കെ.ശ്രീജിത്ത്
ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായാണ് മെസ്യൂട്ട് ഓസില്‍ കണക്കാക്കപ്പെടുന്നത്. പന്തിനുമേലുള്ള അസാധാരണ നിയന്ത്രണം, സാങ്കേതികത്തികവ്, ക്രിയാത്മകത, പാസിംഗിലെ കൃത്യത തുടങ്ങിയവയെല്ലാം ഒത്തിണങ്ങിയ ഫുട്‌ബോളറാണ് മെസ്യൂട്ട് ഓസില്‍. പൊതുവെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ആയാണ് കളിച്ചിരുന്നതെങ്കിലും വൈഡ് മിഡ്ഫീല്‍ഡര്‍ ആയി കളിക്കാനും ഓസിലിന് കഴിഞ്ഞിരുന്നു. 1988 ഒക്ടോബര്‍ 15ന് പടിഞ്ഞാറന്‍ ജര്‍മനിയിലെ ഗെല്‍സെന്‍കിര്‍ച്ചെനില്‍ തുര്‍ക്കി അഭയാര്‍ത്ഥികളുടെ മകനായി ജനിച്ച മെസ്യൂട്ട് ഓസില്‍ തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിക്കുന്നത് തന്റെ ജന്മനാട്ടിലെ ക്ലബായ ഷാല്‍ക്കെ 04ലൂടെയാണ്. പിന്നീട് 2008ല്‍ പത്തൊമ്പതാമത്തെ വയസില്‍ അയാള്‍ വെര്‍ഡര്‍ ബ്രെമെനുമായി കരാര്‍ ഒപ്പിട്ടു. ക്ലബിലെ തന്റെ ആദ്യ സീസണില്‍ത്തന്നെ ഡി.എഫ്.ബി കിരീടം നേടിയ ഓസില്‍ തുടര്‍ന്ന് 2010ല്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേയ്ക്ക് കൂടുമാറി. റയലിനെ ലാലിഗ കിരീടം നേടാന്‍ സഹായിച്ച ഓസില്‍ അസിസ്റ്റുകളുടെ കാര്യത്തില്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഒന്നാമതായിരുന്നു. 2013ല്‍ ആഴ്‌സനലുമായി ഓസില്‍ കരാറിലെത്തി. അമ്പത് മില്യണ്‍ യൂറോയാണ് ഓസിലിന് ആഴ്‌സനല്‍ നല്‍കിയ പ്രതിഫലം. അക്കാലത്ത് ഒരു ജര്‍മന്‍ കളിക്കാരന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമായിരുന്നു അത്. 2017 വരെ ആഴ്‌സനലിന്റെ ക്ലബ് ട്രാന്‍സ്ഫര്‍ ഫീസിന്റെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയുമായിരുന്നു അത്. ആഴ്‌സനലിനോടൊപ്പം അയാള്‍ നാല് എഫ്.എ കപ്പുകളില്‍ ജയിച്ചു. ആഴ്‌സനലിന്റെ ഒമ്പത് വര്‍ഷത്തെ കിരീടവരള്‍ച്ചയ്ക്ക് വിരാമമായത് ഓസിലിന്റെ വരവോടെയായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയവരില്‍ രണ്ടാമനായും ഓസില്‍ മാറി. 19 അസിസ്റ്റുകളാണ് ഒരു സീസണില്‍ അയാള്‍ നടത്തിയത്. 2021ല്‍ ഫെനെര്‍ബാഹ്‌സെ ക്ലബുമായും 2022ല്‍ ഇസ്താംബുള്‍ ബസാക്‌സെഹിര്‍ ക്ലബുമായും ഓസില്‍ കരാറൊപ്പിട്ടു.

ജര്‍മനിക്കും തുര്‍ക്കിക്കും വേണ്ടി അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിക്കാന്‍ മെസ്യൂട്ട് ഓസിലിന് യോഗ്യതയുണ്ടായിരുന്നു. ഏറെ ആലോചനയ്ക്കുശേഷം അയാള്‍ ജന്മനാടായ ജര്‍മനി തിരഞ്ഞെടുത്തു. ജര്‍മനിയുടെ അണ്ടര്‍-17 ടീമിലും അണ്ടര്‍-21 ടീമിലും കളിച്ച ഓസില്‍ 2009ല്‍ ജര്‍മന്‍ സീനിയര്‍ ടീമിനുവേണ്ടി അരങ്ങേറ്റം കുറിച്ചു. നോര്‍വെയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ഇത്. തന്റെ മൂന്നാമത്തെ മത്സരത്തിലാണ് ഓസില്‍ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൗഹൃദ മത്സരമായിരുന്നു അത്. 2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിനുള്ള ജര്‍മന്‍ ടീമിലേയ്ക്ക് മെസ്യൂട്ട് ഓസിലിനെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ ജര്‍മനിയുടെ എല്ലാം മത്സരങ്ങളിലും ആദ്യ ഇലവനില്‍ത്തന്നെ ഓസില്‍ സ്ഥാനം പിടിച്ചു. ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു അസിസ്റ്റും അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഘാനയ്‌ക്കെതിരെ ഒരു ഗോളും ഓസില്‍ നേടി. പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ ജര്‍മനി 4-1ന് ജയിച്ച മത്സരത്തില്‍ നാലാമത്തെ ഗോള്‍ നേടിയ തോമസ് മുള്ളറിന് അതിനുള്ള ക്രോസ് നല്‍കിയത് ഓസിലായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ ജര്‍മനി എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തുവിട്ടപ്പോള്‍ അതിലൊരു ഗോളിന് വഴിയൊരുക്കിയത് ആയാളായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളിനായി പരിഗണിക്കപ്പെട്ട പത്ത് കളിക്കാരില്‍ ഒരാള്‍ ഓസിലായിരുന്നു.

2012ലെ യുവേഫ യൂറോ കപ്പിനുള്ള യോഗ്യതാ മത്സരങ്ങളില്‍ ജര്‍മനിക്കുവേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയത് മെസ്യൂട്ട് ഓസിലായിരുന്നു. അഞ്ച് ഗോളാണ് ഓസില്‍ അടിച്ചത്. ഏഴ് അസിസ്റ്റുകളും അയാളുടേതായുണ്ടായിരുന്നു. ജര്‍മനി പത്ത് യോഗ്യതാ മത്സരങ്ങളും ജയിച്ചു. യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗ്രീസിനെതിരെ 4-2ന് ജര്‍മനി ജയിച്ചപ്പോള്‍ രണ്ട് അസിസ്റ്റ് ഓസിലിന്റെ വകയായിരുന്നു. സെമിഫൈനലില്‍ ജര്‍മനി ഇറ്റലിയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റപ്പോള്‍ ജര്‍മനിയുടെ ആശ്വാസ ഗോള്‍ നേടിയത് ഓസിലായിരുന്നു. ടൂര്‍ണമെന്റിലെ രണ്ട് മത്സരങ്ങളില്‍ അയാള്‍ പ്ലേയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ഒരുക്കിയവരില്‍ ഒന്നാമനായിരുന്നു മെസ്യൂട്ട് ഓസില്‍. മൂന്ന് അസിസ്റ്റുകളാണ് അയാള്‍ ഒരുക്കിയത്. ടീം ഓഫ് ദ ടൂര്‍ണമെന്റിനെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഓസിലുമുണ്ടായിരുന്നു. 2014 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ജര്‍മനിക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് മെസ്യൂട്ട് ഓസിലായിരുന്നു. എട്ട് ഗോളാണ് അയാള്‍ അടിച്ചത്. ആ ലോകകപ്പില്‍ ജര്‍മനിയുടെ ഏഴ് മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഓസിലുണ്ടായിരുന്നു. ദക്ഷിണ അമേരിക്കയില്‍ ഇതാദ്യമായി ഒരു യൂറോപ്യന്‍ ടീം ലോകകപ്പ് നേടി ജര്‍മനി ചരിത്രം സൃഷ്ടിച്ചപ്പോള്‍ അതില്‍ ഓസിലിന്റെ സംഭാവന ഏറെ നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രീക്വാര്‍ട്ടര്‍ ഫൈനലിലെ ജര്‍മനി-അള്‍ജീരിയ മത്സരത്തില്‍ ജര്‍മനിക്കുവേണ്ടി നിര്‍ണായക ഗോള്‍ നേടിയത് ഓസിലായിരുന്നു. 2-1നാണ് ജര്‍മനി ആ മത്സരം ജയിച്ചത്. സെമിഫൈനലില്‍ ജര്‍മനി നെയ്മറില്ലാത്ത ബ്രസീലിനെ 7-1ന് തകര്‍ത്തുവിട്ടപ്പോള്‍ സമി ഖെദീര നേടിയ ഗോളിന് വഴിയൊരുക്കിയത് അയാളായിരുന്നു. ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ 120 മിനിറ്റാണ് ഓസില്‍ കളിച്ചത്. കളിയുടെ അവസാന നിമിഷമാണ് ഓസിലിനെ മാറ്റി ആഴ്‌സനലിലെ അയാളുടെ സഹകളിക്കാരനായ പെര്‍ മെര്‍ട്ടെസാക്കറിനെ ഇറക്കിയത്. മത്സരം എതിരില്ലാത്ത ഗോളിന് ജയിച്ച ജര്‍മനി ലോകചാമ്പ്യന്‍മാരായി. ജര്‍മനിക്ക് ട്രോഫി സമ്മാനിച്ച ശേഷം അന്നത്തെ യുവേഫ പ്രസിഡന്റും ഫ്രാന്‍സിന്റെ മുന്‍ ഇതിഹാസ താരവുമായ മിഷേല്‍ പ്ലാറ്റീനി മെസ്യൂട്ട് ഓസിലിനോട് അയാള്‍ അന്ന് കളിക്കുമ്പോള്‍ ധരിച്ച ജേഴ്‌സി ഓര്‍മയ്ക്കായി നല്‍കാമോ എന്ന് ചോദിച്ചു. ഓസില്‍ ഒരു മടിയും കൂടാതെ ജേഴ്‌സി പ്ലാറ്റീനിക്ക് സമ്മാനിക്കുകയും ചെയ്തു.

ആ ലോകകപ്പില്‍ ഫൈനല്‍ തേര്‍ഡില്‍ ഓസില്‍ പൂര്‍ത്തിയാക്കിയ പാസുകളുടെ എണ്ണം 171 ആയിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്നതായിരുന്നു അത്. പതിനേഴ് ഗോളവസരങ്ങള്‍ സൃഷ്ടിച്ച ഓസില്‍ അക്കാര്യത്തില്‍ ടൂര്‍ണമെന്റില്‍ രണ്ടാമനായിരുന്നു. അക്കാര്യത്തില്‍ സാക്ഷാല്‍ ലിയണല്‍ മെസ്സി മാത്രമായിരുന്നു ഓസിലിന് മുന്നിലുണ്ടായിരുന്നത്. മെസ്സി 23 ഗോളവസരങ്ങളായിരുന്നു സൃഷ്ടിച്ചത്. ഫൈനല്‍ തേര്‍ഡില്‍ ഏറ്റവും കൂടുതല്‍ തവണ പന്ത് കൈക്കലാക്കിയവരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഓസില്‍. ആറ് തവണയാണ് ഓസില്‍ ഫൈനല്‍ തേര്‍ഡില്‍ പന്ത് നേടിയെടുത്തത്. 2016 യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ ജര്‍മനി യുക്രെയ്‌നെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പിച്ചപ്പോള്‍ ഒരു ഗോളിന് അസിസ്റ്റ് ഒരൊക്കിയത് ഓസിലായിരുന്നു. 92-ാമത്തെ മിനിറ്റിലെ ബാസ്റ്റിന്‍ ഷ്വയ്ന്‍സ്‌റ്റൈഗറുടെ ഗോളിനായിരുന്നു ഓസില്‍ വഴിയൊരുക്കിയത്. രണ്ടാമത്തെ മത്സരത്തില്‍ വടക്കന്‍ അയര്‍ലന്റിനെതിരെ ജര്‍മനി ജയിച്ചപ്പോള്‍ പ്ലേയര്‍ ഓഫ് ദ മാച്ച് ഓസിലായിരുന്നു. മൂന്നാമത്തെ മത്സരത്തില്‍ സ്ലോവാക്യയ്‌ക്കെതിരെ ഓസില്‍ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും ജര്‍മിന മത്സരം എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിക്കെതിരെ ജര്‍മനിയുടെ ആദ്യ ഗോള്‍ നേടിയത് അയാളായിരുന്നു. എന്നാല്‍ പിന്നീട് ഇറ്റലി സമനില ഗോളടിച്ചു. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജര്‍മനി ഇറ്റലിയെ 6-5ന് തോല്പിച്ച് സെമിഫൈനലിലെത്തി. ഷൂട്ടൗട്ടില്‍ ഓസില്‍ പെനാല്‍റ്റി കിക്ക് പാഴാക്കിയിരുന്നു. 2018 ലോകകപ്പിനുള്ള ജര്‍മന്‍ ടീമിലേയ്ക്ക് പരിശീലകന്‍ ജോക്കിം ലോ ഓസിലിനെ തിരഞ്ഞെടുത്തു. എന്നാല്‍ ടൂര്‍ണമെന്റില്‍ ജര്‍മനിയുടെ പ്രകടനം ദയനീയമായിരുന്നു. ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. തന്റെ ടീമിന്റെ മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും കളിച്ച മെസ്യൂട്ട് ഓസിലിന്റെ പ്രകടനം പക്ഷെ ഭേദപ്പെട്ടതായിരുന്നു.

2018 ലോകകപ്പിന് മുമ്പ് മെയ് മാസത്തില്‍ മെസ്യൂട്ട് ഓസില്‍ ഉള്‍പ്പെട്ട വലിയൊരു വിവാദം അരങ്ങേറി. ജര്‍മന്‍ ടീമിലെ തന്റെ സഹതാരം ഇല്‍ക്കേ ഗുണ്ടോഗനൊപ്പം ഓസില്‍ തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിബ് എര്‍ദോഗനെ കാണുകയും അദ്ദേഹത്തൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. തുര്‍ക്കിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു തുര്‍ക്കി വംശജരായ ഇരുതാരങ്ങളും ആ രാജ്യത്തിന്റെ പ്രസിഡന്റിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇത് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കി. എര്‍ദോഗന് രാഷ്ട്രീയ പിന്തുണയാണ് ഇരുതാരങ്ങളും നല്‍കിയതെന്നും ഇരുവര്‍ക്കും മിനയോട് കൂറില്ലെന്നും ആരോപണമുയര്‍ന്നു. ഇത് ജര്‍മനിയില്‍ ഏറെ സംഘര്‍ഷമുണ്ടാക്കി. എന്നാല്‍ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വിവാദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും വരാന്‍ പോകുന്ന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താരങ്ങളോട് നിര്‍ദേശിക്കുകയും ചെയ്തു. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ശേഷം മെസ്യൂട്ട് ഓസില്‍ വിഷയത്തില്‍ തന്നെ ന്യായീകരിച്ച് സാമൂഹ മാധ്യമങ്ങളില്‍ നിരന്തരം പോസ്റ്റിട്ടു. തന്റെ കുടുംബത്തിന്റെ രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന പദവിയെ ബഹുമാനിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും തുര്‍ക്കി പ്രസിഡന്റുമായി താന്‍ ഫുട്‌ബോളിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും ഓസില്‍ വിശദീകരിച്ചു. മാധ്യമങ്ങള്‍ തനിക്കെതിരെ പക്ഷപാതപരമായി പെരുമാറുകയായിരുന്നുവെന്നും സമാനമായ മറ്റൊരു സംഭവത്തില്‍ ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേവൂസ് റഷ്യന്‍ പ്രസിഡന്റി വഌദിമിര്‍ പുടിനെ സന്ദര്‍ശിച്ചപ്പോള്‍ യാതൊരു വിവാദവുമുണ്ടായില്ലെന്ന് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. തുടര്‍ന്ന് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ വംശീയമായിട്ടാണ് പെരുമാറുന്നതെന്ന് ആരോപിച്ച മെസ്യൂട്ട് ഓസില്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഓസിലിന്റെ ആരോപണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ഓസിലിനെതിരെ വ്യാപകമായ വംശീയ അധിക്ഷേപമാണ് സമൂഹ മാധ്യമങ്ങളിലും മറ്റും അരങ്ങേറിയത്. അതേസമയം, ജര്‍മന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള വംശീയതയുടെ ഇരയാണ് ഓസിലെന്ന് ചില മാധ്യമങ്ങള്‍ അന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി.

അസാധാരണ വേഗതയും ഡ്രിബ്ലിംഗ് കഴിവുകളുമുള്ള കളിക്കാരനായിരുന്നു മെസ്യൂട്ട് ഓസില്‍. അത്യന്തം ക്രിയാത്മകമായിരുന്നു ഫുട്‌ബോള്‍ മൈതാനത്തെ അയാളുടെ നീക്കങ്ങള്‍. ഉയര്‍ന്ന സാങ്കേതികത്തികവുള്ള, ബഹുമുഖമായ കഴിവുകളുള്ള മിഡ്ഫീല്‍ഡറായിരുന്നു ഓസില്‍. അഡ്വാന്‍സ് പ്ലേമേക്കിംഗ് റോളില്‍ ഓസിലിനെപ്പോലെ മിടുക്ക് കാട്ടിയ കളിക്കാര്‍ കുറവാണ്. ഇരുഭാഗത്തെയും വിങ്ങറായോ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായോ ഒക്കെ കളിക്കാന്‍ അനായാസം കഴിയുന്ന താരമായിരുന്നു ഓസില്‍. ചിലപ്പോഴൊക്കെ അയാള്‍ സെക്കന്റ് സ്‌ട്രൈക്കറായും കളിച്ചു. അപ്പോഴൊക്കെ മിഡ്ഫീല്‍ഡിനെയും മുന്‍നിരയേയും യോജിപ്പിക്കുന്ന കണ്ണിയായി അയാള്‍ പ്രവര്‍ത്തിച്ചു. ടീമിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഏത് പൊസിഷനിലും കളിക്കാന്‍ തയ്യാറായ ഓസില്‍ സെന്റര്‍ ഫോര്‍വേഡായും അപൂര്‍വമായി കളിച്ചിട്ടുണ്ട്. പാസുകളിലും ക്രോസുകളിലും അയാള്‍ പുലര്‍ത്തിയ കൃത്യത ലോകനിലവാരത്തിലുള്ളതായിരുന്നു. സെറ്റ് പീസുകളില്‍ നിന്നും ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ ഓസില്‍ ബഹുകേമനായിരുന്നു. ഗോളടിക്കുന്നതിലും സഹകളിക്കാര്‍ക്ക് ഗോളടിക്കാന്‍ അവസരമൊരുക്കി നല്‍കുന്നതിലും ഒരുപോലെ അയാള്‍ മിടുക്ക് കാണിച്ചു. ക്രിയാത്മകമായ കഴിവും പ്ലേമേക്കിംഗിലെ മിടുക്കും കാരണം മാധ്യമങ്ങള്‍ അയാളെ വിശേഷിപ്പിച്ചിരുന്നത് അസിസ്റ്റ് കിംഗ് എന്നായിരുന്നു. ജര്‍മന്‍കാര്‍ ഓസിലിനെ വിളിച്ചിരുന്നത് ജര്‍മനിയുടെ മെസ്സി എന്നായിരുന്നു. ആ വിളിയില്‍ നിന്നുതന്നെ ഓസിലിന് ജര്‍മന്‍ ഫുട്‌ബോളിലുണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ചും അയാളുടെ പ്രതിഭയെക്കുറിച്ചും വ്യക്തമാണ്. മെസ്യൂട്ട് ഓസില്‍ തലമുറകളിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന താരമാണ്. ഫുട്‌ബോളിനെ എല്ലാ അര്‍ത്ഥത്തിലും ഒരു കലയാക്കി മാറ്റിയ ജീനിയസ്.



