Saturday, February 14, 2026
Google search engine
HomeTurning Pointsവേദനിപ്പിച്ചും സന്തോഷിപ്പിച്ചും അവസാന മിനിറ്റ് ഗോളുകള്‍

വേദനിപ്പിച്ചും സന്തോഷിപ്പിച്ചും അവസാന മിനിറ്റ് ഗോളുകള്‍

കെ.ശ്രീജിത്ത്

രണ്ട് ടീമുകള്‍… 22 കളിക്കാര്‍… 90 മിനിറ്റ്… പോരിന്റെ ചൂട് കാരണം തിളച്ചുമറിയുന്ന മൈതാനം… അപ്പോഴാണ് മൂന്നോ നാലോ മിനിറ്റ് മാത്രമുള്ള സ്‌റ്റോപ്പേജ് ടൈം ആരംഭിക്കുക… അതുവരെ സമനിലയിലായിരുന്നു കളിയെങ്കില്‍ സ്റ്റോപ്പേജ് സമയത്ത് ഏത് ടീം ഗോളടിച്ചാലും അവര്‍ കളി ജയിക്കും… ഇനി അഥവാ ഒരു ഗോളിന് പിന്നിട്ട് നില്‍ക്കുന്ന ടീമാണ് ഗോളടിക്കുന്നതെങ്കില്‍ അവര്‍ക്ക് ആശ്വാസം. സ്‌റ്റോപ്പേജ് ടൈമില്‍ ഏതെങ്കിലും ഒരു ടീം ഗോളടിച്ചാല്‍ മറ്റേ ടീമിന് ഗോള്‍ തിരിച്ചടിക്കാന്‍ സാധാരണനിലയില്‍ ഒട്ടും സമയമുണ്ടാകില്ല… അതുകൊണ്ടുതന്നെ ഇരുടീമും ഗോള്‍ വഴങ്ങാതിരിക്കാനായിരിക്കും ശ്രമം… ഒരവസരം കിട്ടുകയാണെങ്കില്‍ അത് മുതലാക്കാം എന്ന നിലയില്‍ ശ്രദ്ധിച്ചായിരിക്കും ഇരുടീമും കളിക്കുക…

കാര്യം അങ്ങനെയാണെന്നിരിക്കെ, ലോകകപ്പ് ചരിത്രത്തില്‍ പേരുകേട്ട ചില സ്റ്റോപ്പേജ് ടൈം ഗോളുകളുണ്ട്. കളിയുടെ ഗതി തന്നെ മാറ്റിമറിച്ച ഗോളുകള്‍… അതില്‍ ചിലത് നമ്മുക്കൊന്ന് നോക്കാം…

2014 ലോകകപ്പ്… ഗ്രൂപ്പ് മത്സരത്തില്‍ ഇറാന്‍-അര്‍ജന്റീന മത്സരം. കളിയുടെ നിശ്ചിത സമയമായ 90 മിനിറ്റ് മുഴുവന്‍ ഇറാന്‍ അര്‍ജന്റീനയെ ഗോളടിക്കാന്‍ വിടാതെ പൂട്ടിയിടുന്നു. കളി സ്റ്റോപ്പേജ് ടൈമിലെത്തുമ്പോള്‍ ആരുമാരും ഗോളടിച്ചിട്ടില്ല. സ്‌റ്റോപ്പേജ് ടൈം തുടങ്ങി. 26-ാമത്തെ സെക്കന്റില്‍ ഇറാന്റെ പെനാല്‍റ്റി ബോക്‌സിന് തൊട്ടുപുറത്തുന്നിന്ന്, മൈതാനത്തിന്റെ വലതുഭാഗത്തായി ലിയോണല്‍ മെസ്സിക്ക് ഒരു പാസ് കിട്ടുന്നു. മെസ്സി ആ പന്തിനെ ഇടംകാല്‍ കൊണ്ട് തഴുകിത്തഴുകി എതിര്‍ ഡിഫന്‍ഡറെ ഇടത്തോട്ടൊന്ന് വെട്ടിച്ച് ഒരൊറ്റയടി! പന്ത് വായുവിലൂടെ ഇറാന്‍ ഡിഫന്‍ഡര്‍മാരുടെയും ഡൈവ് ചെയ്ത ഗോളിയുടെയും തലയ്ക്കുമീതെ വളഞ്ഞുപുളഞ്ഞ് ഇറാന്‍ ഗോള്‍പോസ്റ്റിന്റെ വലതുമൂലയിലേയ്ക്ക് ഒരു മഴവില്ല് പോലെ ചാഞ്ഞിറങ്ങുന്നു… സ്‌റ്റേഡിയം ആര്‍ത്തിരമ്പുന്നു… അര്‍ന്റീനിയന്‍ ബെഞ്ചിലെ കളിക്കാരെല്ലാം ഓടിയെത്തി മെസ്സിയെ കെട്ടിപ്പിടിക്കുന്നു… അര്‍ജന്റീന പ്രീക്വര്‍ട്ടറില്‍… 90 മിനിറ്റും കഠിനാദ്ധ്വാനത്തിലൂടെ അര്‍ജന്റീനയെ വരിഞ്ഞുമുറുക്കിയ ഇറാന് നിരാശ ബാക്കി…

2018 ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍…. ബെല്‍ജിയം ജപ്പാനുമായി കൊമ്പുകോര്‍ക്കുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍. നാല് മിനിറ്റ് അനുവദിച്ച സ്‌റ്റോപ്പേജ് ടൈം തീരാന്‍ 17 സെക്കന്റ് മാത്രം ബാക്കിനില്‍ക്കെ ജപ്പാന്റെ ഹൃദയം തകര്‍ത്ത് ബെല്‍ജിയത്തിന്റെ നാസര്‍ ചാഡ്‌ലി ഗോള്‍ നേടുന്നു. ബെല്‍ജിയം ക്വാര്‍ട്ടര്‍ഫൈനലില്‍…

2022 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഇറാനും വെയ്ല്‍സും തമ്മില്‍ ഏറ്റുമുട്ടുന്നു. നിശ്ചിത 90 മിനിറ്റില്‍ ഇരുടീമും ഗോളൊന്നുമടിക്കുന്നില്ല. സ്‌റ്റോപ്പേജ് ടൈമിന്റെ എട്ടാമത്തെ മിനിറ്റില്‍ ഇറാനുവേണ്ടി റൂസ്‌ബേ ചെഷ്മി ഗോള്‍ നേടുന്നു. ഇറാന്‍ ജയമുറപ്പിച്ചു. പിന്നാലെ സ്റ്റോപ്പേജ് ടൈമിന്റെ തന്നെ പതിനൊന്നാം മിനിറ്റില്‍ റാമിന്‍ റെസെയ്യാന്‍ ഇറാന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തുന്നു. ഇതൊടെ ഗാരെത് ബെയ്ല്‍ നയിച്ച വെയ്ല്‍സിന്റെ പതനം പൂര്‍ണമായി.

2014 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ഇക്വഡോറും സ്വിറ്റ്‌സര്‍ലന്റും തമ്മിലുള്ള മത്സരം. ഇരുടീമും ഒരു ഗോള്‍ വീതം അടിച്ചിട്ടുണ്ട്. കളി മൂന്ന് മിനിറ്റ് മാത്രമുള്ള സ്‌റ്റോപ്പേജ് ടൈമിലേയ്ക്ക് നീങ്ങി. കളി തീരാന്‍ 35 സെക്കന്റ് മാത്രം ബാക്കിനില്‍ക്കെ കൊളംബിയ നഷ്ടപ്പെടുത്തിയ ഒരു അവസരത്തില്‍ നിന്ന് കൗണ്ടര്‍ അറ്റാക്ക് രൂപപ്പെടുത്തിയ സ്വിറ്റ്‌സര്‍ലന്റ് ഹാരിസ് സെഫറോവിച്ചിലൂടെ ഗോള്‍ നേടുന്നു. ഇതോടെ 2-1ന് സ്വിറ്റ്‌സര്‍ലന്റ് ജയിക്കുന്നു.

ടോണി ക്രൂസ്. ഒരുകാലത്ത് ജര്‍മന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം. 2018 ലോകകപ്പില്‍ തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്ന നിലയില്‍ ജര്‍മനി സ്വീഡനെതിരെ ഗ്രൂപ്പ് മത്സരം കളിക്കുന്നു. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോളടിച്ച് സമനിലയില്‍ നില്‍ക്കുന്നു. അഞ്ച് മിനിറ്റ് സ്‌റ്റോപ്പേജ് ടൈമിന്റെ അവസാന മിനിറ്റില്‍ സ്വീഡന്റെ പെനാല്‍റ്റി ബോക്‌സിന് തൊട്ടുപുറത്തുവെച്ച് ജര്‍മനിയ്ക്ക് ഫ്രീകിക്ക്. അത് അവര്‍ക്കുള്ള അവസാന അവസരമായിരുന്നു. കിക്കെടുത്തത് ടോണി ക്രൂസ്. ആ കിക്ക് വായുവിലൂടെ വളഞ്ഞുപുളഞ്ഞ് സ്വീഡന്റെ വലയില്‍. ജര്‍മന്‍ കോച്ച് ജോക്കിം ലോയ്ക്കും ആരാധകര്‍ക്കും ആശ്വാസം. ജര്‍മനി ആ ലോകകപ്പിലെ ആയുസ് നീട്ടിയെടുത്തു.

2022 ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്ന്. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയും നെതര്‍ലന്റ്‌സും നേര്‍ക്കുനേര്‍. കളി സ്‌റ്റോപ്പേജ് ടൈമിന്റെ അവസാന മിനിറ്റില്‍. അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നില്‍. അപ്പോള്‍ നെതര്‍ലന്റ്‌സിന് അര്‍ജന്റീനിയന്‍ പെനാല്‍റ്റി ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഒരു ഫ്രീകിക്ക് കിട്ടുന്നു. ടിയൂണ്‍ കൂപ്പ്‌മെയ്‌നേഴ്‌സ് തന്ത്രപരമായി അര്‍ജന്റീനിയന്‍ പ്രതിരോധമതിലില്‍ തട്ടാതെ പെനാല്‍റ്റി ബോക്‌സില്‍ നിന്നിരുന്ന വെഗോസ്റ്റിന് ജോലൂപ പതുക്കെ തട്ടിയിട്ട് കൊടുക്കുന്നു. ആ പന്ത് പിടിച്ചെടുക്കുന്ന വെഗോസ്റ്റ് അര്‍ജന്റീനിയന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസിനെ കബളിപ്പിച്ച് ഇടംകാല്‍ കൊണ്ട് മാര്‍ട്ടിനെസിന്റെ ഇടതുഭാഗത്തേയ്ക്ക് തട്ടിയിടുന്നു. ഗോള്‍… ഉജ്ജ്വലമായ ഫിനിഷ്… നെതര്‍ലന്റ്‌സ് അര്‍ജന്റീനയ്‌ക്കൊപ്പം…

2014 ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ ഗ്രീസും കോസ്റ്റാറിക്കയും തമ്മിലാണ് മത്സരം. നിശ്ചിത സമയത്ത് കോസ്റ്റാറിക്ക ഒരു ഗോളിന് മുന്നില്‍. സ്‌റ്റോപ്പേജ് ടൈമിന്റെ ആദ്യ മിനിറ്റില്‍ സോക്രട്ടീസ് പാപ്പസ്താതോപൗലോസിന്റെ ഗോളില്‍ ഗ്രീസ് ഒപ്പമെത്തുന്നു. പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കോസ്റ്റാറിക്ക 5-3ന് ജയിക്കുന്നു. കോസ്റ്റാറിക്കന്‍ ഗോളി കെയ്‌ലര്‍ നവാസ് ഹീറോയാകുന്നു.

ബ്രസീലിനുവേണ്ടി ഫിലിപ്പ് കുട്ടീഞ്ഞോ താരമായ ദിവസം. 2018 ലോകകപ്പിലെ ഗ്രൂപ്പ് മത്സരം. ബ്രസീല്‍ കോസ്റ്റാറിക്കയെ നേരിടുന്നു. നെയ്മറെപ്പോലുള്ള സൂപ്പര്‍താരങ്ങളുണ്ടായിട്ടും ബ്രസീലിന് നിശ്ചിതസമയത്ത് ഗോളടിക്കാനാകുന്നില്ല. ഇരുടീമും ഗോളൊന്നും നേടാതെ കളി സ്‌റ്റോപ്പേജ് ടൈമിലേയ്ക്ക് കടന്നു. സ്റ്റോപ്പേജ് ടൈമിന്റെ ആദ്യ മിനിറ്റില്‍ തന്നെ ഫിലിപ്പ് കുട്ടീഞ്ഞോ ബ്രസീലിനെ മുന്നിലെത്തിക്കുന്നു. സ്‌റ്റോപ്പേജ് ടൈമിന്റെ തന്നെ ഏഴാമത്തെ മിനിറ്റില്‍ സൂപ്പര്‍താരം നെയ്മറും ഗോള്‍ നേടുന്നതോടെ ബ്രസീല്‍ രണ്ട് ഗോളിന് മത്സരം ജയിക്കുന്നു.

2022 ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ബ്രസീലും കാമറൂണും തമ്മിലാണ് പോരാട്ടം. കാമറൂണ്‍ ക്യാപ്റ്റന്‍ വിന്‍സന്റ് അബൂബക്കര്‍ തന്റെ ടീമിന് എന്നും ഓര്‍ക്കാവുന്ന ജയം സമ്മാനിച്ച മത്സരം. ആദ്യ 90 മിനിറ്റില്‍ ബ്രസീലിനെ ഗോളടിക്കാന്‍ വിടാതെ കാമറൂണ്‍ പൂട്ടിയിടുന്നു. മത്സരം സ്‌റ്റോപ്പേജ് ടൈമിലേയ്ക്ക് നീങ്ങുന്നു. സ്റ്റോപ്പേജ് ടൈമിന്റെ മൂന്നാം മിനിറ്റില്‍ കാമറൂണ്‍ ക്യാപ്റ്റന്‍ വിന്‍സന്റ് അബൂബക്കറിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ബ്രസീലിയന്‍ ഗോള്‍വല തുളച്ചുകയറുന്നു. കാമറൂണിന് ഉജ്ജ്വല ജയം.

അമേരിക്കയ്‌ക്കെതിരെ പോര്‍ച്ചുഗല്‍ ശരിക്കും വിയര്‍ത്ത മത്സരം. 2014 ലോകകപ്പിലെ ഗ്രൂപ്പ് മത്സരം. ആദ്യ 90 മിനിറ്റില്‍ പോര്‍ച്ചുഗലിനെതിരെ അമേരിക്ക 2-1ന് മുന്നില്‍. കളി സ്‌റ്റോപ്പേജ് ടൈമില്‍. 95-ാമത്തെ മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പനൊരു ക്രോസില്‍ നിന്ന് സില്‍വസ്റ്റര്‍ വരേലയുടെ ബുള്ളറ്റ് ഹെഡ്ഡര്‍. അമേരിക്കന്‍ ഗോളിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പോര്‍ച്ചുഗല്‍ അമേരിക്കയോട് സമനില നേടി.

2018 ലോകകപ്പില്‍ ജര്‍മനിയെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താക്കി ദക്ഷിണ കൊറിയ ഗംഭീര ജയം സ്വന്തമാക്കി. കളിയില്‍ നിശ്ചിതസമയത്ത് ഇരുടീമും ഗോള്‍രഹിത സമനിലയില്‍. സ്‌റ്റോപ്പേജ് ടൈമിന്റെ മൂന്നാം മിനിറ്റില്‍ ദക്ഷിണ കൊറിയയുടെ കിം യുങ് ഗ്വോന്‍ ഗോള്‍ നേടുന്നു. പക്ഷെ ലൈന്‍ റഫറി ഓഫ് സൈഡ് വിളിക്കുന്നു. പിന്നീട് സംഭവം റഫറി, വീഡിയോ അസിസ്റ്റന്റ് റഫറി എന്ന വാറിന് വിടുന്നു. വാറില്‍ അത് ഗോളാണെന്ന് വ്യക്തമാകുന്നു. അതോടെ ജര്‍മന്‍ താരങ്ങള്‍ കണ്ണീരില്‍. സ്‌റ്റോപ്പേജ് ടൈമിന്റെ അവസാന മിനിറ്റില്‍ ദക്ഷിണ കൊറിയയുടെ സണ്‍ ഹ്യൂങ് മിന്‍ കൂടി ഗോള്‍ നേടുന്നതോടെ ജര്‍മനിയുടെ തകര്‍ച്ച പൂര്‍ണം.

2022 ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ മൊറോക്കോ നിശ്ചിതസമയത്ത് ഒരു ഗോളിന് മുന്നില്‍. സ്റ്റോപ്പേജ് ടൈമിന്റെ രണ്ടാം മിനിറ്റില്‍ സക്കറിയ അബൂക്ക്‌ലാലിലൂടെ രണ്ടാം ഗോളും നേടുന്നു. ഇതോടെ തിരിച്ചുവരവിനുള്ള ബെല്‍ജിയത്തിന്റെ ശ്രമങ്ങള്‍ പൂര്‍ണമായും പാളുന്നു.

2014 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ബ്രസീല്‍ ക്രൊയേഷ്യയെ 3-1ന് തകര്‍ത്തു. ഇതില്‍ മൂന്നാമത്തെ ഗോള്‍ സ്‌റ്റോപ്പേജ് ടൈമില്‍ ഓസ്‌കറിന്റെ വകയായിരുന്നു. തൊണ്ണൂറ്റൊന്നാമത്തെ മിനിറ്റിലായിരുന്നു ഓസ്‌കറിന്റെ ഗോള്‍.

2018ല്‍ ഇംഗ്ലണ്ട്-ടുണീഷ്യ മത്സരം. 90 മിനിറ്റില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍. ടുണീഷ്യ ചരിത്രം കുറിക്കുന്ന ഒരു സമനില നേടുമെന്ന് എല്ലാവരും കരുതിയ സമയം. എന്നാല്‍ സ്‌റ്റോപ്പേജ് ടൈമിന്റെ ആദ്യ മിനിറ്റില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ ഹെഡ്ഡര്‍ ഗോള്‍. ഇംഗ്ലണ്ട് വലിയൊരു നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു.

2022 ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് ദക്ഷിണ കൊറിയ പോര്‍ച്ചുഗലിനെ തോല്പിച്ചത്. അതും സ്റ്റോപ്പേജ് ടൈമില്‍ നേടിയ ഗോളിലൂടെ. തൊണ്ണൂറ്റിയൊന്നാമത്തെ മിനിറ്റില്‍ ഹോങ് ഹീ ചാന്‍ ആണ് ദക്ഷിണ കൊറിയയ്ക്കുവേണ്ടി വിജയ ഗോള്‍ നേടിയത്. പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അപ്പോള്‍ കളി റിസര്‍വ് ബെഞ്ചിലിരുന്ന് കാണുകയായിരുന്നു.

2014 ലോകകപ്പില്‍ ചിലി ഓസ്‌ട്രേലിയയ്‌ക്കെതിരെ സ്റ്റോപ്പേജ് ടൈമില്‍ ഒരു ഗോള്‍ നേടുന്നുണ്ട്. ജീന്‍ ബ്യൂസ്‌യോര്‍ ആണ് തൊണ്ണൂറ്റിരണ്ടാമത്തെ മിനിറ്റില്‍ ഗോള്‍ നേടുന്നത്. മത്സരം ചിലി 3-1ന് ജയിച്ചു.

2014 ലോകകപ്പില്‍ തന്നെ നെതര്‍ലന്റ്‌സ് ചിലിക്കെതിരെ നേടിയ രണ്ട് ഗോള്‍ ജയത്തില്‍ രണ്ടാമത്തെ ഗോള്‍ നേടിയത് സ്‌റ്റോപ്പേജ് ടൈമിലായിരുന്നു. മെംഫിസ് ഡിപായ് ആണ് തൊണ്ണൂറ്റിരണ്ടാമത്തെ മിനിറ്റില്‍ ഗോള്‍ നേടിയത്.

2018 ലോകകപ്പില്‍ ഇംഗ്ലണ്ടും കൊളംബിയയും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ മത്സരം. നിശ്ചിത സമയത്ത് ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നില്‍. സ്റ്റോപ്പേജ് ടൈമിന്റെ മൂന്നാമത്തെ മിനിറ്റില്‍ ഒരു കോര്‍ണര്‍ കിക്കില്‍ നിന്ന് യെറി മിന കൊളംബിയയുടെ സമനില ഗോള്‍ നേടുന്നു. കൊളംബിയന്‍ ആരാധകര്‍ സന്തോഷം കൊണ്ട് മതിമറക്കുന്നു. എന്നാല്‍ ഇംഗ്ലണ്ട് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് ജയിച്ചു.

2018 ലോകകപ്പിലെ താരതമ്യേന ദുര്‍ബലരായ രണ്ട് ടീമുകളായ സൗദി അറേബ്യയും ഈജിപ്തും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴും സ്‌റ്റോപ്പേജ് ടൈമില്‍ ഒരു ഗോള്‍ പിറന്നു. 90 മിനിറ്റില്‍ ഇരുടീമുകളും ഓരോ ഗോള്‍ നേടി തുല്യനിലയിലായിരുന്നു. എന്നാല്‍ സ്‌റ്റോപ്പേജ് ടൈമിന്റെ അഞ്ചാമത്തെ മിനിറ്റില്‍ സലേം അല്‍ ദവ്‌സാരി സൗദി അറേബ്യയ്ക്ക് വേണ്ടി ഗോള്‍ നേടി. ഇതോടെ 24 വര്‍ഷത്തിന് ശേഷം സൗദി ലോകകപ്പില്‍ ഒരു ജയം കുറിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments