Saturday, February 21, 2026
Google search engine
HomeSportLegendsസൂപ്പര്‍സ്റ്റാര്‍ സംഗക്കാര

സൂപ്പര്‍സ്റ്റാര്‍ സംഗക്കാര

കെ.ശ്രീജിത്ത്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണ് കുമാര്‍ സംഗക്കാര. കളിച്ചിരുന്ന കാലത്ത് സംഗക്കാരക്കുണ്ടായിരുന്ന ജനപ്രീതി അളക്കാന്‍ കഴിയാത്തതാണ്. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റും അനായാസം വഴങ്ങിയിരുന്ന ബാറ്ററാണ് സംഗക്കാര. അയാളുടെ ബാറ്റിംഗിന്റെ നിലവാരം ഒന്നുവേറെത്തന്നെയായിരുന്നു. മികച്ച ആക്രമണവും മികച്ച പ്രതിരോധവും വേണ്ടവിധം സന്നിവേശിപ്പിച്ച ബാറ്റിംഗ്. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ക്കെല്ലാമുണ്ടായിരുന്ന പ്രത്യേകത കുമാര്‍ സംഗക്കാരയുടെ ബാറ്റിംഗിനുമുണ്ടായിരുന്നു. അളവറ്റ ചാരുതയാണത്. ആ ബാറ്റിംഗ് കാണുന്നതുതന്നെ കണ്ണുകള്‍ക്ക് ആനന്ദദായകമായിരുന്നു. ക്രിക്കറ്റ് ഫീല്‍ഡില്‍ സംഗക്കാര പുലര്‍ത്തിയ മാന്യതയും അയാളുടെ പ്രതിഭയും എതിരാളികളോടുള്ള അയാളുടെ സമീപനവുമെല്ലാം ക്രിക്കറ്റ് ആരാധകര്‍ക്ക് അയാളോടുള്ള ആദരവിന്റെ അളവ് വര്‍ദ്ധിപ്പിച്ചു. കളിയിലെ സാഹചര്യം ഏറ്റവും കൃത്യമായി മനസിലാക്കാനും അതിനനുസരിച്ച് തന്ത്രങ്ങള്‍ രൂപീകരിക്കാനും പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു സംഗക്കാരയ്ക്ക്. അസാധാരണമായ ക്രിക്കറ്റിംഗ് ബ്രെയ്‌നുള്ള കളിക്കാരനായിരുന്നു അയാള്‍.

ഇരുപത്തിരണ്ടാമത്തെ വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ത്തന്നെ സംഗക്കാരയിലെ പ്രതിഭ ലോകം തിരിച്ചറിഞ്ഞിരുന്നു. ഇയാള്‍ വെറുമൊരു കളിക്കാരനല്ല, മറിച്ച് എക്കാലത്തെയും മികച്ച ബാറ്ററായി മാറുമെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തി. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. സംഗക്കാരയ്ക്ക് മുമ്പ് ശ്രീലങ്കയ്ക്കുവേണ്ടി കളിച്ച ഇടംകൈയ്യന്‍ ബാറ്റര്‍മാരായ അര്‍ജുന രണതുംഗെയ്ക്കും അശാങ്ക ഗുരുംസിംഗയ്ക്കും ഒരുപടി മീതെയായിരുന്നു അയാളുടെ ബാറ്റിംഗ് കഴിവുകള്‍. ഒരു പ്രത്യേക ‘എലഗന്‍സ്’ തന്നെയുണ്ടായിരുന്നു സംഗക്കാരയുടെ കളിക്ക്. കട്ടുകളും പുള്ളുകളും വളരെ സ്വാഭാവികമായിത്തന്നെ സംഗക്കാരയുടെ ബാറ്റിംഗില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചുതുടങ്ങിയതോടെ സംഗക്കാര പൂര്‍ണമായും ഒരു ഫ്രണ്ട് ഫൂട്ട് പ്ലേയറായി മാറി. തുടക്കത്തില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയിലുള്ള സംഗക്കാരയുടെ പ്രകടനത്തെ പലരും സംശയത്തോടെയാണ് വീക്ഷിച്ചത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ അയാള്‍ക്ക് ഭാവിയില്ലെന്ന് പലരും വിലയിരുത്തി. എന്നാല്‍ അസാധാരണമായ ബാറ്റിംഗ് കഴിവുകള്‍ കാരണം ആദ്യ ഇലവനില്‍ അയാള്‍ സ്ഥിരമായി ഇടം നേടി. അയാളെ ഒഴിവാക്കുന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റിന് ചിന്തിക്കാനാകുമായിരുന്നില്ല.

ഒരു ബാറ്ററെന്ന നിലയിലുള്ള സംഗക്കാരയുടെ പുരോഗതി ക്രമമായിട്ടായിരുന്നു. റണ്ണിനായുള്ള സംഗക്കാരയുടെ ദാഹം വളരെ വ്യക്തമായിരുന്നു. 2006ല്‍ സിംഹളീസ് സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ വെച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സംഗക്കാരയും ക്യാപ്റ്റനും അടുത്ത സുഹൃത്തുമായ മഹേല ജയവര്‍ധനെയുമൊത്ത് നേടിയത് 624 റണ്ണായിരുന്നു. ലോകറെക്കോഡായിരുന്നു ഇത്. ഇതില്‍ സംഗക്കാരയുടെ സംഭാവന 287 റണ്ണായിരുന്നു. അതും ഡെയ്ല്‍ സ്റ്റെയ്‌നും മക്കായ എന്‍ടിനിയുമടങ്ങുന്ന ബൗളിംഗ് നിരയെ നേരിട്ട്. ഒരു വര്‍ഷത്തിനുശേഷം ഓസ്‌ട്രേലിയയിലെ ഹൊബാര്‍ട്ടില്‍ സംഗക്കാര നേടിയ 192 റണ്‍സ് എല്ലാ അര്‍ത്ഥത്തിലും മാസ്റ്റര്‍ ക്ലാസ് ആയിരുന്നു. അന്ന് ശ്രീലങ്ക ഓസ്‌ട്രേലിയയോട് നേരിയ തോല്‍വി വഴങ്ങി. ഏകദിന ക്രിക്കറ്റിലും സംഗക്കാര മികച്ച കളി പുറത്തെടുത്തു. 2007 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സംഗക്കാര അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. ആ ഫൈനലില്‍ ശ്രീലങ്ക തോറ്റു. എന്നാല്‍ ഏകദിനത്തില്‍ പലപ്പോഴും നല്ല തുടക്കം കിട്ടിയതിന് ശേഷം വലിച്ചെറിയുന്നത് സംഗക്കാരയുടെ പതിവായിരുന്നു. എന്നാല്‍ അസാധാരണ നേതൃശേഷിയുള്ള സംഗക്കാര, മഹേല ജയവര്‍ധനെയ്ക്കുശേഷം സ്വാഭാവികമായും ശ്രീലങ്കയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. എന്നാല്‍ ക്യാപ്റ്റന്റെ ഭാരം കൂടി ആയതോടെ ടെസ്റ്റില്‍ വിക്കറ്റ് കീപ്പറുടെ ഉത്തരവാദിത്തം സംഗക്കാര ഒഴിഞ്ഞു. എന്നാല്‍ ക്യാപ്റ്റനായതിനുശേഷവും അയാള്‍ ഏകദിന ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായി തുടര്‍ന്നു.

കളിക്കുന്ന കാലത്ത് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ലോകത്തെത്തന്നെ ഏറ്റവും മികച്ച മൂന്നാം നമ്പര്‍ ബാറ്റര്‍മാരിലൊരാളായിരുന്നു കുമാര്‍ സംഗക്കാര. 2012ല്‍ ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സംഗക്കാര, ആ വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. 2011ലും 2013ലും വണ്‍ഡേ ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയും സംഗക്കാര തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2015 ഏകദിന ലോകകപ്പില്‍ സംഗക്കാര തുടര്‍ച്ചയായി നാല് സെഞ്ച്വറിയാണ് നേടിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്ററാണ് സംഗക്കാര. 2014ലെ ട്വന്റി20 ലോകകപ്പിനിടെ താന്‍ ട്വന്റി20യില്‍ നിന്ന് വിരമിക്കുകയാണെന്ന് സംഗക്കാര പ്രഖ്യാപിച്ചു. ആ വര്‍ഷം ഡിസംബറില്‍ 2015ലെ ഏകദിന ലോകകപ്പോടെ താന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നും സംഗക്കാര അറിയിച്ചു. 2015 ജൂണ്‍ 27ന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി സംഗക്കാരയുടെ പ്രഖ്യാപനം വന്നു. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് ശേഷമാണ് സംഗക്കാര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2015 ജനുവരി 29ന് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയതിന്റെ റെക്കോഡ് സംഗക്കാര സ്വന്തം പേരിലാക്കി. സനത് ജയസൂര്യയെയാണ് സംഗക്കാര മറികടന്നത്. അതേ മത്സരത്തില്‍ തന്നെ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയതിനുള്ള ലോക റെക്കോഡും സംഗക്കാര സ്വന്തം പേരിലാക്കി. ഓസ്‌ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ്റിനെയാണ് സംഗക്കാര മറികടന്നത്. ടെസ്റ്റില്‍ ഏറ്റവും കുറവ് ഇന്നിംഗ്‌സുകളില്‍ നിന്ന് എണ്ണായിരം, ഒമ്പതിനായിരം, പതിനൊന്നായിരം, പന്ത്രണ്ടായിരം റണ്‍ നേടിയതിനുള്ള റെക്കോഡ് സംഗക്കാരയുടെ പേരിലാണ്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ പതിനായിരം റണ്‍ നേടിയതിനുള്ള സംയുക്ത റെക്കോഡും സംഗക്കാരയുടെ പേരിലുണ്ട്.

ടെസ്റ്റില്‍ 11 ഡബിള്‍ സെഞ്ച്വറിയാണ് സംഗക്കാര നേടിയിട്ടുള്ളത്. അക്കാര്യത്തില്‍ അയാള്‍ക്ക് മുന്നിലുള്ളത് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ മാത്രമാണ്. 12 ഡബിള്‍ സെഞ്ച്വറിയുമായി. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോഡ് സംഗക്കാരയുടെ പേരിലാണ്. 2011ലും 2015ലും വിസ്ഡന്‍ ലീഡിംഗ് ക്രിക്കറ്റര്‍ ഇന്‍ ദ വേള്‍ഡ് പുരസ്‌കാരം സംഗക്കാരയ്ക്കായിരുന്നു. ക്യാപ്റ്റനെന്ന നിലയിലും കുമാര്‍ സംഗക്കാര ഏറെ തിളങ്ങി. സംഗക്കാരയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ ടീം ആദ്യമായി നാട്ടില്‍ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചു. 2009 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ശ്രീലങ്ക ഫൈനലിലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ സംഗക്കാരയായിരുന്നു. എന്നാല്‍ രണ്ട് ഫൈനലിലും ശ്രീലങ്ക തോറ്റു. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനോടും 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടുമായിരുന്നു ആ തോല്‍വികള്‍. ബംഗ്ലാദേശ്, സിംബാബ്‌വെ, ഇന്ത്യ എന്നീ ടീമുകള്‍ക്കെല്ലാമെതിരെയുള്ള മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സംഗക്കാര ശ്രീലങ്കയെ ജയത്തിലേയ്ക്ക് നയിച്ചു. ശ്രീലങ്കയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഏകദിന, ട്വന്റി20 പരമ്പരകളിലും ശ്രീലങ്ക ജയിച്ചു. ഓസ്‌ട്രേലിയയില്‍ ശ്രീലങ്ക ഇതാദ്യമായിട്ടായിരുന്നു ഏതെങ്കിലുമൊരു പരമ്പര ജയിക്കുന്നത്.

2011 ലോകകപ്പ് ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് ടൂര്‍ണമെന്റിന് ശേഷം താന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെയ്ക്കുമെന്ന് സംഗക്കാര പ്രഖ്യാപിച്ചു. ലോകകപ്പില്‍ സംഗക്കാര ഉജ്ജ്വല ഫോമിലായിരുന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 465 റണ്ണാണ് സംഗക്കാര അടിച്ചുകൂട്ടിയത്. 2014ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് സംഗക്കാര കൗണ്ടി ക്രിക്കറ്റില്‍ തിരിച്ചെത്തി. ഡര്‍ഹമിന് വേണ്ടി രണ്ട് കളിയാണ് സംഗക്കാര കളിച്ചത്. ഇതിലൊന്നില്‍ സസെക്‌സിനെതിരെ 159 റണ്ണാണ് സംഗക്കാര അടിച്ചത്. 2015ല്‍ സറേയ്ക്കുവേണ്ടി രണ്ട് വര്‍ഷത്തെ കരാറില്‍ കളിക്കുമെന്ന് സംഗക്കാര അറിയിച്ചു. അടുത്ത രണ്ട് വര്‍ഷം സറേയ്ക്കുവേണ്ടി കളിച്ച സംഗക്കാര അവരെ രണ്ടാം ഡിവിഷന്‍ ജയിക്കുന്നതിന് സഹായിക്കുകയും അതുവഴി ഒന്നാം ഡിവിഷനിലേയ്ക്ക് സറേയ്ക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. 2017ല്‍ കൗണ്ടിയില്‍ സംഗക്കാര തുടര്‍ച്ചയായി അഞ്ച് സെഞ്ച്വറിയാണ് അടിച്ചത്. കളിക്കുന്ന കാലത്ത് മഹേല ജയവര്‍ധനെയുമായി സംഗക്കാരക്കുണ്ടായിരുന്ന കടുത്ത സൗഹൃദം ഫീല്‍ഡിലും ഇരുവരെയും സഹായിച്ചു. ജയവര്‍ധനെ ശ്രീലങ്കന്‍ ക്യാപ്റ്റനും സംഗക്കാര വൈസ് ക്യാപ്റ്റനുമായ കാലത്തും പിന്നീട് സംഗക്കാര ക്യാപ്റ്റനായ കാലത്തും ടീമിന് ഇരുവരുടെയും ഈ സൗഹൃദം ഏറെ ഗുണം ചെയ്തു. ഇരുവരുര്‍ക്കുമിടയിലെ സഹൃദയത്വവും തീരുമാനങ്ങളെടുക്കുമ്പോള്‍ പരസ്പരമുള്ള ആലോചനയും ഇരുവരും പുലര്‍ത്തിയ പാരസ്പര്യത്തിന്റെ തെളിവായിരുന്നു.

134 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 12,400 റണ്ണാണ് കുമാര്‍ സംഗക്കാര അടിച്ചുകൂട്ടിയത്. 57.40 ആണ് ശരാശരി. 38 സെഞ്ച്വറിയും 52 അര്‍ദ്ധ സെഞ്ച്വറിയും. 319 ആണ് ഉയര്‍ന്ന സ്‌കോര്‍. 404 ഏകദിന മത്സരങ്ങളില്‍ നിന്ന് 14,234 റണ്ണാണ് സംഗക്കാര സ്‌കോര്‍ ചെയ്തത്. 41.98 ആണ് ശരാശരി. 25 സെഞ്ച്വറിയും 93 അര്‍ദ്ധ സെഞ്ച്വറിയും. 169 ആണ് ഉയര്‍ന്ന സ്‌കോര്‍. 56 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 1382 റണ്ണാണ് സംഗക്കാര അടിച്ചത്. 31.40 ആണ് ശരാശരി. എട്ട് അര്‍ദ്ധ സെഞ്ച്വറി. 78 ആണ് ഉയര്‍ന്ന സ്‌കോര്‍. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലുമായി 28,016 റണ്‍ നേടിയിട്ടുള്ള സംഗക്കാര ഇക്കാര്യത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് മാത്രം പിറകിലാണ്. ടെസ്റ്റില്‍ പതിനായിരം റണ്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി സംഗക്കാരയുടേതാണ്. ടെസ്റ്റില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ 202 പേരെ പുറത്താക്കിയപ്പോള്‍ ഏകദിനത്തില്‍ 501 പേരെയാണ് സംഗക്കാര പുറത്താക്കിയത്. ട്വന്റി20യില്‍ 45 പേരെയാണ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ സംഗക്കാര പുറത്താക്കിയത്.

ഐ പി എല്ലില്‍ അഞ്ച് സീസണുകളില്‍ സംഗക്കാര കളിച്ചു. കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ഡെക്കാണ്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സംഗക്കാര ഐ പി എല്ലില്‍ കളിച്ചത്. ഇതില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായിരുന്നു സംഗക്കാര. ഐ പി എല്ലില്‍ കളിച്ച 62 മത്സരങ്ങളില്‍ നിന്ന് 1,567 റണ്ണാണ് സംഗക്കാര സ്‌കോര്‍ ചെയ്തത്. ഇതില്‍ പത്ത് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. പിന്നീട് രാജസ്ഥാന്‍ റോയല്‍സിന്റെ ഹെഡ് കോച്ചായും സംഗക്കാര പ്രവര്‍ത്തിച്ചു. ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരിലൊരാളാണ് കുമാര്‍ സംഗക്കാര. ഇത്രമാത്രം സ്ഥിരതയോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ള ബാറ്റര്‍മാര്‍ വളരെ കുറവാണ്. അത് സംഗക്കാരയുടെ കരിയര്‍ റെക്കോഡ് പരിശോധിച്ചാല്‍ മനസിലാകും. ശ്രീലങ്ക ലോകക്രിക്കറ്റിന് സമ്മാനിച്ച എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് സംഗക്കാര. പകരം അയാള്‍ ടീമിന് നല്‍കിയതാകട്ടെ അവിസ്മരണീയമായ ഒരുപിടി വിജയങ്ങളും. ശ്രീലങ്കന്‍ ക്രിക്കറ്റില്‍ അര്‍ജുന രണതുംഗ, അരവിന്ദ ഡിസില്‍വ തുടങ്ങിയ സുവര്‍ണ തലമുറ ക്രിക്കറ്റര്‍മാര്‍ക്ക് ശേഷം ലോകനിലവാരത്തിലുള്ള ഒരുപിടി ക്രിക്കറ്റര്‍മാരാണ് ടീമിലെത്തിയത്. അവരില്‍ ഏറ്റവും പ്രമുഖനായ കളിക്കാരനാണ് സംഗക്കാര. സംഗക്കാരയുടെ സമകാലികരായി ഒട്ടേറെ സൂപ്പര്‍താരങ്ങള്‍ ക്രിക്കറ്റിലുണ്ടായിരുന്നു. ക്ലാസും ജനപ്രീതിയും ഒരുപോലെ സ്വന്തമാക്കിയവര്‍. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ സുവര്‍ണകാലമായിരുന്നു അത്. ആ സുവര്‍ണകാലത്തിന്റെ മായാത്ത ഓര്‍മയായി എന്നും കുമാര്‍ സംഗക്കാര ക്രിക്കറ്റ് ആരാധാകരുടെ മനസില്‍ ജീവിക്കും. കാരണം അയാള്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ അത്രമാത്രം മനോഹരമാണ്. ഒന്നിനും ആ മനോഹരമായ ഓര്‍മകളെ മായ്ച്ചുകളയാന്‍ ഒന്നിനുമാകില്ല. ഒന്നിനും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments