Saturday, February 21, 2026
Google search engine
HomeSportLegendsബാസ്‌ബോള്‍ കാലത്തെ ബെന്‍ സ്‌റ്റോക്‌സ്

ബാസ്‌ബോള്‍ കാലത്തെ ബെന്‍ സ്‌റ്റോക്‌സ്

കെ.ശ്രീജിത്ത്

ആധുനിക ക്രിക്കറ്റില്‍ എല്ലാ അര്‍ത്ഥത്തിലും ഇംഗ്ലണ്ടിന്റെ ഹീറോമാരിലൊരാളാണ് ബെന്‍ സ്‌റ്റോക്‌സ്. നിര്‍ഭയത്വം മുഖമുദ്രയാക്കിയ ക്രിക്കറ്റര്‍. ബാറ്റിങ്ങിലും ബൗളിംഗിലും ഫീല്‍ഡീംഗിലും ഒരുപോലെ കഠിനാദ്ധ്വാനം ചെയ്യുന്ന, ഒരിക്കലും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത പോരാളിയാണ് സ്‌റ്റോക്‌സ്. ഏത് സാഹചര്യത്തിലും അവസാനം വരെ പോരാടുക എന്നതാണ് അയാളുടെ മുദ്രാവാക്യം. ക്രിക്കറ്റ് ഫീല്‍ഡില്‍ ചെറിയ, ചെറിയ കാര്യങ്ങള്‍ പോലും എത്ര പ്രധാനപ്പെട്ടാണെന്ന് അയാള്‍ സ്വന്തം പ്രകടനത്തിലൂടെ ലോകത്തോട് എപ്പോഴും വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കും. കളി ഇംഗ്ലണ്ടിന് എത്ര പ്രതികൂലമാണെങ്കിലും ഒരു മികച്ച ക്യാച്ചിലൂടെയോ ഒരു മികച്ച റണ്ണൗട്ടിലൂടെയോ അതുമല്ലെങ്കില്‍ ഒരു വിക്കറ്റെടുത്തോ അയാള്‍ ടീമിനനുകൂലമായൊരു വഴിത്തിരിവുണ്ടാക്കും.

ബാറ്റിംഗ് ചെയ്യുന്ന സമയത്താണെങ്കില്‍ എതിര്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് തിരിച്ചടിയില്‍ നിന്ന് ടീമിനെ കരകയറ്റും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2019 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ അയാള്‍ കളിച്ച ഇന്നിംഗ്‌സ്. ആ ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിന് ഇതാദ്യമായി ഏകദിനത്തില്‍ ലോക കിരീടം നേടിക്കൊടുക്കുന്നതിന് കാരണമായത്. അന്നയാള്‍ പുറത്താകാതെ 84 റണ്ണാണ് നേടിയത്. ആ വര്‍ഷം തന്നെ ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ മിക്കവാറും തോറ്റ ടെസ്റ്റ് മത്സരം അവിശ്വസനീയമായി അയാള്‍ വിജയിപ്പിച്ചു. വാലറ്റത്തെ കൂട്ടുപിടിച്ച് പുറത്താകാതെ 135 റണ്ണടിച്ചാണ് അന്ന് സ്റ്റോക്‌സ് ഇംഗ്ലണ്ടിന് അത്ഭുതജയം നേടിക്കൊടുത്തത്. 362 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ ജയം ഒരു വിക്കറ്റിനായിരുന്നു. ഈ രണ്ട് ഇന്നിംഗ്‌സുകളും കേവലം ഇച്ഛാശക്തിയുടെ മാത്രം പിന്‍ബലത്തിലായിരുന്നു അയാള്‍ സാധ്യമാക്കിയത്. ആ ഇന്നിംഗ്‌സുകള്‍ എന്താണ് ബെന്‍ സ്റ്റോക്‌സിന്റെ വ്യക്തിത്വം എന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ട്. ഈ നിര്‍ഭയത്വവും ഇച്ഛാശക്തിയുമാണ് എക്കാലത്തും ബെന്‍ സ്റ്റോക്‌സ് എന്ന ക്രിക്കറ്ററെ മുന്നോട്ടുനയിച്ചത്. ഇതുപോലെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്പുള്ള ക്രിക്കറ്റര്‍മാര്‍ അധികമൊന്നും ക്രിക്കറ്റ് ചരിത്രത്തിലുണ്ടായിട്ടില്ല. ഏതെങ്കിലുമൊക്കെ തരത്തില്‍ ടീമിന് സംഭാവനകള്‍ നല്‍കുന്ന മികച്ച ഓള്‍റൗണ്ടറാണ് ബെന്‍ സ്റ്റോക്‌സ്. ക്യാപ്റ്റനായപ്പോഴാകട്ടെ ആക്രമണ ക്രിക്കറ്റിന്റെ പുതിയൊരു മുഖം അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു അയാള്‍. ടെസ്റ്റില്‍ പരിമിത ഓവര്‍ ക്രിക്കറ്റിലെന്ന പോലെ ആക്രമിച്ചുകളിക്കാനും അതിവേഗം റണ്ണടിച്ചുകൂട്ടാനും അയാള്‍ ടീമിനോട് ആവശ്യപ്പെട്ടു. കോച്ച് ബ്രെന്‍ഡന്‍ മക്കല്ലവും സ്‌റ്റോക്‌സും ചേര്‍ന്ന് നടപ്പിലാക്കിയ ആ ശൈലിക്ക് ‘ബാസ്‌ബോള്‍ ക്രിക്കറ്റ്’ എന്ന വിശേഷണം മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്തു.

2013-14 ആഷസ് പരമ്പരയില്‍ പെര്‍ത്തില്‍ ബെന്‍ സ്റ്റോക്‌സ് നേടിയ സെഞ്ച്വറി അയാളുടെ പ്രതിഭ വിളിച്ചറിയിക്കുന്നതായിരുന്നു. 2016ല്‍ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന ടെസ്റ്റില്‍ അയാള്‍ നേടിയ ഡബിള്‍ സെഞ്ച്വറി ചരിത്രമായി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഡബിള്‍ സെഞ്ച്വറി ആയിരുന്നു അത്. അന്നയാള്‍ 258 റണ്ണാണ് അടിച്ചത്. ആ വര്‍ഷം തന്നെ അയാള്‍ ഏകദിന ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ച്വറിയും അയാള്‍ നേടി. ഇങ്ങനെ ചില മികച്ച നേട്ടങ്ങള്‍ കരിയറിന്റെ ആദ്യ ഭാഗത്തുണ്ടായെങ്കിലും തിരിച്ചടികളും ഇതിനൊപ്പമുണ്ടായി. അതിന്റെ ഏറ്റവും വലിയ ഉദാഹരണം 2016ലെ ട്വന്റി20 ലോകകപ്പ് ഫൈനലാണ്. ആ ഫൈനലിലെ അവസാന ഓവര്‍ എറിഞ്ഞ സ്റ്റോക്‌സിനെ വെസ്റ്റ് ഇന്‍ഡീസിന്റെ കാര്‍ലോസ് ബ്രാത്‌വെയ്റ്റ് തുടര്‍ച്ചയായി നാല് സിക്‌സറിന് പറത്തി ടീമിന് വിജയം സമ്മാനിച്ചു. സ്റ്റോക്‌സ് ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു ഫൈനലാണ് അത്. 2107ല്‍ ബ്രിസ്റ്റോളിലെ ഒരു നൈറ്റ് ക്ലബില്‍ പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് സ്റ്റോക്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ വിചാരണ നേരിടേണ്ടിവരികയും താത്കാലികമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് അയാളെ മാറ്റിനിര്‍ത്തുകയും ചെയ്തു. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും സ്റ്റോക്‌സിന് തിരിച്ചടികളുടെ കാലമായിരുന്നു അത്. ആ കേസില്‍ നിന്ന് അയാള്‍ ഊരിപ്പോന്നെങ്കിലും അതുണ്ടാക്കിയ ചീത്തപ്പേര് വലുതായിരുന്നു. മാത്രമല്ല കേസ് കാരണം അയാള്‍ക്ക് 2017-18ലെ ആഷസ് പരമ്പര നഷ്ടമാവുകയും ചെയ്തു. ഫോമും വിശ്വാസവും തിരിച്ചുപിടിക്കാന്‍ സ്റ്റോക്‌സ് നിര്‍ബന്ധിതനായി. എന്നാല്‍ തിരിച്ചുവരാനുള്ള മനക്കരുത്ത് അയാള്‍ക്കുണ്ടായിരുന്നു. പൂര്‍വാധികം ശക്തിയോടെ അയാള്‍ തിരിച്ചെത്തുകയും ചെയ്തു.

2018 അവസാനത്തോടെ ഇംഗ്ലണ്ട് ശ്രീലങ്കയില്‍ 3-0ന് ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ അതില്‍ നിര്‍ണായക സംഭാവന നല്‍കിയത് സ്‌റ്റോക്‌സ് ആയിരുന്നു. ആ പരമ്പരയോടെ ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ തിളങ്ങുന്ന കളിക്കാരനായി അയാള്‍ മാറി. 2019 ആകുമ്പോഴേയ്ക്കും ഇംഗ്ലണ്ട് ക്രിക്കറ്റില്‍ സ്‌റ്റോക്‌സ് തന്റേതായൊരു വ്യക്തിത്വം രൂപപ്പെടുത്തിയെടുത്തിരുന്നു. പ്രതിഭയുള്ള ക്രിക്കറ്റര്‍ എന്ന നിലയില്‍ മാത്രമായിരുന്നില്ല അത്. മറിച്ച് ടീമിന് ഏറ്റവും ആവശ്യമായ സമയത്ത് മികച്ച പ്രകടനം പുറത്തെടുക്കുന്ന കളിക്കാരന്‍ എന്ന നിലയില്‍ കൂടിയായിരുന്നു. എന്നാല്‍ 2021ല്‍ ജോലിഭാരം കൂടിയതും പരിക്കിന്റെ പിടിയിലായതും കാരണം അയാള്‍ക്ക് പരിമിത ഓവര്‍ ക്രിക്കറ്റില്‍ അധികമൊന്നും കളിക്കാനായില്ല. ആ വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് അയാള്‍ക്ക് നഷ്ടമായി. 2022ല്‍ ഇംഗ്ലണ്ട് തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങി. ആഷസില്‍ ഓസ്‌ട്രേലിയ 4-0ന് ഇംഗ്ലണ്ടിനെ തകര്‍ത്തപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിലും ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പര നഷ്ടമായി. തുടര്‍ന്ന് ക്യാപ്റ്റനായിരുന്ന ജോ റൂട്ട് രാജിവെച്ചു. തുടര്‍ന്ന് ദീര്‍ഘകാലം വൈസ് ക്യാപ്റ്റനായിരുന്ന ബെന്‍ സ്റ്റോക്‌സിനെ നിയമിച്ചു. തുടര്‍ന്നാണ് ഇംഗ്ലണ്ടിന്റെ ‘ബാസ്‌ബോള്‍’ യുഗം ആരംഭിക്കുന്നത്. ഈ ശൈലി ഇംഗ്ലണ്ടിന് ടെസ്റ്റില്‍ ഒട്ടേറെ വിജയങ്ങള്‍ നേടിക്കൊടുത്തു. ന്യൂസീലന്റ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നീ ടീമുകള്‍ക്കെതിരെ ഇംഗ്ലണ്ട് പരമ്പര വിജയം നേടി. ഇതില്‍ പാകിസ്താനില്‍ 3-0ന് ഇംഗ്ലണ്ട് ജയിച്ചത് ചരിത്രമായി. ഇംഗ്ലണ്ടിന്റെ പുതിയ ശൈലി ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ടെസ്റ്റ് ക്രിക്കറ്റിലേയ്ക്ക് ആളുകളുടെ ശ്രദ്ധ തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ ബാസ്‌ബോളിന് തിരിച്ചടികളുമുണ്ടായി. 2023 ആഷസ് പരമ്പര സമനിലയിലാവുകയും ഇന്ത്യയില്‍ 4-1നും പാകിസ്താനില്‍ 2-1നും ഇംഗ്ലണ്ട് പരമ്പരകള്‍ തോല്‍ക്കുകയും ചെയ്തു. ഇതോടെ ബാസ്‌ബോള്‍ ശൈലി സ്ഥിരതയുള്ള ഒന്നല്ലെന്നും അതിന് അതിന്റേതായ അപകടങ്ങളുണ്ടെന്നുമുള്ള വിമര്‍ശനവും ഉയര്‍ന്നുവന്നു.

കാല്‍മുട്ടിലെ പരിക്ക് നിരന്തരം ശല്യം ചെയ്തതിനെത്തുടര്‍ന്ന് 2022ല്‍ സ്റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. എന്നാല്‍ 2023 ലോകകപ്പിന് മുമ്പ് സ്റ്റോക്‌സ് തീരുമാനം പിന്‍വലിക്കുകയും ലോകകപ്പില്‍ കളിക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്റെ പ്രകടനം ദയനീയമായിരുന്നെങ്കിലും സ്റ്റോക്‌സ് മികച്ച കളി പുറത്തെടുത്തു. അയാള്‍ ലോകകപ്പിലെ തന്റെ ആദ്യ സെഞ്ച്വറി നേടി. നെതര്‍ലന്റ്‌സിനെതിരായ മത്സരത്തിലായിരുന്നു ഇത്. സ്റ്റോക്‌സ് ഇതുവരെയായി 112 ടെസ്റ്റുകളില്‍ നിന്ന് 6,781 റണ്ണാണ് സ്‌കോര്‍ ചെയ്തത്. 35.31 ആണ് ശരാശരി. 13 സെഞ്ച്വറിയും 35 അര്‍ദ്ധ സെഞ്ച്വറിയും നേടി. 258 ആണ് ഉയര്‍ന്ന സ്‌കോര്‍. 218 വിക്കറ്റാണ് ടെസ്റ്റില്‍ ഇതുവരെയായി ബെന്‍ സ്‌റ്റോക്‌സ് വീഴ്ത്തിയത്. ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെന്ന നേട്ടം നാല് തവണ കരസ്ഥമാക്കി. ടെസ്റ്റില്‍ 113 ക്യാച്ചുകളും സ്‌റ്റോക്‌സ് എടുത്തിട്ടുണ്ട്. 114 ഏകദിന മത്സരങ്ങളില്‍ നിന്ന് 41.22 ശരാശരിയില്‍ 3,463 റണ്ണാണ് സ്‌റ്റോക്‌സിന്റെ സമ്പാദ്യം. അഞ്ച് സെഞ്ച്വറി നേടി. 182 ആണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ സ്‌റ്റോക്‌സ് 74 വിക്കറ്റാണ് വീഴ്ത്തിയത്. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കി. ഏകദിനത്തില്‍ സ്‌റ്റോക്‌സ് 55 ക്യാച്ചുകളാണെടുത്തത്. 43 ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 585 റണ്‍സാണ് സ്‌റ്റോക്‌സ് നേടിയത്. 21.66 ആണ് ശരാശരി. ഒരു അര്‍ദ്ധ സെഞ്ച്വറി. പുറത്താകാതെ നേടിയ 52 റണ്ണാണ് ഉയര്‍ന്ന സ്‌കോര്‍. ട്വന്റി20യില്‍ 26 വിക്കറ്റാണ് സ്‌റ്റോക്‌സ് വീഴ്ത്തിയത്. 22 ക്യാച്ചുകളും അയാളെടുത്തു.

ക്രിക്കറ്റില്‍ ഓള്‍റൗണ്ടര്‍മാര്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. ടീമിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് ഓള്‍റൗണ്ടര്‍മാരാണ്. ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗും ഒരുപോലെ ചെയ്യാന്‍ കഴിയുന്ന ഒരു കളിക്കാരന്‍ ടീമിലുണ്ടെങ്കില്‍ അയാള്‍ ഒരേസമയം രണ്ട് കളിക്കാരുടെ ഗുണമാണ് ടീമിന് ചെയ്യുക. അതുകൊണ്ടുതന്നെ ക്രിക്കറ്റ് എന്ന കളി തുടങ്ങിയ കാലം തൊട്ടുതന്നെ ഓള്‍റൗണ്ടര്‍മാര്‍ക്ക് വലിയ ഡിമാന്റുമുണ്ട്. എന്നാല്‍ ഒരുപാട് പേര്‍ ഇങ്ങനെ ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗും ചെയ്യാന്‍ കഴിയുന്നവരില്ല എന്നുള്ളതുകൊണ്ടുതന്നെ പല ടീമുകള്‍ക്കും ഓള്‍റൗണ്ടര്‍മാരുടെ ക്ഷാമം അനുഭവപ്പെടാറുമുണ്ട്. നല്ലൊരു ഓള്‍റൗണ്ടറുള്ള ടീം കളിക്കാനിറങ്ങുന്നതിന് മുമ്പേ കളിയില്‍ മേധാവിത്തം നേടുന്നവരാണ്. ഒരുകാലത്ത് ഇന്ത്യയുടെ കപില്‍ദേവ്, പാകിസ്താന്റെ ഇമ്രാന്‍ ഖാന്‍, ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതം, ന്യൂസീലന്റിന്റെ റിച്ചാര്‍ഡ് ഹാഡ്‌ലി എന്നിവര്‍ ലോകക്രിക്കറ്റിലെ പേരുകേട്ട ഓള്‍റൗണ്ടര്‍മാരായിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസിനെപ്പോലുള്ളവര്‍ രംഗത്തെത്തി. ഇയാന്‍ ബോതത്തിന് ശേഷം മറ്റൊരു മിടുക്കന്‍ ഓള്‍റൗണ്ടര്‍ക്കായി ഇംഗ്ലണ്ട് ദീര്‍ഘകാലം കാത്തിരുന്നു. ഒടുവില്‍ ആന്‍ഡ്ര്യൂ ഫഌന്റോഫ് ആണ് അവരുടെ കാത്തിരിപ്പിന് വിരാമമിട്ടത്. ഫഌന്റോഫിന് ശേഷം സാമാന്യം തരക്കേടില്ലാത്ത ഒരിടവേളയ്ക്ക് ശേഷമാണ് ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ട് ടീമിലെത്തുന്നത്. സ്‌റ്റോക്‌സിന്റെ വരവോടെ ഇംഗ്ലണ്ട് ശരിക്കും മിന്നി. അയാള്‍ എല്ലാം തികഞ്ഞൊരു ഓള്‍റൗണ്ടറാണ് എന്നതുതന്നെ കാരണം. ഏതാനും നിമിഷങ്ങള്‍ കൊണ്ട് അയാളൊരു കളി മാറ്റിമറിക്കും. അതൊരുപക്ഷെ ഒരു ക്യാച്ചായിരിക്കാം, ഒരു വിക്കറ്റായിരിക്കാം, എന്തിന് ഒരു സിക്‌സര്‍ പോലുമാകാം. കളിയുടെ ഗതിക്ക് വിപരീതമായിട്ടായിരിക്കും അയാള്‍ ചിലപ്പോള്‍ ഒരു റണ്ണൗട്ട് സൃഷ്ടിച്ചെടുക്കുക. അല്ലെങ്കില്‍ ബൗള്‍ ചെയ്ത് ഒരു വിക്കറ്റ് വീഴ്ത്തുക. അതുമതി അയാള്‍ക്ക് ആ കളി സ്വന്തം ടീമിന് അനുകൂമാക്കി മാറ്റാന്‍. ഇങ്ങനെ എത്രയോ വട്ടം അയാള്‍ പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് സ്വന്തം ടീമിനെ ജയിപ്പിച്ചിരിക്കുന്നു.

അസാധ്യതകളില്‍ നിന്ന് സാധ്യതകള്‍ കണ്ടെത്താന്‍ ബെന്‍ സ്റ്റോക്‌സിന് വല്ലാത്തൊരു മിടുക്കുണ്ട്. അതുകൊണ്ടുതന്നെയാണ് എതിര്‍ ടീമുകള്‍ അയാളെ ഇത്രമാത്രം ഭയപ്പെടുന്നതും. സ്റ്റോക്‌സ് പലപ്പോഴും ഒരു ഒറ്റയാള്‍ പട്ടാളമാണ്. അങ്ങനെ എത്ര ഐതിഹാസിക ജയങ്ങളാണ് അയാള്‍ ഇംഗ്ലണ്ടിന് നേടിക്കൊടുത്തിട്ടുള്ളത്. 2019ലെ ഏകദിന ലോകകപ്പും ഒരു ആഷസ് ടെസ്റ്റുമെല്ലാം ഈ വിജയങ്ങളില്‍ ഉള്‍പ്പെടും. ഒന്നുമില്ലാത്തിടത്തുനിന്ന് പൊരുതിക്കയറിയാണ് സ്റ്റോക്‌സ് ആ ജയങ്ങലെല്ലാം നേടിയെടുത്തത്. സ്‌റ്റോക്‌സിനെപ്പോലെ കളിയിലെ സാഹചര്യങ്ങളെ ഇത്രമാത്രം കൃത്യമായി മനസിലാക്കുന്ന ക്രിക്കറ്റര്‍മാര്‍ അധികമൊന്നും ഇന്ന് ലോകക്രിക്കറ്റിലില്ല. മികച്ചൊരു ക്രിക്കറ്റ് ബ്രെയ്ന്‍ അയാള്‍ക്കുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ പ്രത്യേകിച്ചും അയാള്‍ ശോഭിക്കുന്നത് ഇതുകൊണ്ടാണ്. ഏത് തീരുമാനവും വളരെപ്പെട്ടെന്നുതന്നെ എടുക്കുന്ന സ്റ്റോക്‌സ് വരുന്നത് വരട്ടെ എന്ന നിലയില്‍ എന്ത് പരീക്ഷണത്തിനും തയ്യാറാകുന്ന ക്യാപ്റ്റന്‍ കൂടിയാണ്. ആ നിര്‍ഭയത്വം കൊണ്ടുതന്നെ പരീക്ഷണങ്ങള്‍ മിക്കതും വിജയിക്കുകയും ചെയ്തു. എവിടെയും അയാള്‍ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചു. ആ വ്യക്തിത്വത്തിന്റെ സ്വാധീനം ബാസ്‌ബോള്‍ ക്രിക്കറ്റ് ശൈലിയില്‍ കാണാം. ആ സ്വാധീനം സഹകളിക്കാരിലേയ്ക്കും അയാള്‍ പകരുന്നു. ആ വ്യക്തിത്വത്തിന്റെ വലുപ്പം ടീമിനും ഗുണം ചെയ്യുന്നു. എന്തും നേടിയെടുക്കാന്‍ കഴിയുന്ന ടീമാണ് നമ്മുടേതെന്ന് എല്ലാ കളിക്കാരെയും വിശ്വസിപ്പിക്കാന്‍ അയാളുടെ ആ വ്യക്തിത്വത്തിന് സാധിക്കുന്നു. എന്തിനും മുന്നില്‍ നിന്ന് നയിക്കുക കൂടി ആകുന്നതോടെ ആ വിശ്വാസം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നു. എന്തായാലും നിലവില്‍ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് തന്നെയാണെന്ന് നിസംശയം പറയാം. ആ പ്രതിഭ ഇനിയും കുറച്ച് വര്‍ഷങ്ങള്‍ കൂടി ലോകക്രിക്കറ്റില്‍ നിറഞ്ഞുനില്‍ക്കുമെന്നുതന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments