കെ.ശ്രീജിത്ത്
ഹര്‍ഭജന്‍ സിംഗ് തന്റെ ക്രിക്കറ്റ് യാത്ര ആരംഭിക്കുന്നത് ജലന്ധറിലെ ഒരു ഗലിയില്‍ നിന്നാണ്. ഹര്‍ഭജനും കുടുംബവും താമസിച്ചിരുന്ന വീടിനടുത്തുള്ള ഗലി. പതിമൂന്നാമത്തെ വയസില്‍ ഗലിയില്‍ തന്റെ ഓഫ് സ്പിന്‍ ബൗളിംഗ് കൊണ്ട് എതിര്‍ ടീമിലെ ഓരോരുത്തരെയായി ഹര്‍ഭജന്‍ കീഴടക്കുന്നതുകണ്ട ദേവീന്ദര്‍ അറോറ എന്ന പ്രാദേശിക ക്രിക്കറ്റ് കോച്ച് അവന്റെ കഴിവില്‍ ആകൃഷ്ടനായി. പ്രത്യേകിച്ചും ഹര്‍ഭജന്റെ പ്രത്യേകതയുള്ള ബൗളിംഗ് ആക്ഷന്‍ അറോറയെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചത്. അങ്ങനെ ഹര്‍ഭജന്‍ സിംഗ് ദേവീന്ദര്‍ അറോറയുടെ പരിശീലക ജീവിതത്തിലെ ആദ്യ ശിഷ്യനാകുന്നു. 1992ലായിരുന്നു അത്. ദേവീന്ദര്‍ അറോറയും ഹര്‍ഭജന്‍ സിംഗും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നത്. ദേവീന്ദറിന് ഹര്‍ഭജന്റെ അച്ഛനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. ആ സൗഹൃദമാണ് മകനെയും കൊണ്ട് ദേവീന്ദറിന്റെ അടുത്തെത്താന്‍ ഹര്‍ഭജന്റെ അച്ഛനെ പ്രേരിപ്പിച്ചത്. ഇവന്‍ ക്രിക്കറ്റ് കളിക്കണമെന്ന് ആഗ്രഹിക്കുന്നു. അവന് അതിനുള്ള കഴിവുണ്ടോ എന്ന് ഒന്ന് നോക്കൂ എന്ന് ഹര്‍ഭജന്റെ അച്ഛന്‍ ദേവീന്ദറിനോട് പറയുന്നു. അങ്ങനെ ദേവീന്ദര്‍ അറോറ ഹര്‍ഭജന്റെ പരിശീലകനാകുന്നു. ഇതിനുമുമ്പ് ഹര്‍ഭജന്റെ ആദ്യ പരിശീലകനായിരുന്ന ചരണ്‍ജിത് സിംഗ് ഭുല്ലാര്‍ ഹര്‍ഭജനെ ഒരു ബാറ്റ്‌സ്മാനായാണ് പരിശീലിപ്പിച്ചിരുന്നത് എന്നത് മറ്റൊരു കൗതുകം. എന്നാല്‍ ഭൂല്ലാറിന്റെ അകാലത്തിലുള്ള മരണമാണ് ഹര്‍ഭജനെ ദേവീന്ദര്‍ അറോറയുടെ അടുത്തെത്തിച്ചത്.

ഞാന്‍ ആദ്യമായി ഹര്‍ഭജന്‍ ബൗള്‍ ചെയ്യുന്നതുകണ്ടപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് അവന് പിച്ചില്‍ നിന്ന് ലഭിക്കുന്ന ബൗണ്‍സാണ്. അത് സാധാരണ സ്പിന്നര്‍മാര്‍ക്ക് കിട്ടുന്നതിലും കൂടുതലായിരുന്നു. ആ നിമിഷം ഞാന്‍ ഉറപ്പിച്ചിരുന്നു ഇവന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന്. എന്നാല്‍ അവന്‍ നൂറ് ടെസ്റ്റുകളില്‍ ഇന്ത്യന്‍ കുപ്പായമണിയുമെന്ന്് എന്റെ വന്യമായ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് ദേവീന്ദര്‍ പിന്നീട് പറഞ്ഞു. പഞ്ചാബിനുവേണ്ടി വെറും പത്ത് ഫസ്റ്റ്് ക്ലാസ് മത്സരങ്ങളില്‍ മാത്രം കളിച്ച് പരിചയമുള്ള ആളായിരുന്നു ദേവീന്ദര്‍ അറോറ. കരിയറിന്റെ തുടക്കത്തില്‍ത്തന്നെ കാല്‍മുട്ടിനേറ്റ പരിക്ക് ദേവീന്ദറിന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. പതിനഞ്ച് വയസിന് താഴെയുള്ളവരുടെ ഒരു ഇന്റര്‍ ഡിസ്ട്രിക്ട് ടൂര്‍ണമെന്റിലെ മത്സരത്തിലായിരുന്നു ഹര്‍ഭജന്‍ ആദ്യമായി തന്നെ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തതെന്ന് ദേവീന്ദര്‍ പറയുന്നു. അമൃത്‌സറിനെതിരായ ആ മത്സരത്തില്‍ രണ്ടിന്നിങ്‌സിലുമായി ഹര്‍ഭജന്‍ വീഴ്ത്തിയത് 15 വിക്കറ്റുകളായിരുന്നു. മത്സരം ഹര്‍ഭജന്റെ ടീം അനായാസം ജയിച്ചു. അന്ന് ഹര്‍ഭജന്റെ ബൗളിംഗിലെ കൃത്യത ദേവീന്ദര്‍ അറോറ ശരിക്കും മനസിലാക്കി.

കഠിനമായ പരിശീലനം നടത്താന്‍ ഹര്‍ഭജന് ഒരു മടിയുമുണ്ടായിരുന്നില്ല. വൈകുന്നരേങ്ങളില്‍ ഇരുട്ട് വീഴുമ്പോള്‍ കോച്ചില്‍ നിന്ന് അദ്ദേഹത്തിന്റെ സ്‌കൂട്ടറിന്റെ താക്കോല്‍ വാങ്ങി സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് അതിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ പിന്നെയും മുക്കാല്‍ മണിക്കൂറോളം ഹര്‍ഭജന്‍ പരിശീലിച്ചിരുന്നത് ദേവീന്ദര്‍ ഓര്‍ക്കുന്നുണ്ട്. തനിക്ക് തൃപ്തി വരുന്നതുവരെ ഹര്‍ഭജന്‍ പരിശീലിച്ചുകൊണ്ടേയിരിക്കും. ഒരിക്കല്‍ ദേവീന്ദര്‍ അവനോട് പറഞ്ഞു – ബാറ്ററുടെ ഓഫ് സ്റ്റംപില്‍ നിരന്തരം ആക്രമിക്കണമെന്ന്. എന്നിട്ട് ഒരു 25 പൈസാ നാണയം അയാള്‍ പിച്ചില്‍ ഓഫ് സ്റ്റംപിന് പുറത്ത് ഹര്‍ഭജന് ബൗള്‍ ചെയ്യാനായി വെച്ചുകൊടുക്കുന്നു. പിന്നീട് ഒരാഴ്ചയോളം ഹര്‍ഭജന്‍ നിരന്തരം ആ നാണയത്തില്‍ ബൗള്‍ ചെയ്തു. ബൗളിംഗിന് കൃത്യത ലഭിക്കുന്നതുവരെ ഹര്‍ഭജന്‍ അത് തുടര്‍ന്നു. ഒരു ഫാസ്റ്റ് ബൗളറുടേതിന് തുല്യമായ മന:ശക്തി ഹര്‍ഭജനുണ്ടായിരുന്നു. ആക്രമണോത്സുകതയായിരുന്നു അവന്റെ ഏറ്റവും വലിയ സവിശേഷത. അത് അവനിലെ ഏറ്റവും മികച്ചതിനെ പുറത്തുകൊണ്ടുവന്നു. അണ്ടര്‍ ഫിഫ്റ്റീന്‍ ടീമില്‍ കളിക്കുമ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുമ്പോഴും അവന്റെ കളിയോടുള്ള സമീപനം ഒന്നുതന്നെയായിരുന്നു. മത്സരത്തിന്റെ മുറുക്കം എപ്പോഴും അവന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അറോറ ചൂണ്ടിക്കാട്ടുന്നു.

1998ല്‍ ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് മത്സരത്തില്‍ അരങ്ങേറിയ ശേഷം ഹര്‍ഭജന്‍ സിംഗ് ടീമില്‍ നിന്ന് പുറത്തായി. ആ കാലം അയാളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. അച്ചടക്ക നടപടി നേരിട്ട് ബാംഗ്ലൂരിലെ ദേശീയ അക്കാദമിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. രണ്ടായിരത്തില്‍ അച്ഛന്‍ മരിക്കുക കൂടി ചെയ്തതോടെ ഹര്‍ഭജന്‍ കടുത്ത മാനസിക വിഷമത്തിലായി. അച്ഛന്റെ മരണം അയാളെ വല്ലാതെ തളര്‍ത്തിയിരുന്നു. ഇന്ത്യന്‍ ടീമിലേയ്ക്ക് തിരിച്ചുവരാനാകില്ലെന്ന് അയാള്‍ കരുതി. അതോടെ ക്രിക്കറ്റ് വിടുന്നതിനെക്കുറിച്ച് അയാള്‍ ആലോചിച്ചു. കുടുംബം പോറ്റാനായി വിദേശത്ത് ജോലിക്ക് പോകുന്നതിനെക്കുറിച്ച് ആലോചിച്ചു. എന്നാല്‍ കോച്ച് അറോറയും അയാളുടെ അമ്മയും സഹോദരിമാരുമെല്ലാം ക്രിക്കറ്റില്‍ തുടരാന്‍ ഹര്‍ഭജനെ ഉപദേശിച്ചു. ഇന്ത്യയ്ക്കുവേണ്ടി അയാള്‍ കളിക്കുക എന്നത് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്ന കാര്യം അവര്‍ ഓര്‍മിപ്പിച്ചു. ഇതോടെ അച്ഛന്റെ വേര്‍പാടിന് മൂന്ന് മാസത്തിന് ശേഷം അയാള്‍ ക്രിക്കറ്റിലേയ്ക്ക് തിരിച്ചെത്തി. അപ്പോഴാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി സൗരവ് ഗാംഗുലിയെത്തുന്നത്. അനില്‍ കുംബ്ലെയ്ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ ഹര്‍ഭജന്‍ തന്റെ ടീമില്‍ നിര്‍ബന്ധമായും ഉണ്ടാകണമെന്ന് ഗാംഗുലി സെലക്ടര്‍മാരോട് വാശിപിടിച്ചു. തുടര്‍ന്ന് 2001ല്‍ സ്റ്റീവ് വോയുടെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഹര്‍ഭജനെ ടീമിലുള്‍പ്പെടുത്തി. ഫലമോ ഒരു ഹാട്രിക്ക് അടക്കം 32 വിക്കറ്റുകളാണ് മൂന്ന് ടെസ്റ്റ് പരമ്പരയില്‍ ഹര്‍ഭജന്‍ നേടിയത്. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ആദ്യ ഹാട്രിക്കായിരുന്നു ഹര്‍ഭജന്‍ നേടിയത്. ആ പരമ്പരയായിരുന്നു ഹര്‍ഭജന്‍ സിംഗിന്റെ ക്രിക്കറ്റ് ജീവിതത്തിലെ വഴിത്തിരിവ്.

റിസ്റ്റ് സ്പിന്നര്‍മാരുടെയും ബാറ്റിംഗ് പിച്ചുകളുടെയും കാലത്ത് ഫിംഗര്‍ സ്പിന്നിന്റെ മായിക പ്രഭാവം വീണ്ടെടുത്ത സ്പിന്നറായിരുന്നു ഹര്‍ഭജന്‍ സിംഗ്. എത്രത്തോളം പ്രതിഭയുണ്ടായിരുന്നോ അത്രതന്നെ ക്രിക്കറ്റിനോടുള്ള ഭ്രാന്തും ഹര്‍ഭജനുണ്ടായിരുന്നു. പന്തിന്റെ വേഗതയിലും ലെങ്ത്തിലും നിരന്തരം മാറ്റം വരുത്തി ബാറ്റര്‍മാരെ കബളിപ്പിക്കുന്നതില്‍ വിരുതനായിരുന്നു ഹര്‍ഭജന്‍ സിംഗ്. പോരാത്തതിന് ഇടയ്ക്കിടെയുള്ള ലെഗ് സ്പിന്നറുകളും. പലപ്പോഴും അയാള്‍ പിച്ചില്‍ നിന്ന് അസാധാരണമായ ബൗണ്‍സ് കണ്ടെത്തി. ഇത് മിക്ക ബാറ്റര്‍മാരെയും വല്ലാതെ വിഷമിപ്പിച്ചു. 2001ല്‍ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അവരുടെ ബാറ്റര്‍മാരെ ഏറ്റവുമധികം വിഷമിപ്പിച്ചത് ഹര്‍ഭജന്റെ പന്തുകളായിരുന്നു. പ്രത്യേകിച്ചും റിക്കി പോണ്ടിംഗിനെ. ഇന്ത്യന്‍ മണ്ണില്‍ പോണ്ടിംഗിന് വിചാരിച്ച നേട്ടങ്ങളുണ്ടാക്കാന്‍ കഴിയാഞ്ഞതിന് പ്രധാന കാരണം ഹര്‍ഭജന്റെ ബൗളിംഗായിരുന്നു. 2001ലെ ടെസ്റ്റ് പരമ്പരയില്‍ പന്ത്രണ്ട് റണ്ണിന് താഴെ അഞ്ച് തവണയാണ് ഹര്‍ഭജന്‍ പോണ്ടിംഗിനെ പുറത്താക്കിയത്. കരിയറില്‍ പോണ്ടിംഗിനെ മൊത്തം പത്ത് തവണയാണ് ഹര്‍ഭജന്‍ പുറത്താക്കിയിട്ടുള്ളത്. ഇതുതന്നെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായി കണക്കാക്കപ്പെടുന്ന പോണ്ടിംഗിനെതിരെ ഹര്‍ഭജന്റെ മേധാവിത്തം വ്യക്തമാക്കുന്നതാണ്. ലോകത്തെ ഏറ്റവും മികച്ച ടീമായ ഓസ്‌ട്രേലിയയോട് എന്നും പല്ലും നഖവും ഉപയോഗിച്ച് പോരാടിയ ഹര്‍ഭജന്‍ സിംഗ് ഒരിഞ്ച് പോലും വിട്ടുകൊടുത്തില്ല. എന്നാല്‍ 2008ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സിനെ കളിക്കിടെ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണം ഹര്‍ഭജന് നേരിടേണ്ടിവന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കിയതോടെ പിന്നീടത് വെറും അധിക്ഷേപം എന്ന ആരോപണം മാത്രമായി ചുരുങ്ങുകയുണ്ടായി. പിന്നീട് സൈമണ്ട്‌സും ഹര്‍ഭജനും ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഒരുമിച്ച് കളിച്ചതോടെ ഇരുവര്‍ക്കുമിടയില്‍ സൗഹൃദം രൂപപ്പെടുകയുമുണ്ടായി. ഐ പി എല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ ഒരു മത്സരത്തിനുശേഷം കിംഗ്‌സിന്റെ താരമായിരുന്ന മലയാളി പേസര്‍ ശ്രീശാന്തിന്റെ മുഖത്ത് ഹര്‍ഭജന്‍ അടിച്ചതും ഏറെ വിവാദമായി. തുടര്‍ന്ന് ഹര്‍ഭജനെ ഐ പി എല്ലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

അനില്‍ കുംബ്ലെയ്‌ക്കൊപ്പമുള്ള ഹര്‍ഭജന്റെ ബൗളിംഗ് പാര്‍ട്ണര്‍ഷിപ്പ് ചരിത്രത്തിന്റെ ഭാഗമാണ്. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ ഒട്ടേറെ മത്സരങ്ങളിലാണ് ജയിപ്പിച്ചത്. പ്രത്യേകിച്ചും ഇന്ത്യന്‍ മണ്ണില്‍. ഒരുമിച്ച് കളിച്ച 34 ടെസ്റ്റ് മത്സരങ്ങളില്‍ ഇരുവരും ചേര്‍ന്ന് 366 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതില്‍ മിക്കതും ബാറ്റിംഗിന് അനുകൂലമായ പിച്ചുകളിലായിരുന്നുവെന്നത് ഈ നേട്ടത്തിന്റെ തിളക്കം വര്‍ദ്ധിക്കുന്നു. ഇരുവരും ഒരുമിച്ച് ഇന്ത്യയ്ക്കുവേണ്ടി കളിച്ച ടെസ്റ്റ് പരമ്പരകളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യ തോല്‍വി അറിഞ്ഞതെന്നതും ചെറിയ കാര്യമല്ല. 2007ല്‍ പ്രഥമ ട്വന്റി20 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ഹര്‍ഭജനെങ്കിലും ക്രിക്കറ്റിന്റെ ഈ ഫോര്‍മാറ്റുമായി പൊരുത്തപ്പെടാന്‍ അയാള്‍ ഏറെ സമയമെടുത്തു. അതേസമയം കദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ഹര്‍ഭജന്‍. ഐ പി എല്ലില്‍ 2008നും 2017നുമിടയ്ക്ക് ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി പത്ത് സീസണുകളില്‍ കളിച്ചു. 20 മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുകയും ചെയ്തു. ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും ഹര്‍ഭജന്‍ സിംഗ് കളിച്ചു. വാലറ്റത്ത് നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ള കളിക്കാരനായിരുന്ന ഹര്‍ഭജന്‍ ടെസ്റ്റില്‍ രണ്ട് സെഞ്ച്വറി നേടിയിട്ടുണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്.

2001ല്‍ ഇന്ത്യന്‍ ടീമിലേയ്ക്കുള്ള തന്റെ തിരിച്ചുവരവിന് കാരണമായ സൗരവ് ഗാംഗുലിയോടുള്ള കൂറ് എല്ലാകാലത്തും ഹര്‍ഭജന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രെഗ് ചാപ്പല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി വന്നതിന് ശേഷമുണ്ടായ ഗാംഗുലി-ചാപ്പല്‍ പോരില്‍ ഹര്‍ഭജന്‍ ഗാംഗുലിയോടൊപ്പം നിലയുറപ്പിച്ചത് ക്രിക്കറ്റ് അധികൃതരുടെ അനിഷ്ടത്തിനിടയാക്കി. ചാപ്പലിന്റേത് ഇരട്ടത്താപ്പാണെന്നും ആവശ്യമില്ലാതെ ടീമില്‍ ആശയക്കുഴപ്പവും അസ്ഥിരതയും അരക്ഷിതാവസ്ഥയും പരിശീലകനെന്ന നിലയില്‍ ചാപ്പല്‍ സൃഷ്ടിച്ചെന്നും ഹര്‍ഭജന്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ഹര്‍ഭജനോട് വിശദീകരണം ചോദിച്ചെങ്കിലും മാപ്പ് പറഞ്ഞതിനെത്തുടര്‍ന്ന് ശിക്ഷാനടപടിയില്‍ നിന്ന് ഒഴിവാക്കി. തുടര്‍ന്ന് ചാപ്പലിനെ പ്രശംസിച്ച് ഹര്‍ഭജന്‍ രംഗത്തെത്തിയത് വൈരുദ്ധ്യമായി. കളിയെക്കുറിച്ച് നല്ല ധാരണയുള്ള വ്യക്തിയാണ് ചാപ്പലെന്നും ചാപ്പലിന്റെ കീഴില്‍ ഇന്ത്യ കൂടുതല്‍ ഉയരങ്ങളിലെത്തിയെന്നും ഹര്‍ഭജന്‍ പറഞ്ഞു.

103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 417 വിക്കറ്റാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്. ഒരിന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെന്ന നേട്ടം 25 തവണയും ഒരു മത്സരത്തില്‍ പത്ത് വിക്കറ്റെന്ന നേട്ടം അഞ്ച് തവണയും കരസ്ഥമാക്കി. 236 ഏകദിനങ്ങളില്‍ നിന്ന് 269 വിക്കറ്റും 28 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റും ഹര്‍ഭജന്‍ വീഴ്ത്തിയിട്ടുണ്ട്. ഇതുകൂടാതെ ടെസ്റ്റില്‍ 2,224 റണ്‍സും ഏകദിനത്തില്‍ 1,237 റണ്‍സും ഹര്‍ഭജന്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

പന്തിനുമേല്‍ അസാധാരണ നിയന്ത്രണമുള്ള സ്പിന്നറായിരുന്നു ഹര്‍ഭജന്‍ സിംഗ്. പന്തിന്റെ വേഗതയിലും ലെങ്ത്തിലും ഏറ്റക്കുറച്ചിലുകള്‍ വരുത്താനുള്ള ഹര്‍ഭജന്റെ കഴിവ് ഒന്നുവേറെത്തന്നെയായിരുന്നു. ഒപ്പം ബൗണ്‍സ് കണ്ടെടുക്കാനുള്ള കഴിവും അയാളെ ഏറെ അപകടകാരിയായ ബൗളറാക്കി. ഏത് സാഹചര്യത്തിലും ആക്രമിച്ച് ബൗള്‍ ചെയ്യുന്ന സ്പിന്നറായിരുന്നു ഹര്‍ഭജന്‍. അതുകൊണ്ടുതന്നെ വിക്കറ്റ് വീഴ്ത്തുന്നതിലും അയാള്‍ക്ക് അസാധാരണ മികവുണ്ടായിരുന്നു. എല്ലാ അര്‍ത്ഥത്തിലും ഒരു ക്ലാസിക്ക് ഓഫ് സ്പിന്നറായിരുന്നു ഹര്‍ഭജന്‍ സിംഗ്. ഒരുപക്ഷെ തീര്‍ത്തും വംശനാശം സംഭവിച്ച ഒരു ശാഖയിലെ അവസാനത്തെ അംഗം. ടര്‍ബനേറ്ററെന്നും ഭാജിയെന്നും വിളിപ്പേരുള്ള ഹര്‍ഭജന്‍ സിംഗ് ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്.



