കെ.ശ്രീജിത്ത്
റൊണാള്‍ഡോ ലൂയിസ് നസാരിയോ ഡി ലിമ എന്ന റൊണാള്‍ഡോ. തൊണ്ണൂറുകളുടെ പകുതി തൊട്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം വരെ ലോക ഫുട്‌ബോളില്‍ നിറഞ്ഞുനിന്ന ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍. ഫുട്‌ബോളിലെ സ്‌ട്രൈക്കര്‍ എന്ന പൊസിഷനെ പുനര്‍നിര്‍വചിച്ച അസാമാന്യ പ്രതിഭ. തന്നെ പിന്തുടര്‍ന്നുവന്ന സ്‌ട്രൈക്കര്‍മാരുടെ ഒരു തലമുറയെ ഇത്രമാത്രം സ്വാധീനിച്ച മറ്റൊരു സ്‌ട്രൈക്കര്‍ ആധുനിക ഫുട്‌ബോളിലുണ്ടാകില്ല. മൂന്ന് തവണ ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരവും രണ്ട് തവണ ബാലണ്‍ ദി ഓര്‍ പുരസ്‌കാരവും നേടിയ റൊണാള്‍ഡോ തന്റെ തലമുറയിലെ ഏറ്റവും മികച്ച ഗോളടിക്കാരനായിരുന്നു. 1994ല്‍ ബ്രസീല്‍ ലോകകപ്പ് ജയിച്ചപ്പോള്‍ സ്‌ക്വാഡിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു റൊണാള്‍ഡോ. അന്ന് അയാള്‍ക്ക് പ്രായം വെറും പതിനേഴ് വയസായിരുന്നു. നാല് വര്‍ഷത്തിനുശേഷം നടന്ന ഫ്രാന്‍സ് ലോകകപ്പിന്റെ ഫൈനലില്‍ അസുഖബാധിതനായിട്ടും കളിക്കാനിറങ്ങിയ റൊണാള്‍ഡോയ്ക്ക് പക്ഷെ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുക്കാനായില്ല. എന്നാല്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ ലഭിച്ചത് റൊണാള്‍ഡോയ്ക്കായിരുന്നു.

എന്നാല്‍ 2002ലെ ലോകകപ്പില്‍ റൊണാള്‍ഡോ ബ്രസീലിനെ ജേതാക്കളാക്കുക തന്നെ ചെയ്തു. അന്ന് റൊണാള്‍ഡീഞ്ഞോയ്ക്കും റിവാള്‍ഡോയ്ക്കുമൊപ്പം ചേര്‍ന്ന് ബ്രസീലിന്റെ മുന്നേറ്റനിരയെ നയിച്ച റൊണാള്‍ഡോ എതിരാളികളെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തി. ഫൈനലില്‍ രണ്ട് ഗോളടിച്ച റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചതിനുള്ള ഗോള്‍ഡന്‍ ബൂട്ട് നേടി. തുടര്‍ന്ന് 2002ലെ ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരവും ബാലണ്‍ ദി ഓര്‍ പുരസ്‌കാരവും നേടിയ റൊണാള്‍ഡോ പരിക്കില്‍ നിന്ന് തിരിച്ചുവന്ന് മികച്ച കളി കാഴ്ചവെച്ചതിനുള്ള ലോറസ് വേള്‍ഡ് സ്‌പോര്‍ട്‌സ് അവാര്‍ഡ് ഫോര്‍ കംബാക്ക് ഓഫ് ദ ഇയര്‍ പുരസ്‌കാരവും സ്വന്തമാക്കി. 2006 ലോകകപ്പില്‍ റൊണാള്‍ഡോ തന്റെ പതിനഞ്ചാം ലോകകപ്പ് ഗോള്‍ നേടി. അന്ന് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള റെക്കോഡായിരുന്നു അത്. 1997ലെ കോപ്പ അമേരിക്ക ബ്രസീല്‍ ജയിച്ചപ്പോള്‍ റൊണാള്‍ഡോ ആയിരുന്നു പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. 1999ല്‍ ബ്രസീല്‍ വീണ്ടും കോപ്പ അമേരിക്ക ജയിച്ചപ്പോള്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് റൊണാള്‍ഡോ ആയിരുന്നു. 2004ല്‍ സാക്ഷാല്‍ പെലെ തിരഞ്ഞെടുത്ത ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച 100 കളിക്കാരുടെ കൂട്ടത്തില്‍ റൊണാള്‍ഡോയുമുണ്ടായിരുന്നു. ബ്രസീലിയന്‍ ഫുട്‌ബോള്‍ മ്യൂസിയം ഹാള്‍ ഓഫ് ഫഎയിം, ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഹാള്‍ ഓഫ് ഫെയിം, ഇന്റര്‍ മിലാന്‍ ഹാള്‍ ഓഫ് ഫെയിം, റയല്‍ മാഡ്രിഡ് ഹാള്‍ ഓഫ് ഫെയിം എന്നിവയിലെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള കളിക്കാരനാണ് റൊണാള്‍ഡോ. 2020ല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക എക്കാലത്തെയും മികച്ച ഇലവനെ ബാലന്‍ ദി ഓര്‍ ഡ്രീം ടീം എന്ന പേരില്‍ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ റൊണാള്‍ഡോയുമുണ്ടായിരുന്നു.

1976 സപ്തംബര്‍ 18ന് ബ്രസീലിലെ ഇറ്റഗുവായിലാണ് റൊണാള്‍ഡോ ജനിച്ചത്. അവന്റെ പതിനൊന്നാമത്തെ വയസില്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അധികം വൈകാതെ ഫുട്‌ബോളില്‍ ഒരു കരിയര്‍ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ റൊണാള്‍ഡോ സ്‌കൂള്‍ പഠനം നിര്‍ത്തി. പിന്നീട് റിയോ ഡി ജനീറോയ്ക്കടുത്തുള്ള ബെന്റോ റിബെയ്‌റോയുടെ തെരുവുകളില്‍ അവന്‍ സദാസമയവും ഫുട്‌ബോള്‍ കളിച്ചുനടന്നു. അതിനെക്കുറിച്ച് റൊണാള്‍ഡോയുടെ അമ്മ പറയുന്നത് ഇങ്ങനെയാണ്: ‘സ്‌കൂളില്‍ പോകേണ്ട പ്രായത്തില്‍ അവന്‍ എപ്പോഴും തെരുവില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്നു. അവനോട് യുദ്ധം ചെയ്തിട്ട് കാര്യമില്ലെന്ന് എനിക്ക് മനസിലായി’. പന്ത്രണ്ടാമത്തെ വയസില്‍ അവന്‍ സോഷ്യല്‍ റാമോസിന്റെ ഫുട്‌സാല്‍ ടീമില്‍ ചേര്‍ന്നു. നഗരത്തിലെ യൂത്ത് ലീഗിലെ തന്റെ ആദ്യ ഫുട്‌സാല്‍ സീസണില്‍ 166 ഗോളാണ് അവനടിച്ച് കൂട്ടിയത്. ഒരു മത്സരത്തില്‍ അവന്റെ ടീം 12 ഗോളടിച്ചപ്പോള്‍ അതില്‍ പതിനൊന്നും നേടിയത് അവനായിരുന്നു. തന്റെ ഫുട്‌ബോള്‍ കളിക്കാനുള്ള കഴിവ് തേച്ചുമിനുക്കിയെടുത്തത് ഫുട്‌സാല്‍ ആയിരുന്നുവെന്ന് പറയുന്ന റൊണാള്‍ഡോ എക്കാലവും തന്റെ ആദ്യ പ്രണയം ഫുട്‌സാലിനോടായിരിക്കുമെന്നും ഒരിക്കല്‍ പറഞ്ഞു.

സോഷ്യല്‍ റാമോസിലെ അവന്റെ പരിശീലകനായിരുന്ന അലീറിയോ കാര്‍വാലോ പറയുന്നത് കേള്‍ക്കുക: ‘റൊണാള്‍ഡോയെക്കുറിച്ച് ഏറ്റവും പ്രത്യേകതയുള്ള കാര്യം അവന്റെ സമീപനമായിരുന്നു. ചന്ദ്രനില്‍ നിന്ന് ഭൂമിയിലെത്തിയതുപോലെയായിരുന്നു അവന്‍. ഒന്നും അവനെ ശല്യപ്പെടുത്തിയില്ല. ഒന്നിനും കളിയിലുള്ള അവന്റെ ശ്രദ്ധയെ മാറ്റാന്‍ കഴിഞ്ഞില്ല’. ബ്രസീലിന്റെ മുന്‍ കളിക്കാരനായിരുന്ന ജെയിര്‍സിഞ്ഞോ റൊണാള്‍ഡോയുടെ കളി കണ്ടതോടെ അയാള്‍ പരിശീലകനായിരുന്ന സാവോ ക്രിസ്‌റ്റോവോ ക്ലബിലേയ്ക്ക് അവനെ കൊണ്ടുപോയി. അവിടെ പരിശീലകനായ ആല്‍ഫ്രെഡോ സാമ്പായിയോയുടെ കീഴില്‍ റൊണാള്‍ഡോ അതിവേഗം മികച്ച കളിക്കാരനായി മാറി. വെറും 15 വയസ് മാത്രമുള്ളപ്പോള്‍ ക്ലബിന്റെ അണ്ടര്‍-17, അണ്ടര്‍-20 ടീമുകള്‍ക്ക് വേണ്ടി അവന്‍ കളിച്ചു. എന്നാല്‍ കുട്ടിയായിരിക്കുമ്പോള്‍ തന്റെ ഇഷ്ട ടീമായിരുന്ന ഫഌമെംഗോ റൊണാള്‍ഡോയെ തള്ളിയത് അവനെ വേദനിപ്പിച്ചു. പരിശീലനത്തിന് കൃത്യമായി എത്താത്തതായിരുന്നു കാരണം. പരിശീലന മൈതാനത്തേയ്ക്ക് എത്താന്‍ റൊണാള്‍ഡോയ്ക്ക് ഒരു മണിക്കൂര്‍ ബസ്സില്‍ സഞ്ചരിക്കേണ്ടിയിരുന്നു. ബസ് ചാര്‍ജിനുള്ള പണം കൈവശമില്ലാത്തതിനാലായിരുന്നു അവന് കൃത്യമായി പരിശീലനത്തിന് എത്തിച്ചേരാന്‍ കഴിയാതിരുന്നത്. തുടര്‍ന്ന് ജെയിര്‍സിഞ്ഞോ അവനെ തന്റെ മുന്‍ ക്ലബായ ക്രുസെയ്‌റോയിലേയ്ക്ക് ശുപാര്‍ശ ചെയ്തു. അന്ന് അവന്റെ പ്രായം 16 വയസായിരുന്നു. ക്ലബിന്റെ യൂത്ത് ടീമിലെ അരങ്ങേറ്റത്തില്‍ അവന്‍ നാല് ഗോളടിച്ചു. ക്രുസെയ്‌റോയ്ക്ക് വേണ്ടി രണ്ട് സീസണിലെ 47 കളിയില്‍ 44 ഗോളാണ് റൊണാള്‍ഡോ അടിച്ചത്. ഇതോടെ അയാള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

തുടര്‍ന്ന് 1994 മാര്‍ച്ച് 23ന് അവന്‍ ബ്രസീല്‍ സീനിയര്‍ ടീമിനുവേണ്ടി അരങ്ങേറ്റം കുറിച്ചു. അര്‍ജന്റീനയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു അത്. മറ്റൊരു സൗഹൃദ മത്സരത്തില്‍ ഐസ്‌ലന്റിനെതിരെ ആയിരുന്നു റൊണാള്‍ഡോ ബ്രസീല്‍ കുപ്പായത്തില്‍ തന്റെ ആദ്യ ഗോളടിച്ചത്. പതിനേഴാമത്തെ വയസില്‍ 1994 ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഇടംപിടിച്ചെങ്കിലും ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും കളിക്കാനുള്ള അവസരം റൊണാള്‍ഡോയ്ക്ക് ലഭിച്ചില്ല. ബ്രസീല്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായി. ലോകകപ്പിന് ശേഷം പി.എസ്.വിയില്‍ ചേര്‍ന്ന റൊണാള്‍ഡോ അവിടെ രണ്ട് വര്‍ഷം കളിച്ചതിന് ശേഷം സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലേയ്ക്ക് കൂടുമാറി. 19.5 മില്യണ്‍ ഡോളറായിരുന്നു റൊണാള്‍ഡോയുടെ പ്രതിഫലം. അന്നത് റെക്കോഡ് തുകയായിരുന്നു. സീസണില്‍ എല്ലാ ചാമ്പ്യന്‍ഷിപ്പിലുമായി റൊണാള്‍ഡോ 49 മത്സരങ്ങളില്‍ നിന്ന് 47 ഗോളാണ് നേടിയത്. ലാലിഗയില്‍ മാത്രം 37 കളികളില്‍ നിന്ന് 34 ഗോള്‍ നേടി. ഇതോടെ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ അയാള്‍ നേടി. 1996ല്‍ ഇരുപതാമത്തെ വയസില്‍ റൊണാള്‍ഡോ ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. ഒരു സീസണ്‍ മാത്രം ബാഴ്‌സലോണയ്ക്ക് കളിച്ച റൊണാള്‍ഡോ അടുത്ത സീസണില്‍ ഇറ്റലിയിലെ വമ്പന്‍ ക്ലബായ ഇന്റര്‍ മിലാനിലേയ്ക്ക് മാറി. 27 മില്യണ്‍ ഡോളറായിരുന്നു പ്രതിഫലം. അന്ന് അതൊരു ലോക റെക്കോഡായിരുന്നു. ഇതോടെ അയാള്‍ ട്രാന്‍സ്ഫര്‍ തുകയുടെ കാര്യത്തില്‍ ഡീഗോ മറഡോണയ്ക്കുശേഷം രണ്ട് തവണ ലോക റെക്കോഡ് തിരുത്തുന്ന താരമായി. അഞ്ച് വര്‍ഷത്തെ കരാറാണ് റൊണാള്‍ഡോ ഇന്റര്‍ മിലാനുമായി ഒപ്പിട്ടത്.

ഇറ്റാലിയന്‍ ലീഗിലെ ആദ്യ സീസണില്‍ അയാള്‍ 25 ഗോളടിക്കുകയും സീരി എ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സീസണിന്റെ പകുതി ആകുമ്പോഴേയ്ക്കും റൊണാള്‍ഡോ രണ്ടാമതും ഫിഫ ലോക ഫുട്‌ബോളര്‍ പട്ടം നേടി. ആ വര്‍ഷത്തെ ബാലണ്‍ ദി ഓര്‍ പുരസ്‌കാരവും അയാളെ തേടിയെത്തി. 1998 ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതോടെ ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി അന്ന് റൊണാള്‍ഡോ വാഴ്ത്തപ്പെട്ടു. റൊണാള്‍ഡോ ഇന്റര്‍ മിലാനുവേണ്ടി കളിക്കുമ്പോള്‍ എ.സി മിലാന്റെ പ്രതിരോധ താരമായിരുന്ന പൗളോ മാള്‍ഡീനി പറഞ്ഞത് താന്‍ നേരിട്ടവരില്‍ ഏറ്റവും മികച്ച രണ്ട് താരങ്ങള്‍ ഡീഗോ മറഡോണയും റൊണാള്‍ഡോയും ആണെന്നായിരുന്നു. എന്നാല്‍ 1999 തൊട്ട് 2002 വരെയുള്ള സീസണുകളില്‍ അയാള്‍ ഏറെക്കാലവും പരിക്കിന്റെ പിടിയിലായി. 2000-2001 സീസണ്‍ പൂര്‍ണമായും അയാള്‍ക്ക് നഷ്ടമായി. തുടര്‍ന്ന് ആ പരിക്കുകളില്‍ നിന്ന് പൂര്‍ണമായും മോചിതനായി അയാള്‍ തിരിച്ചെത്തുന്നത് 2002 ലോകകപ്പിനാണ്. അതയാള്‍ അവിസ്മരണീയമാക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ എട്ട് ഗോളടിച്ച റൊണാള്‍ഡോ ബ്രസീലിന് ലോകകിരീടം നേടിക്കൊടുക്കുകയും ഏറ്റവും കൂടുതല്‍ ഗോളടിച്ചതിനുള്ള ഗോള്‍ഡന്‍ ബൂട്ട് നേടുകയും ചെയ്തു. തുടര്‍ന്ന് റൊണാള്‍ഡോ 2007 വരെ റയല്‍ മാഡ്രിഡിനുവേണ്ടിയാണ് കളിച്ചത്. 46 മില്യണ്‍ യൂറോ ആയിരുന്നു റയല്‍ റൊണാള്‍ഡോയ്ക്ക് പ്രതിഫലമായി നല്‍കിയത്. ക്ലബിനുവേണ്ടി കളിക്കാനിറങ്ങിയ ആദ്യ ദിനം അയാളുടെ പേരുള്ള ജേഴ്‌സി വിറ്റഴിഞ്ഞത് സര്‍വകാല റെക്കോഡും തകര്‍ത്താണ്. റയലിനൊപ്പം 2003ലെ ലാലിഗ കിരീടം റൊണാള്‍ഡോ നേടി. റയലിനുവേണ്ടി 127 മത്സരങ്ങളില്‍ നിന്ന് 83 ഗോളാണ് റൊണാള്‍ഡോ അടിച്ചത്.

2006 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ജപ്പാനെതിരെ രണ്ട് ഗോള്‍ നേടിയതോടെ മൂന്ന് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഇരുപതാമത്തെ കളിക്കാരനായി. പ്രീക്വാര്‍ട്ടറില്‍ ഘാനയ്‌ക്കെതിരെ ഗോളടിച്ചതോടെ ലോകകപ്പിലെ പതിനഞ്ചാമത്തെ ഗോളാണ് റൊണാള്‍ഡോ നേടിയത്. അന്ന് ഇതൊരു റെക്കോഡായിരുന്നു. ഇതോടെ ജര്‍മനിയുടെ ക്ലിന്‍സ്മാന് ശേഷം മൂന്ന് ലോകകപ്പുകളില്‍ ചുരുങ്ങിയത് മൂന്ന് ഗോളെങ്കിലും നേടുന്ന താരമായും റൊണാള്‍ഡോ മാറി. പിന്നീട് ഈ റെക്കോഡ് ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ മറികടന്നു. ക്ലോസെ മൂന്ന് ലോകകപ്പുകളില്‍ ചുരുങ്ങിയത് നാല് ഗോളെങ്കിലും നേടി. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് ഒരു ഗോളിന് തോറ്റ് ബ്രസീല്‍ പുറത്തായതോടെ റൊണാള്‍ഡോയുടെ മുന്നേറ്റവും അവസാനിച്ചു. ആ ലോകകപ്പിലെ മൂന്നാമത്തെ ഉയര്‍ന്ന ഗോള്‍ സ്‌കോററായ റൊണാള്‍ഡോ ബ്രൗണ്‍സ് ഷൂ നേടി. 2007-2008 സീസണില്‍ എ.സി മിലാന് വേണ്ടിയും 2009 മുതല്‍ 2011 വരെ കൊറിന്ത്യന്‍സിന് വേണ്ടിയും കളിച്ച റൊണാള്‍ഡോ 2011 ഫെബ്രുവരിയില്‍ വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ബ്രസീലിനുവേണ്ടി 98 മത്സരങ്ങളില്‍ നിന്ന് 62 ഗോളാണ് റൊണാള്‍ഡോ സ്‌കോര്‍ ചെയ്തത്.

എക്കാലത്തെയും മികച്ച, ഏറ്റവും പൂര്‍ണതയുള്ള സ്‌ട്രൈക്കറായാണ് റൊണാള്‍ഡോ കണക്കാക്കപ്പെടുന്നത്. സ്വയം ഗോളടിക്കുന്നതില്‍ മാത്രമല്ല സഹകളിക്കാര്‍ക്ക് ഗോളടിക്കാനുള്ള അവസരം സൃഷ്ടിക്കുന്നതിലും റൊണാള്‍ഡോ മിടുക്കനായിരുന്നു. പാസ് ചെയ്യാനും ക്രോസ് ചെയ്യാനുമുള്ള റൊണാള്‍ഡോയുടെ കഴിവ് അത്രത്തോളമായിരുന്നു. അത്യധികം കരുത്തും വേഗതയുമുള്ള സ്‌ട്രൈക്കറായിരുന്നു റൊണാള്‍ഡോ. ഒപ്പം ഉയര്‍ന്ന സാങ്കേതികത്തികവുള്ള കളിക്കാരനുമായിരുന്നു അയാള്‍. ഇരുകാലുകള്‍ കൊണ്ടും നന്നായി കളിക്കാന്‍ കഴിയുന്ന റൊണാള്‍ഡോയെ ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച ഡ്രിബ്ലര്‍മാരില്‍ ഒരാളായാണ് കണക്കാക്കുന്നത്. പന്തിനുമേലുള്ള അസാധാരണ നിയന്ത്രണവും ശരീരത്തിന്റെ ബാലന്‍സും ഗംഭീര പാദചലനങ്ങളും കൊണ്ട് അയാള്‍ കളിക്കാരെ ഓരോരുത്തരായി വെട്ടിയൊഴിഞ്ഞു. അതിവേഗം ഡ്രിബ്ള്‍ ചെയ്ത് ഓടിക്കയറാനും പ്രതിരോധ നിരയെ വെട്ടിയൊഴിയാനുമുള്ള അയാളുടെ കഴിവ് അപാരമായിരുന്നു. മികച്ച ഫോമില്‍ കളിക്കുമ്പോള്‍ റൊണാള്‍ഡോയെ പിടിച്ചുനിര്‍ത്തുക ഏതാണ്ട് അസാധ്യം തന്നെയായിരുന്നു. ഇന്ന് ബ്രസീല്‍ ഫുട്‌ബോളിന്റെ അവസ്ഥ കാണുമ്പോള്‍ ഓരോ ആരാധകനും റൊണാള്‍ഡോയെ ഓര്‍ത്തുപോകുന്നുണ്ടായിരിക്കുമെന്ന് ഉറപ്പാണ്. കാരണം അയാള്‍ ലോകത്തെ വിറപ്പിച്ച ആ കാലം അത്രമാത്രം ഗംഭീരമായിരുന്നു. എന്തായാലും റൊണാള്‍ഡോയെപ്പോലെ ഒരു സ്‌ട്രൈക്കര്‍ ബ്രസീല്‍ നിരയില്‍ ഇനിയുണ്ടാകുമോ എന്നത് ആരെയും കുഴക്കുന്ന ചോദ്യമാണ്. അങ്ങനെയൊരാള്‍ വരുന്ന കാലത്തിനായി ബ്രസീലും ലോകവും കാത്തിരിക്കുകയാണ്.



