കെ.ശ്രീജിത്ത്
1996ലെ മാര്‍ച്ച് 13ലെ ആ രാത്രി ഓര്‍മയില്ലെ… നിറഞ്ഞുകവിഞ്ഞ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്… ഇന്ത്യയ്ക്കുവേണ്ടി ആര്‍ത്തലയ്ക്കുന്ന ജനസാഗരം… ശ്രീലങ്കയെ തോല്പിച്ച് ഇന്ത്യ ഫൈനലില്‍ കടക്കുമെന്നും അത്തവണത്തെ ലോകകപ്പ് ഇന്ത്യ നേടുമെന്നും ഉറപ്പിച്ചുകൊണ്ട് ഓരോ ക്രിക്കറ്റ് പ്രേമിയും ആര്‍ത്തുവിളിക്കുന്നു.
പകലും രാത്രിയുമായി നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ശ്രീലങ്കയെ ബാറ്റ് ചെയ്യാന്‍ വിടുന്നു. തുടക്കത്തില്‍ത്തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി ജവഗല്‍ ശ്രീനാഥ് ഇന്ത്യയ്ക്ക് ഗംഭീര തുടക്കം നല്‍കുന്നു. ഒരു റണ്ണെടുക്കുന്നതിനിടെ വെടിക്കെട്ട് ഓപ്പണര്‍മാരായ റോമേഷ് കലുവിതരണയെയും സനത് ജയസൂര്യയെയും ശ്രീനാഥ് മടക്കുന്നു. ആ ഘട്ടത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സ് അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ബാറ്റ് ചെയ്യാനെത്തിയ അരവിന്ദ് ഡിസില്‍വ ആക്രമിച്ചുകളിച്ചു. 47 പന്തില്‍ 66 റണ്‍സെടുത്ത് നാലാമനായി ഡിസില്‍വ ഔട്ടാകുമ്പോള്‍ ശ്രീലങ്കന്‍ ടോട്ടല്‍ 85 റണ്‍സിലെത്തിയിരുന്നു. ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയും റോഷന്‍ മഹാനമയും ഹഷന്‍ തിലകരത്‌നെയും ചാമിന്ദ വാസുമെല്ലാം ഒത്തുപിടിച്ച് ശ്രീലങ്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. അപ്പോഴേക്കും 50 ഓവറില്‍ എട്ട് വിക്കറ്റിന് 251 റണ്‍സെന്ന മികച്ച സ്‌കോറിലേയ്ക്ക് ശ്രീലങ്ക എത്തിയിരുന്നു.

ലോകകപ്പ് ഫൈനലിലെത്താന്‍ 252 റണ്‍സ് എന്ന കടമ്പ കടക്കാനുറപ്പിച്ച് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും മോശമായിരുന്നു. സ്‌കോര്‍ എട്ടിലെത്തി നില്‍ക്കെ ഓപ്പണര്‍ നവ്‌ജ്യോത് സിംഗ് സിദ്ദു പുറത്ത്. എന്നാല്‍ പിന്നീടങ്ങോട്ട് സച്ചിന്‍ തെന്‍ഡുല്‍ക്കറും സഞ്ജയ് മഞ്ജരേക്കറും ചേര്‍ന്ന് സ്‌കോര്‍ പതുക്കെ പതുക്കെ ഉയര്‍ത്തി. എന്നാല്‍ സ്‌കോര്‍ 98ലെത്തിയപ്പോള്‍ 65 റണ്‍സെടുത്ത സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പുറത്തായി. സനത് ജയസൂര്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റോമേഷ് കലുവിതരണ സച്ചിനെ സ്റ്റംപ് ചെയ്യുകയായിരുന്നു.

പിന്നീടങ്ങോട്ട് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹരുദ്ദീനോ എപ്പോഴും ഇന്ത്യയുടെ രക്ഷകനാകാറുള്ള അജയ് ജഡേജയ്‌ക്കോ വിനോദ് കാംബ്ലിക്കോ ഒന്നും ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായില്ല. ഫലമോ 120 റണ്‍സെടുക്കുന്നതിനിടയില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെട്ടു.

അപ്പോഴേക്കും രോഷാകുലരായ കാണികള്‍ ഇളകിത്തുടങ്ങിയിരുന്നു. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്തിരുന്ന ശ്രീലങ്കന്‍ കളിക്കാര്‍ക്കുനേരെ കാണികള്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞു. ഗാലറിയില്‍ തീയിട്ടു. കാണികളെ ശാന്തരാക്കാന്‍ പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. അതോടെ ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിച്ചു.

അന്ന് പത്ത് റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്ന വിനോദ് കാംബ്ലി പൊട്ടിക്കരഞ്ഞുകൊണ്ടാണ് പവലിനിയിലേയ്ക്ക് തിരിച്ചുനടന്നത്. ആ ദൃശ്യം ഇന്ത്യന്‍ കായികരംഗത്തെ ഏറ്റവും ദൗര്‍ഭാഗ്യകരമായ ദൃശ്യമായി ഇന്നും ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിലുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് എക്കാലത്തേയ്ക്കും മാനക്കേടും നാണക്കേടുമുണ്ടാക്കുന്ന പെരുമാറ്റമായിരുന്നു ഈഡന്‍ ഗാര്‍ഡനിലെ കാണികളുടേത്. മറ്റൊന്നുകൂടി, ആ മത്സരത്തില്‍ ജയിച്ച ശ്രീലങ്ക പിന്നീട് പാകിസ്താനിലെ ലാഹോറില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്പിച്ച് ലോകകിരീടം ഉയര്‍ത്തി ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.



