കെ.ശ്രീജിത്ത്
ദക്ഷിണാഫ്രിക്ക ഇതേവരെ നേടിയിട്ടുള്ള ഏക ഐ.സി.സി ട്രോഫി അവര്‍ക്ക് സമ്മാനിച്ച ക്യാപ്റ്റന്‍. സമ്മര്‍ദ്ദങ്ങളില്‍ തളരാത്ത മധ്യനിര ബാറ്റ്‌സ്മാന്‍. വിശ്വസ്തനായ മിലിട്ടറി മീഡിയം പേസര്‍. ഇതെല്ലാമായിരുന്നു ഒരിക്കല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ അമരക്കാരനായ ഹാന്‍സി ക്രോണ്യേ. എന്നാല്‍ രണ്ടായിരത്തില്‍ വാതുവെയ്പില്‍ ഏര്‍പ്പെട്ടതോടെ ആജീവനാന്ത വിലക്ക് നേരിടേണ്ടിവന്നത് ആന്റി ക്ലൈമാക്‌സായി. അതിലും വലിയ ദുരന്തമായിരുന്നു അയാളെ കാത്തിരുന്നത്. 2002 ജൂണ്‍ ഒന്നിനുണ്ടായ വിമാനാപകടത്തില്‍ മുപ്പത്തിരണ്ടുകാരനായ ക്രോണ്യേയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അങ്ങനെ ലോകക്രിക്കറ്റിലെ എക്കാലത്തെയും വലിയ ദുരന്തകഥകളിലൊന്നായി ഹാന്‍സി ക്യോണ്യേയുടെ ജീവിതം.

തൊണ്ണൂറുകളുടെ മധ്യത്തില്‍ ലോകത്തെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായിരുന്നു ഹാന്‍സി ക്രോണ്യേ. ദക്ഷിണാഫ്രിക്കയെ 27 ടെസ്റ്റിലും 99 ഏകദിനങ്ങളിലും ജയത്തിലേയ്ക്ക് നയിച്ചയാള്‍. ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഒഴികെ ബാക്കി എല്ലാ രാജ്യങ്ങള്‍ക്കെതിരെയും പരമ്പര നേട്ടം. 1998ലെ ഐ സി സി നോക്കൗട്ട് ട്രോഫി ഫൈനലില്‍ പുറത്താകാതെ 61 റണ്‍സ് നേടിയ ഹാന്‍സി ക്രോണ്യേ പ്രതിസന്ധി ഘട്ടത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് ചാമ്പ്യന്‍മാരാക്കി.

1969 സപ്തംബര്‍ 25ന് ദക്ഷിണാഫ്രിക്കയിലെ ബ്ലോംഫോണ്ടെയ്‌നിലാണ് വെസല്‍ ജോഹാന്‍സ് ഹാന്‍സി ക്രോണ്യേ ജനിക്കുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ക്രിക്കറ്റിലും റഗ്ബിയിലും ഒരുപോലെ മിടുക്ക് കാണിച്ചിരുന്ന ക്രോണ്യേ ഈ രണ്ട് കളികളിലും അന്നത്തെ ഓറഞ്ച് ഫ്രീ സ്റ്റേറ്റ് പ്രവിശ്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ റഗ്ബിയിലും ക്രിക്കറ്റിലും സ്‌കൂള്‍ ടീം ക്യാപ്റ്റനായിരുന്നു. ക്രോണ്യേയുടെ അച്ഛന്‍ എവി ക്രോണ്യേയും മുതിര്‍ന്ന സഹോദരന്‍ ഫ്രാന്‍സ് ക്രോണ്യേയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.

1988ല്‍ പതിനെട്ടാമത്തെ വയസില്‍ ഓറഞ്ച് ഫ്രീസ്റ്റേറ്റിനുവേണ്ടി ഹാന്‍സി ക്രോണ്യേ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി. വൈകാതെ ടീമിലെ സ്ഥിരാംഗമായി. 1990-91 സീസണില്‍ ഇരുപത്തൊന്നാമത്തെ വയസില്‍ ക്രോണ്യേയെ ഓറഞ്ച് ഫ്രീ സ്റ്റേറ്റിന്റെ ക്യാപ്റ്റനായി നിയോഗിച്ചു. ആ സീസണില്‍ രണ്ട് സെഞ്ച്വറി നേടിയ അയാള്‍ 40 ഓവര്‍ കളിയില്‍ മറ്റൊരു സെഞ്ച്വറി കൂടി അടിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ 1992 ലോകകപ്പിലേയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഹാന്‍സി ക്രോണ്യേയെ ഉള്‍പ്പെടുത്തി. ലോകകപ്പില്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ക്രോണ്യേയുടെ ഏകദിന അരങ്ങേറ്റ മത്സരം. ടൂര്‍ണമെന്റിലെ ദക്ഷിണാഫ്രിക്കയുടെ ഒമ്പതില്‍ എട്ട് മത്സരങ്ങളിലും കളിച്ച ഹാന്‍സി ക്രോണ്യേ 34 റണ്‍ ശരാശരിയില്‍ 272 റണ്‍സടിച്ചു. 20 ഓവര്‍ ബൗള്‍ ചെയ്യുകയുമുണ്ടായി. ലോകകപ്പിന് ശേഷം നടന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ടീമിലിടം പിടിച്ച ക്രോണ്യേ ബ്രിഡ്ജ്ടൗണില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചു. വര്‍ണവിവേചനത്തെത്തുടര്‍ന്ന് രണ്ട് ദശകത്തോളം ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട് തിരിച്ചെത്തിയ ശേഷമുള്ള ദക്ഷിണാഫ്രിക്കയുടെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു അത്.

വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ശേഷം ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചപ്പോള്‍ ഏകദിന പരമ്പരയില്‍ ക്രോണ്യേ തിളങ്ങിയത് ബൗളിംഗിലായിരുന്നു. ആദ്യ ഏകദിനത്തില്‍ സിക്‌സറടിച്ച് കളി ഫിനിഷ് ചെയ്ത ക്രോണ്യേ ബൗളിംഗ് മികവില്‍ മാന്‍ ഓഫ് ദ മാച്ചായി. ഈ പരമ്പരയിലാണ് ഏകദിനത്തിലെ തന്റെ മികച്ച ബൗളിംഗ് പ്രകടനമായ 32 റണ്‍സിന് അഞ്ച് വിക്കറ്റ് ക്രോണ്യേ നേടിയത്. ഇതോടെ ഒരു ഏകദിന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ ബൗളറായി ക്രോണ്യേ. ഇതിനുശേഷം നടന്ന ടെസ്റ്റ് പരമ്പരയില്‍ ക്രോണ്യേ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി. ഈ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ രണ്ട് ദശകത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിലെ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക.

ദക്ഷിണാഫ്രിക്കയുടെ അടുത്ത ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്കയ്‌ക്കെതിരെ ക്രോണ്യേ തന്റെ രണ്ടാമത്തെ ടെസ്റ്റ് സെഞ്ച്വറി നേടി. ആ മത്സരത്തില്‍ ഇന്നിംഗ്‌സിനും 208 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. പരമ്പരയില്‍ 59.25 ശരാശരിയില്‍ 237 റണ്‍സാണ് ക്രോണ്യേ നേടിയത്.

1993ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ദക്ഷിണാഫ്രിക്കയുടെ വൈസ് ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട ക്രോണ്യേ ആ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ ക്യാപ്റ്റന്‍ കെപ്ലര്‍ വെസല്‍സിന് പരിക്കേറ്റതോടെ ക്രോണ്യേയാണ് ടീമിനെ നയിച്ചത്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ക്യാപ്റ്റനായി ഹാന്‍സി ക്രോണ്യേ. പക്ഷെ ആ മത്സരം ദക്ഷിണാഫ്രിക്ക തോറ്റു. ഓസ്‌ട്രേലിയ തിരിച്ച് ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോള്‍ ആദ്യ ഏകദിന മത്സരത്തില്‍ ക്രോണ്യേ സെഞ്ച്വറി നേടി. രണ്ടാമത്തേതില്‍ 97ഉം. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ച്വറി നേടിയ ക്രോണ്യേയുടെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക 197 റണ്‍സിന്റെ വമ്പന്‍ ജയം നേടി. 1994ല്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ക്രോണ്യേ മോശം ഫോമിലായിരുന്നു. മൂന്ന് ടെസ്റ്റ് പരമ്പരയില്‍ ക്രോണ്യേ ആകെ നേടിയത് 90 റണ്‍സ്. അതേവര്‍ഷം തന്നെ ഓസ്‌ട്രേലിയയും പാകിസ്താനും പങ്കെടുത്ത ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ ക്രോണ്യേ ഉജ്ജ്വല ഫോമിലായിരുന്നു. ടൂര്‍ണമെന്റില്‍ 88.50 ശരാശരിയില്‍ 354 റണ്‍സാണ് ക്രോണ്യേ അടിച്ചുകൂട്ടിയത്. എന്നിട്ടും ദക്ഷിണാഫ്രിക്ക എല്ലാ മത്സരങ്ങളിലും തോറ്റു. ക്യാപ്റ്റന്‍ എന്ന നിലയില്‍ കെപ്ലര്‍ വെസല്‍സിന്റെ അവസാന ടൂര്‍ണമെന്റായിരുന്നു ഇത്.

വെസല്‍സിന്റെ പിന്‍ഗാമിയായി വൈസ് ക്യാപ്റ്റനായിരുന്ന ഹാന്‍സി ക്രോണ്യേ നിയോഗിക്കപ്പെട്ടു. 1994ലെ ന്യൂസീലന്‍ഡിനെതിരായ പരമ്പരയായിരുന്നു സ്ഥിരം ക്യാപ്റ്റനെന്ന നിലയില്‍ ക്രോണ്യേയുടെ ആദ്യത്തെ പരമ്പര. ജോഹനസ്ബര്‍ഗില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തോറ്റു. എന്നാല്‍ തുടര്‍ന്ന് അവസാന രണ്ട് ടെസ്റ്റും ജയിച്ച് ക്രോണ്യേയുടെ നേതൃത്വത്തിലുള്ള ടീം പരമ്പര നേടി. അവസാന ടെസ്റ്റില്‍ ക്രോണ്യേ സെഞ്ച്വറി നേടി. ഡബ്ല്യു.ജി.ഗ്രേസിന് ശേഷം മൂന്ന് ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരം തോറ്റ ശേഷം പരമ്പര ജയിക്കുന്ന ക്യാപ്റ്റനായി ഹാന്‍സി ക്രോണ്യേ മാറി. 1995ല്‍ പാകിസ്താനും ന്യൂസീലന്‍ഡിനുമെതിരായ ഏക ടെസ്റ്റ് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക ജയിച്ചു. ഓക്‌ലന്‍ഡില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ക്രോണ്യേ സെഞ്ച്വറി നേടി. സിംബാബ് വെയ്‌ക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിലും ദക്ഷിണാഫ്രിക്ക ജയിച്ചു. 1995ല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പര 1-0ത്തിന് ദക്ഷിണാഫ്രിക്ക ജയിച്ചെങ്കിലും ക്രോണ്യേ പരമ്പരയില്‍ ആകെ നേടിയത് 113 റണ്‍സായിരുന്നു. എന്നാല്‍ ഏകദിന പരമ്പരയില്‍ ക്രോണ്യേ മികച്ച ഫോമിലായിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്ക പരമ്പര 6-1ന് ജയിച്ചു.

1996 ലോകകപ്പില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക മികച്ച ഫോമിലായിരുന്നെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ തുടര്‍ച്ചയായ രണ്ട് ടെസ്റ്റ് പരമ്പരകള്‍. ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ ഇന്ത്യ 2-1നും ദക്ഷിണാഫ്രിക്കയില്‍ നടന്ന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0നും ജയിച്ചു. ക്രോണ്യേ രണ്ട് പരമ്പരയിലും മോശം ഫോമിലായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഫോം വീണ്ടെടുത്ത ക്രോണ്യേ ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലും 50 റണ്‍ ശരാശരിയില്‍ റണ്ണടിച്ചു. എന്നാല്‍ രണ്ട് പരമ്പരയും ദക്ഷിണാഫ്രിക്ക തോറ്റു. 1997ല്‍ ക്രോണ്യേയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്ക പാകിസ്താനില്‍ ആദ്യ പരമ്പര നേട്ടം സ്വന്തമാക്കി. എന്നാല്‍ ക്രോണ്യേ തീര്‍ത്തും മോശം ഫോമിലായിരുന്നു.

ആ വര്‍ഷം നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിലും ടെസ്റ്റ് പരമ്പരയിലും ദക്ഷിണാഫ്രിക്ക തോറ്റു. പാകിസ്താന്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോള്‍ പരിക്ക് കാരണം ക്രോണ്യേ ആദ്യ ടെസ്റ്റ് കളിച്ചില്ല. രണ്ടാമത്തെ മത്സരത്തില്‍ കളിച്ചെങ്കിലും തോറ്റു. എന്നാല്‍ മൂന്നാം ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയിലാക്കി. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 49ഉം 74ഉം റണ്‍സെടുത്ത ക്രോണ്യേ ടീമിനെ ജയത്തിലേയ്ക്ക് നയിച്ചു. രണ്ടാമത്തെ ടെസ്റ്റില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രോണ്യേ 63 പന്തില്‍ 82 റണ്‍സെടുത്ത് വെടിക്കെട്ട് ബാറ്റിംഗും കാഴ്ചവെച്ചു. മുത്തയ്യ മുരളീധരനെ തുടര്‍ച്ചയായി മൂന്ന് സിക്‌സടിച്ചാണ് ക്രോണ്യേ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ആ സമയത്ത് ടെസ്റ്റ് ക്രിക്കറ്റിലെ വേഗതയേറിയ രണ്ടാമത്തെ അര്‍ദ്ധസെഞ്ച്വറിയായിരുന്നു ക്രോണ്യേ നേടിയത്. 31 പന്തിലായിരുന്നു അര്‍ദ്ധസെഞ്ച്വറി.

1998ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ക്രോണ്യേ തുടര്‍ച്ചയായി അഞ്ച് അര്‍ദ്ധസെഞ്ച്വറിയാണ് നേടിയത്. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന തന്റെ അമ്പതാമത്തെ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച ക്രോണ്യേ 126 റണ്‍സെടുത്തു. അതായിരുന്നു ക്രോണ്യേയുടെ അവസാന ടെസ്റ്റ് സെഞ്ച്വറി. രണ്ടാം ഇന്നിംഗ്‌സില്‍ 67 റണ്‍സെടുത്ത ക്രോണ്യേ ടെസ്റ്റില്‍ മൂവായിരം റണ്‍സും തികച്ചു. എന്നാല്‍ ആ ടെസ്റ്റും അടുത്ത ടെസ്റ്റും ജയിച്ച ഇംഗ്ലണ്ട് പരമ്പര 2-1ന് സ്വന്തമാക്കി. 66.83 ശരാശരിയില്‍ 401 റണ്‍സെടുത്ത ക്രോണ്യേ ആയിരുന്നു ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്.

1998ല്‍ വെസ്റ്റിന്‍ഡീസിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. ഏകദിന പരമ്പര 6-1നും ജയിച്ചു. ക്രോണ്യേ ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. പരമ്പരയില്‍ 11 വിക്കറ്റും ക്രോണ്യേ നേടി. 1999ല്‍ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളും ക്രോണ്യേയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്ക നേടി. 1999ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക സെമിയില്‍ പുറത്തായി. ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്രസിദ്ധമായ ടൈ കണ്ട് മത്സരത്തില്‍ സൂപ്പര്‍സിക്‌സിലെ മത്സരത്തില്‍ ജയിച്ചതിന്റെ മുന്‍തൂക്കത്തില്‍ ഓസ്‌ട്രേലിയ ഫൈനലിലെത്തുകയായിരുന്നു. ടൂര്‍ണമെന്റില്‍ 12.25 ശരാശരിയില്‍ 98 റണ്‍സായിരുന്നു ക്രോണ്യേയുടെ മൊത്തം സമ്പാദ്യം. അതേ വര്‍ഷം സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് ടെസ്റ്റും ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സിന് ജയിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാലാമത്തെ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. എന്നാല്‍ അഞ്ചാമത്തെ ടെസ്റ്റിലെ ഭൂരിഭാഗം സമയവും മഴ അപഹരിച്ചു. തുടര്‍ന്ന് ഓരോ ഇന്നിംഗ്‌സ് കളിച്ച് ഫലമുണ്ടാക്കാമെന്ന് ഇരുക്യാപ്റ്റന്‍മാരും സമ്മതിച്ചതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു. 249 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റിന് കളി ജയിച്ചു. ഈ മത്സരത്തില്‍ ഇന്നിംഗ്‌സ് നേരത്തെ ഡിക്ലയര്‍ ചെയ്യാന്‍ ക്രോണ്യേ വാതുവെയ്പുകാരനില്‍ നിന്ന് പണം വാങ്ങിയതായി പിന്നീട് കണ്ടെത്തിയിരുന്നു.

2000 മാര്‍ച്ച് 31ന് ഹാന്‍സി ക്രോണ്യേ തന്റെ അവസാന ഇന്നിംഗ്‌സ് കളിച്ചു. ഷാര്‍ജ കപ്പ് ഫൈനലില്‍ പാകിസ്താനെതിരെ 73 പന്തില്‍ 79 റണ്‍സായിരുന്നു ക്രോണ്യേ അവസാന ഇന്നിംഗ്‌സില്‍ നേടിയത്. 2000 ഏപ്രില്‍ ഏഴിന് ക്രോണ്യേ വാതുവെയ്പിന്റെ ഭാഗമായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇന്ത്യന്‍ വാതുവെയ്പുകാരന്‍ സഞ്ജീവ് ചൗളയുമായി ക്രോണ്യേ നടത്തിയ സംഭാഷണം പുറത്തായിരുന്നു. മറ്റ് മൂന്ന് കളിക്കാരായ ഹെര്‍ഷല്‍ ഗിബ്‌സ്, നിക്കി ബോയെ, പീറ്റര്‍ സ്‌ട്രൈഡം എന്നിവരും ആരോപണവിധേയരായി. കിങ് കമ്മീഷന്‍ നടത്തിയ തെളിവെടുപ്പില്‍ ഹാന്‍സി ക്രോണ്യേ തെറ്റ് ചെയ്തതായി സമ്മതിച്ചു. തുടര്‍ന്ന് കമ്മീഷന്‍ ക്രോണ്യേ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ ക്രോണ്യേ അപ്പീല്‍ നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. 13 വര്‍ഷത്തിന് ശേഷം 2013 ജൂലായ് 22ന് സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസിലെ കുറ്റപത്രത്തില്‍ ഹാന്‍സി ക്രോണ്യേ ഉള്‍പ്പടെ നിരവധി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കളിക്കാരുടെ പേരുണ്ടായിരുന്നു.

2002 ജൂണ്‍ ഒന്നിനുണ്ടായ ഒരു വിമാനപകടത്തില്‍ ഹാന്‍സി ക്രോണ്യേ മരിച്ചു. ക്രോണ്യേയുടെ മരണം കൊലപാതകമാണെന്ന് പിന്നീട് ആരോപണമുയര്‍ന്നിരുന്നു. വാതുവെയ്പിന് പിന്നിലെ സത്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ക്രോണ്യെയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു ആരോപണം. അതെന്തായാലും ഹാന്‍സി ക്രോണ്യേയുടെ ജീവിതം ഒരു ദുരന്തമായി അവസാനിച്ചു.



