Saturday, February 21, 2026
Google search engine
HomeSportLegendsക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന കഠിനാദ്ധ്വാനി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന കഠിനാദ്ധ്വാനി

കെ.ശ്രീജിത്ത്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാള്‍. സമകാലിക ഫുട്‌ബോളിലെ ഗോളടി യന്ത്രം. അന്താരാഷ്ട്ര ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കുട്ടികളുടെ ഫുട്‌ബോള്‍ ഹീറോ. ഏറെ സാധാരണമായ നിലയില്‍ നിന്ന് വളര്‍ന്ന് തുകല്‍ പന്ത് കൊണ്ട് ലോകം കീഴടക്കിയ റോണോ എന്നും സി ആര്‍ സെവന്‍ എന്നും ആരോധകര്‍ വിളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

1985 ഫെബ്രുവരി അഞ്ചിന് പോര്‍ച്ചുഗലിലെ ഒരു ദ്വീപായ മദെയ്‌രയിലെ ഫുഞ്ചാലിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഡോസ് സാന്റോസ് അവെയ്‌റോ ജനിച്ചത്. ഫുഞ്ചാലിനടുത്ത് മലനിരകളാല്‍ സമൃദ്ധമായിരുന്ന സാന്റോ അന്റോണിയോയിലാണ് റൊണാള്‍ഡോ വളര്‍ന്നത്. ഹോസെ ഡെനിസ് അവെയ്‌റോയുടെയും മരിയ ഡോളോറെസ് ഡോസ് സാന്റോസ് അവെയ്‌റോയുടെയും നാല മക്കളില്‍ അവസാനത്തവനായിരുന്നു റൊണാള്‍ഡോ. ഹോസെ ഒരു പൂന്തോട്ടക്കാരനും മരിയ ഒരു പാചകക്കാരിയുമായിരുന്നു. മക്കളുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നടപ്പിലാക്കാന്‍ അവര്‍ വല്ലാതെ കഷ്ടപ്പെട്ടു. കഠിനാദ്ധ്വാനമായിരുന്നു അവരുടെ മുന്നിലെ ഏകവഴി. ഒരുപക്ഷെ അച്ഛന്റെയും അമ്മയുടെയും ഈ കഠിനാദ്ധ്വാനം കണ്ട് വളര്‍ന്നതുകൊണ്ടായിരിക്കണം റൊണാള്‍ഡോയും ഫുട്‌ബോളിലെ ഏറ്റവും കഠിനാദ്ധ്വാനിയായ കളിക്കാരനായി മാറിയത്.

കുട്ടിക്കാലം മുതല്‍ റൊണാള്‍ഡോയുടെ ജീവിതം കാല്‍പന്തുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നുവെന്ന് അച്ഛനായ ഹോസെ ഉറപ്പുവരുത്തി. പ്രാദേശിക ക്ലബായ അന്‍ഡോറിഞ്ഞോയിലെ കിറ്റ് മാന്‍ കൂടിയായിരുന്ന ഹോസെ മറ്റ് രക്ഷിതാക്കളില്‍ നിന്ന് വ്യത്യസ്തമായി കുട്ടിക്കാലം മുതലെ റൊണാള്‍ഡോയെ പന്ത് കളിയിലേയ്ക്ക് തിരിച്ചുവിട്ടു. ഫുട്‌ബോളായിരിക്കണം റൊണാള്‍ഡോയുടെ ഭാവിയെന്ന് ആ പിതാവ് തീരുമാനിച്ചിരുന്നിരിക്കണം. എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായി റോണോള്‍ഡോ പില്‍ക്കാലത്ത് മാറിയപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ അഭിമാനിച്ചതും അയാളായിരുന്നു. ഏത് സാഹചര്യത്തിലും തകര്‍ക്കാന്‍ കഴിയാത്ത ആത്മവിശ്വാസം, നിശ്ചയദാര്‍ഢ്യം, ചെറുത്തുനില്പ്, മെയ്ക്കരുത്ത്, ക്ലാസ് എന്നീ ഗുണങ്ങളെല്ലാം റൊണാള്‍ഡോ എന്ന ഫുട്‌ബോളറില്‍ ഒത്തുചേര്‍ന്നത് ചെറുപ്പം മുതല്‍ അയാളിലുണ്ടായ ഫുട്‌ബോള്‍ അഭിനിവേശം കൊണ്ടായിരുന്നു. ആ അഭിനിവേശം അയാളില്‍ കുത്തിവെച്ചത് അച്ഛന്‍ ഹോസെ ആയിരുന്നു.

കുട്ടിയായിരിക്കുമ്പോള്‍ അച്ഛനൊപ്പം ആന്‍ഡോറിഞ്ഞ ഫുട്‌ബോള്‍ ക്ലബില്‍ പോവുകയും അവിടെ കളിക്കുകയും ചെയ്തിരുന്ന റൊണാള്‍ഡോ പിന്നീട് അവിടെനിന്ന് നാഷണല്‍ ക്ലബിലേയ്ക്കും സ്‌പോര്‍ട്ടിംഗ് എഫ് സിയിലേയ്ക്കും കൂടുമാറുന്നു. പന്ത്രണ്ടാം വയസില്‍ സ്‌പോര്‍ട്ടിംഗ് എഫ്.സിയുടെ ഫുട്‌ബോള്‍ ട്രയല്‍സില്‍ പങ്കെടുത്ത് പ്രൊഫഷണല്‍ ഫുട്‌ബോളിലെ ആദ്യത്തെ കരാര്‍ ഒപ്പുവെയ്ക്കുന്നു. മൂന്ന് ദിവസം നീണ്ടുനിന്ന ആ ട്രയല്‍സ് അതികഠിനമായിരുന്നു. മനക്കരുത്തില്ലാത്തവര്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമായിരുന്ന ആ ട്രയല്‍സില്‍ വിജയിച്ചാണ് റൊണാള്‍ഡോ ആദ്യത്തെ കരാര്‍ നേടിയെടുക്കുന്നത്. കുട്ടിയായിരിക്കുമ്പോള്‍ അവന്‍ മറ്റ് സാധാരണ കുട്ടികളെപ്പോലെത്തന്നെയായിരുന്നുവെന്ന് ഫുട്‌ബോളിലെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോഡ്ഫാദറും നാഷണല്‍ ക്ലബിലേയ്ക്ക് അയാളെ എത്തിക്കുകയും ചെയ്ത ഫെര്‍ണാവോ ബാരോസ് സൗസ് പറയുന്നു. എന്നാല്‍ ഒരു കാര്യം മറ്റ് കുട്ടികളില്‍ നിന്ന് അവനെ വ്യത്യസ്തനാക്കി. അവന്‍ ഒരുപാട് നേരം ഫുട്‌ബോള്‍ കളിക്കും എന്നതായിരുന്നു അത്. വളരെ ചെറുപ്പം മുതല്‍ ഫുട്ബാളിനോട് വല്ലാത്തൊരു ഇഷ്ടം അവന്‍ കാണിച്ചിരുന്നു. മറ്റ് കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധിച്ചപ്പോള്‍ ക്രിസ്റ്റിയാനോയുടെ ആദ്യ പരിഗണന ഫുട്‌ബോള്‍ കളിക്കുന്നതിനായിരുന്നു. ഫുട്‌ബോളിനായി അവന്‍ പഠനം മാറ്റിവെച്ചെന്ന് സൗസ് ഓര്‍മിക്കുന്നു.

പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിബ്‌സണില്‍ അവന്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. അവനെപ്പോലെ ഒരു പയ്യന് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും മുകളിലായിരുന്നു ലിബ്‌സണ്‍ നഗരത്തിന്റെ പരുക്കന്‍ രീതികള്‍. ലിബ്‌സണ്‍ നഗരം അവന്റെ ക്ഷമയും സഹാചര്യങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുമെല്ലാം ശരിക്കും പരീക്ഷിച്ചു. എന്നാല്‍ റൊണാള്‍ഡോ എന്ന കൊച്ചുപയ്യന്‍ അതിനെയെല്ലാം അതിജീവിച്ചു. കായിക മത്സരങ്ങളുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഹോവോ മാര്‍ക്വേസ് ഡി ഫ്രെയ്റ്റസ് ആണ് റൊണോള്‍ഡോയെ ലിസ്ബണില്‍ എത്തിക്കുന്നതിന് മുന്‍കൈ എടുത്തത്. അന്ന് റൊണാള്‍ഡോ കടന്നുപോയ അവസ്ഥയെക്കുറിച്ച് ഫ്രെയ്റ്റസ് ഇങ്ങനെ പറയുന്നുണ്ട് – ആദ്യമൊക്കെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അവന്‍ ഏറെ പണിപ്പെട്ടു. മദെയ്‌രയിലെ ഉച്ഛാരണ രീതിയും ലിബ്‌സണിലെ ഉച്ഛാരണ രീതിയും തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഇത് സ്‌കൂളില്‍ വലിയ പ്രശ്‌നമായി. മറ്റ് കുട്ടികള്‍ അവനെ കളിയാക്കി ചിരിച്ചു. അവന്‍ പ്രതിരോധിച്ചു. ഒരുഘട്ടത്തില്‍ ലിബ്‌സണ്‍ വിടണമെന്ന് അവന്‍ ആഗ്രഹിച്ചു. എന്തുകൊണ്ടോ അവന്‍ അവിടെത്തന്നെ തുടര്‍ന്നത് ഭാഗ്യമായി. തീര്‍ത്തും മോശമായ ഒരു കാലമായിരുന്നു റോണാള്‍ഡോയ്ക്ക് അത്. എന്നിട്ടും ലിബ്‌സണ്‍ ജീവിതത്തിന് ചെറിയൊരു ഇടവേള ഉണ്ടായി. അവന്‍ മദെയ്‌രയിലേയ്ക്ക് തിരിച്ചുപോന്നു. എന്നാല്‍ ബാരോസ് സൗസ അവനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയതോടെ അവന്‍ വീണ്ടും ലിബ്‌സണിലേയ്ക്കുള്ള വിമാനം കയറി. അവന്റെ സംശയങ്ങലെല്ലാം തീര്‍ന്നിരുന്നു. ലോകഫുട്‌ബോളിലെ ഇതിഹാസത്തിലേയ്ക്കുള്ള അവന്റെ യാത്ര അവിടെ തുടങ്ങി.

എന്നാല്‍ വിജയം കൈവരിക്കുക എളുപ്പമായിരുന്നില്ല. അതിന് ഏറെ കഠിനാദ്ധ്വാനം ആവശ്യമായിരുന്നു. കൗമാരത്തിലേ റൊണാള്‍ഡോ ഫുട്‌ബോളിനായി കഠിനാദ്ധ്വാനം ചെയ്യുമായിരുന്നു. അക്കാര്യത്തില്‍ മറ്റുള്ളവരുടെ സ്ഥാനം എപ്പോഴും അവന് പിറകിലായിരുന്നു. പരിശീലന സെഷനുകള്‍ക്ക് ശേഷം അവന്‍ ഒറ്റയ്ക്ക് ഫുട്‌ബോള്‍ കളിക്കാന്‍ എപ്പോഴും സമയം കണ്ടെത്തി. അധികമായി ശ്രമങ്ങള്‍ നടത്തി. കളിയില്‍ സ്വന്തം പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കാന്‍ അവന്‍ നിരന്തരം ശ്രമിച്ചതായി അക്കാദമിയിലെ റൊണാള്‍ഡോയുടെ സഹകളിക്കാരനായിരുന്ന ക്രിസ്റ്റഫര്‍ പിലാര്‍ ഓര്‍ക്കുന്നു. അവന്‍ പരിശീലിച്ച രീതി, സഹകളിക്കാരെ പ്രചോദിപ്പിച്ച രീതി, അവരുടെ പോരായ്മകള്‍ പരിഹരിക്കാന്‍ അവന്‍ നടത്തിയ ശ്രമങ്ങള്‍, ജയിക്കാനുള്ള അവന്റെ അപാരമായ ആഗ്രഹവും ഇച്ഛാശക്തിയും, മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള അവന്റെ കഴിവ്… ഇതെല്ലാം മറ്റ് കളിക്കാര്‍ക്കെല്ലാം ഏറെ മുകളിലായിരുന്നു. ഞങ്ങളെല്ലാവരും ഫുട്‌ബോള്‍ കളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. അതുവഴി സ്വന്തം മാതാപിതാക്കളുടെ മുന്നില്‍ മിടുക്കരാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവന്‍ സ്വന്തം മാതാപിതാക്കള്‍ മാത്രമല്ല, അവന്റെ കളി കാണുന്ന എല്ലാവരും അവനൊരു മിടുക്കനാണെന്ന് തിരിച്ചറിയണമെന്ന് ആഗ്രഹിച്ചുവെന്നും പിലാര്‍ പറയുന്നു.

സ്‌പോര്‍ട്ടിംഗ് എഫ്.സിയിലെ തന്റെ ആദ്യ സീസണില്‍ തന്നെ മിന്നിത്തിളങ്ങിയ റൊണാള്‍ഡോയ്ക്ക് ആ ഒരൊറ്റ സീസണ്‍ മാത്രമെ തന്റെ ആദ്യ ക്ലബിനുവേണ്ടി ബൂട്ടണിയേണ്ടി വന്നുള്ളൂ. കാരണം ഒരു പതിനെട്ടുകാരന് സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര വലിയ അവസരമാണ് പിന്നീട് അവനെ തേടിയെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബുകളിലൊന്നായ, അലക്‌സ് ഫെര്‍ഗൂസണ്‍ പരിശീലിപ്പിച്ചിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവനെ കൂടെക്കൂട്ടി. അതും ഒരു കൗമാരക്കാരന് ഇംഗ്ലണ്ടില്‍ കിട്ടാവുന്ന റെക്കോഡ് തുകയ്ക്ക്. 12 മില്യണ്‍ യൂറോയായിരുന്നു പ്രതിഫലം. യുണൈറ്റഡിന്റെ എക്കാലത്തെയും വലിയ താരങ്ങളായ ജോര്‍ജ് ബെസ്റ്റ്, എറിക് കന്റോണ, ഡേവിഡ് ബെക്ക്ഹാം എന്നിവര്‍ ധരിച്ചിരുന്ന ഏഴാം നമ്പര്‍ ജേഴ്‌സി ക്ലബ് റോണോയ്ക്ക് നല്‍കി. അന്ന് റൊണാള്‍ഡോ പുതിയ ജോര്‍ജ് ബെസ്റ്റായി വാഴ്ത്തപ്പെട്ടപ്പോള്‍ സാക്ഷാല്‍ ജോര്‍ജ് ബെസ്റ്റ് ഇങ്ങനെ പറഞ്ഞു: മുന്‍പും ഒരുപാട് കളിക്കാരെ പുതിയ ജോര്‍ജ് ബെസ്റ്റായി ലോകം വാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം ആ കളിക്കാര്‍ക്കുള്ള അംഗീകാരമായിരുന്നു. എന്നാല്‍ റൊണാള്‍ഡോയെ ലോകം അങ്ങനെ വിശേഷിപ്പിക്കുമ്പോള്‍ ഇതാദ്യമായി എനിക്കതൊരു അംഗീകാരമായി മാറുന്നു എന്ന്. ജോര്‍ജ് ബെസ്റ്റ് അടക്കമുള്ളവരില്‍ നിന്നുള്ള നല്ല വാക്കുകള്‍ സാധാരണഗതിയില്‍ ഒരു പതിനെട്ടുകാരന് വലിയ ഭാരമായി മാറേണ്ടതായിരുന്നു. എന്നാല്‍ റോണാള്‍ഡോയ്ക്ക് അതൊരു ഭാരമായിരുന്നില്ല. മറിച്ച് വലിയ പ്രചോദനമായി മാറുകയാണ് ചെയ്തത്. അത്തരമൊരു അംഗീകാരത്തോട് നീതി പുലര്‍ത്തുംവിധം കളിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി എന്നായിരുന്നു അതേക്കുറിച്ച് വര്‍ഷങ്ങള്‍ക്കുശേഷം റൊണാള്‍ഡോ പ്രതികരിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം എഫ്.എ കപ്പ്, ലീഗ് കപ്പ്, പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് തുടങ്ങി എല്ലാ പ്രധാനപ്പെട്ട കിരീടങ്ങളും റൊണാള്‍ഡോ നേടി. ഇതില്‍ത്തന്നെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം തുടര്‍ച്ചയായി മൂന്ന് തവണ നേടി. ഒരൊറ്റ സീസണില്‍ 42 ഗോള്‍ വരെ നേടി. 2008ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം കളിക്കുമ്പോഴാണ് ബാലന്‍ദ്യോറും ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരവും റൊണാള്‍ഡോ നേടുന്നത്.

പതിനെട്ടാമത്തെ വയസില്‍ തന്നെ റൊണാള്‍ഡോ തന്റെ അന്താരാഷ്ട്ര കരിയറും ആരംഭിച്ചിരുന്നു. 2003ല്‍ കസാഖ്സ്ഥാനെതിരെയായിരുന്നു ആദ്യമായി റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ജേഴ്‌സിയണിഞ്ഞത്. തന്റെ എട്ടാമത്തെ മത്സരത്തില്‍ 2004ലെ യൂറോ കപ്പിലാണ് റൊണാള്‍ഡോ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടുന്നത്. 2007ല്‍ റൊണാള്‍ഡോ ആദ്യമായി പോര്‍ച്ചുഗലിന്റെ ക്യാപ്റ്റനായി. ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു അത്. 2008ലെ യൂറോ കപ്പില്‍ വെറും ഒരു ഗോള്‍ മാത്രമാണ് റൊണാള്‍ഡോയ്ക്ക് നേടാനായത്. പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ ജര്‍മനിയോട് തോറ്റ് പുറത്തായി. 2010 ലോകകപ്പില്‍ ഒരു ഗോള്‍ നേടിയ റൊണാള്‍ഡോ 2012ലെ യൂറോ കപ്പില്‍ മൂന്ന് ഗോളുകള്‍ നേടി സംയുക്ത് ടോപ് സ്‌കോററായി. 2014 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ റൊണാള്‍ഡോ എട്ട് ഗോള്‍ നേടിയിട്ടും പോര്‍ച്ചുഗലിന് നേരിട്ട് ലോകകപ്പിന് യോഗ്യത നേടാനായില്ല. തുടര്‍ന്ന് യോഗ്യത നേടാനുള്ള പ്ലേ ഓഫില്‍ സ്വീഡനെതിരെ പോര്‍ച്ചുഗല്‍ നേടിയ നാല് ഗോളും അടിച്ചത് റൊണാള്‍ഡോ ആയിരുന്നു. ലോകകപ്പില്‍ ഘാനയ്‌ക്കെതിരായ പോര്‍ച്ചുഗലിന്റെ ജയത്തില്‍ ഒരു ഗോള്‍ നേടിയത് ക്രിസ്റ്റിയാനോ ആയിരുന്നു.

2016ല്‍ ഇതാദ്യമായി പോര്‍ച്ചുഗല്‍ യൂറോ കപ്പ് നേടിയപ്പോള്‍ റൊണാള്‍ഡോ ആയിരുന്നു ക്യാപ്റ്റന്‍. ഫൈനലില്‍ പരിക്ക് കാരണം കളിയുടെ ഇരുപത്തഞ്ചാം മിനിറ്റില്‍ റൊണാള്‍ഡോയ്ക്ക് കളിക്കളം വിടേണ്ടിവന്നിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരത്തിനുള്ള സില്‍വര്‍ ബൂട്ട് നേടിയ റൊണാള്‍ഡോ ആ വര്‍ഷത്തെ ഫിഫയുടെ ബാലണ്‍ദ്യോറും കരസ്ഥമാക്കി. 2018 ലോകകപ്പില്‍ സ്‌പെയിനിനെതിരെ സമനിലയായ മത്സരത്തില്‍ ഹാട്രിക്ക് നേടിയ റൊണാള്‍ഡോ ലോകകപ്പില്‍ ആ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി. 2019ല്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിനെ യുവേഫ നാഷന്‍സ് കപ്പ് കിരീടത്തിലേയ്ക്ക് നയിച്ചപ്പോള്‍ 2020 യൂറോ കപ്പില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും നേടി. അഞ്ച് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി മാറി റൊണാള്‍ഡോ. 2020 യൂറോ കപ്പില്‍ ഫ്രാന്‍സിനെതിരായ മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയതോടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ ഇറാന്റെ അലി ദേയിയെ റൊണാള്‍ഡോ മറികടന്നു. 2022 ലോകകപ്പില്‍ ഘാനയ്‌ക്കെതിരെ പെനാല്‍റ്റി കിക് ഗോളാക്കി മാറ്റിയതോടെ അഞ്ച് ലോകകപ്പില്‍ ഗോളടിക്കുന്ന ആദ്യ താരമായി റൊണാള്‍ഡോ മാറി. എന്നാല്‍ ടൂര്‍ണമെന്റ് പുരോഗമിക്കവെ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി. പകരം ഗോണ്‍കാലോ റാമോസിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയ സാന്റോസിന്റെ തീരുമാനം ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചതിനുള്ള റെക്കോഡ് സ്വന്തമാക്കിയ റൊണാള്‍ഡോ 2024 യൂറോ കപ്പില്‍ കളിച്ചതോടെ ആറ് യൂറോ കപ്പുകള്‍ കളിക്കുന്ന ആദ്യ താരമായി. അഞ്ച് യൂറോ കപ്പുകളില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും റൊണാള്‍ഡോയ്ക്കുള്ളതായിരുന്നു.

പോര്‍ച്ചുഗലിന് വേണ്ടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ തിളങ്ങുന്ന സമയത്തുതന്നെ റൊണാള്‍ഡോ ക്ലബ് തലത്തിലും ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കി. 2009ല്‍ ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡിലെത്തിയത് 94 മില്യണ്‍ യൂറോ എന്ന ലോകറെക്കോഡ് തുകയ്ക്കായിരുന്നു. ആദ്യ സീസണില്‍ 33 ഗോളുകള്‍ നേടി തിളങ്ങിയെങ്കിലും ട്രോഫികളൊന്നും നേടാനായില്ല. അടുത്ത സീസണില്‍ 53 ഗോള്‍ നേടിയ റൊണാള്‍ഡോ ആ വര്‍ഷം റയലിന് കോപ്പ ഡെല്‍ റേ കിരീടം നേടിക്കൊടുത്തു. സ്‌പെയിന്‍ താരം റൗള്‍, ക്ലബ് വിട്ടതോടെ ആ സീസണില്‍ റൊണാള്‍ഡോ അണിഞ്ഞത് ക്ലബിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയായിരുന്നു. 2011-12 സീസണില്‍ ക്ലബിനുവേണ്ടി എല്ലാ കളികളില്‍ നിന്നുമായി 60 ഗോള്‍ നേടിയ റൊണാള്‍ഡോ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റയല്‍ മാഡ്രിഡിന് ലാലിഗ കിരീടം നേടിക്കൊടുത്തു. 2013ല്‍ 69 ഗോള്‍ നേടിയ റൊണാള്‍ഡോ ആ വര്‍ഷത്തെ ഫിഫ ബാലണ്‍ദ്യോര്‍ നേടി. ആ വര്‍ഷം ലിവര്‍പൂളിന്റെ ലൂയി സുവാരസുമായി യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവും ക്രിസ്റ്റിയാനോ പങ്കിട്ടു. ആ സീസണില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയപ്പോള്‍ റൊണാള്‍ഡോ നേടിയത് 17 ഗോളായിരുന്നു. അതൊരു റെക്കോഡാണ്. 2014ല്‍ തുടര്‍ച്ചയായി രണ്ടാം തവണയും റൊണാള്‍ഡോ ഫിഫയുടെ ബാലണ്‍ദ്യോര്‍ നേടി. 2015ല്‍ റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനായി റൊണാള്‍ഡോ മാറി. എസ്പാന്യോളിനെതിരെ ഗോള്‍ നേടിയതോടെയായിരുന്നു ഇത്. 203 മത്സരത്തില്‍ 230 ഗോളായിരുന്നു ആ ഘട്ടത്തില്‍ റയലിനുവേണ്ടിയുള്ള റൊണാള്‍ഡോയുടെ സമ്പാദ്യം. ആ വര്‍ഷത്തോടെ കരിയറില്‍ ക്ലബിനായും രാജ്യത്തിനായും ചേര്‍ന്ന് റൊണാള്‍ഡോ നേടിയ ഗോളുകളുടെ എണ്ണം അഞ്ഞൂറായി. 2016ല്‍ ക്രിസ്റ്റിയാനോ ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ നേടുന്ന ആദ്യത്തെ കളിക്കാരനുമായി. 2017ല്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം റയല്‍ ലാലിഗ കിരീടം നേടിയതും റൊണാള്‍ഡോയുടെ ചിറകിലേറിയായിരുന്നു. ആ വര്‍ഷം അയാള്‍ റയലിനൊപ്പമുള്ള തന്റെ നാലാം ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടി. ഫൈനലില്‍ അയാള്‍ നേടിയത് രണ്ട് ഗോളുകളായിരുന്നു. ആ വര്‍ഷം വീണ്ടും അയാളെത്തേടി ബാലണ്‍ദ്യോര്‍ എത്തി.

2018ല്‍ 100 മില്യണ്‍ യൂറോയ്ക്ക് റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലാബായ യുവന്റസിലെത്തി. ഇറ്റാലിയന്‍ ക്ലബുകളിലെ റെക്കോഡ് തുകയായിരുന്നു അത്. യുവന്റസിനൊപ്പം സൂപ്പര്‍കോപ്പ ഇറ്റാലിയാനയായിരുന്നു റൊണാള്‍ഡോ നേടിയ ആദ്യ കിരീടം. 2021ല്‍ ക്ലബിനൊപ്പം കോപ്പ ഇറ്റാലിയ നേടിയതോടെ ഇംഗ്ലണ്ട്, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലെ എല്ലാ പ്രാദേശിക ട്രോഫികളും ജയിക്കുന്ന ആദ്യ കളിക്കാരനായി. ആ വര്‍ഷം ഇറ്റാലിയന്‍ ലീഗിലെ ടോപ് സ്‌കോറര്‍ ആയതോടെ ഇംഗ്ലണ്ട്, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലെ ലീഗുകളില്‍ ടോപ് സ്‌കോറര്‍ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനുമായി. 2021ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയ റൊണണാള്‍ഡോ കരിയറിലെ എണ്ണൂറാം ഗോളും നേടി. എന്നാല്‍ പരിശീലകന്‍ എറിക് ടെന്‍ ഹാഗുമായി കൊമ്പുകോര്‍ത്തതിനെത്തുടര്‍ന്ന് 2022 നവംബറില്‍ ക്ലബ് റൊണാള്‍ഡോയുമായുള്ള കരാര്‍ റദ്ദാക്കി. തുടര്‍ന്ന് 2022 ഡിസംബറില്‍ റൊണാള്‍ഡോ സൗദി ക്ലബായ അല്‍ നാസറുമായി കരാറൊപ്പിട്ടു. വര്‍ഷം 200 യൂറോ മില്യണ്‍ യൂറോയായിരുന്നു റൊണാള്‍ഡോയ്ക്ക് ലഭിക്കാന്‍ പോകുന്ന ശമ്പളം. ഒരു ഫുട്‌ബോള്‍ കളിക്കാരന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ശമ്പളമായിരുന്നു അത്. അല്‍ നാസറിന് കളിക്കവെ റൊണാള്‍ഡോ തന്റെ ലീഗ് കരിയറിലെ അഞ്ഞൂറാം ഗോള്‍ നേടി. ക്ലബിനൊപ്പം അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് നേടിയ റൊണാള്‍ഡോ 2024ല്‍ 35 ഗോള്‍ നേടി സൗദി പ്രോ ലീഗിലെ ടോപ് സ്‌കോററായി. ഇതൊരു റെക്കോഡാണ്. ഇതോടെ ലോകത്തെ നാല് വ്യത്യസ്ത ലീഗുകളില്‍ ടോപ് സ്‌കോററാകുന്ന ആദ്യ ഫുട്‌ബോള്‍ താരമായും റൊണാള്‍ഡോ മാറി.

റൊണാള്‍ഡോയെപ്പോലെ അവനവനില്‍ ഇത്രയും ഉറച്ച വിശ്വാസമുള്ള മറ്റൊരാളെ താനിതുവരെയും കണ്ടിട്ടില്ലെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോയുടെ സഹകളിക്കാരനും സൂപ്പര്‍താരവുമായ വെയ്ന്‍ റൂണി തന്റെ ആത്മകഥയില്‍ എഴുതിയത്. ഡ്രസിംഗ് റൂമില്‍ വെച്ച് സംസാരിക്കുമ്പോഴെല്ലാം ലോകത്തെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ താനാകുമെന്ന് റോണി പറഞ്ഞുകൊണ്ടേയിരുന്നു. ലോകത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനാകാന്‍ അത്രമാത്രം തീവ്രമായി അയാള്‍ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം വെറുമൊരു വാചകമടി ആയിരുന്നില്ല. ജര്‍മനിയില്‍ നടന്ന 2006 ലോകകപ്പിന് ശേഷം അയാള്‍ തിരിച്ചെത്തിയത് മറ്റൊരു കളിക്കാരനായിട്ടായിരുന്നു. കളത്തിലെ ഒട്ടേറെ കാര്യങ്ങളില്‍ അയാള്‍ മാറ്റം വരുത്തി. ഓട്ടത്തിലും ഫഌക്കുകളിലുമെല്ലാം അത് പ്രകടമായിരുന്നു. മുമ്പുണ്ടായിരുന്ന പലതും അയാള്‍ ഒഴിവാക്കി. റൊണാള്‍ഡോയെ സംബന്ധിച്ചിടത്തോളം ഇത് യാദൃശ്ചികമായി വന്നുചേര്‍ന്നതായിരുന്നില്ല. അയാളുടെ കഠിനാദ്ധ്വാനമായിരുന്നു അതിന് പിന്നില്‍. പരിശീലിക്കുമ്പോഴും പരിശീലന സമയത്ത് നടക്കാറുള്ള സൗഹൃദ മത്സരങ്ങളില്‍ മികച്ച ഗോളുകള്‍ അടിക്കുമ്പോഴുമെല്ലാം ഞാന്‍ അവനെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ശരിക്കും ലോകത്തെ ഏറ്റവും മികച്ചവനായി അവന്‍ മാറുമെന്ന് ഞാന്‍ കരുതിയിരുന്നു – റൂണി ആത്മകഥയില്‍ പറയുന്നു.

മൈതാനത്തിന്റെ ഇരുവിങ്ങുകളിലൂടെയും മധ്യഭാഗത്തുകൂടെയും ആക്രമിക്കാന്‍ കെല്പുള്ള അപൂര്‍വം താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇരുപാദങ്ങളും ഒരുപോലെ മനോഹരമായി ഉപയോഗിക്കാന്‍ കഴിയുന്ന താരം കൂടിയാണ് അയാള്‍. സാങ്കേതികമായി കൃത്യതയുള്ള കളിക്കാരനായ റൊണാള്‍ഡോയുടെ കളിക്കത്തിലെ വേഗതയും കുതിപ്പും അപാരമാണ്. ഒപ്പം പന്ത് ഡ്രിബിള്‍ ചെയ്യാനുള്ള അസാമാന്യ കഴിവ് കൂടിയാകുന്നതോടെ റൊണാള്‍ഡോ ഒരു അപൂര്‍വ പ്രതിഭയായി മാറുന്നു. അപാരമായ സ്റ്റാമിനയും നല്ല ഉയരവും ഹെഡ്ഡിംഗിലെ ശക്തിയും കൃത്യതയുമൊക്കെ റൊണാള്‍ഡോയെ മികച്ച കളിക്കാരനാക്കി മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഫുട്‌ബോളില്‍ ഏറ്റവും ഉയരത്തില്‍ ചാടിയ താരത്തിനുള്ള റെക്കോഡ് റൊണാള്‍ഡോയുടെ പേരിലാണെന്നതും മറക്കരുത്. 2.93 മീറ്ററാണ് അയാള്‍ വായുവില്‍ ഉയര്‍ന്നുചാടിയത്. പ്രതിസന്ധിഘട്ടങ്ങളില്‍ എല്ലായ്‌പ്പോഴും തിളങ്ങിയിട്ടുള്ള, കളിക്കളത്തിലെ സമ്മര്‍ദ്ദം ഒട്ടും ബാധിക്കാത്ത, അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റാന്‍ കഴിവുള്ള ആക്രമണ ഫുട്‌ബോളിന്റെ ഏറ്റവും വലിയ അംബാസിഡര്‍മാരിലൊരാളാണ് റൊണാള്‍ഡോ.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ നൂറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന, ഫുട്ബാളിലെ ഇതിഹാസ താരങ്ങളിലൊരാളാണ്. ആധുനിക ഫുട്‌ബോളിലെ ജീനിയസുകളിലൊരാള്‍…

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments