയത്. ഒരു സെഞ്ച്വറി നേടി. പുറത്താകാതെ നേടിയ 122 ആണ് ഉയര്‍ന്ന സ്‌കോര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ മൊത്തം 550 മത്സരങ്ങളില്‍ നിന്ന് 27,599 റണ്ണാണ് വിരാട് കോലി അടിച്ചുകൂട്ടിയത്. അതും പതിനേഴ് വര്‍ഷം കൊണ്ട്. ഐ പി എല്ലില്‍ ഒരേയൊരു ടീമിനുവേണ്ടി മാത്രം കളിച്ച ഏക കളിക്കാരനാണ് വിരാട് കോലി. അതും 18 സീസണ്‍. ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണടിച്ച താരവും ലീഗില്‍ എണ്ണായിരത്തില്‍ കൂടുതല്‍ റണ്‍ നേടിയിട്ടുള്ള ഒരേയൊരു ബാറ്ററും വിരാട് കോലിയാണ്. ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരവും മറ്റാരുമല്ല. എട്ട് സെഞ്ച്വറി. ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരവും അയാള്‍ തന്നെ. 2016ല്‍ നേടിയ 973 റണ്‍. 2016ലും 2024ലും സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് നേടിയിട്ടുണ്ട് കോലി. ഐ പി എല്ലില്‍ എ.ബി.ഡിവില്ലിയേഴ്‌സിനൊപ്പം കൂട്ടുകെട്ടുകളിലൂടെ 3,123 റണ്ണും ക്രിസ് ഗെയ്‌ലിനോടപ്പമുള്ള കൂട്ടുകെട്ടുകളിലൂടെ 2,787ഉം റണ്ണാണ് കോലി നേടിയത് ഇതും റെക്കോഡാണ്. 2013 മുതല്‍ 2021 വരെ തുടര്‍ച്ചയായി ബെംഗളൂരുവിനെ നയിച്ച കോലി 2016ല്‍ അവരെ ഫൈനലിലെത്തിച്ചു. എന്നാല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോല്‍ക്കുകയായിരുന്നു.

ഇന്ത്യ ഒട്ടേറെ മഹത്തായ ക്രിക്കറ്റര്‍മാരെ ലോകക്രിക്കറ്റിന് സംഭാവന ചെയ്തിട്ടുണ്ടെങ്കിലും അവരില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനാണ് വിരാട് കോലി. വിജയതൃഷ്ണയും ആക്രമണോത്സുകതയും ഒരുപോലെ പ്രകടിപ്പിച്ച കളിക്കാരനാണ് അയാള്‍. ജയിക്കാനുള്ള അയാളുടെ ആവേശം മറ്റൊരു ക്രിക്കറ്ററിലും ഇതുപോലെ കണ്ടിട്ടില്ല. അതുതന്നെയാണ് കോലിയുടെ സവിശേഷതയും. ഒരുഘട്ടത്തിലും തോല്‍വി സമ്മതിക്കാന്‍ കൂട്ടാക്കാത്ത അയാള്‍ ജയത്തില്‍ കുറഞ്ഞ ഒന്നിലും തൃപ്തിപ്പെട്ടില്ല. പരാജയപ്പെട്ടപ്പോഴെല്ലാം അതിലുള്ള തന്റെ നിരാശ അയാള്‍ പരസ്യമായി പ്രകടിപ്പിച്ചു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലൊരു വിരാട് കോലിയുണ്ടായി. എന്നാല്‍ കോലിക്ക് ശേഷം ആ പാതയില്‍ ഇന്ത്യയെ മുന്നോട്ടുനയിക്കാന്‍ ഇനിയാര് എന്ന ചോദ്യം എല്ലാവരെയും മഥിക്കുന്നുണ്ട്. സച്ചിന് പിന്‍ഗാമിയായി കോലി വന്നപോലെ എളുപ്പമല്ല കോലിക്ക് പിന്‍ഗാമിയായി മറ്റൊരു കളിക്കാരന്‍ ഉയര്‍ന്നുവരിക എന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നുള്ള വിരാട് കോലിയുടെ പതുക്കെപതുക്കെയുള്ള മാഞ്ഞുപോക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ അസ്വസ്ഥരാക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments