കെ.ശ്രീജിത്ത്
ഒരു ബൗളര്‍ ഒരു ബാറ്ററെ ഭയക്കുന്നത് എപ്പോഴാണ്? ഏത് പന്തെറിഞ്ഞാലും അടിക്കുമെന്ന് ഉറപ്പുള്ള ഒരു ബാറ്റര്‍ മുന്നില്‍ നില്‍ക്കുമ്പോഴാണത്. ആവനാഴിയിലെ ഏത് അസ്ത്രം എയ്താലും അത് പിടിച്ചെടുത്ത് തിരിച്ചുതൊടുത്തുവിടുമെന്ന് ഉറപ്പുള്ള ഒരു എതിരാളി മുന്നില്‍ നില്‍ക്കുമ്പോള്‍ യുദ്ധക്കളത്തില്‍ ഒരു യോദ്ധാവ് പതറുന്നത് പോലെയാണത്. ഇനി എന്തുചെയ്യുമെന്നറിയാതെ കുഴങ്ങുന്ന അവസ്ഥ. എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയേഴ്‌സ് എന്ന ബാറ്റര്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു ബൗളറുടെ അവസ്ഥ ഇതിന് സമാനമാണ്. നിങ്ങളൊരു ഫാസ്റ്റ് ബൗളറോ സ്പിന്നറോ മീഡിയം പേസറോ ആരുമായിക്കോളൂ. ഡിവില്ലിയേഴ്‌സ് നിങ്ങളെ അടിച്ചുപറത്തിയിരിക്കും. ഉറപ്പ്. അത് ഇനി എവിടെ പന്തെറിഞ്ഞാലും ശരി. ആ പന്തിന്റെ വിധി ഒന്നുതന്നെയായിരിക്കും. മിക്കവാറും സിക്‌സര്‍ അല്ലെങ്കില്‍ ഫോര്‍. കുറഞ്ഞത് ഒരു റണ്ണെങ്കിലും ഉറപ്പാണ്. പരിമതി ഓവര്‍ മത്സരങ്ങളില്‍ പ്രത്യേകിച്ചും ട്വന്റി20യില്‍ പന്ത് മുട്ടിയിടുക എന്നത് ഡിവില്ലിയേഴ്‌സിന് മുന്നിലെ അവസാന ഓപ്ഷന്‍ മാത്രമാണ്. എന്തെങ്കിലും വഴിയുണ്ടെങ്കില്‍ അയാള്‍ ചുരുങ്ങിയത് ഒരു റണ്ണെങ്കിലും നേടിയിരിക്കും. ലോകക്രിക്കറ്റില്‍ അയാള്‍ അറിയപ്പെട്ടിരുന്നത് 360 ഡിഗ്രി ബാറ്റര്‍ എന്നാണ്. വിക്കറ്റിന് ചുറ്റും 360 ഡിഗ്രിയില്‍ പന്ത് അടിച്ചുപറത്താന്‍ കഴിവുള്ളയാള്‍. ബൗളര്‍ ആരുമായിക്കൊള്ളട്ടെ, ഡിവില്ലിയേഴ്‌സിന് അതൊരു പ്രശ്‌നമല്ല. ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേയ്ക്കും അയാള്‍ ഷോട്ടുതിര്‍ക്കും.

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ മിടുക്കനായ കളിക്കാരനാണ് എ ബി ഡിവില്ലിയേഴ്‌സ്. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഇതിഹാസം. ബാറ്റിംഗ് കൊണ്ടുമാത്രമല്ല അയാള്‍ ശ്രദ്ധേയനായത്. മിക്കവാറും മറ്റെല്ലാം ദക്ഷിണാഫ്രിക്കന്‍ കളിക്കാരനെയും പോലെ ഫീല്‍ഡിംഗിലും അയാള്‍ മിന്നിത്തിളങ്ങി. ഫീല്‍ഡില്‍ എവിടെയും പറന്നെത്തുന്ന, സദാ ജാഗരൂകനായ, സ്ലൈഡുകളും ഡൈവുകളും കൊണ്ട് എതിരാളികളെ അമ്പരപ്പിക്കുന്ന ഫീല്‍ഡര്‍. എത്രയെത്ര ക്യാച്ചുകളാണ് അയാള്‍ വായുവില്‍ പറന്നെടുത്തിട്ടുള്ളത്. മറ്റേത് ഫീല്‍ഡറായാലും ബാറ്റര്‍ രണ്ട് റണ്ണെടുക്കുമെന്നിടത്ത് ഡിവില്ലിയേഴ്‌സ് ആണ് ഫീല്‍ഡറെങ്കില്‍ അത് ഒരു റണ്ണിലൊതുങ്ങും. ടീമിന് ആവശ്യം വന്നാല്‍, അടിയന്തരഘട്ടങ്ങളില്‍ അയാളൊരു വിക്കറ്റ് കീപ്പറുമാകാം. വെറുതെയൊരു കീപ്പറല്ല, ഒന്നാന്തരമൊരു കീപ്പര്‍. അതാണ് ഡിവില്ലിയേഴ്‌സ്. എന്ത് ചെയ്യുകയാണെങ്കിലും അതില്‍ അയാള്‍ മികച്ച പ്രകടനം പുറത്തെടുക്കും. ഒരു പരിമിതിയും അതിന് തടസമാകില്ല. നൂറല്ല ഇരുന്നൂറ് ശതമാനം സ്വയം സമര്‍പ്പിക്കും. ക്രിക്കറ്റിന് പുറമെ റഗ്ബി, ഹോക്കി, ഗോള്‍ഫ്, ടെന്നീസ് എന്നീ കായിക ഇനങ്ങളിലെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള കളിക്കാരന്‍ കൂടിയാണ് എ ബി എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന എ ബി ഡിവില്ലിയേഴ്‌സ്. എന്നാല്‍ ക്രിക്കറ്റില്‍ മാത്രമായിരുന്നു തിനിക്ക് അസാധ്യ കഴിവുണ്ടായിരുന്നതെന്നും മറ്റെല്ലാ കായിക ഇനങ്ങളിലും താന്‍ വളരെ പിറകോട്ടായിരുന്നെന്നും ഡിവില്ലിയേഴ്‌സ് തന്റെ ആത്മകഥയായ ‘എ ബി: ദ ഓട്ടോബയോഗ്രാഫി’യില്‍ പറഞ്ഞിട്ടുണ്ട്. ആളുകള്‍ കാര്യമറിയാതെ പുകഴ്ത്തുകയാണെന്നും ഡിവില്ലിയേഴ്‌സ് ആത്മകഥയില്‍ പറയുന്നു.

1984 ഫെബ്രുവരി 17ന് ദക്ഷിണാഫ്രിക്കയിലെ വാംബാഡിലുള്ള ഒരു സമ്പന്ന കുടുംബത്തിലാണ് എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയേഴ്‌സ് ജനിച്ചത്. എല്ലാ സൗഭാഗ്യങ്ങളോടും കൂടിയാണ് അയാള്‍ വളര്‍ന്നുവന്നത്. ഡോക്ടറായിരുന്ന അയാളുടെ അച്ഛന്‍ ചെറുപ്പത്തില്‍ റഗ്ബി കളിക്കാരനായിരുന്നു. അതുകൊണ്ടുതന്നെ അയാള്‍ മകനെ സ്‌പോര്‍ട്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രോത്സാഹിപ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 ടീമില്‍ കളിച്ച ശേഷം 2004 നവംബര്‍ 16നാണ് അന്ന് ഇരുപതുകാരനായിരുന്ന ഡിവില്ലിയേഴ്‌സ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതിനുമുമ്പ് വെറും 16 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമായിരുന്നു അയാള്‍ കളിച്ചിരുന്നത്. ഇംഗ്ലണ്ടിനെതിരെ പോര്‍ട്ട് എലിസബത്തിലായിരുന്നു അത്. അരങ്ങേറ്റ ടെസ്റ്റില്‍ ഡിവില്ലിയേഴ്‌സ് ഓപ്പണറായാണ് കളിച്ചതെങ്കിലും രണ്ടാം ടെസ്റ്റ് മുതല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴെയായിരുന്നു. മാത്രമല്ല അയാളെ വിക്കറ്റ് കീപ്പറുമാക്കി. കരിയറിലെ രണ്ടാം ടെസ്റ്റില്‍ ഏഴാമനായി ഇറങ്ങി അര്‍ദ്ധസെഞ്ച്വറിയടിച്ച് ടീമിനെ തോല്‍വിയില്‍ നിന്ന് കരകയറ്റി. അതോടെ മൂന്നാം ടെസ്റ്റ് മുതല്‍ വീണ്ടും ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടി. ഒന്ന് മുതല്‍ എട്ട് വരെയുള്ള എല്ലാ ബാറ്റിംഗ് പൊസിഷനുകളിലും കളിച്ചിട്ടുള്ള ഡിവില്ലിയേഴ്‌സ് മിക്കപ്പോഴും മികച്ച കളി പുറത്തെടുത്തു. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് തികച്ച രണ്ടാമത്തെ ബാറ്റ്‌സ്മാനായി ഡിവില്ലിയേഴ്‌സ് മാറി. ഗ്രേയം പൊള്ളോക്ക് ആയിരുന്നു ഡിവില്ലിയേഴ്‌സിന് മുന്നിലുള്ള ബാറ്റര്‍. 2006ല്‍ ഓസ്‌ട്രേലിയയുടെ സൈമണ്‍ കാറ്റിച്ചിനെ റണ്ണൗട്ടാക്കിയ ഡിവില്ലിയേഴ്‌സിന്റെ ഫീല്‍ഡിംഗ് കണ്ട് ലോകം അയാളെ ജോണ്ടി റോഡ്‌സിനോട് ഉപമിച്ചു.

2011ല്‍ ഗ്രേയം സ്മിത്തിന്റെ പിന്‍ഗാമിയായി ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ഡിവില്ലിയേഴ്‌സ് നിയമിക്കപ്പെട്ടു. തുടര്‍ന്ന് അധികം വൈകാതെ ട്വന്റി20യിലും ക്യാപ്റ്റനായ ഡിവില്ലിയേഴ്‌സ് 2015ല്‍ ടെസ്റ്റിലും ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞു. കൈമുട്ടിനേറ്റ പരിക്ക് മൂലം ദീര്‍ഘകാലമായി ടീമില്‍ നിന്ന് മാറിനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. 2012ല്‍, മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പറായി. പിന്നീട് 2015ല്‍ ക്വിന്റണ്‍ ഡി കോക്ക് ടീമിലേയ്ക്ക് എത്തിയതോടെയാണ് ഡിവില്ലിയേഴ്‌സ് വിക്കറ്റ് കീപ്പറുടെ റോളില്‍ നിന്ന് മാറിയത്.

2006ലും ഏഴിലും ഫോം നഷ്ടമായതിനെത്തുടര്‍ന്ന് മങ്ങിയ ഡിവില്ലിയേഴ്‌സ് പക്ഷെ 2008ല്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നു. ആ വര്‍ഷം തുടക്കത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഡര്‍ബനില്‍ നടന്ന ടെസ്റ്റില്‍ സെഞ്ച്വറി നേടിയ അയാള്‍ ആ വര്‍ഷം തന്നെ ഇന്ത്യയ്‌ക്കെതിരെ ഡബിള്‍ സെഞ്ച്വറിയും നേടി. ഇന്ത്യയ്‌ക്കെതിരെ ഒരു ദക്ഷിണാഫ്രിക്കക്കാരന്‍ നേടുന്ന ആദ്യ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി ആയിരുന്നു അത്. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് ജയം നേടി. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ ഹെഡ്ഡിംഗ്‌ലിയിലും ഓസ്‌ട്രേലിയയ്‌ക്കെതിരെ പെര്‍ത്തിലും മിന്നുന്ന ടെസ്റ്റ് സെഞ്ച്വറികള്‍ നേടി. ഈ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക ക്രിക്കറ്റില്‍ തിരിച്ചെത്തിയ ശേഷം ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ആദ്യമായി ടെസ്റ്റ് പരമ്പര നേടി. ആ വര്‍ഷം ടെസ്റ്റില്‍ ഡിവില്ലിയേഴ്‌സ് 58.94 ശരാശരിയില്‍ 1061 റണ്‍സാണ് നേടിയത്. അതായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ ഡിവില്ലിയേഴ്‌സിന്റെ ഏറ്റവും മികച്ച വര്‍ഷം. 2010ലും 13ലും ഏതാണ്ട് അതേ ഫോമില്‍ കളിച്ച ഡിവില്ലിയേഴ്‌സ് 2010ല്‍ 996 റണ്‍സും 13ല്‍ 933ഉം റണ്‍സാണ് നേടിയത്. 2017ല്‍ ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍സിയും ഡിവില്ലിയേഴ്‌സ് ഒഴിഞ്ഞു.

2015ല്‍ ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിക്കുള്ള റെക്കോഡ് ഡിവില്ലിയേഴ്‌സ് തകര്‍ത്തു. വെറും 31 പന്തില്‍ 16 സിക്‌സറുകളുടെ അകമ്പടിയോടെയായിരുന്നു ഡിവില്ലിയേഴ്‌സ് സെഞ്ച്വറി നേടിയത്. അന്ന് അതൊരു ലോകറെക്കോഡായിരുന്നു. ഏകദിനത്തിലെ ഏറ്റവും വേഗത്തിലുള്ള അര്‍ദ്ധസെഞ്ച്വറി നേടിയതിന്റെയും ഏറ്റവും വേഗത്തില്‍ 150 റണ്‍സ് നേടിയതിന്റെയും ലോകറെക്കോഡും ഡിവില്ലിയേഴ്‌സിന്റെ പേരിലാണ്. അര്‍ദ്ധസെഞ്ച്വറി 16 പന്തിലും 150 റണ്‍സ് 64 പന്തിലുമാണ് ഡിവില്ലിയേഴ്‌സ് നേടിയത്. ട്വന്റി20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കന്‍ കളിക്കാരനും ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കന്‍ കളിക്കാരനും എ ബി ഡിവില്ലിയേഴ്‌സ് ആണ്. 2010, 2014, 2015 വര്‍ഷങ്ങളില്‍ ഐസിസി വണ്‍ഡേ പ്ലേയര്‍ ഓഫ് ദ ഇയറായി ഡിവില്ലിയേഴ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. 2015 ഏകദിന ലോകകപ്പില്‍ ടീമിനെ നയിച്ച ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍ ആയെങ്കിലും സെമിഫൈനലിനപ്പുറം ടീമിനെ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.

2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച ഡിവില്ലിയേഴ്‌സ് 114 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 50.66 ശരാശരിയോടെ 8765 റണ്‍സാണ് നേടിയത്. 22 സെഞ്ച്വറികളും നേടി. ഏകദിനത്തില്‍ 228 മത്സരങ്ങളില്‍ നിന്നായി 53.50 ശരാശരിയോടെ 9577 റണ്‍സ് അടിച്ചുകൂട്ടി. ഇതില്‍ 25 സെഞ്ച്വറികളും നേടി. 78 ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 26.12 ശരാശരിയോടെ 1672 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയത്. 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ദക്ഷിണാഫ്രിക്കയ്ക്ക് പുറത്ത് ലോകമെമ്പാടുമുള്ള ട്വന്റി20 ലീഗുകളിലും കളിച്ചിട്ടുള്ള ഡിവില്ലിയേഴ്‌സ് അവിടെയെല്ലാം ഇതിഹാസ താരമായാണ് പരിഗണിക്കപ്പെടുന്നത്. പ്രത്യേകിച്ചും ഐ പി എല്ലില്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനുവേണ്ടി 11 സീസണുകള്‍ കളിച്ച ഡിവില്ലിയേഴ്‌സ് അയ്യായിരത്തിനടുത്ത് റണ്‍സാണ് അടിച്ചുകൂട്ടിയത്. 158.63 ആണ് സ്‌ട്രൈക്ക് റേറ്റ്. 2021ലെ ഐ പി എല്ലിനുശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഡിവില്ലിയേഴ്‌സിനെ തൊട്ടടുത്ത വര്‍ഷം ആര്‍ സി ബി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ആദരിച്ചു. ടീമിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തായിരുന്നു ഇത്. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള കളിക്കാരനാണ് എ ബി ഡിവില്ലിയേഴ്‌സ്. 2019 അവസാനിച്ചപ്പോള്‍ ഐ സി സി തിരഞ്ഞെടുത്ത ദശകത്തിലെ ഏറ്റവും മികച്ച അഞ്ച് ക്രിക്കറ്റര്‍മാരിലൊരാള്‍ ഡിവില്ലിയേഴ്‌സ് ആയിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും അമ്പതിനുമേല്‍ ശരാശരിയുള്ള ്ത്യപൂര്‍വം കളിക്കാരിലൊരാളാണ് ഡിവില്ലിയേഴ്‌സ്. സ്വന്തം കഴിവില്‍ അത്രമാത്രം ആത്മവിശ്വാസം പുലര്‍ത്തിയിരുന്നു അയാള്‍.

ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസതാരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന കളിക്കാരനാണ് എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയേഴ്‌സ്. താന്‍ കളിച്ചിരുന്ന കാലത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി ഒട്ടേറെപ്പേര്‍ ഡിവില്ലിയേഴ്‌സിനെ പരിഗണിക്കുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും ആക്രമണകാരിയായ കളിക്കാരിലൊരാളാണ് ഡിവില്ലിയേഴ്‌സ് എന്ന് നിസംശയം പറയാം. സ്‌ഫോടനാത്മകമായ ആ കളിശൈലി എതിരാളികളെ തച്ചുതകര്‍ക്കുന്നതായിരുന്നു. ഒരൊറ്റ ഇന്നിംഗ്‌സ് കൊണ്ട് കളിയില്‍ വന്‍സ്വാധീനം ചെലുത്താന്‍ കഴിയുന്ന അപൂര്‍വം കളിക്കാരിലൊരാള്‍. എതിരാളികളെ വേരോടെ പിഴുതെറിയുന്നതില്‍ ഹരം കൊണ്ട കളിക്കാരന്‍. ഡിവില്ലിയേഴ്‌സിനെപ്പോലെ സാഹസികരായ കളിക്കാര്‍ ഏറെയൊന്നും ക്രിക്കറ്റിലുണ്ടായിട്ടില്ല.



