കെ.ശ്രീജിത്ത്
ഗോളടിക്കാന്‍ അസാധാരണ മികവുള്ള ഫുട്‌ബോളര്‍. 20 വര്‍ഷം നീണ്ട കരിയറില്‍ എഴുന്നൂറിലധികം ഗോളടിച്ച സ്‌ട്രൈക്കര്‍. അയാളുടെ മികവ് കൊണ്ടാണ് 1994ലെ ലോകകപ്പ് ബ്രസീല്‍ ജയിച്ചത്. പെനാല്‍റ്റി ബോക്‌സിനകത്തെ മാസ്റ്റര്‍ ഫുട്‌ബോളര്‍ ആയി അറിയപ്പെട്ടിരുന്ന താരമാണ് റൊമാരിയോ. ചെറിയ ദൂരങ്ങളിലെ അയാളുടെ വേഗത ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ആ വേഗത കൊണ്ടാണ് അയാള്‍ ഡിഫന്‍ഡര്‍മാരെ അനായാസം മറികടന്നിരുന്നത്. ബൂട്ടിന്റെ അറ്റം കൊണ്ടുള്ള അയാളുടെ ഫിനിഷ് ഏറെ പേരുകേട്ടതാണ്. അര്‍ദ്ധാവസരങ്ങള്‍ പോലും അയാള്‍ ഗോളാക്കി മാറ്റി. പെനാല്‍റ്റി ബോക്‌സിനകത്തേയ്ക്ക് കയറിയാല്‍ മിക്കവാറും ഗോളടിച്ചേ അയാള്‍ മടങ്ങിയിരുന്നുള്ളൂ. അതുകൊണ്ടുതന്നെയാണ് ഗോള്‍മുഖത്തെ ജീനിയസ് എന്ന് അയാളെക്കുറിച്ച് നെതര്‍ലന്റ്‌സിന്റെ ഇതിഹാസ ഫുട്‌ബോളര്‍ യൊഹാന്‍ ക്രൈഫ് പറഞ്ഞത്. ഫുട്‌ബോളില്‍ ഇത്രമാത്രം മികച്ചൊരു ഫിനിഷര്‍ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. ബ്രസീലിനുവേണ്ടി 70 കളിയില്‍ നിന്ന് 55 ഗോളാണ് അയാള്‍ അടിച്ചുകൂട്ടിയത്. ആ ഗോള്‍ ശരാശരി തന്നെ സ്‌ട്രൈക്കര്‍മാരില്‍ ഏറ്റവും മികച്ചതാണ്. ബ്രസീലിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരില്‍ നാലാമനാണ് അയാള്‍. നെയ്മര്‍, പെലെ, റൊണാള്‍ഡോ എന്നിവരാണ് അയാള്‍ മുന്നിലുള്ള ഗോള്‍ സ്‌കോറര്‍മാര്‍.

പെനാല്‍റ്റി ബോക്‌സിനകത്തെ വിഷം ചീറ്റുന്ന പാമ്പായിട്ടാണ് സകലരും റൊമാരിയോയെ കണ്ടിരുന്നത്. അത്രയ്ക്ക് അപകടകാരിയിരുന്നു അയാള്‍. തൊണ്ണൂറുകളില്‍ പെനാല്‍റ്റി ബോക്‌സിനകത്തെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ഏക കളിക്കാരന്‍ റൊമാരിയോ ആയിരുന്നെന്ന് അന്നത്തെ ഡിഫന്‍ഡര്‍മാര്‍ക്കിടയില്‍ ഒരു പറച്ചിലുണ്ടായിരുന്നു. കാരണം എത്രയൊക്കെ, എങ്ങനെയൊക്കെ മാര്‍ക്ക് ചെയ്താലും അയാള്‍ അതിനെയെല്ലാം അതിവിദഗ്ധമായി പൊളിച്ചതുകൊണ്ടായിരുന്നു അങ്ങനെ പറഞ്ഞിരുന്നത്. എതിര്‍ ടീമിലെ കളിക്കാര്‍ എപ്പോള്‍ എങ്ങോട്ട് നീങ്ങുമെന്നതിനെക്കുറിച്ച് നല്ല നിശ്ചയമുണ്ടായിരുന്ന റൊമാരിയോ അതിനനുസരിച്ച് നീക്കങ്ങള്‍ നടത്തി. കുറിയ മനുഷ്യനായിരുന്നെങ്കിലും പന്തിനുമേലുള്ള അയാളുടെ നിയന്ത്രണം അസാധാരണമായിരുന്നു. ഒപ്പം വല്ലാത്ത കായികശക്തി കൂടി ആയതോടെ പെനാല്‍റ്റി ബോക്‌സിനകത്തെ ഇടുങ്ങിയ സ്‌പേസില്‍ അയാളെ തളയ്ക്കുക വലിയ വെല്ലുവിളിയായി മാറി. പെനാല്‍റ്റി ബോക്‌സിനകത്തെ ഒരു സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം റൊമാരിയോയ്ക്ക് ഒരു ഏക്കറിന് തുല്യമായിരുന്നെന്ന് ഫുട്‌ബോള്‍ പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

അസാമാന്യ സാങ്കേതികത്തികവുള്ള കളിക്കാരനായിരുന്നു റൊമാരിയോ. പെനാല്‍റ്റി ബോക്‌സിനകത്ത് അയാളെപ്പോലെ സമ്മര്‍ദ്ദമേതുമില്ലാതെ, കൂളായി കളിച്ച മറ്റൊരു ഫുട്‌ബോളറെ ഓര്‍ത്തെടുക്കുക പ്രയാസമാണ്. കാരണം അത്ര വിരളമാണ് അങ്ങനെയുള്ള ഫുട്‌ബോളര്‍മാര്‍. വളരെ പെട്ടെന്ന് വേഗതയില്‍ ഏറ്റക്കുറിച്ചില്‍ വരുത്തിയും അപ്രതീക്ഷിതമായി വെട്ടിയൊഴിഞ്ഞും അയാള്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ചു. ഡ്രിബ്ലിങ്ങിലുള്ള അയാളുടെ മിടുക്ക് ഒന്നുവേറെത്തന്നെയായിരുന്നു. തീര്‍ത്തും ബുദ്ധിപരവും ആക്രമണോത്സുകമായ റൊമാരിയോയുടെ നീക്കങ്ങള്‍ പ്രവചനാതീതവുമായിരുന്നു. കൃത്യമായി പൊസിഷന്‍ ചെയ്യാനും സഹകളിക്കാരില്‍ നിന്ന് പന്ത് വാങ്ങാനും അയാള്‍ അതിവിദഗ്ധനായിരുന്നു. ഫുട്‌ബോളിനെ സര്‍ഗാത്മകമായി സമീപിക്കാനും ദീര്‍ഘവീക്ഷണത്തോടെ മൈതാനത്ത് നീക്കങ്ങള്‍ നടത്താനും എന്നും റൊമാരിയോ പ്രത്യേകം ശ്രദ്ധിച്ചു. അയാള്‍ അതിവേഗം മൈതാനത്ത് ഓടിനടന്ന് പന്ത് പിടിച്ചെടുത്തു. എന്നാല്‍ കളിയില്ലാത്തപ്പോള്‍ പരിശീലനം നടത്താന്‍ റൊമാരിയോയ്ക്ക് മടിയായിരുന്നു. പലപ്പോഴും അയാള്‍ പരിശീലന സെഷനുകളിലെത്താതെ വിവാദങ്ങളുണ്ടാക്കുകയും ചെയ്തു. ഇതേക്കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ അയാളുടെ മറുപടി ഇതായിരുന്നു – ‘രാത്രി എന്നും എന്റെ സുഹൃത്താണ്. രാത്രി പുറത്തുപോകുമ്പോള്‍ ഞാന്‍ അതീവ സന്തോഷവാനാണ്. ഞാന്‍ സന്തോഷവാനായിരിക്കുമ്പോള്‍ കൂടുതല്‍ ഗോളടിക്കുന്നു’. റെമാരിയോ ഒരു അഹങ്കാരിയാണെന്ന ആക്ഷേപത്തോട് എന്റേത് അഹങ്കാരമല്ല ആത്മവിശ്വാസമാണെന്നായിരുന്നു അയാളുടെ മറുപടി.

ഫുട്‌ബോള്‍ മൈതാനത്തിന് പുറത്തെ അയാളുടെ ജീവിതം എല്ലാ അര്‍ത്ഥത്തിലും ആഘോഷപൂര്‍ണമായിരുന്നു. നൈറ്റ് ക്ലബുകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു റൊമാരിയോ. ജീവിതം ആഘോഷമാക്കാനുള്ള അയാളുടെ താല്പര്യത്തെക്കുറിച്ച് ഒരു കഥയുണ്ട്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്ക് വേണ്ടി റൊമാരിയോ കളിക്കുന്ന കാലത്തെ കഥയാണത്. അന്ന് ബാഴ്‌സലോണയുടെ പരിശീലകന്‍ ഡച്ച് ഇതിഹാസം യൊഹാന്‍ ക്രൈഫ് ആയിരുന്നു. ഒരുദിവസം റൊമാരിയോ ക്രൈഫിനെ സമീപിച്ച് തനിക്ക് മൂന്ന് ദിവസത്തെ ലീവ് വേണമെന്ന് ആവശ്യപ്പെടുന്നു. റിയോ കാര്‍ണിവലിന് പോകാനായിട്ടായിരുന്നു അത്. അപ്പോള്‍ ക്രൈഫ് ഒരു റൊമാരിയോക്ക് മുന്നില്‍ ഒരു ഉപാധി വെച്ചു. പിറ്റേദിവസം നടക്കുന്ന കളിയില്‍ രണ്ട് ഗോളടിച്ചാല്‍ മറ്റ് കളിക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ രണ്ട് ദിവസം കൂടുതല്‍ വിശ്രമത്തിനായി റൊമാരിയോയ്ക്ക് അനുവദിക്കാം എന്നായിരുന്നു ആ ഉപാധി. പിറ്റേദിവസം കളിയുടെ ആദ്യ 20 മിനിറ്റില്‍ത്തന്നെ രണ്ട് ഗോളടിച്ച റൊമാരിയോ ഉടന്‍ തന്നെ തനിക്ക് കളി മതിയാക്കി പുറത്തുവരണമെന്ന് ക്രൈഫിനോട് ആവശ്യപ്പെട്ടു. അപ്പോള്‍ എന്താണ് കാരണമെന്ന ക്രൈഫിന്റെ ചോദ്യത്തിന് തനിക്ക് റിയോയിലേയ്ക്ക് പോകാനുള്ള വിമാനം ഒരു മണിക്കൂറിനുള്ളില്‍ പുറപ്പെടുമെന്നായിരുന്നു റൊമാരിയോയുടെ മറുപടി. ഇതോടെ ക്രൈഫിന് വേറെ വഴിയില്ലാതെയായി. അദ്ദേഹം തന്റെ വാക്ക് പാലിച്ചു.

കളിയില്‍ അസാധാരണ പ്രതിഭ കാണിച്ച റൊമാരിയോ കളിക്ക് പുറത്ത് പലര്‍ക്കും ഒരു ‘ബാഡ് ബോയ്’ ആയിരുന്നു. അയാളുടെ തുറന്നടിച്ചുള്ള സംസാരവും ജീവിതരീതിയും പലര്‍ക്കും ഇഷ്ടപ്പെടാത്തതായിരുന്നു ആ വിളിക്ക് കാരണം. 1994ലെ ലോകകപ്പ് ഫൈനല്‍ നടക്കുന്നതിന്റെ തൊട്ടുതലേന്ന് താനൊരു സ്ത്രീക്കൊപ്പം സമയം ചെലവഴിച്ചെന്ന റൊമാരിയോയുടെ വെളിപ്പെടുത്തല്‍ വിവാദമായി. ഫൈനലിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റൊമാരിയോ ഗോള്‍ നേടുകയും ഇറ്റലിയുടെ ബാജിയോ പെനാല്‍റ്റി നഷ്ടപ്പെടുത്തുകയു ചെയ്തതിന് പിന്നാലെയായിരുന്നു അയാളുടെ വെളിപ്പെടുത്തല്‍. ബാജിയോയും തന്നെപ്പോലെ തലേന്ന് രാത്രി ഒരു സ്ത്രീയോടൊപ്പം സമയം ചെലവഴിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ അത് അയാള്‍ക്കത്ര ആസ്വാദ്യകരം ആയിരുന്നിരിക്കില്ലെന്നും അതുകൊണ്ടാണ് ബാജിയോ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതെന്നുമായിരുന്നു റൊമാരിയോ പറഞ്ഞത്. അധികം വൈകാതെ റൊമാരിയോയുടെ ഭാര്യ മോണിക്ക വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്തുവന്നു. തൊട്ടുത്ത വര്‍ഷം വിവാഹ മോചനം നടക്കുകയും ചെയ്തു. ഇതായിരുന്നു റൊമാരിയോയുടെ രീതി. ഇതുകൊണ്ടാണ് അയാള്‍ ‘ബാഡ് ബോയ്’ എന്ന് വിളിക്കപ്പെട്ടത്. എന്നാല്‍ താനൊരിക്കലും മത്സരത്തലേന്ന് രാത്രി പുറത്തുപോകാറില്ലെന്ന് റൊമാരിയോ പിന്നീട് പറഞ്ഞിട്ടുണ്ട്. വളരെ അപൂര്‍വമായി മാത്രമാണ് അങ്ങനെ സംഭവിച്ചിട്ടുള്ളതെന്നും അയാള്‍ പറഞ്ഞു.

ഒരുകാലത്ത് റൊമാരിയോയും റൊണാള്‍ഡോയും ചേര്‍ന്നുള്ള മൈതാനത്തെ കൂട്ടുകെട്ട് ഏറെ പ്രസിദ്ധമായിരുന്നു. റോ-റോ എന്ന പേരില്‍ പ്രശസ്തമായ ആ കൂട്ടുകെട്ട് ബ്രസീലിന് ഒട്ടേറെ വിജയങ്ങള്‍ നേടിക്കൊടുത്തു. ഇരുവരും ചേര്‍ന്ന് എതിര്‍ടീമുകളുടെ ഗോള്‍മുഖത്ത് നാശം വിതച്ചു. ഇരുവരും ചേര്‍ന്ന് 1997ലെ കോപ്പ അമേരിക്കയും കോണ്‍ഫെഡറേഷന്‍സ് കപ്പും ബ്രസീലിന് നേടിക്കൊടുത്തു. കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ റൊമാരിയോയും റൊണാള്‍ഡോയും ഹാട്രിക്ക് നേടി. റൊമാരിയോ ഏഴ് ഗോളടിച്ച് ആ ടൂര്‍ണമെന്റില്‍ ടോപ് സ്‌കോററായി. റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ മൊത്തം നാല് ഗോളാണടിച്ചത്. ഇരുവരും ചേര്‍ന്ന് ആ വര്‍ഷം 34 അന്താരാഷ്ട്ര ഗോളാണ് നേടിയത്. 1994 ലോകകപ്പില്‍ അഞ്ച് ഗോള്‍ നേടിയ റൊമാരിയോ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ നേടി. ടൂര്‍ണമെന്റില്‍ ബെബെറ്റോയ്‌ക്കൊപ്പം ചേര്‍ന്ന് റൊമാരിയോ സൃഷ്ടിച്ച കൂട്ടുകെട്ട് ബ്രസീലിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായകമായി. ഇരുവരും ചേര്‍ന്ന് എട്ട് ഗോളാണടിച്ചത്. ആ വര്‍ഷത്തെ ഫിഫ വേള്‍ഡ് പ്ലേയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം റൊമാരിയോയ്ക്കായിരുന്നു. പരിക്ക് കാരണം 1998ലെ ലോകകപ്പില്‍ റൊമാരിയോയ്ക്ക് കളിക്കാനായില്ല. അന്നയാള്‍ കണ്ണീരോടെ തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമഷമാണിതെന്ന് പ്രതികരിച്ചു. 2002 ലോകകപ്പിന് തൊട്ടുമുമ്പ് റൊമാരിയോ മികച്ച ഫോമിലായിരുന്നെങ്കിലും അന്നത്തെ ബ്രസീല്‍ കോച്ച് ലൂയി ഫിലിപ്പ് സ്‌കൊളാരി അയാളെ ടീമിലുള്‍പ്പെടുത്തിയില്ല. അച്ചടക്കമില്ലായ്മയായിരുന്നു കാരണം. 2001ലെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ടീമില്‍ നിന്ന് കണ്ണിന് ശസ്ത്രക്രിയയുണ്ടെന്ന് പറഞ്ഞ് പിന്മാറിയ റൊമാരിയോ അതേസമയം ക്ലബുകള്‍ക്ക് വേണ്ടി കളിക്കുകയും ഒഴിവുകാലം ചെലവഴിക്കാന്‍ പോവുകയും ചെയ്തു. ഇതാണ് സ്‌കൊളാരിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തി പൊട്ടിക്കരഞ്ഞ റൊമാരിയോ താന്‍ കോച്ചിനെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ചു. ഇതൊന്നും സ്‌കൊളാരിയുടെ മനസ് മാറ്റിയില്ല. ടീമിലെ സീനിയര്‍ താരങ്ങള്‍ റൊമാരിയോയെ ടീമിലുള്‍പ്പെടുത്തരുതെന്ന് സ്‌കൊളാരിയോട് പറഞ്ഞതായുള്ള ഊഹാപോഹങ്ങളും ആ സമയത്ത് പ്രചരിച്ചിരുന്നു. എന്തായാലും റൊമാരിയോ ഇല്ലാതെ കളിച്ച ബ്രസീല്‍ അത്തവണ ലോകചാമ്പ്യന്‍മാരായി.

1999ല്‍ നടത്തിയ ഇന്റര്‍നെറ്റ് അഭിപ്രായ സര്‍വേയില്‍ നൂറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ചാമത്തെ കളിക്കാരനായി റൊമാരിയോ തിരഞ്ഞെടുക്കപ്പെട്ടു. 2002ല്‍ ഫിഫ വേള്‍ഡ് കപ്പ് ഡ്രീം ടീം തിരഞ്ഞെടുത്തപ്പോള്‍ അതിലും റൊമാരിയോ ഉള്‍പ്പെട്ടിരുന്നു. 2004ല്‍ ഫിഫയ്ക്കുവേണ്ടി ഫുട്‌ബോള്‍ ഇതിഹാസം പെലെ തിരഞ്ഞെടുത്ത ജീവിച്ചിരിക്കുന്ന മികച്ച നൂറ് കളിക്കാരുടെ പട്ടികയില്‍ റൊമാരിയോ ഇടംപിടിച്ചു. ക്ലബ് ഫുട്‌ബോളില്‍ തുടക്കക്കാലത്ത് ബ്രസീലിലെ വാസ്‌കോ ഡ ഗാമ ക്ലബിനുവേണ്ടി കളിച്ച റൊമാരിയോ 1988ല്‍ നെതര്‍ലന്റ്‌സിലെ പി.എസ്.വി ഐന്തോവനിലേയ്ക്ക് കൂടുമാറി. അഞ്ച് സീസണുകള്‍ ഐന്തോവനുവേണ്ടി കളിച്ച റൊമാരിയോ 1667 മത്സരങ്ങളില്‍ നിന്ന് 165 ഗോളാണ് അടിച്ചുകൂട്ടിയത്. പിന്നീട് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്കുവേണ്ടി കളിച്ച റൊമാരിയോ ആദ്യ സീസണില്‍ത്തന്നെ ക്ലബിനൊപ്പം ലാലിഗ കിരീടം നേടി. 33 മത്സരങ്ങളില്‍ നിന്ന് 30 ഗോളടിച്ച റൊമാരിയോ ആയിരുന്നു ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. പിന്നീട് ചെറുതും വലുതുമായ 13 ക്ലബുകള്‍ക്ക് റൊമാരിയോ കളിച്ചു. ക്ലബ് തലത്തില്‍ 698 മത്സരങ്ങളില്‍ നിന്ന് 542 ഗോളാണ് റൊമാരിയോ അടിച്ചത്.

ലോകഫുട്‌ബോളിലെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളാണ് റൊമാരിയോ എന്ന് നിസംശയം പറയാം. അസാധാരണ പ്രതിഭയായിരുന്നു അയാള്‍. ഏത് സാഹചര്യത്തിലും ഗോളടിക്കാന്‍ കഴിയുന്ന താരം. എതിര്‍ പ്രതിരോധത്തെ കീറിമുറിക്കാനും പെനാല്‍റ്റി ബോക്‌സില്‍ ഏത് ആംഗിളില്‍ നിന്നും ഗോളടിക്കാനും കഴിയുന്ന താരം. എതിര്‍ ടീമുകള്‍ അയാളുടെ ഓരോ നീക്കത്തെയും ഭയപ്പെട്ടു. അയാള്‍ പെനാല്‍റ്റി ബോക്‌സില്‍ കയറുന്ന ഓരോ നിമിഷവും അവരുടെ ഉള്ളില്‍ തീയായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു റൊമാരിയോ ഇഫക്ട്. ബ്രസീല്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലത്തെ സുവര്‍ണ താരമായിരുന്നു റൊമാരിയോ. ഇന്ന് ബ്രസീല്‍ സ്വപ്‌നം കാണുന്നത് അത്തരമൊരു താരത്തെയാണ്. മറ്റൊരു റൊമാരിയോയ്ക്കായുള്ള ബ്രസീലിന്റെ കാത്തിരിപ്പ് അധികം നീളില്ലെന്ന് പ്രത്യാശിക്കാം.



