Friday, February 20, 2026
Google search engine
HomeSportLegendsറിക്വല്‍മി എന്ന വിമതന്‍

റിക്വല്‍മി എന്ന വിമതന്‍

കെ.ശ്രീജിത്ത്

ഒരുകാലത്ത് ഡീഗോ മറഡോണയുടെ പിന്‍ഗാമിയാകുമെന്ന് അര്‍ജന്റീനയന്‍ ആരാധകരും ഫുട്‌ബോള്‍ പണ്ഡിതരും കരുതിയ താരം. ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്ലേമേക്കര്‍മാരിലൊരാള്‍. പോയകാലത്തെ മിത്തായും ഇതിഹാസമായും മിഡ്ഫീല്‍ഡ് മാസ്‌ട്രോ ആയും ഒക്കെ കണക്കാക്കപ്പെടുന്ന താരം. സ്പാനിഷ് ക്ലബായ വിയ്യാറയല്‍ ഉള്ളംകൈയില്‍ കൊണ്ടുനടന്ന താരം. ഇതൊക്കെയായിട്ടും യുവാന്‍ റോമന്‍ റിക്വല്‍മി എന്ന ഫുട്‌ബോളര്‍ക്ക് എന്തുകൊണ്ടോ വിചാരിച്ച പൂര്‍ണത അര്‍ജന്റീനിയന്‍ ഫുട്‌ബോളില്‍ കൈവരിക്കാനായില്ല. ചുരുങ്ങിയത് കണക്കുകളിലെങ്കിലും. പ്രതീക്ഷിച്ച ഔന്നത്യത്തിലെത്താനായില്ല. ഫുട്‌ബോളിന് ബാഹ്യമായ കാരണങ്ങളായിരുന്നു അതിന് പ്രധാന കാരണം.

1978ല്‍ അര്‍ജന്റീന ആദ്യമായി ഫുട്‌ബോള്‍ ലോകകപ്പ് ജയിക്കുന്നതിന് ഒരു ദിവസം മുമ്പ് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലെ സാന്‍ ഫെര്‍ണാണ്ടോയിലാണ് റിക്വല്‍മിയുടെ ജനനം. ഒരു പ്രാദേശിക ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു റിക്വല്‍മിയുടെ അച്ഛന്‍. തീര്‍ത്തും ദരിദ്രമായ കുടുംബത്തിലെ പതിനൊന്ന് മക്കളില്‍ മൂത്തവനായിരുന്നു റിക്വല്‍മി. സാന്‍ ഫെര്‍ണാണ്ടോയിലെ തെരുവുകളിലാണ് കുട്ടിക്കാലത്ത് റിക്വല്‍മി ഫുട്‌ബോള്‍ കളിച്ചത്. പിന്നീട് വിവിധ പ്രാദേശിക ക്ലബുകള്‍ക്ക് വേണ്ടി കളിച്ചു. പിന്നീട് 1992ല്‍ പതിനാലാമത്തെ വയസില്‍ അര്‍ജന്റീനോസ് ജൂനിയേഴ്‌സ് എന്ന ക്ലബിന്റെ യൂത്ത് ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചു. അവിടെ വെച്ചാണ് അയാള്‍ ആദ്യമായി സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ പൊസിഷനില്‍ കളിക്കുന്നത്. തന്റെ കരിയറിലെ ഭൂരിഭാഗം സമയവും ആ പൊസിഷനിലാണ് പിന്നീടയാള്‍ കളിച്ചതെന്നത് ചരിത്രം. 1995ല്‍ ബൊക്ക ജൂനിയേഴ്‌സില്‍ എത്തിയതോടെയാണ് റിക്വല്‍മിയുടെ ഫുട്‌ബോള്‍ ജീവിതം മാറിമറിയുന്നത്. അവിടെ നിന്നാണ് അയാള്‍ മികച്ച കളിക്കാരനായി മാറുന്നത്. 96ല്‍ ബൊക്ക ജൂനിയേഴ്‌സിനുവേണ്ടി ഫസ്റ്റ് ഡിവിഷന്‍ കളിച്ചുതുടങ്ങിയതോടെ അയാള്‍ അനശ്വരനായ ഒരു ഫുട്‌ബോളറിലേയ്ക്കുള്ള യാത്ര ആരംഭിച്ചെന്ന് ആരാധകര്‍ തിരിച്ചറിഞ്ഞു. ആദ്യ കളിയിയില്‍ ജയിച്ചു തുടങ്ങിയ റിക്വല്‍മി അതിവേഗമാണ് അടുത്ത മറഡോണയെന്ന വിശ്വാസത്തിലേയ്ക്ക് ആരാധാകരെ കൊണ്ടുചെന്നെത്തിച്ചത്. അതിന് പ്രധാന കാരണം മറഡോണയെപ്പോലെ അയാളും അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ആയാണ് ബൊക്കയില്‍ കളിച്ചതെന്നതാണ്. എന്നാല്‍ ഒരു കൊള്ളിയാനായി അതിവേഗം കളിക്കുന്ന മറഡോണ ശൈലിയ്ക്ക് പകരം തന്റെ വേഗതയ്ക്കനുസരിച്ച് കളിയുടെ വേഗത കുറച്ച് ഗോളടിക്കാനുള്ള ഏതവസരവും ഉപയോഗിക്കുക എന്നതായിരുന്നു റിക്വല്‍മിയുടെ ശൈലി. നേരിയതായിട്ടാണെങ്കിലും പന്തില്‍ നിരന്തരം സ്പര്‍ശിച്ചുകൊണ്ടേയിരിക്കുകയും ടീമിലെ മറ്റുള്ളവര്‍ക്ക് ഗോളടിക്കാനുള്ള സ്‌പേസ് സൃഷ്ടിച്ച് കൊടുക്കുകയും ചെയ്യുന്നതില്‍ അതിസമര്‍ത്ഥനായിരുന്നു റിക്വല്‍മി. ഒരു യഥാര്‍ത്ഥ പ്ലേമേക്കര്‍. പന്ത് എവിടേക്കാണോ പോകേണ്ടത് അവിടേക്ക് കൃത്യമായി പന്തിനെ എത്തിക്കുന്ന അപൂര്‍വം ഫുട്‌ബോളര്‍മാരിലൊരാളായിരുന്നു റിക്വല്‍മിയെന്ന് സ്പാനിഷ് കോച്ച് ലൂയിസ് അരഗോണ്‍സ് പറയും. റിക്വല്‍മിയുടെ ഈ കഴിവുകള്‍ ബൊക്ക ജൂനിയേഴ്‌സിന് മൂന്ന് ഫസ്റ്റ് ഡിവിഷന്‍ കിരീടങ്ങളും തുടര്‍ച്ചയായ രണ്ട് കോപ്പ ലിബര്‍ട്ടഡോറസ് കിരീടങ്ങളുമാണ് നേടിക്കൊടുത്തത്.

അര്‍ജന്റീന അണ്ടര്‍ 20 ടീമിലെ ഉജ്ജ്വല പ്രകടനത്തോടെ 1997ല്‍ റിക്വല്‍മി അര്‍ജന്റീനയുടെ ദേശീയ ടീമിലെത്തി. 1998 ലോകകപ്പിനുള്ള അവസാന യോഗ്യതാ മത്സരത്തിലായിരുന്നു അത്. കൊളംബിയയ്‌ക്കെതിരായ ആ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ കോച്ച് ഡാനിയേല്‍ പാസറെല്ല പത്തൊമ്പതുകാരനായ റിക്വല്‍മിയെ കളത്തിലിറക്കി. 1999ലെ കോപ്പ അമേരിക്കയാണ് റിക്വല്‍മി അര്‍ജന്റീനയ്ക്കുവേണ്ടി പ്രധാനപ്പെട്ടൊരു ടൂര്‍ണമെന്റില്‍ ജേഴ്‌സിയണിയുന്നത്. രണ്ടായിരത്തില്‍ കോണ്‍മെബോള്‍ മെന്‍ പ്രീ ഒളിംപിക് ടൂര്‍ണമെന്റില്‍ റിക്വല്‍മി കളിച്ചെങ്കിലും അത്തവണത്തെ ഒളിംപിക്‌സിലേയ്ക്ക് യോഗ്യത നേടാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല. ഇതിനിടെ 2001ഓടെ റിക്വല്‍മിയുടെ ബൊക്ക ജൂനിയേഴ്‌സിനുവേണ്ടിയുള്ള തേരോട്ടം അതിന്റെ അവസാനത്തിലെത്തിയിരുന്നു. 2001 സീസണില്‍ ബൊക്ക ജൂനിയേഴ്‌സ് ഒരു പ്രാദേശിക കിരീടവും ജയിച്ചില്ലെങ്കിലും കോപ്പ ലിബര്‍ട്ടഡോറസില്‍ കിരീടം നേടാന്‍ കഴിഞ്ഞു. ടൂര്‍ണമെന്റിന്റെ സെമിഫൈനലിലെ രണ്ടാം പാദത്തില്‍ ഗോള്‍ നേടിയ റിക്വല്‍മി കിരീട നേട്ടത്തില്‍ പ്രധാന പങ്ക് വഹിച്ചു. ആ വര്‍ഷം റിക്വല്‍മി ആദ്യമായി സൗത്ത് അമേരിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടുകയും ചെയ്തു. എന്നാല്‍ സീസണിന്റെ അവസാനം ബൊക്കയ്ക്കുവേണ്ടി അയാളുടേത് അത്ര മികച്ച പ്രകടനമായിരുന്നില്ല. ക്ലബ് പ്രസിഡന്റ് മൗറീസിയോ മാക്രിയുമായുള്ള അഭിപ്രായവ്യത്യാസമായിരുന്നു ഇതിന് പ്രധാന കാരണം. റിവര്‍പ്ലേറ്റിനെതിരായുള്ള ഒരു മത്സരത്തില്‍ പ്രസിഡന്റ് ഇരിക്കുന്ന ബോക്‌സിന് മുന്നില്‍ വന്ന് ഇരുകൈകളും ചെവിയോട് ചേര്‍ത്തുപിടിച്ച് ആഘോഷിച്ചാണ് റിക്വല്‍മി തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. റിക്വല്‍മിയുടെ ഈ ആഘോഷരീതി പിന്നീട് ലിയണല്‍ മെസ്സിയും പിന്തുടര്‍ന്നിരുന്നു. 2022 ലോകകപ്പില്‍ ഹോളണ്ടിനെതിരായ ക്വാര്‍ട്ടര്‍്‌ഫൈനല്‍ മത്സരം ജയിച്ച ശേഷം ഡച്ച് കോച്ച് ലൂയിവാന്‍ഗലിന് മുന്നിലാണ് മെസ്സി ഇരുകൈകളും ചെവിയോട് ചേര്‍ത്ത് ആഘോഷിച്ചത്. തനിക്കെതിരായ വാന്‍ഗലിന്റെ ചില പരാമര്‍ശങ്ങളാണ് മെസ്സിയുടെ അപൂര്‍വ ആഘോഷത്തിന് കാരണമായത്.

ബൊക്ക ജൂനിയേഴ്‌സിനുവേണ്ടി ഏഴ് സീസണുകളിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം റിക്വല്‍മി 2002ല്‍ സ്പാനിഷ് ക്ലബായ ബാഴ്‌സലോണയിലെത്തി. 10 മില്യണ്‍ യൂറോയാണ് പ്രതിഫലമായി റിക്വല്‍മിയ്ക്ക് ലഭിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബാഴ്‌സലോണയിലേയ്ക്ക് റിക്വല്‍മി യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് നാടകീയമായ ചില കാര്യങ്ങള്‍ അയാളുടെ ജീവിതത്തിലുണ്ടായി. അയാളുടെ സഹോദരന്‍ ക്രിസ്റ്റിയനെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോവുകയും വിട്ടുകിട്ടാന്‍ പണം ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കി റിക്വല്‍മി സഹോദരനെ മോചിപ്പിച്ചു. ആ അന്തരീക്ഷത്തില്‍ നിന്ന് മാറിനില്‍ക്കുക എന്നതുകൂടി ബാഴ്‌സയിലേയ്ക്കുള്ള അയാളുടെ കൂടുമാറ്റത്തിന് കാരണമായി. ബൊക്കയിലെ കരാര്‍ തര്‍ക്കങ്ങളും ബാഴ്‌സലോണയിലെ ചില രാഷ്ട്രീയ നീക്കങ്ങളും റിക്വല്‍മിയുടെ ബാഴ്‌സലോണ പ്രവേശനത്തിന് കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്ന് ബാഴ്‌സലോണയുടെ കോച്ചായിരുന്ന ഡച്ചുകാരനായ ലൂയി വാന്‍ഗല്‍ റിക്വല്‍മിയെ ടീമിലെടുത്തത് തന്റെ താല്പര്യപ്രകാരമല്ല, മറിച്ച് ക്ലബിലെ ചില ഉന്നതരുടെ താല്പര്യമാണ് അതിന് പിന്നിലെന്ന് പ്രതികരിച്ചു. തുടര്‍ന്ന് റിക്വല്‍മിയെ വാന്‍ഗല്‍ അത്യപൂര്‍വമായി മാത്രം കളിപ്പിച്ചു. അതുതന്നെ സബ്സ്റ്റിറ്റിയൂട്ടായി. അപ്പോഴും റിക്വല്‍മി ഏറെ തിളങ്ങിയ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ സ്ഥാനത്ത് കളിപ്പിക്കാന്‍ വാന്‍ഗല്‍ തയ്യാറായില്ല. പകരം വിങ്ങറായാണ് റിക്വല്‍മിയെ അയാള്‍ കളിപ്പിച്ചത്. അതിനേക്കാള്‍ വലിയ അനീതി റിക്വല്‍മിയോട് ചെയ്യാനുണ്ടായിരുന്നില്ല. സീസണിന്റെ മധ്യത്തില്‍ വാന്‍ഗലിനെ പരിശീലകസ്ഥാനത്തുനിന്ന് ബാഴ്‌സലോണ പുറത്താക്കിയെങ്കിലും റിക്വല്‍മിയോടുള്ള സമീപനത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. അയാള്‍ പിന്നെയും സബ്സ്റ്റിറ്റിയൂട്ട് ആയി മാത്രം പരിഗണിക്കപ്പെട്ടു.

2003ല്‍ ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോയെ ബാഴ്‌സലോണ ടീമിലെത്തിച്ചപ്പോള്‍ പരമാവധി വിദേശകളിക്കാരുടെ എണ്ണത്തില്‍ കൂടുതലായി. ഇതോടെ റിക്വല്‍മി വായ്പാടിസ്ഥാനത്തില്‍ വിയ്യാറയലിലേയ്ക്ക് മാറി. വിയ്യാറയലില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അവിടെ സ്ഥിരമായി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ച റിക്വല്‍മി വീണ്ടും താളം കസണ്ടെത്തി. പഴയ ഫോമിലേയ്ക്ക് തിരിച്ചെത്തി. കോച്ച് മാനുവല്‍ പെല്ലെഗ്രിനിയുടെ കീഴില്‍ മാര്‍ക്കോസ് സെന്ന, സാന്റി കസോര്‍ല, ഡീഗോ ഫോര്‍ലാന്‍ എന്നിവര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി വിയ്യാറയലിന് വന്‍നേട്ടങ്ങളുണ്ടാക്കിക്കൊടുത്തു റിക്വല്‍മി. 2004-2005 സീസണില്‍ ലാലിഗയില്‍ ചരിത്രത്തിലാദ്യമായി മൂന്നാമതെത്തിയ വിയ്യാറയല്‍ 2006ല്‍ ചാമ്പ്യന്‍സ് ലീഗില്‍ സെമിഫൈനലിലെത്തുകയെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. എന്നാല്‍ സെമിഫൈനലില്‍ ആഴ്‌സലിനെതിരായ രണ്ടാം പാദ മത്സരത്തിലെ അവസാന നിമിഷം ടീമിന് ലഭിച്ച പെനാല്‍റ്റി റിക്വല്‍മി നഷ്ടപ്പെടുത്തിയതോടെയായിരുന്നു ആ മുന്നേറ്റം അവസാനിച്ചത്. ആ പെനാല്‍റ്റി ഗോളാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കളി എക്‌സ്ട്രാ ടൈമിലേയ്ക്ക് നീട്ടിയെടുക്കാന്‍ വിയ്യാറയലിന് കഴിയുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ആഴ്‌സനല്‍ ഗോള്‍കീപ്പര്‍ ജെന്‍സ് ലേമാന്‍, റിക്വല്‍മിയുടെ പെനാല്‍ കിക്ക് തടുത്തു. കളി ഗോള്‍രഹിത സമനിലയിലാവുകയും ആദ്യ പാദ മത്സരത്തിലെ ഒരു ഗോള്‍ ജയത്തിന്റെ പിന്‍ബലത്തില്‍ ആഴ്‌സനല്‍ ഫൈനലിലേയ്ക്ക് മുന്നേറുകയും ചെയ്തു. ആ പെനാല്‍റ്റി നഷ്ടം പിന്നീട് റിക്വല്‍മിയെ ഏറെക്കാലം വേട്ടയാടി. 2004-2005 സീസണിന്റെ അവസാനം സ്‌പെയിനിലെ സ്‌പോര്‍ട്‌സ് പത്രമായ മാഴ്‌സ റിക്വല്‍മിക്ക് മോസ്റ്റ് ആര്‍ട്ടിസ്റ്റിക്ക് പ്ലേയര്‍ എന്ന പുരസ്‌കാരം നല്‍കി. ആ വര്‍ഷം 35 കളികളില്‍ നിന്ന് 15 ഗോള്‍ നേടിയ റിക്വല്‍മി ഫിഫ വേള്‍ഡ് പ്ലേയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിനുള്ള നോമിനേഷനും കരസ്ഥമാക്കി.

2003 ഏപ്രില്‍ 30നാണ് റിക്വല്‍മി തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടുന്നത്. ലിബിയയ്‌ക്കെതിരെ ട്രിപ്പോളിയില്‍ വെച്ച് നടന്ന സൗഹൃദ മത്സരത്തിലായിരുന്നു അത്. മത്സരം അര്‍ജന്റീന ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചു. പിന്നീട് 2004 നവംബര്‍ 17ന് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയ്‌ക്കെതിരെയായിരുന്നു റിക്വല്‍മിയുടെ അര്‍ജന്റീന ജേഴ്‌സിയിലെ രണ്ടാമത്തെ ഗോള്‍. മത്സരം അര്‍ജന്റീന ജയിച്ചു. പിന്നീട് 2005ല്‍ ഫിഫ കോണ്‍ഫഡറേഷന്‍സ് കപ്പിന് തൊട്ടുമുമ്പ് ബ്രസീലിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് റിക്വല്‍മി അര്‍ജന്റീനയ്ക്കുവേണ്ടി ഗോള്‍ നേടിയത്. 3-1ന് അര്‍ജന്റീന ജയിച്ച മത്സരമായിരുന്നു അത്. അതേവര്‍ഷം അര്‍ജന്റീനയ്ക്കുവേണ്ടി രണ്ട് ഗോള്‍ കൂടി റിക്വല്‍മി നേടി. 2005ലെ കോണ്‍ഫഡറേഷന്‍സ് കപ്പില്‍ ഹോസെ പെക്കര്‍മാന്‍ പരിശീലിപ്പിച്ച അര്‍ജന്റീനയ്ക്കുവേണ്ടി റിക്വല്‍മി മൂന്ന് ഗോള്‍ നേടി. എന്നാല്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അര്‍ജന്റീന ബ്രസീലിനോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. ടൂര്‍ണമെന്റിലെ മികച്ച രണ്ടാമത്തെ താരത്തിനുള്ള സില്‍വര്‍ ബോള്‍ റിക്വല്‍മിക്കാണ് ലഭിച്ചത്. തുടര്‍ന്ന് ഹോസെ പെക്കര്‍മാന്‍ തന്നെ പരിശീലിപ്പിച്ച അര്‍ജന്റീനയുടെ 2006 ലോകകപ്പ് ടീമിലും റിക്വല്‍മി ഉള്‍പ്പെട്ടു. ഇത്തവണ ഇതാദ്യമായി റിക്വല്‍മിക്ക് പത്താം നമ്പര്‍ ജേഴ്‌സി അര്‍ജന്റീന നല്‍കി. നെതര്‍ലന്റ്‌സും സെര്‍ബിയയും ഐവറി കോസ്റ്റും ഉള്‍പ്പെട്ട മരണഗ്രൂപ്പിലായിരുന്നു അര്‍ജന്റീന ഉള്‍പ്പെട്ടത്. ആദ്യമത്സരത്തില്‍ ഐവറി കോസ്റ്റിനെ 2-1ന് തോല്പിച്ച അര്‍ജന്റീന രണ്ടാം മത്സരത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത ആറ് ഗോളിന് തകര്‍ത്തുവിട്ടു. അന്ന് തുടര്‍ച്ചയായ 24 പാസുകള്‍ക്ക് ശേഷം എസ്തബാന്‍ കാമ്പിയാസോ നേടിയ ഗോളിന്റെ മുഖ്യ സൂത്രധാരന്‍ റിക്വല്‍മിയായിരുന്നു. ഫുട്‌ബോളിന്റെ ചരിത്രത്തിലെത്തന്നെ എക്കാലത്തെയും മനോഹരമായ ഗോളുകളിലൊന്നായാണ് അത് കണക്കാക്കപ്പെടുന്നത്. മത്സരത്തിലെ നാലാമത്തെ ഗോളിലും റിക്വല്‍മിയുടെ സ്പര്‍ശമുണ്ടായിരുന്നു. മത്സരത്തില്‍ റിക്വല്‍മി പ്ലേയര്‍ ഓഫ് ദമാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ്പില്‍ നെതര്‍ലന്റ്‌സിനൊപ്പം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലെത്തിയ അര്‍ജന്റീന മെക്‌സിക്കോയെ 2-1ന് പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിക്കെതിരെ 49-ാമത്തെ മിനിറ്റില്‍ റിക്വല്‍മിയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നാണ് റോബര്‍ട്ടോ അയാളെ അര്‍ജന്റീനയെ മുന്നിലെത്തിക്കുന്നത്. എന്നാല്‍ മത്സരത്തിന്റെ 72-ാമത്തെ മിനിറ്റില്‍ കോച്ച് പെക്കര്‍മാന്‍ റിക്വല്‍മിയ്ക്ക് പകരം എസ്തബാന്‍ കാമ്പിയാസോയെ ഇറക്കുന്നു. പെക്കര്‍മാന്റെ മണ്ടന്‍ തീരുമാനമായിരുന്നു അതെന്ന് പിന്നീട് വിയലയിരുത്തപ്പെട്ടു. റിക്വല്‍മി കളത്തില്‍ നിന്ന് കയറി എട്ടാമത്തെ മിനിറ്റില്‍ മിറസ്ലോവ് ക്ലോസെയിലൂടെ ജര്‍മനി അര്‍ജന്റീനയ്‌ക്കൊപ്പമെത്തി. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന തോറ്റു.

2006 ലോകകപ്പ് തോല്‍വിക്കുശേഷം പെക്കര്‍മാന് പകരം ആല്‍ഫിയോ ബാസിലെ അര്‍ജന്റീനിയന്‍ ടീമിന്റെ കോച്ചായപ്പോള്‍ ക്യാപ്റ്റനായി നിയമിക്കപ്പെട്ടത് റിക്വല്‍മിയായിരുന്നു. എന്നാല്‍ ബ്രസീലിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റതോടെ രൂക്ഷവിമര്‍ശനമാണ് റിക്വല്‍മിക്കെതിരെ ഉയര്‍ന്നത്. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം റിക്വല്‍മിക്കാണെന്നായിരുന്നു വിമര്‍ശനം. തുടര്‍ന്ന് രണ്ട് മാസത്തിനിടെ രണ്ട് തവണ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നതോടെ റിക്വല്‍മി അര്‍ജന്റീന ജേഴ്‌സിയില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ആ ഘട്ടത്തില്‍ 37 മത്സരങ്ങളാണ് റിക്വല്‍മി അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ചിരുന്നത്. എന്നാല്‍ 2007 ജൂണില്‍ ആല്‍ഫിയോ ബാസിലെ കോച്ചായ കോപ്പ അമേരിക്കയില്‍ പങ്കെടുക്കുന്ന അര്‍ജന്റീന ടീമിലേയ്ക്ക് റിക്വല്‍മിയെ തിരിച്ചുവിളിച്ചു. ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയ അര്‍ജന്റീന പക്ഷെ ഫൈനലില്‍ ബ്രസീലിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു. ടൂര്‍ണമെന്റ്ിലുടനീളം ഉജ്ജ്വലമായി കളിച്ച റിക്വല്‍മി അഞ്ച് ഗോള്‍ നേടി രണ്ടാമത്തെ ടോപ് സ്‌കോററായി. തുടര്‍ന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ചിലിയ്‌ക്കെതിരെയും ബൊളീവിയ്‌ക്കെതിരെയും ഇരട്ട ഗോളുകള്‍ നേടി. 2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ റിക്വല്‍മിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന സ്വര്‍ണം നേടി. 2009 മാര്‍ച്ചില്‍ കോച്ച് ഡീഗോ മറഡോണയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് റിക്വല്‍മി വീണ്ടും വിരമിക്കല്‍ പ്രഖ്യാപിച്ചു. 2011ല്‍ അലക്‌സാണ്ട്രോ സബെല്ല അര്‍ജന്റീനയുടെ കോച്ചായി നിയോഗിക്കപ്പെട്ടപ്പോള്‍ റിക്വല്‍മിയെ ദേശീയ ടീമിലേയ്ക്ക് തിരഞ്ഞെടുത്തെങ്കിലും ക്ലബ് മത്സരങ്ങള്‍ക്കിടെയുണ്ടായ പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പിന്മാറുകയായിരുന്നു. 2007ല്‍ വിയ്യാ റയലില്‍ നിന്ന് ബൊക്ക ജൂനിയേഴ്‌സില്‍ തിരിച്ചെത്തിയ റിക്വല്‍മി 2014 വരെ അവിടെ തുടര്‍ന്നു. തുടര്‍ന്ന് അര്‍ജന്റീനോസ് ജൂനിയേഴ്‌സില്‍ ചേര്‍ന്ന റിക്വല്‍മി മുപ്പത്തേഴാമത്തെ വയസില്‍ 2015 ജനുവരി 25ന് ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 2023 ഡിസംബറില്‍ ബൊക്ക ജൂനിയേഴ്‌സിന്റെ പ്രസിഡന്റായി റിക്വല്‍മി തിരഞ്ഞെടുക്കപ്പെട്ടു. അര്‍ജന്റീനാസ് ഫുട്‌ബോളര്‍ ഓഫ് ദ ഇയറായി നാല് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള റിക്വല്‍മി സൗത്ത് അമേരിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായി ഒരു തവണയും തിരഞ്ഞെടുക്കപ്പെട്ടു. 2006ലും 2007ലും ഫിഫ വേള്‍ഡ് പ്ലേയര്‍ ഓഫ് ദ ഇയറിനുള്ള നോമിനിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള റിക്വല്‍മി 2005ലെയും 2007ലെയും ബാലന്‍ദ്യോര്‍ പുരസ്‌കാരത്തിനുള്ള പട്ടികയിലും ഇടം പിടിച്ചു. അര്‍ജന്റീനിയ്ക്കുവേണ്ടി 51 കളികളില്‍ 17 ഗോളാണ് റിക്വല്‍മി നേടിയത്. വിവിധ ക്ലബുകള്‍ക്കായി 443 മത്സരങ്ങളില്‍ കളിച്ച റിക്വല്‍മി 106 ഗോള്‍ നേടി.

ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച പ്ലേമേക്കര്‍മാരിലൊരാളായ യുവാന്‍ റോമന്‍ റിക്വല്‍മി ലോകഫുട്‌ബോളിന് അര്‍ജന്റീന സംഭാവന ചെയ്ത ഏറ്റവും മികച്ച ഫുട്‌ബോള്‍ പ്രതിഭകളിലൊരാളുമാണ്. മനോഹരമായ കേളീശൈലി കൊണ്ടും അത്യന്തം സര്‍ഗാത്മകവും ബുദ്ധിപൂര്‍വവുമായ പാസിംഗ് കൊണ്ടും ഇത്രമേല്‍ ആനന്ദം സ്മ്മാനിച്ച മറ്റൊരു ഫുട്‌ബോള്‍ കളിക്കാരനില്ല. അസാധാരണമായ ഡ്രിബ്ലിംഗ് മികവ്, കളത്തിലെ മുന്‍കൂട്ടിയുള്ള നീക്കങ്ങള്‍, ഗോളടിക്കാനുള്ള കഴിവ്, സാങ്കേതികത്തികവ്, പന്തിനുമേലുള്ള നിയന്ത്രണം എന്നിവയെല്ലാം റിക്വല്‍മിയെ ഒരു മികച്ച ഫുട്‌ബോള്‍ കളിക്കാരനാക്കി മാറ്റി. എതിരാളികളുടെ കളിയുടെ താളം പോലും റിക്വല്‍മിയാണ് നിയന്ത്രിച്ചത്. എതിരാളികള്‍ എങ്ങനെ കളിക്കണമെന്നതുപോലും അയാളാണ് തീരുമാനിച്ചത്. അത്തരത്തില്‍ കളിയുടെ മൊത്തം അജണ്ട സെറ്റ് ചെയ്യാന്‍ റിക്വല്‍മിക്കായി. സ്‌ട്രൈക്കര്‍മാര്‍ക്ക് തൊട്ടുപിറകിലായി അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായി കളിക്കുകയും സഹകളിക്കാര്‍ക്ക് അവസരങ്ങളുണ്ടാക്കിക്കൊടുക്കുകയും ചെയ്ത റിക്വല്‍മി ഒരു മ്യൂസിക് കണ്ടക്ടറെപ്പോലെ ടീമിന്റെ മൊത്തം നിയന്ത്രണമേറ്റെടുത്തു. എല്ലാ അര്‍ത്ഥത്തിലും നിസ്വാര്‍ത്ഥനായ ടീംപ്ലേയറായിരുന്നു റിക്വല്‍മി. എന്നാല്‍ കളിക്കളത്തിലെ വേഗതക്കുറവും സ്വതവേ ഉള്‍വലിഞ്ഞ പ്രകൃതവും റിക്വല്‍മിക്ക് വിമര്‍ശകരേയും നേടിക്കൊടുത്തു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. എന്തായാലും ഫുട്‌ബോളിലെ ഏറ്റവും മികച്ച പത്താം നമ്പര്‍ കളിക്കാരിലൊരാളാണ് റിക്വല്‍മി. ഫുട്‌ബോളിന്റെ ചരിത്രമെഴുതുമ്പോള്‍ ഏത് നിലയിലും അതിന്റെ ഭാഗമാകാന്‍ കെല്പുള്ള ഒരാള്‍. കളിയിലെ നിര്‍ണായക നിമിഷങ്ങളില്‍ പ്രത്യക്ഷനാവുകയും അസാധാരണ മികവ് പുറത്തെടുക്കുകയും ചെയ്ത കളിക്കാരന്‍. അര്‍ജന്റീനയുടെ പരിശീലകനായിരുന്നു ഹോസെ പെക്കര്‍മാന്‍ പറഞ്ഞതുപോലെ റിക്വല്‍മി ഒരു റിബലായിരുന്നു. അയാളെപ്പോലെ വേണ്ടത്ര റിബലുകള്‍ ഫുട്‌ബോളിലുണ്ടായിട്ടില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments