കെ.ശ്രീജിത്ത്
ഏത് സാഹചര്യത്തിലും ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റനാണ് രോഹിത് ശര്‍മ. കളിക്കാരെ പൂര്‍ണ വിശ്വാസത്തിലെടുത്ത്, അവരുടെ കഴിവുകളില്‍ മതിപ്പുള്ള ക്യാപ്റ്റന്‍. തിരിച്ചടികളില്‍ പതറാതെ, സ്ഥൈര്യത്തോടെ ടീമിനെ മുന്നോട്ടുനയിക്കാനുള്ള രോഹിതിന്റെ മിടുക്കാണ് ഇന്ന് ലോകക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായി അദ്ദേഹത്തെ മാറ്റിയത്. ആഴത്തിലുള്ള ക്രിക്കറ്റ് ബുദ്ധി, കളിയെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട്, ടീമിന്റെ ശക്തിദൗര്‍ബല്യങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണ എന്നിവയെല്ലാം രോഹിതിനെ ക്യാപ്റ്റനെന്ന നിലയില്‍ ശോഭിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിനും പറ്റിയ കളിക്കാരന്‍ എന്നതും എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നയാള്‍ എന്നതും വ്യത്യസ്ത സാഹചര്യങ്ങളെയും കളിയുടെ ഘടനയേയും പറ്റി മനസിലാക്കാന്‍ രോഹിതിനെ സഹായിച്ചിട്ടുണ്ട്.

തന്റെ ടീമിലെ ഓരോ കളിക്കാരനെയും പ്രൊഫഷണലായും വ്യക്തിപരമായും അടിമുടി മനസിലാക്കി അതിനനുസരിച്ചുള്ള സമീപനം അവരോട് സ്വീകരിക്കുന്ന ക്യാപ്റ്റനാണ് രോഹിത് ശര്‍മ. അതുകൊണ്ടുതന്നെ കളിക്കളത്തില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഓരോ കളിക്കാരന്റെയും മനോനിലയും ഏത് സാഹചര്യത്തില്‍ ഏത് കളിക്കാരനെ ഉപയോഗപ്പെടുത്തണമെന്നും ശരിയാംവിധമുള്ള ധാരണ രോഹിതിനുണ്ട്. സമ്മര്‍ദ്ദഘട്ടത്തില്‍ ടീമിന്റെ രക്ഷയ്‌ക്കെത്താന്‍ ഏത് കളിക്കാരന് കഴിയും എന്നതിനെക്കുറിച്ചുള്ള അറിവാണത്. അത് ഒരു ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. അങ്ങനെയൊരു അറിവുണ്ടാകണമെങ്കില്‍ കളിക്കാരുമായി ആ നിലയിലുള്ള അടുപ്പമുണ്ടായിരിക്കണം. അവരെ വ്യക്തിപരമായിപ്പോലും സ്വാധീനിക്കാന്‍ കഴിയണം. ടീമിലെ എല്ലാ കളിക്കാരും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ക്യാപ്റ്റനാണ് രോഹിത് ശര്‍മ.

നേരത്തെ മഹേന്ദ്ര സിംഗ് ധോനി അങ്ങനെയൊരു ക്യാപ്റ്റനായിരുന്നു. ഏത് സാഹചര്യത്തില്‍ ഏത് കളിക്കാരനെ എന്ത് ഉത്തരവാദിത്തമേല്പിക്കാമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ധോനിക്കുണ്ടായിരുന്നു. അതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിലെ ഫൈനലില്‍ അവസാന ഓവര്‍ എറിയാന്‍ ജോഗീന്ദര്‍ ശര്‍മയെ നിയോഗിച്ചത് അതിലൊന്നാണ്. ധോനി ക്യാപ്റ്റനായിരിക്കുമ്പോഴാണ് സുരേഷ് റെയ്‌നയെക്കൊണ്ട് പലപ്പോഴും ബൗള്‍ ചെയ്യിച്ചിട്ടുള്ളത്. അത് മിക്കവാറുമൊക്കെ ഫലം കാണുകയും ചെയ്തിരുന്നു. കേദാര്‍ ജാദവ് മറ്റൊരു ഉദാഹരണമാണ്. ധോനിയുടെ ക്യാപ്റ്റന്‍സിയിലാണ് രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമെല്ലാം കൂടുതല്‍ തിളങ്ങിയിട്ടുള്ളത്. ഇരുവരുടെയും ബാറ്റ് ചെയ്യാനുള്ള കഴിവ് പൂര്‍ണമായും ഉപയോഗപ്പെടുത്തിയത് ധോനിയായിരുന്നു. കൂടുതല്‍ അവസരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുക എന്നത് ധോനിയുടെ രീതിയായിരുന്നു. ഇങ്ങനെ കളിക്കാരെ മനസിലാക്കി അവരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതില്‍ ഏറെ മിടുക്കുണ്ടായിരുന്നു ധോനിക്ക്. ഒരുപരിധി വരെ ആ മിടുക്ക് രോഹിത് ശര്‍മയ്ക്കുമുണ്ട്. ധോനിയെപ്പോലെത്തന്നെ ഐ പി എല്ലില്‍ ഏറെ വിജയം രുചിച്ചിട്ടുള്ള ക്യാപ്റ്റന്‍ കൂടിയാണ് രോഹിത് ശര്‍മ. ദീര്‍ഘകാലം മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായ ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ നായക പദവി രോഹിതിനെ തേടിയെത്തിയത്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദങ്ങള്‍ അദ്ദേഹത്തിന് പരിചിതമായിരുന്നു. മാത്മ്രല്ല, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം രോഹിതിന്റെ കീഴിലാണ് മുംബൈ ഇന്ത്യന്‍സില്‍ വളര്‍ന്നുവന്നത്. അതുകൊണ്ടുതന്നെ ദേശീയ ടീമില്‍ ഇവരെ നയിക്കുക രോഹിതിന് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല.

എല്ലാ അര്‍ത്ഥത്തിലും നിസ്വാര്‍ത്ഥനായ നായകനാണ് രോഹിത് ശര്‍മ. ആ സ്വാര്‍ത്ഥതയില്ലായ്മ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ നമ്മള്‍ കണ്ടതാണ്. അന്ന് മിക്കവാറും കളികളിലെല്ലാം സ്വന്തം വിക്കറ്റ് കാത്തുസൂക്ഷിക്കാന്‍ നില്‍ക്കാതെ, വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി കളിക്കാതെ സ്‌ഫോടനാത്മകമായ ബാറ്റിംഗ് കാഴ്ചവെച്ച രോഹിത്. ഇതുവഴി ഭൂരിഭാഗം മത്സരങ്ങളിലും ടീമിന് മികച്ച തുടക്കം നല്‍കാന്‍ അദ്ദേഹത്തിനായി. അതുവഴി പിന്നാലെ ബാറ്റിംഗിനെത്തിയ വിരാട് കോലിക്ക് മുകളിലുള്ള സമ്മര്‍ദ്ദം ഇല്ലാതാക്കി. അതുകൊണ്ടുതന്നെ സമയമെടുത്ത് കളിക്കാന്‍ കോലിക്ക് അവസരം ലഭിച്ചു. അത് അദ്ദേഹം പരമാവധി മുതലാക്കുകയും വന്‍സ്‌കോറുകള്‍ നേടുകയും ചെയ്തു. ഇത് ടീമിനും ഏറെ ഗുണകരമായി.

പവര്‍ പ്ലേയില്‍ സാഹസികമായ ബാറ്റിംഗായിരുന്നു ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ ഓപ്പണറെന്ന നിലയില്‍ നടത്തിയത്. രണ്ടും കല്പിച്ച് ബാറ്റ് ചെയ്തു. പവര്‍പ്ലേയില്‍ പരമാവധി റണ്ണടിച്ചാല്‍ മാത്രമെ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടാന്‍ കഴിയൂ എന്ന കൃത്യമായ പദ്ധതിയുടെ പുറത്തായിരുന്നു ഇത്. ഇതുവഴി മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാനാവുകയും ചെയ്യും. രോഹിത് ക്യാപ്റ്റനെന്ന നിലയില്‍ ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് മാതൃകയായി. ഇതേ തന്ത്രം തന്നെയാണ് ഇന്ത്യ ചാമ്പ്യന്‍മാരായ ഇത്തവണത്തെ ട്വന്റി20 ലോകകപ്പിലും രോഹിത് പുറത്തെടുത്തത്. അമേരിക്കയിലെയും വെസ്റ്റ് ഇന്‍ഡീസിലെയും ഭൂരിഭാഗം പിച്ചുകളും ബൗളര്‍മാര്‍ക്ക് അനുകൂലമായിരുന്നു. ആ പിച്ചുകളില്‍ തുടക്കത്തില്‍ തന്നെ പരമാവധി വേഗത്തില്‍ ബാറ്റ് ചെയ്ത് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ രോഹിത് ശര്‍മയ്ക്ക് കഴിഞ്ഞു. മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമായി ഏകദിന ലോകകപ്പിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയ്ക്ക് ലഭിച്ച മേല്‍ക്കൈ രോഹിത് ശര്‍മയുടെ ആക്രമണോത്സുകമായ ബാറ്റിംഗായിരുന്നു.

ക്യാപ്റ്റനെന്ന നിലയില്‍ പക്വതയോടെയുള്ള സമീപനങ്ങളാണ് എല്ലാക്കാലത്തും രോഹിത് ശര്‍മയില്‍ നിന്നുണ്ടാകാറുള്ളത്. സഹകളിക്കാരെ അനാവശ്യമായി സമ്മര്‍ദ്ദത്തിലാക്കാറില്ല എന്നത് രോഹിതിന്റെ പ്രത്യേകതയാണ്. കൃത്യസമയത്തെ ബൗളിംഗ് ചെയ്ഞ്ചുകളും കൃത്യമായ ഫീല്‍ഡിംഗ് വിന്യാസവും സമ്മര്‍ദ്ദഘട്ടങ്ങളിലെ മികച്ച തന്ത്രങ്ങളും രോഹിതിനെ ക്യാപ്റ്റനെന്ന നിലയില്‍ വേറിട്ടുനിര്‍ത്തുന്നു. ജസ്പ്രീത് ബുംറ എന്ന ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറെ ഉപയോഗിക്കുന്നതിലെ രോഹിതിന്റെ മിടുക്ക് എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ ഐ പി എല്ലില്‍ ബുംറയെ ഉപയോഗിക്കുന്നതില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യെയ്ക്ക് പറ്റിയ പിഴവ് തിരിച്ചറിയുമ്പോഴാണ് രോഹിത് ബുംറയെ എത്ര ബുദ്ധിപൂര്‍വമാണ് ഉപയോഗിക്കുന്നതെന്ന് മനസിലാകുക. സ്പിന്നര്‍മാരെ, പ്രത്യേകിച്ചും കുല്‍ദീപ് യാദവിനെ രോഹിത് ഉപയോഗിക്കുന്ന രീതിയും ശ്രദ്ധേയമാണ്. അക്‌സര്‍ പട്ടേലിന്റെ ബാറ്റിംഗ് കഴിവുകള്‍ പരമാവധി ഉപയോഗിക്കാനും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാനും രോഹിത് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പതറാതെ ശാന്തത നിലനിര്‍ത്താന്‍ രോഹിതിന് അനായാസം കഴിഞ്ഞു. പ്രത്യേകിച്ചും ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍. ഒരുഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ച കളിയാണ് ഇന്ത്യ അവരില്‍ നിന്ന് പിടിച്ചുവാങ്ങിയത്. 30 പന്തില്‍ 30 റണ്‍സ് മാത്രം വേണ്ടപ്പോള്‍ ടീമിന്റെ സ്‌ട്രൈക്ക് ബൗളറായ ജസ്പ്രീത് ബുംറയെ കൊണ്ടുവന്നതും അവസാന ഓവര്‍ എറിയാന്‍ ഹാര്‍ദിക് പാണ്ഡ്യയെ നിയോഗിച്ചതിലെ ധൈര്യവുമെല്ലാം ഇന്ത്യയെ ലോകചാമ്പ്യന്‍മാരാക്കുന്നതില്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. ഡ്രസിംഗ് റൂമില്‍ പിറവിയെടുക്കുന്ന പ്ലാനുകള്‍ ഗ്രൗണ്ടില്‍ കൃത്യമായി നടപ്പിലാക്കാന്‍ രോഹിതിന് സാധിക്കുന്നു എന്നതാണ് പ്രത്യേകത. ഇത്തവണത്തെ ട്വന്റി20 ലോകകപ്പില്‍ നാല് സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തിയപ്പോള്‍ പലരും നെറ്റിചുളിച്ചിരുന്നു. എന്നാല്‍ ടീം ഇന്ത്യയ്ക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നു. ആ പദ്ധതി ഇടംവലം തെറ്റാതെ ഫലപ്രദമായി രോഹിത് നടപ്പിലാക്കുകയും ചെയ്തു. പ്രത്യേകം എടുത്തുപറയേണ്ട മറ്റൊരു കാര്യം പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി അദ്ദേഹം പുലര്‍ത്തിയ ഊഷ്മള ബന്ധമാണ്. അത്രമേല്‍ പരസ്പരപൂരകമായിരുന്നു പരിശീലകനും ക്യാപ്റ്റനും തമ്മിലുള്ള ബന്ധം. പരസ്പരം നല്‍കേണ്ട ബഹുമാനവും പരിഗണനയിലും ഇരുവരും ഒരു കുറവും വരുത്തിയില്ല. ആ ഊഷ്മളത ടീമിലേയ്ക്കും പടര്‍ന്നു.

പ്രോത്സാഹിപ്പിക്കേണ്ടവരെ പ്രോത്സാഹിപ്പിച്ചും ഇടപെടേണ്ട സമയത്ത് ഇടപെട്ടും പതിനേഴ് വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ തന്റെ അനുഭവം മുഴുവന്‍ രോഹിത് ശരിയായ അര്‍ത്ഥത്തില്‍ ഉപയോഗിച്ചു. ക്ഷമ, തീരുമാനങ്ങളെടുക്കുന്നതിലെ കൃത്യത, പ്ലാനുകള്‍ നടപ്പിലാക്കുന്നതിലെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും… ഇങ്ങനെ ഒരു നല്ല ക്യാപ്റ്റന് വേണ്ട എല്ലാ ഗുണങ്ങളും രോഹിത്തില്‍ ഒത്തുചേര്‍ന്നിട്ടുണ്ട്. അത് ട്വന്റി20 ലോകകപ്പില്‍ നാം കണ്ടു. ഏകദിന ലോകകപ്പിലെ പരാജയം തീര്‍ച്ചയായും നിരാശയുളവാക്കുന്നതായിരുന്നു. നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും രോഹിത് നയിച്ച ഇന്ത്യന്‍ ടീം എത്തിയിരുന്നെങ്കിലും ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. അങ്ങനെ ഐ സി സി ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യന്‍ ടീം സ്ഥിരമായി പരാജയപ്പെടുന്നു എന്നത് വലിയ വിമര്‍ശനവും ക്ഷണിച്ചുവരുത്തിയിരുന്നു. ജയിക്കാന്‍ വേണ്ട മനസ്ഥൈര്യവും ഇച്ഛാശക്തിയും ഇന്ത്യന്‍ ടീമിന് ഇല്ല എന്നതായിരുന്നു വിമര്‍ശനം. എന്നാല്‍ ആ വിമര്‍ശനങ്ങളില്‍ നിരാശപ്പെടാതെ, ആ വേദനിക്കുന്ന ഓര്‍മകളെ പിറകോട്ടുമാറ്റി ട്വന്റി20 ലോകകപ്പിന് ഒരുങ്ങുകയും അത് നേടിയെടുക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുനീങ്ങുകയും ചെയ്തു രോഹിത്. അതില്‍ വിജയിച്ചതോടെ പരമമായ ഇച്ഛാശക്തിയുടെ മാതൃക കൂടിയായി അയാള്‍ മാറി.

ലോകചാമ്പ്യന്‍മാരായതോടെ ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനവും രോഹിത് പ്രഖ്യാപിച്ചു. വിരമിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സമയം തിരഞ്ഞെടുക്കുന്നതിലും അയാള്‍ക്ക് പിഴച്ചില്ല. രോഹിതിന്റെയും വിരാട് കോലിയുടെയും ആ തീരുമാനവും കിറുകൃത്യമാണ്. കപില്‍ ദേവിനും മഹേന്ദ്ര സിംഗ് ധോനിക്കും ശേഷം ഇന്ത്യയെ ലോകചാമ്പ്യന്‍മാരാക്കിയ ക്യാപ്റ്റനായി അന്തസോടെത്തന്നെയാണ് ട്വന്റി20 ക്രിക്കറ്റില്‍ നിന്നുള്ള രോഹിതിന്റെ പടിയിറക്കം.



