കെ.ശ്രീജിത്ത്
ബോക്‌സില്‍ നിന്ന് ബോക്‌സിലേയ്ക്ക് കുതിച്ചുപായുന്ന മിഡ്ഫീല്‍ഡര്‍. ഫുട്‌ബോള്‍ കണ്ട ഏറ്റവും ബുദ്ധിമാനായ സ്വീപ്പര്‍. എക്കാലത്തെയും മികച്ച തന്ത്രജ്ഞനായ പ്ലേമേക്കര്‍മാരിലൊരാള്‍. ഇതെല്ലാമാണ് ലോതര്‍ മത്തേവൂസ്. എന്നാല്‍ ഇതിനെല്ലാമപ്പുറം മറ്റൊന്നാണ് മത്തേവൂസിനെ ഏറെ ശ്രദ്ധേയനാക്കിയത്. കളിക്കളത്തില്‍ സാക്ഷാല്‍ ഡീഗോ മറഡോണയ്ക്ക് ഏറ്റവും ഒത്ത എതിരാളി ആയിരുന്നു മത്തേവൂസ് എന്നതാണത്. മറഡോണയെ എല്ലാ അര്‍ത്ഥത്തിലും ഫുട്‌ബോള്‍ മൈതാനത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ കെട്ടിയിട്ട കളിക്കാരനാണ് അയാള്‍. ഒരിക്കല്‍ മറഡോണ പറഞ്ഞു – ‘എന്റെ എക്കാലത്തെയും മികച്ച എതിരാളി മത്തേവൂസാണ്. അയാളെ നിര്‍വചിക്കാന്‍ അത് മാത്രം മതിയെന്ന് ഞാന്‍ കരുതുന്നു’. എല്ലാ സാഹചര്യങ്ങള്‍ക്കും അനുരൂപമായി കളിക്കാനുള്ള വല്ലാത്തൊരു വൈഭവം പ്രകടിപ്പിച്ച ലോതര്‍ മത്തേവൂസ് നിരന്തരം തന്റെ കളിയുടെ നിലവാരം ഉയര്‍ത്തി. വലതുകാല്‍ കൊണ്ടും ഇടതുകാല്‍ കൊണ്ടും ഗോളടിക്കുന്ന, അസാധാരണ മികവുള്ള പാസുകള്‍ നല്‍കാന്‍ കഴിയുന്ന അത്യുഗ്രന്‍ മിഡ്ഫീല്‍ഡറായിരുന്നു ലോതര്‍ മത്തേവൂസ്. ഫ്രീകിക്കില്‍ നിന്ന് നേരിട്ടും അയാള്‍ക്ക് ഗോളടിക്കാനാകുമായിരുന്നു. ബഹുമുഖമായ കഴിവുകളുള്ള, ഒരു സമ്പൂര്‍ണ ഫുട്‌ബോളറായിരുന്നു ലോതര്‍ മത്തേവൂസ്. ഫുട്‌ബോളിലെ പൊസിഷനിംഗിനെക്കുറിച്ച് ഇത്രമാത്രം ധാരണയുണ്ടായിരുന്ന ഫുട്‌ബോളര്‍മാര്‍ അധികമുണ്ടായിട്ടില്ല. കൃത്യമസയത്ത് ടാക്ലിംഗ് നടത്താനും അതിശക്തമായി ഷൂട്ട് ചെയ്യാനും മത്തേവൂസിന് കഴിയുമായിരുന്നു.

1979ല്‍, പതിനെട്ടാമത്തെ വയസില്‍ ബൊറൂസിയ മോന്‍ഷെന്‍ഗ്ലാഡ്ബാക്കിലാണ് ലോതര്‍ മത്തേവൂസ് തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. 1984 വരെ മത്തേവൂസ് ഈ ക്ലബില്‍ തുടര്‍ന്നു. ഇതിനിടെ 1980ല്‍ അയാള്‍ പടിഞ്ഞാറന്‍ ജര്‍മനിയുടെ ദേശീയ ടീമിനുവേണ്ടി അരങ്ങേറി. ആ വര്‍ഷം ഇറ്റലിയില്‍ നടന്ന യൂറോ കപ്പില്‍ നെതര്‍ലന്റ്‌സിനെതിരായിരുന്നു മത്തേവൂസ് ആദ്യമായി ജര്‍മന്‍ ജേഴ്‌സിയണിഞ്ഞത്. ആ യൂറോ കപ്പില്‍ പടിഞ്ഞാറന്‍ ജര്‍മനി ചാമ്പ്യന്‍മാരായത് അയാള്‍ക്ക് ഇരട്ടിമധുരമായി. 1982ല്‍ സ്‌പെയിനില്‍ നടന്ന ലോകകപ്പില്‍ മത്തേവൂസ് രണ്ട് മത്സരങ്ങളില്‍ കളിച്ചു. പടിഞ്ഞാറന്‍ ജര്‍മനി ലോകകപ്പിന്റെ ഫൈനലിലെത്തിയെങ്കിലും ഇറ്റലിയോട് തോറ്റു. മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണബ്യവീല്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു പടിഞ്ഞാറന്‍ ജര്‍മനിയുടെ തോല്‍വി. അത് മത്തേവൂസിനെ ചെറുതായൊന്നുമല്ല നിരാശപ്പെടുത്തിയത്. മെക്‌സിക്കോയില്‍ നടന്ന 1986 ലോകകപ്പ് ആകുമ്പോഴേയ്ക്കും മത്തേവൂസ് ദേശീയ ടീമിലെ സ്ഥിരാംഗമായി മാറിയിരുന്നു. ആ ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയ്‌ക്കെതിരെ പടിഞ്ഞാറന്‍ ജര്‍മനിയുടെ വിജയഗോള്‍ നേടിയത് ലോതര്‍ മത്തേവൂസായിരുന്നു. ലോകകപ്പ് ഫൈനലില്‍ പടിഞ്ഞാറന്‍ ജര്‍മനി ഏറ്റുമുട്ടിയത് അര്‍ജന്റീനയോടായിരുന്നു. പ്ലേമേക്കിംഗില്‍ അസാമാന്യ കഴിവുണ്ടായിട്ടും കോച്ച് ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അയാളെ ഏല്പിച്ച പണി മറ്റൊന്നായിരുന്നു. ഡീഗോ മറഡോണയെ മാര്‍ക്ക് ചെയ്യാനായിരുന്നു മത്തേവൂസ് നിയോഗിക്കപ്പെട്ടത്. ആ മത്സരത്തില്‍ മറഡോണ ഗോളടിച്ചില്ല. എന്നാല്‍ മറഡോണയുടെ പാസില്‍ നിന്ന് ജോര്‍ഗെ ബുറുച്ചാഗ അര്‍ജന്റീനയ്ക്കുവേണ്ടി വിജയ ഗോള്‍ നേടി. കളി തീരാന്‍ വെറും ആറ് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അത്. ഇതോടെ പടിഞ്ഞാറന്‍ ജര്‍മനി തുടര്‍ച്ചയായി രണ്ടാമതും ലോകകപ്പ് ഫൈനലില്‍ തോറ്റു. ഇത്തവണ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു തോല്‍വി. 1988ലെ യൂറോ കപ്പിന്റെ സെമിഫൈനലില്‍ നെതര്‍ലന്റ്‌സിനെതിരെ ലോതര്‍ മത്തേവൂസ് ഗോള്‍ നേടിയെങ്കിലും മത്സരം പടിഞ്ഞാറന്‍ ജര്‍മനി തോറ്റു.

1990ലെ ലോകകപ്പില്‍ പടിഞ്ഞാറന്‍ ജര്‍മനിയെ നയിച്ചത് ലോതര്‍ മത്തേവൂസായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം പടിഞ്ഞാറന്‍ ജര്‍മനിയായിരുന്നു. മുമ്പുള്ള ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായി പടിഞ്ഞാറന്‍ ജര്‍മനി ആ ലോകകപ്പില്‍ കളിച്ചത് ആക്രമണാത്മക ഫുട്‌ബോളായിരുന്നു. ടൂര്‍ണമെന്റിലൊട്ടാകെ മിഡ്ഫീല്‍ഡിന്റെ നിയന്ത്രണമേറ്റെടുത്ത് കളിച്ച മത്തേവൂസ് നാല് ഗോളാണ് ലോകകപ്പിലടിച്ചത്. മിന്നുന്ന ഫോമില്‍ കളിച്ച പടിഞ്ഞാറന്‍ ജര്‍മനി ഫൈനലിലെത്തി. 1986 ലോകകപ്പിന്റെ ഫൈനലിലെന്ന പോലെ അര്‍ജന്റീനയായിരുന്നു പടിഞ്ഞാറന്‍ ജര്‍മനിയുടെ എതിരാളികള്‍. എന്നാല്‍ ഇത്തവണ അര്‍ജന്റീനയെ തറപറ്റിച്ച് പടിഞ്ഞാറന്‍ ജര്‍മനി ലോകചാമ്പ്യന്‍മാരായി. ആന്ദ്രിയാസ് ബ്രെഹ്മെ 85-ാമത്തെ മിനിറ്റില്‍ നേടിയ ഗോളിലാണ് അവര്‍ അര്‍ജന്റീനയെ തോല്പിച്ചത്. ജര്‍മനിയുടെ ഏകീകരണത്തിന് മുമ്പുള്ള അവസാനത്തെ ലോകകപ്പായിരുന്നു ലോതര്‍ മത്തേവൂസിന്റെ നേതൃത്വത്തില്‍ അവര്‍ നേടിയത്. 1990ല്‍ അധികം വൈകാതെ തന്നെ പടിഞ്ഞാറന്‍ ജര്‍മനിയും കിഴക്കന്‍ ജര്‍മനിയും ഏകീകരിച്ച് ജര്‍മനി ആയി മാറി. 90ല്‍ മത്തേവൂസിന് ബാലന്‍ദ്യോര്‍ പുരസ്‌കാരം ലഭിച്ചു. 1991ല്‍ ഇതാദ്യമായി ഫിഫ വേള്‍ഡ് പ്ലേയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അത് ലഭിച്ചത് അയാള്‍ക്കായിരുന്നു. 1992ലെ യൂറോ കപ്പില്‍ പരിക്ക് കാരണം ലോതര്‍ മത്തേവൂസിന് കളിക്കാനായില്ല. ഏകീകരിക്കപ്പെട്ട ജര്‍മനി ആ യൂറോ കപ്പിന്റെ ഫൈനലിലെത്തിയെങ്കിലും അപ്രതീക്ഷിതമായി ഡെന്‍മാര്‍ക്കിനോട് തോറ്റു. ഏതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ആ തോല്‍വി.

1994ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പിലും ജര്‍മനിയെ നയിച്ചത് മത്തേവൂസായിരുന്നു. എന്നാല്‍ ഇത്തവണ ലോകകപ്പില്‍ അയാള്‍ മിഡ്ഫീല്‍ഡര്‍ പൊസിഷനില്‍ നിന്ന് മാറി സ്വീപ്പര്‍ പൊസിഷനിലായിരുന്നു കളിച്ചത്. ബള്‍ഗേറിയയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോതര്‍ മത്തേവൂസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയെങ്കിലും മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളടിച്ച് ബള്‍ഗേറിയ ജര്‍മനിയെ അട്ടിമറിച്ചു. ആ ലോകകപ്പോടെ മത്തേവൂസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അങ്ങനെയുണ്ടായില്ല. പിന്നീടൊരിക്കലും ജര്‍മന്‍ ടീമില്‍ ലോതര്‍ മത്തേവൂസ് ഉള്‍പ്പെട്ടില്ല. അന്നത്തെ കോച്ച് ബെര്‍ട്ടിവോട്‌സുമായും ക്യാപ്റ്റന്‍ യൂര്‍ഗന്‍ ക്ലിന്‍സ്മാനുമായുള്ള അയാളുടെ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നായിരുന്നു അത്. അയാളുടെ അസാന്നിദ്ധത്തില്‍ 1996ല്‍ ഇംഗ്ലണ്ടില്‍ വെച്ച് നടന്ന യൂറോ കപ്പില്‍ ജര്‍മനി ചാമ്പ്യന്‍മാരായി. എന്നാല്‍ അപ്രതീക്ഷിതമായി 1998 ലോകകപ്പിനുള്ള ജര്‍മന്‍ ടീമിലേയ്ക്ക് ലോതര്‍ മത്തേവൂസിനെ വിളിച്ചു. പരിക്കേറ്റ മത്തിയാസ് സാമ്മറിന് പകരമായിട്ടായിരുന്നു അത്. അമേരിക്കയ്‌ക്കെതിരായ ജര്‍മനിയുടെ മത്സരത്തില്‍ മത്തേവൂസ് കളിക്കാനിറങ്ങിയില്ലെങ്കിലും യുഗോസ്ലാവ്യയ്‌ക്കെതിരെ പകരക്കാരനായി അയാള്‍ കളത്തിലിറങ്ങി. തുടര്‍ന്നുള്ള ജര്‍മനിയുടെ എല്ലാ മത്സരത്തിലും മത്തേവൂസ് കളിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനി ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റതോടെ അയാളുടെ ലോകകപ്പ് അവസാനിച്ചു. തന്റെ അന്താരാഷ്ട്ര കരിയറിലെ അവസാന മൂന്ന് മത്സരങ്ങള്‍ മത്തേവൂസ് കൡച്ചത് 2000ലെ യൂറോ കപ്പിലായിരുന്നു. അഞ്ച് ലോകകപ്പ് കളിച്ച അപൂര്‍വം താരങ്ങളിലൊരാളാണ് ലോതര്‍ മത്തേവൂസ്. 25 ലോകകപ്പ് മത്സരങ്ങളാണ് മത്തേവൂസ് മൊത്തം കളിച്ചത്. ആറ് ഗോള്‍ നേടി. അയാള്‍ നാല് യൂറോ കപ്പും കളിച്ചു. ജര്‍മനിക്കുവേണ്ടി 150 മത്സരങ്ങള്‍ കളിച്ച അയാള്‍ 23 ഗോളാണ് സ്‌കോര്‍ ചെയ്തത്. ജര്‍മനിക്കുവേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരം ലോതര്‍ മത്തേവൂസാണ്. 150ല്‍ 83 എണ്ണം അയാള്‍ കളിച്ചത് പടിഞ്ഞാറന്‍ ജര്‍മനിക്കുവേണ്ടിയാണ്. 2004ല്‍ പെലെ തിരഞ്ഞെടുത്ത ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നൂറ് ഫുട്‌ബോള്‍ കളിക്കാരുടെ പട്ടികയില്‍ ലോതര്‍ മത്തേവൂസും ഇടംപിടിച്ചിരുന്നു. 2020ല്‍ ബാലന്‍ദ്യോര്‍ ഡ്രീം ടീം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ മത്തേവൂസും ഉള്‍പ്പെട്ടു. 1999ല്‍ മുപ്പത്തെട്ടാമത്തെ വയസില്‍ ഒരിക്കല്‍ കൂടി ജര്‍മന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലോതര്‍ മത്തേവൂസിനെ തേടിയെത്തി.

ക്ലബ് തലത്തിലും ലോതര്‍ മത്തേവൂസിന്റേത് ഒരു ഇതിഹാസ യാത്രയായിരുന്നു. ബൊറൂസിയ മോന്‍ഷെന്‍ഗ്ലാഡ്ബാക്കിലെ അഞ്ച് വര്‍ഷത്തിനുശേഷം 1984 മുതല്‍ 88 വരെ ബയേണ്‍ മ്യൂണിക്കിന്റെ താരമായിരുന്നു മത്തേവൂസ്. ബയേണിനൊപ്പം രണ്ട് തവണ ബുണ്ടെസ്‌ലിഗ കിരീടം നേടിയ ലോത്തര്‍ മത്തേവൂസ് ജര്‍മന്‍ കപ്പും നേടി. അയാള്‍ ടീമിലുള്ളപ്പോള്‍ 1987ലെ യൂറോപ്യന്‍ കപ്പ് ഫൈനലിലും ബയേണ്‍ മ്യൂണിക്ക് എത്തി. 1988ല്‍ മത്തേവൂസ് ഇന്റര്‍ മിലാനുമായി കരാറിലെത്തി. ആ വര്‍ഷം ഇന്റര്‍ മിലാനൊപ്പം അയാള്‍ ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് നേടി. തുടര്‍ന്നും ഇന്റര്‍ മിലാന്റെ ഒട്ടേറെ വിജയങ്ങളില്‍ പങ്കാളിയയാ മത്തേവൂസ് 1991ല്‍ ടീമിനൊപ്പം യുവേഫ കപ്പ് നേടി. ആ വിജയം ഫിഫ വേള്‍ഡ് പ്ലേയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടാന്‍ അയാളെ സഹായിച്ചു. ഫൈനലിന്റെ ആദ്യപാദത്തില്‍ റോമയ്‌ക്കെതിരെ അയാള്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. 1992ല്‍ ബയേണ്‍ മ്യൂണിക്കില്‍ തിരിച്ചെത്തിയ ലോതര്‍ മത്തേവൂസ് ആ വരവില്‍ ബയേണിനൊപ്പം നാല് ബുണ്ടെസ്‌ലിഗ കിരീടങ്ങളും രണ്ട് ജര്‍മന്‍ കപ്പും നേടി. അയാളുടെ രണ്ടാമത്തെ വരവില്‍ മറ്റൊരു യുവേഫ കപ്പ് കൂടി നേടിയ ബയേണ്‍ മ്യൂണിക്ക് 199ല്‍ രണ്ടാമതൊരിക്കല്‍ കൂടി യൂറോപ്യന്‍ കപ്പിന്റെ ഫൈനലിലെത്തി.

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം മാത്രമാണ് താന്‍ കളിച്ച ടൂര്‍ണമെന്റുകളില്‍ മത്തേവൂസിന് നേടാനാകാതെ പോയത്. 1999ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനടുത്തുവരെ അയാളെത്തിയതാണ്. അന്ന് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ 88-ാം മിനിറ്റ് വരെ ബയേണ്‍ മ്യൂണിക്ക് ഒരു ഗോളിന് മുന്നിലായിരുന്നു. എന്നാല്‍ അവസാന രണ്ട് മിനിറ്റില്‍ രണ്ട് ഗോളടിച്ച് യുണൈറ്റഡ് ചാമ്പ്യന്‍മാരാവുകയായിരുന്നു. മത്സരത്തില്‍ 80-ാമത്തെ മിനിറ്റില്‍ പകരക്കാരനായാണ് അയാള്‍ കളത്തിലിറങ്ങിയത്. മത്തേവൂസിനെ സംബന്ധിച്ചിടത്തോളം അന്ന് കിരീടം നേടാനാകാതെ പോയത് വലിയ നിരാശയായി. രണ്ട് ടീമിലെയും കളിക്കാര്‍ മെഡല്‍ വാങ്ങാന്‍ പോയപ്പോള്‍ റണ്ണേഴ്‌സ് അപ്പിനുള്ള മെഡല്‍ സ്വീകരിച്ച ഉടന്‍ തന്നെ മത്തേവൂസ് അത് കഴുത്തില്‍ നിന്ന് ഊരിമാറ്റി. അത് രണ്ടാമത്തെ തവണയായിരുന്നു ഒരു ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അവസാനത്തെ നിമിഷം അയാളുടെ ടീം തോല്‍ക്കുന്നത്. 1987ലെ യൂറോപ്യന്‍ കപ്പ് ഫൈനലിലും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് എഫ്.സി പോര്‍ട്ടോയ്‌ക്കെതിരെ ഭൂരിഭാഗം സമയവും ബയേണ്‍ ഒരു ഗോളിന് മുന്നിലായിരുന്നെങ്കിലും കളിയുടെ അവസാന നിമിഷങ്ങളില്‍ രണ്ട് ഗോള്‍ നേടിയ എഫ്.സി പോര്‍ട്ടോ ചാമ്പ്യന്‍മാരാവുകയായിരുന്നു. മത്തേവൂസ് വിരമിച്ച ശേഷം 2000-2001 സീസണില്‍ ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുകയും ചെയ്തു. ആ വര്‍ഷം പിന്നീട് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പും ബയേണ്‍ നേടി. ക്ലബ് തലത്തില്‍ മൊത്തം 618 മത്സരങ്ങള്‍ കളിച്ച ലോതര്‍ മത്തേവൂസ് 181 ഗോള്‍ നേടി.

ഫുട്‌ബോളിന്റെ ചരിത്രത്തിലെ അപൂര്‍വം സമ്പൂര്‍ണ ഫുട്‌ബോളര്‍മാരിലൊരാളാണ് ലോതര്‍ ഹെര്‍ബര്‍ട്ട് മത്തേവൂസ് എന്ന് നിസംശയം പറയാം. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും ഡിഫന്‍സീവ് മിഡ്ഫീല്‍റായും ഒരുപോലെ കളിക്കാന്‍ കഴിയുന്ന താരമായിരുന്നു മത്തേവൂസ്. മൈതാനത്തിന്റെ ഏത് ഭാഗത്ത് കളിക്കുന്നതിലും അയാള്‍ക്ക് അസ്വസ്ഥതയില്ലായിരുന്നു. എവിടെ വേണമെങ്കില്‍ കളിക്കാന്‍ അയാള്‍ തയ്യാറുമായിരുന്നു. നല്ല ഒഴുക്കോടെ, സര്‍ഗാത്മകമായി, നിശ്ചയദാര്‍ഢ്യത്തോടെ കളിച്ച അയാള്‍ ഏത് സാഹചര്യവുമായി വളരെ വേഗം പൊരുത്തപ്പെട്ടു. കളിയെ ഏറെ മനോഹരമായി വായിച്ചെടുത്ത മത്തേവൂസ് സ്വീപ്പര്‍ എന്ന നിലയില്‍ കളിക്കുമ്പോള്‍ മൈതാനത്ത് അനുഭവിച്ച സ്വാതന്ത്ര്യം അളവില്ലാത്തതായിരുന്നു. അയാള്‍ എപ്പോള്‍ വേണമെങ്കിലും എതിര്‍ ഗോള്‍മുഖത്ത് ആക്രമണവുമായി എത്തി. ഡിഫന്‍ഡര്‍മാരെ അതിവിദഗ്ധമായി കബളിപ്പിച്ച് ഒന്നുകില്‍ സ്വയം ഗോള്‍ നേടി, അല്ലെങ്കില്‍ ടീമിലെ സഹകളിക്കാരെക്കൊണ്ട് ഗോളടിപ്പിച്ചു. ഫ്രീകിക്കുകളെടുക്കുന്നതിലും പെനാല്‍റ്റി കിക്കുകളെടുക്കുന്നതിലും അയാള്‍ ബഹുമിടുക്കനായിരുന്നു. സെറ്റ് പീസുകളില്‍ നിന്ന് കരുത്തുള്ള ഷോട്ടുകള്‍ പായിച്ച് അയാള്‍ എതിര്‍ ഗോള്‍മുഖം വിറപ്പിച്ചു. അടങ്ങാത്ത വിജയതൃഷ്ണ, നിശ്ചയദാര്‍ഢ്യം, നായക തുടങ്ങിയവയെല്ലാം ഒരുപോലെ ഒത്തിണങ്ങിയ ലോതര്‍ മത്തേവൂസ് ഫുട്‌ബോള്‍ മൈതാനത്ത് സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ കളിക്കാരനായിരുന്നു. താന്‍ കളിച്ച ടീമുകളിലെയെല്ലാം നിര്‍ണായകവും ഏറ്റവും സ്വാധീന ശക്തിയുമുള്ള കളിക്കാരനായിരുന്നു മത്തേവൂസ്. പരാജയങ്ങളില്‍ നിന്ന് പരാജയങ്ങളിലേയ്ക്ക് കൂപ്പുകുത്തുന്ന ഇന്നത്തെ ജര്‍മന്‍ ടീമിന് ആവശ്യം ലോതര്‍ മത്തേവൂസിനെപ്പോലൊരു കളിക്കാരനെയാണ്. അത് അവരും തിരിച്ചറിയുന്നുണ്ടാകും. തീര്‍ച്ച.



