കെ.ശ്രീജിത്ത്
വടക്കന്‍ കൊളംബിയയില്‍ കരീബിയന്‍ കടലിനരികെ സ്ഥിതി ചെയ്യുന്ന നഗരമാണ് സാന്റ മാര്‍ത്ത. ബീച്ചുകള്‍ക്ക് ഏറെ പേരുകേട്ട സ്ഥലം. ആ സാന്റ മാര്‍ത്തയിലാണ് കൊളംബിയയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരിലൊരാളായ കാര്‍ലോസ് വാള്‍ഡറാമയുടെ ജനനം. പയ്യന്‍ എന്നര്‍ത്ഥം വരുന്ന എല്‍ പീബെ എന്ന് വിളിപ്പേരുള്ള കാര്‍ലോസ് വാള്‍ഡറാമ. ചുരുണ്ട, ചെമ്പന്‍ നിറമുള്ള മുടി കൊണ്ട് തലയില്‍ ഒരു കാട് തന്നെ വളര്‍ത്തിയിട്ടുള്ള വാള്‍ഡറാമ എണ്‍പതുകളുടെ രണ്ടാം പകുതിയിലും തൊണ്ണൂറുകളിലും ലോകഫുട്‌ബോളിലെ ഏറെ കൗതുകമുള്ള, നിറമുള്ള കാഴ്ചയായിരുന്നു. കളം നിറഞ്ഞ് കളിക്കുന്ന മിഡ്ഫീല്‍ഡറായ വാള്‍ഡറാമ ഒരു ദശകത്തോളം കൊളംബിയന്‍ മധ്യനിരയെ അടക്കിവാണു. അത്രമേല്‍ സര്‍ഗാത്മകവും ചടുലവുമായ നീക്കങ്ങള്‍. കളി മെനയുന്നതില്‍ വാള്‍ഡറാമയുടെ മിടുക്ക് ഒന്നുവേറെത്തന്നെയായിരുന്നു. ഉയര്‍ന്ന സാങ്കേതിക നിലവാരമുള്ള, പന്തിനെ തഴുകിത്തഴുകി മുന്നേറുന്ന ഒരു സുന്ദരന്‍ കളിക്കാരന്‍. തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളില്‍ കൊളംബിയയുടെ ക്യാപ്റ്റനായിരുന്നു വാള്‍ഡറാമ. ലോക ഫുട്‌ബോളിലെ അപൂര്‍വം കളിക്കാര്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ഭാഗ്യം. 1990, 94, 98 ലോകകപ്പുകളിലാണ് വാള്‍ഡറാമ കൊളംബിയയെ നയിച്ചത്. കൊളംബിയയ്ക്കുവേണ്ടി നൂറ്റിപതിനൊന്ന് മത്സരങ്ങളില്‍ ബുട്ട് കെട്ടിയ വാള്‍ഡറാമ പതിനൊന്ന് ഗോളും സ്‌കോര്‍ ചെയ്തു.

1961 സപ്തംബര്‍ രണ്ടിനാണ് സാന്റാ മാര്‍ത്തയില്‍ കാര്‍ലോസ് ആല്‍ബെര്‍ട്ടോ വാള്‍ഡറാമ പലാസിയോയുടെ ജനനം. ഫുട്‌ബോളിനെ അതിയായി സ്‌നേഹിക്കുന്ന കുടുംബത്തില്‍ പിറന്ന വാള്‍ഡറാമ വളരെ ചെറുപ്പം മുതലെ ഫുട്‌ബോളിനോട് പ്രിയം കാണിച്ചുതുടങ്ങിയിരുന്നു. 1981ല്‍ ഇരുപതാമത്തെ വയസിലാണ് കാര്‍ലോസ് വാള്‍ഡറാമയുടെ പ്രൊഫഷണല്‍ കരിയറിന്റെ തുടക്കം. കൊളംബിയയിലെ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ യൂണിയന്‍ മഗ്ദലേനയിലായിരുന്നു തുടക്കം. മൂന്ന് വര്‍ഷം അവിടെത്തുടര്‍ന്ന വാള്‍ഡറാമ 1984ല്‍ ലാര്‍ജര്‍ മില്യണാറിയോസിലേയ്ക്ക് മാറി. അവിടെ പക്ഷെ ഒരു വര്‍ഷം മാത്രമെ കാര്‍ലോസ് വാള്‍ഡറാമ കളിച്ചുള്ളൂ. അടുത്ത വര്‍ഷം ഡിപോര്‍ട്ടീവോ കാലിയിലെത്തിയ വാള്‍ഡറാമ അവിടെ തിളങ്ങി. ക്ലബിനുവേണ്ടി മൂന്ന് സീസണുകളിലായി ഇരുപത്തിരണ്ട് ഗോള്‍ നേടിയതോടെ ദേശീയ ടീമിലുമെത്തി. 1985 ഒക്‌ടോബര്‍ 27ന് പരാഗ്വേയ്‌ക്കെതിരായിട്ടായിരുന്നു അന്താരാഷ്ട്ര ഫുട്‌ബോളില്‍ വാള്‍ഡറാമയുടെ അരങ്ങേറ്റം. ആ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് കൊളംബിയ തോറ്റു. 1988ല്‍ ഫ്രഞ്ച് ക്ലബായ മോണ്ട്‌പെല്ലിയറിലെത്തിയ വാള്‍ഡറാമ യൂറോപ്യന്‍ ഫുട്‌ബോളുമായി പൊരുത്തപ്പെടാന്‍ കുറച്ചുസമയമെടുത്തു. എന്നാല്‍ പതുക്കെ, പതുക്കെ താളം കണ്ടെത്തിയ വാള്‍ഡറാമ ഫ്രഞ്ച് ഫുട്‌ബോളിലും തന്റെ മുദ്ര പതിപ്പിച്ചു. മികച്ച ലോങ് പാസുകള്‍ നല്‍കാനുള്ള വാള്‍ഡറാമയുടെ കഴിവ് ഫ്രഞ്ച് ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയങ്ങളെ കീഴടക്കി. 1990ല്‍ മോണ്ട്‌പെല്ലിയറിനൊപ്പം വാള്‍ഡറാമ ഫ്രഞ്ച് കപ്പ് ജയിച്ചു. അതിനുശേഷം ഫ്രാന്‍സ് വിട്ട കാര്‍ലോസ് വാള്‍ഡറാമ സ്പാനിഷ് ലാലിഗയില്‍ റിയല്‍ വല്ലഡോളിഡിനുവേണ്ടി കളിച്ചു. അവിടെ ഒരു സീസണ്‍ മാത്രം തുടര്‍ന്ന വാള്‍ഡറാമ അടുത്ത സീസണില്‍ കൊളംബിയയില്‍ തിരിച്ചെത്തി ഇന്‍ഡിപെന്‍ഡിന്റെ മെഡലിനുവേണ്ടി കളിച്ചു. അവിടെയും ഒരു സീസണ്‍ മാത്രം തുടര്‍ന്ന വാള്‍ഡറാമ പിന്നീട് അത്‌ലറ്റിക്കോ ജൂനിയറിന് വേണ്ടിയാണ് കളിച്ചത്. അവര്‍ക്കൊപ്പം രണ്ട് ലീഗ് കിരീടങ്ങള്‍ വാള്‍ഡറാമ നേടി.

1987 മുതല്‍ 1995 വരെ അഞ്ച് കോപ്പ അമേരിക്ക ടൂര്‍ണമെന്റുകളില്‍ കളിച്ച കാര്‍ലോസ് വാള്‍ഡറാമ 1987ലെ ടൂര്‍ണമെന്റില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും കൊളംബിയയെ മൂന്നാം സ്ഥാനത്തെത്തിക്കുകയും ചെയ്തു. എന്നാല്‍ വാള്‍ഡറാമ ലോകത്തെ പുളകം കൊള്ളിച്ചത് 1990 ലോകകപ്പിലെ കളി കൊണ്ടാണ്. അത്തവണ ചാമ്പ്യന്‍മാരായ പശ്ചിമ ജര്‍മനിയെ ഗ്രൂപ്പ് മത്സരത്തില്‍ കൊളംബിയ സമനിലയില്‍ തളച്ചിരുന്നു. പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കാമറൂണിനോട് പാരുതിക്കളിച്ച കൊളംബിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. പക്ഷെ അപ്പോഴേയ്ക്കും ലോകം കാര്‍ലോസ് വാള്‍ഡറാമയെ ശ്രദ്ധിച്ചുതുടങ്ങിയിരുന്നു. 1993ല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത അഞ്ച് ഗോളിന് കൊളംബിയ തകര്‍ത്തപ്പോള്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത് വാള്‍ഡറാമയായിരുന്നു. എന്നാല്‍ 1994 ലോകകപ്പ് ആകുമ്പോഴേയ്ക്കും തുടര്‍ച്ചയായുണ്ടായ പരിക്കുകള്‍ വാള്‍ഡറാമയുടെ കളിയെ ബാധിച്ചിരുന്നു. ആ ലോകകപ്പില്‍ കൊളംബിയ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. 1996ല്‍ അമേരിക്കയിലെ താംബ ബേ മ്യൂട്ടിനി എന്ന ക്ലബിനുവേണ്ടി മേജര്‍ ലീഗ് സോക്കറില്‍ കളിച്ച് വാള്‍ഡറാമ കൊളംബിയക്കാരെ ഞെട്ടിച്ചു. 1.35 മില്യണ്‍ ഡോളറിനായിരുന്നു ക്ലബ് വാള്‍ഡറാമയെ ടീമിലെത്തിച്ചത്. അക്കാലത്തെ റെക്കോഡ് തുകയായിരുന്നു അത്. ലീഗീന്റെ തുടക്ക സീസണായിരുന്നു അത്. കൃത്യതയാര്‍ന്ന പാസുകളിലൂടെ ലീഗിലെത്തന്നെ മികച്ച കളിക്കാരിലൊരാളായി മാറിയ കാര്‍ലോസ് വാള്‍ഡറാമ ലീഗിലെ ആദ്യത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. താംബ ബേ മ്യൂട്ടിനി ആദ്യത്തെ സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് നേടി. ലീഗില്‍ വാള്‍ഡറാമ ഏറെ ഗോളുകള്‍ നേടിയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ഗോളടിക്കാനായി ഒട്ടേറെ അസിസ്റ്റുകള്‍ ഒരുക്കി. അമേരിക്കയില്‍ ഫുട്‌ബോളിന് ഏറെ പ്രചാരം നല്‍കുന്നതില്‍ മേജര്‍ ലീഗ് സോക്കറിലെ വാള്‍ഡറാമയുടെ സാന്നിദ്ധ്യം കാരണമായി. മാത്രമല്ല, വാള്‍ഡറാമയുടെ പ്രതിഭയും ഏറെ ജനപ്രിയമായ ആ സ്റ്റൈലും സ്റ്റേഡിയത്തില്‍ ആളെക്കൂട്ടി. 2004ല്‍ ഫുട്‌ബോളിനും അതിന്റെ പ്രചാരണത്തിനും നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്ത് അമേരിക്കയിലെ നാഷണല്‍ സോക്കര്‍ ഹാള്‍ ഓഫ് ഫെയിമില്‍ വാള്‍ഡറാമയെ ഉള്‍പ്പെടുത്തി.

1998 ലോകകപ്പിലും കൊളംബിയയെ വാള്‍ഡറാമ നയിച്ചെങ്കിലും ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. എന്നാല്‍ രണ്ടായിരത്തിലെ മേജര്‍ ലീഗ് സോക്കറില്‍ വാള്‍ഡറാമ മിന്നിത്തിളങ്ങി. ആ ഒരൊറ്റ ടൂര്‍ണമെന്റില്‍ 26 അസിസ്റ്റുകളാണ് വാള്‍ഡറാമ ഒരുക്കിയത്. ഇപ്പോഴും അതൊരു വ്യക്തിഗത റെക്കോഡാണ്. മേജര്‍ ലീഗ് സോക്കറില്‍ മിയാമി ഫ്യൂഷന് വേണ്ടിയും കൊളറാഡോ റാപ്പിഡ്‌സിനുവേണ്ടിയും വാള്‍ഡറാമ കളിച്ചിട്ടുണ്ട്. ഈ രണ്ട് ക്ലബിനുമായി യഥാക്രമം 114ഉം 121ഉം അസിസ്റ്റുകളാണ് വാള്‍ഡറാമ സൃഷ്ടിച്ചത്. മേജര്‍ ലീഗ് സോക്കറില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ഒരുക്കിയ എക്കാലത്തെയും രണ്ടാമത്തെ കളിക്കാരനാണ് വാള്‍ഡറാമ. 2004ല്‍ പെലെ തിരഞ്ഞെടുത്ത ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച 125 പുരുഷ, വനിതാ ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയില്‍ കാര്‍ലോസ് വാള്‍ഡറാമ ഇടംപിടിച്ചു. 1985 മുതല്‍ 1998 വരെ പതിമൂന്ന് വര്‍ഷക്കാലം കൊളംബിയന്‍ ദേശീയ ടീമില്‍ കളിച്ച വാള്‍ഡറാമ ഇതില്‍ ഭൂരിഭാഗവും ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. 1987, 93, 96 വര്‍ഷങ്ങളില്‍ ദക്ഷിണ അമേരിക്കയുടെ മികച്ച ടീമിലുള്‍പ്പെട്ട കാര്‍ലോസ് വാള്‍ഡറാമയെ 1987ലും 1993ലും ദക്ഷിണ അമേരിക്കയിലെ ഏറ്റവും മികച്ച കളിക്കാരനായി യുറുഗ്വിയന്‍ പത്രമായ എല്‍ പൈസ് തിരഞ്ഞെടുത്തു. 1987, 93, 95 കോപ്പ അമേരിക്ക ടൂര്‍ണമെന്റുകളില്‍ കൊളംബിയയെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ വാള്‍ഡറാമ നിര്‍ണായക പങ്ക് വഹിച്ചു.

ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തന്നെ കാര്‍ലോസ് വാള്‍ഡറാമയെപ്പോലെ വളരെ പെട്ടെന്ന് ഫുട്‌ബോള്‍ ആരാധകര്‍ തിരിച്ചറിയുന്ന കളിക്കാര്‍ കുറവാണ്. ഏറ്റവും മനോഹരമായ കളിയെന്ന് ഭൂമിയിലെ ഭൂരിഭാഗം മനുഷ്യരും കരുതുന്ന ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളാണ് വാള്‍ഡറാമ. സ്വയം ഗോളടിക്കുന്നതിനേക്കാള്‍ മറ്റുള്ളവരെക്കൊണ്ട് ഗോളടിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ അപൂര്‍വം കളിക്കാരിലൊരാള്‍. അത്രമേല്‍ നിസ്വാര്‍ത്ഥനായിരുന്നു കാര്‍ലോസ് വാള്‍ഡറാമ. ഫുട്‌ബോളിന്റെ ഭംഗി സ്വയം ഗോളടിക്കുന്നതിലല്ല, മറിച്ച് മറ്റുള്ളവര്‍ക്ക് ഗോളടിക്കാന്‍ പാകത്തില്‍ പന്ത് ഒരുക്കിനല്‍കുന്നതിലാണെന്ന് വിശ്വസിച്ച അസാമാന്യ പ്രതിഭ. പന്തിനുമേലുള്ള നിയന്ത്രണം, ഭാവനാത്മകത, കേളീശൈലി എന്നിവ കൊണ്ടെല്ലാം ഏത് ഇതിഹാസ കളിക്കാരനൊപ്പവും സ്ഥാനമുള്ള കളിക്കാരന്‍. ഫുട്‌ബോള്‍ എന്ന കളിയെ ഇത്രമാത്രം സൗന്ദര്യാത്മകമായി നിര്‍വചിച്ച കളിക്കാര്‍ തീരെക്കുറവായിരിക്കും. അത്രയും അന്തസോടെ, ഭംഗിയായി, ഒരു ഡാന്‍സറെക്കാള്‍ വേഗത്തില്‍ പന്തുകളിച്ച മാന്ത്രികന്‍. വാള്‍ഡറാമയെപ്പോലെ പാസുകളില്‍ കൃത്യത പുലര്‍ത്തിയ കളിക്കാര്‍ ഫുട്‌ബോളിലുണ്ടായിട്ടില്ലെന്നുതന്നെ പറയാം. മറ്റ് ടീമിലെ കളിക്കാരും ആരാധകരും ഒരുപോലെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തു കാര്‍ലോസ് വാള്‍ഡറാമയെ. ഫുട്‌ബോള്‍ മൈതാനത്ത് യാതൊരു ആകുലതകളുമില്ലാതെ, ആശങ്കകളുമില്ലാതെ, ഒട്ടും പരിഭ്രാന്തിയില്ലാതെ, നിഷ്‌കളങ്കനായ ഒരു കുട്ടിയെ പോലെ കളിച്ച വാള്‍ഡറാമയ്ക്ക് അതുകൊണ്ടുതന്നെയായിരിക്കണം എല്‍ പീബെ അല്ലെങ്കില്‍ പയ്യന്‍ എന്ന വിളിപ്പേര് വീണത്.

അന്നും ഇന്നും കൊളംബിയ എന്ന് കേള്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ ആദ്യം ഓര്‍ക്കുന്ന മുഖങ്ങളിലൊന്ന് കാര്‍ലോസ് വാള്‍ഡറാമ എന്ന ഈ ചുരുണ്ട, ചെമ്പന്‍ മുടിക്കാരന്റെയാണ്. വാള്‍ഡറാമ ലോകഫുട്‌ബോളിനും പ്രത്യേകിച്ച് കൊളംബിയന്‍ ഫുട്‌ബോളിനും നല്‍കിയിട്ടുള്ള അടയാളം അത്ര വലുതാണ്. കൊളംബിയയുടെ ഫുട്‌ബോള്‍ ഐക്കണ്‍ ആണ് എത്രയോ കാലമായി വാള്‍ഡറാമ. കൊളംബിയയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരനായി കാര്‍ലോസ് വാള്‍ഡറാമയെ കണക്കാക്കുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാല്‍ വാള്‍ഡറാമ കൊളംബിയയിലെ മാത്രമല്ല, ലാറ്റിനമേരിക്കയിലെത്തന്നെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയില്‍ ഇടമുള്ള പ്രതിഭയാണ്. കളിച്ച കാലത്തുമാത്രമല്ല, കളിയില്‍ നിന്ന് വിരമിച്ച ശേഷവും എത്രയോ തലമുറകള്‍ക്ക് പ്രചോദനമാണ് കാര്‍ലോസ് വാള്‍ഡറാമ. കഴിഞ്ഞ രണ്ട് പതീറ്റാണ്ടിനിടെ കൊളംബിയന്‍ ദേശീയ ടീമിലെത്തിയ പലരുടെയും പ്രചോദനവും ഹീറോയും കാര്‍ലോസ് വാള്‍ഡറാമയാണ്.

ലോകഫുട്‌ബോളിനെ സ്വാധീനിക്കുകയും അതിന്റെ ജനപ്രീതിക്കും പ്രചുര പ്രചാരണത്തിനും വലിയ സംഭാവനകള്‍ നല്‍കുകയും ചെയ്ത മഹത്തായ കളിക്കാരനാണ് കോര്‍ലോസ് വാള്‍ഡറാമ. കളിക്കളത്തിലെ അസാധാരണമായ കേളീശൈലി കൊണ്ടും തന്ത്രങ്ങള്‍ കൊണ്ടും നൈപുണ്യം കൊണ്ടും പന്ത് കളിയെ സ്‌നേഹിക്കുന്നവരുടെ ഹൃദയം കീഴടക്കി അയാള്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഫുട്‌ബോള്‍ എന്ന കളിയെ നിര്‍വചിക്കുകയും സ്വാധീനിക്കുകയും ചെയ്ത എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് വാള്‍ഡറാമയെന്ന് നിസംശയം പറയാം.



