Tuesday, February 17, 2026
Google search engine
HomeSportLegendsദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നുയര്‍ന്നുവന്ന റിവാള്‍ഡോ

ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നുയര്‍ന്നുവന്ന റിവാള്‍ഡോ

കെ.ശ്രീജിത്ത്

ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്ന് ലോക ഫുട്‌ബോളിന്റെ നെറുകയിലെത്തിയ ഒരു അസാധാരണ പോരാട്ടവീര്യത്തിന്റെ കഥയാണ് റിവാള്‍ഡോയുടേത്. വടക്കുകിഴക്കന്‍ ബ്രസീലിലെ റെസിഫെ പട്ടണത്തില്‍ ഉടുതുണിക്ക് മറുതുണിയില്ലാതെയായിരുന്നു റിവാള്‍ഡോയുടെ ബാല്യം. പോഷകാഹാരക്കുറവ് മൂലം ആരോഗ്യക്കുറവുണ്ടായിരുന്ന ഒരു കുട്ടി. ആ ബാല്യം റിവാള്‍ഡോയുടെ ശരീരത്തില്‍ അവശേഷിപ്പിച്ചത് ഒരിക്കലും മാച്ചുകളയാക്കാനാകാത്ത പാടുകളാണ്. വൈറ്റമിന്‍ കുറവ് കാരണം വളരെ ചെറുപ്പത്തിലെ പല്ലുകള്‍ നഷ്ടപ്പെടുന്നത് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ നേരിട്ട റിവാള്‍ഡോയ്ക്ക് ബാല്യം ദുരിതമയമായിരുന്നു. എന്നാല്‍ ഈ ദുരിതങ്ങള്‍ക്കിടയില്‍ ജീവിതത്തില്‍ മുന്നേറണമെന്ന വാശി അവനില്‍ ദൃഢമായി. തെരുവില്‍ നിരന്തരം ഫുട്‌ബോള്‍ കളിച്ച അവന് ഒരിക്കലും ക്ഷീണം തോന്നിയില്ല. ലോക ഫുട്‌ബോളിന്റെ നെറുകയില്‍ നില്‍ക്കെ ഒരിക്കല്‍ അയാള്‍ പറഞ്ഞു – ‘ദാരിദ്ര്യത്തില്‍ ജീവിച്ചാല്‍ മാത്രമെ എന്താണ് ദാരിദ്ര്യമെന്ന് നിങ്ങള്‍ക്ക് മനസിലാക്കാനാകൂ. ദിവസത്തിന്റെ നല്ലൊരു സമയവും പണിയെടുക്കുകയും ചെറിയൊരു വേതനം മാത്രം ലഭിക്കുകയും മിക്കപ്പോഴും വിശപ്പ് കൊണ്ട് പൊറുതിമുട്ടുകയും എല്ലാം സഹിക്കുകയല്ലാതെ മറ്റൊരു നിവൃത്തിയില്ലാതിരിക്കുകയും ചെയ്യുക എന്നത് എന്താണെന്ന് അതെല്ലാം അനുഭവിച്ചാല്‍ മാത്രമെ നിങ്ങള്‍ക്ക് മനസിലാകൂ. ആ സാഹചര്യങ്ങളില്‍ സ്വപ്‌നം കാണുന്നതുപോലും ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു’.

മാതാപിതാക്കളുടെ അഞ്ച് മക്കളില്‍ മൂന്നാമനായിരുന്ന റിവാള്‍ഡോ റെസിഫെ പട്ടണത്തിലെ അധികമാരും കടന്നുചെല്ലാത്ത ഒരു ചേരി പ്രദേശത്താണ് വളര്‍ന്നത്. ആഴ്ചാവസാനം പൂന്തോട്ടങ്ങളിലെ കള പറിച്ചും നഗരത്തിലെ പ്രസിദ്ധമായ ബീച്ചുകളില്‍ കറങ്ങിനടന്ന് ച്യൂയിംഗ് ഗമ്മും ഐസും വില്‍ക്കുകയും ചെയ്ത് കഴിയാവുന്നത്ര പണമുണ്ടാക്കി അവന്‍ തന്റെ മാതാപിതാക്കളെ സഹായിച്ചു. ഫുട്‌ബോള്‍ മത്സരങ്ങളുള്ള ദിവസങ്ങളില്‍ അവന്‍ അതിനും പോയി. നഗ്നപാദുകനായി ഫുട്‌ബോള്‍ കളിക്കുന്നത് അവന്‍ ശരിക്കും ആസ്വദിച്ചു. സീക്കോയും മറഡോണയുമായിരുന്നു കളിയിലെ അവന്റെ ദൈവങ്ങള്‍. ഒരു ചുള്ളിക്കമ്പ് പോലെ മെലിഞ്ഞിരുന്ന അവന്റെ കളി പക്ഷെ സകലരെയും അമ്പരപ്പിച്ചു. പന്ത് സ്വന്തം കാലില്‍ ഒട്ടിയതുപോലെയായിരുന്നു അവന്. ആ മെലിഞ്ഞ ശരീരം വെച്ച് അവന്‍ പായിച്ച ഷോട്ടുകളുടെ കരുത്ത് കണ്ട് എല്ലാവരും ശരിക്കും ഞെട്ടി. എല്ലാ ദുരിതങ്ങളും മറന്ന് അവന്‍ ഫുട്‌ബോള്‍ കളിച്ചു. യഥാര്‍ത്ഥത്തില്‍ ഫുട്‌ബോളാണ് ദുരിതങ്ങള്‍ മറക്കാന്‍ അവനെ സഹായിച്ചത്. പതിമൂന്നാമത്തെ വയസിലാണ് അച്ഛന്‍ റോമില്‍ഡോ അവന് ആദ്യമായി ഒരു ജോഡി ബൂട്ട് വാങ്ങിക്കൊടുക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം സാന്റാ ക്രൂസ് അവനെ ട്രയല്‍സിന് ക്ഷണിച്ചു. നേരത്തെ സാന്റാ ക്രൂസിന്റെ യൂത്ത് ടീമിനൊപ്പമാണ് അവന്‍ പരിശീലിച്ചിരുന്നത്. എന്നാല്‍ ട്രയല്‍സിന് രണ്ടാഴ്ച മുമ്പ് ബസ്സിടിച്ച് അവന്റെ അച്ഛന്‍ മരിച്ചു. ഹൃദയം വേദന കൊണ്ട് നുറുങ്ങിപ്പോയ റിവാള്‍ഡോ ഫുട്‌ബോള്‍ ഉപേക്ഷിച്ച് സാഹചര്യങ്ങള്‍ക്ക് കീഴടങ്ങാന്‍ തീരുമാനിക്കുന്നു. അതല്ലാതെ മറ്റൊരു മാര്‍ഗം അവന്റെ മുമ്പിലുണ്ടായിരുന്നില്ല. സന്തോഷവും വിജയവും തന്നെപ്പോലെ ചേരിപ്രദേശത്തുനിന്ന് വരുന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന് അവന്‍ സ്വന്തം മനസിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാല്‍ കാലം മറ്റൊന്നാണ് റിവാള്‍ഡോയ്ക്ക് വേണ്ടി കാത്തുവെച്ചിരുന്നത്. അവന്റെ അമ്മ മാര്‍ലൂസിയ ഇടപെട്ട് അവന്റെ മനസ് മാറ്റുന്നു. അമ്മ അവനോട് പറഞ്ഞു: ‘നീന്നെയൊരു പ്രൊഫഷണല്‍ ഫുട്‌ബോളറായി കാണുക എന്നതിലപ്പുറം മറ്റൊന്നും നിന്റെ അച്ഛന്‍ ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ട് നിന്റെ അച്ഛന്‍ എന്താണോ ആഗ്രഹിച്ചത് നീ അതാവുക’. ഒടുക്കം സ്വന്തം അച്ഛന്‍ എന്താണോ ആഗ്രഹിച്ചത് റിവാള്‍ഡോ അതായി. ഒരുപക്ഷെ അച്ഛന്‍ പോലും പ്രതീക്ഷിച്ചിട്ടില്ലാത്തത്ര ഉയരത്തില്‍ അയാളെത്തി.

സാന്റാ ക്രൂസിന്റെ ട്രയല്‍സ് അവന്‍ വിജയകരമായി പുൂര്‍ത്തിയാക്കി. എന്നാല്‍ പുതിയ വെല്ലുവിളികളാണ് റിവാള്‍ഡോയെ കാത്തിരുന്നത്. സാന്റാ ക്രൂസിന്റെ പരിശീലന കേന്ദ്രം റിവോള്‍ഡോയുടെ വീട്ടില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായിരുന്നു. അച്ഛന്റെ മരണത്തോടെ വരുമാനം പകുതിയായതോടെ വീട്ടില്‍ നിന്ന് പരിശീലന കേന്ദ്രത്തിലേയ്ക്കും തിരിച്ചുമുള്ള 30 കിലോമീറ്റര്‍ ദൂരം നടന്നുപോകാന്‍ അയാള്‍ നിര്‍ബന്ധിതനായി. പരിശീലനം കഴിഞ്ഞ് ഏറെ ക്ഷീണിതനായാണ് അയാള്‍ വീട്ടിലെത്തിയത്. പിറ്റേന്ന് പരിശീലനത്തിന് പോകുന്നതും ക്ഷീണിതനായിട്ടായിരുന്നു. ഫുട്‌ബോളിനായി ഇത്രയൊക്കെ അര്‍പ്പണ മനോഭാവം കാണിച്ചിട്ടും നല്ലൊരു വാക്ക് അവന് കിട്ടുന്നത് അപൂര്‍വമായിട്ടായിരുന്നു. അയാളെ കരിയറിലുടനീളം അത്യന്തം പരുഷമായിട്ടാണ് ലോകം വിശകലനം ചെയ്തത്. ചുരുങ്ങിയത് ബ്രസീലുകാരെങ്കിലും. സാന്റാ ക്രൂസിനുവേണ്ടി സ്ഥിരതയില്ലാത്ത പ്രകടനങ്ങളായിരുന്നു അയാളുടേത്. ഇതോടെ ക്ലബിന്റെ തോല്‍വികളുടെയെല്ലാം പഴി അവന്റെ മേലില്‍ വരികയും അവനൊരു ബലിയാടായി മാറുകയും ചെയ്തു. അവനോട് ആര്‍ക്കും തീരെ ബഹമാനമില്ലായിരുന്നു. ഒരുതരത്തിലുള്ള പരിഗണനയും അവന് കിട്ടിയില്ല. ആരാധകരും പരിശീലകരും ഒരുപോലെ അവനെ അവഗണിച്ചു. എന്നാല്‍ അതിനുശേഷമുള്ള കാലത്ത് അവന് ഏറെ പ്രശംസ ലഭിച്ചു. എന്നാല്‍ അപ്പോഴും അവന്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ടില്ല.

1993ല്‍ കൊറിന്ത്യന്‍സിനുവേണ്ടി കളിക്കുമ്പോള്‍ ആദ്യ ഇലവനില്‍ ഇറങ്ങിയ 58 മത്സരങ്ങളില്‍ അയാള്‍ 22 ഗോളാണടിച്ചത്. 1993ല്‍ മെക്‌സിക്കോയ്‌ക്കെതിരെ ബ്രസീല്‍ സീനിയര്‍ ടീമിനുവേണ്ടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറിയ റിവാള്‍ഡോ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളടിച്ചു. 1996 ഒളിംപിക്‌സിനുള്ള ബ്രസീല്‍ ടീമില്‍ റിവാള്‍ഡോയും ഉള്‍പ്പെട്ടിരുന്നു. അത്തവണ ബ്രസീല്‍ വെങ്കല മെഡല്‍ നേടി. മൂന്നാം സ്ഥാനത്തിനായുള്ള ആ മത്സരത്തില്‍ പക്ഷെ റിവാള്‍ഡോ കളിച്ചിരുന്നില്ല. 1998 ലോകകപ്പില്‍ റിവാള്‍ഡോ മൂന്ന് ഗോളടിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡെന്‍മാര്‍ക്കിനെതിരെ നേടിയ ഇരട്ട് ഗോളുള്‍പ്പടെയായിരുന്നു ഇത്. ഫൈനലില്‍ ബ്രസീല്‍, ഫ്രാന്‍സിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു. 1999 കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ചാമ്പ്യന്‍മാരായപ്പോള്‍ റിവാള്‍ഡോ ആയിരുന്നു ടോപ് സ്‌കോറര്‍. അഞ്ച് ഗോളാണ് അയാളടിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഗോള്‍ നേടിയ റിവാള്‍ഡോ ഫൈനലില്‍ ഉറൂഗ്വേയ്‌ക്കെതിരെ ഇരട്ട ഗോളടിച്ച് ബ്രസീലിനെ ചാമ്പ്യന്‍മാരാക്കി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീല്‍ ഉറൂഗ്വെയെ തോല്പിച്ചത്. ടൂര്‍ണമെന്റിലെ മോസ്റ്റ് വാല്യുബള്‍ പ്ലേയറായി റിവാള്‍ഡോ തിരഞ്ഞെടുക്കപ്പെട്ടു. 1996 ഒളിംപിക്‌സ് മുതല്‍ ബ്രസീല്‍ ചാമ്പ്യന്‍മാരാകാത്ത ടൂര്‍ണമെന്റിലെല്ലാം പഴികേട്ടിരുന്നത് റിവാള്‍ഡോ ആയിരുന്നു. രണ്ടായിരം നവംബറില്‍ കൊളംബിയയ്‌ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ ജയിച്ച മത്സരത്തില്‍ റിവാള്‍ഡോയെ കാണികള്‍ നിരന്തരം കൂകിവിളിച്ചിരുന്നു. തുടര്‍ന്ന് രാജ്യത്തിന് വേണ്ടി കളിക്കുന്നതില്‍ നിന്ന് താന്‍ വിരമിക്കുമെന്ന് റിവാള്‍ഡോ ഭീഷണി മുഴക്കി.

റിവാള്‍ഡോയുടെ കരിയറിലെ ഏറ്റവും മികച്ച കാലം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 2002ലെ ലോകകപ്പായിരുന്നു അത്. റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ എന്നിവരോടൊപ്പം റിവാള്‍ഡോ കൂടി ഉള്‍പ്പെട്ട ബ്രസീലിന്റെ ആക്രമണനിര ആ ലോകകപ്പിലെ ഏറ്റവും മികച്ചതായിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ അഞ്ച് മത്സരങ്ങളിലും ബ്രസീലിനുവേണ്ടി റിവാള്‍ഡോ ഗോളടിച്ചു. എന്നാല്‍ ആ ടൂര്‍ണമെന്റിലും വിവാദം റിവാള്‍ഡോയെ പിന്തുടര്‍ന്നു. തുര്‍ക്കിക്കെതിരായ മത്സരത്തില്‍ പന്ത് സൈഡ്‌ലൈനിന് പുറത്തുപോയപ്പോള്‍ തുര്‍ക്കി പ്രതിരോധനിര താരം ഹകന്‍ ഉന്‍സല്‍ കോര്‍ണര്‍ ഫഌഗിനടുത്ത് കാത്തുനിന്ന റിവാള്‍ഡോയ്ക്ക് നേരെ പന്ത് അടിച്ചുകൊടുത്തു. ആ പന്ത് റിവാള്‍ഡോയുടെ തുടയിലാണ് കൊണ്ടത്. എന്നാല്‍ റിവാള്‍ഡോ മുഖംപൊത്തി മൈതാനത്ത് വീണ് അഭിനയിച്ചു. തുടര്‍ന്ന് റഫറി ഹകന്‍ ഉന്‍സലിന് മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കാണിക്കുകയും കളിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വീഡിയോ റിവ്യൂവിലൂടെ റിവാള്‍ഡോ അഭിനയിച്ചതാണെന്ന് തെളിയുകയും ഫിഫ അയാള്‍ക്ക് 11,670 ഫ്രാങ്ക് പിഴ ചുമത്തുകയും ചെയ്തു. ഫൈനലില്‍ ജര്‍മനിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പിച്ച് ബ്രസീല്‍ അഞ്ചാം തവണയും ലോകചാമ്പ്യന്‍മാരായി. രണ്ട് ഗോളുകളും റൊണാള്‍ഡോയുടെ വകയായിരുന്നെങ്കിലും രണ്ടിലും റിവാള്‍ഡോയ്ക്ക് പങ്കുണ്ടായിരുന്നു. അതില്‍ ആദ്യത്തേതറില്‍ റിവാള്‍ഡോയുടെ ഷോട്ട് ജര്‍മന്‍ ഗോളി ഒളിവര്‍ ഖാന്‍ തടുത്തിട്ടപ്പോള്‍ ആ പന്ത് റൊണാള്‍ഡോയ്ക്ക് കിട്ടുകയായിരുന്നു. രണ്ടാമത്തേത് റിവാള്‍ഡോ ജര്‍മന്‍ പ്രതിരോധനിരയെ മണ്ടന്‍മാരാക്കിയതിന്റെ ഭാഗമായി റൊണാള്‍ഡോയ്ക്ക് കിട്ടിയതായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി ബ്രസീല്‍ കോച്ച് ലൂയി ഫിലിപ്പ് സ്‌കൊളാരി തിരഞ്ഞെടുത്തത് റിവാള്‍ഡോയെ ആയിരുന്നു. ഫിഫ വേള്‍ഡ് കപ്പ് ഓള്‍ സ്റ്റാര്‍ ടീമില്‍ റൊണാള്‍ഡോയ്ക്കും റൊണാള്‍ഡീഞ്ഞോയ്ക്കുമൊപ്പം റിവാള്‍ഡോയും ഉള്‍പ്പെട്ടു.

ക്ലബ് തലത്തിലും റിവാള്‍ഡോയുടെ കരിയര്‍ ഉയരങ്ങള്‍ തൊട്ടു. 1997ല്‍ ബാഴ്‌സലോണയിലെത്തിയ റിവാള്‍ഡോ ക്ലബിനൊപ്പം 1998ലും 99ലും ലാലിഗ കിരീടം നേടി. 1998ലെ കോപ്പ ഡെല്‍ റേയും ബാഴ്‌സലോണയ്‌ക്കൊപ്പം റിവാള്‍ഡോ നേടി. 2001 ജൂണില്‍ വലന്‍സിയയ്‌ക്കെതിരെ ഹാട്രിക്ക് നേടിയ റിവാള്‍ഡോ ബാഴ്‌സലോണയ്ക്ക് ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ അര്‍ഹത നേടിക്കൊടുത്തു. അന്ന് റിവാള്‍ഡോ നേടിയ ഹാട്രിക്ക് ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഹാട്രിക്ക് ആയാണ് കണക്കാക്കപ്പെടുന്നത്. ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള അഞ്ച് സീസണുകളില്‍ റിവാള്‍ഡോ 130 ഗോളാണടിച്ചുകൂട്ടിയത്. ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരിലൊരാളാണ് റിവാള്‍ഡോ. 2002ല്‍ ഇറ്റാലിയന്‍ ക്ലബായ എ.സി മിലാനിലെത്തിയ റിവാള്‍ഡോ ആ ഒരൊറ്റ സീസണില്‍ ക്ലബിനൊപ്പം കോപ്പ ഇറ്റാലിയയും യുവേഫ ചാമ്പ്യന്‍സ് ലീഗും നേടി. 1999ല്‍ ബാലന്‍ദ്യോറും ഫിഫ വേള്‍ഡ് പ്ലേയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും റിവാള്‍ഡോയെ തേടിയെത്തി. ലോകകപ്പും യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും ബാലന്‍ദ്യോറും നേടിയ ഒമ്പത് കളിക്കാരില്‍ ഒരാളാണ് റിവാള്‍ഡോ. 2004ല്‍ ഫിഫയ്ക്കുവേണ്ടി പെലെ തിരഞ്ഞെടുത്ത ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നൂറ് ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയിലും റിവാള്‍ഡോ ഉള്‍പ്പെട്ടു. ബ്രസീലിനുവേണ്ടി 74 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ റിവാള്‍ഡോ 35 ഗോളാണ് നേടിയത്. ക്ലബ് തലത്തില്‍ മൊത്തം 629 കളികളില്‍ നിന്ന് 299 ഗോളും റിവാള്‍ഡോ സ്‌കോര്‍ ചെയ്തു.

തന്റെ തലമുറയിലെയും ഫുട്‌ബോള്‍ ചരിത്രത്തിലെത്തന്നെയും ഏറ്റവും മികച്ച കളിക്കാരിലൊരാളായാണ് റിവാള്‍ഡോ അറിയപ്പെടുന്നത്. മിക്കവാറും അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ആയി കളിച്ച റിവാള്‍ഡോ ചിലപ്പോഴൊക്കെ സെക്കന്റ് സ്‌ട്രൈക്കറായും കളിച്ചു. കളിമിടുക്കും ക്രിയാത്മകതയും ഒരുപോലെ ഒത്തിണങ്ങിയ കളിക്കാരനായിരുന്നു റിവാള്‍ഡോ. അസാധാരണമായ ഡ്രിബ്ലിംഗ് കഴിവ്, പന്തിനുമേലുള്ള കടുത്ത നിയന്ത്രണം, ബാലന്‍സ് എന്നിവയെല്ലാം റിവാള്‍ഡോയുടെ പ്രത്യേകതയായിരുന്നു. വായുവില്‍ വളഞ്ഞുപുളഞ്ഞുവരുന്ന ഫ്രീകിക്കുകളെടുക്കുന്നതില്‍ വിദഗ്ധനായിരുന്നു റിവാള്‍ഡോ. ഏറെ ദൂരത്തുനിന്ന് അതിശക്തമായ അടിയിലൂടെ ഗോള്‍ നേടിയിരുന്ന റിവാള്‍ഡോയ്ക്ക് പെനാല്‍റ്റി കിക്കെടുക്കുന്നതില്‍ അസാമാന്യ കൃത്യതയുണ്ടായിരുന്നു. ബൈസിക്ക് കിക്കുകളെടുക്കുന്നതിലെ മിടുക്കായിരുന്നു റിവാള്‍ഡോയുടെ മറ്റൊരു പ്രത്യേകത. ഇടംകാലനായിരുന്ന റിവാള്‍ഡോ ലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും സാങ്കേതികത്തികവുള്ള കളിക്കാരിലൊരാളായിരുന്നു. ഏറ്റവും പൂര്‍ണതയുള്ള ഒരു ഫുട്‌ബോള്‍ കളിക്കാരന് നിര്‍ബന്ധമായും വേണ്ട രണ്ട് ഗുണങ്ങളായി കണക്കാക്കുന്നത് കളിയിലെ കലാപരമായ മിടുക്കും കാര്യക്ഷമതയുമാണ്. ഇതുരണ്ടും ഒരുപോലെ ഒത്തിണങ്ങിയ ഫുട്‌ബോളറായിരുന്നു റിവാള്‍ഡോ. സമകാലിക ഫുട്‌ബോളില്‍ ബ്രസീല്‍ മിസ് ചെയ്യുന്നതും റിവാള്‍ഡോയെപ്പോലെയൊരു കളിക്കാരനെയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments