Wednesday, February 18, 2026
Google search engine
HomeSportLegendsക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് മുമ്പൊരു ലൂയി ഫിഗോ

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് മുമ്പൊരു ലൂയി ഫിഗോ

കെ.ശ്രീജിത്ത്

ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ എല്ലാമെല്ലാം ആകുന്നതിനുമുമ്പ് ലൂയി ഫിഗോ ആയിരുന്നു പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം. കേവലം പോര്‍ച്ചുഗലിന്റെ മാത്രം സൂപ്പര്‍താരമായിരുന്നില്ല ഫിഗോ. റൊണാള്‍ഡോയെപ്പോലെത്തന്നെ ഫുട്‌ബോള്‍ ചരിത്രത്തിലെത്തന്നെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായിരുന്നു ലൂയി ഫിഗോ. ചെറുപ്പത്തില്‍ത്തന്നെ പോര്‍ച്ചുഗല്‍ ഫുട്‌ബോളിലെ സുവര്‍ണ തലമുറയുടെ നായകനായിട്ടാണ് ഫിഗോ അറിയപ്പെട്ടിരുന്നത്. റൂയി കോസ്റ്റയെയും ജോവോ പിന്റോയെയും പോലുള്ള കളിക്കാരോടൊപ്പം ഫിഗോ അണ്ടര്‍-16, അണ്ടര്‍-20 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പോര്‍ച്ചുഗലിനെ കിരീടത്തിലേയ്ക്ക് നയിച്ചു. 1991ല്‍ അണ്ടര്‍-20 ലോകകപ്പ് ജയിച്ച ഫിഗോ ആ വര്‍ഷം തന്നെ പോര്‍ച്ചുഗല്‍ സീനിയര്‍ ടീമിനുവേണ്ടി അരങ്ങേറ്റം കുറിച്ചു. അന്ന് വെറും 18 വയസായിരുന്നു ഫിഗോയുടെ പ്രായം. ലക്‌സംബര്‍ഗിനെതിരായ മത്സരത്തിലായിരുന്നു ഫിഗോയുടെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ഫിഗോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ പോര്‍ച്ചുഗലിന് വേണ്ടി തന്റെ ആദ്യ ഗോള്‍ നേടി. 1996 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഫിഗോ മൂന്ന് ഗോള്‍ നേടി. എട്ട് മത്സരങ്ങളില്‍ നിന്നായിരുന്നു ഇത്. തുടര്‍ന്ന് 12 വര്‍ഷത്തിന് ശേഷം ഇതാദ്യമായി പോര്‍ച്ചുഗല്‍ യൂറോ കപ്പിന് യോഗ്യത നേടി. 2002 ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങളില്‍ ആറ് ഗോള്‍ നേടിയ ലൂയി ഫിഗോ ഏതാണ്ട് ഒറ്റയ്ക്കാണ് പോര്‍ച്ചുഗലിന് ലോകകപ്പിനുള്ള യോഗ്യത നേടിക്കൊടുത്തത്. ഒമ്പത് മത്സരങ്ങളില്‍ നിന്നാണ് ഫിഗോ ഇത്രയും ഗോളടിച്ചത്. 16 വര്‍ഷത്തിന് ശേഷമായിരുന്നു പോര്‍ച്ചുഗല്‍ ലോകകപ്പിന് യോഗ്യത നേടുന്നത്. എന്നാല്‍ ലോകകപ്പില്‍ ഒരൊറ്റ ഗോള്‍ പോലും നേടാനാകാതെ ഫിഗോ കുഴങ്ങിയപ്പോള്‍ പോര്‍ച്ചുഗല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

2004 ഫെബ്രുവരി 18ന് ലൂയി ഫിഗോ പോര്‍ച്ചുഗലിന് വേണ്ടിയുള്ള തന്റെ നൂറാമത്തെ അന്താരാഷ്ട്ര മത്സരം കളിച്ചു. ആ വര്‍ഷം ഫിഗോയുടെ കൂടി മിടുക്കിന്റെ പിന്‍ബലത്തില്‍ പോര്‍ച്ചുഗല്‍ യൂറോ കപ്പിന്റെ ഫൈനലിലെത്തി. എന്നാല്‍ ഫൈനലില്‍ നിരാശയായിരുന്നു ഫലം. ഗ്രീസിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. തുടര്‍ന്ന് അയാള്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. അന്ന് പോര്‍ച്ചുഗലിന്റെ കോച്ചായിരുന്ന ലൂയി ഫിലിപ്പ് സ്‌കൊളാരിയുമായുള്ള തര്‍ക്കമാണ് ഫിഗോയുടെ വിരമിക്കലില്‍ കലാശിച്ചതെന്ന് ഊഹാപോഹമുണ്ടായിരുന്നെങ്കിലും ഇരുവരും അത് നിഷേധിച്ചു. എന്നാല്‍ 2005 ജുണില്‍ ഫിഗോ തന്റെ തീരുമാനം പിന്‍വലിക്കുകയും അന്താരാഷ്ട്ര ഫുട്‌ബോളിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു. സ്ലോവാക്യയ്ക്കും എസ്‌റ്റോണിയയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഫിഗോ കളിക്കുകയും പോര്‍ച്ചുഗല്‍ ജയിക്കുകയും ചെയ്തു. അന്നു സ്‌കൊളാരി തന്നെയായിരുന്നു പോര്‍ച്ചുഗലിന്റെ കോച്ച്. 2006 ലോകകപ്പില്‍ പോര്‍ച്ചുഗലിനെ നയിച്ചത് ഫിഗോ ആയിരുന്നു. ടീം ടൂര്‍ണമെന്റിന്റെ സെമിഫൈനലിലെത്തി. മൂന്ന് വിജയങ്ങളോടെ ഗ്രൂപ്പില്‍ ഒന്നാമതെത്തിയ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ നെതര്‍ലന്റ്‌സുമായാണ് ഏറ്റുമുട്ടിയത്. അവരെ ഒരു ഗോളിന് തോല്പിച്ച ഫിഗോയുടെ ടീം ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെയും മറികടന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. എന്നാല്‍ സെമി ഫൈനലില്‍ ഫ്രാന്‍സിന് മുന്നില്‍ പോര്‍ച്ചുഗല്‍ അടിയറവ് പറഞ്ഞു. ഫ്രഞ്ച് ക്യാപ്റ്റന്‍ സിനദിന്‍ സിദാന്‍ നേടി പെനാല്‍റ്റി ഗോളിലൂടെയായിരുന്നു ഫ്രാന്‍സ്, പോര്‍ച്ചുഗലിനെ മറികടന്നത്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ പോര്‍ച്ചുഗല്‍ ജര്‍മനിയോട് തോറ്റു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു തോല്‍വി. നാല്പത് വര്‍ഷത്തിനിടെയുള്ള പോര്‍ച്ചുഗലിന്റെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്തവണത്തേത്. ആ മത്സരത്തോടെ ഫിഗോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. രാജ്യത്തിനുവേണ്ടി 127 മത്സരം കളിച്ച ലൂയി ഫിഗോ 32 ഗോള്‍ നേടി. പോര്‍ച്ചുഗലിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ നാലാമത്തെ താരമാണ് ഫിഗോ.

ക്ലബ് തലത്തിലും ഒരു ഇതിഹാസ താരമാണ് ലൂയി ഫിഗോ. പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിംഗ് സി.പിയില്‍ തുടങ്ങി ഇറ്റലിയിലെ ഇന്റര്‍ മിലാനില്‍ അവസാനിച്ച ആ ക്ലബ് കരിയര്‍ അസാധാരണ നേട്ടങ്ങള്‍ ഉള്‍പ്പെടുന്നതാണ്. ഈ യാത്രയില്‍ അയാള്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും വേണ്ടി ബുട്ട് കെട്ടി. പരസ്പരം അത്രമാത്രം പോരിലേര്‍പ്പെട്ടിട്ടുള്ള രണ്ട് ക്ലബുകളാണ് ബാഴ്‌സയും റയലും. ഈ രണ്ട് ടീമിനുംവേണ്ടി കളിച്ചിട്ടുള്ള അപൂര്‍വം താരങ്ങളിലൊരാളാണ് ഫിഗോ. 1995ല്‍ ബാഴ്‌സലോണയിലെത്തിയതെത്തുടര്‍ന്നാണ് ഫിഗോയുടെ കരിയര്‍ വളര്‍ച്ച നേടുന്നത്. 1996-97 സീസണില്‍ അയാള്‍ ബാഴ്‌സയ്‌ക്കൊപ്പം യുവേഫ കപ്പ് വിന്നേഴ്‌സ് കപ്പ് നേടി. തുടര്‍ന്ന് തുടര്‍ച്ചയായി രണ്ട് വര്‍ഷം ലാലിഗ കിരീടവും ബാഴ്‌സയ്‌ക്കൊപ്പം ഫിഗോ നേടി. മൊത്തം 172 മത്സരങ്ങളാണ് ഫിഗോ ബാഴ്‌സയ്ക്കുവേണ്ടി കളിച്ചത്. 30 ഗോളാണ് നേടിയത്. രണ്ടായിരത്തില്‍ ബാഴ്‌സലോണയില്‍ നിന്നും റയല്‍ മാഡ്രിഡിലേയ്ക്ക് ഫിഗോ കൂടുമാറിയത് ലോക റെക്കോഡ് തുകയ്ക്കായിരുന്നു. 62 മില്യണ്‍ യൂറോ ആയിരുന്നു അന്ന് റയല്‍ മാഡ്രിഡ് ഫിഗോയ്ക്ക് നല്‍കിയ പ്രതിഫലം. ആ വര്‍ഷമാണ് അയാള്‍ക്ക് ബാലന്‍ദ്യോര്‍ പുരസ്‌കാരവും ലഭിക്കുന്നത്. റയലിലെത്തിയ ശേഷം ബാഴ്‌സലോണയുമായുള്ള ആദ്യ എല്‍ ക്ലാസിക്കോയ്ക്ക് ക്യാംപ് നൂവിലെത്തിയ ലൂയി ഫിഗോയെ ബാഴ്‌സ ആരാധകര്‍ കൂകിവിളിച്ചാണ് എതിരേറ്റത്. ‘വഞ്ചകന്‍’ എന്നെഴുതിയ പോസ്റ്ററുകളും ബാനറുകളുമായിരുന്നു സ്‌റ്റേഡിയം മുഴുവന്‍. തീര്‍ത്തും ദയാരഹിതമായിട്ടായിരുന്നു ബാഴ്‌സലോണയുടെ ആരാധകര്‍ ഫിഗോയോട് പെരുമാറിയത്. കളി തുടങ്ങുന്നതിന് മുമ്പ് ഡ്രസിംഗ് റൂമില്‍ നിന്ന് മൈതാനത്തേയ്ക്ക് ഇറങ്ങിവന്ന ഫിഗോയെ എതിരേറ്റത് 98,000ത്തോളം വരുന്ന ബാഴ്‌സ ആരാധകരുടെ പരിഹാസ ശരങ്ങളും കൂകിവിളികളുമായിരുന്നു. അത് തീര്‍ത്തും അസഹനീയമായപ്പോള്‍ ഫിഗോ കൈവിരലുകള്‍ കൊണ്ട് കാതുകളടച്ചു. മത്സരം തുടങ്ങിയതിന് ശേഷം എപ്പോഴൊക്കെ പന്ത് ഫിഗോയുടെ കാലില്‍ കിട്ടിയോ അപ്പോഴൊക്കെ ഉയര്‍ന്നുപൊങ്ങിയ കാണികളുടെ ശബ്ദം ഫിഗോയെ അങ്ങേയറ്റം അപമാനിക്കുന്നതായിരുന്നു. കാണികള്‍ ഫിഗോയ്ക്കുനേരെ ഓറഞ്ചുകള്‍, കുപ്പികള്‍, സിഗരറ്റ് ലൈറ്ററുകള്‍, എന്തിന് മൊബൈല്‍ ഫോണുകള്‍ വരെ എറിഞ്ഞു. റയല്‍ മാഡ്രിഡിന് വേണ്ടി സ്ഥിരമായി കോര്‍ണര്‍ കിക്കുഖലെടുത്തിരുന്നത് ഫിഗോ ആണെങ്കിലും ക്യാംപ് നൂവിലെ ആ മത്സരത്തില്‍ ഫിഗോ അതിന് തുനിഞ്ഞതേയില്ല. അതുവഴി കാണികളെ പ്രകോപിപ്പിക്കേണ്ട എന്ന് കരുതിയായിരുന്നു അത്. മത്സരം ബാഴ്‌സലോണ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചു. ആ അന്തരീക്ഷത്തില്‍ റയല്‍ മാഡ്രിഡിന് ജയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു.

അന്ന് റയലിലെ ഫിഗോയുടെ സഹകളിക്കാരനായ ഇവാന്‍ കാംപോ ഇങ്ങനെ പറഞ്ഞു – അത് ലൂയി ഫിഗോ ഒരുതരത്തിലും അര്‍ഹിക്കുന്നതായിരുന്നില്ല. ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാള്‍ അത്രയും ഹീനമായ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടവനായിരുന്നില്ല. ബാഴ്‌സലോണയ്ക്കുവേണ്ടി അത്രമാത്രം വിയര്‍പ്പും രക്തവുമൊഴുക്കിയ കളിക്കാരനായിരുന്നു അയാള്‍. ആ കളിക്ക് മുമ്പ് തന്നെ അങ്ങനെയൊരു അന്തരീക്ഷത്തിനുള്ള സാഹചര്യമൊരുങ്ങിയിരുന്നു. ‘ഒരു വഞ്ചകന്‍’ വരുന്നു എന്ന തലക്കെട്ട് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ അതായിരിക്കും സ്ഥിതിയെന്ന് ഞങ്ങളെല്ലാവരും ഊഹിച്ചിരുന്നു. അന്ന് ക്യാംപ്‌നൂവില്‍ നടന്നതുപോലൊന്ന് ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അത് ഫിഗോയെ മാനസികമായി തകര്‍ത്തിരുന്നു. കഴിഞ്ഞ സീസണില്‍ ക്യാംപ്‌നൂവിലെത്തിയപ്പോള്‍ തനിക്ക് കിട്ടിയ മനോഹരമായ സ്വീകരണത്തെക്കുറിച്ച് ഒരുനിമിഷം അയാളോര്‍ത്തിട്ടുണ്ടാകാം. ഫിഗോയുടെ തല കുനിഞ്ഞിരുന്നു. എന്നാല്‍ എനിക്കപ്പോള്‍ അയാളോട് തോന്നിയത് ആരാധനയായിരുന്നു. അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകാന്‍ അസാധാരണ ധൈര്യം വേണം’. 2001ല്‍ റയല്‍ മാഡ്രിഡിനൊപ്പമുള്ള തന്റെ ആദ്യ സീസണില്‍ ലൂയി ഫിഗോ ലാലിഗ കിരീടം നേടി. എല്ലാ ടൂര്‍ണമെന്റുകളിലുമായി അയാള്‍ 14 ഗോളാണടിച്ചത്. ആ വര്‍ഷത്തെ ഫിഫ വേള്‍ഡ് പ്ലേയര്‍ ഓഫ് ദ ഇയര്‍ അയാളെത്തേടിയെത്തി. തൊട്ടടുത്ത സീസണില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടി. ഫിഗോ 2003ലും റയല്‍ മാഡ്രിഡിനൊപ്പം ലാലിഗ കിരീടം നേടി. അഞ്ച് സീസണാണ് അയാള്‍ റയലിനൊപ്പം കളിച്ചത്. 164 മത്സരങ്ങളില്‍ നിന്ന് 38 ഗോളാണ് നേടിയത്. 2005 മധ്യത്തോടെ ലൂയി ഫിഗോ ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനിലെത്തി. 2009 വരെ അവിടെ തുടര്‍ന്ന അയാള്‍ 105 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളാണ് നേടിയത്. 2009 മെയ് 16ന് താന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി ലൂയി ഫിഗോ പ്രഖ്യാപിച്ചു. ഇന്റര്‍ മിലാന്‍ സീരി എ കിരീട നേടിയ ദിവസമായിരുന്നു അത്. ക്ലബ് തലത്തില്‍ മൊത്തം 570 മത്സരങ്ങളാണ് ഫിഗോ കളിച്ചത്. 93 ഗോള്‍ നേടി. നാല് ലാലിഗ കിരീടങ്ങള്‍, ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടം, രണ്ട് സ്പാനിഷ് കപ്പ്, മൂന്ന് സ്പാനിഷ് സൂപ്പര്‍ കപ്പ്, ഒരു യുവേഫ കപ്പ് വിന്നേഴ്‌സ് കപ്പ്, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, ഒരു ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്, നാല് സീരി എ കിരീടങ്ങള്‍, ഒരു ഇറ്റാലിയന്‍ കപ്പ്, മൂന്ന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് എന്നിവ നേടിയ താരമാണ് ഫിഗോ. എല്ലാ അര്‍ത്ഥത്തിലും ഇതിഹാസ തുല്യമായ ക്ലബ് കരിയറായിരുന്നു ലൂയി ഫിഗോയുടേത്.

ഒരു സമ്പൂര്‍ണ ഫുട്‌ബോളര്‍ക്ക് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ കളിക്കാരനായിരുന്നു ലൂയി ഫിഗോ. കായികക്ഷമത, വേഗത, ഡ്രിബ്ള്‍ ചെയ്യാനുള്ള അസാധാരണ പാടവം, ചാരുത തുടങ്ങിയവയെല്ലാം അയാളുടെ കളിയുടെ സവിശേഷതകളായിരുന്നു. എല്ലാ ഇതിഹാസ താരങ്ങളെയും പോലെ അയാള്‍ക്കും പന്തിനുമേല്‍ അസാധാരണ നിയന്ത്രണമുണ്ടായിരുന്നു. പ്രതിരോധനിരക്കാരെ അയാള്‍ വെട്ടിയൊഴിയുന്നത് കാണുന്നത് തന്നെ ആനന്ദകരമായിരുന്നു. ഒരു വലംകാലനായിരുന്നെങ്കിലും ഇടതുകാല്‍ കൊണ്ട് ഷോട്ടുകളെടുക്കാനും അയാള്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. കരിയറിന്റെ ആദ്യകാലത്ത് വിങ്ങറായി കളിച്ചിരുന്ന ഫിഗോ സഹകളിക്കാര്‍ക്ക് ഗോളടിക്കാനുള്ള അവസരം ഒന്നിനുപിറകെ ഒന്നായി ഒരുക്കിക്കൊടുത്തു. അയാളുടെ വളഞ്ഞുപുളഞ്ഞുവരുന്ന ക്രോസുകള്‍ എതിര്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ചു. മിഡ്ഫീല്‍ഡര്‍മാരുമായി നല്ല ഒത്തിണക്കം കാണിച്ച കളിക്കാരനായിരുന്നു ഫിഗോ. ഇത് എതിരാളികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചിരുന്നത്. കരിയര്‍ മുന്നോട്ടുകുതിച്ചതോടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും അയാള്‍ നിയോഗിക്കപ്പെട്ടു. പ്ലേമേക്കിംഗിലുള്ള അയാളുടെ കഴിവായിരുന്നു അതിന് കാരണമായത്. കളിയില്‍ വരാന്‍പോകുന്നത് വളരെ നേരത്തെ കാണാനുള്ള മിടുക്ക്, കുശാഗ്ര ബുദ്ധി, മികച്ച പാസുകള്‍ നല്‍കാനുള്ള കഴിവ് തുടങ്ങിയവയെല്ലാം ഫിഗോയെ മികച്ച അറ്റാക്കിംഗ് മിഡ്ഫീല്‍ഡറാക്കി. വേണ്ടപ്പോള്‍ ആക്രമിക്കാനും വേണ്ടപ്പോള്‍ പ്രതിരോധിക്കാനും അയാള്‍ക്ക് കഴിഞ്ഞു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, എപ്പോള്‍ ആക്രമിക്കണമെന്നും എപ്പോള്‍ പ്രതിരോധിക്കണമെന്നും ഫിഗോയെപ്പോലെ ഫുട്‌ബോള്‍ മൈതാനത്ത് തിരിച്ചറിഞ്ഞ കളിക്കാര്‍ അധികമൊന്നുമുണ്ടാകില്ല. ഏറെ ദൂരെനിന്ന് ശക്തമായ ഷോട്ടെടുക്കാനുള്ള ഫിഗോയുടെ മിടുക്ക് എതിര്‍ ഡിഫന്‍ഡര്‍മാര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. ഫ്രീകിക്കെടുക്കുന്നതിലെയും പെനാല്‍റ്റിയെടുക്കുന്നതിലെയും അയാളുടെ കൃത്യത ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കളിക്കാരനെന്നതുപോലെത്തന്നെ അയാളൊരു മികച്ച നായകന്‍ കൂടിയായിരുന്നു. സഹകളിക്കാരെ കൃത്യമായി പൊസിഷന്‍ ചെയ്യിക്കാനും അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാനുമുള്ള പ്രത്യേകമായൊരു കഴിവ് ഫിഗോയ്ക്കുണ്ടായിരുന്നു. അത് അയാള്‍ കളിക്കുന്ന ടീമിന് എപ്പോഴും ഗുണം ചെയ്തു. ഫുട്‌ബോളിലെ വന്‍ശക്തികളായ മറ്റേതെങ്കിലുമൊരു രാജ്യത്താണ് ഫിഗോ ജനിച്ചിരുന്നതെങ്കില്‍ അന്താരാഷ്ട്ര ഫുട്‌ബോളിലെ അയാളുടെ നേട്ടങ്ങള്‍ എത്രയോ എത്രയോ കൂടുതലായേനെ എന്ന് കരുതുന്ന ഒട്ടേറെ ഫുട്‌ബോള്‍ പ്രേമികളുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലെ ഫിഗോയും പരിമിതമായ ഒരു ടീമിന്റെ വലയത്തിനകത്ത് പെട്ടുപോയ അസാധാരണ പ്രതിഭയായിരുന്നു. ഫുട്‌ബോളിന്റെ ചരിത്രമെഴുതുമ്പോള്‍ ഒരിക്കലും വിട്ടുപോകാന്‍ കഴിയാത്ത, എക്കാലത്തെയും ഇതിഹാസങ്ങളിലൊരാള്‍.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments