Wednesday, February 18, 2026
Google search engine
HomeSportCoachesഒരേയൊരു ഡേവ് വാറ്റ്‌മോര്‍

ഒരേയൊരു ഡേവ് വാറ്റ്‌മോര്‍

കെ.ശ്രീജിത്ത്

1996 മാര്‍ച്ച 17. ആ രാത്രിയില്‍ മാനത്ത് പുതിയൊരു നക്ഷത്രം പ്രത്യക്ഷമാകുന്നതുപോലെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഒരു പുതിയ ലോകചാമ്പ്യന്‍ ഉയര്‍ന്നുവന്നു. ശ്രീലങ്ക. അതൊരു നിശബ്ദ വിപ്ലവമായിരുന്നു. ആ വിപ്ലവത്തിന് പിന്നില്‍ നിന്ന് ചരടുവലിച്ചത് ഓസ്‌ട്രേലിയയുടെ ഒരു മുന്‍ ക്രിക്കറ്ററായിരുന്നു. അയാളുടെ പേര് ഡേവ് വാറ്റ്‌മോര്‍. അന്നോളം ലോകത്തിന് അത്ര പരിചിതമായിരുന്നില്ല ആ പേരും ആ രൂപവും.

1995ലാണ് ഡേവ് വാറ്റ്‌മോര്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ആദ്യമെത്തുന്നത്. അന്നത്തെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായിരുന്ന അന പുഞ്ചിഹെവ ലോകത്തെ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഒരു കത്തയയ്ക്കുന്നു. ശ്രീലങ്കന്‍ പരിശീലകനാകാന്‍ യോഗ്യരായ രണ്ട് പേരെ വീതം ഓരോ ക്രിക്കറ്റ് ബോര്‍ഡിനോടും നിര്‍ദേശിക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇയാന്‍ ബോതത്തിന്റെ പേര് തൊട്ട് ബോബ് വൂമര്‍ വരെയുള്ള ഒരുപാട് പേരെ ക്രിക്കറ്റ് ബോര്‍ഡുകള്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡേവ് വാറ്റ്‌മോറിന്റെ പേര് ശക്തമായി നിര്‍ദേശിച്ചു. അക്കാലത്ത് ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റ് ടീമിന്റെ കോച്ചായിരുന്നു വാറ്റ്‌മോര്‍. നിര്‍ദേശങ്ങളായി വന്ന പേരുകാരുടെ ബയോഡാറ്റകള്‍ പുഞ്ചിഹെവ പരിശോധിക്കുന്നു. അതില്‍ പരിശീലകനെന്ന നിലയില്‍ വാറ്റ്‌മോറിന്റെ മിടുക്ക് വേറിട്ടുനില്‍ക്കുന്നതായിരുന്നു. പ്രധാനമായും രണ്ട് കാര്യങ്ങളാണ് വാറ്റ്‌മോറിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചത്. ഒന്ന്, ശാസ്ത്രീയമായ പരിശീലനരീതികളിലുള്ള അവഗാഹവും അത്തരം സമീപനങ്ങളും. രണ്ട്, കൊളംബോയില്‍ ജനിച്ച വാറ്റ്‌മോര്‍ കുട്ടിക്കാലത്ത് ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറുകയായിരുന്നു. അതുകൊണ്ടുതന്നെ ജന്മനാടിനോടുള്ള അദ്ദേഹത്തിന്റെ വൈകാരികമായ അടുപ്പം. വാറ്റ്‌മോറിനെ ശ്രീലങ്കന്‍ ടീമിന്റെ പിശീലകനായി നിയമിച്ചാല്‍ ഇത് രണ്ടും ടീമിന് ഗുണകരമായി ഭവിക്കുമെന്ന് പുഞ്ചിഹെവ കരുതി. അങ്ങനെ വാറ്റ്‌മോര്‍ ശ്രീലങ്കയുടെ പരിശീലകനായി.

മുത്തയ്യ മുരളീധരന്റെ ബൗളിംഗുമായി ബന്ധപ്പെട്ട വിവാദങ്ങളും ഓസ്‌ട്രേലിയന്‍ അംപയര്‍ ഡാരെല്‍ ഹെയറുടെ തുടര്‍ച്ചയായ, പകയോടെയുള്ള നോബോള്‍ വിളികളും 1996 ലോകകപ്പിലെ ശ്രീലങ്കയില്‍ നടന്ന മത്സരങ്ങള്‍ ഓസ്‌ട്രേലിയ ബഹിഷ്‌കരിച്ചതും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മൂലം ശ്രീലങ്കയുടെയും ഓസ്‌ട്രേലിയയുടെയും ബോര്‍ഡുകള്‍ തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനിടയില്‍ വാറ്റ്‌മോറിനെ പോലെ ഒരു പരിശീലകനെ ഓസ്‌ട്രേലിയന്‍ ബോര്‍ഡാണ് ശ്രീലങ്കന്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചതെന്ന കൗതുകം ബാക്കിയാണ്. ഇക്കാര്യം അധികമാര്‍ക്കും അറിയുമായിരുന്നില്ല. വാറ്റ്‌മോറിന് വര്‍ഷം ഒരു ലക്ഷം അമേരിക്കന്‍ ഡോളറാണ് പ്രതിഫലമായി നല്‍കാന്‍ ശ്രീലങ്ക കരാറൊപ്പിട്ടത്. ആ സമയത്ത് ശ്രീലങ്കന്‍ ബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടില്‍ ആകെയുണ്ടായിരുന്ന തുക വെറും മൂന്ന് ലക്ഷം രൂപയായിരുന്നു. 1995 അവസാനം ശ്രീലങ്കയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഷെഡ്യൂള്‍ ചെയ്തിരുന്നു. പര്യടനത്തിന് ശ്രീലങ്കയ്ക്ക കിട്ടേണ്ടിയിരുന്ന ഗ്യാരണ്ടി തുക ഒരു ലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു. ഇത് ഓസ്‌ട്രേലിയ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചുനല്‍കുകയും ആ പണം അഡ്വാന്‍സായി ശ്രീലങ്കയ്ക്ക് നല്‍കുകയും ചെയ്തു. ഡേവ് വാറ്റ്‌മോറിന് പ്രതിഫലം നല്‍കാന്‍ ശ്രീലങ്കയ്ക്ക് പ്രാപ്തിയുണ്ടാക്കാന്‍ വേണ്ടിയായിരുന്നു അത്.

പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം വാറ്റ്‌മോര്‍ ടീമിന്റെ ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്തുന്നതിനായി ഔപചാരിക യോഗ്യതകളുള്ള ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാക്കിയാല്‍ നന്നായിരിക്കുമെന്ന് ശ്രീലങ്കന്‍ ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് അലക്‌സ് കോന്തൗരി ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റായി ചുമതലയേറ്റു. ഇത് എണ്‍പതിനായിരം അമേരിക്കന്‍ ഡോളറിന്റെ വാര്‍ഷിക അധികഭാരമാണ് ശ്രീലങ്കന്‍ ബോര്‍ഡിനുണ്ടാക്കിയത്. ഇത്തവണ പുഞ്ചിഹെവ ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള ഡോ.ക്വിന്റസ് ഡി സില്‍വയുമായി ബന്ധപ്പെടുകയും അദ്ദേഹം വഴി ഓസ്‌ട്രേലിയയിലെ ശ്രീലങ്കന്‍ വംശജരില്‍ നിന്ന് സഹായം ലഭ്യമാക്കുകയും ചെയ്തു. തൊണ്ണൂറുകളില്‍ ലോകത്തെ ഏറ്റവും മികച്ച ടീമുകള്‍ക്കെതിരെ ശ്രീലങ്ക കനത്തെ വെല്ലുവിൡഉയര്‍ത്താറുണ്ടായിരുന്നെങ്കിലും കളിയുടെ അവസാന ഘട്ടത്തില്‍ വീണുപോകുന്നത് പതിവായിരുന്നു. എന്നാല്‍ വിദഗ്ധനായ ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമായതോടെ കളിക്കാരുടെ ഫിറ്റ്‌നസ് ലെവല്‍ വളരെയധികം മെച്ചപ്പെട്ടു. ഇതോടെ അവര്‍ കടുത്ത മത്സരങ്ങള്‍ പോലും ജയിക്കാന്‍ തുടങ്ങി. തുടര്‍ന്നായിരുന്നു 1996 ലോകകപ്പിലെ ശ്രീലങ്കയുടെ മിന്നുംപ്രകടനം. റോമേഷ് കലുവിതരണയേയും സനത് ജയസൂര്യയേയും ഓപ്പണര്‍മാരാക്കി വാറ്റ്‌മോര്‍ നടത്തിയ പരീക്ഷണം വന്‍വിജയമായി. പവര്‍ പ്ലേയില്‍ സ്‌ഫോടനാത്മക ബാറ്റിംഗിലൂടെ ഇവര്‍ മറ്റ് ടീമുകള്‍ക്ക് പേടിസ്വപ്‌നമായി. ഇരുവരും ശ്രീലങ്കയുടെ മാത്രമല്ല ലോകത്തെ ക്രിക്കറ്റ് പ്രേമികളുടെ മുഴുവന്‍ സൂപ്പര്‍താരങ്ങളായി മാറി. ഓരോ കളി കഴിയുംതോറും ശ്രീലങ്ക ടൂര്‍ണമെന്റില്‍ മെച്ചപ്പെട്ടു. ശ്രീലങ്കയുടെ ബാറ്റിംഗ് നിരയെ കൂടുതല്‍ ആക്രമണോത്സുകരാക്കി മാറ്റുകയായിരുന്നു വാറ്റ്‌മോര്‍. ഓപ്പണര്‍മാര്‍ക്ക് പുറമെ അരവിന്ദ് ഡിസില്‍വ, ക്യാപ്റ്റന്‍ അര്‍ജുന രണതുംഗെ, അസാങ്ക ഗുരുസിംഗെ, റോഷന്‍ മഹാനമ, ഹഷന്‍ തിലകരത്‌നെ തുടങ്ങിയ ബാറ്റ്‌സ്മാന്‍മാരും നിര്‍ണായകഘട്ടങ്ങളില്‍ ശ്രീലങ്കയ്ക്കുവേണ്ടി തിളങ്ങി. തന്നേക്കാള്‍ ഒരുപാട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള, അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചയമുള്ള അരവിന്ദ ഡിസില്‍വ, അര്‍ജുന രണതുംഗെ, അസാങ്ക ഗുരുസിംഗെ, റോഷന്‍ മഹാനാമ പോലുള്ള ബാറ്റര്‍മാരോട് എങ്ങനെ കളിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അവരുടെ കളി കണ്ട് ചില ഫീഡ്ബാക്കുകള്‍ കൊടുക്കുക മാത്രമെ വേണ്ടിവന്നിട്ടുള്ളൂ എന്നും പിന്നീട് വാറ്റ്‌മോര്‍ പറഞ്ഞിട്ടുണ്ട്.

ബൗളിംഗില്‍ ചാമിന്ദ വാസ്, മുത്തയ്യ മുരളീധരന്‍, കുമാര്‍ ധര്‍മസേന തുടങ്ങിയവരായിരുന്നു ശ്രീലങ്കയുടെ ശക്തി. ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയില്‍ കളിക്കാന്‍ വിസമ്മതിച്ചോടെ ലങ്കയ്ക്ക് ഇരുവര്‍ക്കുമെതിരെ വിജയ പോയിന്റുകള്‍ ലഭിച്ചു. സിംബാബ്‌വെ, കെനിയ തുടങ്ങിയ ദുര്‍ബലരായ ടീമുകളെയും ശക്തരായ ഇന്ത്യയെയും അവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തകര്‍ത്തെറിഞ്ഞു. ഇംഗ്ലണ്ടിനെ ക്വാര്‍ട്ടര്‍ ഫൈനലിലും തോല്പിച്ചു. സെമിഫൈനലില്‍ വീണ്ടും ഇന്ത്യയുമായി ഏറ്റുമുട്ടിയ ശ്രീലങ്ക കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍, കാണികള്‍ അക്രമാസക്തരായതുവഴി കുപ്രസിദ്ധമായ കളിയില്‍ ഇന്ത്യയ്‌ക്കെതിരെ വിജയികളായി പ്രഖ്യാപിക്കപ്പെട്ടു. ആ ഘട്ടത്തില്‍ ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ കൂടി മാത്രമെ ശ്രീലങ്കയ്ക്ക് വീഴ്ത്താനുണ്ടായിരുന്നുള്ളൂ. ഒടുവില്‍ ലാഹോറില്‍ വെച്ച് നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിനെ തകര്‍ത്ത് ലോകചാമ്പ്യന്‍മാരായി.

ശ്രീലങ്കയെ ലോകചാമ്പ്യന്‍മാരാക്കി അധികം വൈകാതെ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഡേവ് വാറ്റ്‌മോറിന് ശ്രീലങ്കയുടെ പരിശീലക സ്ഥാനം ഉപേക്ഷിക്കേണ്ടിവന്നു. ശ്രീലങ്കന്‍ ബോര്‍ഡിന്റെ തലപ്പത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അന പൂഞ്ചിഹെവ പരാജയപ്പെട്ടത് വാറ്റ്‌മോറിന്റെ പടിയറക്കത്തിനുള്ള കാരണങ്ങളിലൊന്നായിരുന്നു. തുടര്‍ന്ന് വാറ്റ്‌മോര്‍ കൗണ്ടിയില്‍ ലങ്കാഷെയറിന്റെ പരിശീലകനായി. 1999 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ശ്രീലങ്കയുടെ അതിദയനീയ പരാജയം ശ്രീലങ്കയില്‍ വന്‍ചര്‍ച്ചയായി. തുടര്‍ന്ന് വാറ്റ്‌മോറിനെ തിരിച്ചുകൊണ്ടുവരാന്‍ തീരുമാനിക്കുന്നു. വാറ്റ്‌മോര്‍ അതിന് സമ്മതം മൂളുന്നു. എന്നാല്‍ ആ സമയത്ത് ലങ്കാഷെയറിന്റെ പരിശീലകനായിരുന്ന വാറ്റ്‌മോറിന് അവരുമായുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ ലങ്കാഷെയര്‍ അധികൃതരുമായി സംസാരിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. അതോടെ ഡേവ് വാറ്റ്‌മോര്‍ വീണ്ടും ശ്രീലങ്കന്‍ പരിശീലകനായി. തന്റെ രണ്ടാം വരവില്‍ തോല്‍വികള്‍ കടുത്ത പ്രതിസന്ധിയിലാക്കിയ ശ്രീലങ്കന്‍ ടീമിനെ വാറ്റ്‌മോര്‍ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിക്കുന്നു. ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ കൂടി പങ്കെടുക്കുന്ന, ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റായിരുന്നു വാറ്റമോറിന് മുന്നിലുള്ള രണ്ടാം വരവിലെ ആദ്യ കടമ്പ. ഓസ്‌ട്രേലിയയാകട്ടെ, ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ചാമ്പ്യന്‍മാരായി തിരിച്ചെത്തിയിട്ടേയുള്ളൂ. എന്നാല്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക ചാമ്പ്യന്‍മാരാകുന്നു. തുടര്‍ന്ന് ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയെ ഒരു ടെസ്റ്റ് മത്സരത്തില്‍ ശ്രീലങ്ക തോല്പിക്കുന്നു. 2002ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കൊപ്പം സംയുക്ത ചാമ്പ്യന്‍മാരാകുന്നു. ഇങ്ങനെ നാല് വര്‍ഷത്തോളം നീണ്ടുനിന്ന രണ്ടാംവരവും വാറ്റ്‌മോര്‍ ആഘോഷമാക്കി.

1954 മാര്‍ച്ച് 16ന് ശ്രീലങ്കയിലെ കൊളംബോയില്‍ ജനിച്ച ഡേവ്‌നെല്‍ ഫ്രെഡറിക് വാറ്റ്‌മോര്‍ കുടുംബത്തോടൊപ്പം എട്ടാമത്തെ വയസില്‍ ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറുന്നു. വലംകൈയന്‍ ബാറ്റ്‌സ്മാനായിരുന്ന വാറ്റ്‌മോര്‍ ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഏഴ് ടെസ്റ്റുകളും ഒരു ഏകദിനവും കളിച്ചു. 1988-89 കാലത്ത് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാറ്റ്‌മോര്‍ പിന്നീട് പരിശീലക റോളിലേയ്ക്ക് മാറി. രണ്ടാമതും ശ്രീലങ്കയുടെ പരിശീലകനായി തിളങ്ങിയ ശേഷം വാറ്റ്‌മോര്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തു. ആ കാലത്ത് ബംഗ്ലാദേശ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിച്ച വെച്ച് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. 2002ല്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ വാറ്റ്‌മോര്‍ 2005ല്‍ ബംഗ്ലാദേശിനെ അവരുടെ ആദ്യ ടെസ്റ്റ് മത്സര ജയത്തിലേയ്‌ക്കെത്തിച്ചു. ആ വര്‍ഷം അവസാനം ബംഗ്ലാദേശ് ഏകദിന ടീം ഓസ്‌ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയും തോല്പിച്ച് ലോകത്തെ ഞെട്ടിച്ചു. 2007 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ അട്ടിമറിച്ച് സൂപ്പര്‍ എട്ടിലെത്തി. ആ ലോകകപ്പിന് ശേഷം ബംഗ്ലാദേശിന്റെ പരിശീലകസ്ഥാനത്തുനിന്ന് പിന്‍മാറുന്നതായി വാറ്റ്‌മോര്‍ അറിയിച്ചു.

പിന്നീട് ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍ ടീമുകളുടെ പരിശീലക സ്ഥാനത്തേയ്ക്ക് പലപ്പോഴായി ഡേവ് വാറ്റ്‌മോറിനെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല. എന്നാല്‍ 2007ല്‍ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായി ബി സി സി ഐ വാറ്റ്‌മോറിനെ നിയമിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ അണ്ടര്‍ നയന്റീന്‍ ടീമിന്റെ പരിശീലകനായി വാറ്റ്‌മോറിനെ ചുമതലപ്പെടുത്തി. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ആ ടീം 2008ല്‍ മലേഷ്യയില്‍ നടന്ന അണ്ടര്‍ നയന്റീന്‍ ലോകകപ്പ് നേടി. പിന്നീട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പരിശീലക സ്ഥാനത്തേയ്ക്ക് നടത്തിയ അഭിമുഖത്തില്‍ പങ്കെടുത്ത മൂന്ന് പേരില്‍ ഒരാള്‍ ഡേവ് വാറ്റ്‌മോറായിരുന്നു. എന്നാല്‍ പാകിസ്താന്‍ ജെഫ് ലോസണെയാണ് പരിശീലകനായി നിയമിച്ചത്. വാറ്റ്‌മോറിനെ പരിശീലകനാക്കരുതെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റനായിരുന്ന അര്‍ജുന രണതുംഗെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഉപദേശിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. ശ്രീലങ്കയുടെ പരിശീലകനായിരുന്ന കാലത്ത് വാറ്റ്‌മോറിന് അന്ന് ടീമിന്റെ ക്യാപ്റ്റനായിരുന്ന അര്‍ജുന രണതുംഗെയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇരുവരും മാധ്യമങ്ങളില്‍ പരസ്പരം വിമര്‍ശിക്കുക പതിവായിരുന്നു. 2010ല്‍ ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായി വാറ്റ്‌മോര്‍ നിയമിതനായി. ആ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ കൊല്‍ക്കത്ത അടുത്ത വര്‍ഷം നോക്കൗട്ടില്‍ എത്തിയെങ്കിലും എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ് പുറത്തായി. 2012 ജനുവരി ഒന്നിന് കൊല്‍ക്കത്തയുടെ പരിശീലകസ്ഥാനത്തുനിന്ന് രാജിവെയ്ക്കുന്നതായി വാറ്റ്‌മോര്‍ അറിയിച്ചു.

ഒടുക്കം 2012ല്‍ പാകിസ്താന്‍ ഡേവ് വാറ്റ്‌മോറിനെ പരിശീലകനായി നിയമിച്ചു. രണ്ട് വര്‍ഷത്തെ കരാറിലായിരുന്നു നിയമനം. തന്റെ ആദ്യ ദൗത്യത്തില്‍ത്തന്നെ വാറ്റ്‌മോര്‍ വിജയം കണ്ടെത്തി. അത്തവണത്തെ ഏഷ്യാകപ്പ് പാകിസ്താന്‍ നേടി. ഫൈനലില്‍ ബംഗ്ലാദേശിനെയായിരുന്നു തോല്പിച്ചത്. രണ്ട് വര്‍ഷത്തെ കരാറിന് ശേഷം വാറ്റ്‌മോര്‍ ചുമതലയില്‍ നിന്ന് പിന്മാറി. 2014 ഡിസംബര്‍ 30ന് സിംബാബ്‌വെയുടെ പരിശീലകനായി വാറ്റ്‌മോര്‍ സ്ഥാനമേറ്റു. 2016 മെയ് 31ന് വാറ്റ്മാറിനെ സ്ഥാനത്തുനിന്ന് നീക്കി. 2017-18 സീസണില്‍ കേരള രഞ്ജി ട്രോഫി ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ട വാറ്റ്‌മോര്‍ ടീമിന്റെ മുഖച്ഛായ തന്നെ മാറ്റി. ആ സീസണില്‍ രഞ്ജി ട്രോഫിയില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ കേരളം അടുത്ത സീസണില്‍ ഒരു പടി കൂടി കടന്ന് സെമിഫൈനലിലെത്തി. 2020 ഫെബ്രുവരിയില്‍ സിംഗപ്പൂരിന്റെയും ആ വര്‍ഷം ഡിസംബറില്‍ നേപ്പാളിന്റെയും പരിശീലകനായി വാറ്റ്‌മോര്‍ ചുമതലയേറ്റു. 2021 ഓഗസ്റ്റില്‍ വാറ്റ്‌മോര്‍ നേപ്പാള്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് വാറ്റ്‌മോര്‍ രാജിവെച്ചു. 2021ല്‍ വഡോദ്‌ര രഞ്ജി ട്രോഫി ടീമിന്റെ പരിശീലകനായി. ഒരു സീസണ് ഒരു കോടി രൂപയായിരുന്നു വാറ്റ്‌മോറിന്റെ പ്രതിഫലം. ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ടീമിന്റെ പരിശീലകന്‍ വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമായിരുന്നു അത്. പിന്നീട് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഫോര്‍ച്യുണ്‍ ബാരിഷാലിന്റെ ടീം ഡയറക്ടറായും വാറ്റ്‌മോര്‍ പ്രവര്‍ത്തിച്ചു.

ക്രിക്കറ്റിലെ കോച്ചിംഗ് രീതികള്‍ അടിമുടി മാറ്റിയ പരിശീലകനായിരുന്നു ഡേവ് വാറ്റ്‌മോര്‍. അന്നോളം കണ്ടിട്ടുള്ള പരിശീലകരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായിരുന്നു അദ്ദേഹം. യുവകളിക്കാരുമായി വ്യക്തിപരമായി കൂടുതല്‍ അടുക്കുകയും അവരുടെ കളിയുടെ സാങ്കേതികവശങ്ങളിലുള്ള പിഴവുകള്‍ തിരുത്തുകയും ചെയ്യുക എന്നതായിരുന്നു വാറ്റ്‌മോറിന്റെ ശൈലി. യുവകളിക്കാരിലായിരുന്നു അദ്ദേഹം എപ്പോഴും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. വാറ്റമോര്‍ എപ്പോഴും വാറ്റ്‌മോര്‍ ആയി മാത്രം പെരുമാറി. അത് ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപ്പെടുകയും അല്ലാത്തവര്‍ വൈമുഖ്യം കാണിക്കുകയും ചെയ്തു. രണ്ടായാലും വാറ്റ്‌മോര്‍ തന്റെ ശൈലിയില്‍ത്തന്നെ തുടരുകയും എല്ലാവരോടും ഒരുപോലെ പെരുമാറുകയും ചെയ്തു. കൃത്യമായി പരിശീലനം ആസൂത്രണം ചെയ്യുകയും ടീമിന്റെ കളിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ കുറിച്ചുവെയ്ക്കുകയും ഓരോ കളിയേയും എങ്ങനെ സമീപിക്കണമെന്ന് കൃത്യമായ പദ്ധതി തയ്യാറാക്കുകയും ചെയ്തു. ആധുനിക കാലത്തെ പരിശീലകര്‍ക്ക് പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണമെന്നും അവ നന്നായി ഉപയോഗപ്പെടുത്തണമെന്നും വാറ്റ്‌മോര്‍ ദൃഢമായി വിശ്വസിച്ചു. അങ്ങനെ പ്രവര്‍ത്തിച്ചു. അതേസമയം, മനുഷ്യരുമായിട്ടാണ് താന്‍ ഇടപെടുന്നതെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. തന്ത്രങ്ങളും ടെക്‌നിക്കുകളും പ്രധാനമാണെന്നും ടീം മീറ്റിങ്ങുകളില്‍ കൃത്യമായ ആശയവിനിമയം നടത്താനുള്ള കഴിവ് ഒരു പരിശീലകന് അനിവാര്യമാണെന്നും വാറ്റ്‌മോര്‍ കരുതി. ഓരോ കളിക്കാരന്റെയും വ്യക്തിഗത പ്രകടനങ്ങള്‍ നിരീക്ഷിക്കുകയും അവ മെച്ചപ്പെടുത്താന്‍ അവരെ സഹായിക്കുകയും വേണം. കളിക്കാരുടെ ഭക്ഷണം തൊട്ട് മാനസികാവസ്ഥ വരെ എല്ലാറ്റിനെക്കുറിച്ചും പരിശീലകന് വ്യക്തമായ ധാരണ വേണം. കൃത്യമായ ആശയവിനിമയം, ഉയര്‍ന്ന മാനേജ്‌മെന്റ് കഴിവുകള്‍ എന്നിവയില്ലാതെ പരിശീലകര്‍ക്ക് വിജയിക്കാനാകില്ലെന്ന് വാറ്റ്‌മോറിന് അറിയാമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ സമ്മര്‍ദ്ദം അതിന്റെ യഥാര്‍ത്ഥ അളവില്‍ അദ്ദേഹത്തിന് ബോധ്യമുണ്ട്. എല്ലാറ്റിനും മീതെ അനാവശ്യമായി സംസാരിക്കുന്നത് ഒരു പരിശീലകന് ഗുണം ചെയ്യില്ലെന്നും വാറ്റ്‌മോര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

മുപ്പത് വര്‍ഷത്തിലധികമായി ഡേവ് വാറ്റ്‌മോര്‍ പരിശീലകനായി ക്രിക്കറ്റ് മൈതാനങ്ങളിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലും ക്ലബ് ക്രിക്കറ്റിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഫ്രാഞ്ചൈസി ലീഗുകളിലും പരിശീലകനായി തിളങ്ങിയിട്ടുണ്ട്. വാറ്റ്‌മോര്‍ ഈ കളിയെ അഗാധമായി സ്‌നേഹിക്കുന്നു. ഈ എഴുപതാം വയസിലും അത് ആസ്വദിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments