കെ.ശ്രീജിത്ത്
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കുംബ്ലെയെപ്പോലെ മറ്റൊരു ബൗളറും ഇത്രയധികം കളികളില്‍ ഇന്ത്യയെ ജയിപ്പിച്ചിട്ടില്ല. കഠിനാദ്ധ്വാനമായിരുന്നു കുംബ്ലെയുടെ മുഖമുദ്ര. ടെസ്റ്റ് മത്സരങ്ങളില്‍ ഓവറുകള്‍ക്ക് പിറകെ ഓവറുകളെറിയാന്‍ ഒരു മടിയുമില്ലാത്ത ബൗളര്‍. ബാറ്ററുടെ ദൗര്‍ബല്യങ്ങളിലേയ്ക്ക് പന്തെറിയാന്‍ ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു കുംബ്ലെയ്്ക്ക്. ഇത്രമാത്രം അര്‍പ്പണബോധമുള്ള ക്രിക്കറ്റര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികമൊന്നുമുണ്ടായിട്ടില്ല. വിജയിക്കാനുള്ള അടങ്ങാത്ത ദാഹമായിരുന്നു കുംബ്ലെയുടെ മറ്റൊരു പ്രത്യേകത. അതിനായി അയാള്‍ എല്ലുമുറിയെ പണിയെടുത്തു. ഏത് സാഹചര്യത്തിലും ടീമിനെ ജയിപ്പിക്കാനായി അയാള്‍ മുന്നില്‍ നിന്നു. ഏതാണ്ട് രണ്ട് പതീറ്റാണ്ടോളം ഇന്ത്യന്‍ ബൗളിംഗ് നിരയുടെ മുന്നണിപ്പോരാളിയായിരുന്നു കുംബ്ലെ. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ആശ്രയിക്കാവുന്ന ബൗളര്‍. എപ്പോഴും വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കുന്ന ബൗളര്‍. എത്ര ബൗള്‍ ചെയ്താലും മതിയാകാത്ത ബൗളര്‍.

ഒരിക്കല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രവി ശാസ്ത്രി പറഞ്ഞു: ക്രിക്കറ്റില്‍ കഠിനാദ്ധ്വാനത്തിന്റെ കാര്യത്തില്‍, വിജയതൃഷ്ണയുടെ കാര്യത്തില്‍ മാതൃകയാക്കേണ്ട ക്രിക്കറ്റര്‍മാരുടെ പട്ടികയെടുത്താല്‍ അതില്‍ നിശ്ചയമായും ആദ്യത്തെ പേരുകാരിലൊരാള്‍ അനില്‍ കുംബ്ലെ ആയിരിക്കുമെന്ന്. സത്യമാണത്. ടെസ്റ്റ് ക്രിക്കറ്റില്‍ പ്രത്യേകിച്ചും. എത്രയെത്ര കളികളിലാണ് കുംബ്ലെ ഒറ്റയ്ക്ക് ഇന്ത്യന്‍ ബൗളിംഗിന്റെ ഭാരം ചുമലിലേറ്റിയത്. 2002ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ആന്റ്വിഗയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കുംബ്ലെയ്ക്ക് പരിക്കേറ്റു. അയാളുടെ താടിയെല്ല് പൊട്ടിയിരുന്നു. ഗുരുതരമായ പരിക്കായിരുന്നു അത്. അയാള്‍ ആ പരിക്കുമായി തുടര്‍ച്ചയായി പതിനാല് ഓവറുകളാണ് എറിഞ്ഞത്. അതിനിടെ വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ബാറ്റര്‍ ബ്രയന്‍ ലാറയുടെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ക്രിക്കറ്റില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ എക്കാലത്തെയും ചിത്രങ്ങളിലൊന്നായി മാറി ബാന്‍ഡേജിട്ട താടിയെല്ലുമായി പന്തെറിയുന്ന അനില്‍ കുംബ്ലയുടെ ചിത്രം. അതായിരുന്നു അനില്‍ കുംബ്ലെ. അര്‍പ്പണബോധത്തിന്റെ കാര്യത്തില്‍ അയാള്‍ കഴിഞ്ഞിട്ടെ മറ്റൊരു ക്രിക്കറ്ററുള്ളൂ. എന്നും ടീമിനെ ജയിപ്പിക്കാനായി അയാള്‍ അവസാനം വരെ പോരാടി. ടീം തോറ്റപ്പോഴൊക്കെ അയാള്‍ അത്യന്തം നിരാശനായി കാണപ്പെട്ടു. എവിടെയാണ് പിഴച്ചതെന്ന് അയാള്‍ പിന്നെയും പിന്നെയും കൂട്ടിക്കിഴിച്ച് നോക്കി. ഈ മത്സരത്തിലെ പിഴവ് അടുത്ത മത്സരത്തില്‍ ആവര്‍ത്തിക്കരുതെന്ന് അയാള്‍ സ്വയം ചട്ടംകെട്ടി. അതില്‍ നിന്ന് അണുവിട മാറാതെ അടുത്ത മത്സരങ്ങളില്‍ ആ പിഴവുകളെ അയാള്‍ മായ്ച്ചുകളഞ്ഞു. ലോക ക്രിക്കറ്റില്‍ തന്റെ സമകാലികനായിരുന്ന മറ്റൊരു ലെഗ് സ്പിന്‍ ഇതിഹാസം ഷെയന്‍ വോണില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും ഏറെ വ്യത്യസ്തനായ ലെഗ് സ്പിന്നറായിരുന്നു അനില്‍ കുംബ്ലെ. ബൗളിംഗിലും സമീപനത്തിലും എല്ലാം ആ വ്യത്യസ്തത പ്രത്യക്ഷത്തില്‍ തന്നെ ക്രിക്കറ്റ് ആരാധകര്‍ക്ക് അനുഭവപ്പെട്ടു.

1990ല്‍ അനില്‍ കുംബ്ലെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുമ്പോള്‍ അയാളുടെ ബൗളിംഗ് കണ്ട എല്ലാവരും അയാളൊരു മീഡിയം പേസ് ബൗളറാണോ എന്ന് സംശയിച്ചു. സാധാരണ ലെഗ് സ്പിന്നര്‍മാരെക്കാള്‍ കുറച്ചധികം വേഗത്തിലായിരുന്നു കുംബ്ലെ എറിഞ്ഞിരുന്നത്. പിച്ചില്‍ കുത്തിയ ശേഷം പന്ത് ശരവേഗത്തിലാണ് ബാറ്ററിലേയ്ക്ക് എത്തിയിരുന്നത്. വളരെക്കുറച്ച് മാത്രമാണ് പന്ത് ടേണ്‍ ചെയ്തിരുന്നത്. സ്പിന്‍ ബൗളിംഗില്‍ ഈ രീതി ആര്‍ക്കും കണ്ട് പരിചയമില്ലായിരുന്നു. ഈ രീതി അയാള്‍ക്ക് വലിയ വിജയം നേടിക്കൊടുത്തു. പ്രത്യേകിച്ചും ഇന്ത്യയിലെ ടേണിംഗ് പിച്ചുകളില്‍. ലെഗ് സ്പിന്‍ എന്ന കലയെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ പഠിക്കാനും സ്വയം പരിണമിക്കാനുമുള്ള കുംബ്ലെയുടെ കഴിവ് ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. രണ്ടായിരത്തിന്റെ പകുതിയില്‍ ഇത് പ്രത്യേകിച്ചും തെളിഞ്ഞുകണ്ടു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒന്നര പതീറ്റാണ്ടോളം പിന്നിട്ട ശേഷവും അയാള്‍ ഇന്ത്യയ്ക്ക് നേടിത്തന്ന ഉജ്ജ്വല വിജയങ്ങളിലൂടെ. ഇംഗ്ലണ്ടിലെ ഹെഡ്ഡിംഗ്‌ലിയില്‍, ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ പാകിസ്താനിലെ മുള്‍ട്ടാനില്‍, വെസ്റ്റ് ഇന്‍ഡീസിലെ കിംഗ്സ്റ്റണില്‍ എന്നിവിടങ്ങളിലെല്ലാം അയാള്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് വിജയങ്ങള്‍ നേടിത്തന്നു. അപ്പോഴേയ്ക്കും അയാള്‍ തന്റെ ഗൂഗ്ലിയുടെ മൂര്‍ച്ച രാകിരാകി കൂട്ടിയിരുന്നു. പന്തിന്റെ ഫ്‌ളൈറ്റിലും ടേണിലും കൂടുതല്‍ വ്യത്യസ്ത കൊണ്ടുവന്നിരുന്നു. അതിന്റെയെല്ലാം ഫലമായിരുന്നു വിദേശ പിച്ചുകളില്‍ അയാള്‍ ഇന്ത്യയ്ക്ക് നേടിത്തന്ന ഈ വിജയങ്ങള്‍.

എക്കാലത്തെയും മികച്ച റെക്കോഡായിരുന്നു കുംബ്ലെയ്ക്കുണ്ടായിരുന്നത്. ഇന്ത്യന്‍ റെക്കോഡുകളെല്ലാം അയാള്‍ തകര്‍ത്തിരുന്നു. 1999ല്‍ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ പാകിസ്താനെതിരെ ഒരിന്നിംഗ്‌സിലെ പത്ത് വിക്കറ്റും അയാള്‍ വീഴ്ത്തിയിരുന്നു. 2001ല്‍ തന്റെ ഹോം ഗ്രൗണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെച്ച് കുംബ്ലെ ടെസ്റ്റ് ക്രിക്കറ്റില്‍ മുന്നൂറ് വിക്കറ്റെന്ന നേട്ടം പിന്നിട്ടു. ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യന്‍ സ്പിന്നര്‍ ഈ നാഴികക്കല്ല് പിന്നിടുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തിനുശേഷം ഏകദിനത്തിലും അയാള്‍ മുന്നൂറ് വിക്കറ്റെന്ന നേട്ടം കൈവരിച്ചു. ആ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറായിരുന്നു കുംബ്ലെ. 2007 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ വെച്ച് ഗ്ലെന്‍ മക്ഗ്രാത്തിന്റെ 563 ടെസ്റ്റ് വിക്കറ്റെന്ന നേട്ടത്തെയും കുംബ്ലെ മറികടന്നു. അയാളുടെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17 വര്‍ഷവും 118 ടെസ്റ്റ് മത്സരങ്ങളും പിന്നിട്ട ശേഷം അയാള്‍ മറ്റൊരു സവിശേഷ നേട്ടത്തിലെത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി നേടുക എന്ന നേട്ടം. അയാളുടെ എക്കാലത്തെയും ഏറ്റവും വലിയ മോഹങ്ങളിലൊന്നായിരുന്നു അത്. ഓവലില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആ സെഞ്ച്വറിയും. 2008 ജനുവരിയില്‍ ടെസ്റ്റില്‍ 600 വിക്കറ്റെന്ന നേട്ടവും അയാള്‍ കൈവരിച്ചു.

കുംബ്ലെയ്ക്ക് 37 വയസ് പിന്നിട്ട് ഒരു മാസം തികഞ്ഞപ്പോഴാണ് അയാളെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചത്. പാകിസ്താനെതിരായ നാട്ടിലെ പരമ്പരയിലായിരുന്നു അത്. ആ പരമ്പരയില്‍ കുംബ്ലെ ഇന്ത്യയെ ജയത്തിലേയ്ക്ക് നയിച്ചു. 27 വര്‍ഷത്തിന് ശേഷമായിരുന്നു നാട്ടില്‍ ഇന്ത്യ പാകിസ്താനെതിരെ പരമ്പര നേടുന്നത്. 2007-2008ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ ആയിരുന്നു. ഏറെ വിവാദമായ പരമ്പരയായിരുന്നു അത്. പരമ്പരയില്‍ സിഡ്‌നിയില്‍ നടന്ന ടെസ്റ്റ് അംപയര്‍മാരുടെ വിവാദ തീരുമാനങ്ങളാല്‍ വഷളായിരുന്നു. സ്റ്റീവ് ബക്‌നറും മാര്‍ക്ക് ബെന്‍സണുമായിരുന്നു അംപയര്‍മാര്‍. ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡിനും സൗരവ് ഗാംഗുലിക്കുമെതിരായ അംപയര്‍മാരുടെ തീരുമാനങ്ങള്‍ തീര്‍ത്തും തെറ്റായിരുന്നു. അതില്‍ ഗാംഗുലിയെ മൈക്കല്‍ ക്ലാര്‍ക്ക് സ്ലിപ്പില്‍ ക്യാച്ച് ചെയ്‌തെന്ന മാര്‍ക്ക് ബെന്‍സന്റെ തീരുമാനം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനോട് ചോദിച്ച ശേഷമായിരുന്നു. അപ്പോള്‍ അത് ഔട്ടാണെന്നും ക്ലാര്‍ക്ക് കൃത്യമായി ക്യാച്ചെടുത്തെന്നുമായിരുന്നു പോണ്ടിംഗിന്റെ നിലപാട്. തുടര്‍ന്ന് ബെന്‍സന്‍ ഗാംഗുലി ഔട്ടായതായി വിധിച്ചു. എന്നാല്‍ ക്ലാര്‍ക്ക് ക്യാച്ച് ക്ലീനായി എടുത്തോയെന്ന് റീപ്ലേയില്‍ വ്യക്തമായിരുന്നില്ല. സംശയമുള്ള ക്യാച്ചുകളില്‍ ഫീല്‍ഡിംഗ് ടീം ക്യാപ്റ്റന്റെ അഭിപ്രായം തേടാമെന്ന പരമ്പരയ്ക്കുമുമ്പുള്ള കരാറനുസരിച്ചായിരുന്നു അംപയര്‍ പോണ്ടിംഗിന്റെ അഭിപ്രായം തേടിയത്. നേരത്തെ ഓസ്‌ട്രേലിയയുടെ ആന്‍ഡ്ര്യൂ സൈമണ്ട്‌സ് ഔട്ടായിട്ടും ഔട്ടല്ലെന്ന് സ്റ്റീവ് ബക്‌നര്‍ വിധിച്ചതും വിവാദമായി. സൈമണ്ട്‌സ് പിന്നീട് കൂറ്റന്‍ സെഞ്ച്വറി നേടി. മത്സരത്തില്‍ ഇന്ത്യ തോറ്റു.

തുടര്‍ന്നുനടന്ന വാര്‍ത്താസമ്മേളനത്തില്‍ അനില്‍ കുംബ്ലെ ഓസ്‌ട്രേലിയയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി. കളിയുടെ സ്പിരിറ്റിനെതിരായാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പെരുമാറിയതെന്ന് കുംബ്ലെ തുറന്നടിച്ചു. മത്സരത്തില്‍ ഇന്ത്യ മാത്രമാണ് ശരിയായ സ്പിരിറ്റില്‍ കളിച്ചതെന്നും കുംബ്ലെ പറഞ്ഞു. ഇത് ക്രിക്കറ്റ് ലോകത്തെ, പ്രത്യേകിച്ചും ഓസ്‌ട്രേലിയയെ ഞെട്ടിച്ചു. പൊതുവെ മിതഭാഷിയായ അനില്‍ കുംബ്ലെ ഇത്രയും രൂക്ഷമായി പ്രതികരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഗ്ലെന്‍ മക്ഗ്രാത്ത് ഉള്‍പ്പടെയുള്ളവര്‍ കുംബ്ലെ പ്രതികരിച്ച രീതിയില്‍ അത്ഭുതം പ്രകടിപ്പിച്ചു. എന്നാല്‍ കുംബ്ലെയുടെ പ്രതികരണം തീര്‍ത്തും ശരിയായിരുന്നു. ആ പ്രതികരണം കൊണ്ടാണ് ലോകം എന്താണ് സംഭവിച്ചതെന്ന് ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കിയത്. ഓസ്‌ട്രേലിയയ്ക്ക് ഏറെ നാണക്കേടുണ്ടാക്കിയ സംഭവ പരമ്പരയായി അത്. അതിന് കാരണം കുംബ്ലെയുടെ കൃത്യസമയത്തുള്ള ശക്തമായ പ്രതികരണമായിരുന്നു. 1932-33ല്‍ ഏറെ കുപ്രസിദ്ധമായ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ബോഡിലൈന്‍ പരമ്പരയ്ക്കുശേഷം ഓസ്‌ട്രേലിയന്‍ ബാറ്ററായ ബില്‍ വുഡ്ഫാള്‍ പറഞ്ഞ ‘Only one team was playing with the spirit of the game’ എന്ന വാചകമാണ് അതേപടി കുംബ്ലെ അന്ന് പറഞ്ഞത്. ആ മത്സരത്തിലാണ് ഏറെ വിവാദമായ മങ്കിഗേറ്റ് വിവാദവുമുണ്ടായത്. ആന്‍ഡ്ര്യൂ സൈമണ്ട്‌സിനെ ഹര്‍ഭജന്‍ സിംഗ് കുരങ്ങനെന്ന് വിളിച്ചു എന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ആക്ഷേപിക്കുകയും ഓസ്‌ട്രേലിയ പരാതി നല്‍കുകയും ചെയ്തു. ഇന്ത്യ ആ ആരോപണത്തെ ശക്തമായി നിഷേധിച്ചു. തുടര്‍ന്ന് മാച്ച് റഫറി മൈക്ക് പ്രോക്ടര്‍ ഹര്‍ഭജനെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കിയെങ്കിലും ഇന്ത്യയുടെ അപ്പീലിനെത്തുടര്‍ന്ന് വിലക്ക് പിന്‍വലിച്ചു.

മങ്കിഗേറ്റ് വിവാദത്തില്‍ പിന്നീട് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടെയുള്ളവര്‍ അന്വേഷണ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കുകയുണ്ടായി. അന്ന് പരമ്പര പാതിവഴിയില്‍ ഉപേക്ഷിച്ച് ഇന്ത്യ നാട്ടിലേയ്ക്ക് തിരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയുണ്ടായില്ല. ഓസ്‌ട്രേലിയ 2-1ന് ജയിച്ച ആ പരമ്പര അംപയര്‍മാര്‍ ശരിയായ തീരുമാനങ്ങളെടുത്തിരുന്നെങ്കില്‍ ഇന്ത്യയായിരുന്നു ജയിക്കേണ്ടിയിരുന്നതെന്ന് ഭൂരിഭാഗം പേരും ഇന്നും കരുതുന്നുണ്ട്. ഇന്ത്യ ഏറെ പരീക്ഷണത്തിലൂടെ കടന്നുപോയ ആ പരമ്പരയില്‍ സാമാന്യബോധത്തോടെ, സ്ഥിരപ്രഞ്ജത കൈവിടാതെ ടീമിനെ നയിച്ച അനില്‍ കുംബ്ലെയെ അന്ന് എല്ലാവരും പ്രശംസിച്ചു. ഒരു നായകന് ചേര്‍ന്ന നിലപാടുകളുമായി കുംബ്ലെ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചു. ഏറെ നേരത്തെ ക്യാപ്റ്റനാക്കപ്പെടേണ്ടിയിരുന്ന താരമായിരുന്നു അനില്‍ കുംബ്ലെയെന്നും അങ്ങിനെയായിരുന്നെങ്കില്‍ അയാള്‍ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ പട്ടികയിലെ ആദ്യ പേരുകാരനായേനെ എന്നും ക്രിക്കറ്റ് പണ്ഡിതര്‍ കരുതുന്നു. അത് ശരിയാണുതാനും.

2008ല്‍ ഓസ്‌ട്രേലിയ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ബെംഗളൂരുവില്‍ നടന്ന ടെസ്റ്റില്‍ അനില്‍ കുംബ്ലെയ്ക്ക് വിക്കറ്റൊന്നും വീഴ്ത്താനായില്ല. അതോടെ പലരും കുംബ്ലെയ്ക്ക് നേരെ തിരിഞ്ഞു. കുംബ്ലെ വിരമിക്കാന്‍ സമയമായെന്ന് അവര്‍ പറഞ്ഞു. ഇതോടൊപ്പം തോളിനേറ്റ പരിക്ക് കൂടി ആയതോടെ കുംബ്ലെ വിരമിക്കണമെന്ന് മുറവിളി ഉയര്‍ന്നു. അതിനോട് രൂക്ഷമായി പ്രതികരിച്ച കുംബ്ലെ കുറച്ചുകാലം കൂടി കളിക്കാനുള്ള ക്ഷമത തന്നിലുണ്ടെന്ന് വാദിച്ചു. എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റിയ കുംബ്ലെ പരമ്പരയിലെ ഡല്‍ഹി ടെസ്റ്റോടെ താന്‍ വിരമിക്കുന്നതായി പ്രഖ്യാപിച്ചു. കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ടെസ്റ്റില്‍ 619 വിക്കറ്റോടെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയില്‍ മൂന്നാമനായിരുന്നു അനില്‍ കുംബ്ലെ. മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണുമായിരുന്നു ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

2010ല്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനില്‍ കുംബ്ലെ മൂന്ന് വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. 2016ല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി അനില്‍ കുംബ്ലെ നിയമിക്കപ്പെട്ടെങ്കിലും അധികം വൈകാതെ ആ സ്ഥാനത്തുനിന്ന് പുറത്തായി. അന്ന് ക്യാപ്റ്റനായിരുന്ന വിരാട് കോലി അതൃപ്തിയായിരുന്നു കാരണം. കുംബ്ലെയുടെ കഠിനമായ പരിശീലനരീതികളും അച്ചടക്കത്തിനായുള്ള പിടിവാശിയും ചില കളിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കോലി ബി സി സി ഐയോട് പരാതിപ്പെട്ടു. തുടര്‍ന്നായിരുന്നു ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതെത്തിയിട്ടും അനില്‍ കുംബ്ലെ പുറത്താക്കപ്പെട്ടത്. അന്ന് വിരാട് കോലിയുടെ നിലപാട് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. കോലി എന്ന താരത്തിന്റെ താളത്തിനനുസരിച്ച് തുള്ളിയ ബി സി സി ഐയും വിമര്‍ശിക്കപ്പെട്ടു.

132 ടെസ്റ്റുകളില്‍ നിന്നാണ് അനില്‍ കുംബ്ലെ 619 വിക്കറ്റ് വീഴ്ത്തിയത്. 35 തവണ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റും എട്ട് തവണ മത്സരത്തില്‍ പത്ത് വിക്കറ്റും വീഴ്ത്തി. 29.65 ആണ് ശരാശരി. 74 റണ്ണിന് പത്ത് വിക്കറ്റ് വീഴ്ത്തിയതാണ് ഇന്നിംഗ്‌സിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 271 ഏകദിന മത്സരങ്ങളില്‍ നിന്ന് 337 വിക്കറ്റാണ് കുംബ്ലെയുടെ സമ്പാദ്യം. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം. 12 റണ്ണിന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. 30.89 ആണ് ശരാശരി. ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ലെഗ് സ്പിന്‍ ബൗളര്‍മാരിലൊരാളാണ് അനില്‍ കുംബ്ലെ. എല്ലാ അര്‍ത്ഥത്തിലും മാച്ച് വിന്നറായ സ്പിന്‍ ഇതിഹാസം. ഒരു സ്‌പോര്‍ട്‌സ്മാനുവേണ്ട ക്ഷമയും അച്ചടക്കവും വേണ്ടുവോളമുണ്ടായിരുന്ന അനില്‍ കുംബ്ലെ ഏത് തലമുറയിലെ ക്രിക്കറ്റര്‍മാര്‍ക്കും മാതൃകയാണ്. കളിക്കളത്തിലെ പെരുമാറ്റം കൊണ്ടും പ്രകടനം കൊണ്ടും.



