കെ.ശ്രീജിത്ത്
ഫുട്‌ബോളിലെ പരമ്പരാഗത ശക്തികളായ ഇംഗ്ലണ്ടിനുവേണ്ടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ കളിക്കാന്‍ യോഗ്യതയുണ്ടായിട്ടും ലോക ഫുട്‌ബോളില്‍ അപ്രസക്തരായ നോര്‍വെയ്ക്കുവേണ്ടി കളിക്കാന്‍ മാത്രമാണ് ഏര്‍ളിംഗ് ബ്രൗട്ട് ഹാളണ്ട് ആഗ്രഹിച്ചത്. അതിന് ഒരൊറ്റ കാരണമേയുള്ളൂ. ജനിച്ചത് ഇംഗ്ലണ്ടിലെ ലീഡ്‌സിലാണെങ്കിലും മൂന്ന് വയസ് മുതല്‍ വളര്‍ന്നത് നോര്‍വെയിലാണ് എന്നത് മാത്രം. അതാണ് ഹാളണ്ട്. ഇംഗ്ലണ്ടിന്റെ ജേഴ്‌സിയണിഞ്ഞ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാമെന്ന എളുപ്പവഴി ഒഴിവാക്കി ലോകഫുട്‌ബോളിലെ താരതമ്യേന ദുര്‍ബലരായ നോര്‍വെയ്ക്കുവേണ്ടി വല്ലപ്പോഴും മാത്രം അവസരം കിട്ടുമ്പോള്‍ ബൂട്ടണിയുന്നതില്‍ ഹരം കണ്ടെത്തുന്ന ഇരുപത്തിനാലുകാരന്‍. ഹാളണ്ടിന്റെ ആ തീരുമാനം അയാളുടെ വ്യക്തിത്വത്തെയും അടയാളപ്പെടുത്തുന്നുണ്ട്.

ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയറിന്റെ ഭാഗമായ ലീഡ്‌സില്‍ 2000 ജൂലായ് 21നാണ് ഏര്‍ളിംഗ് ബ്രൗട്ട് ഹാളണ്ട് ജനിക്കുന്നത്. അച്ഛന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്‌സ് യുണൈറ്റഡിന്റെ താരമായിരുന്നു. പിന്നീട് 2004ല്‍ തന്റെ മൂന്നാമത്തെ വയസില്‍ മാതാപിതാക്കളുടെ നാടായ നോര്‍വെയിലെ ബ്രൈനിലേയ്ക്ക് മാറുന്നു. ചെറുപ്പത്തില്‍ ഫുട്‌ബോളിനൊപ്പം ഹാന്‍ഡ് ബോള്‍, ഗോള്‍ഫ്, ട്രാക്ക് ആന്റ് ഫീല്‍ഡ് കായിക ഇനങ്ങളിലും ഹാളണ്ട് പങ്കെടുത്തു. അഞ്ചാമത്തെ വയസില്‍ അയാളുടെ വയസിനുള്ളിലുള്ളവരുടെ സ്റ്റാന്‍ഡിംഗ് ലോംഗ് ജംപില്‍ ലോകറെക്കോഡിട്ടു. 2006ലായിരുന്നു അത്. അന്ന് 1.63 മീറ്റര്‍ ചാടിയാണ് ഹാളണ്ട് റെക്കോഡ് സ്ഥാപിച്ചത്. അഞ്ചാമത്തെ വയസില്‍ സ്വന്തം നാടായ ബ്രയ്‌നിലെ അക്കാദമിയില്‍ ചേര്‍ന്ന് ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ച ഹാളണ്ട് 2015, 2016 സീസണുകളില്‍ ബ്രയ്‌നിന്റെ റിസര്‍വ് ടീമിനുവേണ്ടി നോര്‍വീജിയന്‍ ഫോര്‍ത്ത് ടയറില്‍ കളിച്ച ഹാളണ്ട് 14 കളിയില്‍ 18 ഗോളടിച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്ത സീസണ്‍ മുതല്‍ ബ്രയ്‌നിന്റെ റിസര്‍വ് ടീമില്‍ പതിവായി കളിച്ച ഹാളണ്ട് കരിയറിലെ ആദ്യ ഹാട്രിക്കും നേടി. തുടക്കത്തില്‍ വിങ്ങറായി കളിച്ച ഹാളണ്ട് പിന്നീട് തനിക്കേറ്റവും ഇഷ്ടമുള്ള സെന്റര്‍ ഫോര്‍വേഡ് സ്ഥാനത്തേയ്ക്ക് മാറി. 2017 ഫെബ്രുവരി ഒന്നിന് നോര്‍വെയിലെ പ്രമുഖ ക്ലബായ മോള്‍ഡെയുമായി പതിനാറുകാരനായ ഏര്‍ളിംഗ് ഹാളണ്ട് കരാറൊപ്പിട്ടു. ക്ലബിനുവേണ്ടി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളടിച്ച ഹാളണ്ട്, ആദ്യ സീസണില്‍ 20 കളികളില്‍ നാല് ഗോളാണ് അടിച്ചത്. അടുത്ത സീസണില്‍ നോര്‍വെയിലെ ഉയര്‍ന്ന ലീഗായ എലൈറ്റ്‌സെറീനിലെ മികച്ച പ്രകടനത്തിന് എലൈറ്റ്‌സെറീന്‍ ബ്രെയ്ക്ക്ത്രൂ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഹാളണ്ട് നേടി. സീസണില്‍ 30 കളിയില്‍ 16 ഗോളടിച്ച ഹാളണ്ട് മോള്‍ഡെയുടെ ടോപ് സ്‌കോററായി.Your Attractive Heading

ഓസ്ട്രിയന്‍ ബുണ്ടെസ്‌ലിഗ ചാമ്പ്യന്‍മാരായ റെഡ് ബുള്‍ സാല്‍സ്ബര്‍ഗ് 2019 മുതല്‍ ഹാളണ്ട് ക്ലബിനുവേണ്ടി കൡുമെന്ന് 2018 ഓഗസ്റ്റ് 19ന് പ്രഖ്യാപിച്ചു. റെഡ് ബുള്ളുമായി അഞ്ച് വര്‍ഷത്തെ കരാറിലാണ് ഹാളണ്ട് ഏര്‍പ്പെട്ടത്. അതേസമയം ഹാളണ്ടിന്റെ അച്ഛന്‍ കളിച്ചിരുന്ന ലീഡ്‌സ് ക്ലബും ഹാളണ്ടിന് ഓഫര്‍ നല്‍കിയെങ്കിലും ഹാളണ്ട് അത് നിരസിക്കുകയായിരുന്നു. റെഡ് ബുള്‍ സാല്‍സ്ബര്‍ഗിനുവേണ്ടി മിന്നിത്തിളങ്ങിയ ഹാളണ്ട് ആ വര്‍ഷം യുവേഫ ചാമ്പ്യന്‍സി ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ ജെങ്കിനെതിരെ ആദ്യ പകുതിയില്‍ ഹ്രാട്രിക്ക് നേടി. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഹ്രാട്രിക്ക് നേടുന്ന ആദ്യ താരമായി ഹാളണ്ട് മാറി. അടുത്ത നാല് മത്സരങ്ങളിലും ഗോളടിച്ച ഹാളണ്ട് ചാമ്പ്യന്‍സ് ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങളിലും ഗോളടിക്കുന്ന കൗമാരക്കാരനായി. ഈ നേട്ടം കൈവരിക്കുന്ന ഏത് പ്രായത്തിലുള്ള കളിക്കാര്‍ക്കിടയിലെ നാലാമനുമായി. വോള്‍ഫ്‌സ്‌ബെര്‍ഗിനെതിരെ ഹാട്രിക്ക് നേടിയ ഹാളണ്ട് ആ സീസണില്‍ നേടുന്ന അഞ്ചാമത്തെ ഹാട്രിക്ക് ആയിരുന്നു അത്.

തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും യുവന്റസും ഹാളണ്ടിന് പിറകെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ബുണ്ടസ് ലിഗയിലെ പ്രമുഖ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഹാളണ്ടുമായി നാലര വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചതായി 2019 ഡിസംബര്‍ 29ന് പ്രഖ്യാപനം വന്നു. 20 മില്യണ്‍ യൂറോയുടെ അടുത്താണ് ഹാളണ്ടിന്റെ പ്രതിഫലത്തുകയെന്നായിരുന്നു വിവരം. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനുവേണ്ടി ആദ്യ കളിയില്‍ത്തന്നെ ഹാളണ്ട് ഹാട്രിക്ക് നേടി. അതും വെറും 23 മിനിറ്റഇനുള്ളില്‍. രണ്ടാം പകുതിയില്‍ പകരക്കാരനായാണ് ഹാളണ്ട് ആ മത്സരത്തില്‍ കൡാനിറങ്ങിയത്. രണ്ടാമത്തെ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ ഹാളണ്ട് ആ മാസത്തെ ബുണ്ടസ് ലിഗ പ്ലേയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം നേടി. ക്ലബിനുവേണ്ടിയുള്ള മൂന്നാമത്തെ മത്സരത്തില്‍ ഹാളണ്ട് വീണ്ടും ഇരട്ട ഗോള്‍ നേടി. ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യപാദ മത്സരത്തില്‍ പാരിസ് സെയ്ന്റ് ജര്‍മനെതിരെ ഇരട്ട ഗോള്‍ നേടി ഡോര്‍ട്ട്മുണ്ടിനെ ഏതാണ്ട് ഒറ്റയ്ക്കുതന്നെ ഹാളണ്ട് ജയിപ്പിച്ചു. 2-1നായിരുന്നു ഡോര്‍ട്ട്മുണ്ടിന്റെ ജയം. എന്നാല്‍ രണ്ടാംപാദ മത്സരത്തില്‍ പിഎസ്ജി എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചതോടെ ഡോര്‍ട്ട്മുണ്ട് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. 2019-20 സീസണില്‍ സാല്‍സ്ബര്‍ഗിനും ഡോര്‍ട്ട്മുണ്ടിനുമായി 40 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

2020ലും ഹാളണ്ട് മികച്ച ഫോമിലായിരുന്നു. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നാല് ഗോള്‍ നേടിയ ഹാളണ്ട് നാലാമത്തെ മത്സരത്തില്‍ 32 മിനിറ്റിനിടെ നാല് ഗോള്‍ നേടി സകലരെയും ഞെട്ടിച്ചു. ഹെര്‍ത്ത് ബി എസ് സിക്കെതിരെ ഡോര്‍ട്ട്മുണ്ട് 5-2ന് ജയിച്ച കളിയിലായിരുന്നു ഹാളണ്ടിന്റെ ഈ മാസ്മരിക പ്രകടനം. ആ സീസണിലെ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ നാല് മത്സരങ്ങളില്‍ ഹാളണ്ട് നേടിയത് ആറ് ഗോളുകളാണ്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 15 ഗോള്‍ നേടിയ താരമായി ഹാളണ്ട് മാറി. 12 മത്സരങ്ങളില്‍ നിന്നാണ് അയാള്‍ ഈ നേട്ടം കൈവരിച്ചത്. എന്നാല്‍ തുടര്‍ന്നുണ്ടായ പരിക്ക് ഹാളണ്ടിനെ കുറച്ചുകാലത്തേയ്ക്ക് കളത്തില്‍ നിന്ന് മാറ്റിനിര്‍ത്തി. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ഹാളണ്ട് വീണ്ടും ഗോളുകള്‍ അടിച്ചുകൂട്ടി. ആ തേരോട്ടത്തില്‍ പ്രൊഫഷണല്‍ ഫുട്‌ബോളിലെ സീനിയര്‍ ലെവലില്‍ 100 ഗോള്‍ തികയ്ക്കുക എന്ന നേട്ടവും ഹാളണ്ട് പൂര്‍ത്തിയാക്കി. 146 മത്സരങ്ങളില്‍ നിന്നാണ് ഹാളണ്ട് ഈ നേട്ടം കൈവരിച്ചത്. ഇതിനിടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും വേഗത്തില്‍ 20 ഗോള്‍ തികയ്ക്കുന്ന താരമായി ഹാളണ്ട്. 14 മത്സരങ്ങളില്‍ നിന്നായിരുന്നു ഇത്. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും ഹാളണ്ട് ആണ്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ ഒന്നിലധികം തവണ ഗോള്‍ നേടുന്ന ആദ്യത്തെ താരമായും ഹാളണ്ട് മാറി. തുടര്‍ന്ന് ഡോര്‍ട്ട്മുണ്ടിനൊപ്പം ആദ്യ കിരീടം നേടിയ ഹാളണ്ട് ഫൈനലില്‍ ലെയ്പ്‌സിഗിനെതിരെ ഇരട്ട ഗോള്‍ നേടി. മത്സരം 4-1നാണ് ഡോര്‍ട്ട്മുണ്ട് ജയിച്ചത്. ബുണ്ടസ്‌ലിഗയില്‍ ആ സീസണില്‍ 27 ഗോള്‍ നേടിയ ഹാളണ്ട് ബുണ്ടസ്‌ലിഗ പ്ലേയര്‍ ഓഫ് ദ സീസണ്‍ അവാര്‍ഡ് നേടി. ചാമ്പ്യന്‍സ് ലീഗില്‍ 10 ഗോള്‍ നേടിയ ഹാളണ്ട് ടോപ് സ്‌കോററായാണ് സീസണ്‍ അവസാനിപ്പിച്ചത്. ലീഗിലെ മികച്ച ഫോര്‍വേഡായി ഹാളണ്ടിനെ തിരഞ്ഞെടുത്തു.

2021-22 സീസണില്‍ ഹാട്രിക്കോടെയാണ് ഹാളണ്ട് തുടങ്ങിയത്. അടുത്ത മത്സരത്തില്‍ ഇരട്ട ഗോളും നേടി. എന്നാല്‍ അധികം വൈകാതെ പരിക്കേറ്റ ഹാളണ്ട് ഒരു മാസത്തോളം വിശ്രമത്തിലായിരുന്നു. തിരിച്ചെത്തി ആദ്യ മത്സരത്തില്‍ തന്നെ ഇരട്ട ഗോള്‍ നേടിയെങ്കിലും വീണ്ടും പരിക്കേറ്റു. ഇത്തവണ രണ്ട് മാസത്തേയ്ക്കാണ് ഹാളണ്ടിന് കളത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നത്. പരിക്ക് മാറി തിരിച്ചെത്തിയ ഹാളണ്ട് ബുണ്ടസ്‌ലിഗയിലെ തന്റെ അമ്പതാമത്തെ ഗോള്‍ നേടി. ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന താരമായ ഹാളണ്ട്, ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി. 2022 മെയ് പത്തിന് ഹാളണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലേയ്ക്ക് പോകുന്നതായി ഡോര്‍ട്ട്മുണ്ട് അറിയിച്ചു. അതേദിവസം തന്നെ ഹാളണ്ടുമായി കരാറിലെത്തിയതായി മാഞ്ചസ്റ്റര്‍ സിറ്റിയും അറിയിച്ചു. 60 മില്യണ്‍ യൂറോയായിരുന്നു പ്രതിഫലത്തുക. അഞ്ച് വര്‍ഷത്തേയ്ക്കായിരുന്നു കരാര്‍. എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ലിവര്‍പൂളിനെതിരായ മത്സരത്തിലായിരുന്നു ഹാളണ്ടിന്റെ മാഞ്ചസ്റ്റര്‍ സിറ്റിക്കായുള്ള അരങ്ങേറ്റം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ വെസ്റ്റ് ഹൗ യുണൈറ്റഡിനെതിരെ ഹാളണ്ട് ഇരട്ട ഗോള്‍ നേടി. ഇരുപത് ദിവസത്തിനുശേഷം ക്രിസ്റ്റല്‍ പാലസിനെതിരെ ഹാളണ്ട് പ്രീമിയര്‍ ലീഗിലെ തന്റെ ആദ്യ ഹാട്രിക്ക് നേടി. നാല് ദിവസത്തിനുശേഷം നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ അടുത്ത ഹാട്രിക്ക്. ഇതോടെ ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ രമ്ട് ഹാട്രിക്ക് നേടിയ താരമായി മാറി ഹാളണ്ട്. മുമ്പുണ്ടായിരുന്ന റെക്കോഡിനെക്കാള്‍ 14 മത്സരത്തിന്റെ വ്യത്യാസത്തിലാണ് ഹാളണ്ട് റെക്കോഡ് സ്വന്തമാക്കിയത്. ലീഗിലെ തന്റെ ആദ്യ മാസത്തില്‍ തന്നെ പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദ മന്തും ഹാളണ്ട് കീശയിലാക്കി. ആ വര്‍ഷം സപ്തംബര്‍ ആറിന് സിറ്റിക്കുവേണ്ടി തന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങിയ ഹാളണ്ട് ഇരട്ട ഗോള്‍ നേടി. സെവിയ്യയായിരുന്നു എതിരാളികള്‍. ഇതോടെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ 20 മത്സരങ്ങളില്‍ നിന്ന് 25 ഗോള്‍ നേടുന്ന ആദ്യ താരമായി ഹാളണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ മുൂന്ന് വ്യത്യസ്ത ക്ലബുകള്‍ക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ ഒന്നില്‍ കൂടുതല്‍ ഗോള്‍ നേടി ആദ്യ താരമെന്ന റെക്കോഡും ഹാളണ്ടിന്റെ പേരിലായി. ഒരാഴ്ചയ്ക്കുശേഷം തന്റെ മുന്‍ക്ലബായ ബൊറീസിയ ഡോര്‍ട്ട്മുണ്ടിനെതിരെ ഹാളണ്ട് അക്രോബാറ്റിക്ക് ഗോള്‍ പിന്നീട് ചാമ്പ്യന്‍സ് ലീഗിലെ ആ സീസണിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ഡെര്‍ബിയില്‍ ഹാട്രിക്ക് നേടിയതോടെ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായ മൂന്ന് ഹോം മത്സരങ്ങളില്‍ ഹാട്രിക്ക് നേടുന്ന ആദ്യ താരമായി ഹാളണ്ട്. 6-3ന് സിറ്റി ജയിച്ച മത്സരത്തില്‍ ഹാളണ്ടിന്റെ വക രണ്ട് അസിസ്റ്റുകള്‍ കൂടിയുണ്ടായിരുന്നു. പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ മൂന്ന് ഹാട്രിക്ക് നേടുന്ന താരമായ ഹാളണ്ട് വെറും എട്ട് മത്സരങ്ങളില്‍ നിന്നാണ് നേട്ടം കൈവരിച്ചത്. അലന്‍ ഷിയറര്‍ പത്ത് കൡളില്‍ നിന്നും
മൈക്കല്‍ ഓവന്‍ 48 കൡകളില്‍ നിന്നുമായിരുന്നു നേരത്തെ ഈ നേട്ടം കൈവരിച്ചിരുന്നത്. ലീഡ്‌സ് യുണൈറ്റഡിനെതിരെ ഇരട്ട ഗോള്‍ നേടിയതോടെ പ്രീമിയര്‍ ലീഗില്‍ റ്റേവും വേഗത്തില്‍ 20 ഗോള്‍ നേടുന്ന താരമായും ഹാളണ്ട് മാറി. വെറും 14 മത്സരങ്ങളില്‍ നിന്നായിരുന്നു ഇത്. തുടര്‍ന്ന് ലീഗില്‍ സീസണിലെ തന്റെ നാലാമത്തെ ഹാട്രിക്കും നേടിയ ഹാളണ്ട് പ്രീമിയര്‍ ലീഗില്‍ 25 ഗോളെന്ന നേട്ടവും പൂര്‍ത്തിയാക്കി. 19 മത്സരങ്ങളില്‍ നിന്നായിരുന്നു ഇത്. 2023 മാര്‍ച്ച് 14ന് ആര്‍.ബി ലെയ്പ്‌സിഗിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി 7-0ത്തിന്റെ കൂറ്റന്‍ ജയം നേടിയപ്പോള്‍ അതില്‍ അഞ്ച് ഗോളുമടിച്ചത് ഹാളണ്ടായിരുന്നു. ഇതോടെ ചാമ്പ്യന്‍സ് ലീഗിലെ ഒരൊറ്റ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ലിയണല്‍ മെസ്സിയുടെയും ലൂയിസ് അഡ്രിയാനോയുടെയും റെക്കോഡിനൊപ്പമെത്തി. എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലെ ഒരു മത്സത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ അഞ്ച് ഗോളടിച്ചതിനുള്ള റെക്കോഡ് ഹാളണ്ട് തന്റെ പേരിലാക്കി.

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി ഒരൊറ്റ സീസണില്‍ എല്ലാ ടൂര്‍ണമെന്റുകളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും ഹാളണ്ട് തകര്‍ത്തു. 1928-29 സീസണില്‍ ടോമി ജോണ്‍സണ്‍ 38 ഗോള്‍ നേടി സൃഷ്ടിച്ച റെക്കോഡാണ് ഹാളണ്ട് മറികടന്നത്. നാല് ദിവസത്തിന് ശേഷം എഫ് എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബേണ്‍ലിക്കെതിരെ സീസണിലെ തന്റെ ആറാമത്തെ ഹാട്രിക്ക് നേടിയ ഹാളണ്ട് അധികം വൈകാതെ തന്നെ സീസണില്‍ ഒരു പ്രീമിയര്‍ ലീഗ് കളിക്കാരന്‍ എല്ലാ ടൂര്‍ണമെന്റുകളിലുമായി 45 ഗോള്‍ നേടുന്നുവെന്ന റെക്കോഡും കരസ്ഥമാക്കി. റൂഡ് വാന്‍ നിസ്റ്റല്‍റൂയിയും മുഹമ്മദ് സാലയും നേടിയ 44 ഗോളെന്ന റെക്കോഡാണ് പഴങ്കഥയായത്. അധികം വൈകാതെ ലീഗില്‍ ഒരൊറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബഹുമതിയും ഹാളണ്ട് സ്വന്തം പേരിലാക്കി. 35 ഗോള്‍ നേടിയ ഹാളണ്ട് അലന്‍ ഷിയററുടെയും ആന്‍ഡി കോളിന്റെയും പേരിലുണ്ടായിരുന്ന സംയുക്ത റെക്കോഡാണ് തകര്‍ത്തത്. ആ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് കിരീടം നേടിയതിന് പിന്നിലെ പ്രധാന കാരണം ഹാളണ്ടിന്റെ മിന്നുംപ്രകടനമായിരുന്നു. ലീഗിലെ ടോപ് സ്‌കോററായ ഹാളണ്ടിനായിരുന്നു ഗോള്‍ഡന്‍ ബൂട്ട്. യൂറോപ്പിലെ പ്രാദേശിക മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവും ഹാളണ്ടിനുതന്നെയായിരുന്നു. പ്രീമിയര്‍ ലീഗില്‍ സീസണില്‍ 36 കളികളില്‍ നിന്ന് 35 ഗോള്‍ നേടിയ ഹാളണ്ട് ലീഗില്‍ ഒരൊറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡും സ്വന്തമാക്കി. സീസണില്‍ എഫ് എ കപ്പും ചാമ്പ്യന്‍സ് ലീഗും നേടിയത് മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു. 12 ഗോളോടെ ചാമ്പ്യന്‍സ് ലീഗില്‍ ടോപ് സ്‌കോററായ ഹാളണ്ട് 23 വയസ് തികയുന്നതിന് മുമ്പ് രണ്ട് സീസണുകളില്‍ ആ നേട്ടം കൈവരിക്കുന്ന താരമെന്ന ലിയണല്‍ മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി. ആ വര്‍ഷത്തെ യുവേഫ മെന്‍സ് പ്ലേയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഹാളണ്ട് നേടി. മെസ്സിയെയും കെവിന്‍ ഡിബ്രുയ്‌നെയും പിന്തള്ളിയായിരുന്നു ഇത്.

2023-24ല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ഹാളണ്ട് യുവേഫ സൂപ്പര്‍ കപ്പ് നേടി. സീസണിലെ ആദ്യത്തെ മൂന്ന് ഗോളോടെ യൂറോപ്പിലെ ഉയര്‍ന്ന അഞ്ച് ലീഗുകളില്‍ നിന്നായി വേഗത്തില്‍ 100 ഗോള്‍ നേടുന്ന താരമായി ഹാളണ്ട്. 103 മത്സരങ്ങളില്‍ നിന്നായിരുന്നു ഇത്. 2023ലെ ബാലന്‍ദ്യോര്‍ പുരസ്‌കാര ചടങ്ങില്‍ വെച്ച് ഹാളണ്ടിന് ഗേഡ് മുള്ളര്‍ ട്രോഫി സമ്മാനിച്ചു. ഒരൊറ്റ സീസണില്‍ രാജ്യത്തിനും ക്ലബിനുമായി ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരത്തിന് നല്‍കുന്ന പുരസ്‌കാരമാണത്. അധികം വൈകാതെ പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ 50 ഗോള്‍ നേടുന്ന താരവും ഹാളണ്ടായി. വെറും 48 മത്സരങ്ങളില്‍ നിന്നായിരുന്നു ഇത്. തുടര്‍ന്ന് പരിക്കേറ്റതോടെ രണ്ട് മാസത്തോളം ഹാളണ്ട് കളത്തിന് പുറത്തായി. പരിക്ക് മാറി തിരിച്ചെത്തി ബ്രെന്റ്‌ഫോര്‍ഡിനെതിരെ ഗോള്‍ നേടിയതോടെ പ്രീമിയര്‍ ലീഗിലെ എല്ലാ ടീമിനെതിരെയും ഗോള്‍ നേടിയ താരമെന്ന ഹാരി കെയ്‌നിന്റെ റെക്കോഡിനൊപ്പമെത്തി. എഫ് എ കപ്പില്‍ ലൂട്ടണ്‍ ടൗണിനെതിരായ മത്സരത്തില്‍ അഞ്ച് ഗോളടിച്ച ഹാളണ്ട് ഒരൊറ്റ മത്സരത്തില്‍ അഞ്ച് ഗോളെന്ന നേട്ടം ക്ലബിനുവേണ്ടി രണ്ട് തവണ നേടുന്ന ആദ്യ താരമായി. എഫ് എ കപ്പില്‍ 1970ല്‍ ജോര്‍ജ് ബെസ്റ്റ് ഒരു മത്സരത്തില്‍ ്ഞ്ച് ഗോള്‍ നേടിയതിന് ശേഷം ആ നേട്ടത്തിന് ഉടമയാകുന്ന ആദ്യ താരമായിരുന്നു ഹാളണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തിയപ്പോള്‍ ഹാളണ്ട് തുടര്‍ച്ചയായി രണ്ടാം സീസണിലും ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടി. 31 മത്സരത്തില്‍ നിന്ന് 27 ഗോളായിരുന്നു ഹാളണ്ടിന്റെ സമ്പാദ്യം. 2024ല്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് ഹാട്രിക്ക് കൂടി നേടിയതോടെ ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്ക് നേടിയ താരമെന്ന ഹാരി കെയ്‌നിന്റെ റെക്കോഡിനൊപ്പം ഹാളണ്ടുമെത്തി. ലീഗിലെ ആദ്യ മൂന്ന് കളികളില്‍ നിന്ന് ഏഴ് ഗോള്‍ നേടിയതോടെ ഇത്രയും കളികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും ലീഗിലെ ആദ്യ മൂന്ന് കളികളില്‍ നിന്ന് രണ്ട് ഹാട്രിക്ക് നേടുന്ന താരമായും ഹാളണ്ട് മാറി.

നോര്‍വേയ്ക്കായി അണ്ടര്‍ 15 മുതല്‍ അണ്ടര്‍ 21 വരെയുള്ള ടീമുകളിലും സീനിയര്‍ ടീമിലും കളിച്ചിട്ടുള്ള താരമാണ് ഹാളണ്ട്. നോര്‍വേയ്ക്കായി 35 കളികളില്‍ ബൂട്ട് കെട്ടിയിട്ടുള്ള ഹാളണ്ട് 32 ഗോള്‍ നേടി.

ഇന്ന് ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ഏര്‍ളിംഗ് ഹാളണ്ട് ശരിക്കും ഒരു ഗോളടി മെഷീനാണ്. ഒരു സെന്റര്‍ ഫോര്‍വേര്‍ഡിനുവേണ്ട എല്ലാ ഗുണങ്ങളും ഒത്തുചേര്‍ന്ന താരമാണ് ഹാളണ്ട്. വേഗതയും നിയന്ത്രണവും ഒരുപോലെ ഒത്തുചേര്‍ന്ന ഇരു കാലുകള്‍ കൊണ്ടും തല കൊണ്ടും ഗോളടിക്കാന്‍ കഴിയുന്ന താരം. മുന്നില്‍ നിന്ന് ഏറെ പിറകില്‍ വന്ന് ബോള്‍ വാങ്ങിയ ശേഷം അത് സഹകളിക്കാര്‍ക്ക് നല്‍കി ഗോള്‍പോസ്റ്റിലേയ്ക്ക് ഓടിക്കയറുന്നതാണ് ഹാളണ്ടിന്റെ ശൈലി. ഹാളണ്ടിനെപ്പോലെ പെനാല്‍റ്റി ബോക്‌സില്‍ എതിര്‍ ഡിഫന്‍ഡര്‍മാരെ അതിവിദഗ്ധമായി കബളിപ്പിക്കുന്ന സ്‌ട്രൈക്കര്‍മാര്‍ അധികമുണ്ടാകില്ല. കൗണ്ടര്‍ അറ്റാക്കുകളില്‍ പന്തുമായി അതിവേഗം കുതിക്കുന്ന ഹാളണ്ടിനെ പിടിച്ചുകെട്ടുക അസാധ്യമാണ്. ശാന്തത, ക്ഷമ, ടൈമിംഗ് എന്നീ ഗുണങ്ങള്‍ ഹാളണ്ടിനെ സ്‌ട്രൈക്കര്‍മാരില്‍ തികച്ചും വ്യത്യസ്തനാക്കുന്നു. ഇരുപത്തിനാല് വയസിനുള്ളില്‍ ക്ലബ് ഫുട്‌ബോളിലെ ഒട്ടേറെ റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള, ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച ക്ലിനിക്കല്‍ ഫിനിഷറാണ് ഏര്‍ളിംഗ് ഹാളണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഫുട്‌ബോളിന്റെ ചരിത്രത്തിലെത്തന്നെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍ എന്ന നേട്ടത്തിലേയ്ക്കാണ് ഏര്‍ളിംഗ് ഹാളണ്ട് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നത്.



