കെ.ശ്രീജിത്ത്
ഒരുപക്ഷെ ലോകക്രിക്കറ്റിലെ അവസാനത്തെ ജെന്റില്‍മാന്‍ ക്രിക്കറ്റര്‍മാരിലൊരാളായിരുന്നു രാഹുല്‍ ദ്രാവിഡ്. ദ്രാവിഡിനെപ്പോലെ അടിമുടി മാന്യരായ സ്‌പോര്‍ട്‌സ്മാന്‍മാര്‍ അധികമൊന്നും ഉണ്ടായിട്ടില്ല. അതുപോലെത്തന്നെയാണ് ബാറ്റിംഗിന്റെ കാര്യത്തിലും. ലോകക്രിക്കറ്റിലെ അവസാന ക്ലാസിക്കല്‍ ടെസ്റ്റ് ബാറ്റര്‍മാരിലൊരാളായിരുന്നു രാഹുല്‍ ദ്രാവിഡ്. അത്രമല്‍ ക്ലിനിക്കലായിരുന്നു അയാളുടെ ബാറ്റിംഗ്. കളിക്കുന്ന സ്‌ട്രോക്കുകളെക്കുറിച്ച് അത്രയും വ്യക്തതയുണ്ടായിരുന്നു രാഹുല്‍ ദ്രാവിഡിന്. അയാളെ ഔട്ടാക്കാന്‍ ശ്രമിച്ച് വശംകെടുന്ന ബൗളര്‍മാര്‍ ഒരു ദയനീയ കാഴ്ചയായിരുന്നു. ദ്രാവിഡിന്റെ വരവോടെയാണ് വിദേശ പിച്ചുകളില്‍ ഇന്ത്യ അത്ര പെട്ടെന്ന്, അനായാസമായി തോല്പിക്കാവുന്ന ഒരു ടീം അല്ലാതായി മാറുന്നത്. അവസാനം വരെ പൊരുതാനും ഏത് സാഹചര്യത്തിലും ക്ഷമയോടെയും ശാന്തതയോടെയും ബാറ്റ് ചെയ്യാനും ദ്രാവിഡിനുണ്ടായിരുന്ന കഴിവ് ഒന്നുവേറെത്തന്നെയായിരുന്നു. പരമ്പരാഗത ബാറ്റിംഗ് ടെക്‌നിക്കുകളായിരുന്നു രാഹുല്‍ ദ്രാവിഡിന്റേത്. എല്ലാ അര്‍ത്ഥത്തിലും ഒരു ക്ലാസിക്ക് ബാറ്റര്‍. വീഴ്ചകളില്ലാത്ത, ദൗര്‍ബല്യങ്ങളില്ലാത്ത ആ ടെക്‌നിക്കുകളിലൂടെ അയാള്‍ ഇന്ത്യന്‍ ടീമിന്റെ അസ്ഥിവാരം കെട്ടുറപ്പുള്ളതാക്കി. എപ്പോഴും ടീമിന് ഏറ്റവും മികച്ച അടിത്തറ തന്നെ അയാള്‍ പണിതു. ആ അടിത്തറയില്‍ നിന്നുകൊണ്ടാണ് പിന്നീട് വന്ന ബാറ്റര്‍മാര്‍ ആടിത്തിമിര്‍ത്തത്. ടീമിലെ ഏറ്റവും മികച്ച ബാറ്ററായിരിക്കണം വണ്‍ ഡൗണില്‍ ഇറങ്ങേണ്ടതെന്ന പഴയകാല ചിന്തയെ ദ്രാവിഡ് ഊട്ടിയുറപ്പിച്ചു. ഓപ്പണര്‍മാര്‍ പരാജയപ്പെടുന്ന സമയങ്ങളില്‍ ചിലപ്പോള്‍ ഇന്നിംഗ്‌സിന്റെ ആദ്യ ഓവറില്‍ത്തന്നെ ക്രീസിലെത്തിയ ദ്രാവിഡ് ക്രീസില്‍ നങ്കൂരമിട്ട് കളിച്ചു. എല്ലാ പഴുതുകളുമടച്ച് കളിച്ചു. ബൗളര്‍മാരെ ഓവറുകള്‍ക്ക് പിന്നാലെ ഓവറുകളെറിയിച്ച് മടുപ്പിച്ചു. പതുക്കെ, പതുക്കെ ടീമിനെ സുരക്ഷിതസ്ഥാനത്തെത്തിച്ചു. എന്നാല്‍ കരിയറിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ എപ്പോഴും പ്രതിരോധിക്കുന്ന ബാറ്ററെന്ന പ്രതിച്ഛായ അയാള്‍ മാറ്റി. ഏകദിന മത്സരങ്ങളില്‍ അടിച്ചുകളിക്കുന്ന, പന്തിന് തുല്യമായി റണ്ണെടുക്കാന്‍ കഴിയുന്ന ഒരു ബാറ്ററായി അയാള്‍ മാറി. ദ്രാവിഡ് ക്രീസിലെത്തിയാല്‍ റണ്‍റേറ്റ് കുറയുമെന്ന ധാരണ ഇതോടെ ഇല്ലാതായി. ആദ്യകാലത്ത് ഏകദിന മത്സരങ്ങള്‍ക്ക് പറ്റാത്ത കളിക്കാരന്‍ എന്ന കാരണത്താല്‍ സെലക്ടര്‍മാര്‍ അയാളെ ടീമിലെടുക്കാന്‍ മടിച്ചപ്പോള്‍ ഏകദിന ക്രിക്കറ്റിന് പറ്റുന്ന രീതിയില്‍ തന്റെ ബാറ്റിംഗ് ശൈലി മാറ്റിയെടുക്കുകയാണ് ദ്രാവിഡ് ചെയ്തത്. ആ മാറ്റത്തില്‍ നിന്നുതന്നെ ദ്രാവിഡ് ഒരു ക്രിക്കറ്ററെന്ന നിലയില്‍ എത്രത്തോളം ഫ്‌ളെക്‌സിബിള്‍ ആയിരുന്നു എന്നത് വ്യക്തമാണ്.

ഇനി ഏതെങ്കിലും തരത്തിലുള്ള ദൗര്‍ബല്യങ്ങളുണ്ടെങ്കില്‍ കഠിനാദ്ധ്വാനത്തിലൂടെ അയാള്‍ അതിനെ മറികടന്നു. ഏകാഗ്രതയില്‍ സ്ഫുടം ചെയ്‌തെടുത്ത ക്രിക്കറ്ററായിരുന്നു ദ്രാവിഡ്. കളിയുടെ ഒരു ഘട്ടത്തിലും ആ ഏകാഗ്രതയ്ക്ക് ഭംഗം വന്നില്ല. 2003ല്‍ ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ ഏറെക്കാലത്തിന് ശേഷം ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ജയിച്ചപ്പോള്‍ അന്ന് ദ്രാവിഡ് രണ്ട് ഇന്നിംഗ്‌സുകളിലായി ബാറ്റ് ചെയ്തത് 835 മിനിറ്റാണ്. ഏതാനും മാസങ്ങള്‍ക്ക് ശേഷം പാകിസ്താനില്‍ ഇന്ത്യ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര ജയിച്ചപ്പോള്‍ അതിന് പ്രധാന കാരണമായത് ദ്രാവിഡാണ്. അന്ന് മൂന്ന് ടെസ്റ്റ് പരമ്പരയിലെ ഒരു ഇന്നിംഗ്‌സില്‍ പന്ത്രണ്ട് മണിക്കൂറിലധികം കളിച്ച് 270 റണ്ണാണ് അയാള്‍ സ്‌കോര്‍ ചെയ്തത്. ദ്രാവിഡിന്റെ ഏകാഗ്രത ബാറ്റിംഗില്‍ മാത്രമല്ല ഇന്ത്യയെ സഹായിച്ചത്. സ്ലിപ്പില്‍ നില്‍ക്കുമ്പോള്‍ അയാളെടുത്ത ക്യാച്ചുകള്‍ മിക്കപ്പോഴും ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായകമായി. ടെസ്റ്റ് ക്രിക്കറ്റില്‍ 210 ക്യാച്ചുകളാണ് അയാളെടുത്തത്. മത്സരത്തലേന്ന് ദിവസം മുഴുവന്‍ കുടുംബത്തില്‍ നിന്നെല്ലാം അകന്ന് ഒറ്റയ്‌ക്കൊരു മുറിയില്‍ കഴിഞ്ഞിരുന്ന ദ്രാവിഡിനെക്കുറിച്ച് ഭാര്യ വിജേത ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്റെ ഏകാഗ്രതയ്ക്ക് ഒരുതരത്തിലും ഭംഗം വരരുതെന്ന നിര്‍ബന്ധം ദ്രാവിഡിനുണ്ടായിരുന്നു. 1996ല്‍ ഇംഗ്ലണ്ടിലെ വിഖ്യാതമായ ലോര്‍ഡ്‌സില്‍ അരങ്ങേറ്റ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 95 റണ്ണെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റിലേയ്ക്ക് കടന്നുവന്ന ദ്രാവിഡ്. എന്നാല്‍ ആ മത്സരത്തില്‍ തനിക്കൊപ്പം തന്നെ അരങ്ങേറ്റം കുറിച്ച സൗരവ് ഗാംഗുലി സെഞ്ച്വറിയടിച്ചത് ദ്രാവിഡിന്റെ ഇന്നിംഗ്‌സിന്റെ പകിട്ട് കുറച്ചു. എന്നാല്‍ ഇരുവരും പിന്നീട് ഒരു ദശകത്തോളം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണുകളായി എന്നത് ചരിത്രം.
പിന്നീട് 1997 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലെ ജോഹനസ്ബര്‍ഗില്‍ നടന്ന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 148ഉം രണ്ടാമിന്നിംഗ്‌സില്‍ 81ഉം റണ്ണെടുത്തു. ആ ടെസ്റ്റ് സമനിലയിലായെങ്കിലും മുന്‍തൂക്കം ഇന്ത്യയ്ക്കായിരുന്നു. ആ കാലത്ത് അതും ദക്ഷിണാഫ്രിക്കയില്‍ അവരുടെ എക്‌സ്പ്രസ് ഫാസ്റ്റ് ബൗളര്‍മാരെ നേരിട്ട് ഇന്ത്യ ഒരു ടെസ്റ്റില്‍ മുന്‍തൂക്കം നേടിയെങ്കില്‍ അതിന്റെ പ്രധാന കാരണം ദ്രാവിഡിന്റെ ബാറ്റിംഗായിരുന്നു. എന്നാല്‍ തുടര്‍ന്ന് കുറച്ചുകാലം ദ്രാവിഡ് നിറംമങ്ങിപ്പോയി. എന്നാല്‍ 2001ല്‍ സ്റ്റീവ് വോയുടെ ഓസ്‌ട്രേലിയ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ദ്രാവിഡ് ഉജ്ജ്വല ഫോമിലേയ്ക്കുയര്‍ന്നു. പ്രത്യേകിച്ചും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍. മത്സരത്തില്‍ ഫോളോ ഓണ്‍ ചെയ്ത ഇന്ത്യ വി.വി.എസ് ലക്ഷ്മണും ദ്രാവിഡും ചേര്‍ന്ന് നേടിയ 376 റണ്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ ഓസ്‌ട്രേലിയ തോല്പിച്ചു. ആ പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ ഞെട്ടിച്ചു. ലക്ഷ്മണ്‍ 281ഉം ദ്രാവിഡ് 180ഉം റണ്ണാണ് നേടിയത്. ഏതാണ്ട് കാല്‍നൂറ്റാണ്ടിന് ശേഷം ഇന്നും ആ ടെസ്റ്റ് മത്സരം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് നല്‍കിയ ആഹ്ലാദം മായാതെ കിടക്കുന്നു. തുടര്‍ന്നുള്ള അഞ്ച് വര്‍ഷം രാഹുല്‍ ദ്രാവിഡ് എന്ന ക്രിക്കറ്ററുടെ തേരോട്ടമാണ് ലോകം കണ്ടത്. 2002ല്‍ നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലും 2003-2004ല്‍ നടന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ദ്രാവിഡ് അറന്നൂറിലേറെ റണ്ണാണ് നേടിയത്. രണ്ട് പരമ്പരകളിലും ഇന്ത്യ മികച്ച പ്രകടനം നടത്തിയപ്പോള്‍ അതിന് പ്രധാന കാരണം രാഹുല്‍ ദ്രാവിഡായിരുന്നു. അക്കാലത്ത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വി.വി.എസ് ലക്ഷ്ണ്‍, സൗരവ് ഗാംഗുലി എന്നിവരോടൊപ്പം ഫാബുലസ് ഫോര്‍ എന്ന് വിളിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്നു രാഹുല്‍ ദ്രാവിഡ്.
സൗരവ് ഗാംഗുലിക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റനായ രാഹുല്‍ ദ്രാവിഡ് ഇന്ത്യയെ വെസ്റ്റ് ഇന്‍ഡീസിലും ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ജയത്തിലേയ്ക്ക് നയിച്ചു. രണ്ടിടത്തും ഏറെക്കാലത്തിന് ശേഷമായിരുന്നു ഇന്ത്യ ജയിക്കുന്നത്. എന്നാല്‍ 2007 ലോകകപ്പില്‍ ദ്രാവിഡിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയുടെ പ്രകടനം ദയനീയമായിരുന്നു. അന്ന് ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റ ഇന്ത്യയ്ക്ക് ദുര്‍ബലരായ ബര്‍മുഡയോട് മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. ആ ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായി. 25 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച ദ്രാവിഡിന് പക്ഷെ അതില്‍ എട്ട് ടെസ്റ്റുകളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയം നേടിക്കൊടുക്കാന്‍ സാധിച്ചത്. 79 ഏകദിന മത്സരങ്ങളില്‍ ദ്രാവിഡ് ഇന്ത്യയെ നയിച്ചപ്പോള്‍ അതില്‍ 42 എണ്ണത്തില്‍ ഇന്ത്യ ജയിച്ചു. പിന്നീട് ദ്രാവിഡ് സ്വമേധയാ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ഒരു പക്ഷെ ഇത്രയും മാന്യമായി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ക്രിക്കറ്റര്‍മാര്‍ അപൂര്‍വമായിരിക്കും. അതായിരുന്നു ദ്രാവിഡ്. അയാള്‍ ഒരിക്കലും എവിടെയും കടിച്ചുതൂങ്ങിയില്ല. ടീമിന് എന്താണ് ഏറ്റവും നല്ലതെന്നതിനെക്കുറിച്ച് ദ്രാവിഡിന് ഉത്തമബോധ്യമുണ്ടായിരുന്നു. അയാളൊരിക്കലും വ്യക്തി താല്പര്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ടില്ല. ടീമായിരുന്നു ദ്രാവിഡിന് പ്രധാനം. അന്ന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ചില മാധ്യമങ്ങള്‍ ദ്രാവിഡിനെ വിളിച്ചത് ‘ദ ലാസ്റ്റ് ജെന്റില്‍മാന്‍’ എന്നാണ്. ക്രിക്കറ്റില്‍ അയാളുടെ ഏറ്റവും മികച്ച വര്‍ഷങ്ങള്‍ കഴിഞ്ഞെന്ന് ലോകം കരുതിയപ്പോഴാണ് വീണ്ടും ദ്രാവിഡ് തന്റെ ക്ലാസ് എന്താണെന്ന് തെളിയിച്ചത്. 2011ലായിരുന്നു അത്. ഇംഗ്ലണ്ടില്‍ ഇന്ത്യ പര്യടനം നടത്തുന്നു. എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയെ ഇംഗ്ലണ്ട് തച്ചുടച്ച പരമ്പരയായിരുന്നു അത്. നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ മറ്റൊരു ബാറ്റര്‍ക്കും 275 റണ്ണില്‍ കൂടുതലെടുക്കാന്‍ കഴിയാതിരുന്നപ്പോള്‍ ദ്രാവിഡ് നേടിയത് 461 റണ്ണായിരുന്നു. ഇതില്‍ മൂന്ന് സെഞ്ച്വറി ഉള്‍പ്പെട്ടിരുന്നു. അതില്‍ത്തന്നെ രണ്ട് സെഞ്ച്വറി ഓപ്പണറായി ഇറങ്ങി ഇംഗ്ലണ്ടിന്റെ മികച്ച ഫാസ്റ്റ് ബൗളര്‍മാരെ നേരിട്ടായിരുന്നു എന്നത് കൂടി കാണണം. ആ പരമ്പരയിലെ നാല് ടെസ്റ്റിലും ഇന്ത്യ തോറ്റു. എന്നാല്‍ ഇതിനേത്തുടര്‍ന്ന് നടന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ദ്രാവിഡിന്റെ പ്രകടനം മോശമായിരുന്നു. അതോടെ അയാളുടെ കരിയറും അവസാനിച്ചു.

164 ടെസ്റ്റുകളില്‍ നിന്നായി 13,288 റണ്ണാണ് അയാള്‍ അടിച്ചുകൂട്ടിയത്. സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് മാത്രം പിന്നില്‍. 36 സെഞ്ച്വറിയും 63 അര്‍ദ്ധ സെഞ്ച്വറിയും നേടി. 270 റണ്ണാണ് ഇന്നിംഗ്‌സിലെ ഉയര്‍ന്ന സ്‌കോര്‍. 52.31 ആണ് ശരാശരി. 344 ഏകദിന മത്സരങ്ങളില്‍ നിന്നായി 10,889 റണ്ണും ദ്രാവിഡ് നേടി. 12 സെഞ്ച്വറിയും 83 അര്‍ദ്ധ സെഞ്ച്വറിയും. 39.16 ആണ് ശരാശരി. സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്ന കാലത്ത് കുറച്ചുകാലം രാഹുല്‍ ദ്രാവിഡിനെ വിക്കറ്റ് കീപ്പറായി ഉപയോഗിച്ചിരുന്നു. മുഹമ്മദ് കൈഫിനെ അധിക ബാറ്ററായി ടീമില്‍ ഉള്‍പ്പെടുത്താനും ടീമിന്റെ ബാലന്‍സ് നിലനിര്‍ത്താനും വേണ്ടിയായിരുന്നു ഇത്. മാത്രമല്ല കൈഫ് മികച്ച ഫീല്‍ഡര്‍ ആണെന്നത് ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യും എന്നതുകൂടി പരിഗണിച്ചായിരുന്നു ഇത്. അന്ന് യാതൊരു പരാതിയും പറയാതെ ടീമിനുവേണ്ടി വിക്കറ്റ് കീപ്പറാകാന്‍ ദ്രാവിഡ് തയ്യാറായി. അതിനയാള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. മാത്രമല്ല വിക്കറ്റ് കീപ്പറെന്ന നിലയില്‍ ശരാശരിയിലും മീതെയായ പ്രകടനം കാഴ്ചവെയ്ക്കാനും ദ്രാവിഡിനായി. ദ്രാവിഡ് വിക്കറ്റ് കീപ്പറാകാന്‍ സമ്മതിച്ചത് 2003 ലോകകപ്പിന്റെ ഫൈനലില്‍ വരെയെത്തുന്നതില്‍ നിര്‍ണായകമായി. ഏകദിനത്തില്‍ അയാള്‍ വിക്കറ്റ് കീപ്പര്‍ ഉള്‍പ്പടെ പല പൊസിഷിനുകളിലായി 196 ക്യാച്ചാണെടുത്തത്. 14 സ്റ്റംപിംഗും അയാളുടേതായുണ്ട്. ഒരേയൊരു അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിലാണ് ദ്രാവിഡ് കളിച്ചത്. ഐ പി എല്‍ തുടങ്ങിയപ്പോള്‍ ആദ്യ കുറച്ച് സീസണുകളില്‍ അയാള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചു.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം പരിശീലകന്റെ റോളിലേയ്ക്ക് ദ്രാവിഡ് മാറി. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായ ദ്രാവിഡ് പിന്നീട് ഇന്ത്യന്‍ അണ്ടര്‍-19 ടീമിന്റെയും ഇന്ത്യ എ ടീമിന്റെയും പരിശീലകസ്ഥാനം ഏറ്റെടുത്തു. ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യന്‍ അണ്ടര്‍-19 ടീം 2016ലെ അണ്ടര്‍-19 ലോകകപ്പിന്റെ ഫൈനലിലെത്തുകയും 2018ലെ അണ്ടര്‍-19 ലോകകപ്പ് നേടുകയും ചെയ്തു. അണ്ടര്‍-19, ഇന്ത്യ എ ടീമുകളിലായി ഇന്ത്യയുടെ ഭാവി താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ രാഹുല്‍ ദ്രാവിഡ് നിര്‍ണായക പങ്ക് വഹിച്ചു. ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങി പിന്നീട് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ തിളങ്ങിയ പല കളിക്കാരെയും മികച്ച കളിക്കാരാക്കി മാറ്റിയത് ദ്രാവിഡിന്റെ കീഴിലുള്ള പരിശീലനമായിരുന്നു. ഇതിനിടയില്‍ ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെയടക്കം മെന്റര്‍ ആയും ദ്രാവിഡ് പ്രവര്‍ത്തിച്ചു. 2019 ജൂലായില്‍ ദ്രാവിഡിനെ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി നിയമിച്ചു. ഈ റോളിലും ദ്രാവിഡ് തിളങ്ങി. കളിക്കാരുടെ ഫിറ്റ്‌നസ് വിഷയങ്ങളില്‍ എന്‍സിഎയ്ക്ക് പ്രധാന റോളുണ്ട്. ദേശീയ ടീമില്‍ നിന്ന് പരിക്കേറ്റെത്തുന്നവരെ ഫിറ്റ്‌നസ് വീണ്ടെടുത്ത് വീണ്ടും ടീമിലെത്തിക്കുന്നതിലടക്കം ദ്രാവിഡിന്റെ നേതൃപരമായ പങ്ക് ഏറെ ശ്ലാഘിക്കപ്പെട്ടു.

തുടര്‍ന്ന് 2021 നവംബറില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലകനായി ദ്രാവിഡ് നിയമിക്കപ്പെട്ടു. തുടര്‍ന്ന് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചു. ദ്രാവിഡിന്റെ പരിശീലകത്വത്തിന്‍ കീഴില്‍ ഇന്ത്യ കളിച്ച 24 ടെസ്റ്റില്‍ പതിനാലിലും ജയിച്ചു. 58.33 ആണ് വിജയ ശതമാനം. 53 ഏകദിന മത്സരങ്ങളില്‍ 36 എണ്ണത്തില്‍ ജയിച്ചു. 72 ആണ് വിജയ ശതമാനം. ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയം കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പിലായിരുന്നു. പതിനേഴ് വര്‍ഷത്തിന് ശേഷം ഇന്ത്യ ട്വന്റി20യില്‍ ലോകജേതാക്കളായി. ഏകദിന ലോകകപ്പ് ഫൈനലിലടക്കം ഐ സി സി ടൂര്‍ണമെന്റുകളുടെ ഫൈനലുകളില്‍ നിരന്തരം തോറ്റ് നിരാശരായിരുന്ന ഇന്ത്യന്‍ ടീമിന് ഏറെ ആഹ്ലാദം നല്‍കിയ വിജയമായിരുന്നു ഇത്. ദ്രാവിഡിന്റെ പരിശീലകത്വത്തിലെ അവസാന ടൂര്‍ണമെന്റായിരുന്നു ഇത്. കളിക്കാരനെന്ന നിലയില്‍ ലോകകപ്പ് നേടാനാകാത്തതിന്റെ നിരാശ ഈ വിജയത്തോടെ ദ്രാവിഡ് കഴുകിക്കളഞ്ഞു. പരിശീലകനെന്ന നിലയില്‍ കളിക്കാരെ പ്രചോദിപ്പിക്കുന്നതിലും അവരുമായി കൃത്യമായ ആശയ വിനിമയം നടത്തുന്നതിലും ഏറെ മുന്നിലായിരുന്നു ദ്രാവിഡ്. ടീമിലെ സീനിയര്‍ കളിക്കാരുമായും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായുമെല്ലാം ദ്രാവിഡ് മികച്ച ബന്ധം പുലര്‍ത്തി. ഇതെല്ലാം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റാണ് അയാള്‍ക്കെല്ലാം. ഈ ഗെയിമിനോടുള്ള അയാളുടെ അര്‍പ്പണബോധം കേവലം വാക്കുകളില്‍ വിവരിക്കാനാകില്ല. ഒരുപക്ഷെ ഇത്രമാത്രം ക്രിക്കറ്റുമായി ഇഴചേര്‍ന്നുകിടന്ന മനുഷ്യര്‍ കുറവായിരിക്കും. ക്രിക്കറ്ററെന്ന നിലയില്‍ മാത്രമല്ല ഒരു മനുഷ്യനെന്ന നിലയിലും അടിമുടി മികച്ചവനാണ് രാഹുല്‍ ദ്രാവിഡ് എന്ന് നിസംശയം പറയാം. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ, വീരേന്ദര്‍ സെവാഗ് എന്നിവരെല്ലാം ഉള്‍പ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു സുവര്‍ണ തലമുറയുടെ ഭാഗമായ ദ്രാവിഡ് എക്കാലത്തെയും ജെന്റില്‍മാന്‍ ക്രിക്കറ്റര്‍മാരിലൊരാളെന്ന നിലയില്‍ എന്നും ഓര്‍മിക്കപ്പെടും. ആ നിഷ്‌കളങ്കമായ ചിരി ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളിലാണ് കൊത്തിവെയ്ക്കപ്പെട്ടിട്ടുള്ളത്.



