കെ.ശ്രീജിത്ത്
ജോണ്ടി റോഡ്‌സ്. ആ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും മനസിലേയ്ക്ക് ഓടിയെത്തുന്ന ഒരു ദൃശ്യമുണ്ട്. 1992 ലോകകപ്പിലെ ദക്ഷിണാഫ്രിക്ക-പാകിസ്താന്‍ മത്സരം. ബ്രിസ്‌ബെയ്‌നിലാണ് മത്സരം നടക്കുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണെടുത്തത്. തുടര്‍ന്ന് പാകിസ്താന്‍ ബാറ്റ് ചെയ്യുന്നതിനിടെ മഴ പെയ്യുന്നു. പാകിസ്താന്റെ വിജയലക്ഷ്യം 36 ഓവറില്‍ 194 റണ്‍സായി പുനര്‍നിര്‍ണയിക്കുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്ത പാകിസ്താന്‍ വിജയത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 48 റണ്‍സെടുത്ത ഇന്‍സമാം ഉള്‍ ഹഖും 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാനുമാണ് ക്രീസില്‍. അപ്പോഴാണ് അത് സംഭവിക്കുന്നത്. ബ്രയന്‍ മക്മില്ലന്റെ ഒരു പന്ത് ഇന്‍സമാം മിസ് ചെയ്യുന്നു. പന്ത് പോയിന്റിലേയ്ക്ക് പോകുന്നതോടെ ഇന്‍സമാം ഒരു ലെഗ് ബൈ എടുക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ഇമ്രാന്‍ ഖാന്‍ അത് നിരാകരിക്കുന്നു. അപ്പോള്‍ ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ജോണ്ടി റോഡ്‌സ് പന്ത് കൈയിലൊതുക്കി വിക്കറ്റിനടുത്തേയ്ക്ക് അതിവേഗം ഓടിയെത്തി വിക്കറ്റിലേയ്ക്ക് പന്തുമായി പറന്നുവീഴുന്നു. ഇന്‍സമാം റണ്ണൗട്ട്. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും സുന്ദരദൃശ്യമായിരുന്നു അത്. പിന്നീട് 2023 ഏകദിന ലോകകപ്പിനോട് അനുബന്ധിച്ച് ഐ സി സി നടത്തിയ ഒരു പോളില്‍ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നിമിഷമായി ആ റണ്ണൗട്ട് തിരഞ്ഞെടുക്കപ്പെട്ടു. റോഡ്‌സ് വായുവില്‍ തങ്ങിനിന്ന് ഇന്‍സമാമിനെ റണ്ണൗട്ടാക്കുന്ന ആ ദൃശ്യത്തിനായി ഗൂഗിളിലും യൂട്യൂബിലും തിരയുന്നവര്‍ കോടിക്കണക്കിന് പേരാണ്. അത്രമാത്രം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ കൊത്തിവെയ്ക്കപ്പെട്ടതാണ് ആ ദൃശ്യം. അത്രമേല്‍ പ്രിയപ്പെട്ടതാണ് ദൃശ്യം.

ആ റണ്ണൗട്ടിനെക്കുറിച്ച് ജോണ്ടി റോഡ്‌സ് പിന്നീട് ഇങ്ങനെ പറഞ്ഞു – ആ പന്ത് കിട്ടിയപാടെ എറിഞ്ഞിരുന്നെങ്കില്‍ അത് സ്റ്റംപില്‍ കൊള്ളാനുള്ള സാധ്യത അമ്പത് ശതമാനം മാത്രമായിരുന്നു. എന്നാല്‍ പന്ത് കൈയില്‍ വെച്ച് സ്റ്റംപിലേയ്ക്ക് ഓടിയെത്തി കൊള്ളിക്കുകയായിരുന്നെങ്കില്‍ റണ്ണൗട്ട് ആകാനുള്ള സാധ്യത നൂറ് ശതമാനമായിരുന്നു. അപ്പോള്‍ ചെയ്യാവുന്ന ഏറ്റവും ശരിയായ കാര്യം അതായിരുന്നു. റോഡ്‌സിന്റെ ആ തീരുമാനം കൃത്യമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഹോക്കി ടീമിലെ സെന്റര്‍ ഫോര്‍വേഡ് ആയിരുന്ന ജോണ്ടി റോഡ്‌സ് അക്കൊല്ലത്തെ ബാഴ്‌സലോണ ഒളിംപിക്‌സില്‍ കളിക്കേണ്ടതായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്ക യോഗ്യത നേടാത്തതുകൊണ്ടുമാത്രം അയാള്‍ ക്രിക്കറ്റ് ലോകകപ്പിനെത്തിയതായിരുന്നു. റോഡ്‌സ് അതിവേഗ ഓട്ടക്കാരനായിരുന്നു. മറുപുറത്ത് ഇന്‍സമാം ആകട്ടെ ഏറ്റവും അലസനായ ക്രിക്കറ്ററും. ഈ രണ്ട് യാഥാര്‍ത്ഥ്യവും ആ റണ്ണൗട്ടില്‍ തെളിഞ്ഞുകാണാം.

ജോണ്ടി റോഡ്‌സിനുമുമ്പും ലോകക്രിക്കറ്റില്‍ മികച്ച ഫീല്‍ഡര്‍മാരുണ്ടായിരുന്നു. എന്നാല്‍ റോഡ്‌സിന്റെ ആ റണ്ണൗട്ട് ഏകദിനക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. അന്നുവരെ ഒന്നുകില്‍ ദിവസം മുഴുവന്‍ ബാറ്റ് ചെയ്യുക അല്ലെങ്കില്‍ ദിവസം മുഴുവന്‍ ബൗള്‍ ചെയ്യുക എന്ന ശീലത്തില്‍ നിന്ന് കുട്ടികള്‍ മാറി. അവര്‍ ഗ്രൗണ്ടില്‍ പാഞ്ഞുനടന്ന് പന്ത് ഫീല്‍ഡ് ചെയ്തു. പന്തിനായി ഡൈവ് ചെയ്തു. അതുവഴി മുറിവേറ്റ കാല്‍മുട്ടുകളും കൈമുട്ടുകളുമായി കളി കഴിഞ്ഞ് വീടുകളില്‍ തിരിച്ചെത്തി. അവര്‍ ഓരോരുത്തരും പുതിയ ജോണ്ടി റോഡ്‌സുമാരാകാന്‍ ആഗ്രഹിച്ചു. ഫീല്‍ഡിംഗ് ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായി മാറി. ഏറ്റവും നന്നായി ഫീല്‍ഡ് ചെയ്താല്‍ മാത്രമെ കളികള്‍ ജയിക്കാനാകൂ എന്ന് ടീമുകള്‍ തിരിച്ചറിഞ്ഞു. എല്ലാത്തിനും കാരണം റോഡ്‌സിന്റെ ആ റണ്ണൗട്ടായിരുന്നു. അതായിരുന്നു ജോണ്ടി റോഡ്‌സ് ക്രിക്കറ്റില്‍ ചെലുത്തിയ സ്വാധീനം. അന്നേവരെ ബാറ്ററോ അല്ലെങ്കില്‍ ബൗളറോ മാത്രമാകാന്‍ ആഗ്രഹിച്ചിരുന്ന കുട്ടികള്‍ ജോണ്ടി റോഡ്‌സിന്റെ ഡൈവുകളും ത്രോകളും കണ്ടതോടെ അയാളെപ്പോലെ ഒരു ഫീല്‍ഡറാകാന്‍ ആഗ്രഹിച്ചു. അതിനായി കഠിനപ്രയത്‌നം നടത്തി. ജോണ്ടി റോഡ്‌സ് ഫീല്‍ഡിംഗില്‍ ഒരു ഐക്കണായി മാറി. ഫീല്‍ഡിംഗിലെ മികവ് ഒന്നുകൊണ്ടുമാത്രം ദക്ഷിണാഫ്രിക്ക എത്രയോ കളികള്‍ ജയിച്ചു. റോഡ്‌സ് അടങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുമ്പോള്‍ ചുരുങ്ങിയത് അമ്പത് റണ്ണെങ്കിലും കൂടുതലായി അടിക്കണമെന്ന് എതിര്‍ടീമുകള്‍ മനസിലാക്കി. കാരണം അസാധ്യമായ ഫീല്‍ഡിംഗിലൂടെ റോഡ്‌സും കൂട്ടരും ചുരുങ്ങിയത് അമ്പത് റണ്ണെങ്കിലും സേവ് ചെയ്യും എന്നതായിരുന്നു അതിന് കാരണം. മത്സരത്തില്‍ കൡക്കുമ്പോഴുണ്ടായതിനേക്കാള്‍ കൂടുതല്‍ പരിക്കുകള്‍ പരിശീലനത്തിനിടെയാണ് റോഡ്‌സിന് പറ്റിയത്. മിക്കപ്പോഴും പരിശീലനത്തില്‍ റോഡ്‌സ് ആയിരം തവണയൊക്കെ വിക്കറ്റിലെറിഞ്ഞ് കൊള്ളിക്കുമായിരുന്നത്രെ. അത്രയും കഠിനമായിരുന്നു റോഡ്‌സിന്റെ ഫീല്‍ഡിംഗ് പരിശീലനമുറകള്‍.

നതാല്‍ സര്‍വകലാശാലയുടെ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പട്ടതോടെയാണ് ജോണ്ടി റോഡ്‌സിന്റെ കളി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതരും പരിശീലകരും ശ്രദ്ധിക്കുന്നത്. വലംകൈ ബാറ്ററായിരുന്ന റോഡ്‌സിന്റെ പ്രത്യേകത ആക്രമണോത്സുകതയായിരുന്നു. അത് ബാറ്റിംഗിലായാലും ശരി, ബൗളിംഗിലായാലും ശരി. ആക്രമിക്കുക എന്നതായിരുന്നു അയാളുടെ മുഖമുദ്ര. 1992 നവംബര്‍ 13ന് ഇന്ത്യയ്‌ക്കെതിരെയായിരുന്നു ജോണ്ടി റോഡ്‌സിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. അതേവര്‍ഷം ഫെബ്രുവരിയില്‍ത്തന്നെ റോഡ്‌സ് ഏകദിനക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അരങ്ങേറിയിരുന്നു. രണ്ടായിരത്തില്‍ കരിയറിലെ അവസാന ടെസ്റ്റ് കളിച്ച റോഡ്‌സ് അടുത്ത വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. സ്വന്തം നാട്ടില്‍ നടക്കുന്ന 2003 ലോകകപ്പോടെ ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ലോകകപ്പ് പൂര്‍ത്തിയാക്കാന്‍ റോഡ്‌സിന് കഴിഞ്ഞില്ല. പരിക്കായിരുന്നു കാരണം. 52 ടെസ്റ്റുകളില്‍ നിന്നായി 2,532 റണ്‍സാണ് റോഡ്‌സിന്റെ സമ്പാദ്യം. 35.66 ആണ് ശരാശരി. മൂന്ന് സെഞ്ച്വറിയും 17 അര്‍ദ്ധസെഞ്ച്വറിയും നേടി. 245 ഏകദിന മത്സരങ്ങളില്‍ നിന്നായി 5,935 റണ്‍സ് നേടി. 35.11 ആണ് ശരാശരി. രണ്ട് സെഞ്ച്വറിയും 33 അര്‍ദ്ധസെഞ്ച്വറിയും നേടി. ഒന്നാന്തരമൊരു ഹോക്കി കളിക്കാരന്‍ കൂടിയായിരുന്ന റോഡ്‌സ് ആ കായിക ഇനത്തിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 1996ലെ ഒളിംപിക്‌സ് ഹോക്കി ടീമിലേയ്ക്കും ദക്ഷിണാഫ്രിക്കന്‍ ടീമിലേയ്ക്ക് ജോണ്ടി റോഡ്‌സ് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പരിക്ക് കാരണം കളിക്കാനായില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സ് ഇലവന്റെയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെയും ഫീല്‍ഡിംഗ് കോച്ചായി.

ക്രിക്കറ്റ് മൈതാനത്ത് കളിക്കാനിറങ്ങിയാല്‍ ആസ്വദിച്ച് കളിക്കുക എന്നതാണ് ഏറ്റവും നല്ല കളി പുറത്തെടുക്കാനുള്ള മാര്‍ഗമെന്ന് ജോണ്ടി റോഡ്‌സ് പറയും. ഫീല്‍ഡിംഗ് ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. ആസ്വദിച്ച് കളിക്കുകയാണെങ്കില്‍ ാെരുദിവസം 90 ഓവറുള്ള ടെസ്റ്റ് ക്രിക്കറ്റ് പോലും കഠിനാദ്ധ്വാനമായി തോന്നില്ല. കളിയിലുടനീളം ഏകാഗ്രത നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയും. ഫീല്‍ഡ് ചെയ്യുമ്പോള്‍ ബാറ്റര്‍ അടിക്കുന്ന ഓരോ പന്തും എന്‌റെ നേരെ വരുമെന്ന് സങ്കല്പിച്ചാണ് ഞാന്‍ നില്‍ക്കാറുള്ളത്. യഥാര്‍ത്ഥത്തില്‍ ഓരോ പന്തും എനിക്കുനേരെ വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട ഫീല്‍ഡിംഗ് കാഴ്ചവെയ്ക്കാന്‍ കഴിയുന്നു. ഫീല്‍ഡിംഗ് എന്നത് കഠിനാദ്ധ്വാനം തന്നെയാണ്. എന്നാല്‍ നിങ്ങളത് ആസ്വദിക്കുന്നുണ്ടെങ്കില്‍ അതൊരിക്കലും ഒരു പണിയായി നിങ്ങള്‍ക്ക് തോന്നില്ല. നിങ്ങളുടെ റിഫഌക്‌സ്, വേഗത എന്നിവ ഫീല്‍ഡിംഗില്‍ പ്രധാനമാണ്. ആദ്യത്തെ അഞ്ചോ പത്തോ മീറ്റര്‍ അതിവേഗം പന്തിലേയ്ക്ക് പാഞ്ഞെത്തുക എന്നത് പ്രധാനമാണ്. ഫീല്‍ഡറെ മറികടന്നുപോവുമെന്ന് ബാറ്റര്‍ കരുതുന്ന പന്തുകളെ കൈപ്പിടിയിലാക്കാന്‍ ഈ വേഗത സഹായിക്കും. ഡൈവ് ചെയ്യാനുള്ള കഴിവാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. എന്റേത് ചെറിയ ശരീരമാണെന്നത് എനിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സിനെപ്പോലെ വലിയ ശരീരമുള്ളവരും ഗംഭീരമായി ഡൈവ് ചെയ്ത് ഫീല്‍ഡ് ചെയ്തിരുന്നവരാണ്. 1992 ലോകകപ്പില്‍ ഇന്‍സമാമിനെ പുറത്താക്കിയ രീതി ഞാന്‍ നേരത്തെ തീരുമാനിച്ചതായിരുന്നില്ല. ആ സമയത്ത് പന്ത് എറിയുന്നതിനേക്കാള്‍ നല്ലത് കൈയില്‍ പിടിച്ച് വിക്കറ്റിലേയ്ക്ക് പറന്നുവീഴുകയാണ് നല്ലതെന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അത് ആ നിമിഷം ഉള്ളില്‍ തോന്നിയ ഒന്നായിരുന്നു. അത് വിജയിക്കുകയും ചെയ്തു.

ക്രിക്കറ്റില്‍ ചില സമയങ്ങളില്‍ അപ്പോള്‍ തോന്നുന്നതങ്ങ് ചെയ്യുന്നതാണ് നല്ലത്. കൂടുതല്‍ ചിന്തിക്കുംതോറും നിങ്ങള്‍ കൂടുതല്‍ ആശയക്കുഴപ്പത്തിലാകും. വ്യത്യസ്ത പൊസിഷനുകളില്‍ ഫീല്‍ഡ് ചെയ്യാന്‍ വ്യത്യസ്ത കഴിവുകളാണ് ആവശ്യം. ഉദാഹരണത്തിന് പോയിന്റില്‍ നില്‍ക്കുമ്പോള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവാണ് അതിപ്രധാനം. എല്ലാ പന്തും നിങ്ങള്‍ക്ക് നേരെ വരുമെന്ന് നിങ്ങള്‍ കരുതണം. പോയിന്റില്‍ നില്‍ക്കുമ്പോള്‍ 140 കിലോമീറ്റര്‍ വേഗതയില്‍ എറിയുന്ന ബൗളറുടെ കൈ ശ്രദ്ധിക്കുക ദുഷ്‌കരമാണ്. അതുകൊണ്ട് ഞാന്‍ ബാറ്ററുടെ ശരീരഭാഷ ശ്രദ്ധിക്കും. ബാറ്റര്‍ ഡ്രൈവ് ചെയ്യുകയാണെങ്കില്‍ എഡ്ജ് ചെയ്ത് പന്ത് എന്റെയടുത്തെത്താന്‍ സാധ്യതയുണ്ട്. ഇനി അഥവാ ബാറ്റര്‍ മിഡ്‌വിക്കറ്റിലേയ്ക്കാണ് കളിക്കുന്നതെങ്കില്‍ അപ്പോഴും ലീഡിംഗ് എഡ്ജ് ചെയ്യുന്ന പന്ത് എനിക്കുനേരെ വരാന്‍ സാധ്യതയുണ്ട്. മുഴുനീളെ എത്താന്‍ ഡെവ് ചെയ്യുക വഴി ഒരോ പന്തിലേയ്ക്കും എത്താന്‍ എനിക്ക് സാധിക്കാറുണ്ട്. ഫുട്‌ബോളില്‍ ഗോള്‍കീപ്പര്‍ പൈനാല്‍റ്റി തടുക്കാന്‍ ശ്രമിക്കുന്നത് പോലെയാണത്. ഞാന്‍ സ്ഥിരമായി ബാക്ക്‌വേഡ് പോയിന്റിലാണ് നില്‍ക്കാറുള്ളത്. ആ പൊസിഷനില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ റണ്ണെടുക്കുന്നത് തടയുക എന്നതാണ് എന്റെ പ്രാഥമിക കര്‍ത്തവ്യമെന്നാണ് ഞാന്‍ കരുതിയിട്ടുള്ളത്. ഞാന്‍ പന്ത് തടഞ്ഞില്ലെങ്കിലും കുഴപ്പമില്ല പന്തിലേയ്ക്ക് ഓടിവരുന്നത് ബാറ്റര്‍ കണ്ടാല്‍ മാത്രം മതി. റണ്ണെടുക്കാനുള്ള ശ്രമം അയാള്‍ ഉപേക്ഷിക്കും. അതോടെ എന്റെ ജോലി പൂര്‍ത്തിയായി. എന്നാല്‍ ആ ശ്രമത്തില്‍ ഒരു ക്യാച്ച് എടുക്കാനോ റണ്ണൗട്ടാക്കാനോ കഴിഞ്ഞാല്‍ അതൊരു ബോണസ് ആണ്. അതാണെന്റെ മനസിലുണ്ടാകാറുള്ളത്. അതാണ് ഞാന്‍ പരിശീലിക്കാറുള്ളതും. യഥാര്‍ത്ഥ കളി നടക്കുന്നതുപോലെത്തന്നെ പരിശീലനസമയത്തും ചെയ്യണം. അല്ലാതെ എല്ലാം കളിയില്‍ ചെയ്യാം എന്ന് കരുതരുത്. കളിയെപ്പോലെത്തന്നെ പരിശീലനത്തെയും സമീപിച്ചാല്‍ മാത്രമെ നിങ്ങള്‍ക്ക് ഫീല്‍ഡില്‍ ഡൈവിംഗ് ക്യാച്ചുകളെടുക്കാനും റണ്ണൗട്ടാക്കാനും കഴിയുകയുള്ളൂ. നന്നായി പരിശീലിച്ചാല്‍ മാത്രമെ നിങ്ങള്‍ക്ക് കളിയിലും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുള്ളൂ.

സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ബാറ്റ് ചെയ്യുമ്പോഴുള്ളതുപോലെ കൈകള്‍ മൃദുവായിരിക്കണം. അതിന് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലര്‍ ഒരു മാതൃകയാണ്. ഏറ്റവും മികച്ച് സ്ലിപ്പ് ഫീല്‍ഡര്‍മാരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ രകൈകള്‍ ഗംഭീരമാണ്. ബൗള്‍ ചെയ്യുന്നത് ഷെയ്ന്‍ വോണ്‍ ആണെങ്കിലും ഗ്ലെന്‍ മക്ഗ്രാത്ത് ആണെങ്കിലും ടെയ്‌ലര്‍ക്ക് ഒരുപോലെയാണ്. അസാധാരണമായ ചില ക്യാച്ചുകള്‍ അദ്ദേഹമെടുത്തിട്ടുണ്ട്. ഞാന്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത്ര ഫലപ്രദമായിരുന്നില്ല. മാത്രമല്ല സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നയാള്‍ ശാന്തനായിരിക്കണം. എന്നെപ്പോലെ എപ്പോഴും ഓടിനടന്ന് ഫീല്‍ഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളായിരിക്കരുത്. പോയിന്റിലും മറ്റും ഫീല്‍ഡ് ചെയ്യുമ്പോള്‍ ബാറ്ററെ ആശയക്കുഴപ്പത്തിലാക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. അയാളുടെ മനസില്‍ സംശയം ജനിപ്പിക്കാന്‍ കഴിയണം. പലപ്പോഴും ബാറ്റര്‍ നമ്മളെ തോല്പിച്ച് റണ്ണെടുക്കാറുമുണ്ട്. പന്ത് വരുമ്പോള്‍ സാധാരണ രീതിയില്‍ ഫീല്‍ഡ് ചെയ്യാന്‍ ശ്രമിക്കണോ ഡൈവ് ചെയ്യണോ ഒരു കൈ ഉപയോഗിക്കണോ രണ്ട് കൈകളും ഉപയോഗിക്കണോ എന്നെല്ലാമുള്ളത് സ്വാഭാവികമായ തീരുമാനങ്ങളാണ്. അപ്പോള്‍ തോന്നുന്നതുപോലെയങ്ങ് ചെയ്യും. എന്റെ ശരീരത്തിന് എന്താണോ തോന്നുന്നത് അതങ്ങ് ചെയ്യും. ബാക്കി ശരീരം നോക്കിക്കോളും. അങ്ങനെ നടക്കണമെങ്കില്‍ നിങ്ങള്‍ നിരന്തരം പരിശീലിച്ച് ശരീരത്തിനെ അത് ശീലമാക്കണം. അല്ലെങ്കില്‍ കളിക്കുന്ന സമയത്ത് ശരീരം വഴങ്ങിത്തരില്ല. അല്ലാതെ ഫീല്‍ഡിലെ ഓരോ നീക്കവും മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ നിങ്ങള്‍ അമ്പേ പരാജയപ്പെടും. ഓരോ സമയത്തും എന്ത് തോന്നുന്നുവോ അതങ്ങ് ചെയ്യുക. ചിലപ്പോള്‍ ജയിക്കാം, ചിലപ്പോള്‍ പരാജയപ്പെടാം.

ഓരോ ബാറ്റര്‍ക്കും ഓരോ തരത്തിലുള്ള കഴിവുകളാണ്. ഉദാഹരണത്തിന് മാര്‍ക്ക് വോ. അദ്ദേഹത്തിന്റെ കൈകള്‍ മികച്ചതാണ്. അയാള്‍ പന്ത് ചെറുതായിട്ടൊന്ന് മുട്ടിയിട്ട് സിംഗിളുകള്‍ മോഷ്ടിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ തീര്‍ത്തും വ്യത്യസ്തനായിരുന്നു. ഷോട്ടുകള്‍ ഫീല്‍ഡറെ മറികടക്കാന്‍ പാകത്തില്‍ അടിക്കുന്നതായിരുന്നു സ്റ്റീവിന്റെ ശീലം. ഇങ്ങനെ ഓരോ ബാറ്ററെയും കൃത്യമായി പഠിക്കുകയും അതിനനുസരിച്ച് ഫീല്‍ഡില്‍ നിലകൊള്ളുകയും ചെയ്യണം. ഞാനെന്തായാലും ഓരോ ബാറ്റര്‍ക്കുമനുസരിച്ച് നില്പില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തും. വര്‍ണവിവേചനകാലത്ത് നിരോധനമുണ്ടായതിനെത്തുടര്‍ന്ന് ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷമാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്തിയത്. അന്ന് ഞങ്ങളുടെ ക്യാപ്റ്റന്‍ കെപ്ലര്‍ വെസല്‍സ് ആയിരുന്നു. അദ്ദേഹത്തിന് ഒഴികെ ടീമിലെ മറ്റാര്‍ക്കും കാര്യമായ പരിചയസമ്പത്തുണ്ടായിരുന്നില്ല. 1992 ലോകകപ്പിന് തയ്യാറെടുക്കുമ്പോള്‍ കെപ്ലര്‍ ഞങ്ങളോട് ഒരു കാര്യം പറഞ്ഞു. നമ്മുക്ക് മറ്റ് ടീമുകളുടേതുപോലുള്ള പരിചയസമ്പത്തുണ്ടായിരിക്കില്ല. എന്നാല്‍ കളിയുടെ രണ്ട് മേഖലകളില്‍ ഏത് ടീമിനെക്കാളും നമ്മുക്ക് മുന്നിലെത്താം. ഒന്ന് ഫീല്‍ഡിംഗ്. മറ്റൊന്ന് ഫിറ്റ്‌നസ് ലെവല്‍. അന്ന് അലന്‍ ബോര്‍ഡറും ഡേവിഡ് ബൂണും ഡീന്‍ ജോണ്‍സും ഉള്‍പ്പെടുന്ന ഓസ്‌ട്രേലിയ ആണ് ഏറ്റവും മികച്ച ഫീല്‍ഡിംഗ് ടീം. ഫീല്‍ഡിംഗ് ആയിരുന്നു എന്റെ വഴി. അതുവഴി ഞാന്‍ ആരാധകരെ കൈയിലെടുത്തു. ഫീല്‍ഡിംഗിലുള്ള മിടുക്ക് എനിക്ക് ഗുണം ചെയ്തു. ബാറ്റര്‍ക്കുള്ള ഒരു ഒഴിവ് മാത്രം വരുമ്പോള്‍ അതിനായി മത്സരിച്ച മറ്റുള്ളവരെ മറികടന്ന് എന്നെ തിരഞ്ഞെടുക്കാന്‍ എന്റെ ഫീല്‍ഡിംഗ് മിടുക്ക് കാരണമായി. 1992 ലോകകപ്പില്‍ ഫീല്‍ഡിംഗ് മികവ് ഒന്നുകൊണ്ട് മാത്രമാണ് എന്നെ ടീമിലെടുത്തത്. അന്ന് പ്രവിശ്യാ ക്രിക്കറ്റില്‍ എന്റെ ബാറ്റിംഗ് ശരാശരി ഇരുപത്തേഴോ ഇരുപത്തെട്ടോ മാത്രമായിരുന്നു. അത് അത്ര ആകര്‍ഷണീയമായിരുന്നില്ല. എന്നെ ഞാനൊരു ഓള്‍റൗണ്ടറായി ഒരിക്കലും കണക്കാക്കിയിട്ടില്ല. റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നതായിരുന്നു എന്റെ ജോലി. ഫീല്‍ഡിംഗിലൂടെ റണ്‍സ് സേവ് ചെയ്യുന്നത് ടീമിന് അധികമായി കിട്ടുന്ന ഒരു ബോണസ് മാത്രം.

ഫീല്‍ഡ് ചെയ്യുമ്പോള്‍ പരിക്ക് പറ്റുമോ എന്ന് ഞാന്‍ ഒരിക്കലും ആശങ്കപ്പെട്ടിരുന്നില്ല. അങ്ങനെ ആശങ്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് ഒരിക്കലും നന്നായി ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ല. മാത്രമല്ല പകുതി മനസോടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് പരിക്ക് പറ്റാനുള്ള സാധ്യത കൂടുതല്‍. ക്രിക്കറ്റ് കരിയറില്‍ വെറും രണ്ട് തവണ മാത്രമാണ് എന്റെ എല്ലുകള്‍ പൊട്ടിയതെന്നത് ഒരു അത്ഭുതമായിട്ടാണ് ഞാന്‍ കാണുന്നത്. പരിക്ക് പറ്റി എനിക്ക് ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. ബാറ്റിംഗിനേക്കാള്‍ ഫീല്‍ഡിംഗ് കാരണം ഞാന്‍ ഓര്‍മിക്കപ്പെടുന്നതില്‍ എനിക്ക് അഭിമാനമാണ്. 1993ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒരു മത്സരത്തില്‍ അഞ്ച് ക്യാച്ചെടുത്തത് മറക്കാനാകില്ല. അതില്‍ രണ്ടെണ്ണം എളുപ്പമുള്ള ക്യാച്ചുകളായിരുന്നു. എന്നാല്‍ മൂന്നെണ്ണം ഡൈവിംഗ് ക്യാച്ചുകളായിരുന്നു. അതുപോലെ 1997ല്‍ ഡര്‍ബനില്‍ നടന്ന ഏകദിന മത്സരത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ക്യാച്ചെടുത്തതും എനിക്ക് മറക്കാനാകില്ല.

തനിക്ക് പ്രതിഭയുണ്ടായിരുന്നതുകൊണ്ടല്ല മറിച്ച് തന്റെ കഠിനാദ്ധ്വാനം കൊണ്ടാണ് ഫീല്‍ഡിംഗില്‍ ഏറ്റവും മികച്ചവരില്‍ ഒരാളായി മാറാന്‍ കഴിഞ്ഞതെന്ന് ജോണ്ടി റോഡ്‌സ് പറയുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമിലെ മുഴുവന്‍ പേരും തന്നെപോലെത്തന്നെ കഠിനമായി പരിശീലിച്ചിരുന്നവരായിരുന്നു. എന്നാല്‍ ആ പരിശീലന സെഷനുകള്‍ കഴിഞ്ഞ ശേഷവും താന്‍ ഒറ്റയ്ക്ക് പരിശീലിച്ചു. ഫീല്‍ഡിംഗ് അത്രമേല്‍ ആസ്വദിച്ചിരുന്നു ജോണ്ടി റോഡ്‌സ്. തന്നെക്കാള്‍ എത്രയോ അധികം പ്രതിഭയുള്ള നിരവധി പേരുണ്ടായിരുന്നുവെന്ന് റോഡ്‌സിന് അറിയാം. എന്നാല്‍ താന്‍ സ്‌നേഹിക്കുന്ന ഒന്നിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസാണ് ജോണ്ടി റോഡ്‌സിനെ മറ്റുള്ളവരില്‍ വ്യത്യസ്തനും മികച്ചവനുമാക്കിയത്.



