കെ.ശ്രീജിത്ത്
ഫുട്‌ബോളിലെ സൗന്ദര്യാത്മകതയുമായി ചേര്‍ത്തുവായിക്കേണ്ട പേരാണ് സാവി ഹെര്‍ണാണ്ടസ്. അയാള്‍ വെറുമൊരു ഫുട്‌ബോള്‍ കളിക്കാരന്‍ മാത്രമല്ല, മറിച്ച് ഒരു ഫുട്‌ബോള്‍ കാലത്തിന്റെ മൂര്‍ത്തീഭാവമാണ്. മറ്റൊരു സ്പാനിഷ് ഇതിഹാസമായ ആന്ദ്രേസ് ഇനിയേസ്റ്റയെപ്പോലെത്തന്നെ ഫുട്‌ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാള്‍. ഇരുവരും ഒരേകാലത്ത് കളിച്ചവര്‍. കളത്തിലും പുറത്തും അടുത്ത കൂട്ടുകാര്‍. ഫുട്‌ബോള്‍ മൈതാനത്ത് സാവിക്കും ഇനിയേസ്റ്റയ്ക്കുമിടയിലെ കളിപ്പൊരുത്തവും മനപ്പൊരുത്തവും പേരുകേട്ടതാണ്. മൈതാനത്തിന്റെ ഏത് ഭാഗത്തായിരിക്കും, ഏത് പൊസിഷനിലായിരിക്കും ഒരാള്‍ നില്‍ക്കുന്നുണ്ടാവുക എന്ന് മറ്റേയാള്‍ കൃത്യമായി അറിയുകയും അതിനനുസരിച്ച് ബോള്‍ പാസ് ചെയ്യുകയും ചെയ്ത ഫുട്‌ബോളിലെ അപൂര്‍വം ജീനിയസുകള്‍. ഇനിയേസ്റ്റയ്ക്കുണ്ടായിരുന്ന എല്ലാ മികവും സാവിക്കുമുണ്ടായിരുന്നു. അത് പന്തിന്റെ മേലുള്ള നിയന്ത്രണത്തിലായാലും ശരി, കളിയിലെ ദീര്‍ഘവീക്ഷണത്തിലായാലും ശരി, ക്രിയാത്മക ഫുട്‌ബോള്‍ കളിക്കുന്നതിലായാലും ശരി. ഇരുവരും ഒരേ തൂവല്‍പ്പക്ഷികളായിരുന്നു. ബാഴ്‌സലോണ എഫ്.സിയില്‍ ഇരുവരുടെയും മൈതാനത്തെ മറ്റൊരു പങ്കാളിയായിരുന്നു സ്‌പെയിനിന്റെ തന്നെ സെര്‍ബിയോ ബുസ്‌കെറ്റ്‌സും. ഈ ത്രിമൂര്‍ത്തികള്‍ ചേര്‍ന്ന് ബാഴ്‌സലോണയ്ക്ക് നല്‍കിയത് ഒരു സുവര്‍ണകാലമായിരുന്നു. ഇവര്‍ക്കൊപ്പം സാക്ഷാല്‍ ലിയണല്‍ മെസ്സി കൂടി അണിനിരന്നതോടെ ബാഴ്‌സലോണ ആര്‍ക്കും കീഴടക്കാന്‍ കഴിയാത്ത രാവണന്‍കോട്ടയായി മാറി.

ഇനിയേസ്റ്റയെപ്പോലെത്തന്നെ സാവിയും ബാഴ്‌സലോണ എഫ്.സിയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലൂടെയാണ് തന്റെ ഫുട്‌ബോള്‍ പ്രതിഭ തേച്ചുമിനുക്കിയെടുത്തത്. പതിനൊന്നാമത്തെ വയസിലാണ് സാവി അക്കാദമിയിലെത്തുന്നത്. ലാ മാസിയയുടെ ഫുട്‌ബോള്‍ തത്വശാസ്ത്രമായ ടിക്കി ടാക്ക പൂര്‍ണമായും ഉള്‍ക്കൊണ്ട് കളിച്ചു സാവി. പന്ത് കൂടുതല്‍ നേരം കൈവശം വെച്ച് കളിക്കുകയും ചെറിയ ചെറിയ പാസുകളിലൂടെ പന്തിനെ മുന്നോട്ടുനയിക്കുകയും ചെയ്യുക എന്നതാണ് ടിക്കി ടാക്ക എന്ന ഫുട്‌ബോള്‍ ശൈലിയുടെ ഏറ്റവും പ്രധാനപ്പെട്ട അംശം. ടിക്കി ടാക്ക അതിന്റെ ഏറ്റവും പൂര്‍ണമായ രൂപത്തില്‍ കളിക്കത്തില്‍ നടപ്പിലാക്കിയ താരം കൂടിയാണ് സാവി. അയാള്‍ പതിനെട്ടാമത്തെ വയസ് മുതലാണ് ബാഴ്‌സലോണയുടെ സീനിയര്‍ ടീമിന് വേണ്ടി കളിച്ചുതുടങ്ങിയത്. അസാധാരണമായ ഒരു കളിക്കാലത്തിന്റെ, ഒരു ദശകത്തോളം നീണ്ടുനിന്ന മേധാവിത്തത്തിന്റെ ആരംഭമായിരുന്നു അത്. അസാധാരണമായ പാസിംഗ് കഴിവുകളുള്ള മിഡ്ഫീല്‍ഡറായിരുന്നു സാവി. അയാള്‍ കളിയെ ഏറ്റവും തന്ത്രപരമായി മെനഞ്ഞെടുത്തു. മൈതാനത്തെ ഒഴിഞ്ഞ ഇടങ്ങളെ സംബന്ധിച്ച കൃത്യമായ അറിവ് അയാള്‍ക്കുണ്ടായിരുന്നു. കളിയില്‍ വരാന്‍ പോകുന്ന നിമിഷങ്ങളില്‍ എന്ത് സംഭവിക്കും എന്നത് കാലെക്കൂട്ടി കാണുകയും അതിനനുസരിച്ചുള്ള തന്ത്രങ്ങള്‍ രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു അയാള്‍. പന്തിന്‍മേല്‍ അയാള്‍ക്കുള്ള നിയന്ത്രണം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒപ്പം ഏറ്റവും കൃത്യമായ പാസുകള്‍ നല്‍കാനുള്ള കഴിവ് കൂടിയായതോടെ അയാളെ തടഞ്ഞുനിറുത്തുക എന്നത് അസാധ്യമായി. അയാള്‍ നിശചയിക്കുന്നതായിരുന്നു കളിയുടെ താളം. ചെറുപ്പത്തില്‍ സെന്റര്‍ ബാക്ക് ആയി കളിച്ചിരുന്ന സാവി പിന്നീട് സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായും അഡ്വാന്‍സ്ഡ് മിഡ്ഫീല്‍ഡറായും മാറി.

1999ല്‍ സ്‌പെയിനിന്റെ അണ്ടര്‍-20 ടീം യൂത്ത് ലോകകപ്പ് ജയിച്ചപ്പോള്‍ ആ ടീമിലെ നിര്‍ണായക സാന്നിദ്ധ്യമായി സാവി ഹെര്‍ണാണ്ടസ് ഉണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ സാവി രണ്ട് ഗോള്‍ സ്‌കോര്‍ ചെയ്തു. തൊട്ടടുത്ത വര്‍ഷം രണ്ടായിരത്തില്‍ അയാള്‍ സ്‌പെയിനിന്റെ സീനിയര്‍ ടീമിനുവേണ്ടി തന്റെ ആദ്യ മത്സരം കളിച്ചു. നെര്‍ലന്റ്‌സിനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു അത്. 2008ല്‍ സ്‌പെയിന്‍ യൂറോ കപ്പ് നേടിയപ്പോള്‍ സാവിയ്ക്കതില്‍ നിര്‍ണായക പങ്കുണ്ടായിരുന്നു. അന്ന് ഫൈനലില്‍ ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചാണ് സ്‌പെയിന്‍ ചാമ്പ്യന്‍മാരായത്. പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് സാവിയായിരുന്നു. 1964ല്‍ യൂറോ കപ്പ് നേടിയതിന് ശേഷം 44 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം സ്‌പെയിന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നേടുന്ന കിരീടമായിരുന്നു അത്. സാവിയുടെ പാസിംഗും കളിയെ അയാള്‍ വായിച്ചെടുത്ത രീതിയും സ്‌പെയിനിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായകമായി. സ്‌പെയിനിന്റെ ഫുട്‌ബോള്‍ ശൈലിയുടെ സംക്ഷിപ്ത രൂപമായി മാറി സാവി. പന്ത് കൈവശം വെയ്ക്കുന്നതിലും പാസ് ചെയ്യുന്നതിലും മൈതാനത്തെ മുന്നോട്ടുകുതിപ്പിലുമെല്ലാം അയാളുടെ സ്വാധീനം വ്യക്തമായിരുന്നു. സെമിഫൈനലില്‍ റഷ്യയ്‌ക്കെതിരെ ഗോള്‍ നേടിയ സാവി ഫൈനലില്‍ ജര്‍മനിക്കെതിരെ ഫെര്‍ണാണ്ടോ ടോറസ് നേടിയ ഗോളിന്റെ ശില്പിയായിരുന്നു.

2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിലേയ്ക്കുള്ള സ്‌പെയിന്‍ ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സാവി അത്തവണ സ്‌പെയിന്‍ ഇതാദ്യമായി ലോകകിരീടം നേടിയപ്പോള്‍ ടീമിന്റെ നട്ടെല്ലായി. ടൂര്‍ണമെന്റില്‍ ഏറ്റവും കൃത്യമായി, ഏറ്റവും കൂടുതല്‍ പാസ് നല്‍കിയ താരം സാവിയായിരുന്നു. 599 പാസുകളാണ് ആ ലോകകപ്പില്‍ അയാള്‍ നല്‍കിയത്. 91 ശതമാനമായിരുന്നു ആ പാസുകളുടെ വിജയനിരക്ക്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ പെനാല്‍റ്റി ബോക്‌സിലേയ്ക്ക് പന്ത് പാസ് ചെയ്തത് സാവിയായിരുന്നു. ഫൈനലില്‍ കൃത്യമായ 57 പാസുകളാണ് അയാളുടെ ബൂട്ടില്‍ നിന്നുണ്ടായത്. ടൂര്‍ണമെന്റിലാകെ 80.20 കിലോമീറ്ററാണ് അയാള്‍ കവര്‍ ചെയ്തത്. അതായത് ഒരു മത്സരത്തില്‍ 11.5 കിലോമീറ്റര്‍ എന്ന കണക്കില്‍. ടൂര്‍ണമെന്റില്‍ കളിച്ച മറ്റേത് കളിക്കാരനെക്കാളും കൂടുതലായിരുന്നു ഇത്. ഫൈനലില്‍ ഏതാണ്ട് 15 കിലോമീറ്റര്‍ ദൂരമാണ് അയാള്‍ കവര്‍ ചെയ്തത്. പാസുകള്‍ക്ക് പിറകെ പാസ് നല്‍കി ടിക്കി ടാക്ക അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ സാവി കളത്തില്‍ നടപ്പിലാക്കി. ടീമിലെ ബാക്കി പത്ത് പേരുടെ കളിയെയും അയാള്‍ സ്വാധീനിച്ചു. കളത്തിലെ സ്‌പെയിനിന്റെ ഓരോ നീക്കങ്ങളിലും അയാളുടെ സ്വാധീനം വ്യക്തമായിരുന്നു. അയാള്‍ കൂടുതല്‍ ഗോളടിക്കുകയോ കൂടുതലായി ടാക്കിളുകള്‍ നടത്തുകയോ ചെയ്തില്ല. അയാള്‍ ചെയ്തത് നിരന്തരം സഹകളിക്കാര്‍ക്ക് പാസുകള്‍ നല്‍കലായിരുന്നു. ആ പാസുകളുടെ കൃത്യത അയാള്‍ക്കൊപ്പം കളിച്ച മറ്റാര്‍ക്കും അവകാശപ്പെടാനില്ലത്തതായിരുന്നു. ആ ലോകകപ്പില്‍ പന്ത് ഏറ്റവും കൂടുതല്‍ സമയം കൈവശം വെച്ചത് സ്‌പെയിനായിരുന്നു. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലായി 59 ശതമാനമായിരുന്നു സ്‌പെയിന്‍ പന്ത് കൈവശം വെച്ചത്. ലോകകപ്പിലാകെ സ്‌പെയിന്‍ തങ്ങള്‍ ഉതിര്‍ത്ത ഓരോ ഷോട്ടിന് മുമ്പും 44 തവണയാണ് പന്ത് പാസ് ചെയ്തത്. ആ പാസുകളുടെയെല്ലാം പിന്നില്‍ സാവിയും ഇനിയേസ്റ്റയും സാബി അലോണ്‍സും അടങ്ങുന്ന മിഡ്ഫീല്‍ഡ് ത്രയമായിരുന്നു. സ്‌പെയിന്‍ ലോകകപ്പ് നേടിയപ്പോള്‍ ആ കിരീടധാരണത്തില്‍ ഈ മൂന്ന് കളിക്കാര്‍ക്കുമുള്ള നിര്‍ണായക പങ്ക് ലോകത്തെ മാധ്യമങ്ങളെല്ലാം ചൂണ്ടിക്കാട്ടിയിരുന്നു. 1966 ലോകകപ്പിന് ശേഷം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പാസുകള്‍ നടത്തിയ ടീമായും മാറി സ്‌പെയിന്‍. മൊത്തം 3,547 പാസുകളാണ് ആ ലോകകപ്പില്‍ സ്‌പെയിന്‍ നടത്തിയത്.

2012ലെ യൂറോ കപ്പിലും സ്‌പെയിനിനുവേണ്ടി കളിച്ച സാവി അവിടെയും തന്റെ പാസിംഗ് മിടുക്ക് തുടര്‍ന്നു. ഫൈനലില്‍ ഇറ്റലിയെ എതിരില്ലാത്ത നാല് ഗോളിന് തോല്പിച്ച് സ്‌പെയിന്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായി. അന്ന് അയര്‍ലന്റിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ 136 തവണയാണ് പാസ് നല്‍കാന്‍ സാവി ശ്രമിച്ചത്. ഇതില്‍ 127 തവണയും അയാള്‍ പാസുകള്‍ പൂര്‍ത്തിയാക്കി. 94 ശതമാനമായിരുന്നു വിജയശതമാനം. യൂറോ കപ്പിന്റെ ചരിത്രത്തില്‍ ഒരു കളിക്കാരന്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പാസുകള്‍ ചെയ്തതിന്റെ റെക്കോഡാണത്. സാവിയും ഇനിയേസ്റ്റയും ചേര്‍ന്ന് 229 പാസുകള്‍ നടത്തിയ ആ മത്സരത്തില്‍ അത്രയും പാസുകള്‍ ഒരു ടീമായി അയര്‍ലന്റിന് നടത്താന്‍ കഴിഞ്ഞിരുന്നില്ല എന്നതുകൂടി ഓര്‍ക്കണം. ഫൈനലില്‍ ഇറ്റിലക്കെതിരെ സ്‌പെയിന്‍ നാല് ഗോള്‍ നേടിയപ്പോള്‍ അതില്‍ രണ്ടെണ്ണത്തിന് അസിസ്റ്റ് നല്‍കിയത് സാവിയായിരുന്നു. ഇതോടെ രണ്ട് യൂറോ കപ്പ് ഫൈനലുകളില്‍ അസിസ്റ്റ് നടത്തുന്ന ഏകതാരമായി സാവി മാറി. 2014 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ സ്‌പെയിന്‍ പുറത്തായതോടെ സാവി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 14 വര്‍ഷം നീണ്ട അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറില്‍ 133 മത്സരമാണ് സാവി സ്‌പെയിനിനുവേണ്ടി കളിച്ചത്. 13 ഗോളടിച്ചു. ലോകകപ്പ് ജയിച്ചപ്പോള്‍ പരിശീലകനെക്കാള്‍ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു സാവി എന്നാണ് സ്‌പെയിനിന് ലോകകിരീടം നേടിക്കൊടുത്ത പരിശീലകന്‍ വിന്‍സന്റെ ഡെല്‍ ബോസ്‌ക് പറഞ്ഞത്. അതുമാത്രം മതി സാവിയുടെ മഹത്വം അറിയാന്‍. കളിക്കാരനെന്ന നിലയിലും വ്യക്തി എന്ന നിലയിലും ഏറ്റവും വലിയ മാന്യനായിരുന്നു സാവി ഹെര്‍ണാണ്ടസ്.

ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി മൊത്തം 767 ഔദ്യോഗിക മത്സരമാണ് സാവി കളിച്ചത്. 85 ഗോളടിച്ചു. ക്ലബിനൊപ്പം എട്ട് ലാലിഗ കിരീടവും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടവും സാവി നേടി. ബാഴ്‌സലോണയില്‍ നീണ്ട പതിനേഴ് വര്‍ഷം കളിച്ച ശേഷം 2015ല്‍ സാവി ഖത്തറിലെ ഫുട്‌ബോള്‍ ക്ലബായ അല്‍ സാദില്‍ ചേര്‍ന്നു. 2019 വരെ അവിടെ കളിച്ച സാവി 82 മത്സരങ്ങളിലായി 20 ഗോള്‍ നേടി. ക്ലബിനൊപ്പം സാവി നാല് കിരീടം നേടി. തുടര്‍ന്ന് 2019ല്‍ അയാള്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയും പിന്നീട് പരിശീലകനായി മാറുകയും ചെയ്തു. 2019 മുതല്‍ 2021 വരെ അല്‍ സാദിന്റെയും 2021 മുതല്‍ 2024 വരെ ബാഴ്‌സലോണയുടെ പരിശീലകനുമായിരുന്നു സാവി. സാവി ബാഴ്‌സലോണയുടെ പരിശീലകനായിരുന്ന കാലത്ത് ടീം 2022-23 സീസണില്‍ ലാലിഗയിലും പിന്നീട് 2023ലെ സൂപ്പര്‍കോപ്പയിലും ചാമ്പ്യന്‍മാരായി. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ബാഴ്‌സലോണ ലാലിഗ കിരീടം നേടുന്നത്.

സ്‌പെയിന്‍ ഫുട്‌ബോളിലെ സുവര്‍ണകാലത്തിന്റെ അടയാളമായി മാറിയ കളിക്കാരനാണ് സാവി ഹെര്‍ണാണ്ടസ്. പ്ലേമേക്കറെന്ന നിലയില്‍ ഫുട്‌ബോളിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിച്ച അസാധാരണ പ്രതിഭയാണ് സാവി. കളിക്കുമ്പോള്‍ തന്റെ കണ്ണുകളെപ്പോഴും തേടുന്നത് മൈതാനത്ത് എവിടെയെല്ലാം ഒഴിഞ്ഞ സ്ഥലങ്ങളുണ്ടെന്നായിരിക്കും എന്ന് ഒരിക്കല്‍ സാവി പറഞ്ഞു. അയാള്‍ക്ക് പന്ത് കിട്ടും അയാളത് പാസ് ചെയ്യും, വീണ്ടും അയാള്‍ക്ക് പന്ത് കിട്ടും അയാളത് വീണ്ടും പാസ് ചെയ്യും. ഇതായിരുന്നു സാവിയുടെ ശൈലി. ‘ലാ പെലോപിന’ എന്ന പേരില്‍ വിഖ്യാതമായ, എതിര്‍ കളിക്കാരനെ കബളിപ്പിക്കുന്ന തന്ത്രം ഏറ്റവും നന്നായി പയറ്റിയ കളിക്കാരനാണ് സാവി. പന്ത് കൈവശമുള്ളപ്പോള്‍ 360 ഡിഗ്രിയില്‍ തിരിഞ്ഞ് എതിര്‍ കളിക്കാരനെ കബളിപ്പിക്കുന്ന തന്ത്രമായിരുന്നു ലാ പെലോപിന. ഇതുവഴി എതിര്‍ കളിക്കാരനില്‍ നിന്ന് അകന്നുമാറാനും പന്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനും അടുത്ത പാസ് നല്‍കാന്‍ വേണ്ട ഇടവും അത് എങ്ങോട്ട് ചെയ്യണമെന്ന് ചിന്തിക്കാനുള്ള സമയവും അയാള്‍ക്ക് ലഭിച്ചു. പ്രത്യേകമായ ടാക്ലിംഗ് കഴിവുകളോ ഗോള്‍ പോസ്റ്റിന് മുന്നിലെ മിടുക്കോ സാവിക്കുണ്ടായിരുന്നില്ല. പകരം സഹകളിക്കാര്‍ക്ക് അവസരം സൃഷ്ടിച്ചുകൊടുക്കുന്നതിലും പന്ത് എപ്പോഴും കൈവശം വെയ്ക്കുന്നതിലുമുള്ള മിടുക്കായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്. ഫുട്‌ബോള്‍ ഒരു ശാസ്ത്രമായിരുന്നെങ്കില്‍ അതിലെ ഫോര്‍മുല കണ്ടുപിടിക്കുന്നതില്‍ വിദഗ്ധനായിരിക്കും സാവിയെന്ന് ഫുട്‌ബോള്‍ പണ്ഡിതര്‍ പറയുന്നു. സ്വന്തം കാലില്‍ പന്ത് വെച്ച് മൈതാനത്തെ മറ്റ് കളിക്കാരുമായി ഇത്രമേല്‍ മനോഹരമായി ആശയവിനിമയം നടത്തിയ മറ്റൊരു കളിക്കാരന്‍ ഫുട്‌ബോള്‍ ചരിത്രത്തിലുണ്ടാകില്ല. ആ മിടുക്കിനുള്ള അംഗീകാരമാണ് അയാള്‍ക്ക് ലഭിച്ച മനോഹരമായ ഒരു കളിക്കാലവും സുവര്‍ണനേട്ടങ്ങളടങ്ങിയ കരിയറും. സാവി ഹെര്‍ണാണ്ടസ് ഫുട്‌ബോള്‍ മൈതാനത്തെ ഏറ്റവും സുന്ദരനായ കലാകാരനായിരുന്നു. ഫുട്‌ബോളിന്റെ സൗന്ദര്യം എത്രയോ ഇരട്ടി വര്‍ദ്ധിപ്പിച്ച അത്യന്തം പ്രതിഭാധനനായ കലാകാരന്‍.



