കെ.ശ്രീജിത്ത്
ഒരു ദശകത്തിലധികം ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച ഫാസ്റ്റ് ബൗളറായി മിന്നിത്തിളങ്ങിയ താരമാണ് സഹീര്‍ ഖാന്‍. പുതിയ പന്ത് വിക്കറ്റിന് ഇരുവശത്തേയ്ക്കും സ്വിങ് ചെയ്യിക്കാനും പഴയ ബോളില്‍ റിവേഴ്‌സ് സ്വിങ് കണ്ടെത്താനുമുള്ള അസാമാന്യ കഴിവാണ് സഹീര്‍ ഖാന്‍ എന്ന ഫാസ്റ്റ് ബൗളറെ വേറിട്ടുനിര്‍ത്തിയിരുന്നത്. എല്ലാ അര്‍ത്ഥത്തിലും ഒരു ഫാസ്റ്റ് ബൗളറായിരുന്നു സഹീര്‍ ഖാന്‍. നല്ല ഉയരമുള്ള, ബലിഷ്ഠനായ, മികച്ച ആക്ഷനും റണ്ണപ്പുമുള്ള ബൗളര്‍. ലൈനിലും ലെങ്ത്തിലും സഹീറിനെപ്പോലെ കൃത്യത പാലിച്ച ഫാസ്റ്റ് ബൗളര്‍മാര്‍ കുറവായിരിക്കും. പിച്ചില്‍ നിന്ന് ബൗണ്‍സ് കണ്ടെത്താനുള്ള കഴിവ് കൂടി ചേര്‍ന്നതോടെ ശരിക്കും അപകടകാരിയായ ബൗളറായി മാറി സഹീര്‍ ഖാന്‍. തുടക്കക്കാലത്ത് സഹീര്‍ എറിഞ്ഞ യോര്‍ക്കറുകള്‍ മിന്നുംവേഗത്തിലുള്ളവയായിരുന്നു. അക്കാലത്ത് യോര്‍ക്കര്‍ എറിയുന്ന ഒരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ എന്നതുതന്നെ കൗതുകമുള്ള കാഴ്ചയായിരുന്നു. അന്നേവരെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ അധികമൊന്നും എറിഞ്ഞുകണ്ടിട്ടില്ലാത്ത ഒന്നായിരുന്നു യോര്‍ക്കര്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയുന്ന ബൗളറായിരുന്നു സഹീര്‍ ഖാന്‍. ഓപ്പണിംഗ് ബൗളര്‍ എന്ന നിലയില്‍ റണ്ണധികം വിട്ടുകൊടുക്കാതെ മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞ സഹീര്‍ ഖാന്‍ മിക്കപ്പോഴും ആദ്യ സ്‌പെല്ലില്‍ത്തന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി.

ഇടംകൈയ്യന്‍ ബാറ്റര്‍മാരെ വീഴ്ത്തുന്നതില്‍ പ്രത്യേക വിരുതുണ്ടായിരുന്നു സഹീര്‍ ഖാന്. അവരെ അയാള്‍ വട്ടം കറക്കി. ഗ്രേയം സ്മിത്ത്, സനത് ജയസൂര്യ, മാത്യു ഹെയ്ഡന്‍, കുമാര്‍ സംഗക്കാര തുടങ്ങി ലോകത്തെത്തന്നെ ഏറ്റവും മികച്ച ചില ഇടംകൈയ്യന്‍ ബാറ്റര്‍മാരെ അന്താരാഷ്ട്ര മത്സരങ്ങളില്‍ പത്ത് തവണയിലധികം പുറത്താക്കിയ ബൗളറാണ് സഹീര്‍ ഖാന്‍. മാത്രമല്ല, മുത്തയ്യ മുരളീധരനും ഷോണ്‍ പൊള്ളോക്കിനും പിന്നില്‍ മൂന്നാമതായി ഏറ്റവും കൂടുതല്‍ ഇടംകൈയ്യന്‍ ബാറ്റര്‍മാരെ പുറത്താക്കിയ ബൗളറാണ് സഹീര്‍ ഖാന്‍. മുത്തയ്യ മുരളീധരന്‍ 325 തവണയും ഷോണ്‍ പൊള്ളോക്ക് 252 തവണയും ഇട്‌കൈയ്യന്‍ ബാറ്റര്‍മാരെ പുറത്താക്കിയപ്പോള്‍ സഹീര്‍ 237 ഇടംകൈയ്യന്‍മാരെ പുറത്താക്കി. മുരളീധരനേയും പൊള്ളോക്കിനേയുംക്കാള്‍ കുറവ് മത്സരങ്ങളെ സഹീര്‍ ഖാന്‍ കളിച്ചിട്ടുള്ളൂ എന്നതുകൂടി നാം ഓര്‍ക്കണം. ഇടംകൈയ്യന്‍മാര്‍ സഹീറിനെ എത്രത്തോളം ഭയപ്പെട്ടിരുന്നുവെന്ന് ആ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കരിയറില്‍ ഇടയ്ക്കിടെ ഉണ്ടായ പരിക്കുകള്‍ സഹീര്‍ ഖാനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ആ പരിക്കുകള്‍ എത്രയോ മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്ന് സഹീറിനെ തടഞ്ഞു. പരിക്കുകളില്ലായിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ എത്ര മികച്ച നേട്ടങ്ങള്‍ സഹീര്‍ കരിയറില്‍ ഉണ്ടാക്കിയേനെ. ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ ചത്ത പിച്ചുകളില്‍ സഹീര്‍ ഖാനെക്കാള്‍ മെച്ചപ്പെട്ട് പന്തെറിഞ്ഞ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ വളരെക്കുറവാണ്. പ്രത്യേകിച്ചും പഴയ പന്തില്‍ റിവേഴ്‌സ് സ്വിങ് കണ്ടെത്തുന്ന കാര്യത്തില്‍ അയാള്‍ മറ്റ് പല ഇന്ത്യന്‍ പേസര്‍മാരെക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന എസ്.ജി, ഡ്യൂക്ക്, കൂക്കബുറ എന്നീ മൂന്ന് പന്തുകളിലും ഒരുപോലെ നിയന്ത്രണം കണ്ടെത്തിയ അപൂര്‍വം ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാള്‍ക്കൂടിയാണ് സഹീര്‍ ഖാന്‍. പാകിസ്താന്റെ ഇതിഹാസ ഫാസ്റ്റ് ബൗളറായ വാസിം അക്രവുമായാണ് ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ പലപ്പോഴും സഹിര്‍ ഖാനെ താരതമ്യം ചെയ്തിരുന്നത് എന്നതിനേക്കാള്‍ വലിയൊരു ബഹുമതി സഹീര്‍ ഖാന് കിട്ടാനില്ല. അക്രത്തിന്റെ അത്ര മിടുക്ക് ഉണ്ടായിരുന്നില്ലെങ്കിലും അക്രത്തോളം പോന്ന മനോധൈര്യം സഹീര്‍ ഖാനുമുണ്ടായിരുന്നു. എങ്ങനെ വിക്കറ്റ് നേടണം എന്നതതിനെക്കുറിച്ച് സഹീറിന് നല്ല ധാരണയുണ്ടായിരുന്നു. ബാറ്റര്‍ക്കെതിരെ എപ്പോള്‍ സര്‍വശക്തിയുമെടുത്ത് ആക്രമിക്കണമെന്നതിനെക്കുറിച്ച് അയാള്‍ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ബാറ്റര്‍മാര്‍ ഏതെങ്കിലും തരത്തിലുള്ള ബലഹീനത കാണിച്ചാല്‍ യാതൊരു അനുകമ്പയുമില്ലാതെ അത് പരമാവധി മുതലാക്കുന്ന ബൗളറായിരുന്നു സഹീര്‍. അതുപോലെത്തന്നെ അമിതാഹ്ലാദം കാണിക്കാത്ത, ഏതെങ്കിലും തരത്തില്‍ പൊങ്ങച്ചം കാണിക്കുന്ന വ്യക്തിയായിരുന്നില്ല ക്രിക്കറ്റ് ഫീല്‍ഡില്‍ സഹീര്‍ ഖാന്‍. എതിരാളികളെ അങ്ങേയറഅറം ബഹുമാനിക്കുന്ന, ശാന്തനും ക്ഷമാശീലനുമായ, വകതിരിവും ഔചിത്യവും വേണ്ടുവോളം കാണിച്ച ഒന്നാംതരം ക്രിക്കറ്റര്‍.

രണ്ടായിരത്തില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇതിഹാസ ബാറ്റര്‍ സ്റ്റീവ് വോയെ ഒരു ഫുള്‍ ലെങ്ത്ത് പന്തിലൂടെ ക്ലീന്‍ ബൗള്‍ ചെയ്തതു മുതലാണ് ലോകം ശരിക്കും സഹീര്‍ ഖാനെന്ന ബൗളറെ ശ്രദ്ധിച്ചുതുടങ്ങുന്നത്. ആ ഒരൊറ്റ പന്തോടെ ലോകക്രിക്കറ്റില്‍ പുതിയൊരു മികച്ച ഫാസ്റ്റ് ബൗളര്‍ ഉദയം കൊള്ളുകയായിരുന്നു. എന്നാല്‍ 2003-2004ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയുണ്ടായ പരിക്ക് പിന്നീട് ഏറെക്കാലം സഹീറിനെ വേട്ടയാടി. അടുത്ത രണ്ട് വര്‍ഷക്കാലവും പലപ്പോഴായി പരിക്കുകള്‍ അയാളെ ബുദ്ധിമുട്ടിച്ചു. തുടര്‍ന്ന് 2006ല്‍ റണ്ണപ്പ് കുറച്ച് ബൗള്‍ ചെയ്ത് തുടങ്ങിയതോടെ സഹീര്‍ വീണ്ടും തന്റെ പഴയ ഫോമിലേയ്ക്ക് തിരിച്ചെത്തി. ആ സീസണില്‍ കൗണ്ടിയില്‍ വോഴ്‌സസ്റ്റര്‍ഷെയറിനുവേണ്ടി അയാള്‍ 78 വിക്കറ്റുകളാണ് വീഴ്ത്തിയത്. അതിനുശേഷം നടന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഓപ്പണിംഗ് ബൗളിംഗില്‍ സഹീര്‍ ഖാന്‍ ശ്രീശാന്തിന് പറ്റിയ കൂട്ടായി. അധികം വൈകാതെ ഇന്ത്യയുടെ നമ്പര്‍ വണ്‍ ഫാസ്റ്റ് ബൗളര്‍ എന്ന ലേബലിലേയ്ക്ക് അയാള്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിലെ ട്രെന്റ് ബ്രിഡ്ജി്ല്‍ നടന്ന ടെസ്റ്റ് മത്സരത്തിലെ പ്രകടനത്തോടെയായിരുന്നു അത്. ആ മത്സരം ഇന്ത്യ ജയിച്ചു. ഇംഗ്ലണ്ടിലെ ഇന്ത്യയുടെ അഞ്ചാമത്തെ മാത്രം ടെസ്റ്റ് വിജയമായിരുന്നു അത്. ഈ പുതിയ സഹീര്‍ ഖാന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗിന്റെ നേതാവ് എന്ന ലേബലിലേയ്ക്ക് മാത്രമല്ല തിരിച്ചെത്തിയത്. മറിച്ച്, ലോകത്തെത്തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളെന്ന പട്ടത്തിലേയ്ക്ക് കൂടിയായിരുന്നു. തുടര്‍ന്ന് അയാളുടെ കൂടെ മിടുക്കില്‍ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ടീമായി. 2011 ലോകകപ്പില്‍ ജേതാക്കളായി.

ലോകകപ്പില്‍ ചാമ്പ്യന്‍മാരായ നിമിഷമാണ് ക്രിക്കറ്റ് ജീവിതത്തിലെ തന്റെ ഏറ്റവും മികച്ച നിമിഷമെന്ന് സഹീര്‍ ഖാന്‍ എപ്പോഴും പറഞ്ഞു. ആ ലോകകപ്പിലാണ് ക്രിക്കറ്റിലാദ്യമായി നക്ക്ള്‍ ബോള്‍ അവതരിപ്പിക്കപ്പെടുന്നത്. അതിന്റെ ഉപജ്ഞാതാവ് മറ്റാരുമല്ല സഹീര്‍ ഖാനായിരുന്നു. നക്ക്ള്‍ ബോള്‍ ഏറ്റവും നന്നായി എറിഞ്ഞ സഹീര്‍ അതിലൂടെ നിര്‍ണായക സമയങ്ങളില്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇയാന്‍ ബെല്ലിന്റെയും പോള്‍ കോളിംഗ്‌വുഡിന്റെയും വിക്കറ്റുകള്‍ സഹീര്‍ ഖാന്‍ വീഴ്ത്തിയത് നക്ക്ള്‍ ബോളിലൂടെയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഡെവണ്‍ സ്മിത്തിന്റേയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ മൈക്കല്‍ ഹസ്സിയുടേയും വിക്കറ്റുകള്‍ സഹീര്‍ നേടിയതും അതേ നക്ക്ള്‍ ബോളിലൂടെത്തന്നെയായിരുന്നു. 2011 ലോകകപ്പില്‍ ഇന്ത്യന്‍ കാണികള്‍ക്ക് മുന്നില്‍ കളിക്കാനായി താന്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നതെന്നും ആ ലോകകപ്പില്‍ താന്‍ പുതിയൊരു പന്ത് പരീക്ഷിക്കാന്‍ വേണ്ടി വികസിപ്പിച്ചെടുത്തിരുന്നുവെന്നും സഹീര്‍ പിന്നീട് പറഞ്ഞു. അതായിരുന്നു നക്ക്ള്‍ ബോള്‍. ഒരു വര്‍ഷത്തെ നിരന്തര ശ്രമത്തിനൊടുവിലാണ് താന്‍ ആ പന്ത് മികച്ച രീതിയില്‍ എറിയാന്‍ തുടങ്ങിയതെന്നും ലോകകപ്പിന് മുമ്പുള്ള മത്സരങ്ങളില്‍ അത് ബോധപൂര്‍വം പരീക്ഷിക്കാതെ ലോകകപ്പിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും അയാള്‍ പറഞ്ഞു. നക്ക്ള്‍ ബോള്‍ എനിക്ക് ഒരുപാട് വിജയം നേടിത്തന്നു. ഏറെ ബുദ്ധിമുട്ടി നടത്തുന്ന അത്തരം പരീക്ഷണങ്ങള്‍ വിജയിക്കുമ്പോള്‍ ഏറെ സംതൃപ്തി തോന്നാറുണ്ടെന്നും സഹീര്‍ പറഞ്ഞിരുന്നു. 2011 ലോകകപ്പില്‍ 21 വിക്കറ്റുകളാണ് സഹീര്‍ വീഴ്ത്തിയത്. അത് ഇന്ത്യയുടെ വിജയയത്തില്‍ ഏറെ നിര്‍ണായകമായി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറെന്ന നേട്ടം സഹീര്‍ പാകിസ്താന്റെ ഷഹീദ് അഫ്രീദിക്കൊപ്പം പങ്കിട്ടു.

ലോകകപ്പ് ജയത്തിനുശേഷം ഇന്ത്യയെ കാത്തിരുന്നത് ദീര്‍ഘമായൊരു ടെസ്റ്റ് സീസണായിരുന്നു. നാല് ടെസ്റ്റുകളടങ്ങുന്ന ഇംഗ്ലണ്ട് പര്യടനവും നാല് ടെസ്റ്റുകളടങ്ങുന്ന ഓസ്‌ട്രേലിയന്‍ പര്യടനവും ഇതില്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നു. ഈ സാഹചര്യത്തില്‍ ഇവിടെയെല്ലാം മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ടീം സഹീര്‍ ഖാനെയാണ് ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ടെസ്റ്റ് സീസണിന്റെ ആദ്യദിനം തന്നെ സഹീര്‍ ഖാന് പരിക്കേറ്റത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട മാച്ച് വിന്നറെ നഷ്ടപ്പെട്ടതോടെ ഇന്ത്യ ആ മത്സരങ്ങളിലെല്ലാം തോല്‍വി വഴങ്ങി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ജോഹന്നസ്ബര്‍ഗില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ സഹീര്‍ ഖാന്‍ തിരിച്ചെത്തുന്നതുവരെ ഇന്ത്യ വിദേശ മണ്ണില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ തോല്‍വിയുടെ ഒരു പരമ്പര തന്നെ തീര്‍ത്തു. മുപ്പത്തഞ്ചാം വയസിലും ആവനാഴിയിലെ എല്ലാ തന്ത്രങ്ങളും അതുപോലെത്തന്നെ ബാക്കിയുണ്ടായിരുന്നെങ്കിലും പന്തുകളുടെ വേഗത ഗണ്യമായി കുറഞ്ഞത് സഹീറിന് തിരിച്ചടിയായി. പതുക്കെപതുക്കെ അയാള്‍ നിറംമങ്ങിത്തുടങ്ങി. എന്നാല്‍ സഹീര്‍ കളിച്ച അവസാന ടെസ്റ്റ് മത്സരത്തില്‍ അയാള്‍ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ന്യൂസിലാന്റിനെതിരായ മത്സരത്തിലായിരുന്നു അത്. 2015 ഒക്ടോബര്‍ 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി സഹീര്‍ ഖാന്‍ ലോകത്തെ അറിയിച്ചു.

ടെസ്റ്റ് ക്രിക്കറ്റിനോട് തനിക്കൊരു പ്രത്യേക ഇഷ്ടമുണ്ടെന്ന് സഹീര്‍ ഖാന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിനെ അയാള്‍ അത്രമാത്രം വിലമതിച്ചിരുന്നു. ക്രിക്കറ്റിലെ ആ ഫോര്‍മാറ്റിനെ അയാള്‍ എപ്പോഴും നെഞ്ചോട് ചേര്‍ത്തുപിടിച്ചു. ടെസ്റ്റ് ഫോര്‍മാറ്റാണ് ഒരു ക്രിക്കറ്റ് കളിക്കാരന്റെ ഏറ്റവും വലിയ പരീക്ഷണശാലയെന്ന് അയാള്‍ക്കറിയാമായിരുന്നു. ഒരു ക്രിക്കറ്ററാവുക എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കഴിവ് തെളിയിക്കുക എന്നതാണെന്ന് ലോകക്രിക്കറ്റിലെ ഒട്ടേറെ ഇതിഹാസങ്ങളെപ്പോലെ അയാളും കരുതി. ടെസ്റ്റ് ക്രിക്കറ്റിനുവേണ്ട കായികക്ഷമത പുലര്‍ത്താന്‍ സഹീര്‍ എപ്പോഴും കഠിനാദ്ധ്വാനം ചെയ്തു. ഓരോ തവണ പരിക്കേറ്റപ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ വേണ്ടി അയാള്‍ ഇരട്ടി പണിയെടുത്തു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി അയാള്‍ പരിമിത ഓവര്‍ ക്രിക്കറ്റിനോട് നേരത്തെ വിട പറഞ്ഞു. കൂടെക്കൂടെയുണ്ടായ പരിക്കുകളില്ലായിരുന്നെങ്കില്‍ സഹീര്‍ ഇന്ത്യയ്ക്കുവേണ്ടി നൂറ് ടെസ്റ്റ് കളിക്കുകയെന്ന നാഴികക്കല്ല് പിന്നിടുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ പരിക്ക് അയാളെ അതില്‍ നിന്ന് തടഞ്ഞു. എന്നിട്ടും ആ നേട്ടത്തിന് വെറും എട്ട് മത്സരം മാത്രം അകലെയായിരുന്നു അയാള്‍ എന്നത് ശ്രദ്ധേയമാണ്. 92 ടെസ്റ്റുകളില്‍ നിന്ന് 311 വിക്കറ്റാണ് സഹീര് ഖാന്‍ വീഴ്ത്തിയത്. 32.94 ആണ് ശരാശരി. പതിനൊന്ന് തവണ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെന്ന നേട്ടവും ഒരുതവണ മത്സരത്തില്‍ പത്ത് വിക്കറ്റെന്ന നേട്ടവും അയാള്‍ സ്വന്തമാക്കി. 200 ഏകദിനങ്ങളില്‍ നിന്നായി സഹീര്‍ 282 വിക്കറ്റാണ് നേടിയത്. 29.43 ആണ് ശരാശരി. മത്സരത്തില്‍ അഞ്ച് വിക്കറ്റെന്ന നേട്ടം ഒരുതവണ സ്വന്തമാക്കി. 17 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 26.35 ശരാശരിയോടെ 17 വിക്കറ്റാണ് സഹീര്‍ വീഴ്ത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൊത്തം 610 വിക്കറ്റ്. മൂന്ന് ലോകകപ്പുകളില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച സഹീര്‍ ഖാന്‍ 23 മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റ് വീഴ്ത്തി. ടെസ്റ്റില്‍ 1231ഉം ഏകദിനത്തില്‍ 792ഉം ട്വന്റി20യില്‍ 13ഉം റണ്ണാണ് സഹീര്‍ നേടിയത്. പലപ്പോഴും വാലറ്റത്ത് വമ്പന്‍ അടികളിലൂടെ സ്‌കോര്‍ ഉയര്‍ത്താന്‍ കെല്പുള്ള ബാറ്റര്‍ കൂടിയായിരുന്നു സഹീര്‍ ഖാന്‍. ടെസ്റ്റില്‍ പതിനൊന്നാമനായ ഇറങ്ങി 75 റണ്‍സെടുത്ത ചരിത്രമുണ്ട് സഹീര്‍ ഖാന്. ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു ഇത്. ടെസ്റ്റില്‍ പത്താം വിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട് സച്ചിന്‍ തെന്‍ഡുല്‍ക്കറും സഹീര്‍ ഖാനും ചേര്‍ന്നുള്ളതാണ്. 133 റണ്‍സ്.

കപില്‍ ദേവിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറാണ് സഹീര്‍ഖാന്‍. ഒന്നര പതീറ്റാണ്ടോളം ഫാസ്റ്റ് ബൗളറായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരുക എന്നത് ഏറെ ദുഷ്‌കരമായ കാര്യമാണ്. പ്രത്യകിച്ചും ഇന്ത്യന്‍ പിച്ചുകളില്‍ ഒരു ഫാസ്റ്റ് ബൗളറായി തിളങ്ങുക എന്നത് ഏറെ കഷ്ടപ്പാടുള്ള, അതികഠിനമായ പ്രയത്‌നം ആവശ്യമുള്ള ഒന്നാണ്. അവിടെയാണ് സഹീര്‍ ഖാന്‍ എന്ന പേസറുടെ മിടുക്ക്. ഇന്ത്യന്‍ പിച്ചുകളില്‍ പുതിയ പന്തില്‍ ഇരുവശത്തേയ്ക്കും സ്വിങും പഴയ പന്തില്‍ റിവേഴ്‌സ് സിങും നേടാന്‍ അയാള്‍ക്ക് സാധിച്ചു. അതുവഴി അയാള്‍ ഒട്ടേറെ വിക്കറ്റുകളും വീഴ്ത്തി. ടീം ഇന്ത്യയെ ആ പ്രകടനങ്ങള്‍ എത്രത്തോളം സഹായിച്ചുവെന്നത് കേവലം കണക്കുകള്‍ക്കും അപ്പുറത്തുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ സഹീര്‍ ഖാന്‍ എന്ന ഫാസ്റ്റ് ബൗളര്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ അതുല്യവുമാണ്.



