Thursday, February 19, 2026
Google search engine
HomeSportLegendsസ്റ്റീവ് സ്മിത്തിന്റെ വേഷപ്പകര്‍ച്ചകള്‍

സ്റ്റീവ് സ്മിത്തിന്റെ വേഷപ്പകര്‍ച്ചകള്‍

കെ.ശ്രീജിത്ത്

മുഴുവന്‍ സമയ ലെഗ് സ്പിന്നറില്‍ നിന്ന് ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരിലേയ്ക്ക് പരകായ പ്രവേശം ചെയ്ത, കൂടുമാറ്റം നടത്തിയ ഒരു മനുഷ്യന്റെ കഥയാണ് സ്റ്റീവ് സ്മിത്തിന്റേത്. ആരെയും അമ്പരപ്പിക്കുന്ന അത്ഭുത കഥ. 2008ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സ്റ്റീവ് സ്മിത്ത് രണ്ട് വര്‍ഷത്തിനുശേഷം ലോര്‍ഡ്‌സില്‍ പാകിസ്താനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറി. ആ ടെസ്റ്റില്‍ ലെഗ് സ്പിന്നറായി ഇറങ്ങിയ സ്മിത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. അന്നയാള്‍ എട്ടാമനായാണ് ബാറ്റ് ചെയ്യാനിറങ്ങിയത്. എന്നാല്‍ 2010-11 വര്‍ഷത്തെ ആഷ്‌സ് പരമ്പരയിലേയ്ക്കുള്ള ടീമില്‍ സ്മിത്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. മോശം ഫോമായിരുന്നു കാരണം. തുടര്‍ന്ന് അയാള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേയ്ക്ക് തിരിച്ചുപോവുകയും ഫോമിലേയ്ക്ക് തിരിച്ചെത്താന്‍ കഠിനപ്രയത്‌നം നടത്തുകയും ചെയ്തു. ഇതിന് ഫലമുണ്ടായി. 2013ല്‍ വീണ്ടും ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീമിലേയ്ക്ക് സ്റ്റീവ് സ്മിത്ത് തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരെ 5-0ന് ഓസ്‌ട്രേലിയ ജയിച്ച ആ ആഷസ് പരമ്പരയില്‍ ഓവലില്‍ നടന്ന മത്സരത്തില്‍ സ്മിത്ത് ടെസ്റ്റിലെ തന്റെ ആദ്യ സെഞ്ച്വറി നേടി. അധികം വൈകാതെ അയാള്‍ പെര്‍ത്തിലും സിഡ്‌നിയിലും സെഞ്ച്വറി നേടി.

2014-15ല്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ മൈക്കല്‍ ക്ലാര്‍ക്കിന് പരിക്കേറ്റപ്പോള്‍ ഇതാദ്യമായി സ്മിത്ത് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിനെ നയിച്ചു. ആ പരമ്പരയിലെ നാല് ടെസ്റ്റിലും സെഞ്ച്വറി നേടിയാണ് സ്മിത്ത് ആ തീരുമാനത്തോട് പ്രതികരിച്ചത്. തുടര്‍ന്ന് 2015ലെ ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിയ സ്റ്റീവ് സ്മിത്ത് ആ വര്‍ഷത്തെ ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും നേടി. 2017 സീസണില്‍ ആയിരുന്നു ക്രിക്കറ്റ് സ്റ്റീവ് സ്മിത്തിന്റെ വിശ്വരൂപം കണ്ടത്. അന്ന് ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടെസ്റ്റ് സെഞ്ച്വറി നേടിയ സ്മിത്ത് തുടര്‍ന്നുള്ള ആഷസ് പരമ്പരയിലും മൂന്ന് സെഞ്ച്വറി നേടി. ടെസ്റ്റിലെ സ്മിത്തിന്റെ ശരാശരി കുത്തനെ ഉയര്‍ന്ന വര്‍ഷമായിരുന്നു അത്. സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന് ശേഷം ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് ശരാശരിയായി അത് മാറി. എന്നാല്‍ 2018ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ പന്തില്‍ കൃത്രിമം കാട്ടിയ സ്റ്റീവ് സ്മിത്ത് വളരെ പെട്ടെന്നാണ് ദുരന്തനായകനായി മാറിയത്. കളി ജയിക്കുന്നതിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരാളുടെ മാനസികാവസ്ഥയിലായ സ്മിത്ത് തന്റെ മറ്റൊരു മുഖമാണ് ലോകത്തിന് മുന്നില്‍ തുറന്നിട്ടത്. ആ സംഭവം ആധുനിക ക്രിക്കറ്റിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി മാറി. സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റി. ഒരു വര്‍ഷത്തേയ്ക്ക് ക്രിക്കറ്റില്‍ നിന്ന് സ്മിത്തിനെ വിലക്കി. ഒരു വര്‍ഷത്തിനുശേഷം സ്മിത്ത് ക്രിക്കറ്റിലേയ്ക്ക് തിരിച്ചുവന്നത് പൂര്‍വാധികം ശക്തിയോടെയായിരുന്നു. 2019ലെ ആഷസ് പരമ്പരയില്‍ 774 റണ്ണാണ് സ്റ്റീവ് സ്മിത്ത് അടിച്ചുകൂട്ടിയത്. അന്ന് എഡ്ജ്ബാസ്റ്റണില്‍ നടന്ന ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും അയാള്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി. 2021ല്‍ അയാള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റനായി. ആഴ്ചകള്‍ക്കുശേഷം കോവിഡ് കാരണം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ കളിക്കാന്‍ കഴിയാതിരുന്നപ്പോള്‍ ടീമിനെ നയിച്ചത് സ്മിത്തായിരുന്നു. തുടര്‍ന്ന് തന്റെ അസാധാരണ ഫോമില്‍ നേരിയ ഇടിവുണ്ടായെങ്കിലും 2022-23 സീസണില്‍ 13 ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ നിന്ന് അഞ്ച് സെഞ്ച്വറികളാണ് സ്മിത്ത് നേടിയത്.

ഏകദിന ക്രിക്കറ്റിലും സ്റ്റീവ് സ്മിത്ത് തന്റെ മുദ്ര പതിപ്പിച്ചു. ഓസ്‌ട്രേലിയന്‍ ഏകദിന ടീമിലെ നിര്‍ണായക സാന്നിദ്ധ്യമായിരുന്നു അയാള്‍. 2015ല്‍ ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ജയിച്ചപ്പോള്‍ ടൂര്‍ണമെന്റില്‍ ടീമിനുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍ നേടിയത് സ്മിത്തായിരുന്നു. അന്ന് അഞ്ച് തവണയാണ് അയാള്‍ അര്‍ദ്ധ സെഞ്ച്വറിയോ അതില്‍ കൂടുതലോ നേടിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ അതൊരു റെക്കോഡാണ്. ഒരുകാലത്ത് ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനായി തിളങ്ങിയ സ്മിത്ത് പരിമിത ഓവര്‍ ക്രിക്കറ്റില്‍ മൂന്ന് ലോകകപ്പ് നേടിയ കളിക്കാരനാണ്. 2015ലെയും 2023ലെയും ഏകദിന ലോകകപ്പ്, 2021ലെ ട്വന്റി20 ലോകകപ്പ് എന്നിവയാണ് ഇവ. ഇതിനുപുറമെ 2023ല്‍ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയപ്പോള്‍ നിര്‍ണായക സംഭാവനകളുമായി സ്മിത്ത് കളംനിറഞ്ഞിരുന്നു. അന്ന് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ സ്മിത്ത് നേടിയ സെഞ്ച്വറി ഓസ്‌ട്രേലിയയുടെ കിരീട നേട്ടത്തില്‍ ഏറെ നിര്‍ണായകമായി. ലെഗ് സ്പിന്‍ ബൗളറായാണ് തുടങ്ങിയതെങ്കിലും ബാറ്ററായി മിന്നിത്തിളങ്ങിയതോടെ സ്മിത്തിന്റെ ബൗളിംഗ് അധികമൊന്നും കാണാനായില്ല. എന്നാലും ടീമിന് അത്യാവശ്യ ഘട്ടത്തില്‍ ആശ്രയിക്കാവുന്ന ലെഗ് സ്പിന്നറായി വല്ലപ്പോഴുമൊക്കെ അയാള്‍ ബൗള്‍ ചെയ്തു. ഫീല്‍ഡില്‍ അയാളുടെ കായികക്ഷമത ആരെയും അമ്പരപ്പിക്കുന്നതാണ്. പ്രത്യേകിച്ചും സ്ലിപ്പിലെ അയാളുടെ ഫീല്‍ഡിംഗ്. മികച്ച ഫീല്‍ഡിംഗ് ടീമായ ഓസ്‌ട്രേലിയന്‍ നിരയില്‍ അക്കാരണത്താലും സ്മിത്ത് വേറിട്ടുനില്‍ക്കുന്നു. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്ലിപ്പ് ഫീല്‍ഡര്‍മാരിലൊരാളായാണ് സ്മിത്ത് കണക്കാക്കപ്പെടുന്നത്. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്തിട്ടുള്ള താരം സ്മിത്താണ്. അതുപോലെത്തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 300 ക്യാച്ചെന്ന നേട്ടം കൈവരിച്ചതും സ്മിത്താണ്. ടെസ്റ്റ് ഇന്നിംഗ്‌സിലെ ക്യാച്ച് റേറ്റില്‍ അയാള്‍ മറ്റൊരു ഓസ്‌ട്രേലിയന്‍ താരമായിരുന്ന ബോബ് സിംപ്‌സണിന് പിറകില്‍ രണ്ടാമനാണ്. ഔട്ട് ഫീല്‍ഡിലെ അയാളുടെ ഫീല്‍ഡിംഗും മികച്ചതാണ്. അതിവേഗം ഓടി പന്ത് ഫീല്‍ഡ് ചെയ്യുന്നതിലും റണ്ണൗട്ടുകള്‍ സൃഷ്ടിക്കുന്നതിലും ബൗണ്ടറികള്‍ തടയുന്നതിലും അയാള്‍ മിടുമിടുക്കനാണ്.

ക്യാപ്റ്റനെന്ന നിലയിലും അയാള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ശക്തനായിരുന്നു. പറയാനുള്ളത് പരസ്യമായിത്തന്നെ പറയാന്‍ അയാള്‍ ഒരു മടിയും കാണിച്ചില്ല. എന്നാല്‍ ടീം സെലക്ഷനില്‍ വല്ലാതെ സ്വാധീനം ചെലുത്തുന്ന ക്യാപ്റ്റന്‍ എന്ന വിമര്‍ശനവും സ്മിത്തിനെതിരെ ശക്തമായിരുന്നു. ചെറുപ്പത്തില്‍ സ്മിത്തിന്റെ ബാറ്റിംഗില്‍ ചില പോരായ്മകള്‍ കണ്ടെത്തിയിരുന്നു. പ്രത്യേകിച്ചും ഓഫ് സ്റ്റംപിന് പുറത്ത്. കൂടുതലായും സാങ്കേതിക പിഴവുകളായിരുന്നു. ഇത് പലപ്പോഴും അയാളെ ബുദ്ധിമുട്ടിച്ചു. തുടര്‍ന്ന് ആ പോരായ്മകള്‍ മറികടക്കാന്‍ സ്മിത്ത് കഠിന പ്രയത്‌നം നടത്തി. രണ്ട് വര്‍ഷത്തിനുശേഷം അയാള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയത് കൂടുതല്‍ സാങ്കേതികത്തികവുള്ള ബാറ്ററായിട്ടായിരുന്നു. ക്രീസില്‍ ഒരു വെറിയനെപ്പോലെ പന്തുകളെ നേരിടുന്നത് സ്മിത്ത് തുടര്‍ന്നെങ്കിലും എല്ലാ ക്രിക്കറ്റിംഗ് ഷോട്ടുകളും കളിക്കാന്‍ അയാള്‍ക്ക് അനായാസം കഴിയുമായിരുന്നു. ഇതുതന്നെയായിരുന്നു അയാളുടെ ശക്തിയും. സ്പിന്നര്‍മാരെ നേരിടുമ്പോള്‍ അയാളുടെ പാദചലനങ്ങള്‍ ദ്രുതവേഗത്തിലായിരുന്നു. വളരെ പെട്ടെന്നുതന്നെ അയാള്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടും. സ്പിന്‍ ബൗളിംഗിനെ നേരിടുന്ന അതേ അനായാസതയോടെത്തന്നെ അയാള്‍ ഫാസ്റ്റ് ബൗളിംഗിനെയും നേരിട്ടു. ഫാസ്റ്റ് ബൗളര്‍മാരെ കട്ടുകളും പുള്ളുകളും ഡ്രൈവുകളും കൊണ്ട് അയാള്‍ വലച്ചു. ഏത് വെല്ലുവിളിയും ഏറ്റെടുക്കാനും പരീക്ഷണങ്ങള്‍ നടത്താനും സ്മിത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. ക്രിക്കറ്റ് ഫീല്‍ഡില്‍ ഏറെ സാഹസികനായിരുന്നു അയാള്‍. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ ഓപ്പണറായി ബാറ്റ് ചെയ്യാന്‍ അയാള്‍ സ്വയം സന്നദ്ധനായത്. ടീം മാനേജ്‌മെന്റിനോട് സ്മിത്ത് അങ്ങോട്ട് ആവശ്യപ്പെട്ടാണ് ഓപ്പണറായി ഇറങ്ങിയത്. എന്നാല്‍ ആ റോളില്‍ അയാള്‍ പൂര്‍ണ പരാജയമായിരുന്നു. വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രമെ സ്മിത്ത് ഓപ്പണറായി ഇറങ്ങിയുള്ളൂ. ഓസ്‌ട്രേലിയ സ്‌പെഷലിസ്റ്റ് ഓപ്പണറിലേയ്ക്ക് തന്നെ തിരിച്ചുപോയി. ആ പരീക്ഷണം സ്മിത്തിന്റെ ടെസ്റ്റ് ശരാശരി കുറയ്ക്കാന്‍ മാത്രമാണ് ഉപകരിച്ചത്. എന്നാലും അതിലൊന്നിലും അയാള്‍ക്ക് തരിമ്പും സങ്കടമുണ്ടായിരുന്നില്ല.

ഇതുവരെ 117 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 10,350 റണ്ണാണ് സ്റ്റീവ് സ്മിത്ത് നേടിയത്. 56.55 ആണ് ശരാശരി. 36 സെഞ്ച്വറിയും 42 അര്‍ദ്ധ സെഞ്ച്വറിയും നേടി. 239 ആണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ 200 ക്യാച്ചുകളും സ്മിത്ത് പൂര്‍ത്തിയാക്കി. 170 ഏകദിന മത്സരങ്ങളില്‍ നിന്ന് 43.28 ശരാശരിയില്‍ 5,800 റണ്ണാണ് സ്മിത്തിന്റെ സമ്പാദ്യം. 12 സെഞ്ച്വറിയും 35 അര്‍ദ്ധ സെഞ്ച്വറിയും. 164 ആണ് ഉയര്‍ന്ന സ്‌കോര്‍. 67 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 24.86 ശരാശരിയില്‍ 1094 റണ്ണാണ് സ്റ്റീവ് സ്മിത്ത് സ്‌കോര്‍ ചെയ്തത്. അഞ്ച് അര്‍ദ്ധ സെഞ്ച്വറി നേടി. 90 ആണ് ഉയര്‍ന്ന സ്‌കോര്‍. ഐ പി എല്ലിലും സ്മിത്ത് തന്റെ സാന്നിദ്ധ്യം അറിയിച്ചെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ തിളക്കം ലീഗിലുണ്ടായില്ല. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, കൊച്ചി ടസ്‌കേഴ്‌സ് കേരള, പൂണെ വാരിയേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റൈസിംഗ് പൂണെ സൂപ്പര്‍ജയന്റ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടി സ്മിത്ത് കളിച്ചു. 2017 സീസണില്‍ റൈസിംഗ് പൂണെ സൂപ്പര്‍ജയന്റ്‌സിന്റെ ക്യാപ്റ്റനായിരുന്ന സ്മിത്ത് ടീമിനെ ഫൈനലിലേയ്ക്ക് നയിച്ചു. എന്നാല്‍ ഫൈനല്‍ പോരാട്ടത്തില്‍ ഒരു റണ്ണിന് സൂപ്പര്‍ജയന്റ്‌സ് മുംബൈ ഇന്ത്യന്‍സിനോട് അടിയറവ് പറഞ്ഞു. ഫൈനലില്‍ അയാള്‍ അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും ടീമിന് കിരീടം നേടിക്കൊടുക്കാനായില്ല. ടൂര്‍ണമെന്റില്‍ 39.33 ശരാശരിയില്‍ 472 റണ്ണടിച്ച സ്മിത്തായിരുന്നു സൂപ്പര്‍ജയന്റ്‌സിനുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരം.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററാണ് സ്റ്റീവ് സ്മിത്തെന്ന് നിസംശയം പറയാം. അയാളുടെ കരിയര്‍ കണക്കുകള്‍ തന്നെയാണ് അതിനുള്ള ഏറ്റവും മികച്ച ഉദാഹരണം. പ്രത്യേകിച്ചും ഒരു ലെഗ് സ്പിന്നറായി തുടങ്ങി എക്കാലത്തെയും മികച്ച ബാറ്ററിലേയ്ക്കുള്ള ആ സഞ്ചാരം ഒരു കെട്ടുകഥ പോലെ മനോഹരമാണ്. അസാധാരണമായ പ്രതിഭ തന്നെയാണ് അയാളെ അതിന് പ്രാപ്തനാക്കിയത്. ഡോണ്‍ ബ്രാഡ്മാന് ശേഷം ഓസ്‌ട്രേലിയ ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും മികച്ച ബാറ്റര്‍ സ്റ്റീവ് സ്മിത്ത് തന്നെയാണ്. ബ്രാഡ്മാന്‍ കാണിച്ച കളിയിലെ സ്ഥിരത ഏതാണ്ട് അതുപോലെത്തന്നെ സ്റ്റീവ് സ്മിത്തിലും കാണാം. ബാറ്റിംഗ് ടെക്‌നിക്കുകളുടെ കാര്യത്തിലും സ്മിത്തിനെ ബ്രാഡ്മാനുമായി പല ക്രിക്കറ്റ് പണ്ഡിതന്‍മാരും താരതമ്യം ചെയ്യുന്നു. ഒട്ടും പരമ്പരാഗത രീതിയിയിലുള്ളതല്ല സ്മിത്തിന്റെ ബാറ്റിംഗ്. എല്ലാ പരമ്പരാഗത രീതികളെയും മാറ്റിത്തീര്‍ക്കുന്നതാണ് അത്. ബൗളര്‍ റണ്ണപ്പ് ആരംഭിച്ച ശേഷവും ക്രീസില്‍ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന അയാളുടെ രീതി ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. റിവേഴ്‌സ് സ്വീപ്പ് പോലുള്ള ഷോട്ടുകള്‍ നിരന്തരം പരീക്ഷിക്കുന്നതില്‍ യാതൊരു വൈമുഖ്യവും കാണിക്കാത്ത സ്മിത്ത് റണ്‍ നേടുന്നതിന് പല വഴികള്‍ തേടുന്ന ബാറ്ററാണ്.

വലംകൈയനായ സ്മിത്ത് ഒരു ക്ലബ് മത്സരത്തില്‍ ഇടംകൈയ്യനായി ഗാര്‍ഡ് എടുത്ത് സിക്‌സ് അടിച്ചത് ഇതിന് ഉദാഹരണമാണ്. ഏത് ഷോട്ടും പരീക്ഷിക്കാനുള്ള അയാളുടെ ധൈര്യം അപാരമാണ്. കണ്ണും കൈയും തമ്മില്‍ ഇത്രയേറെ പൊരുത്തമുള്ള ബാറ്റര്‍മാര്‍ കുറവാണ്. സ്പിന്‍ ബൗളിംഗിനെതിരായ അയാളുടെ പാദചലനങ്ങളും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്. ബൗളര്‍ പന്ത് എറിയുമ്പോഴേയ്ക്കും സ്റ്റംപ് പൂര്‍ണമായും കവര്‍ ചെയ്യുന്ന സ്മിത്ത് ബൗള്‍ഡ് ആകാനുള്ള സാധ്യത ഇല്ലാതാക്കുന്നു. ഇക്കാര്യം കൊണ്ടുതന്നെ പന്തിനെ ഓഫ് സൈഡിലേയ്‌ക്കോ ലെഗ് സൈഡിലേയ്‌ക്കോ തന്നിഷ്ട പ്രകാരം കളിക്കാനും അയാള്‍ക്കാകുന്നു. ഇതിനൊപ്പം അപാരമായ ആത്മവിശ്വാസം കൂടിയാകുന്നതോടെ ഏത് ബൗളറെയും ഏത് പന്തിനെയും നേരിടാന്‍ സ്മിത്ത് സജ്ജമാകുന്നു. ഏത് ബാറ്ററെയും കൊതിപ്പിക്കുന്ന ഏകാഗ്രതയാണ് സ്മിത്തിന്റെ മറ്റൊരു ആയുധം. എത്ര നേരം വേണമെങ്കിലും അയാള്‍ ബാറ്റ് ചെയ്യും. ഒരുപക്ഷെ ഒരു ദിവസമോ, രണ്ട് ദിവസമോ ആയിക്കൊള്ളട്ടെ, അയാള്‍ തയ്യാര്‍. ആ മാനസികാവസ്ഥ തന്നെയാണ് ക്രിക്കറ്റര്‍ എന്ന നിലയിലുള്ള അയാളുടെ വിജയങ്ങളുടെ പ്രധാനപ്പെട്ട കാരണവും. ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍ തികയ്ക്കുന്ന അവസാനത്തെ ബാറ്ററായിരിക്കും സ്റ്റീവ് സ്മിത്ത് എന്ന പല ക്രിക്കറ്റ് പണ്ഡിതന്‍മാരും ചൂണ്ടിക്കാട്ടുന്നുണ്ട്. അതെന്തായാലും ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളാണ് സ്റ്റീവ് സ്മിത്ത് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments