കെ.ശ്രീജിത്ത്
ഇന്ത്യയും പാകിസ്താനും! ക്രിക്കറ്റില്‍ ഇതുപോലെ പരസ്പരം പോരടിച്ച ടീമുകള്‍ വളരെക്കുറവായിരിക്കും. ഇരുടീമുകള്‍ക്കുമിടയില്‍ ഒരു മത്സരം നടക്കുമ്പോള്‍ മൈതാനത്തിനകത്തും പുറത്തും ഒരുപോലെ ചൂടിന്റെ കാഠിന്യം വളരെ കൂടുതലായിരിക്കും. അങ്ങനെയൊരു മത്സരമായിരുന്നു 1992 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന് മത്സരം. അന്ന് പാകിസ്താന്റെ ജാവേദ് മിയാന്‍ദാദും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെയും തമ്മില്‍ ചെറിയൊരു ഉരസലുണ്ടായി. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലോകം ഇന്നും കൗതുകപൂര്‍വം കാണുന്ന ഒന്നാണ്.

ആ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് ഇന്നിംഗ്സിലെ 25-ാം ഓവറിനിടെയാണ് സംഭവം. അന്ന് 19 വയസ് മാത്രം പ്രായമുള്ള സച്ചിന് തെന്‍ഡുല്‍ക്കറാണ് ബൗളര്‍. സച്ചിനെ നേരിടുന്നത് മിയാന്‍ദാദ്. ലെഗ് സ്റ്റംപിന് പുറത്തേയ്ക്ക് പോയ സച്ചിന്റെ പന്ത് മിയാന്‍ദാദിന്റെ പാഡിലുരസി വിക്കറ്റ് കീപ്പറായ കിരണ്‍ മോറെയും ഗ്ലൗസിലെത്തുന്നു. മോറെ ക്യാച്ചിന് അപ്പീല്‍ ചെയ്യുന്നു. അംപയര്‍ ഡേവിഡ് ഷെപ്പേഡ് അപ്പീല്‍ നിരസിക്കുന്നു. തുടര്‍ന്ന് സച്ചിന് അടുത്ത പന്ത് ബൗള്‍ ചെയ്യാന്‍ ഓടിവരുമ്പോള്‍ പെട്ടെന്ന് മിയാന്‍ദാദ് ഇടതുകൈ ഉയര്‍ത്തിക്കാണിച്ച് സച്ചിനോട് നിര്‍ത്താന്‍ പറയുന്നു. എന്നിട്ട് രണ്ടുകൈയും പിറകിലോട്ട് കെട്ടി കിരണ്‍ മോറെയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നു. മോറെയും എന്തൊക്കെയോ മറുപടി പറയുന്നുണ്ട്.

ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്ന് മോറെ പിറുപിറുക്കുന്നതാണ് മിയാന്‍ദാദിനെ പ്രകോപിപ്പിച്ചത്. അപ്പോഴേയ്ക്കും നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് ആമിര്‍ സൊഹൈല്‍ മിയാന്ദാദിനടുത്തേയ്ക്ക് ചുവടുവെയ്ക്കുന്നു. എന്നാല്‍ അംപയര്‍ ഷെപ്പേഡ് സൊഹൈലിനോട് ക്രീസില്‍ നില്ക്കാന് ആവശ്യപ്പെട്ട് കളി തുടരാന്‍ നിര്‍ദേശിക്കുന്നു. സച്ചിന് തെന്‍ഡുല്‍ക്കറുടെ അടുത്ത പന്ത് ആഞ്ഞടിക്കാന്‍ മിയാന്‍ദാദ് ശ്രമിച്ചെങ്കിലും നേരെ ഫീല്‍ഡറുടെ കൈകളിലെത്തുന്നു. പിന്നെയാണ് ഏറ്റവും നാടകീയമായ ആ രംഗം. റണ്ണിനായി ഓടിയ മിയാന്‍ദാദ് തിരിച്ച് ക്രീസിലെത്തിയ ശേഷം രണ്ട് കാലും പൊക്കി മൂന്ന് തവണ ചാടുന്നു. നേരത്തെ ക്യാച്ചിനായി അപ്പീല്‍ ചെയ്ത മോറെയെ മിമിക് ചെയ്ത് കളിയാക്കുകയായിരുന്നു മിയാന്‍ദാദ്.

സച്ചിന്റെ ഓവറിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് അംപയര്‍മാരോട് സംസാരിക്കുകയും അംപയര്‍മാര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയും ചെയ്യുന്നു.

ആ മത്സരത്തില്‍ ഇന്ത്യ 43 റണ്‍സിന് ജയിച്ചു. 110 പന്തില്‍ 40 റണ്‍സായിരുന്നു ജാവേദ് മിയാന്‍ദാദ് സ്കോര്‍ ചെയ്തത്. ജവഗല്‍ ശ്രീനാഥ് മിയാന്‍ദാദിനെ ക്ലീന്‍ ബൗള്‍ ചെയ്യുകയായിരുന്നു. ഇന്നും യൂട്യൂബില്‍ ലക്ഷക്കണക്കിന് പേര് കൗതുകത്തോടെ തിരയുന്ന ഒരു ദൃശ്യമാണ് അന്ന് മിയാന്‍ദാദും മോറെയും തമ്മിലുള്ള ഉരസലിന്റേത്.



