Thursday, February 19, 2026
Google search engine
HomeSportLegendsലോകം അടക്കിവാഴുന്ന റോഡ്രി

ലോകം അടക്കിവാഴുന്ന റോഡ്രി

കെ.ശ്രീജിത്ത്

ലോകം മുഴുവനുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ സ്‌നേഹപൂര്‍വം റോഡ്രി എന്നുവിളിക്കുന്ന റോഡ്രിഗോ ഹെര്‍ണാണ്ടസ് കാസ്‌കാണ്ടെ. ഇന്ന് ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫന്‍സീവ്, ഓള്‍റൗണ്ട് മിഡ്ഫീല്‍ഡര്‍ എന്ന് ഫുട്‌ബോള്‍ പണ്ഡിതന്‍മാര്‍ കരുതുന്ന ഒരാള്‍. ഇത്രയും സാങ്കേതികത്തികവോടെ പന്തിനെ നിയന്ത്രണത്തിലാക്കുന്ന ഫുട്‌ബോളര്‍മാര്‍ അപൂര്‍വമാണ്. കളിയുടെ പൂര്‍ണ നിയന്ത്രണമേറ്റെടുത്ത് എതിരാളികളുടെ കൈയിലുള്ള കളിയെ തന്റെ ടീമിന്റെ വരുതിയിലാക്കുന്നതില്‍ മിടുക്കന്‍.

1996 ജൂണ്‍ 22ന് സ്‌പെയിനിലെ മാഡ്രിഡിലാണ് റോഡ്രിയുടെ ജനനം. അച്ഛനിലൂടെയാണ് റോഡ്രിയുടെ ഫുട്‌ബോളിനോടുള്ള കമ്പം തുടങ്ങുന്നത്. കുട്ടിക്കാലത്ത് അതിരാവിലെ അച്ഛനോടൊപ്പം വീടിനടുത്തുള്ള മൈതാനത്തെത്തി കണ്ട പ്രാദേശിക ഫുട്‌ബോള്‍ മത്സരങ്ങള്‍ റോഡ്രിയിലുണ്ടാക്കിയത് വലിയ ആവേശമായിരുന്നു. ആ ആവേശമാണ് പിന്നീട് റോഡ്രിയുടെ ജീവിതം നിര്‍വചിച്ചത്. ആറാമത്തെ വയസില്‍ അവന്‍ ഒരു പ്രാദേശിക ഫുട്‌ബോള്‍ അക്കാദമിയില്‍ ചേര്‍ന്നു. പതിനൊന്ന് വയസാകുമ്പോഴേയ്ക്കും അവന്‍ പ്രശസ്ത ക്ലബ് അത്‌ലറ്റികോ മാഡ്രിഡിന്റെ യൂത്ത് അക്കാദമിയിലെത്തിയിരുന്നു. അവിടെയുള്ള പരിശീലകര്‍ അവന്റെ കളി കണ്ട് അന്തംവിട്ടു. എന്നാല്‍ ആറ് വര്‍ഷം കഴിഞ്ഞ് അതേ പരിശീലകരും അക്കാദമിയും ഫുട്‌ബോള്‍ കളിക്കാനുള്ള ശാരീരിക ശേഷി കുറവാണെന്ന് പറഞ്ഞ് അവനെ പറഞ്ഞുവിടുന്നു. എന്നാല്‍ ഇതൊന്നും റോഡ്രിയെ തളര്‍ത്തിയില്ല. അവന്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കിയതുമില്ല. അധികം വൈകാതെ മറ്റൊരു പ്രമുഖ സ്പാനിഷ് ക്ലബായ വിയ്യാറയിലലെത്തിയ റോഡ്രി തന്റെ ഫിസിക്കല്‍ ഫിറ്റ്‌നസിനെ സംശയിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി. വിയ്യാറയലിലെ റോഡ്രിയുടെ പ്രകടനം കണ്ട് ഒരിക്കല്‍ പറഞ്ഞുവിട്ട അത്‌ലറ്റികോ മാഡ്രിഡിന് അയാളെ തിരിച്ചുവിളിക്കേണ്ടിവന്നു. അതും 25 മില്യണ്‍ യൂറോ പ്രതിഫലം നല്‍കി. അഞ്ച് വര്‍ഷത്തിനുശേഷം ഇരുപത്തിരണ്ടാമത്തെ വയസിലായിരുന്നു ഇത്. ലോകത്തര ഡിവിന്‍സീവ് മിഡ്ഫീല്‍ഡറാണ് അയാളെന്ന് ലോകം ഉറപ്പിക്കുന്ന കളിയായിരുന്നു റോഡ്രി അത്‌ലറ്റികോ മാഡ്രിഡില്‍ കാഴ്ചവെച്ചത്. 2018-19 സീസണില്‍ അത്‌ലറ്റികോ മാഡ്രിഡ് ലാലിഗയില്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. ബാഴ്‌സലോണയ്ക്ക് 11 പോയിന്റ് പിന്നിലായിട്ടായിരുന്നു ഇത്. അധികം വൈകാതെ തന്നെ റോഡ്രിയെത്തേടി മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിളിയെത്തി. 62.6 മില്യണ്‍ യൂറോയായിരുന്നു റോഡ്രിയുടെ പ്രതിഫലം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ വെല്ലുവിളികളേറ്റെടുക്കാന്‍ റോഡ്രി തയ്യാറായി.

സ്‌പെയിനിലെ ഫുട്‌ബോള്‍ രീതികളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രീതികള്‍. ആ രീതികളുമായി പൊരുത്തപ്പെടുക അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ റോഡ്രി അതിവേഗം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട കൡാരിലൊരാളായി മാറി. ക്ലബ് വിട്ടുപോയ വിന്‍സന്റ് കോംപനിക്കുപകരം ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍ സ്ഥാനത്തേയ്ക്കാണ് റോഡ്രിയെ മാഞ്ചസ്റ്റര്‍ സിറ്റി കൊണ്ടുവന്നത്. എന്നാല്‍ ആദ്യ സീസണില്‍ വ്യക്തപരമായ നേട്ടങ്ങള്‍ റോഡ്രിയുണ്ടാക്കിയെങ്കിലും ക്ലബിന്റെ കാഴ്ചപ്പാടില്‍ നിരാശയായിരുന്നു ബാക്കിയായത്. പ്രീമിയര്‍ ലീഗില്‍ സിറ്റിയെ ആധികാരികമായിത്തന്നെ മറികടന്ന് ലിവര്‍പൂള്‍ ചാമ്പ്യന്‍മാരായി. എന്നാല്‍ ലീഗ് കപ്പിന്റെ ഫൈനലില്‍ ആസ്റ്റണ്‍ വില്ലയെ 2-1ന് തോല്പിച്ച് സിറ്റി കിരീടം നേടി. തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒളിംപിക് ലിയോണിനോട് തോല്‍വി. എഫ്.എ കപ്പിന്റെ ഫൈനലിലും സിറ്റിക്ക് തോല്‍വി നേരിടേണ്ടിവന്നു. റോഡ്രി രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ മത്സരത്തില്‍ ആഴ്‌സലിനോടായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി തോറ്റത്. എന്നാല്‍ ക്ലബിനോടൊപ്പമുള്ള 2020-21 സീസണ്‍ റോഡ്രിക്കും ക്ലബിനും നേട്ടങ്ങള്‍ കൊണ്ടുവന്നു. സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാരായി. ലീഗില്‍ റോഡ്രി കളിച്ച 46 കളികളില്‍ 34ലും സിറ്റി ജയിച്ചു. സീസണില്‍ സിറ്റി ലീഗ് കപ്പിന്റെ ഫൈനലില്‍ ജയിച്ച് ചാമ്പ്യന്‍മാരാവുകയും ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തുകയും ചെയ്തു. എന്നാല്‍ ഈ രണ്ട് ഫൈനലുകൡും റോഡ്രി കളിച്ചില്ല. അടുത്ത മൂന്ന് സീസണുകളിലും മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടി.

2023ല്‍ സിറ്റി എഫ്.എ കപ്പ് നേടിയപ്പോള്‍ റോഡ്രിയുടെ ആദ്യ എഫ്.എ കപ്പ് കിരീടമായി അതുമാറി. എന്നാല്‍ അയാളുടെ കരിയറിലെ ഏറ്റവും മഹത്തായ നിമിഷം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 2023ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലായിരുന്നു അത്. ഇന്റര്‍ മിലാനെതിരായ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 68-ാം മിനിറ്റില്‍ റോഡ്രി മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി ഗോള്‍ നേടുന്നു. മത്സരത്തിലെ ഏക ഗോള്‍. ആ ഗോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം നേടിക്കൊടുക്കുന്നു. മത്സരത്തിനുശേഷം റോഡ്രി ഇങ്ങനെ പറഞ്ഞു – കളിയില്‍ ആ ഒരു നിമിഷം മാത്രമാണ് ഞാന്‍ ഫോര്‍വേഡായി കൡച്ചത്. എന്തുകൊണ്ടോ ആ നിമിഷം ഗോളടിക്കാന്‍ ഒരു അവസരമുണ്ടെന്ന് എനിക്ക് തോന്നി. ആദ്യം ശക്തമായൊരു ഷോട്ടെടുക്കാനാണ് ആലോചിച്ചതെങ്കിലും മിലാന്റെ പെനാല്‍റ്റി ബോക്‌സില്‍ ആറോ ഏഴോ കളിക്കാരുണ്ടായിരുന്നതിനാല്‍ ഫസ്റ്റ് പോസ്റ്റിലേയ്ക്ക് പ്ലേസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതിന്റെ ഫലം ചിന്തിക്കാവുന്നതിനപ്പുറമായിരുന്നു. ആ ഗോളടിച്ചതിന് ശേഷം പിന്നെയും അരമണിക്കൂറിലധികം കളി ബാക്കിയുണ്ടായിരുന്നു. ആ അരമണിക്കൂര്‍ ടീം ഒറ്റക്കെട്ടായി അതിജീവിച്ചു. ഫൈനലിന് ശേഷം യുവേഫ റോഡ്രിയെ ചാമ്പ്യന്‍സ് ലീഗ് പ്ലേയര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തു. മാത്രമല്ല സീസണിലെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. മിഡ്ഫീല്‍ഡിലെ റോഡ്രിയുടെ മേധാവിത്തം കാരണം നാല് സീസണ്‍ കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി നിരവധി കിരീടങ്ങളാണ് നേടിയത്. നാല് സീസണുകളിലായി നാല് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ഒരു എഫ്.എ കപ്പ്, രണ്ട് ലീഗ് കപ്പ്, 2023ലെ ചാമ്പ്യന്‍സ് ലീഗ് എന്നിവയെല്ലാം മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ചത് റോഡ്രിയുടെ കൂടി കരുത്തിലായിരുന്നു.

സ്‌പെയിനിനുവേണ്ടിയും ഇക്കാലമത്രയും മികച്ച കൡയാണ് റോഡ്രി പുറത്തെടുത്തിട്ടുള്ളത്. സ്‌പെയിനിന്റെ അണ്ടര്‍-16, അണ്ടര്‍-19, അണ്ടര്‍-21 ടീമുകളില്‍ കളിച്ച റോഡ്രി 2015ല്‍ യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ അണ്ടര്‍-19 ടീമിലംഗമായിരുന്നു. 2018ലാണ് അയാള്‍ ആദ്യമായി സ്‌പെയിന്‍ സീനിയര്‍ ടീമിന്റെ ജേഴ്‌സിയണിയുന്നത്. ജര്‍മനിക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ഇത്. തുടര്‍ന്ന് തുടര്‍ച്ചയായി സ്‌പെയിനിന് വേണ്ടി കളിച്ച റോഡ്രി 2020ലെ യുവേഫ നാഷന്‍സ് ലീഗില്‍ സ്‌പെയിനിനുവേണ്ടി തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടി. ജര്‍മനിയെ എതിരില്ലാത്ത ആറ് ഗോളിന് തകര്‍ത്ത മത്സരത്തിലായിരുന്നു ഇത്. 2020 യൂറോ കപ്പിനുള്ള സ്‌പെയിന്‍ ടീമിലുള്‍പ്പെട്ട റോഡ്രി ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ സ്വീഡനും പോളണ്ടിനുമെതിരായ മത്സരങ്ങളില്‍ സ്റ്റാര്‍ട്ടിംഗ് ഇലിവനില്‍ കളിച്ചെങ്കിലും ഇരു മത്സരവും സമനിലയില്‍ അവസോനിച്ചതോടെ കോച്ച് ലൂയി എന്റിക്വെ അടുത്ത മത്സരങ്ങളില്‍ അയാളെ ബെഞ്ചിലിരുത്തി. പിന്നീട് സ്വിറ്റ്‌സര്‍ലന്റിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും ഇറ്റലിക്കെതിരായ സെമിഫൈനലിലും കളിച്ചെങ്കിലും അതോടെ റോഡ്രിയുടെ ടൂര്‍ണമെന്റ് അവസാനിച്ചു. 2022 ലോകകപ്പിനുള്ള സ്‌പെയിന്‍ ടീമിലും റോഡ്രി ഇടംനേടി. ടൂര്‍ണമെന്റിലെ സ്‌പെയിനിന്റെ എല്ലാ മത്സരങ്ങളിലും സെന്റര്‍ ബാക്ക് സ്ഥാനത്ത് അയാള്‍ കളിച്ചു. ആ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കയ്‌ക്കെതിരെ സ്പയിന്‍ തോറ്റതോടെ അതും നിരാശയില്‍ അവസാനിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു സ്‌പെയിനിന്റെ തോല്‍വി.

എന്നാല്‍ ഈ വര്‍ഷം ജര്‍മനിയില്‍ നടന്ന യൂറോ കപ്പില്‍ സ്‌പെയിന്‍ കിരീടം ചൂടിയപ്പോള്‍ ആ ടീമിലെ നിര്‍ണായക സാന്നിദ്ധ്യമായിരുന്നു റോഡ്രി. ബെര്‍ലിനില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ തോല്പിച്ചത്. ഫൈനലില്‍ ആദ്യ പകുതിയില്‍ കളിച്ച റോഡ്രിക്ക് പക്ഷെ തുടര്‍ന്ന് കളിക്കാനായില്ല. പരിക്കായിരുന്നു കാരണം. എന്തായാലും ടൂര്‍ണമെന്റിലാകെ നടത്തിയ മിന്നും പ്രകടനത്തിന് അയാള്‍ പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പിലെ മാത്രമല്ല, ലോകത്തിലെത്തന്നെ ഏറ്റവും മികച്ച ടീമുകളായ ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട് എന്നീ വമ്പന്‍മാരെ തോല്പിച്ചാണ് സ്‌പെയിന്‍ കിരീടം നേടിയത്. തന്റെ കരിയറിലെ മറ്റെല്ലാം നേട്ടങ്ങളേക്കാള്‍ മുകളിലാണ് ഈ നേട്ടമെന്ന് റോഡ്രി പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച ദിവസം എന്നാണ് യൂറോ കപ്പ് ഫൈനലില്‍ ജയിച്ച ശേഷം അയാള്‍ പറഞ്ഞത്. നാല് മുന്‍ ലോകചാമ്പ്യന്‍മാരെയാണ് തങ്ങള്‍ തോല്പിച്ചതെന്നത് ഈ കിരീട നേട്ടത്തിന്റെ മാധുര്യം കൂട്ടുന്നതായി റോഡ്രി കൂട്ടിച്ചേര്‍ത്തു. ടീമിന്റെ മനോബലത്തെയാണ് ഇത് കാണിക്കുന്നതെന്നും അയാള്‍ പറഞ്ഞു.

യൂറോ കപ്പ് നേടിയ ശേഷം ടീമിന് മാഡ്രിഡില്‍ നല്‍കിയ വരവേല്പില്‍ ജിബ്രാള്‍ട്ടര്‍ സ്‌പെയിനിന്റെ ഭാഗമാണെന്ന് അര്‍ത്ഥം വരുന്ന വരികള്‍ പാടിയത് റോഡ്രിയെ വിവാദത്തില്‍ കൊണ്ടുചാടിച്ചു. ബ്രിട്ടീഷ് ഓവര്‍സീസ് ടെറിറ്ററിയുടെ ഭാഗമായ ജിബ്രാള്‍ട്ടര്‍ തങ്ങളുടെയാണെന്ന് സ്‌പെയിന്‍ അവകാശപ്പെടുന്ന ഭൂവിഭാഗമാണ്. ഈ സാഹചര്യത്തിലാണ് റോഡ്രിയും ടീമിലെ സഹകളിക്കാരനുമായ ആല്‍വാരോ മൊറാറ്റയും കുഴപ്പത്തിലായത്. തുടര്‍ന്ന് ജിബ്രാള്‍ട്ടര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ യുവേഫയ്ക്ക് പരാതി നല്‍കുകയും സംഭവത്തെക്കുറിച്ച് യുവേഫ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണത്തില്‍ റോഡ്രിയും മൊറാറ്റയും അച്ചടക്കം ലംഘിച്ചെന്ന് കണ്ടെത്തുകയും ഇരുവരെയും ഓരോ മത്സരത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. പുതിയ പ്രീമിയര്‍ ലീഗ് സീസണില്‍ അഞ്ച് മത്സരം കഴിഞ്ഞപ്പോഴേയ്ക്കും റോഡ്രി പരിക്കിന്റെ പിടിയിലായി. ആഴ്‌സലിനെതിരായ മത്സരത്തിലായിരുന്നു റോഡ്രിയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ റോഡ്രിയ്ക്ക് ഈ സീസണില്‍ ഇനി കളിക്കളത്തിലേയ്ക്ക് തിരിച്ചുവരാനാകില്ലെന്ന് ഉറപ്പായി. പ്രീമിയര്‍ ലീഗില്‍ റോഡ്രി കളിച്ച കഴിഞ്ഞ 48 കളികളില്‍ ഒന്നില്‍പ്പോലും മാഞ്ചസ്റ്റര്‍ സിറ്റി തോറ്റിട്ടില്ല. അതുകൊണ്ടുതന്നെ റോഡ്രിയുടെ അസാന്നിദ്ധ്യം സീസണില്‍ സിറ്റിയെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ ഒട്ടും സജീവമല്ലാത്ത, കിരീട നേട്ടങ്ങളില്‍ അമിതമായി ആഘോഷിക്കാത്ത കളിക്കാരനാണ് റോഡ്രി. കഠിനാദ്ധ്വാനിയായ ചെറുപ്പക്കാരന്‍. കളിക്കളത്തില്‍ പിഴവുകള്‍ സംഭവിക്കുമ്പോള്‍ നിരാശയിലും സങ്കടത്തിലുമാഴുന്ന ആ പിഴവ് ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ ശപഥമെടുക്കുന്ന ചെറുപ്പക്കാരന്‍. മൈതാനം മുഴുവന്‍ ഓടിക്കളിക്കുന്ന, ഒരിക്കല്‍ നഷ്ടപ്പെട്ട പന്ത് ഒട്ടും സമയം പാഴാക്കാതെ എതിരാളിയില്‍ നിന്ന് തിരിച്ചുപിടിക്കുന്ന മിഡ്ഫീല്‍ഡറാണ് റോഡ്രി. ടീമിന്റെ ആക്രമണനീക്കങ്ങള്‍ മിഡ്ഫീല്‍ഡില്‍ നിന്ന് തുടങ്ങിവെയ്ക്കുന്ന, എന്നാല്‍ ഒരിക്കലും ഒരുപാട് മുന്നോട്ട് പോകാതെ പരമാവധി തന്റെ സാന്നിദ്ധ്യം മിഡ്ഫീല്‍ഡില്‍ ഉറപ്പാക്കുന്ന കളിക്കാരനാണ് റോഡ്രി. അതുകൊണ്ടുതന്നെ എതിര്‍ ടീമിന്റെ കൗണ്ടര്‍ അറ്റാക്കുകളെ നിര്‍ജീവമാക്കാനും ടീമിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനും അയാള്‍ക്ക് കഴിയുന്നു. എതിരാളികളുടെ നീക്കങ്ങളെ ഏറെ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന റോഡ്രി ആ നീക്കങ്ങളുടെ മുനയൊടിക്കുന്നു. ആ ഭാവനാത്മകതയാണ് റോഡ്രിയെ ഇന്ന് ലോകത്തുള്ള മറ്റ് മിഡ്ഫീല്‍ഡര്‍മാരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. മികച്ച ടാക്കിളുകളിലൂടെ എതിരാളിയില്‍ നിന്ന് പന്ത് പിടിച്ചെടുക്കുന്ന റോഡ്രിയെ മറ്റൊരു സ്‌പെയിന്‍ താരമായിരുന്ന സെര്‍ജിയോ ബുസ്‌കെറ്റ്‌സുമായാണ് ഫുട്‌ബോള്‍ ലോകം താരതമ്യം ചെയ്യുന്നത്. ഏറ്റവും സാഹസികമായ പാസുകള്‍ അയാള്‍ നല്‍കുന്നത് ടീമിലെ ഏറ്റവും ആക്രമണോത്സുകരായ സഹകളിക്കാര്‍ക്കായിരിക്കും. റൈറ്റ് വിങിലുള്ള മുന്നേറ്റനിരക്കാരന് റോഡ്രി നല്‍കുന്ന ചിപ്പിംഗ് പാസുകള്‍ അത്രമേല്‍ കൃത്യമായിരിക്കും. ആ പാസുകള്‍ ഫോര്‍വേഡിന് അനായാസം എത്തിപ്പിടിക്കാന്‍ കഴിയുകയും അയാളത് ഗോള്‍ പോസ്റ്റിന്റെ മറുവശത്തേയ്ക്ക് ക്രോസ് നല്‍കുകയും ചെയ്യുന്നു. അതോടെ ആ പന്ത് അനായാസം ഫിനിഷ് ചെയ്യാന്‍ മറുവശത്തെ വിങില്‍ കളിക്കുന്ന ഫോര്‍വേഡിന് കഴിയുന്നു. വായുവിലൂടെ കളിക്കാനുള്ള അസാധാരണ മിടുക്കും പന്ത് ക്ലിയര്‍ ചെയ്യുന്നതിലെ കൃത്യതയും റോഡ്രിയെ ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാക്കുന്നു. ഡിഫന്‍സീവ് സെറ്റ്പീസുകളില്‍ അയാള്‍ കാണിക്കുന്ന മികവും കളിയെ ഭാവനാത്മകതയോടെ സമീപിക്കുന്നതും കളി സാഹചര്യങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതിലെ മിടുക്കും മിഡ്ഫീല്‍ഡിലെ ഏറ്റവും മികച്ചവനായി അയാളെ മാറ്റുന്നു. ഇനി വരാനുള്ള ഏറെ വര്‍ഷങ്ങളിലും റോഡ്രിയുടെ മികവ് അതിന്റെ പൂര്‍ണതയില്‍ത്തന്നെ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആസ്വദിക്കാനാകും എന്നത് ഉറപ്പാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments