Friday, February 20, 2026
Google search engine
HomeSportLegendsക്രിസ് ഗെയ്ല്‍ എന്ന യൂണിവേഴ്‌സല്‍ ബോസ്

ക്രിസ് ഗെയ്ല്‍ എന്ന യൂണിവേഴ്‌സല്‍ ബോസ്

കെ.ശ്രീജിത്ത്

ബാറ്റിംഗ് ക്രീസില്‍ ക്രിസ് ഗെയ്‌ലിനെ കാണുമ്പോള്‍ത്തന്നെ ബൗളറുടെ നട്ടെല്ലിലൂടെ ഒരു മിന്നല്‍ പായും. ബൗളര്‍ ഏത് പന്തിട്ടാലും അടിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ക്രിസ് ഗെയ്‌ലിന് ഒന്നും ഒരു വെല്ലുവിളിയല്ല. എന്തിനുമുള്ള മറുപടി ഗെയ്‌ലിന്റെ കൈവശമുണ്ട്. ഇതറിയാവുന്ന ബൗളര്‍ എങ്ങിനെയെങ്കിലും ഗെയ്‌ലൊന്ന് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെത്തിയാല്‍ മതിയെന്നാണ് പ്രാര്‍ത്ഥിക്കുക. ക്രിക്കറ്റ് ബോളിനെ ഇത്രയും വന്യമായി പ്രഹരിക്കുന്ന മറ്റൊരു ബാറ്റര്‍ ആധുനിക ക്രിക്കറ്റിലുണ്ടായിട്ടില്ലെന്നുതന്നെ പറയാം. ബൗളറെ കടന്നാക്രമിക്കുന്ന ആ ശൈലിയെ ഭയപ്പെടുന്ന ബൗളര്‍മാര്‍ ലോകക്രിക്കറ്റില്‍ കുറവായിരിക്കും.

1979 സെപ്റ്റംബര്‍ 21ന് ജമൈക്കയിലെ കിംഗ്സ്റ്റണില്‍ ജനിച്ച ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ കുട്ടിക്കാലം മുതലേ ക്രിക്കറ്റിനോട് വലിയ അഭിനിവേശം കാണിച്ചു. ചെറുപ്പത്തില്‍ നാട്ടിലെ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍ ഓടി റണ്ണെടുക്കാന്‍ ക്രിസ് ഗെയ്ല്‍ ഒട്ടും താല്പര്യം കാണിച്ചില്ല. റണ്ണിനായി ഓടുക എന്നതുപോലെ ക്രിസ് ഗെയ്‌ലിന് മടിയുള്ള മറ്റൊരു കാര്യം വേറെയുണ്ടായിരുന്നില്ല. അതുകൊണ്ട് അയാള്‍ എല്ലാ പന്തും ബൗണ്ടറി കടത്താന്‍ ശ്രമിച്ചു. അങ്ങിനെയാകുമ്പോള്‍ പിന്നെ റണ്ണിനായി ഓടേണ്ട കാര്യമില്ലല്ലോ. പെട്ടെന്ന് റണ്‍ അടിച്ചുകൂട്ടുകയും ചെയ്യാം. സ്വന്തം നാടായ ജമൈക്കയിലെ കിംഗ്സ്റ്റണിലുള്ള ടീമുകളോട് മാത്രമല്ല, സമീപ്രദേശങ്ങളിലെ ഗ്രാമങ്ങളിലുള്ള ടീമുകളുമായും ഗെയ്ല്‍ ക്രിക്കറ്റ് കളിക്കുമായിരുന്നു. ഈ ടീമുകളിലെ ബാറ്റര്‍മാരില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഗെയ്‌ലിന്റെ ബാറ്റിംഗ്. അത് വേറൊരു ലെവലായിരുന്നു. ഗെയ്‌ലിന്റെ ഈ കളി കണ്ട കിംഗ്‌സ്റ്റണിലെ ലൂക്കാസ് ക്രിക്കറ്റ് ക്ലബിന്റെ സെലക്ടര്‍മാര്‍ തങ്ങളുടെ ക്ലബിനുവേണ്ടി കളിക്കാന്‍ ഗെയ്‌ലിനെ തിരഞ്ഞെടുക്കുന്നു. അതൊരു വഴിത്തിരിവായിരുന്നു. അവിടെനിന്നാണ് ഗെയ്‌ലിന്റെ ബാറ്റിംഗില്‍ ചില മാറ്റങ്ങളുണ്ടാകുന്നത്. ക്രിക്കറ്റ് ഫീല്‍ഡില്‍ എനന്ും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ക്രിസ് ഗെയ്ല്‍ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ എപ്പോഴൊക്കെ തനിക്ക് അവസരങ്ങള്‍ ലഭിച്ചുവോ അത് ഇരുകൈയ്യും നീട്ടി അയാള്‍ സ്വീകരിച്ചു. ലൂക്കാസ് ക്ലബിന് വേണ്ടി കളിക്കുന്ന കാലത്ത് ബാറ്റിംഗിലെ തന്റെ പോരായ്മകള്‍ പരിഹരിക്കാനും തന്റെ ശക്തി എന്താണോ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഗെയ്ല്‍ ശ്രമിച്ചത്. ലൂക്കാസില്‍ നിന്ന് തനിക്ക് കിട്ടിയ അവസരങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പിന്നീടൊരിക്കല്‍ ഗെയ്ല്‍ ഇങ്ങനെ പറഞ്ഞു – ലൂക്കാസ് ഇല്ലായിരുന്നെങ്കില്‍ ഇന്ന് തന്റെ അവസ്ഥ എന്താകുമായിരുന്നുവെന്ന് പോലും പറയാനാകില്ല. ഒരുപക്ഷെ ഞാനിന്ന് തെരുവില്‍ കിടന്നേനെ.

1998ല്‍ അണ്ടര്‍ 19 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോററായ ക്രിസ് ഗെയ്ല്‍ ആ വര്‍ഷം തന്നെ ജമൈക്കയ്ക്കുവേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി. തൊട്ടടുത്ത വര്‍ഷം സെപ്റ്റംബര്‍ 11ന് ഗെയ്ല്‍ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിലും അരങ്ങേറി. ഇന്ത്യയ്‌ക്കെതിരെ കാനഡയിലെ ടൊറന്റോയില്‍ നടന്ന ഏകദിനമത്സരമായിരുന്നു അത്. അന്ന് വെറും ഒരു റണ്ണെടുത്ത ഗെയ്ല്‍ റോബിന്‍ സിംഗിന്റെ പന്തില്‍ ബൗള്‍ഡായി. 2000 മാര്‍ച്ച് 16ന് നാട്ടില്‍ വെച്ച് സിംബാബ്‌വെയ്‌ക്കെതിരെയായിരുന്നു ഗെയ്‌ലിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. മത്സരത്തിന്റെ ഒന്നാമിന്നിംഗ്‌സില്‍ മികച്ച രീതിയില്‍ തുടങ്ങിയ ഗെയ്ല്‍ വലിയൊരു ഇന്നിംഗ്‌സ് കളിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ നിര്‍ഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു. 33 റണ്ണാണ് ഗെയ്ല്‍ നേടിയത്. ചെറിയ ഇന്നിംഗ്‌സായിരുന്നു അതെങ്കിലും മനോഹരമായ ഇന്നിംഗ്‌സായിരുന്നു അത്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള സാങ്കേതിക്കത്തികവ് തനിക്കുണ്ടെന്ന് ഗെയ്ല്‍ ലോകത്തിന് കാണിച്ചുകൊടുത്തു. രണ്ടാമിന്നിംഗ്‌സില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ ഗെയ്ല്‍ പുറത്തായി. ആ ടെസ്റ്റിനുശേഷം ഗെയ്ല്‍ തുടര്‍ച്ചയായി വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ടെസ്റ്റിലും ഏകദിനത്തിലും വേണ്ടി കളിച്ചു. മിക്കപ്പോഴും നല്ല തുടക്കങ്ങള്‍ കിട്ടിയെങ്കിലും അതെല്ലാം വലിയൊരു ഇന്നിംഗ്‌സായി വികസിപ്പിക്കുന്നതില്‍ ഗെയ്ല്‍ പരാജയപ്പെട്ടു. എന്നാല്‍ 2001ലെ സിംബാബ്‌വെ പര്യടനത്തില്‍ ഗെയ്ല്‍ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ച്വറി നേടി. 175 റണ്‍സാണ് അന്ന് ഗെയ്ല്‍ നേടിയത്. തൊട്ടടുത്ത മാസം നെയ്‌റോബിയില്‍ കെനിയയ്‌ക്കെതിരെ ഏകദിനത്തില്‍ ഗെയ്ല്‍ 152 റണ്‍സ് നേടി. ഏകദിന ക്രിക്കറ്റിലെ അയാളുടെ ആദ്യ സെഞ്ച്വറിയായിരുന്നു അത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍സ് നേടാനാവുന്നില്ലെന്ന വിമര്‍ശനത്തിനുള്ള മറുപടിയുമായി.

2002ല്‍ ഗ്രെനേഡയില്‍ ന്യൂസീലന്റിനെതിരെ നടന്ന രണ്ടാം ടെസ്റ്റില്‍ ഗെയ്ല്‍ 204 റണ്‍സ് നേടി. ടെസ്റ്റിലെ ഗെയ്‌ലിന്റെ ആദ്യ ഡബിള്‍ സെഞ്ച്വറിയായിരുന്നു അത്. തുടര്‍ന്ന് ടെസ്റ്റിലും കേദിനത്തിലും വെസ്റ്റ് ഇന്‍ഡീസിന്റെ ഓപ്പണറായി ഗെയ്‌ലിന് സ്ഥാനക്കയറ്റം ലഭിച്ചു. ഇതോടെ മറ്റൊരു ഗെയ്‌ലിനെയാണ് ലോകം കണ്ടത്. ഓപ്പണറായി ഇറങ്ങി സ്‌ഫോടനാത്മക ബാറ്റിംഗിലൂടെ എതിരാളികളെ തച്ചുതകര്‍ത്ത ഗെയ്ല്‍ നിരവധി കളികളില്‍ വെസ്റ്റ് ഇന്‍ഡീസിന് വിജയം നേടിക്കൊടുത്തു. ബൗളര്‍മാരുടെ പേടിസ്വപ്‌നമായി മാറിയ ക്രിസ് ഗെയ്‌ലിന് യൂണിവേഴ്‌സല്‍ ബോസ് എന്നും ഗെയ്ല്‍ ഫോഴ്‌സ് എന്നുമൊക്കെ വിളിപ്പേര് ലഭിച്ചു. 2002ല്‍ ടെസ്റ്റില്‍ ആയിരത്തിനുമീതെ റണ്‍സ് നേടിയ ഗെയ്ല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനും ബ്രയന്‍ ലാറയ്ക്കും പിറകെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം വെസ്റ്റ്‌ ഇന്ത്യന്‍ ബാറ്ററായി. 2004ല്‍ ബ്രയന്‍ ലാറയുടെ നേതൃത്വത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഐസിസി ചാമ്പ്യന്‍ ട്രോഫിയില്‍ ജേതാക്കളായപ്പോള്‍ ക്രിസ് ഗെയ്ല്‍ ടീമിലെ നിര്‍ണായകസാന്നിദ്ധ്യമായിരുന്നു. 2005ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗെയ്ല്‍ ടെസ്റ്റിലെ തന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി നേടി. 317 റണ്‍സായിരുന്നു ഗെയ്ല്‍ നേടിയത്. 2006ല്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ക്രിസ് ഗെയ്‌ലായിരുന്നു ടൂര്‍ണമെന്റിലെ താരം. മൂന്ന് സെഞ്ച്വറിയടക്കം 474 റണ്‍സാണ് ഗെയ്ല്‍ അടിച്ചുകൂട്ടിയത്. എട്ട് വിക്കറ്റും ഗെയ്ല്‍ വീഴ്ത്തി. നിലവിലെ ചാമ്പ്യന്‍മാരായിരുന്ന വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍ക്കുകയായിരുന്നു. 2007 ലോകകപ്പില്‍ ഗെയ്‌ലിന്റേത് ദയനീയ പ്രകടനമായിരുന്നു. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 58 പന്തില്‍ നേടിയ 79 റണ്‍സ് മാത്രമായിരുന്നു ഏക ആശ്വാസം. എന്നാല്‍ 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗെയ്ല്‍ സെഞ്ച്വറി നേടി. 117 റണ്‍സായിരുന്നു ഗെയ്ല്‍ സ്‌കോര്‍ ചെയ്തത്. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി ക്രിസ് ഗെയ്ല്‍.

2009ലെ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഓപ്പണറായി ഇറങ്ങി 20 ഓവര്‍ ഇന്നിംഗ്‌സ് അവസാനിക്കുന്നതുവരെ പുറത്താകാതെനിന്നു. ഇതോടെ അന്താരാഷ്ട്ര ട്വന്റി20യില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്ററായി ഗെയ്ല്‍ മാറി. 2009ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ 70 പന്തില്‍ സെഞ്ച്വറിയടിച്ച ഗെയ്ല്‍ ടെസ്റ്റിലെ ഏറ്റവും വേഗതയേറിയ അഞ്ചാമത്തെ സെഞ്ച്വറിക്ക് ഉടമയായി. 2010 നവംബര്‍ 16ന് ശ്രീലങ്കയ്‌ക്കെതിരെ വീണ്ടും ട്രിപ്പിള്‍ സെഞ്ച്വറി നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം ബാറ്റ്‌സ്മാനായി ഗെയ്ല്‍ മാറി. 333 റണ്‍സ് നേടിയ ഗെയ്ല്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍, ബ്രയന്‍ ലാറ, വീരേന്ദര്‍ സെവാഗ് എന്നിവര്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് ഇടംപിടിച്ചത്. പിന്നീട് തന്റെ ജേഴ്‌സിയുടെ നമ്പര്‍ ഗെയ്ല്‍ 333 എന്നാക്കി മാറ്റി. ഇടവേളയ്ക്കുശേഷം 2012ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയ ക്രിസ് ഗെയ്ല്‍ ന്യൂസീലന്റിനെതിരെ സെഞ്ച്വറി നേടി. 2012 നവംബറില്‍ ധാക്കയില്‍ വെച്ച് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ തന്നെ സെഞ്ച്വറിയടിച്ച് ഗെയ്ല്‍ ലോകറെക്കോഡിട്ടു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മത്സരത്തിലെ ആദ്യ പന്ത് തന്നെ സിക്‌സറടിക്കുന്ന ആദ്യത്തെ ബാറ്ററായിരുന്നു ഗെയ്ല്‍. 2013ല്‍ സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ബാറ്റര്‍ എന്ന റെക്കോഡ് ഗെയ്ല്‍ തന്റെ പേരിലാക്കി. ബ്രയന്‍ ലാറയുടെ റെക്കോഡാണ് ഗെയ്ല്‍ മറികടന്നത്.

2015 ഏകദിന ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയതോടെ ലോകകപ്പിന്റെ ചരിത്രത്തില്‍ ആ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്ററായി ക്രിസ് ഗെയ്ല്‍. ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ ബാറ്ററായ ഗെയ്ല്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും ട്വന്റി20യില്‍ സെഞ്ച്വറിയും നേടുന്ന ലോകത്തെ ഏക ബാറ്ററായും ഗെയ്ല്‍ മാറി. മത്സരത്തില്‍ ഗെയ്‌ലും മര്‍ലോണ്‍ സാമുവല്‍സും ചേര്‍ന്ന് നേടിയ 372 റണ്‍സ് ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ടായിരുന്നു. 2019ലെ ലോകകപ്പോടെ താന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഗെയ്ല്‍ പക്ഷെ ആ വര്‍ഷം ജൂണില്‍ തീരുമാനം മാറ്റി. 2019 ലോകകപ്പ് കളിച്ചതോടെ തുടര്‍ച്ചയായി അഞ്ച് ലോകകപ്പില്‍ കളിക്കുന്ന താരമായും ക്രിസ് ഗെയ്ല്‍ മാറി. ലോകകപ്പില്‍ ആയിരം റണ്‍സെന്ന നേട്ടവും ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിക്കുന്ന താരമെന്ന നേട്ടവും ഗെയ്ല്‍ കരസ്ഥമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന ബഹുമതിയും ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വെസ്റ്റ് ഇന്‍ഡീസ് താരമെന്ന ബഹുമതിയും 2019 ലോകകപ്പിനിടെ ഗെയ്ല്‍ നേടി. ആ വര്‍ഷം തന്നെ ഇന്ത്യയ്‌ക്കെതിരെ മുന്നൂറാം ഏകദിന മത്സരത്തിനിറങ്ങിയ ഗെയ്ല്‍ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടവും കരസ്ഥമാക്കി. ബ്രയന്‍ ലാറയുടെ റെക്കോഡ് ആണ് ഗെയ്ല്‍ മറികടന്നത്. അധികം വൈകാതെ തന്നെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വെസ്റ്റ് ഇന്‍ഡീസ് താരമെന്ന റെക്കോഡും ഗെയ്ല്‍ സ്വന്തമാക്കി. ഇത്തവണയും മറികടന്നത് ബ്രയന്‍ ലാറയെത്തന്നെ. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2021 ഫെബ്രുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിലേയ്ക്ക് ഗെയ്‌ലിനെ തിരിച്ചുവിളിച്ചു. ആ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിലും ക്രിസ് ഗെയ്ല്‍ ഇടംപിടിച്ചു. 2021 നവംബര്‍ ആറിന് ക്രിസ് ഗെയ്ല്‍ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 മത്സരമായിരുന്നു അത്.

2007 മുതല്‍ 2010 വരെ വെസ്റ്റ് ഇന്‍ഡീസിന്റെ ക്യാപ്റ്റനായിരുന്ന ക്രിസ് ഗെയ്ല്‍ 20 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും 17 ട്വന്റി20 മത്സരങ്ങളിലും ടീമിനെ നയിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ വലിയ വിജയമായിരുന്നില്ല ഗെയ്ല്‍. 103 ടെസ്റ്റുകളില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജേഴ്‌സിയണിഞ്ഞ ഗെയ്ല്‍ 42.18 ശരാശരിയില്‍ 7214 റണ്‍സ് നേടി. 15 സെഞ്ച്വറികളും 37 അര്‍ദ്ധസെഞ്ച്വറികളും. 301 ഏകദിനങ്ങളില്‍ നിന്ന് 37.83 ശരാശരിയില്‍ 10,480 റണ്‍സാണ് ഗെയ്ല്‍ അടിച്ചുകൂട്ടിയത്. 25 സെഞ്ച്വറിയും 54 അര്‍ദ്ധസെഞ്ച്വറിയും നേടി. 79 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 27.92 ശരാശരിയില്‍ 1899 റണ്‍സ് നേടി. രണ്ട് സെഞ്ച്വറിയും 14 അര്‍ദ്ധസെഞ്ച്വറിയും. ടീമിന് പലപ്പോഴും ഏറെ ഗുണം ചെയ്ത ഓഫ് സ്പിന്നര്‍ കൂടിയായിരുന്നു ക്രിസ് ഗെയ്ല്‍. ടെസ്റ്റില്‍ 73ഉം ഏകദിനത്തില്‍ 167ഉം ട്വന്റി20യില്‍ ഇരുപതും വിക്കറ്റ് നേടിയിട്ടുണ്ട് ഗെയ്ല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൊത്തം 260 വിക്കറ്റ്. ടെസ്റ്റില്‍ ഒരിന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടമെന്നത് രണ്ട് തവണയും ഏകദിനത്തില്‍ ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടമെന്നത് ഒരു തവണയും ഗെയ്ല്‍ കരസ്ഥമാക്കി. ലോകമെങ്ങുമുള്ള ട്വന്റി20 ലീഗുകളില്‍ വര്‍ഷങ്ങളോളം സ്ഥിരസാന്നിദ്ധ്യമായിരുന്നു ക്രിസ് ഗെയ്ല്‍. ഐ പി എല്ലില്‍ ഏറെ ജനപ്രീതി നേടിയ താരമാണ് ക്രിസ് ഗെയ്ല്‍. പ്രത്യേകിച്ചും റോയ്ല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഗെയ്‌ലിന്റെ മിന്നുംപ്രകടനങ്ങള്‍ ഓര്‍ക്കാത്ത ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ചുരുക്കമായിരിക്കും. ഗെയ്‌ലിനെപ്പോലെ ഇന്ത്യയില്‍ ഇത്രമാത്രം ക്രിക്കറ്റ് ആരാധാകരുള്ള വിദേശ കളിക്കാര്‍ വളരെക്കുറവായിരിക്കും. ഐ പി എല്ലില്‍ ഒരൊറ്റ മത്സരത്തില്‍ 175 റണ്‍സ് നേടിയ താരമാണ് ഗെയ്ല്‍. അതും വെറും 66 പന്തില്‍. 2013ല്‍ പൂണെ വാരിയേഴ്‌സിനെതിരായ മത്സരത്തിലായിരുന്നു ഇത്. ഒരുഘട്ടത്തില്‍ സെഞ്ച്വറികള്‍ മിന്നുവേഗത്തിലാണ് ഗെയ്ല്‍ ഐ പി എല്ലില്‍ അടിച്ചുകൂട്ടിയത്. ഐ പി എല്ലില്‍ ബൗളര്‍മാര്‍ ഏറ്റവും കൂടുതല്‍ ഭയന്നിരുന്ന ബാറ്റര്‍ ക്രിസ് ഗെയ്ല്‍ ആയിരുന്നു. ഐ പി എല്ലില്‍ 142 മത്സരങ്ങളില്‍ നിന്നായി 4965 റണ്‍സാണ് ഗെയ്ല്‍ നേടിയത്. 39.72 ആണ് ശരാശരി. 148.96 ആണ് സ്‌ട്രൈക്ക് റേറ്റ്. ആറ് സെഞ്ച്വറികളും 31 അര്‍ദ്ധ സെഞ്ച്വറികളുമാണ് നേടിയത്. 357 സിക്‌സറുകളും 405 ഫോറുകളുമാണ് ഗെയ്ല്‍ ഐ പി എല്ലില്‍ അടിച്ചുകൂട്ടിയത്.

നീണ്ട 22 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ വെസ്റ്റ് ഇന്‍ഡീസിനൊപ്പം ഒട്ടേറെ നേട്ടങ്ങള്‍ ക്രിസ് ഗെയ്ല്‍ സ്വന്തമാക്കി. 2004ലെ ചാംപ്യന്‍സ് ട്രോഫിയിലും 2012, 2016 ട്വന്റി20 ലോകകപ്പിലും വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍മാരായപ്പോള്‍ ടീമിലെ നിര്‍ണായകസാന്നിദ്ധ്യമായിരുന്നു ക്രിസ് ഗെയ്ല്‍. ട്വന്റി20 ക്രിക്കറ്റിലെ എക്കാലെത്തുയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായാണ് ക്രിസ് ഗെയ്ല്‍ കണക്കാക്കപ്പെടുന്നത്. ക്രിക്കറ്റിലെ ഈ ഏറ്റവും പുതിയ ഫോര്‍മാറ്റിനെ ഇത്രമാത്രം സ്വാധീനിച്ച മറ്റൊരു ബാറ്ററില്ല. കൈയും കണ്ണും തമ്മിലുള്ള പൊരുത്തമാണ് ഗെയ്‌ലിനെ അത്യന്തം അപകടകാരിയായ ബാറ്ററാക്കുന്നത്. ഈ കഴിവ് കാരണമാണ് ഗുഡ് ലെങ്ത്ത് പന്തുകളെ പോലും ബൗണ്ടറിയിലേയ്ക്ക് പായിക്കാന്‍ ഗെയ്‌ലിന് കഴിഞ്ഞത്. സാങ്കേതികത്തികവിലെ പൂര്‍ണതയോ ഫുട്‌വര്‍ക്കോ ഒന്നും ഗെയ്‌ലിനുണ്ടായിരുന്നില്ല. എന്നാല്‍ ഈ പോരായ്മകളെ മറികടക്കാന്‍ പാകത്തിലുള്ള മറ്റ് കഴിവുകള്‍ ബാറ്ററെന്ന നിലയില്‍ ക്രിസ് ഗെയ്‌ലിനുണ്ടായിരുന്നു.

ഗെയ്‌ലിന്റെ ബാറ്റിംഗ് ശൈലി പരിമിത ഓവര്‍ ക്രിക്കറ്റിനായിരുന്നു കൂടുതല്‍ യോജിക്കുന്നതെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലും ഒട്ടും പിറകിലായിരുന്നില്ല അയാള്‍. അതിവേഗതയില്‍ മാത്രമല്ല, വേണ്ടപ്പോള്‍ ക്ഷമാപൂര്‍വം കളിക്കാനും ക്രിസ് ഗെയ്‌ലിനറിയാമായിരുന്നു. 2009ല്‍ അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഏഴര മണിക്കൂര്‍ ബാറ്റ് ചെയ്താണ് ഗെയ്ല്‍ ടീമിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. അന്ന് ഗെയ്ല്‍ 165 റണ്‍സെടുത്തു. എന്നാല്‍ തൊട്ടടുത്ത ടെസ്റ്റില്‍ വെറും 70 പന്തിലാണ് ഗെയ്ല്‍ സെഞ്ച്വറി നേടിയത്. 2010ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഗോളില്‍ പത്ത് മണിക്കൂര്‍ ബാറ്റ് ചെയ്താണ് ഗെയ്ല്‍ 333 റണ്‍സ് നേടിയത്. അതും മുത്തയ്യ മുരളീധരന്റെ സ്പിന്‍ വെല്ലുവിളി നേരിട്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ വെറും നാലേ നാല് ബാറ്റര്‍മാരെ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ളൂ. അതിലൊരാള്‍ ക്രിസ് ഗെയ്‌ലാണെന്നതുതന്നെ ടെസ്റ്റ് ക്രിക്കറ്റിലും അയാള്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നതിന് തെളിവാണ്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായവ്യത്യാസം കാരണം വിലപ്പെട്ട ചില വര്‍ഷങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഗെയ്‌ലിന് നഷ്ടമായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അത് ഗെയ്‌ലിന്റെ നഷ്ടത്തെക്കാള്‍ വെസ്റ്റ ഇന്‍ഡീസ് ടീമിന്റെ നഷ്ടമായിരുന്നു.

രണ്ട് ദശകത്തിലധികം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ജ്വലിച്ചുനില്‍ക്കുക എന്നത് ഒരു ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്‌കരമായ ഒന്നാണ്. എന്നാല്‍ ക്രിസ് ഗെയ്ല്‍ അതിനൊരപവാദമാണ്. അതുകൊണ്ടുതന്നെയാണ് ആധുനിക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്ററായി ക്രിസ് ഗെയ്ല്‍ കണക്കാക്കപ്പെടുന്നത്. യൂണിവേഴ്‌സ് ബോസിനെ ലോകത്തെ, പ്രത്യേകിച്ച് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ എക്കാലവും ഓര്‍ത്തിരിക്കുമെന്നതില്‍ സംശയമില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments