Saturday, February 21, 2026
Google search engine
HomeSportControversiesഡക്ക്‌വര്‍ത്ത് ലൂയിസ് അമളികള്‍

ഡക്ക്‌വര്‍ത്ത് ലൂയിസ് അമളികള്‍

കെ.ശ്രീജിത്ത്

ക്രിക്കറ്റിലെ ഡക്ക്‌വര്‍ത്ത് ലൂയിസ് മഴ നിയമം ഒരു പരിധി വരെ കളിക്കിടെ മഴ വന്നാലുള്ള പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരമാണ്. എന്നാല്‍ ഈ നിയമം കണക്കുകൂട്ടുന്നതില്‍ പിഴച്ചാലോ? അങ്ങനെയുള്ള അബദ്ധങ്ങള്‍ ക്യാപ്റ്റന്‍മാരില്‍ നിന്നും കോച്ചുകളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അങ്ങനെ മണ്ടത്തരം പറ്റിയ രണ്ട് സന്ദര്‍ഭങ്ങള്‍ നമ്മുക്കൊന്ന് നോക്കാം.

1992ലെ ലോകകപ്പില്‍ അന്നത്തെ മഴനിയമം ദക്ഷിണാഫ്രിക്കയ്ക്ക് സമ്മാനിച്ച ദുരന്തത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ വേദനിച്ചിരുന്നു. എന്നാല്‍ 11 വര്‍ഷത്തിന് ശേഷം 2003 ലോകകപ്പില്‍ ഒരിക്കല്‍ കൂടി മഴനിയമ പ്രകാരം ദക്ഷിണാഫ്രിക്ക പുറത്താകാന്‍ കാരണം കണക്കുകൂട്ടലിലെ പിഴവായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യമായിരുന്നു. എന്നാല്‍ മാത്രമെ അവര്‍ക്ക് സൂപ്പര്‍ സിക്‌സിലെത്താന്‍ കഴിയുമായിരുന്നുള്ളൂ. മറുവശത്ത് ശ്രീലങ്കയാകട്ടെ നേരത്തെത്തന്നെ സൂപ്പര്‍സിക്‌സിലെത്തിയിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് മത്സരഫലം പ്രധാനമായിരുന്നില്ല. 

തുടക്കം മുതല്‍ മഴ ഭീഷണിയായിരുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 269 റണ്‍സിന്റെ വിജയലക്ഷ്യം വെയ്ക്കുന്നു. ക്ലോക്കിന്റെ പെന്‍ഡുലം പോലെ അങ്ങോട്ടുമിങ്ങോട്ടും ആടിനിന്ന മത്സരം ഒടുക്കം ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 32 പന്തില്‍ 46 റണ്‍സെന്ന നിലയിലെത്തുന്നു. അവശേഷിക്കുന്നതാകട്ടെ നാല് വിക്കറ്റും. അപ്പോഴേയ്ക്കും മഴ ചാറിത്തുടങ്ങിയിരുന്നു. ഏത് നിമിഷവും കളി നിര്‍ത്താമെന്നും മഴ പെയ്തു തുടങ്ങിയാല്‍ പിന്നെ കളി പുനരാരംഭിക്കലുണ്ടാകില്ലെന്നും കഴിഞ്ഞ കളികളിലെ അനുഭവത്തില്‍ നിന്ന് ഇരുടീമിനും അറിയാമായിരുന്നു. അപ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത് മാര്‍ക്ക് ബൗച്ചറും ലാന്‍സ് ക്ലൂസ്‌നറുമാണെന്നിരിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് തന്നെയായിരുന്നു മുന്‍തൂക്കം. മുത്തയ്യാ മുരളീധരന്‍ എറിഞ്ഞ ഓവറിലെ അഞ്ചാം പന്തില്‍ ബൗച്ചര്‍ സിക്‌സര്‍ നേടുന്നു. അതോടെ 31 പന്തില്‍ വേണ്ടത് 40 റണ്‍സ്. അപ്പോഴേയ്ക്കും മഴ കനത്തിരുന്നു. ഓവറിലെ അവസാന പന്തില്‍ ബൗച്ചറിന് വേണമെങ്കില്‍ ഒരു റണ്ണെടുക്കാമായിരുന്നു. എന്നാല്‍ കളി അപ്പോള്‍ നിര്‍ത്തിയാലും മഴനിയമപ്രകാരം തങ്ങള്‍ ജയിച്ചെന്ന കണക്കുകൂട്ടലില്‍ ബൗച്ചര്‍ റണ്ണെടുക്കാന്‍ മിനക്കെട്ടില്ല.

അപ്പോഴേയ്ക്കും മഴ കോരിച്ചൊരിയാന്‍ തുടങ്ങിയിരുന്നു. ഇതോടെ കളി നിര്‍ത്തി. പിന്നീടാണറിഞ്ഞത് ബൗച്ചറുടെ കണക്കുക്കൂട്ടല്‍ തെറ്റിപ്പോയെന്ന്. 45 ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ 230 റണ്‍സ് എടുക്കണമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കുണ്ടായിരുന്നത് 229 റണ്‍സ്! കളി പുനരാരംഭിച്ചില്ല. മത്സരം സമനിലയില്‍ അവസാനിച്ചതായി ഔദ്യോഗിക അറിയിപ്പ് വന്നു. അതോടെ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു.

കണക്കിലെ പിഴവില്‍ കളി തോറ്റ മറ്റൊരു ടീം വെസ്റ്റ് ഇന്‍ഡീസാണ്. 2009ലാണ് സംഭവം. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 271 റണ്‍സിന്റെ വിജയലക്ഷ്യവുമായി വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിംഗ് പുരോഗമിക്കുകയാണ്. വെളിച്ചം കുറഞ്ഞുവരുന്നു. അപ്പോഴാണ് സ്റ്റുവര്‍ട്ട് ബ്രോഡ് വെസ്റ്റ് ഇന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് രാംദിനെ പുറത്താക്കുന്നത്. മഴ മൂലം അപ്പോള്‍ കളി നിര്‍ത്തിയാല്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം മുന്‍തൂക്കം ഇംഗ്ലണ്ടിനായിരുന്നു. വെസ്റ്റ് ഇന്‍ഡീസിന് പിന്നെയും ജയിക്കാന്‍ 22 പന്തില്‍ 27 റണ്‍സ് വേണമായിരുന്നു.

എന്നാല്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അപ്പോള്‍ ജയസാധ്യത തങ്ങള്‍ക്കാണെന്ന് തെറ്റിദ്ധരിച്ച വെസ്റ്റ് ഇന്‍ഡീസ് കോച്ച് ജോണ്‍ ഡൈസണ്‍ വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി ക്രീസിലുള്ള ബാറ്റ്‌സ്മാന്‍മാരോട് പവലിയിനിലേയ്ക്ക് തിരിച്ചുവരാന്‍ നിര്‍ബന്ധിക്കുന്നു. അപ്പോള്‍ കളി നിര്‍ത്തിയാല്‍ തങ്ങള്‍ ജയിക്കുമെന്ന ഉറച്ച വിശ്വാസമാണ് ഡൈസണെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്. തൊട്ടുമുമ്പ് രാംദിന്‍ പുറത്തായതിന് ശേഷമുള്ള പുതിയ കണക്കുകള്‍ ഡൈസണ്‍ വിട്ടുപോയിരുന്നു. ഫലം ഒരു റണ്ണിന് വെസ്റ്റ് ഇന്‍ഡീസ് തോറ്റു!

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments