Tuesday, February 17, 2026
Google search engine
HomeSportLife Storyടെംബ ബാവുമയുടെ ഹീറോയിസം

ടെംബ ബാവുമയുടെ ഹീറോയിസം

കെ.ശ്രീജിത്ത്

കാലത്തിന്റെ കാവ്യനീതി എന്നുപറയുന്നത് ഇതിനെയാണ്. കറുത്ത വര്‍ഗക്കാരെ അറപ്പോടെ മാറ്റിനിര്‍ത്തി വര്‍ണവിവേചനത്തിന് പേരുകേട്ട ഒരു രാജ്യം ഒടുവില്‍ ഒരു കറുത്ത വര്‍ഗക്കാരനെയോര്‍ത്ത് അഭിമാനം കൊള്ളുകയാണ്. ആ കുറിയ മനുഷ്യന്റെ പേരാണ് ടെംബ ബാവുമ. 27 വര്‍ഷത്തിനുശേഷം ദക്ഷിണാഫ്രിക്ക ഒരു ഐ സി സി കിരീടം നേടിയപ്പോള്‍ ടീമിനെ നയിച്ച ബാവുമ. വെറുമൊരു ഐ സി സി കിരീടമല്ല, മറിച്ച് ദക്ഷിണാഫ്രിക്ക എന്നും കൊതിച്ച ഒരു ലോക കിരീടമാണ് ടെംബ ബാവുമ ദക്ഷിണാഫ്രിക്കയിലെത്തിച്ചത്. അതും ഓര്‍മ വെച്ച കാലം മുതല്‍ പരിഹസിച്ചവരുടെയും അധിക്ഷേപിച്ചവരുടെയും മുന്നിലൂടെ. ഇക്കഴിഞ്ഞ ജൂണ്‍ 11 മുതല്‍ 15 വരെ ലോര്‍ഡ്‌സില്‍ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായിരുന്ന കരുത്തരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തോല്പിച്ചാണ് ബാവുമയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക ലോകത്തിന്റെ നെറുകയില്‍ സ്ഥാനം പിടിച്ചത്. വെറുതെയല്ല, മുന്നില്‍ നിന്ന് നയിച്ചുതന്നെയാണ് ബാവുമ ദക്ഷിണാഫ്രിക്കയെ ലോക ചാമ്പ്യന്‍മാരാക്കിയത്.

ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക തകര്‍ച്ചയെ തുറിച്ചുനോക്കുമ്പോള്‍ 36 റണ്‍ നേടുകയും ഡേവിഡ് ബെഡ്ഡിംഗ്ഹാമിനെ കൂട്ടുപിടിച്ച് ഒന്നാന്തരമൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു ബാവുമ. രണ്ടാമിന്നിംഗ്‌സില്‍ 282 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബാവുമ, എയ്ഡന്‍ മര്‍ക്രവുമായി ചേര്‍ന്ന് 147 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ടീം ജയിക്കുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ആറ് റണ്ണില്‍ നില്‍ക്കുമ്പോള്‍ പരിക്കേറ്റ ബാവുമ പിന്നീടങ്ങോട്ട് കടുത്ത വേദനയോടെയാണ് ബാറ്റ് ചെയ്തത്. ഞൊണ്ടിഞൊണ്ടിയാണ് റണ്ണിനായി ഓടിയത്. കളിയുടെ ഇടവേളയില്‍ കോച്ച് ഷുക്രി കോണ്‍റാഡ് ബാവുമയോട് കളി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അയാള്‍ അതിന് തയ്യാറായില്ല. അതുമൂലമുള്ള പ്രത്യാഘാതം എന്തായാലും അത് അനുഭവിക്കാന്‍ തയ്യാറാണെന്നായിരുന്നു ബാവുമയുടെ മറുപടി. ‘മറ്റൊരു സാധ്യതയെക്കുറിച്ച് ആലോചിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. മര്‍ക്രത്തിനൊപ്പം അവിടെ ഞാനില്ലാതിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ആഗ്രഹിച്ചില്ല. കളിയിലെ നിര്‍ണായക നിമിഷമായിരുന്നു അത്. എനിക്ക് നൂറ് ശതമാനം ഫിറ്റ്‌നസുണ്ടായിരുന്നില്ല. എന്നാല്‍ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ അപ്പോഴും എനിക്ക് സാധിക്കുമെന്ന് തോന്നി. അതൊരു ബുദ്ധിമേറിയ തീരുമാനമായിരുന്നു’ പിന്നീട് ബാവുമ പറഞ്ഞു. ബാവുമയ്ക്കറിയാമായിരുന്നു, ആ സമയത്ത് അയാള്‍ പിന്‍വാങ്ങിയാല്‍ അത് ഓസ്‌ട്രേലിയയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന്. ബാവുമയുടെ ആ തീരുമാനമാണ് നിര്‍ണായകമായത്. മര്‍ക്രത്തിനൊപ്പം ചേര്‍ന്ന് ബാവുമ അക്ഷരാര്‍ത്ഥത്തില്‍ ഓസ്‌ട്രേലിയയെ ചെറുത്തുനിന്നു.

ഓസ്‌ട്രേലിയ എന്നത്തെയുംപോലെ അടവുകള്‍ പലതും പയറ്റിയെങ്കിലും ഒന്നും വിലപ്പോയില്ല. രണ്ട് റണ്ണില്‍ നില്‍ക്കെ ബാവുമയുടെ ക്യാച്ച് സ്റ്റീവ് സ്മിത്ത് വിട്ടുകളഞ്ഞത് അവര്‍ക്ക് വന്‍ തിരിച്ചടിയായി. ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സില്‍ ഇരുടീമിലെയും ബൗളര്‍മാര്‍ വിശ്വരൂപം പുറത്തെടുത്ത പിച്ചായതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ ഭീഷണിയാകുമായിരുന്നു. ആ ഭീഷണിയെ ചെറുത്തതിനുപിന്നില്‍ മര്‍ക്രത്തിന്റെ ഫോമിനൊപ്പം തന്നെ ബാവുമയുടെ ഇച്ഛാശക്തിക്കും ദൃഢനിശ്ചയത്തിനും വലിയ പങ്കുണ്ട്. ബാവുമ ഞൊണ്ടി ഞൊണ്ടി നേടിയ ഓരോ റണ്ണിനും സ്വര്‍ണത്തിന്റെ വിലയുണ്ട്. വെറും 69 റണ്ണിന്റെ ദൂരത്തില്‍ വിജയം നില്‍ക്കെ മൂന്നാം ദിനം കളി അവസാനിക്കുമ്പോഴും മര്‍ക്രമും ബാവുമയും പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു. കളി ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പുവരുത്തിയാണ് ഇരുവരും മൂന്നാം ദിനം ഡ്രസിംഗ് റൂമിലേയ്ക്ക് തിരിച്ചുനടന്നത്. നാലാം ദിനം തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബാവുമയെ പുറത്താക്കി. ഇതോടെ വീണ്ടും സമ്മര്‍ദ്ദം. ജയിക്കാന്‍ 65 റണ്‍ മാത്രമെ വേണ്ടിയിരുന്നുള്ളുവെങ്കിലും പടിക്കല്‍ കലമുടയ്ക്കുന്ന ദക്ഷിണാഫ്രിക്കയുടെ ശീലം അറിയാവുന്ന ലോകമാകെയുള്ള ക്രിക്കറ്റ് പ്രേമികള്‍ ശരിക്കും ഭയന്നു. വീണ്ടുമൊരിക്കല്‍ കൂടി ദക്ഷിണാഫ്രിക്ക പഴയ ശീലം ആവര്‍ത്തിക്കുകയാണോ എന്ന സംശയം എല്ലാവര്‍ക്കുമുണ്ടായിരുന്നു. മറുപുറത്ത് ചെറിയൊരു സാധ്യത പോലും പൂര്‍ണമായി ഉപയോഗിക്കുന്ന ഓസ്‌ട്രേലിയയാണ് എന്നതും ആ ഭയത്തിന് കാരണമായിരുന്നു. വിജയം മണത്താല്‍ ഓസ്‌ട്രേലിയയെ പോലെ ഇത്ര അപകടകാരികളായ മറ്റൊരു ടീം ലോക ക്രിക്കറ്റിലില്ല എന്ന് ഓരോ ക്രിക്കറ്റ് പ്രേമിക്കും അറിയാം. എന്നാലും ഒരറ്റത്ത് എയ്ഡന്‍ മര്‍ക്രം പാറപോലെ ഉറച്ചുനില്‍ക്കുന്നതിനാല്‍ പ്രതീക്ഷ അപ്പോഴും ബാക്കിയുണ്ടായിരുന്നു. എന്തായാലും അധികം പരിക്കുകളില്ലാതെ ദക്ഷിണാഫ്രിക്ക 24 റണ്‍ കൂടി ചേര്‍ത്തു. അപ്പോഴതാ വീണ്ടും ഹൃദയം തകര്‍ത്തുകൊണ്ട് ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ മിച്ചല്‍ സ്റ്റാര്‍ക്ക് ക്ലീന്‍ ബൗള്‍ ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്ക് പിന്നെയും വേണം 41 റണ്‍. പഴയ സംശയം തലപൊക്കി. പക്ഷെ അപ്പോഴും മര്‍ക്രം ക്രീസിലുണ്ട്. ഇതിനിടയില്‍ അയാള്‍ തന്റെ കരിയറിലെ എക്കാലത്തെയും മികച്ച സെഞ്ച്വറി നേടിക്കഴിഞ്ഞിരുന്നു. പിന്നീട് ഡേവിഡ് ബെഡ്ഡിംഗ്ഹാം മര്‍ക്രത്തിന് ഉറച്ച പിന്തുണ നല്‍കി. ലക്ഷ്യത്തിന് വെറും ആറ് റണ്‍ അകലെ വെച്ച് മര്‍ക്രത്തെ ജോഷ് ഹെയ്‌സല്‍വുഡ് പുറത്താക്കി. 136 റണ്ണാണ് മര്‍ക്രം നേടിയത്. പിന്നീട് വിക്കറ്റ് കീപ്പര്‍ കൈല്‍ വെരെയ്‌നെയും ബെഡ്ഡിംഗ്ഹാമും ചേര്‍ന്ന് ലക്ഷ്യം പൂര്‍ത്തിയാക്കി. ഒരു ബൗണ്ടറിയിലൂടെയാണ് വെരെയ്‌നെ വിജയ റണ്‍ നേടുന്നത്. ആ ബൗണ്ടറി ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ചരിത്രത്തിലേയ്ക്കുള്ളതായിരുന്നു.

ടീമിന്റെ നായകനായി കിരീടം നേടിയതില്‍ ഒരുപാട് അഭിമാനമുണ്ടെന്നും ചരിത്രത്തില്‍ ഒരു കറുത്ത ക്രിക്കറ്റ് താരമെന്നതിലുപരി രാജ്യത്തിന് കിരീടം നേടികൊടുത്ത നായകനെന്ന രീതിയില്‍ അറിയപ്പെടുമെന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും പിന്നീട് ബാവുമ പറഞ്ഞു. ‘ആഫ്രിക്കക്കാരനായ ഒരു കറുത്ത വര്‍ഗക്കാരന്‍ ക്രിക്കറ്റര്‍ എന്നതിലുപരി, രാജ്യം ആഗ്രഹിച്ച കിരീടം നേടിക്കൊടുത്ത നായകനായി അറിയപ്പെടുന്നതില്‍ സന്തോഷമുണ്ട്. ഇനി എനിക്ക് നെഞ്ച് വിരിച്ച് നടക്കാം. ഈ കിരീടനേട്ടം രാജ്യത്തിന് പ്രചോദനമാകുമെന്ന് കരുതുന്നു’ എന്നായിരുന്നു ബാവുമയുടെ വാക്കുകള്‍. പരിക്ക് വകവെയ്ക്കാതെ കളിക്കാനുള്ള ബാവുമയുടെ തീരുമാനം ഏറെ ധീരമായിരുന്നു. അതുമൂലം എന്ത് പ്രത്യാഘാതം വന്നാലും താന്‍ നേരിടാമെന്ന ബാവുമയുടെ നിശ്ചയദാര്‍ഡ്യത്തിന് കാലം എന്നും ഓര്‍ത്തുവെയ്ക്കാവുന്ന പ്രതിഫലം തന്നെയാണ് അയാള്‍ക്ക് നല്‍കിയത്. ഒരു രാജ്യത്തിന്റെ ദേശീയ ഹീറോ എന്ന പട്ടമാണ് കാലം ബാവുമയ്ക്ക് പ്രതിഫലമായി നല്‍കിയത്. ആ ഹീറോ പട്ടം അയാള്‍ എന്നും ആഗ്രഹിച്ചതുമാണ്. ഒരു കാലമുണ്ടായിരുന്നു, എല്ലാവരാലും അപഹസിക്കപ്പെട്ട ഒരു കാലം. അന്നയാള്‍ സ്വപ്‌നം കണ്ടതാണ് ആ ഹീറോ പട്ടം. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. പരിക്കുമായി കളിക്കാനുള്ള അയാളുടെ തീരുമാനത്തിന്റെ പ്രത്യാഘാതം ആ ഹീറോ പട്ടമായിരുന്നു.

‘ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനാവുക എന്നത് ഒട്ടും എളുപ്പമുള്ള ജോലിയല്ല. എന്നാല്‍ ഞാന്‍ അനുഭവിച്ച എല്ലാ ത്യാഗങ്ങള്‍ക്കും എല്ലാ നിരാശകള്‍ക്കും ഇപ്പോള്‍ അര്‍ത്ഥമുണ്ടായിരിക്കുന്നു. ഇപ്പോഴുണ്ടായ ഈ നേട്ടത്തിന്റെ വിലയായി അതിനെയെല്ലാം ഞാന്‍ കാണുന്നു. പിന്മാറുക എന്ന ഒരു സാധ്യത എപ്പോഴും നിങ്ങളുടെ മുന്നിലുണ്ട്. അതെപ്പോഴും നിങ്ങളുടെ മനസിലുണ്ടാവുകയും ചെയ്യും. എന്നാല്‍ എന്തോ ഒന്ന് എപ്പോഴും നമ്മളെ പിന്നിലേയ്ക്ക് വലിക്കുന്നുണ്ട്. കറുത്ത വര്‍ഗക്കാരനായ ഒരു ആഫ്രിക്കന്‍ ക്രിക്കറ്റര്‍ എന്നതിലപ്പുറം രാജ്യം ആഗ്രഹിച്ചത് നേടിക്കൊടുത്ത താരമായിട്ട് എല്ലാവരും കാണണമെന്ന ആഗ്രഹമാണ് ആ നിമിഷത്തിലെന്നെ നയിച്ചത്’ – ബാവുമ പറഞ്ഞു. ഇനി ബാവുമയക്ക് നെഞ്ച് വിരിച്ച് തന്നെ നടക്കാം. ഇനി അയാളെ ലോകം കാണുക ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യമായി ലോക കിരീടം നേടിക്കൊടുത്ത നായകനായാണ്. രാജ്യത്തിന്റെ ഹീറോ. വരും തലമുറകളിലെ കുട്ടികള്‍ ബാവുമയെന്ന ഹീറോയെക്കുറിച്ച് കേള്‍ക്കും. പഠിക്കും. തലമുറകളോളം ബാവുമയുടെ വീരചരിതം രാജ്യം മുഴുവന്‍ പാടിനടക്കും. അതില്‍ കൂടുതല്‍ എന്താണ് അഞ്ചടി നാലിഞ്ച് മാത്രം ഉയരമുള്ള അയാള്‍ക്ക് വേണ്ടത്. അത് മാത്രമാണ് അയാള്‍ ഇത്രയും കാലം ആഗ്രഹിച്ചത്. ആ നിമിഷത്തിന് വേണ്ടിയാണ് അയാള്‍ കാത്തിരുന്നത്. ‘രാജ്യത്തെ സംബന്ധിച്ചിടത്തോളം എല്ലാ പ്രശ്‌നങ്ങളും മറന്ന് എല്ലാവരും ഒറ്റക്കെട്ടായി ഈ നേട്ടം ആഘോഷിക്കാനുള്ള അവസരമാണിത്’ – ബാവുമ കൂട്ടിച്ചേര്‍ത്തു.

2014ല്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ടെംബ ബാവുമ ഇതുവരെയായി 64 ടെസ്റ്റുകളിലാണ് കളിച്ചത്. 38.22 ശരാശരിയില്‍ 3,708 റണ്ണാണ് നേടിയത്. നാല് സെഞ്ച്വറിയും 25 അര്‍ദ്ധ സെഞ്ച്വറിയും നേടി. 172 ആണ് ഉയര്‍ന്ന സ്‌കോര്‍. 48 ഏകദിനങ്ങളില്‍ നിന്ന് 43.97 റണ്‍ ശരാശരിയില്‍ 1847 റണ്ണാണ് ബാവുമയുടെ സമ്പാദ്യം. അഞ്ച് സെഞ്ച്വറിയും ഏഴ് അര്‍ദ്ധ സെഞ്ച്വറിയും നേടി. 144 ആണ് ഉയര്‍ന്ന സ്‌കോര്‍. 36 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 670 റണ്ണാണ് ബാവുമ നേടിയിട്ടുള്ളത്. ഒരു അര്‍ദ്ധ സെഞ്ച്വറിയാണ് നേടിയത്. 72 ആണ് ഉയര്‍ന്ന സ്‌കോര്‍. ബാവുമയുടെ നായകത്വത്തിന്‍ കീഴില്‍ ദക്ഷിണാഫ്രിക്ക ഇറങ്ങിയ പത്ത് ടെസ്റ്റുകളില്‍ ഒന്നില്‍ പോലും ടീം തോറ്റിട്ടില്ല. ഒമ്പതെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയിലായി. ബാവുമ നയിച്ച 42 ഏകദിന മത്സരങ്ങളില്‍ 22 എണ്ണത്തില്‍ ജയിച്ചു. 19 എണ്ണത്തില്‍ തോറ്റു. 25 ട്വന്റി20 മത്സരങ്ങളില്‍ ടീമിനെ ബാവുമ നയിച്ചു. അതില്‍ 15 എണ്ണം ജയിച്ചപ്പോള്‍ ഒമ്പതെണ്ണം തോറ്റു.

ടെംബ ബാവുമ ലോകത്തിനാകെ പ്രചോദനമാണ്. അവഹേളനങ്ങളുടെ പടുകുഴിയില്‍ നിന്ന് ഹീറോയിലേയ്ക്കുള്ള ആ യാത്ര അസാധാരണവും സംഭവബഹുലവുമാണ്. അതില്‍ സങ്കടവും നിരാശയും സന്തോഷവും എല്ലാമുണ്ട്. ഒടുവില്‍ എല്ലാ അര്‍ത്ഥത്തിലും ശുഭപര്യവസായിയായ ഒരു അത്യുഗ്രന്‍ യാത്ര. അത് കേവലം ഒരു കിരീട നേട്ടത്തിന്റെ മാത്രം കഥയല്ല. അതിനപ്പുറം കാലാകാലങ്ങളായി അപഹസിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അരികുചേര്‍ക്കപ്പെട്ട വലിയൊരു വിഭാഗം ജനതയുടെ ഉയിര്‍ത്തെഴുന്നേല്ക്കാനുള്ള അവസരത്തിന്റെ കൂടി കഥയാണ്. ആ സംഭവകഥയുടെ അമരത്ത് ടെംബ ബാവുമ എന്ന അഞ്ചടി നാലിഞ്ചുകാരനായ ആഫ്രിക്കക്കാരനായ കറുത്ത വര്‍ഗക്കാരന്‍ നെഞ്ചും വിരിച്ച് നില്ക്കുന്നുണ്ട്. ആ നേട്ടത്തെ ഒരാള്‍ക്കും ഇനി തള്ളിക്കളയാനാകില്ല. അവഗണിക്കാനാകില്ല. അത് ദക്ഷിണാഫ്രിക്കയുടെ, എന്തിന് ലോക ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തിലെ കീറിവലിച്ചെറിയാനാകാത്ത ഒരേടാണ്. വര്‍ണവിവേചനത്തിന്റെ പേരില്‍ രണ്ട് ദശകത്തിലധികം ക്രിക്കറ്റില്‍ നിന്ന് വിലക്കപ്പെട്ട് ദക്ഷിണാഫ്രിക്ക ലോക ക്രിക്കറ്റില്‍ തിരിച്ചെത്തി 34-ാമത്തെ വര്‍ഷമാണ് തങ്ങളുടെ ആദ്യ ലോക കിരീടം നേടുന്നത്. ഇതിനുമുമ്പ് പലവട്ടം അവര്‍ അതിന് തൊട്ടടുത്തുവരെ എത്തിയതാണ്. എന്നാല്‍ ഓരോ തവണയും അവസാന കടമ്പ കടക്കുന്നതില്‍ നിര്‍ഭാഗ്യം അവര്‍ക്ക് വിലങ്ങുതടിയായി. എന്നാല്‍ ഇത്തവണ ആ നിര്‍ഭാഗ്യത്തെ മറികടക്കാന്‍ തീരുമാനിച്ചുറപ്പിച്ച ഒരു നായകനും അയാള്‍ക്ക് കീഴില്‍ എന്തിനും തയ്യാറായി ഒരു സംഘവും ഒരുമ്പെട്ടിറങ്ങിയതോടെ കാലത്തിന് മുന്നില്‍ അവരെ ചാമ്പ്യന്‍മാരാക്കുക എന്നതല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെയായി. 2025 എന്ന വര്‍ഷം ലോക ക്രിക്കറ്റിലെ, പ്രത്യേകിച്ചും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ സുവര്‍ണ വര്‍ഷമാണ്. വര്‍ഷങ്ങളായി നിലനിന്ന ഒരു അനീതി തുടച്ചുമാറ്റപ്പെട്ട വര്‍ഷം. അതിന് നേതൃത്വം നല്‍കിയത് ഒരു കറുത്ത വര്‍ഗക്കാരനാണെന്നത് ലോകത്തിനാകെ അഭിമാനകരമാണ്. ആ അഭിമാനവും ശിരസില്‍ പേറി ഇനിയും ഒട്ടേറെ കറുത്ത വര്‍ഗക്കാര്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ നിറഞ്ഞുനില്‍ക്കട്ടെ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments