കെ.ശ്രീജിത്ത്
ആ അവസാന കടമ്പയില്‍ തട്ടി സിനദിന്‍ സിദാന്‍ വീണു… ഫ്രാന്‍സിനെ രണ്ടാമതും ലോകചാമ്പ്യന്‍മാരാക്കി ഫ്രഞ്ച് ഫുട്‌ബോളിലെ രാജസിംഹാസനം കൈയ്യടക്കാനുള്ള അവസരമാണ് സിദാന്‍ നഷ്ടമാക്കിയത്. പെലെയ്ക്കും മറഡോണയ്ക്കും ഒപ്പം ലോകഫുട്‌ബോളിന്റെ നെറുകയില്‍ സ്ഥാനം പിടിക്കാനുള്ള അവസരമാണ് സിദാന്‍ നഷ്ടമാക്കിയത്.

2006 ജൂലായ് ഒമ്പത് രാത്രി. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സും ഇറ്റലിയും ഏറ്റുമുട്ടുന്നു.
ഇരുടീമും ഓരോ ഗോള്‍ വീതം നേടിയ കളി എക്‌സ്ട്രാ ടൈമിലാണ്. പോരാട്ടച്ചൂട് കൊണ്ട് ബെര്‍ലിനിലെ മൈതാനം തിളച്ചുമറിയുന്നു. നൂറ്റിനാലാം മിനിറ്റില്‍ സിദാന്റെ എണ്ണം പറഞ്ഞൊരു ഹെഡ്ഡര്‍ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലുഗി ബഫണ്‍ പറന്നുയര്‍ന്ന് ക്രോസ് ബാറിന് മുകളിലേയ്ക്ക് കൈവിരലുകള്‍ കൊണ്ട് തട്ടിയകറ്റുന്നു. ഗോളായെന്ന് സിദാന്‍ ഉറപ്പിച്ച നിമിഷമായിരുന്നു അത്. എന്നാല്‍ ബഫണിന്റെ പ്രതിഭ ഒന്നുകൊണ്ട് മാത്രം അത് ഗോളാകാതെപ്പോയി. യഥാര്‍ത്ഥത്തില്‍ ആ നിമിഷം ബഫണ്‍ രണ്ട് കാര്യങ്ങളാണ് ചെയ്തത്. ഒന്ന് ഇറ്റലിയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. അത് പിന്നീട് അവരെ ലോകചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായകമായി. സൂപ്പര്‍താരം സിനദിന്‍ സിദാനെ നിരാശയുടെ പടുകുഴിയിലേയ്ക്ക് തള്ളിയിട്ടു എന്നതായിരുന്നു ബഫണിന്റെ രണ്ടാമത്തെ നേട്ടം. അത് പിന്നീട് ഫ്രാന്‍സിന്റെ തോല്‍വിക്ക് കാരണമായി. എങ്ങനെയന്നല്ലേ പറയാം…

കളിയുടെ 110-ാം മിനിറ്റില്‍ ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ മറ്റരാസിയുടെ വയറ്റില്‍ സിദാന്‍ തലകൊണ്ട് കുത്തുന്നു. റഫറി ചുവപ്പുകാര്‍ഡ് ഉയര്‍ത്തുന്നു. സിദാന്‍ കളിയില്‍ നിന്ന് പുറത്ത്. മറ്റരാസി സിദാന്റെ വീട്ടിലുള്ളവരെ ആക്ഷേപിച്ചതായിരുന്നു പ്രകോപനമെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ അത് മാത്രമായിരുന്നില്ല കാരണം. ആറ് മിനിറ്റ് മുമ്പ് ഗോളെന്നുറപ്പിച്ച തന്റെ ഹെഡ്ഡര്‍ ബഫണ്‍ കുത്തിയകറ്റിയത് സിദാനെ അങ്ങേയറ്റം നിരാശയിലാഴ്ത്തിയിരുന്നു. ഈ നിരാശ കൂടിയായിരിക്കണം സിദാനെക്കൊണ്ട് അങ്ങനെയൊരു കടുംകൈ ചെയ്യിപ്പിച്ചത്.

എന്തായാലും സിദാന്റെ പുറത്താകലിന്റെ ഞെട്ടലില്‍ നിന്ന് പിന്നീട് ഫ്രാന്‍സ് മുക്തരായില്ല. ഫലമോ എക്‌സ്ട്രാ ടൈമിനൊടുവില്‍ നടന്ന പെനാല്‍റ്റി ഷൂറ്റൗട്ടില്‍ ഫ്രാന്‍സ് 5-3ന് ഇറ്റലിയോട് പരാജയപ്പെട്ടു. ഇറ്റലി ലോകചാമ്പ്യന്മാരായി. ഫ്രാന്‍സിന് നിരാശയോടെ മടക്കം. ഒപ്പം പെലെയുടെയും മറഡോണയുടെയും ലീഗിലെത്താനുള്ള അവസരം നഷ്ടപ്പെടുത്തി സിദാനും.



