Saturday, February 21, 2026
Google search engine
HomeSportLegendsമിഡ്ഫീല്‍ഡിലെ ടോണി ക്രൂസ്

മിഡ്ഫീല്‍ഡിലെ ടോണി ക്രൂസ്

കെ.ശ്രീജിത്ത്

ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളാണ് ടോണി ക്രൂസ്. കളിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച, അസാധാരണമായ പാസിംഗും ക്രോസിംഗും, സെറ്റ് പീസുകളിലെ വൈദഗ്ധ്യം തുടങ്ങിയവയെല്ലാമാണ് ക്രൂസിനെ അസാമാന്യ പാടവമുള്ള ഫുട്‌ബോളറാക്കി മാറ്റിയത്. പ്രധാനമായും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായാണ് ക്രൂസ് കളിച്ചതെങ്കിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും പ്ലേമേക്കറായുമെല്ലാം ഉപയോഗിക്കാന്‍ പാകത്തിലുള്ള കളിക്കാരനായിരുന്നു അയാള്‍. ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ പ്രശസ്തനായ ഫുട്‌ബോള്‍ താരമാണ് ക്രൂസ്. പതിനേഴ് വര്‍ഷം നീണ്ട കരിയറില്‍ 34 ട്രോഫികളാണ് അയാള്‍ ജയിച്ചത്. ഇതില്‍ മൂന്ന് വീതം ബുണ്ടെസ്‌ലിഗ, ഡി.എഫ്.ബി കിരീടങ്ങള്‍, ആറ് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, നാല് ലാലിഗ കിരീടങ്ങള്‍… ഇതിനൊക്കെ പുറമെയാണ് 2014ല്‍ ജര്‍മനിക്കൊപ്പം നേടിയ ലോകകപ്പ്. വണ്‍ മാന്‍ ഓര്‍ക്കസ്ട്ര എന്നാണ് സ്‌പെയിനിലെ ഒരു മാധ്യമം ക്രൂസിനെ വിശേഷിപ്പിച്ചത്. ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ ക്രൂസിനെ വിളിക്കുന്നത് പെര്‍ഫെക്ട് പ്ലേയര്‍ എന്നാണ്.

1990 ജനുവരി നാലിന് കിഴക്കന്‍ ജര്‍മനിയിലെ ഗ്രീഫ്‌സ്വാള്‍ഡിലാണ് ടോണി ക്രൂസിന്റെ ജനനം. ഒരു രാജ്യമെന്ന നിലയില്‍ കിഴക്കന്‍ ജര്‍മനിയുടെ അവസാന വര്‍ഷമാണ് ക്രൂസ് ജനിക്കുന്നത്. അതായത് ബെര്‍ലിന്‍ മതില്‍ പൊളിഞ്ഞുവീണ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം. ഇരുജര്‍മനികളുടെയും പുനരേകീകരണത്തിന് ഒമ്പത് മാസം മുമ്പ്. അയാളുടെ അമ്മ ബ്രിട്ട കിഴക്കന്‍ ജര്‍മനിയിലെ ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യനായിരുന്നു. അയാളുടെ അച്ഛന്‍ റോളണ്ട് ഒരു ഫുട്‌ബോളറായിരുന്നു. ആ സമയത്ത് ഹാന്‍സ റോസ്‌റ്റോക്കിന്റെ യൂത്ത് ടീമിനെ പരിശീലിപ്പിച്ചിരുന്നത് റോളണ്ട് ആയിരുന്നു. അച്ഛനായിരുന്നു ടോണി ക്രൂസിന്റെ ആദ്യത്തെ ഫുട്‌ബോള്‍ പരിശീലകന്‍. ടോണിയുടെ ഇളയ സഹോദരന്‍ ഫെലിക്‌സ് ക്രൂസും ഒരു ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. പഠനകാലത്ത് ടോണി ക്രൂസിന് പഠനത്തിലുള്ളതിനേക്കാള്‍ ശ്രദ്ധ ഫുട്‌ബോള്‍ കളിക്കുന്നതിലായിരുന്നു. പ്രാദേശിക ക്ലബായ ഗ്രീഫ്‌സ്വാള്‍ഡര്‍ എസ്.സിക്കുവേണ്ടി ഏഴാമത്തെ വയസ് മുതലാണ് ടോണി ക്രൂസ് കളിച്ച് തുടങ്ങുന്നത്. അവിടെ നിന്നാണ് അയാള്‍ ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. പിന്നീട് ഹാന്‍സ് റോസ്‌റ്റോക്കിന്റെ യൂത്ത് ടീമിലേയ്ക്ക് അയാള്‍ ചേക്കേറി. അക്കാലത്ത് ക്ലബിലേയ്ക്കുള്ള യാത്രകളാണ് ക്രൂസിനെ വലച്ചത്. തന്റെ ജന്മനാട്ടില്‍ നിന്ന് റോസ്‌റ്റോക്കിലേയ്ക്കുള്ള അയാളുടെ നിരന്തരമായ യാത്രകള്‍ ഏറെ കഠിനമായിരുന്നു. എന്നാല്‍ ക്രൂസ് നിശ്ചയദാര്‍ഢ്യത്തോടെ എല്ലാ വെല്ലുവിളികളെയും മറികടന്നു. റോസ്‌റ്റോക്കിലെ അയാളുടെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ജര്‍മനിയിലെ ഏറ്റവും വലിയ ക്ലബുകളിലൊന്നായ ബയേണ്‍ മ്യൂണിക്കിലേയ്ക്ക് അയാള്‍ക്ക് വിളിവന്നു.

2006ല്‍ പതിനേഴാമത്തെ വയസില്‍ ബയേണ്‍ മ്യൂണിക്ക് തങ്ങളുടെ യൂത്ത് ടീമിലേയ്ക്ക് ടോണി ക്രൂസിനെ കൊണ്ടുവരുമ്പോള്‍ അവര്‍ അയാളെക്കുറിച്ച് പറഞ്ഞത് നൂറ്റാണ്ടിലെ പ്രതിഭ എന്നാണ്. കഴിവും മനക്കരുത്തും ആ പ്രായത്തിലെ ആവശ്യത്തിലധികമുണ്ടായിരുന്ന ക്രൂസിന് അന്നേ ഫുട്‌ബോളിന്റെ സമ്മര്‍ദ്ദം താങ്ങാനുള്ള ശേഷിയുണ്ടായിരുന്നു. എന്നാല്‍ അവന്റെമേല്‍ അധികഭാരം ഏല്പിക്കേണ്ടെന്നു കരുതിയാകണം ബയേണ്‍ മ്യൂണിക്ക് പരിശീലകനായ ഓട്ട്മര്‍ ഹിറ്റ്‌സ്‌ഫെല്‍ഡ് ക്രൂസിനെ 2007-2008 സീസണില്‍ ആകെ കളിപ്പിച്ചത് 12 മത്സരമായിരുന്നു. മാര്‍ക്ക് വാന്‍ ബൊമ്മെലിനെയും ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റൈഗറിനെയും പോലുള്ള താരങ്ങള്‍ക്കൊപ്പം നിത്യേന പരിശീലനം കൂടി ആയതോടെ ക്രൂസ് തന്റെ കഴിവ് തേച്ചുമിനുക്കിയെടുത്തു. ഇതിനിടയില്‍ അന്ന് ജര്‍മന്‍ താരമായിരുന്ന ടിം ബോറോവസ്‌കി ബയേണില്‍ ചേര്‍ന്നു. ഇതോടെ ക്രൂസിന് പിന്നെയും അവസരങ്ങള്‍ കുറഞ്ഞു. തുടര്‍ന്ന് കളിക്കാരനെന്ന നിലയിലുള്ള ക്രൂസിന്റെ വളര്‍ച്ച തടയരുതെന്ന് കരുതി ബയേണ്‍ മ്യൂണിക്ക് അയാളെ പതിനെട്ട് മാസത്തേയ്ക്ക് ബയേര്‍ ലെവര്‍കൂസെന് വായ്പയായി നല്‍കി. 2009 ജനുവരിയിലായിരുന്നു ഇത്. ലെവര്‍കൂസെന്റെ പരിശീലകനായിരുന്ന ജുപ്പ് ഹെയ്ന്‍ക്കെസിന്റെ ശിഷ്യത്വത്തില്‍ ടോണി ക്രൂസ് ബുണ്ടെസ് ലിഗയിലെ മികച്ച മിഡ്ഫീല്‍ഡറായി മാറി. 2009-2010 സീസണില്‍ ഒരു ഘട്ടത്തില്‍ അഞ്ച് കളികളില്‍ അഞ്ച് ഗോളും നാല് അസിസ്റ്റുമായി കളം നിറഞ്ഞു. ആ സീസണ്‍ അവസാനിക്കുമ്പോള്‍ ഒമ്പത് ഗോളിനും 12 അസിസ്റ്റിനും ഉടമയായിരുന്നു. അതോടെ ദക്ഷിണാഫ്രിക്കയില്‍ നടന്ന 2010 ലോകകപ്പിനുള്ള ജര്‍മന്‍ ടീമിലേയ്ക്ക് അയാള്‍ തിരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പില്‍ അയാള്‍ ജര്‍മനിക്കുവേണ്ടി നാല് കളികളില്‍ ഇറങ്ങി. ഞാന്‍ എന്റെ കരിയറിനെ പല ഘട്ടങ്ങളിലായി വിഭജിച്ചാണ് പരിശോധിക്കുന്നതെന്ന് പിന്നീട് ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള അഭിമുഖത്തില്‍ ക്രൂസ് പറഞ്ഞു. എന്റെ കരിയറിന്റെ ആദ്യഘട്ടത്തില്‍ ജുപ്പ് ഹെയ്ന്‍ക്കെസ് ആയിരുന്നു എന്റെ ഏറ്റവും പ്രധാനപ്പെട്ട പരിശീലകന്‍. അത് ലെവര്‍കൂസെനിലായാലും ശരി ബയേണ്‍ മ്യൂണിക്കിലായാലും ശരി. 2011ല്‍ അദ്ദേഹം ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായി വന്ന ശേഷമാണ് ഉയര്‍ന്ന തലത്തില്‍ താന്‍ സ്ഥിരതയുള്ള കളിക്കാരനായി മാറിയതെന്ന് ടോണി ക്രൂസ് അഭിമുഖത്തില്‍ പറഞ്ഞു. ഹെയ്ന്‍ക്കെസിന് കീഴില്‍ ഒരുപിടി ട്രോഫികള്‍ നേടിയ ശേഷം പെപ് ഗ്വാര്‍ഡിയോളയാണ് ബയേണിന്റെ പരിശീലകനായി എത്തുന്നത്. ഗ്വാര്‍ഡിയോളയില്‍ നിന്നും താന്‍ ഏറെ പ്രധാനപ്പെട്ട പാഠങ്ങള്‍ പഠിച്ചെന്ന് ടോണി ക്രൂസ് പറയും. ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ കളിച്ചതോടെയാണ് കരിയറില്‍ താന്‍ മറ്റൊരു ചുവട് കൂടി വെച്ചത്. ഗ്വാര്‍ഡിയോളയുടെ പരിശീലന രീതി തന്റെ കളിശൈലിക്ക് ഏറ്റവും യോജിച്ചതായിരുന്നുവെന്നും ടോണി ക്രൂസ് പറയുന്നു. 2014ല്‍ ജര്‍മനി ലോകചാമ്പ്യന്‍മാരായതിന് പിന്നിലെ പ്രധാന ശില്പി ക്രൂസ് ആയിരുന്നു. അന്ന് നാല് അസിസ്റ്റുകളാണ് ക്രൂസിന്റെ വകയായി ഉണ്ടായത്. ലോകം ശരിയായ അര്‍ത്ഥത്തില്‍ ക്രൂസിന്റെ പ്രതിഭ കണ്ടറിഞ്ഞത് ആ ലോകകപ്പിലായിരുന്നു. ലോകകപ്പ് ജയിച്ച് അധികം വൈകാതെ ടോണി ക്രൂസ് ബയേണ്‍ മ്യൂണിക്ക് വിട്ട് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലെത്തി. 25 മില്യണ്‍ യൂറോയാണ് റയല്‍ ടോണി ക്രൂസിന് പ്രതിഫലമായി നല്‍കാമെന്നേറ്റത്. തന്റെ കരിയറിലെ ഏറ്റവും മികച്ച ചില ജയങ്ങള്‍ ടോണി ക്രൂസ് നേടിയത് റയലിനൊപ്പമായിരുന്നു. റയല്‍ മാഡ്രിഡില്‍ വെച്ചാണ് ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡറെന്ന പ്രശസ്തി ക്രൂസ് ഊട്ടിയുറപ്പിക്കുന്നത്. റയലിനൊപ്പം 21 ട്രോഫികളാണ് ടോണി ക്രൂസ് നേടിയത്. ഇതില്‍ നാല് ലാലിഗ കിരീടങ്ങളും അഞ്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ഉള്‍പ്പെടുന്നു. 2016 മുതല്‍ 2018 വരെ തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളാണ് ടോണി ക്രൂസ് റയല്‍ മാഡ്രിഡിനൊപ്പം നേടിയത്. ഈ മൂന്ന് തവണയും ചാമ്പ്യന്‍സ് ലീഗ് ടീം ഓഫ് ദ സീസണില്‍ ക്രൂസ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2010ലാണ് ടോണി ക്രൂസ് ജര്‍മന്‍ സീനിയര്‍ ടീമിനുവേണ്ടി തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ജര്‍മനിക്കുവേണ്ടി 114 മത്സരങ്ങള്‍ കളിച്ച ക്രൂസ് പതിനേഴ് ഗോളാണ് നേടിയത്. 2014 ലോകകപ്പ് വിജയമാണ് ദേശീയ ടീമിനൊപ്പമുള്ള ടോണി ക്രൂസിന്റെ ഏറ്റവും മികച്ച നേട്ടം. 2018 ലോകകപ്പില്‍ സ്വീഡനെതിരായ നിര്‍ണായക മത്സരത്തില്‍ ക്രൂസ് സ്റ്റോപ്പേജ് ടൈമില്‍ നേടിയ ഗോളാണ് ജര്‍മനിയെ ജയിപ്പിച്ചത്. 2-1നായിരുന്നു അന്ന് ജര്‍മനി ജയിച്ചത്. ആ ജയം ജര്‍മനിക്ക് ലോകകപ്പില്‍ പുതുജീവന്‍ നല്‍കിയെങ്കിലും നാല് ദിവസത്തിന് ശേഷം നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണ കൊറിയയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റതോടെ ജര്‍മനി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 2020ലെ യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ജര്‍മനി എതിരില്ലാത്ത രണ്ട് ഗോളിന് ഇംഗ്ലണ്ടിനോട് തോറ്റതോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി ടോണി ക്രൂസ് പ്രഖ്യാപിച്ചു. മോശം പ്രകടനം മൂലം കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു അത്. ക്രൂസിന്റെ പാസിംഗ് രീതി ആധുനിക ഫുട്‌ബോളിന് ചേര്‍ന്നതല്ലെന്ന ബയേണ്‍ മ്യൂണിക്ക ഓണററി പ്രസിഡന്റ് ഉലി ഹോയ്‌നെയുടെ പരാമര്‍ശത്തോടെയാണ് വിമര്‍ശനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേയൂസും ക്രൂസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. ക്രൂസിന്റെ കളിശൈലിയോട് തനിക്ക് യോജിപ്പില്ലെന്നും അയാളുടെ ഇപ്പോഴത്തെ കളി അന്താരാഷ്ട്ര നിലവാരത്തിനൊത്തതല്ലെന്നും മത്തേയൂസ് പറഞ്ഞു. എന്നാല്‍ ഈ വിമര്‍ശനങ്ങളോടൊന്നും പ്രതികരിക്കാതിരുന്ന ക്രൂസ് താന്‍ വിരമിച്ചത് ക്ലബ് ഫുട്‌ബോളിലും കുടുംബത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്ന് പറഞ്ഞു. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം 2024 ഫെബ്രുവരി 22ന് സ്വന്തം നാട്ടില്‍ നടക്കുന്ന യൂറോ കപ്പില്‍ താന്‍ കളിക്കുമെന്ന് പ്രഖ്യാപിച്ചു. ജര്‍മനിയുടെ പുതിയ പരിശീലകന്‍ ജൂലിയന്‍ നഗെല്‍സ്മാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണിതെന്നും ക്രൂസ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് തന്റെ തിരിച്ചുവരവിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ കളത്തിലിറങ്ങി ഏഴ് സെക്കന്റിനുള്ളില്‍ ക്രൂസ് ഗോളിന് വഴിയൊരുക്കി. യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ ക്രൂസ് ജര്‍മനിയെ സഹായിച്ചു. എന്നാല്‍ ക്വാര്‍ട്ടറില്‍ സ്‌പെയിനിനോട് എക്‌സ്ട്രാ ടൈമില്‍ ജര്‍മനി തോറ്റു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനി തോറ്റത്. ഇതോടെ ക്രൂസ് അന്തിമമായി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.

ആറടി ഉയരമുള്ള ടോണി ക്രൂസ് ഏറെ മെയ്‌വഴക്കമുള്ള കളിക്കാരനാണ്. ലോങ് പാസുകള്‍ ഏറ്റവും കൃത്യമായി നല്‍കുന്നതില്‍ അഗ്രഗണ്യനായ ക്രൂസ് സെറ്റ് പീസുകളില്‍ നിന്ന് ഗോളുകള്‍ നേടുന്നതിലും അതിവിദഗ്ധനാണ്. ആധുനിക ഫുട്‌ബോളിലെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമദൃഷ്ടാന്തമായി ക്രൂസിനെ പലരും ചൂണ്ടിക്കാണിക്കുന്നു. പല മിഡ്ഫീല്‍ഡ് പൊസിഷനുകളിലും കളിക്കാനുള്ള അയാളുടെ കഴിവും ഒപ്പം അപാരമായ ഫിറ്റ്‌നസും ക്രൂസിനെ ആധുനിക ഫുട്‌ബോളിലെ മറ്റ് കളിക്കാരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങളാണ്. എതിരാളികളുടെ നീക്കങ്ങളെ പൊളിക്കുന്നതിലും എതിരാളികളില്‍ നിന്ന് അതിവേഗം പന്ത് പിടിച്ചെടുക്കുന്നതിലും മിടുക്കനാണ് ക്രൂസ്. സഹകളിക്കാര്‍ക്ക് ഗോളടിക്കാനുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ക്രൂസിനെപ്പോലെ നിഷ്പ്രയാസം കഴിയുന്ന കളിക്കാര്‍ ഏറെയൊന്നും ആധുനിക ഫുട്‌ബോളിലില്ല. മൈതാനത്ത് ഒഴിഞ്ഞ സ്ഥലങ്ങള്‍ സൃഷ്ടിച്ചെടുക്കാനും പന്ത് ഹോള്‍ഡ് ചെയ്ത് കളിക്കാനുമുള്ള ക്രൂസിന്റെ കഴിവ് ഒന്നുവേറെത്തന്നെയാണ്. തന്ത്രങ്ങള്‍ രൂപപ്പെടുത്താനും അവ ഏറ്റവും നന്നായി നടപ്പിലാക്കാനും ക്രൂസിന് കഴിയുന്നു. പല തരത്തില്‍ പന്ത് പാസ് ചെയ്യാന്‍ ക്രൂസിന് കഴിയും. ചെറുപാസുകളിലൂടെ മിഡ്ഫീല്‍ഡിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കാനും ലോങ് പാസുകളിലൂടെ ആക്രമണം മെനയാനും ഒരേസമയം അയാള്‍ക്ക് കഴിയും. 2014 ലോകകപ്പിലെ ക്രൂസിന്റെ കളി കണ്ട് നെതര്‍ലന്റ്‌സിന്റെ ഇതിഹാസ താരം യൊഹാന്‍ ക്രൈഫ് പറഞ്ഞത് ഇതാണ്: ‘ക്രൂസ് മൈതാനത്ത് എല്ലാം ശരിയായി ചെയ്യുന്നു. അയാളുടെ പാസുകളിലെ വേഗത അത്ഭുതപ്പെടുത്തുന്നതാണ്. അയാള്‍ കണ്ണുതുറന്ന് എല്ലാം കാണുന്നു. ക്രൂസിന്റെ കളി ഏതാണ്ട് പൂര്‍ണമാണ്’. ക്രൈഫ് പറഞ്ഞതാണ് ശരി. ക്രൂസിന്റെ കളി ഏതാണ്ട് പൂര്‍ണമാണ്. അതുകൊണ്ടുതന്നെയാണ് അയാളെ ആധുനിക ഫുട്‌ബോളിലെ ഇതിഹാസമായി മിക്കവരും കരുതുന്നതും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments