കെ.ശ്രീജിത്ത്
ലോകക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത്രമാത്രം പരിണമിക്കപ്പെട്ട മറ്റൊരു ക്രിക്കറ്ററുണ്ടാകില്ല. തന്റെ ഇരട്ട സഹോദരന് മാര്‍ക്ക് വോയില്‍ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും തരത്തില്‍ ജന്മനാ കഴിവുള്ളയാളായിരുന്നില്ല സ്റ്റീവ് വോ. പകരം കഠിനാദ്ധ്വാനത്തിലൂടെ അയാള്‍ മികച്ച ക്രിക്കറ്ററായി മാറുകയായിരുന്നു. ഒരുകാലത്ത് പ്രതിസന്ധി ഘട്ടങ്ങളില്‍ നിരന്തരം ഓസ്ട്രേലിയയുടെ രക്ഷകനായി അവതരിച്ചത് സ്റ്റീവ് വോ ആയിരുന്നു. എല്ലാ തകര്‍ച്ചകളിലും രക്ഷാദൗത്യത്തിനായി അവര്‍ സ്റ്റീവ് വോയിലേയ്ക്ക് കണ്ണുംനട്ടിരുന്നു. അയാള്‍ ഒരിക്കലും ടീമിനെ നിരാശപ്പെടുത്തിയില്ല. കഠിനാദ്ധ്വാനത്തിലൂടെ ടീമിനെ തകര്‍ച്ചയുടെ പടുകുഴികളില്‍ നിന്ന് പതുക്കെ പതുക്കെ കൈപിടിച്ചുയര്ത്തിക്കൊണ്ടുവന്നു. കളിയിലെ സാഹചര്യങ്ങളെ ഇത്രമാത്രം കൃത്യമായി വായിച്ചെടുത്ത മറ്റൊരു ക്രിക്കറ്റര്‍ ലോകത്തുണ്ടാകില്ല. അത്ര അസാധാരണമായിരുന്നു അയാളുടെ ഉള്‍ക്കാഴ്ച. കളിക്കുള്ളില്‍ നില്ക്കുമ്പോള്ത്തന്നെ കളിയെ ആഴത്തില്‍ വിശകലനം ചെയ്യുകയും കൃത്യമായ മനക്കണക്കുകളിലൂടെ എതിരാളികളുടെ തന്ത്രങ്ങളെ മറികടക്കുകയും ചെയ്തു സ്റ്റീവ് വോ. ഒന്നാന്തരമൊരു തന്ത്രജ്ഞനായിരുന്നു അയാള്‍. കളിയില്‍ ഇനി വരാന്‍ പോകുന്നത് എന്താണെന്നത് അയാള്‍ ഏറെ മുന്നേത്തന്നെ കാണുകയും അതിനനുസരിച്ച് കളിയെ രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു. എതിരാളികള്‍ മനസില്‍ കാണുമ്പോള്‍ അയാളത് മാനത്ത് കണ്ടു. എതിരാളികള്‍ക്ക് സ്റ്റീവ് വോ എന്ന കളിക്കാരനെ മാത്രം നേരിട്ടാല്‍ പോരായിരുന്നു. അയാളിലെ തന്ത്രജ്ഞനെക്കൂടി നേരിടണമായിരുന്നു. ഇങ്ങനെ ഒരേസമയം രണ്ട് വെല്ലുവിളികളായിരുന്നു എതിര് ടീമുകളുടെ മുന്നിലേയ്ക്ക് സ്റ്റീവ് വോ ഇട്ടുകൊടുത്തത്. അത് ഏറെ കഠിനമായിരുന്നു. ആ വെല്ലുവിളികളെ നേരിടാന്‍ എതിരാളികള്‍ വിയര്‍ത്തു. അവര്‍ പലപ്പോഴും ആശയക്കുഴപ്പത്തിലായി. സ്റ്റീവ് വോയ്ക്ക് ആ സമയം ധാരാളം മതിയായിരുന്നു. സ്വന്തം ടീമിനെ അയാള്‍ നിഷ്പ്രയാസം കെണികളില്‍ നിന്ന് ഊരിയെടുത്ത്ു. മാത്രമല്ല, സ്വന്തം ടീമിന് ജയിക്കാവുന്ന നിലയിലേയ്ക്ക് കളിയെ മാറ്റിയെടുക്കുകയും ചെയ്തു.

ഇരുപതാമത്തെ വയസില്‍ 1985ലാണ് സ്റ്റീവ് വോ ദേശീയ ടീമിലെത്തുന്നത്. തുടക്കത്തില്‍ തൊട്ടതെല്ലാം അയാള്‍ക്ക് പിഴച്ചു. ആഷസില്‍ തോല്‍വി ഉള്‍പ്പടെ ഏറ്റുവാങ്ങി. പിന്നീട് 1987 ലോകകപ്പില്‍ ജേതാക്കളാകാന്‍ ഓസ്ട്രേലിയയെ സഹായിച്ചു. അടുത്ത ആഷസില്‍ 393 റണ്ണടിച്ചു. അപ്പോഴും തന്റെ കളി എന്താണെന്ന് തനിക്കുതന്നെ മനസിലാകുന്നില്ലെന്ന് അയാള്‍ വിലപിച്ചു. ഫലം പതിനെട്ട് മാസത്തിന് ശേഷം അയാള്‍ക്ക് ടീമിലെ തന്റെ സ്ഥാനം നഷ്ടപ്പെട്ടു എന്നതായിരുന്നു. അയാള്‍ക്ക് പകരം ടീമിലെത്തിയതാകട്ടെ ഇരട്ട സഹോദരനായ മാര്‍ക്ക് വോയും. അതിനെക്കുറിച്ച് ഏറെ രസകരമായ, സംഭവിച്ച ഒരു കഥയുണ്ട്. ഒരു ദിവസം സ്റ്റീവ് വോ ഓടിപ്പിടിച്ച് വീട്ടിലെത്തി. എന്നിട്ട് ആഹ്ലാദത്തോടെ ഉറക്കെ വിളിച്ചുപറഞ്ഞു. മാര്‍ക്കിനെ ദേശീയ ടീമിലെടുത്തു. മാതാപിതാക്കള്‍ ഉള്‍പ്പടെ കുടുംബം മുഴുവന്‍ നിറഞ്ഞ സന്തോഷത്തില്‍. അല്പസമയം കഴിഞ്ഞാണ് അവര്‍ ടീമില്‍ അയാളില്ലെ എന്ന് അന്വേഷിക്കുന്നത്. അപ്പോള്‍ അച്ഛനോടും അമ്മയോടും സ്റ്റീവ് വോ ചരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞത്രെ: ‘ഇല്ല. എനിക്ക് പകരമാണ് മാര്‍ക്കിനെ ടീമിലെടുത്തത്’. അവര്‍ കരയണോ അതോ ചിരിക്കണോ എന്നറിയാതെ അമ്പരന്നുനിന്നു. ആ സംഭവത്തില്‍ തന്നെയുണ്ട് സ്റ്റീവ് വോ കാര്യങ്ങളെ സമീപിക്കുന്ന രീതി. സ്വന്തം സ്ഥാനം നഷ്ടപ്പെട്ടപ്പോഴും തന്റെ സഹോദരന് ടീമിലിടം പിടിച്ചതില്‍ അയാള്‍ മനസ് നിറഞ്ഞ് ആഹ്ലാദിച്ചു.

അതാണ് സ്റ്റീവ് വോ. ഒരിക്കലും ഒന്നിലും പതറിയില്ല. മന:സാന്നിദ്ധ്യം നഷ്ടപ്പെടുത്തിയില്ല. പകരം എല്ലാറ്റിനോടും അയാള്‍ പൊരുതി. സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ അതിനനുസരിച്ചും പ്രതികൂലമാകുമ്പോള്‍ അതിനനുസരിച്ചും അയാള്‍ പ്രതികരിച്ചു. എല്ലാ അവസ്ഥകളെയും സ്റ്റീവ് വോ ഒരേ മനസോടെ കണ്ടു. നേട്ടങ്ങളില്‍ അതിയായി സന്തോഷിച്ചില്ല. നഷ്ടങ്ങളില്‍ അതിയായി ദു:ഖിച്ചതുമില്ല. എല്ലാറ്റിനുമിടയില്‍ അയാള്‍ കൃത്യമായൊരു വര വരച്ചിരുന്നു. അയാള്‍ വീണ്ടും ടീമില്‍ തിരിച്ചെത്തി. പക്ഷെ അപ്പോഴേയ്ക്കും തന്റെ ബാറ്റിംഗ് ശൈലിയില്‍ സ്റ്റീവ് വോ ഏറെ മാറ്റങ്ങള്‍ വരുത്തിയിരുന്നു. അപകടകരമായ രീതിയില്‍ ബാറ്റ് ചെയ്യുന്നത് അയാള്‍ അവസാനിപ്പിച്ചു. പകരം മോശം പന്തുകള്‍ക്കായി കാത്തിരുന്നു. മോശം പന്തുകള്‍ കിട്ടിയപ്പോഴൊക്കെ അടിച്ചുപറത്തുകയും ചെയ്തു. പുറംവേദനയെത്തുടര്‍ന്ന് വോയ്ക്ക് ബൗളിംഗില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. രണ്ടാം വരവില്‍ അയാള്‍ ആടിത്തിമര്‍ത്തു. ഐതിഹാസികമായ ഇന്നിംഗ്സുകളുടെ ഒരു പരമ്പര തന്നെ അയാള്‍ തീര്‍ത്തു. 1994-95ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ജമൈക്കയില്‍ അയാള്‍ നേടിയ ഡബിള്‍ സെഞ്ച്വറി തന്നെ അതിന് ഉദാഹരണം. സ്റ്റീവ് വോയുടെ ആ ഇന്നിംഗ്സാണ് ഓസ്ട്രേലിയയ്ക്ക് പരമ്പരയില്‍ ചരിത്ര വിജയം നേടിക്കൊടുത്തത്. 1997ല്‍ ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രാഫോഡില്‍ അയാള്‍ രണ്ട് ഇന്നിംഗ്സിലും നേടിയ സെഞ്ച്വറിയാണ് ആ ആഷസ് പരമ്പര തന്നെ മാറ്റിമറിച്ചത്.

1999ല്‍ മാര്‍ക്ക് ടെയ്ലര്‍ക്ക് ശേഷം സ്റ്റീവ് വോയെ ഓസ്ട്രേലിയ ക്യാപ്റ്റനായി നിയമിച്ചു. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന പരമ്പരയായിരുന്നു ക്യാപ്റ്റനെന്ന നിലയിലെ സ്റ്റീവ് വോയുടെ ആദ്യത്തെ വെല്ലുവിളി. അന്ന് താരതമ്യേന ദുര്ബലായിരുന്ന വെസ്റ്റ് ഇന്‍ഡീസിനെ ഓസ്ട്രേലിയ അനായാസം മറികടക്കുമെന്ന് കരുതിയെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു. ബ്രയാന്‍ ലാറയുടെ ഇതിഹാസ സെഞ്ച്വറികള്‍ കണ്ട പരമ്പര 2-2ന് സമനിലയിലായി. സ്റ്റീവ് വോയ്ക്ക് തീര്‍ച്ചയായും അതൊരു തിരിച്ചടിയായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് അയാളുടെ ക്യാപ്റ്റന്‍സിയില്‍ ഓസ്ട്രേലിയ വിജയങ്ങളുടെ ഒരു പരമ്പര തന്നെ തീര്‍ത്തു. തുടര്‍ച്ചയായ പതിനാറ് ടെസ്റ്റ് വിജയങ്ങളുടെ ലോക റെക്കോഡ് ഓസ്ട്രേലിയ തീര്‍ത്തപ്പോള്‍ അതില്‍ പതിനഞ്ചിലും ടീമിനെ നയിച്ചത് സ്റ്റീവ് വോ ആയിരുന്നു. 1999 ഏകദിന ലോകകപ്പിന്റെ തുടക്കത്തില്‍ ഓസ്ട്രേലിയയുടെ സ്ഥിതി ദയനീയമായിരുന്നു. എന്നാല്‍ പിന്നീട് ഷെയ്ന് വോണിന്റെ സഹായത്തോടെ സ്റ്റീവ് വോ ഓസ്ട്രേലിയയുടെ തലവര തന്നെ മാറ്റിവരച്ചു. തുടര്‍ച്ചയായ വിജയങ്ങളിലൂടെ അയാള്‍ ടീമിനെ ലോകകിരീടത്തിലേയ്ക്ക് നയിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തോറ്റാല്‍ പുറത്താകുമെന്ന അവസ്ഥയില്‍ നിന്ന് സെഞ്ച്വറി നേടി മുന്നില്‍ നിന്ന് നയിച്ച് സ്റ്റീവ് വോ ടീമിനെ ജയിപ്പിച്ചു. അന്ന് ഇന്നിംഗ്സിന്റെ തുടക്കത്തില്‍ സ്റ്റീവ് വോ നല്കിയ ക്യാച്ച് ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്സ് വിജയാഘോഷത്തിനിടെ നിലത്തിട്ടത് ഏറെ പ്രസിദ്ധമാണ്. ആ അവസരം സ്റ്റീവ് വോ പൂര്‍ണമായും പ്രയോജനപ്പെടുത്തി. അന്ന് ഗിബ്സിനോട് സ്റ്റീവ് വോ പറഞ്ഞത് ‘മോനെ നീ കളഞ്ഞത് ലോകകപ്പാണെന്നായിരുന്നു’. അത് പിന്നീട് അക്ഷരംപ്രതി ശരിയായി. അന്ന് വോ ഔട്ടായിരുന്നെങ്കില്‍ ഓസ്ട്രേലിയ ലോകകപ്പില്‍ നിന്നുതന്നെ പുറത്താകുമായിരുന്നു. എന്നാല്‍ ഗിബ്സ് നല്കിയ അവസരം ഉപയോഗപ്പെടുത്തിയ സ്റ്റീവ് വോ ഓസ്ട്രേലിയയ്ക്ക് ലോകകപ്പാണ് സമ്മാനിച്ചത്. സെമിഫൈനലില്‍ ഇരുടീമുകളും വീണ്ടും മുഖാമുഖം വന്നപ്പോഴും കളിയില്‍ മുന്‍തൂക്കം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നെങ്കിലും അവര്‍ മണ്ടത്തരത്തിലൂടെ അത് നഷ്ടപ്പെടുത്തുകയായിരുന്നു. ഡാമിയന്‍ ഫ്ളെമിംഗ് എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്പത് റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ലാന്‍സ് ക്ലൂസ്നര് ആദ്യ രണ്ട് പന്തിലും ബൗണ്ടറി നേടി. പിന്നീട് നാല് പന്തില്‍ ഒരു റണ്‍ മാത്രം മതി എന്നിരിക്കെ അലന് ഡൊണാള്‍ഡിനും ക്ലൂസ്നറിനുമിടയില് സംഭവിച്ച ആശയക്കുഴപ്പത്തില്‍ ഡൊണാള്‍ഡ് റണ്ണൗട്ടാവുകയും മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്തു. തുടര്‍ന്ന് തൊട്ടുമുമ്പ് ഇരുടീമുകളും തമ്മില്‍ നടന്ന മത്സരത്തില്‍ ജയിച്ചത് ഓസ്ട്രേലിയ ആയിരുന്നു എന്നതിനാല്‍ അവര്‍ ഫൈനലില്‍ കടക്കുകയായിരുന്നു.

ഫൈനലില്‍ ഓസ്ട്രേലിയ അനായാസം പാകിസ്താനെ തോല്പിച്ച് ലോകചാമ്പ്യന്മാരായി. എന്നാല്‍ 2003 ലോകകപ്പിന് മുമ്പ് സ്റ്റീവ് വോയെ ഓസ്ട്രേലിയ ഏകദിന ടീമില്‍ നിന്ന് പുറത്താക്കി. 2001-2002ലെ വി.ബി സീരീസിലെ ഓസ്ട്രേലിയയുടെ ദയനീയ പ്രകടനത്തെത്തുടര്‍ന്നായിരുന്നു ഇത്. വോയെ ടീമില്‍ നിന്ന് പുറത്താക്കിയത് അന്ന് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. നേരത്തെ മാര്‍ക്ക് ടെയ്ലറെ ടീമില്‍ നിന്ന് പുറത്താക്കിയതും ഇതേ രീതിയിലായിരുന്നു. എന്നാല്‍ ടെസ്റ്റില്‍ സ്റ്റീവ് വോ ക്യാപ്റ്റനായി തുടര്‍ന്നു. 2002-2003 ആഷസ് ആഷസ് ജയിച്ചത് സ്റ്റീവ് വോയുടെ കീഴിലായിരുന്നു. 2001ല്‍ മുപ്പത്താറാമത്തെ വയസില്‍ ആ വര്‍ഷത്തെ ഏറ്റവും മികച്ച ഓസ്ട്രേലിയന്‍ കളിക്കാരനുള്ള അലന് ബോര്‍ഡര്‍ മെഡല്‍ നേടിയത് സ്റ്റീവ് വോ ആയിരുന്നു. 2003-2004ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനൊടുവില്‍ വോ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ അവസാന ഇന്നിംഗ്സില്‍ വോ നേടിയത് 80 റണ്ണായിരുന്നു. അതും ഓസ്ട്രേലിയയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ ഇന്നിംഗ്സ് ആയിരുന്നു എന്നത് ശ്രദ്ധേയമായി. കരിയറിലുടനീളം അയാള്‍ എന്തായിരുന്നോ അതുതന്നെയാണ് അവസാന ഇന്നിംഗ്സിലും അയാള്‍ ചെയ്തത് എന്നത് സ്റ്റീവ് വോ എന്ന ക്രിക്കറ്ററെ അടയാളപ്പെടുത്തുന്നതായിരുന്നു. 168 ടെസ്റ്റുകളില്‍ നിന്ന് 10,927 റണ്ണാണ് സ്റ്റീവ് വോ നേടിയത്. 51.06 ആണ് ശരാശരി. 32 സെഞ്ച്വറിയും 50 അര്‍ദ്ധ സെഞ്ച്വറിയും. 92 വിക്കറ്റുകള്‍ വീഴ്ത്തിയ വോ 112 ക്യാച്ചുമെടുത്തു. 325 ഏകദിന മത്സരങ്ങളില്‍ നിന്നായി 7,569 റണ്ണാണ് വോ സ്കോര്‍ ചെയ്തത്. 32.90 ആണ് ശരാശരി. മൂന്ന് സെഞ്ച്വറിയും 45 അര്‍ദ്ധ സെഞ്ച്വറിയും നേടി. ഏകദിനത്തില്‍ 195 വിക്കറ്റെടുത്ത സ്റ്റീവ് വോ 111 ക്യാച്ചുമെടുത്തു. കരിയറില്‍ മധ്യനിര ബാറ്ററായി ഇറങ്ങിയാണ് സ്റ്റീവ് വോ ക്രിക്കറ്റിന്റെ രണ്ട് ഫോര്‍മാറ്റുകളിലും ഇത്രയും റണ്‍ നേടിയെന്നതുകൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇന്ത്യയുമായി സ്റ്റീവ് വോയ്ക്ക് ഒരു പ്രത്യേക അടുപ്പമുണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അയാള്‍ പലപ്പോഴും അയാളെത്തി. മനുഷ്യരുടെ ദുരിതങ്ങളില്‍ അവരെ സഹായിക്കുന്നതില്‍ അയാള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി എന്നത് പൊതുവെ ക്രിക്കറ്റര്‍മാരുടെ കാര്യത്തില്‍ നമ്മുക്ക് കേട്ടുകേള്‍വിയില്ലാത്തതാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമാണത്.

എല്ലാ അര്‍ത്ഥത്തിലും ഒരു ചാമ്പ്യന്‍ ക്രിക്കറ്ററായിരുന്നു സ്റ്റീവ് വോ. ഒരു യഥാര്‍ത്ഥ ഹീറോ. ഓസ്ട്രേലിയയുടെ എക്കാലത്തെയും ഏറ്റവും വിശ്വസ്തനായ ക്രിക്കറ്റര്‍. ഏതാണ്ട് രണ്ട് പതീറ്റാണ്ടോളം നീണ്ട അന്താരാഷ്ട്ര കരിയറില്‍ സ്റ്റീവ് വോ ഓസ്ട്രേലിയയ്ക്കായി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഓസ്ട്രേലിയയുടെ ഒട്ടേറെ ഐതിഹാസിക വിജയങ്ങളില്‍ അയാളുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരുടെ പട്ടികയെടുത്താല്‍ അതില്‍ ഏറ്റവും മുന്‍നിരയിലുള്ള പേരുകാരിലൊരാള്‍ സ്റ്റീവ് വോ ആയിരിക്കും. കളിയിലെ നിര്‍ണായക നിമിഷങ്ങള്‍ സ്വന്തം ടീമിന് അനുകൂലമാക്കുന്നതില്‍ ഒരു പ്രത്യേക വിരുത് തന്നെയുണ്ടായിരുന്നു സ്റ്റീവ് വോയ്ക്ക്. ടീം എന്തുചെയ്യുമെന്നറിയാതെ പതറിനിന്ന ഘട്ടത്തിലെല്ലാം ആ വെല്ലുവിളികളേറ്റെടുക്കാന്‍ അയാള്‍ മുന്നില്‍നിന്നു. പുതിയ കാലത്തെ ക്രിക്കറ്റര്‍മാര്‍ക്ക് സ്റ്റീവ് വോ ഒരു മാതൃകയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ എങ്ങനെ മന:സാന്നിദ്ധ്യത്തോടെ കളിക്കണമെന്നതിനുള്ള മാതൃക. ക്രിക്കറ്റില്‍ കളിക്കാനുള്ള കഴിവ് മാത്രമല്ല ചിന്തിക്കാനുള്ള കഴിവ് കൂടി അനിവാര്യമാണെന്നതിന്റെ മാതൃക. ലോകക്രിക്കറ്റില്‍ ഇനിയൊരുപക്ഷെ സ്റ്റീവ് വോയെപ്പോലൊരു ക്രിക്കറ്ററുണ്ടായെന്നുവരില്ല. ഇനി അഥവാ ഉണ്ടായാല്‍ത്തന്നെ അതിന് ദീര്‍ഘകാലം കാത്തിരിക്കേണ്ടിവരും. ഉറപ്പ്.



