Saturday, February 21, 2026
Google search engine
HomeSportLegendsമിറാക്കിള്‍ മിറോസ്ലാവ് ക്ലോസ

മിറാക്കിള്‍ മിറോസ്ലാവ് ക്ലോസ

കെ.ശ്രീജിത്ത്

ജര്‍മനിക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരനാണ് ക്ലോസ. ജര്‍മനിക്കുവേണ്ടി 137 മത്സരങ്ങളില്‍ നിന്ന് എഴുപത്തൊന്നും നാല് ലോകകപ്പുകളില്‍ നിന്നായി 16 ഗോളുമാണ് ക്ലോസ സ്‌കോര്‍ ചെയ്തത്. ലോകത്തെ എക്കാലത്തെയും മികച്ച ക്ലിനിക്കല്‍ ഫിനിഷര്‍മാരില്‍ ഒരാളാണ് മിറോസ്ലാവ് ക്ലോസ. 1978 ജൂണ്‍ ഒമ്പതിന് പോളണ്ടിലെ ഒപോലെയിലാണ് മിറോസ്ലാവ് ക്ലോസയുടെ ജനനം. അച്ഛന്‍ ജോസഫ് ക്ലോസ ഫുട്‌ബോള്‍ താരവും അമ്മ ബാര്‍ബറ ജെസ് ഹാന്‍ഡ്‌ബോള്‍ താരവുമായിരുന്നു. തന്റെ എട്ടാമത്തെ വയസില്‍ ക്ലോസ കുടുംബത്തോടൊപ്പം ജര്‍മനിയിലേയ്ക്ക് കുടിയേറി. ജര്‍മനിയിലെത്തുമ്പോള്‍ ക്ലോസയ്ക്ക് വെറും രണ്ടേ രണ്ട് ജര്‍മന്‍ വാക്കുകള്‍ മാത്രമായിരുന്നു അറിയാമായിരുന്നത്. കുടിയേറ്റക്കാര്‍ എന്ന നിലയില്‍ ജര്‍മന്‍ ജീവിതവുമായി പൊരുത്തപ്പെടാന്‍ ക്ലോസ കുറച്ചുകാലമെടുത്തു. കുട്ടിക്കാലത്ത് അയല്‍പക്കത്തെ കുട്ടികള്‍ ക്ലോസയെ തങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ കൂട്ടിയിരുന്നില്ല. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ക്ലോസയ്ക്ക് ഫുട്‌ബോള്‍ കളിക്കുന്നതില്‍ പ്രത്യേക മിടുക്കുണ്ടെന്നുകണ്ട കുട്ടുകള്‍ അവനെയും കളിക്കാന്‍ കൂട്ടി. മരപ്പണിക്കാരനാകാന്‍ വേണ്ടി പഠിച്ചിരുന്ന ക്ലോസ പതിനാറാമത്തെ വയസില്‍ മികച്ച മാര്‍ക്കോടെ കോഴ്‌സ് പൂര്‍ത്തിയാക്കി. പിന്നീടവന്‍ മരപ്പണിക്കാരനായി ജോലി ചെയ്യുന്നതിനൊപ്പം പ്രാദേശിക ക്ലബിനുവേണ്ടി ഫുട്‌ബോളും കളിച്ചു. കുറച്ചുമാസങ്ങള്‍ക്ക് ശേഷം ഹോംബര്‍ഗിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തതോടെ അവന്‍ ജോലി ഉപേക്ഷിക്കുകയും പൂര്‍ണമായി ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

1998ല്‍ ഇരുപതാമത്തെ വയസില്‍ മിറോസ്ലാവ് ക്ലോസയുടെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചു. എഫ്.സി ഹോംബര്‍ഗിനുവേണ്ടി കളിച്ച് തുടങ്ങിയതോടെയായിരുന്നു ഇത്. ഒരു വര്‍ഷത്തിനുശേഷം അയാള്‍ വണ്‍ എഫ്.സി കൈസര്‍സ്ലോട്ടേണ്‍ ഫുട്‌ബോള്‍ ക്ലബിലേയ്ക്ക് മാറി. ക്ലബിന്റെ രണ്ടാംനിര ടീമില്‍ കളിച്ച ക്ലോസ രണ്ടായിരം ഏപ്രിലില്‍ ബുണ്ടെസ്‌ലിഗയില്‍ അരങ്ങേറ്റം കുറിച്ചു. 2001-2002 സീസണില്‍ ക്ലോസ ക്ലബിനുവേണ്ടി 16 ഗോളടിച്ചു. തുടര്‍ന്ന് 2001 ജനുവരിയില്‍ പോളണ്ട് ദേശീയ ടീമിന്റെ പരിശീലകനായിരുന്ന ജെര്‍സി ഏംഗല്‍ ജര്‍മനിയിലെത്തുകയും ക്ലോസയെ സന്ദര്‍ശിച്ച് പോളണ്ട് ദേശീയ ടീമില്‍ കളിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ ആവശ്യം നിരാകരിച്ച ക്ലോസ തനിക്കൊരു ജര്‍മന്‍ പാസ്‌പോര്‍ട്ട് ഉണ്ടെന്നും കാര്യങ്ങള്‍ നിലവില്‍ പോകുന്നതുപോലെ തുടര്‍ന്നും പേവുകയാണെങ്കില്‍ താന്‍ അധികം വൈകാതെ റൂഡി വോളര്‍ പരിശീലകനായ ജര്‍മനിക്കുവേണ്ടി കളിക്കുമെന്നും ജെര്‍സിയോട് പറഞ്ഞു. ക്ലോസയുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമായി. അധികം വൈകാതെ അയാള്‍ ജര്‍മന്‍ സീനിയര്‍ ടീമിനുവേണ്ടി കളിച്ചു. അല്‍ബേനിയയ്‌ക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ കളിക്കാനിറങ്ങി 15 മിനിറ്റിനുള്ളില്‍ത്തന്നെ ക്ലോസ തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടി. തുടര്‍ന്ന് 2002 ലോകകപ്പിനുള്ള ജര്‍മന്‍ ടീമിലേയ്ക്ക് അയാള്‍ തിരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ജര്‍മനി, സൗദി അറേബ്യയെ എതിരില്ലാത്ത എട്ട് ഗോളിന് തകര്‍ത്തപ്പോള്‍ മിറോസ്ലാവ് ക്ലോസ ഹാട്രിക്ക് നേടി. അയാളുടെ മൂന്ന് ഗോളും ഹെഡ്ഡറിലൂടെയായിരുന്നു. തുടര്‍ന്ന് അയര്‍ലന്റിനും കാമറൂണിനുമെതിരെ ക്ലോസ ഹെഡ്ഡറിലൂടെ തന്നെ ഗോള്‍ നേടിയതോടെ ഒരൊറ്റ ലോകകപ്പില്‍ അഞ്ച് ഹെഡ്ഡര്‍ ഗോള്‍ നേടുന്ന താരമായി. ആ ലോകകപ്പില്‍ ജര്‍മനി ഫൈനലിലെത്തിയെങ്കിലും റൊണാള്‍ഡോയുടെ ബ്രസീലിന് മുന്നില്‍ അടിപതറി. ടൂര്‍ണമെന്റില്‍ രണ്ടാമത്തെ മികച്ച ഗോള്‍ സ്‌കോറര്‍ക്കുള്ള സില്‍വര്‍ ബൂട്ട് ക്ലോസ നേടി. ക്ലോസയെ സംബന്ധിച്ചിടത്തോളം ആ ലോകകപ്പ് ഒരു തുടക്കം മാത്രമായിരുന്നു.

2004 മാര്‍ച്ചില്‍ ക്ലോസ പ്രമുഖ ജര്‍മന്‍ ക്ലബായ വെര്‍ഡര്‍ ബ്രെമനുമായി നാല് വര്‍ഷത്തെ കരാറൊപ്പിട്ടു. അഞ്ച് മില്യണ്‍ യൂറോ ആയിരുന്നു പ്രതിഫലം. 2006 ലോകകപ്പിന് ജര്‍മനി ആതിഥേയത്വം വഹിക്കാനിരിക്കെ ക്ലോസ 2005-2006 സീസണില്‍ വെര്‍ഡര്‍ ബ്രെമനുവേണ്ടി 40 കളികളില്‍ നിന്ന് 31 ഗോള്‍ നേടി ഉജ്ജ്വല ഫോമിലായിരുന്നു. ഇതോടെ ക്ലോസയ്ക്കുമേലുള്ള പ്രതീക്ഷകളുടെ ഭാരം വര്‍ദ്ധിച്ചു. യുര്‍ഗന്‍ ക്ലിന്‍സ്മാനായിരുന്നു 2006 ലോകകപ്പിനുള്ള ജര്‍മന്‍ ടീമിന്റെ പരിശീലകന്‍. ക്ലിന്‍സ്മാനും ക്ലോസയില്‍ വലിയ പ്രതീക്ഷകളര്‍പ്പിച്ചു. ക്ലോസ ആരെയും നിരാശപ്പെടുത്തിയില്ല. കോസ്റ്റാറിക്കയ്ക്കും ഇക്വഡോറിനുമെതിരായ മത്സരങ്ങളില്‍ അയാള്‍ ഇരട്ട ഗോള്‍ നേടി. പ്രീക്വാര്‍ട്ടറില്‍ സ്വീഡനെ മറകടന്ന ജര്‍മനിയുടെ ക്വാര്‍ട്ടറിലെ എതിരാളികള്‍ ശക്തരായ അര്‍ജന്റീനയായിരുന്നു. മത്സരത്തില്‍ റോബര്‍ട്ടോ അയാളയുടെ ഗോളിലൂടെ അര്‍ജന്റീന മുന്നിലെത്തിയെങ്കിലും കളിയുടെ അവസാന ഘട്ടത്തില്‍ ക്ലോസ ജര്‍മനിയ്ക്ക് വേണ്ടി സമനില ഗോള്‍ നേടി. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജര്‍മനി ജയിച്ചു. എന്നാല്‍ സെമിഫൈനലില്‍ അവര്‍ പിന്നീട് ആ ലോകകപ്പില്‍ ചാമ്പ്യന്‍മാരായ ഇറ്റലിയ്ക്ക് മുന്നില്‍ വീണു. മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ജര്‍മനി പോര്‍ച്ചുഗലിനെ തോല്പിച്ചു. ടൂര്‍ണമെന്റില്‍ അഞ്ച് ഗോള്‍ നേടിയ ക്ലോസ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടി.

2007ല്‍ വെര്‍ഡര്‍ ബ്രെമന്‍ വിട്ട ക്ലോസ ബയേണ്‍ മ്യൂണിക്കുമായി നാല് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. ബയേണിലെ തന്റെ ആദ്യ സീസണില്‍ത്തന്നെ ക്ലോസ ടീമിനൊപ്പം ബുണ്ടെസ്‌ലിഗയില്‍ കിരീടം നേടി. 2010ല്‍ ഡി.എഫ്.എല്‍ സൂപ്പര്‍കപ്പ് ബയേണ്‍ ജയിച്ചപ്പോള്‍ മത്സരത്തില്‍ ക്ലോസ ഒരു ഗോള്‍ നേടി. 2010ല്‍ ഇതാദ്യമായി ലോകകപ്പ് ആഫ്രിക്കയിലെത്തി. ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ജര്‍മനിയുടെ പ്രതീക്ഷകളുടെ ഭാരം മാത്രമല്ല ക്ലോസയുടെ ചുമലിലുണ്ടായിരുന്നത്. തകര്‍ക്കാനായി ഒരു റെക്കോഡും അയാളുടെ മുന്നിലുണ്ടായിരുന്നു. ലോകകപ്പിലെ റൊണാള്‍ഡോ നേടിയ മൊത്തം 15 ഗോളുകളുടെ റെക്കോഡായിരുന്നു അത്. ലോകകപ്പിന് മുമ്പ് ക്ലോസ ഇങ്ങനെ പറഞ്ഞു: ‘വരുന്ന ലോകകപ്പില്‍ ചുരുങ്ങിയത് അഞ്ച് ഗോളെങ്കിലും അടിക്കുക എന്നതാണ് എന്റെ ലക്ഷ്യം’. എന്നാല്‍ ലോകകപ്പിന് തൊട്ടുമുമ്പുള്ള സീസണില്‍ അയാള്‍ ബയേണ്‍ മ്യൂണിക്കിനുവേണ്ടി വെറും മൂന്ന് ഗോളാണ് നേടിയിരുന്നത്. എന്നിരുന്നാലും ലോകകപ്പില്‍ തനിക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയുമെന്ന് അയാള്‍ വിശ്വസിച്ചു. അതേ പ്രതീക്ഷ തന്നെയാണ് ലോകകപ്പിനുള്ള ജര്‍മന്‍ ടീമിന്റെ പരിശീലകന്‍ ജോക്കിം ലോയും വെച്ച് പുലര്‍ത്തിയത്. ‘മിറോയെക്കുറിച്ച് എനിക്ക് ശുഭപ്രതീക്ഷയാണുള്ളത്. അയാള്‍ തന്റെ പഴയ ഫോമും കായികക്ഷമതയും വീണ്ടെടുക്കുമെന്നാണ് ഞാന്‍ കരുതുന്നത്’ എന്നായിരുന്നു ലോകകപ്പിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തില്‍ ജോക്കിം ലോ പറഞ്ഞത്. എന്നാല്‍ ലോകകപ്പിന് മുമ്പ് എത്ര ഗോളടിക്കണമെന്നാണോ ക്ലോസ ലക്ഷ്യം വെച്ചത് ആ ലക്ഷ്യത്തിലെത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ഫലം വീണ്ടുമൊരിക്കല്‍ കൂടി ജര്‍മനി സെമിഫൈനലില്‍ പരാജയപ്പെടുക എന്നതായിരുന്നു. ഇത്തവണ സ്‌പെയിനിന് മുന്നിലായിരുന്നു ജര്‍മനി വീണത്.

2006ല്‍ സംഭവിച്ചതുപോലെത്തന്നെ ജര്‍മനിയെ തോല്പിച്ചവര്‍ പിന്നീട് ലോകചാമ്പ്യന്‍മാരായി. 2006ല്‍ അത് ഇറ്റലിയായിരുന്നെങ്കില്‍ 2010ല്‍ അത് സ്‌പെയിനായിരുന്നു. ആ ലോകകപ്പില്‍ ക്ലോസ നാല് ഗോളാണ് നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരില്ലാത്ത നാല് ഗോളിന് ജര്‍മനി അര്‍ജന്റീനയെ തകര്‍ത്തപ്പോള്‍ അതില്‍ രണ്ട് ഉജ്ജ്വല ഗോളുകളടിച്ചത് ക്ലോസയായിരുന്നു. അതിനുമുമ്പ് ഒന്നിനെതിരെ നാല് ഗോളിന് ഇംഗ്ലണ്ടിനെ ജര്‍മനി തോല്പിച്ചപ്പോള്‍ അതിലൊരെണ്ണം ക്ലോസയുടെ വകയായിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന റെക്കോഡിനൊപ്പമെങ്കിലും എത്താന്‍ കഴിയാതിരുന്നതും ജര്‍മനിയെ ലോക ചാമ്പ്യന്‍മാരാക്കുന്നതില്‍ പരാജയപ്പെട്ടതും ക്ലോസയെ നിരാശപ്പെടുത്തി. ‘അങ്ങനെ സംഭവിച്ചതില്‍ എനിക്ക് നേരിയ നിരാശയുണ്ട്. ഇനിയൊരു ലോകകപ്പ് കളിക്കാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല’ എന്നായിരുന്നു ലോകകപ്പിന് ശേഷം ക്ലോസ പ്രതികരിച്ചത്. 2011-12 സീസണില്‍ മിറോസ്ലോവ് ക്ലോസ ഇറ്റാലിയന്‍ ക്ലബായ ലാസിയോയുമായി മൂന്ന് വര്‍ഷത്തെ കരാറിലെത്തി. തുടര്‍ന്ന് ക്ലബ് ഫുട്‌ബോളില്‍ വിരമിക്കുന്ന 2016 വരെ ക്ലോസ ലാസിയോയില്‍ തുടര്‍ന്നു. ലാസിയോയ്ക്കുവേണ്ടി 139 മത്സരങ്ങളില്‍ നിന്ന് 54 ഗോളാണ് അയാള്‍ നേടിയത്.

2014 ലോകകപ്പില്‍ ജര്‍മനിയുടെ പരിശീലകന്‍ ജോക്കിം ലോ തന്നെയായിരുന്നു. ലോ തന്റെ ടീമില്‍ മുപ്പത്താറുകാരനായ ക്ലോസയെ ഉള്‍പ്പെടുത്തി. യഥാര്‍ത്ഥത്തില്‍ ആ ടീമില്‍ ലോകമറിയുന്ന ഒരേയൊരു സെന്റര്‍ ഫോര്‍വേഡ് ക്ലോസ മാത്രമായിരുന്നു. എന്നാല്‍ അസാധാരണ പ്രതിഭയുള്ള മെസ്യൂട്ട് ഓസില്‍, മരിയോ ഗോട്‌സെ, തോമസ് മുള്ളര്‍, ആന്ദ്രെ ഷൂള്‍ എന്നിവരെയും ജോക്കിം ലോയുടെ ടീമിലുണ്ടായിരുന്നു. പോര്‍ച്ചുഗലിനെ എതിരില്ലാത്ത നാല് ഗോളിന് തുരത്തിയാണ് ജര്‍മനി ലോകകപ്പ് തുടങ്ങിയത്. എന്നാല്‍ രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തില്‍ ഘാനയ്‌ക്കെതിരെ കളി തുടങ്ങി അറുപത് മിനിറ്റ് ആകുമ്പോഴേയ്ക്കും ജര്‍മനി ഒന്നിനെതിരെ രണ്ട് ഗോളിന് പിന്നിലായിരുന്നു. തുടര്‍ന്ന് ലോ തന്റെ ടീമിനെ ആ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ മിറോസ്ലോവ് ക്ലോസയെ കളത്തിലിറക്കി. മരിയോ ഗോട്‌സെയ്ക്ക് പകരം കളിക്കാനിറങ്ങി രണ്ട് മിനിറ്റിന് ശേഷം ക്ലോസ ജര്‍മനിക്ക് സമനില ഗോള്‍ നേടിക്കൊടുത്തു. എന്നത്തെയുംപോലെ ഇത്തവണയും ഹെഡ്ഡറിലൂടെയായിരുന്നു ആ ഗോള്‍. ഇതോടെ അയാള്‍ റൊണാള്‍ഡോയുടെ ലോകകപ്പ് റെക്കോഡായ പതിനഞ്ച് ഗോളിനൊപ്പമെത്തി. ജര്‍മനി തുടര്‍ച്ചയായി നാലാം ലോകകപ്പിലും സെമിഫൈനലിലെത്തി.

സെമിയില്‍ കരുത്തരും ആ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നവരുമായ ബ്രസീലായിരുന്നു അവരുടെ എതിരാളികള്‍. എന്നാല്‍ കളിക്കുമുമ്പുള്ള പ്രവചനങ്ങളെ ജര്‍മനി കാറ്റില്‍പ്പറത്തി. പരിക്ക് കാരണം സൂപ്പര്‍താരം നെയ്മറും ടൂര്‍ണമെന്റില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കിട്ടിയതിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ തിയാഗോ സില്‍വയും ഇല്ലാതെ കളത്തിലിറങ്ങിയ ബ്രസീലിനെ ജര്‍മനി ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തു. മത്സരത്തിലെ ജര്‍മനിയുടെ രണ്ടാമത്തെ ഗോള്‍ നേടിയ ക്ലോസ ചരിത്രം സൃഷ്ടിച്ചു. ലോകകപ്പിലെ അയാളുടെ പതിനാറാമത്തെ ഗോളായിരുന്നു അത്. ഇതോടെ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയുടെ പതിനഞ്ച് ഗോളെന്ന റെക്കോഡ് ക്ലോസ മറികടന്നു. എന്നാല്‍ ബ്രസീലിനെതിരെയുള്ള വമ്പന്‍ ജയത്തിനിടയില്‍ അയാളുടെ ഈ നേട്ടം മുങ്ങിപ്പോയി. ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ ജര്‍മനിയുടെ ആക്രമണത്തിന് നേതൃത്വം കൊടുക്കാന്‍ കോച്ച് ജോക്കിം ലോ നിയോഗിച്ചത് ക്ലോസയെ ആയിരുന്നു. കളിയുടെ 88-ാം മിനിറ്റ് വരെ കളത്തിലുണ്ടായിരുന്ന ക്ലോസ ഒടുവില്‍ മരിയോ ഗോട്‌സെയ്ക്ക് വഴിമാറിക്കൊടുത്തു. അന്ന് ഗോട്‌സെ ആയിരുന്നു എക്‌സ്ട്രാ ടൈമില്‍ ജര്‍മനിയുടെ വിജയ ഗോള്‍ നേടിയത്. 2002ല്‍ റണ്ണറപ്പായും 2006ലും 2010ലും മൂന്നാമതായും ലോകകപ്പില്‍ ഫിനിഷ് ചെയ്ത ജര്‍മനി അത്തവണ പക്ഷെ ലോകകിരീടം നേടുക തന്നെ ചെയ്തു. അതോടെ ലോകകപ്പ് ചാമ്പ്യനായി തല ഉയര്‍ത്തിത്തന്നെ ക്ലോസയ്ക്ക് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിടവാങ്ങാനുള്ള സാഹചര്യമൊരുങ്ങി. ആ വര്‍ഷം നവംബറില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിടവാങ്ങുന്നതായി അയാള്‍ പ്രഖ്യാപിച്ചു. ‘ടീമിന്റെ വിജയമാണ് എന്നും എന്റെ ആദ്യ പരിഗണന. റെക്കോഡുകള്‍ ഒരിക്കലും എന്നെ ആശങ്കപ്പെടുത്തിയിട്ടില്ല. എന്റെ ഏറ്റവും നല്ല പ്രകടനം ടീമിന് നല്‍കാനാണ് ഞാനെന്നും ശ്രമിച്ചത്’ ക്ലോസ പറഞ്ഞു. എക്കാലത്തെയും ജര്‍മനിയുടെ ടോപ് ഗോള്‍ സ്‌കോററായാണ് ക്ലോസ വിരമിച്ചത്. 137 മത്സരങ്ങളില്‍ നിന്ന് 71 ഗോളാണ് അയാള്‍ ജര്‍മനിക്കുവേണ്ടി സ്‌കോര്‍ ചെയ്തത്. ഇതില്‍ പതിനാറെണ്ണം ലോകകപ്പുകളിലായിരുന്നു. നാല് ലോകകപ്പുകളിലായി 24 മത്സരങ്ങളിലാണ് അയാള്‍ കളിച്ചത്.

കളിക്കളത്തിലെന്നും മാന്യതയുടെ ആള്‍രൂപമായിരുന്നു മിറോസ്ലോവ് ക്ലോസ. 2005 ഏപ്രില്‍ 30ന് വെര്‍ഡര്‍ ബ്രെമനുവേണ്ടി കളിക്കുമ്പോള്‍ എതിര്‍ടീമിനെതിരെ അയാള്‍ക്ക് പെനാല്‍റ്റി അനുവദിച്ച റഫറിയുടെ തീരുമാനം അയാള്‍ സ്വീകരിച്ചില്ല. പെനാല്‍റ്റി വിധിക്കാന്‍ മാത്രമുള്ള ഫൗള്‍ തനിക്കെതിരെ ഉണ്ടായിട്ടില്ലെന്ന് അയാള്‍ റഫറിയോട് പറഞ്ഞു. പിന്നീടയാള്‍ക്ക് അതിന് ഫെയര്‍ പ്ലേ അവാര്‍ഡ് ലഭിച്ചപ്പോള്‍ ക്ലോസ പറഞ്ഞു: ‘ഈ അവാര്‍ഡ് എന്നെ സംബന്ധിച്ചിടത്തോളം വലിയ ആദരമാണ്. എന്നാല്‍ അതെന്നെ കുറച്ച് ബുദ്ധിമുട്ടിക്കുന്നുണ്ട്. കാരണം ഞാന്‍ ചെയ്തത് എല്ലാ കളിക്കാരും എപ്പോഴും ചെയ്യേണ്ട ഒരു കാര്യം മാത്രമാണ്. ഞാനത് എപ്പോഴും ചെയ്തിട്ടുണ്ട്. ഇനിയും അതുതന്നെ ചെയ്യും’. 2012 സപ്തംബറില്‍ ഇറ്റാലിയന്‍ ക്ലബായ ലാസിയോയ്ക്കുവേണ്ടി നാപ്പോളിക്കെതിരായ മത്സരത്തില്‍ ക്ലോസ കൈ കൊണ്ട് ഗോളടിച്ചു. അയാള്‍ ഉടനെത്തന്നെ അത് റഫറിയോട് സമ്മതിക്കുകയും ചെയ്തു. ഇതോടെ മഞ്ഞക്കാര്‍ഡ് നല്‍കേണ്ട കുറ്റമാണ് ക്ലോസ ചെയ്തതെങ്കിലും റഫറി ആ ശിക്ഷ നല്‍കിയില്ലെന്ന് മാത്രമല്ല, പകരം അയാള്‍ക്ക് ഹസ്തദാനം നല്‍കുകയും ചെയ്തു. ആ വര്‍ഷം ഒടുവില്‍ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അയാള്‍ക്ക് ഫെയര്‍ പ്ലേ അവാര്‍ഡ് നല്‍കി. അപ്പോള്‍ ക്ലോസ പറഞ്ഞത് ഇതാണ്: ‘റഫറി എന്നോട് പന്ത് കൈ കൊണ്ട് തൊട്ടോ എന്ന് ചോദിച്ചു. അതെ എന്ന് പറയുന്നതില്‍ എനിക്കൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ഒട്ടേറെ ചെറുപ്പക്കാര്‍ ടെലിവിഷനിലൂടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുന്നു. അവരുടെയെല്ലാം റോള്‍ മോഡലുകളാണ് ഞങ്ങള്‍’. 2016ല്‍ യൂണിവേഴ്‌സിറ്റി ഓഫ് റോം ടോര്‍ വെര്‍ഗാറ്റ ക്ലോസയ്ക്ക് സ്‌പോര്‍ട്‌സ് എത്തിക്ക്‌സ് അവാര്‍ഡ് നല്‍കി ആദരിച്ചു. എല്ലാ അര്‍ത്ഥത്തിലും മാന്യനായ, അസാധാരണ പ്രതിഭയുള്ള കളിക്കാരനായിരുന്നു മിറോസ്ലോവ് ക്ലോസ. ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ അയാള്‍ എക്കാലത്തെയും മാന്യനായ കളിക്കാരന്‍ കൂടിയാണ്. ഇനി ഫുട്‌ബോളില്‍ ആ ഗുണങ്ങളുള്ള കളിക്കാരുണ്ടാകുമോ എന്ന് കണ്ടുതന്നെ അറിയണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments