കെ.ശ്രീജിത്ത്
ഈ വര്‍ഷത്തെ യൂറോ കപ്പിന്റെ സെമി ഫൈനലില്‍ സ്‌പെയിനും ഫ്രാന്‍സും ഏറ്റുമുട്ടുന്നു. കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ കോളോ മുവാനിയിലൂടെ ഫ്രാന്‍സ് ലീഡ് നേടുന്നു. തുടര്‍ന്ന് സ്‌പെയിന്‍ സമനില ഗോളിനായി നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നു. 21-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ പെനാല്‍റ്റി ബോക്‌സിനു പുറത്തുനിന്ന് വെടിയുണ്ട പോലൊരു ഇടംകാലനടി. വായുവിലൂടെ വളഞ്ഞുപുളഞ്ഞ് ഇടതുപോസ്റ്റില്‍ തട്ടി പന്ത് വലയില്‍ വീഴുന്നു. സ്‌പെയിന്‍ ഫ്രാന്‍സിനൊപ്പം. അസാധാരണായ, മനോഹരമായ ആ ഗോള്‍ നേടുന്നത് പതിനാറ് വയസ് മാത്രം പ്രായമുള്ള ഒരു പയ്യനായിരുന്നു. അവന്റെ പേരാണ് ലാമിന്‍ യമാല്‍. സ്‌പെയിനിന്റെ പുതിയ വണ്ടര്‍ കിഡ്. യൂറോ കപ്പിന്റെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അന്ന് 16 വയസും 362 ദിവസവും പ്രായമുള്ള യമാല്‍. അതോടെ സ്‌പെയിനിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പുതിയ സൂപ്പര്‍സ്റ്റാര്‍ ജനിക്കുന്നു. ആ ഗോള്‍ ഈ വര്‍ഷത്തെ യൂറോ കപ്പിലെ ഏറ്റവും മികച്ച ഗോളായി പിന്നീട് തെരഞ്ഞെടുക്കപ്പെട്ടു.

2007 ജൂലായ് 13നാണ് ലാമിന്‍ യമാല്‍ നസ്‌റൂയി എബാന ജനിക്കുന്നത്. കെട്ടിടങ്ങള്‍ക്ക് പെയിന്റടിക്കുന്ന പണിയാണ് അച്ഛന്. അമ്മ ഷെയ്‌ല എബാന റെസ്റ്ററന്റിലെ വെയ്ട്രസ്. അച്ഛന്‍ മൊറോക്കക്കാരനും അമ്മ ഗിനിയക്കാരിയും. യമാലിന് മൂന്ന് വയസുള്ളപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. എന്നാലും അവന്റെ കുട്ടിക്കാലം മുഴുവന്‍ തങ്ങളുടെ സാന്നിദ്ധ്യം അവര്‍ ഉറപ്പുവരുത്തി. അച്ഛനും അമ്മയും വേര്‍പിരിയുന്നത് വരെ മട്ടാരോയിലായിരുന്നു അവര്‍ ജീവിച്ചിരുന്നത്. എന്നാല്‍ അവര്‍ വേര്‍പിരിഞ്ഞതോടെ അമ്മ ഗ്രാനോളേഴ്‌സിലേയ്ക്ക് മാറി. ഗ്രാനോളേഴ്‌സിലെ പ്രാദേശിക ക്ലബായ ലാ ടൊറേറ്റയില്‍ നാല് വയസ് മുതല്‍ യമാല്‍ ഫുട്‌ബോള്‍ കളിച്ചുതുടങ്ങി. അയാള്‍ ഇടയ്ക്കിടെ മട്ടാരോയില്‍ പോയി അച്ഛനോടൊപ്പവും കഴിഞ്ഞു. ഇങ്ങനെ ചെറുപ്പത്തില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം കഴിയാന്‍ അവന്‍ രണ്ട് നഗരങ്ങളിലുമായി വന്നും പോയുമിരുന്നു. അച്ഛനൊപ്പമുള്ളപ്പോള്‍ അവന്‍ മട്ടാരോയിലെ റോക്കഫോണ്ടയിലാണ് ജീവിച്ചത്. ഇത് തീര്‍ത്തും ഒറ്റപ്പെട്ടൊരു സ്ഥലമായിരുന്നു. ഗോളടിക്കുമ്പോള്‍ 304 എന്ന അക്കം ആംഗ്യത്തിലൂടെ കാണിച്ചാണ് അവന്‍ ആഘോഷിക്കാറുള്ളത്. റോക്കഫോണ്ടയിലെ പ്രാദേശിക പോസ്റ്റ് കോഡ് 08304 ആണ് എന്നതാണ് അതിന് കാരണം. യമാലിന്റെ ആഘോഷം ലോകപ്രസിദ്ധമായതോടെ റോക്കഫോണ്ടയ്ക്ക് കിട്ടിയ ആദരമായാണ് നാട്ടുകാര്‍ അതിനെ കാണുന്നത്.

ആറാമത്തെ വയസില്‍ ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ് യമാലിനെ അവരുടെ ലാ മാസിയയിലെ പരിശീലന സെഷനുകളിലേയ്ക്ക് ക്ഷണിക്കുകയും 2014ല്‍ അവനുമായി കരാറിലെത്തുകയും ചെയ്തു. തുടര്‍ന്ന് അവരുടെ അക്കാദമിയില്‍ താമസിച്ച് പരിശീലിക്കാനായി യമാല്‍ ബാഴ്‌സലോണയിലേയ്ക്ക് മാറുന്നു. കുറഞ്ഞകാലത്തെ അക്കാദമിയിലെ പരിശീലനം കൊണ്ടുതന്നെ ഭാവിതാരമായി യമാല്‍ വിലയിരുത്തപ്പെട്ടു. തുടക്കത്തില്‍ അക്കാദമിയിലെ ജൂനിയര്‍ ടീമിനൊപ്പം കളിച്ച യമാലിനെ 2022 സപ്തംബറില്‍ ക്ലബിന്റെ സീനിയര്‍ ടീമിനൊപ്പം പരിശീലിക്കാന്‍ മറ്റ് യുവകളിക്കാര്‍ക്കൊപ്പം യമാലിനെയും കോച്ച് സാവി തിരഞ്ഞെടുത്തു. അപ്പോഴും ക്ലബുമായി പ്രൊഫഷണല്‍ കരാറില്‍ ഒപ്പ് വെച്ചിട്ടില്ലാഞ്ഞിട്ടും യമാല്‍ കോച്ച് സാവി ഉള്‍പ്പടെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു. 2023 ഏപ്രിലില്‍ യമാല്‍ ബാഴ്‌സലോണയുടെ സീനിയര്‍ ടീമില്‍ കൡു. ലാലിഗയില്‍ റയല്‍ ബെറ്റിസിനെതിരായ മത്സരത്തിലായിരുന്നു ഇത്. 15 വര്‍ഷവും ഒമ്പത് മാസവും 16 ദിവസവും മാത്രം പ്രായമുള്ള യമാല്‍ ലാലിഗയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ കളിക്കാരനായിരുന്നു. മാത്രമല്ല 1922ല്‍ കളിച്ച അര്‍മാന്‍ഡോ സാഗിക്ക് ശേഷം ബാഴ്‌സലോണയുടെ ചരിത്രത്തില്‍ സീനിയര്‍ ടീമില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായും യമാല്‍ മാറി. ബാഴ്‌സയ്‌ക്കൊപ്പം 2023 മെയ് 14ന് യമാല്‍ തന്റെ ആദ്യ ലാലിഗ കിരീടവും നേടി.

2023 ഓഗസ്റ്റ് 28ന് വിയ്യാറയലിനെതിരായ മത്സരത്തില്‍ ബാഴ്‌സയ്ക്കുവേണ്ടി ഗവിയും റോബര്‍ട്ടോ ലെവന്‍ഡോവസ്‌കിയും ഗോള്‍ നേടിയപ്പോള്‍ രണ്ടിനും വഴിവെച്ചത് യമാലായിരുന്നു. ഈ പ്രകടനത്തിലൂടെ മത്സരത്തില്‍ പ്ലേയര്‍ ഓഫ് ദ മാച്ചായും യമാല്‍ തിരഞ്ഞെടുക്കപ്പെട്ടു. ആ മാസത്തെ അണ്ടര്‍ 23 പ്ലേയര്‍ ഓഫ് ദ മന്തായി യമാല്‍ തിരഞ്ഞെടുക്കപ്പെട്ടത് ഈ പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു. തുടര്‍ന്ന് സപ്തംബര്‍ 19ന് യമാല്‍ ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറി. റോയല്‍ ആന്റ്‌വേര്‍പ്പിനെതിരായ മത്സരത്തിലായിരുന്നു ഇത്. മത്സരം 5-0ന് ബാഴ്‌സലോണ ജയിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിന് യമാല്‍ ക്ലബുമായുള്ള തന്റെ കരാര്‍ 2026 വരെ നീട്ടി. 1.7 മില്യണ്‍ ഡോളറാണ് യമാലിന്റെ വാര്‍ഷിക വരുമാനം. തുടര്‍ന്ന് ദിവസങ്ങള്‍ക്കകം യമാല്‍ ബാഴ്‌സലോണയ്ക്കുവേണ്ടി തന്റെ ആദ്യ ഗോള്‍ നേടി. ഗ്രാനഡയ്‌ക്കെതിരായ മത്സരത്തിലായിരുന്നു അത്. മത്സരം 2-2ന് സമനിലയില്‍ കലാശിച്ചു. ഒക്ടോബര്‍ 28ന് തന്റെ ആദ്യ എല്‍ ക്ലാസിക്കോയില്‍ കളിച്ച യമാലിന് പക്ഷെ നിരാശയായിരുന്നു ഫലം. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണ 2-1 എന്ന നിലയില്‍ തോറ്റു. പകരക്കാരനായാണ് മത്സരത്തില്‍ യമാലിറങ്ങിയത്. ഡിസംബര്‍ നാലിന് ഗോള്‍ഡന്‍ ബോയ് ദ യങസ്റ്റ് ട്രോഫി യമാലിന് ലഭിച്ചു. എന്നാല്‍ പുരസ്‌കാര വിതരണ ദിവസം സ്‌കൂളുണ്ടായിരുന്നതിനാല്‍ യമാലിന് ചടങ്ങില്‍ പങ്കെടുക്കാനായില്ല.

2024 ജനുവരി 11ന് സൂപ്പര്‍കോപ്പയുടെ സെമിഫൈനലില്‍ ഒസൗനയ്‌ക്കെതിരെ യമാല്‍ ഗോളടിച്ചു. മത്സരം എതിരില്ലാത്ത രണ്ട് ഗോളിന് ബാഴ്‌സലോണ ജയിച്ചു. യമാലിന് അപ്പോള്‍ പ്രായം 16 വയസും 182 ദിവസവുമായിരുന്നു. ഇതോടെ സൂപ്പര്‍കോപ്പയില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി യമാല്‍ മാറി. രണ്ടാഴ്ചയ്ക്കുശേഷം കോപ്പ ഡെല്‍ റേയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരെയും യമാല്‍ ഗോളടിച്ചു. ഇതോടെ ഈ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലും ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററായി യമാല്‍. ഫെബ്രുവരി 11ന് ഗ്രാനഡയ്‌ക്കെതിരെ യമാല്‍ കരിയറില്‍ ഇതാദ്യമായി ഇരട്ട ഗോള്‍ നേടി. മത്സരത്തില്‍ പ്ലേയര്‍ ഓഫ് ദ മാച്ചായും അവന്‍ തിരഞ്ഞെടുക്കപ്പെട്ടു. സീസണില്‍ ബാഴ്‌സലോയണയ്ക്കുവേണ്ടി എല്ലാ ടൂര്‍ണമെന്റുകളിലുമായി 50 മത്സരങ്ങള്‍ കളിച്ച താരമായി യമാല്‍ മാറി. ബാഴ്‌സലോണയ്ക്കുവേണ്ടി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, അസിസ്റ്റ് ഒരുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ബാഴ്‌സലോണയ്ക്കുവേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ലാലിഗയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം, ലാലിഗയില്‍ ഇരട്ട ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം തുടങ്ങി പതിനാറാമത്തെ വയസില്‍ യമാല്‍ ബാഴ്‌സലോണയ്ക്കുവേണ്ടി ഒട്ടേറെ റെക്കോഡുകളാണ് തകര്‍ത്തത്. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ സ്ഥാനം പിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും നോക്കൗട്ട് ഘട്ടത്തില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ലാമിന്‍ യമാലാണ്.

2024ലും യമാല്‍ തന്റെ മികച്ച ഫോം തുടര്‍ന്നു. സീസണില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി തന്റെ ആദ്യ ഗോള്‍ നേടിയ യമാല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിലെ തന്റെ ആദ്യ ഗോളും നേടി. ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായും ഈ വര്‍ഷം യമാല്‍ മാറി. കാറ്റലോണിയ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ യൂത്ത് ടീമുകളില്‍ ചെറുപ്രായം മുതല്‍ കളിച്ചിട്ടുള്ള യമാല്‍ പതിനൊന്നാമത്തെ വയസില്‍ ക്യാപ്റ്റനായി. അണ്ടര്‍-12, അണ്ടര്‍-14, അണ്ടര്‍-16 ടീമുകളെയും യമാല്‍ നയിച്ചിട്ടുണ്ട്. സ്‌പെയിനിന്റെ അണ്ടര്‍-15, അണ്ടര്‍-16 ടീമുകളിലും ലാമിന്‍ യമാല്‍ കളിച്ചിട്ടുണ്ട്. 2023ലെ അണ്ടര്‍-17 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്‌പെയിനിനുവേണ്ടി യമാല്‍ നാല് ഗോള്‍ നേടി. സ്‌പെയിന്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്താവുകയായിരുന്നു. പതിനാറ് വയസും 50 ദിവസവും പ്രായമുള്ളപ്പോള്‍ യമാലിനെത്തേടി സ്‌പെയിന്‍ ദേശീയ ടീമിലേയ്ക്കുള്ള വിളിയെത്തി. 2024ലെ യുവേഫ യൂറോ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്‌പെയിന്‍ ടീമിലാണ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂവന്തെ യമാലിനെ ഉള്‍പ്പെടുത്തിയത്. ജോര്‍ജിയയ്ക്കും സൈപ്രസിനുമെതിരായ മത്സരങ്ങള്‍ക്കുള്ള ടീമായിരുന്നു അത്. സപ്തംബര്‍ എട്ടിന് ജോര്‍ജിയയ്‌ക്കെതിരായ മത്സരത്തില്‍ യമാല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റും കുറിക്കുകയും അന്താരാഷ്ട്ര കരിയറിലെ തന്റെ ആദ്യ ഗോള്‍ നേടുകയും ചെയ്തു.

പതിനാറ് വയസും 57 ദിവസവും മാത്രം പ്രായമുണ്ടായിരുന്ന യമാല്‍ സ്‌പെയിന്‍ ദേശീയ ടീമില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയതോടൊപ്പം സ്‌പെയിനിനുവേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി. യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും യമാലായി. യൂറോ കപ്പിനുള്ള സ്‌പെയിന്‍ ടീമിലും ഉള്‍പ്പെട്ട യമാല്‍ ജൂണ്‍ 15ന് ടൂര്‍ണമെന്റില്‍ അരങ്ങേറി. അതുവഴി യൂറോ കപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി. യൂറോ കപ്പില്‍ അസിസ്റ്റ് ഒരുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ടൂര്‍ണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി യമാല്‍ മാറി. ജര്‍മനിക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിര്‍ണായകമായ ഒരു അസിസ്റ്റ് ഒരുക്കിയ യമാല്‍ ഒരൊറ്റ യൂറോ കപ്പില്‍ മൂന്ന് അസിസ്റ്റ് ഒരുക്കുന്ന സ്‌പെയിന്‍ താരത്തിനുള്ള റെക്കോഡിനൊപ്പമെത്തി.

സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ അസാധാരണമായൊരു ഗോള്‍ നേടി ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ യമാല്‍ കൈയിലെടുത്തു. ഫൈനലില്‍ ഇംഗ്ലണ്ടിനെ 2-1ന് തോല്പിച്ച് സ്‌പെയിന്‍ കിരീടം ചൂടിയപ്പോള്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ യൂറോ കപ്പ് നേടുന്ന താരമായി. യമാലിനെ യങ് പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റായും തിരഞ്ഞെടുത്തു. ഫൈനലില്‍ നിക്കോ വില്യംസ് സ്‌പെയിനിന്റെ ആദ്യ ഗോള്‍ നേടിയപ്പോള്‍ അതിന് വഴിവെച്ചത് യമാലായിരുന്നു. ഇതുവഴി ഏതെങ്കിലും പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഗോളിന് വഴിയൊരുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി യമാല്‍. ടൂര്‍ണമെന്റിലാകെ നാല് അസിസ്റ്റ് ഒരുക്കിയ യമാല്‍, ഒരൊറ്റ യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ഒരുക്കിയതിന്റെ റെക്കോഡ് പങ്കിടുകയും ചെയ്തു. സ്‌പെയിനിനുവേണ്ടി ഇതുവരെയായി 16 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച യമാല്‍ മൂന്ന് ഗോളാണ് നേടിയത്.

സെന്റര്‍ ഫോര്‍വേഡ്, അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍, വിങര്‍ എന്നീ പൊസിഷനുകളിലെല്ലാം കളിക്കാനുള്ള മിടുക്ക് യമാലിനുണ്ടെന്നതാണ് അവനെ മറ്റ് കളിക്കാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഉജ്ജ്വലമായി പാസ് ചെയ്യാനും ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും അസാധ്യ കഴിവുള്ള യമാല്‍ ഒന്നാന്തരമൊരു ഇടംകാലനാണ്. റൈറ്റ് വിങറായി കളിക്കുമ്പോള്‍ ഇടംകാലുകൊണ്ടുള്ള ഈ മിടുക്ക് യമാലിന് ഏറെ ഗുണം ചെയ്യുന്നു. ഇടംകാല്‍ കൊണ്ട് വായുവിലൂടെ വളഞ്ഞുപുളഞ്ഞ് പന്ത് ഗോള്‍ പോസ്റ്റിലെത്തിക്കാനുള്ള യമാലിന്റെ കഴിവ് ഒന്നുവേറെത്തന്നെയാണ്. എത്ര ദൂരെ നിന്നും ഗോള്‍ പോസ്റ്റിലേയ്ക്ക് ഷോട്ട് പായിക്കാനും ഗംഭീര ക്രോസുകള്‍ കൊടുക്കാനുമുള്ള യമാലിന്റെ കഴിവ് ഇത്തവണത്തെ യൂറോ കപ്പില്‍ നാം കണ്ടതാണ്. ഉയര്‍ന്ന സാങ്കേതികത്തികവുള്ള കളിക്കാരനെന്ന നിലയില്‍ യമാലിനെ ഫുട്‌ബോള്‍ ലോകത്തെ പലരും താരതമ്യം ചെയ്യുന്നത് അര്‍ജന്റീനിയന്‍ ഇതിഹാസം ലിയണല്‍ മെസ്സിയുമായിട്ടാണ്. എന്തായായാലും ഒരു കാര്യം ഉറപ്പാണ്. ഇനിയുള്ള ഒട്ടേറെ വര്‍ഷങ്ങള്‍ ലോക ഫുട്‌ബോളിനെ അടക്കി ഭരിക്കുന്നത് ലാമിന്‍ യാമാലെന്ന ഈ പതിനേഴുകാരനായിരിക്കും.



