കെ.ശ്രീജിത്ത്
രണ്ടായിരം മുതല്‍ ഒരു ദശകത്തോളം നീണ്ടുനിന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ സുവര്‍ണ തലമുറയിലെ പ്രധാനിയായിരുന്നു മാത്യു ഹെയ്ഡന്‍. കരുത്തും ക്ലാസും ഒരുപോലെ ഉള്‍ച്ചേര്‍ന്ന ബാറ്റിംഗായിരുന്നു മാത്യു ഹെയ്ഡന്റേത്. ആക്രമണോത്സുകതയായിരുന്നു അയാളുടെ ബാറ്റിംഗിന്റെ മുഖമുദ്ര. ജസ്റ്റിന്‍ ലാംഗറിനോടൊപ്പം ചേര്‍ന്ന് ടെസ്റ്റിലും ആഡം ഗില്‍ക്രിസ്റ്റിനോടൊപ്പം ചേര്‍ന്ന് ഏകദിനത്തിലും അയാള്‍ ഓപ്പണിംഗില്‍ നിറഞ്ഞാടി. രണ്ട് ഫോര്‍മാറ്റിലും മിക്കപ്പോഴും ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം നല്‍കാന്‍ ഹെയ്ഡനായി. ക്രീസിലെ അയാളുടെ നില്പ് തന്നെ ബൗളര്‍മാരെ ഭയപ്പെടുത്തുന്നതായിരുന്നു. നല്ല ഉയരവും ഒത്ത ശരീരവുമുള്ള, ഭീമാകാരനായ അയാളുടെ കൈയിലെ ബാറ്റ് ചെറിയൊരു വടി പോലെയാണ് കാണുന്നവര്‍ക്ക് തോന്നുക. അത്രമാത്രം ഉരുക്ക് ശരീരമായിരുന്നു ഹെയ്ഡന്റേത്. അയാളുടെ മുഴുവന്‍ കരുത്തും ഉപയോഗിച്ച് ബോളിനെ ആക്രമിച്ചാല്‍ അത് ബൗണ്ടറി ലൈനിന് പുറത്തെത്തുമെന്ന് ഉറപ്പായിരുന്നു.

പുതിയ നൂറ്റാണ്ട് പിറന്ന് ഒരു ദശകത്തോളം ലോകക്രിക്കറ്റിനെ തങ്ങളുടെ കാല്‍ച്ചുവട്ടിലാക്കാന്‍ ഓസ്‌ട്രേലിയ്ക്കായെങ്കില്‍ അതില്‍ ഹെയ്ഡന് നിര്‍ണായക പങ്കുണ്ട്. ലാംഗറിനും ഗില്‍ക്രിസ്റ്റിനുമൊപ്പം ചേര്‍ന്ന് ഹെയ്ഡന്‍ നല്‍കിയ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുകളാണ് അക്കാലത്ത് ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോറുകള്‍ നേടാനുള്ള അടിത്തറ പാകിയത്. മാനസികമായും ശാരീരികവുമായുള്ള കരുത്താണ് ഹെയ്ഡന്റെ പ്രധാനപ്പെട്ട ഗുണം. ഏത് സാഹചര്യത്തിലും അയാള്‍ പതറാതെ എതിരാളികളെ തച്ചുതകര്‍ത്ത് മുന്നോട്ടുനീങ്ങി. കരുത്തിനും ക്ലാസിനുമൊപ്പം ഏകാഗ്രതയും കൂടി ചേര്‍ന്നതോടെ മാത്യു ഹെയ്ഡനെ പിടിച്ചുകെട്ടുക ഏതാണ്ട് അസാധ്യമായി. വര്‍ഷങ്ങളോളം സ്ഥിരതയോടെ കളിച്ച ഹെയ്ഡന്‍ പലപ്പോഴും തുടര്‍ച്ചയായി ഉയര്‍ന്ന സ്‌കോറുകള്‍ നേടി. ഓപ്പണിംഗില്‍ സമ്പൂര്‍ണ ആധിപത്യത്തോടെ ഹെയ്ഡന്‍ കളിക്കുമ്പോള്‍ എതിര്‍ ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അയാളെ പിടിച്ചുകെട്ടുക അസാധ്യമായിരുന്നു. ഹെയ്ഡനെ തടഞ്ഞുനിര്‍ത്തിയാല്‍ ഒരുപരിധി വരെ നാശം കുറയ്ക്കാമെന്ന് അറിയാമായിരുന്ന ബൗളര്‍മാര്‍ അതിനായി ആഞ്ഞുപിടിച്ചിരുന്നെങ്കിലും പലപ്പോഴും ഒന്നും ചെയ്യാനാകാതെ നിസ്സഹായരായി. അയാളുടെ ബാറ്റില്‍ നിന്ന് ഓഫ് സൈഡിലൂടെ ഷോട്ടുകള്‍ മൂളിപ്പറന്നു. മണിക്കൂറുകളോളം അങ്ങനെ കളിക്കാന്‍ അയാള്‍ക്ക് യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല.

1994ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു മാത്യു ഹെയ്ഡന്റെ ടെസ്റ്റിലെ അരങ്ങേറ്റം. തുടക്കകാലത്ത് ഹെയ്ഡന്‍ കളിച്ച ടെസ്റ്റ് മത്സരങ്ങളെല്ലാം ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരായിരുന്നു. ഹെയ്ഡന്റെ ആ ഇന്നിംഗ്‌സുകളൊന്നും അതിമനോഹരമായിരുന്നില്ലെങ്കിലും മനോവീര്യത്താലും ക്ഷമയാലും അയാള്‍ ആ വെല്ലുവിളികളെ മറികടന്നു. 1996-97 സീസണില്‍ അഡ്‌ലെയ്ഡില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ടെസ്റ്റിലാണ് ഹെയ്ഡന്‍ ടെസ്റ്റിലെ തന്റെ ആദ്യ സെഞ്ച്വറി നേടുന്നത്. എന്നാല്‍ പരമ്പരയിലെ ആറ് ടെസ്റ്റുകളില്‍ നിന്ന് 24.1 റണ്‍ ശരാശരിയില്‍ മാത്രമാണ് അയാള്‍ക്ക് റണ്ണടിക്കാനായത്. നാല് തവണ പൂജ്യത്തിന് പുറത്തായി. തുടര്‍ന്ന് അയാള്‍ ടീമില്‍ നിന്ന് പുറത്തായി. 2000-2001ലെ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനമാണ് മാത്യു ഹെയ്ഡന്റെ കരിയറില്‍ വഴിത്തിരിവായത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ അയാള്‍ 549 റണ്ണാണ് അടിച്ചുകൂട്ടിയത്. അതൊരു ഓസ്‌ട്രേലിയന്‍ റെക്കോഡായിരുന്നു. അന്ന് ഇന്ത്യന്‍ സ്പിന്നര്‍മാരെ നിരന്തരം സ്വീപ്പ് ചെയ്താണ് ഹെയ്ഡന്‍ നേരിട്ടത്. 2001 അവസാനത്തോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയതിനുള്ള ബോബ് സിംപ്‌സണിന്റെ ഓസ്‌ട്രേലിയന്‍ റെക്കോഡ് മാത്യു ഹെയ്ഡന്‍ മറികടന്നു. ഒപ്പം ജസ്റ്റിന്‍ ലാംഗറിനൊപ്പം ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡിയായി മാറുകയും ചെയ്തു.

ഏകദിന ക്രിക്കറ്റില്‍ 1993ല്‍ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിലും ഫലപ്രദമായി കളിക്കാന്‍ ഹെയ്ഡന് കഴിഞ്ഞിരുന്നില്ല. 1993ലും 94ലുമായി 13 ഏകദിന മത്സരങ്ങള്‍ കളിച്ചെങ്കിലും മോശം പ്രകടനത്തെത്തുടര്‍ന്ന് രണ്ടായിരം വരെ ടീമില്‍ നിന്ന് പുറത്തായി. വൈകിയാണെങ്കിലും അയാള്‍ ഏകദിന ക്രിക്കറ്റിലും തന്റെ മുദ്ര പതിപ്പിച്ചു. 2003 ലോകകപ്പ് ആകുമ്പോഴേയ്ക്കും ക്രിക്കറ്റിന്റെ രണ്ട് ഫോര്‍മാറ്റിലെയും ലോക റാങ്കിംഗില്‍ ആദ്യ മൂന്ന് ബാറ്റര്‍മാരിലൊരാളായി മാറിയിരുന്നു. 2003 അവസാനം പെര്‍ത്തില്‍ സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റില്‍ അയാള്‍ 380 റണ്ണടിച്ചു. അതുവഴി കുറച്ചുകാലത്തേയ്ക്കാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോറിനുള്ള ബ്രയന്‍ ലാറയുടെ റെക്കോഡ് മറികടന്നു. ആ വര്‍ഷത്തെ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് മാത്യു ഹെയ്ഡനായിരുന്നു. 2004 മധ്യത്തില്‍ ഹെയ്ഡന്‍ ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി. ആ ഘട്ടത്തില്‍ വെറും 55 ടെസ്റ്റില്‍ 20 സെഞ്ച്വറിയായിരുന്നു ഹെയ്ഡന്‍ നേടിയിരുന്നത്!. എന്നാല്‍ തുടര്‍ന്ന് അയാളുടെ ഫോമില്‍ കാര്യമായ ഇടിവുപറ്റി. ഏകദിനത്തില്‍ അയാള്‍ക്ക് പകരം മൈക്കല്‍ ക്ലാര്‍ക്ക് ഓസ്‌ട്രേലിയയുടെ ഓപ്പണറായി. ഫോം നഷ്ടവും ഫുട്‌വര്‍ക്കില്ലായ്മയും ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലും ഹെയ്ഡനെ ബുദ്ധിമുട്ടിച്ചു. എന്നാല്‍ പരമ്പരയിലെ ഓവലില്‍ നടന്ന ടെസ്റ്റില്‍ സെഞ്ച്വറി നേടിയത് അയാള്‍ക്ക് ആശ്വാസമായി. തുടര്‍ന്ന് ഹെയ്ഡന്‍ പഴയ ഫോമിലേയ്ക്ക് തിരിച്ചെത്തി. ഓവലിലെ ടെസ്റ്റിന് ശേഷം നടന്ന മൂന്ന് ടെസ്റ്റിലും അയാള്‍ സെഞ്ച്വറി നേടി. ഇതോടെ ബ്രാഡ്മാനും ബാരിംഗ്ടണും ശേഷം ടെസ്റ്റില്‍ രണ്ട് തവണ തുടര്‍ച്ചയായി നാല് സെഞ്ച്വറി നേടുന്ന താരമായി ഹെയ്ഡന്‍ മാറി. ആ കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ ആയിരം റണ്‍ നേടിയ അയാള്‍ കരിയറില്‍ ആ നേട്ടം കൈവരിക്കുന്നത് അഞ്ചാമത്തെ തവണയായിരുന്നു.

2005-2006 സീസണില്‍ അയാള്‍ ടെസ്റ്റില്‍ അഞ്ച് സെഞ്ച്വറിയാണ് നേടിയത്. ഒരു വര്‍ഷത്തിന് ശേഷം മെല്‍ബണിലും അയാള്‍ സെഞ്ച്വറി നേടിയതോടെ ബ്രാഡ്മാന്‍, പോണ്ടിംഗ്, സ്റ്റീവ് വോ എന്നിവര്‍ക്ക് പിറകില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായി മാറി. 2007-2008ല്‍ ഇന്ത്യയ്‌ക്കെതിരെ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ കൂടി നേടിയതോടെ ബ്രാഡ്മാന്റെ 29 സെഞ്ച്വറിയെന്ന നേട്ടവും മറികടന്നു. 2006-2007ലെ ആഷസ് നേടിയപ്പോള്‍ ഹെയ്ഡന്റെ കണ്ണുനിറഞ്ഞിരുന്നു. പരമ്പരയ്ക്കുശേഷം തന്റെ ഓപ്പണിംഗ് പങ്കാളിയായിരുന്ന ജസ്റ്റിന്‍ ലാംഗര്‍ വിരമിച്ചതും ഹെയ്ഡനെ ഏറെ സങ്കടപ്പെടുത്തി. എന്നാല്‍ തുടര്‍ന്ന് ഏകദിന ക്രിക്കറ്റിലേയ്ക്ക് തിരിച്ചുവിളിച്ചതോടെ അയാള്‍ വീണ്ടും തകര്‍പ്പന്‍ ഫോമിലേയ്ക്കുയര്‍ന്നു. 2006-2007ലെ ചാപ്പല്‍-ഹാഡ്‌ലി പരമ്പരയിലെ അവസാന മത്സരത്തില്‍ ഹെയ്ഡന്‍ 166 പന്തില്‍ 181 റണ്ണടിച്ചു. അന്നത് ഓസ്‌ട്രേലിയന്‍ റെക്കോഡായിരുന്നു. ആ ഇന്നിംഗ്‌സില്‍ അയാള്‍ പത്ത് സിക്‌സറുകളാണ് പറത്തിയത്. അയാളുടെ മെയ്ക്കരുത്തിന്റെ പ്രകടനമായിരുന്നു അന്ന് കണ്ടത്. പിന്നീട് 2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ഏകദിന ലോകകപ്പില്‍ മാത്യു ഹെയ്ഡന്‍ കൂടുതല്‍ കരുത്ത് കാട്ടി. ഓസ്‌ട്രേലിയ ചാമ്പ്യന്‍മാരായ ടൂര്‍ണമെന്റില്‍ 73.22 ശരാശരിയില്‍ 659 റണ്ണാണ് അയാള്‍ അടിച്ചുകൂട്ടിയത്. കാലിലെ പെരുവിരലിനും എല്ലിനുമുണ്ടായിരുന്ന പരിക്കുവെച്ചാണ് അന്ന് താന്‍ കളിച്ചതെന്ന് പിന്നീട് ഹെയ്ഡന്‍ വെളിപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 66 പന്തില്‍ നേടിയ സെഞ്ച്വറി സെന്റ് കിറ്റ്‌സിലെ ഓണററി പൗരത്വം നേടാന്‍ ഹെയ്ഡനെ സഹായിച്ചു. തുടര്‍ന്ന് രണ്ട് സെഞ്ച്വറികള്‍ കൂടി നേടിയ ഹെയ്ഡന്‍ തുടര്‍ച്ചയായി രണ്ടാമതൊരിക്കല്‍ കൂടി ലോകകപ്പ് ജേതാവായി.

ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും ഒരിക്കല്‍ കൂടി അയാള്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനെത്തിയെങ്കിലും ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാതെ നാട്ടിലേയ്ക്ക് തിരിച്ചുപോയി. പരിക്കായിരുന്നു കാരണം. ഐ പി എല്ലിനിടെയായിരുന്നു ഹെയ്ഡന് പരിക്കേറ്റത്. ഹെയ്ഡന്റെ അസാന്നിദ്ധ്യത്തില്‍ ഓസ്‌ട്രേലിയന്‍ ടോപ് ഓര്‍ഡര്‍ ദുര്‍ബലമായി. തുടര്‍ന്ന് ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയപ്പോള്‍ വാക്കയില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടു. വാക്കയില്‍ ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായി പതിനാറ് മത്സരങ്ങളുടെ ജയ പരമ്പരയാണ് അന്ന് അവസാനിച്ചത്. 2009 ആഷസ് വരെ തുടരാന്‍ ഹെയ്ഡന്‍ അതിയായി ആഗ്രഹിച്ചെങ്കിലും ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരെയുള്ള പരമ്പരകളിലെ മോശം പ്രകടനം കാരണം വിരമിക്കാന്‍ അയാള്‍ നിര്‍ബന്ധിതനായി. ഇതിനിടെ ഇന്ത്യയെ മൂന്നാം ലോക രാജ്യമെന്ന് വിളിച്ചതും ഇന്ത്യന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയെ തുറന്ന ബോക്‌സിംഗ് പോരിന് ക്ഷണിച്ചതുമെല്ലാം ഹെയ്ഡനെ വിവാദങ്ങളുടെ കേന്ദ്രമാക്കി. ഏറെ കുപ്രസിദ്ധമായ മങ്കിഗേറ്റ്് വിവാദത്തില്‍ ദൃക്‌സാക്ഷിയെന്ന നിലയില്‍ മാത്യു ഹെയ്ഡനും അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കി.

103 ടെസ്റ്റുകളില്‍ നിന്ന് 50.73 ശരാശരിയില്‍ 8,625 റണ്ണാണ് മാത്യു ഹെയ്ഡന്‍ നേടിയത്. 30 സെഞ്ച്വറിയും 29 അര്‍ദ്ധ സെഞ്ച്വറിയും. സ്ലിപ്പിലും ഗള്ളിയിലും അസാധാരണ ഫീല്‍ഡറായിരുന്ന അയാള്‍ 128 ക്യാച്ചുമെടുത്തു. 161 ഏകദിന മത്സരങ്ങളില്‍ നിന്നായി 43.80 ശരാശരിയില്‍ 6,133 റണ്ണാണ് ഹെയ്ഡന്‍ അടിച്ചത്. പത്ത് സെഞ്ച്വറിയും 36 അര്‍ദ്ധ സെഞ്ച്വറിയും നേടി. ഒമ്പത് ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 51.33 ശരാശരിയില്‍ 308 റണ്ണും അയാള്‍ നേടി. 73 ആണ് ഉയര്‍ന്ന സ്‌കോര്‍. ഐ പിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായിരുന്ന മാത്യു ഹെയ്ഡന്‍ അവിടെയും തിളങ്ങി. 32 മത്സരങ്ങളില്‍ നിന്ന് 36.90 ശരാശരിയില്‍ 1107 റണ്ണാണ് അയാള്‍ ചെന്നൈയ്ക്കുവേണ്ടി നേടിയത്. 93 ആണ് ഉയര്‍ന്ന സ്‌കോര്‍. 2009ല്‍ ഐ പി എല്ലില്‍ 579 റണ്ണടിച്ച ഹെയ്ഡനായിരുന്നു ഏറ്റവും കൂടുതല്‍ റണ്‍ സ്‌കോര്‍ ചെയ്തതിനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. ട്വന്റി20 ക്രിക്കറ്റിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ മങ്കൂസ് ബാറ്റ് ഉപയോഗിച്ച ഐ പി എല്ലില്‍ കളിച്ചതും ഹെയ്ഡനെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയനാക്കി. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലും ഹെയ്ഡന്‍ കളിച്ചെങ്കിലും കാര്യമായ അനക്കമുണ്ടാക്കിയില്ല.

ഒന്നര പതീറ്റാണ്ടിലധികം നീണ്ടുനിന്ന അന്താരാഷ്ട്ര കരിയറില്‍ ഒട്ടേറെ ഐതിഹാസിക വിജയങ്ങളില്‍ പങ്കാളിയായ താരമാണ് മാത്യു ഹെയ്ഡന്‍. ഏതാണ്ട് ഒരു ദശകത്തോളം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ നെടുംതൂണുകളിലൊന്നായിരുന്നു അയാള്‍. തകര്‍പ്പന്‍ ബാറ്റിംഗിലൂടെ തന്റെ ടീമിന് മികച്ച തുടക്കം നല്‍കാന്‍ മിക്കപ്പോഴും അയാള്‍ക്കായി. ആ ഇന്നിംഗ്‌സുകളുടെ അടിത്തറയിലാണ് ഓസ്‌ട്രേലിയ മുന്നോട്ടുകുതിച്ചത്. ഒരു ബൗളറെയും കൂസാതെ, നിര്‍ഭയനായി കളിച്ച മാത്യു ഹെയ്ഡ്ന്‍ ക്രിക്കറ്റിലെ കരുത്തിന്റെ പ്രതീകമാണ്. മാത്യു ഹെയ്ഡനും ജസ്റ്റിന്‍ ലാംഗറും ചേര്‍ന്ന ഓപ്പണിംഗ് ജോഡി ടെസ്റ്റില്‍ ദീര്‍ഘകാലം ഓസ്‌ട്രേലിയയുടെ കരുത്തായി നിലകൊണ്ടു. ഇരുവരും ചേര്‍ന്ന് 51.88 ശരാശരിയില്‍ 5,654 റണ്ണാണ് ഓസ്‌ട്രേലിയയ്ക്കായി അടിച്ചുകൂട്ടിയത്. ഹെയ്ഡനും ലാംഗറും ചേര്‍ന്നാലുള്ള ഇംപാക്ട് എന്താണെന്ന് കാണിക്കുന്നതാണ് ഈ കണക്ക്. 2000 തൊട്ടുള്ള ഒരു ദശകത്തില്‍ ലോകക്രിക്കറ്റിനെ വിറപ്പിച്ച കളിക്കാരനാണ് മാത്യു ഹെയ്ഡന്‍. ആ ദശകത്തില്‍ 96 ടെസ്റ്റുകളില്‍ നിന്ന് 8,364 റണ്ണാണ് അയാള്‍ അടിച്ചുകൂട്ടിയത് എന്നതുതന്നെ ആ അപ്രമാദിത്വത്തിനുള്ള തെളിവാണ്. അതില്‍ 29 സെഞ്ച്വറിയും ഉള്‍പ്പെടുന്നു. എന്തായാലും എല്ലാ അര്‍ത്ഥത്തിലും എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളാണ് മാത്യു ഹെയ്ഡന്‍. ഓസ്‌ട്രേലിയയെ ദീര്‍ഘകാലം ലോകക്രിക്കറ്റിന്റെ അമരത്ത് പ്രതിഷ്ഠിച്ചതില്‍ ഹെയ്ഡന് നിര്‍ണായക പങ്കുണ്ട്. അതുതന്നെയാണ് ലോകക്രിക്കറ്റിലെ അയാളുടെ പ്രാധാന്യത്തിന് കാരണവും.



