കെ.ശ്രീജിത്ത്
കെയ്ന്‍ വില്യംസണെ ഒരു നിശബ്ദ ഇതിഹാസം എന്ന് വേണമെങ്കില്‍ വിളിക്കാം. കാരണം ക്രിക്കറ്റ് ഫീല്‍ഡില്‍ ഇത്രമാത്രം നിശബ്ദനായ, ശാന്തനായ മറ്റൊരാളെ കണ്ടെത്തുക പ്രയാസമാണ്. ഒട്ടും ഒച്ചയില്ലാതെ, ബഹളങ്ങളേതുമില്ലാതെ ക്രിക്കറ്റ് കളിക്കുക എന്നത് ഒരു അത്ഭുതമാണ്. ആ അത്ഭുതം പ്രാവര്‍ത്തികമാക്കിയ കളിക്കാരനാണ് കെയ്ന്‍ സ്റ്റ്യുവര്‍ട്ട് വില്യംസണ്‍. ലോകക്രിക്കറ്റില്‍ ഇത്രയും മാന്യനായ ഒരു ക്രിക്കറ്ററെ കണ്ടിട്ടില്ല എന്നുതന്നെ പറയാം. ഏത് സമ്മര്‍ദ്ദത്തിലും അയാള്‍ ക്ഷമ കൈവിട്ടില്ല. എല്ലാ സാഹചര്യങ്ങളെയും അയാള്‍ ഒരേ മനസോടെ കൈകാര്യം ചെയ്തു. എപ്പോഴും സൗമ്യമായി പെരുമാറി. മിക്കപ്പോഴും പുഞ്ചിരിച്ചുകൊണ്ടല്ലാതെ കെയ്ന്‍ വില്യംസണെ നിങ്ങള്‍ക്ക് കാണാനാകില്ല. ഇനി ബാറ്റിംഗിന്റെ കാര്യം വന്നാലോ, ഇത്രയും അഴകോടെ കളിക്കുന്ന മറ്റൊരു ബാറ്റര്‍ ആധുനിക ക്രിക്കറ്റിലില്ല. അയാള്‍ ക്രിക്കറ്റ് ബോളിനെ പ്രഹരിക്കാറില്ല, തഴുകുക മാത്രമെ ചെയ്യാറുള്ളൂ. അടിച്ചുപറത്തുക എന്നൊരു വാക്ക് വില്യംസണിന്റെ നിഘണ്ടുവിലില്ല. പെരുമാറ്റത്തിലെ ആ സൗമ്യത ബാറ്റിംഗിലും അതേപോലെ അയാള്‍ നിലനിര്‍ത്തി. എല്ലാ അര്‍ത്ഥത്തിലും ഒരു ക്ലാസ് പ്ലേയര്‍. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിനും അനുയോജ്യനായ ബാറ്റര്‍. ന്യൂസീലന്റിനുവേണ്ടി ബാറ്റ് ചെയ്തിട്ടുള്ളവരില്‍ മാര്‍ട്ടിന്‍ ക്രോ മാത്രമാണ് ഒരുപക്ഷെ വില്യംസണുമായി താരതമ്യം ചെയ്യാനാവുക. അത് ക്ലാസിന്റെ കാര്യത്തില്‍ മാത്രമാണ്. കരിയര്‍ റെക്കോഡിന്റെ കാര്യത്തില്‍ ക്രോയെ പിന്നിലാക്കി വില്യംസണ്‍ ബഹുദൂരം മുന്നിലാണ്. അയാള്‍ തന്റെ കളിജീവിതം അവസാനിപ്പിക്കുമ്പോഴേക്കും ന്യൂസീലന്റിന്റെ എക്കാലത്തെയും മികച്ച ബാറ്ററായി മാറുമെന്ന കാര്യം ഉറപ്പാണെന്ന് മാര്‍ട്ടിന്‍ ക്രോ പോലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ കളിജീവിതം അവസാനിക്കുമ്പോള്‍ അയാള്‍ കേവലം ന്യൂസീലന്റിന്റെ മാത്രമല്ല ലോകക്രിക്കറ്റിലെത്തന്നെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായിരിക്കും.

ക്രിക്കറ്റ് ആരാധകര്‍ ഇത്രമാത്രം ഇഷ്ടപ്പെടുന്ന മറ്റൊരു ക്രിക്കറ്റ് താരവും നിലവില്‍ ലോക ക്രിക്കറ്റിലില്ല. അയാളുടെ ഓരോ ചലനത്തെയും ഈ കളിയെ സ്‌നേഹിക്കുന്നവര്‍ ഇഷ്ടപ്പെടുന്നു. 2010ല്‍ അരങ്ങേറിയത് മുതല്‍ കഴിഞ്ഞ ഒന്നര പതീറ്റാണ്ടായി ന്യൂസീലന്റ് ബാറ്റിംഗിന്റെ ശക്തിദുര്‍ഗമാണ് കെയ്ന്‍ വില്യംസണ്‍. അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു വില്യംസണിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി അടിച്ചുകൊണ്ട് അയാള്‍ തന്റെ വരവറിയിച്ചു. 24 വയസും 151 ദിവസും പ്രായമുള്ളപ്പോള്‍ അയാള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മൂവായിരം റണ്‍ തികച്ചു. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് പോലും കൈവരിക്കാനാകാത്ത നേട്ടം. ബാറ്റിംഗിനെക്കുറിച്ച് ഇത്രമാത്രം വ്യക്തതയുള്ള മറ്റൊരു ബാറ്ററെ താന്‍ കണ്ടിട്ടില്ലെന്ന് വില്യംസണെക്കുറിച്ച് മാര്‍ട്ടിന്‍ ക്രോ പറഞ്ഞിട്ടുണ്ട്. അയാള്‍ക്ക് എല്ലാം സുവ്യക്തമാണ്. ഒന്നിലും ഒരു ആശയക്കുഴപ്പവുമില്ല. ക്രീസില്‍ നില്‍ക്കുമ്പോള്‍ ഏകാഗ്രതയില്‍ സ്ഫുടം ചെയ്‌തെടുത്ത മുഖമാണ് അയാള്‍ക്ക്. ബൗളര്‍മാരെ ഇത്രമാത്രം ബുദ്ധിമുട്ടിക്കുന്ന മറ്റൊരു ബാറ്ററില്ല. അതിന് പ്രത്യേകിച്ചൊരു കാരണവുമുണ്ട്. വില്യംസണ് തരിമ്പും ഈഗോയില്ല. അതുകൊണ്ടുതന്നെ ഈഗോ ഇളക്കിവിട്ട് അയാളെക്കൊണ്ട് മണ്ടത്തരങ്ങള്‍ ചെയ്യിക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കില്ല. കേവലം വാക്കുകള്‍ക്കപ്പുറം വിനയം ശീലമാക്കിയ വില്യംസണെ പ്രകോപിപ്പിക്കാനും ബൗളര്‍മാര്‍ക്ക് കഴിയില്ല. ഒരു സമ്മര്‍ദ്ദത്തിലും അയാള്‍ പ്രകോപിതനാകാറില്ല. അസാധാരണമായ പ്രതിഭയ്‌ക്കൊപ്പം ഈ ഗുണങ്ങള്‍ കൂടി ചേരുന്നതോടെ വില്യംസണെ വീഴ്ത്താന്‍ മികച്ച പന്തുകളെറിയുക എന്നതിലപ്പുറം ബൗളര്‍മാര്‍ക്ക് മുന്നില്‍ മറ്റ് വഴികളൊന്നുമില്ല. സ്ലെഡ്ജിംഗ് ഉള്‍പ്പടെയുള്ള വഞ്ഞ വഴികളൊന്നും വില്യംസണിന്റെ വിനയത്തിന് മുന്നില്‍ ചിലവാകില്ല. ഇത് ബൗളര്‍മാര്‍ക്കും എതിര്‍ ടീം ക്യാപ്റ്റനും നന്നായി അറിയാം. അതുകൊണ്ടുതന്നെ വില്യംസണ്‍ ക്രീസിലെത്തിയാല്‍ ഇനി എങ്ങനെയൊന്ന് ഇയാളെ പുറത്താക്കും എന്ന് ചിന്തിച്ച് തലപുകയ്‌ക്കേണ്ട ഗതികേടിലാകും എതിര്‍ ക്യാപ്റ്റനും ബൗളര്‍മാരും. അയാള്‍ക്കെതിരെ നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും എന്ന് അവര്‍ക്കറിയാം. ആര്‍ക്കും പിടിച്ചുകെട്ടാനാകാത്ത ഒരു എക്‌സ് ഫാക്ടര്‍ വില്യംസണിനുണ്ട്. അതിനെ ആര്‍ക്കും കീഴ്‌പ്പെടുത്താനാകില്ല. മാര്‍ട്ടിന്‍ ക്രോ പറയുന്നതുപോലെ അയാള്‍ ഗോലിയാത്തിനെപ്പോലെ പെരുമാറുന്ന, കളിക്കുന്ന ഡേവിഡ് ആണ്.

ക്രീസില്‍ ഏറെ തിരക്കുപിടിച്ച കളിക്കാരനാണ് കെയ്ന്‍ വില്യംസണ്‍. നിരന്തരം ഒന്നും രണ്ടും റണ്ണുകളെടുത്ത്, ഇടയ്‌ക്കൊക്കെ ബൗണ്ടറി നേടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടേയിരിക്കുന്ന ബാറ്റര്‍. അയാളുടെ പ്രതിരോധം അതിശക്തമാണ്. അത് ഭേദിക്കുക എന്നത് മികച്ച ബൗളര്‍മാര്‍ക്ക് പോലും ദുഷ്‌കരമാണ്. ബാക്ക് ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലും ഒരുപോലെ മികച്ച കളിക്കാരനാണ് വില്യംസണ്‍. ഓഫ് സൈഡിലും ലെഗ് സൈഡിലും ഒരേ മനോഹാരിതയോടെ അയാള്‍ക്ക് കളിക്കാനാകും. ഫാസ്റ്റ് ബൗളറെയും സ്പിന്നറോടെയും ഒരേ മികവോടെ കളിക്കുന്ന അപൂര്‍വം ബാറ്റര്‍മാരിലൊരാളാണ് കെയ്ന്‍ വില്യംസണ്‍. അയാളുടെ ബാക്ക് ഫൂട്ട് പഞ്ചുകള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും കുമാര്‍ സംഗക്കാരയുടെയും ബാക്ക് ഫൂട്ട് പഞ്ചുകള്‍ക്കൊപ്പം നില്‍ക്കുന്നവയാണ്. അയാളുടെ സ്‌ട്രെയ്റ്റ് ഡ്രൈവുകളും ലെഗ് സൈഡ് ഷോട്ടുകളും അത്രമേല്‍ കൃത്യതയുള്ളതാണ്. സ്പിന്നര്‍മാര്‍ക്കെതിരെയുള്ള ക്രീസിലെ അയാളുടെ പാദചലനങ്ങളുടെ സൗന്ദര്യം ഒന്നുവേറെത്തന്നെയാണ്. ഒരു ഡാന്‍സറെപ്പോലെയാണ് അയാള്‍ സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുക. ഇടയ്ക്ക് ചാടി, മറ്റൊരിക്കല്‍ വെട്ടിയൊഴിഞ്ഞ്… ഇങ്ങനെ ക്രീസില്‍ അയാള്‍ അക്ഷരാര്‍ത്ഥത്തില്‍ നൃത്തം വെയ്ക്കും. ഒരു ബാറ്റര്‍ക്ക് ഏറ്റവും അനുയോജ്യമായ ഉയരവും ബാലന്‍സുമാണ് വില്യംസണുള്ളത്. ബൗളര്‍ എറിയുന്ന പന്തിന്റെ വ്യത്യസ്തതയ്ക്കനുസൃതമായി അതിവേഗം ചലിക്കുന്ന പാദങ്ങള്‍ അയാളുടെ പ്രത്യേകതയാണ്. അയാള്‍ വെറുതെ റണ്‍ നേടുകയായിരുന്നില്ല. മറിച്ച് അയാളുടെ ഓരോ ഇന്നിംഗ്‌സും ഓരോ മാസ്റ്റര്‍പീസുകളായിരുന്നു. അയാള്‍ സ്ഥിരമായി കൂറ്റന്‍ സെഞ്ച്വറികളടിച്ചു. എന്നാല്‍ ഏകദിന മത്സരങ്ങളില്‍ അയാള്‍ പല തവണ തൊണ്ണൂറുകളില്‍ ഔട്ടായി. അതെല്ലാം ടീമിന്റെ സ്‌കോറിംഗ് വേഗത കൂട്ടാനുള്ള ശ്രമത്തിനിടയിലായിരുന്നു എന്നത് പ്രത്യേകം ഓര്‍ക്കണം. അയാള്‍ ഒരിക്കലും വ്യക്തിഗത നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ചതേയില്ല. എപ്പോഴും ടീമായിരുന്നു അയാള്‍ക്ക് പ്രധാനം. എല്ലാ അര്‍ത്ഥത്തിലും ഒരു ടീം മാന്‍. സ്‌കൂള്‍ കാലം കഴിയുമ്പോഴേയ്ക്ക് തന്നെ അയാള്‍ 40 സെഞ്ച്വറികളടിച്ചിരുന്നു എന്ന കണക്ക് തന്നെ ചെറുപ്പം മുതല്‍ അയാള്‍ എത്രമാത്രം സ്ഥിരതയുള്ള കളിക്കാരനായിരുന്നു എന്നത് വ്യക്തമാക്കുന്നുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒരേതരത്തിലുള്ള കളി പുറത്തെടുത്ത ബാറ്ററാണ് കെയ്ന്‍ വില്യംസണ്‍. ഉദാഹരണത്തിന് ട്വന്റി20യിലോ ഏകദിനത്തിലോ അയാള്‍ തന്റെ അടിസ്ഥാനപരമായ ബാറ്റിംഗ് ശൈലി മാറ്റാതെ തന്നെ വേഗത്തില്‍ റണ്ണടിച്ചു. പരിമിത ഓവര്‍ ക്രിക്കറ്റ് ആണല്ലോ എന്ന് കരുതി ഒരിക്കലും അയാള്‍ കൂറ്റനടിക്ക് മുതിര്‍ന്നില്ല. പന്തിനെ അടിച്ചുപറത്തിയില്ല. പകരം ക്ലാസ് ബാറ്റിംഗിലൂടെ, ടൈമിംഗിലൂടെ തന്നെ ഫോറുകളും സിക്‌സറുകളും നേടി.

2015ല്‍ വെല്ലിംഗ്ടണില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ വില്യംസണ്‍ നേടിയ ഡബിള്‍ സെഞ്ച്വറി അയാളുടെ ക്ലാസിന്റെയും ഏകാഗ്രതയുടെയും ഉത്തമ ഉദാഹരണമാണ്. പത്ത് മണിക്കൂറിലേറെ ബാറ്റ് ചെയ്താണ് അന്നയാള്‍ 242 റണ്ണെടുത്തത്. എന്നിട്ടും ആ പ്രകടനത്തില്‍ അയാള്‍ അസംതൃപ്തനായിരുന്നു. ആ മത്സരത്തില്‍ പിറകിലായിരുന്ന ന്യൂസീലന്റ് വില്യംസണിന്റെ ഈ ഇന്നിംഗ്‌സിന്റെ ബലത്തില്‍ ജയിച്ചുകയറി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ മൂവായിരം റണ്‍ നേടിയ ന്യൂസീലന്റ് ബാറ്ററാണ് കെയ്ന്‍ വില്യംസണ്‍. മികച്ചൊരു ഫീല്‍ഡര്‍ കൂടിയായിരുന്ന വില്യംസണ്‍ അപൂര്‍വമായി ഓഫ് സ്പിന്‍ ബൗളിംഗും ചെയ്തു. ബ്രണ്ടന്‍ മക്കല്ലം വിരമിച്ചതിനെത്തുടര്‍ന്ന് വില്യംസണ്‍ ന്യൂസീലന്റിന്റെ ക്യാപ്റ്റനായി. മികച്ച തന്ത്രജ്ഞന്‍ കൂടിയായ അയാള്‍ അസാധാരണ മികവുള്ള ക്യാപ്റ്റനായി മാറി. 2018ല്‍ വില്യംസണിന്റെ നേതൃത്വത്തില്‍ ന്യൂസീലന്റ് ഏറെ പ്രശസ്തമായ രണ്ട് ടെസ്റ്റ് പരമ്പര വിജയങ്ങള്‍ നേടി. ഇംഗ്ലണ്ടിനെതിരെയും പാകിസ്താനെതിരെയുമായിരുന്നു ഇത്. പാകിസ്താനില്‍ വെച്ച് പാകിസ്താനെ 49 വര്‍ഷത്തിന് ശേഷമായിരുന്നു ന്യൂസീലന്റ് ഒരു ടെസ്റ്റ് പരമ്പരയില്‍ തോല്പിക്കുന്നത്. പരമ്പരയിലെ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ 89ഉം രണ്ടാം ഇന്നിംഗ്‌സില്‍ 139ഉം റണ്ണടിച്ച വില്യംസണ്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചാണ് വിജയത്തിലേയ്ക്ക് കൈപിടിച്ചുകയറ്റിയത്. എന്നാല്‍ 2019ലെ ഏകദിന ലോകകപ്പാണ് വില്യംസണെ ക്രിക്കറ്റിലെ മഹാരഥന്‍മാരുടെ പട്ടികയിലേയ്ക്ക് കുടിയിരുത്തിയത്. ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയ ന്യൂസീലന്റ് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ചാമ്പ്യന്‍മാരാകാതെ പോയത്. ഏകദിന ലോകകപ്പിന്റെ ഫൈനലിലെ എക്കാലത്തെയും മികച്ച മത്സരത്തില്‍ ഇംഗ്ലണ്ടിനോടാണ് ന്യൂസീലന്റ് പരാജയപ്പെട്ടത്. അതും നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍. മത്സരം ടൈ ആയതിനെത്തുടര്‍ന്ന് സൂപ്പര്‍ ഓവര്‍ നടന്നു. അതിലും ഇരുടീമുകളും തുല്യത പാലിച്ചതോടെ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ആ ഫൈനലില്‍ ഒരു ഘട്ടത്തിലും സ്ഥിരപ്രജ്ഞ കൈവിടാതിരുന്ന, പ്രകോപിതനാകാതിരുന്ന വില്യംസണ്‍ മത്സരത്തിന് ശേഷം പുലര്‍ത്തിയ മാന്യത ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. ആ ലോകകപ്പിലെ പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് വില്യംസണായിരുന്നു.

പിന്നീട് 2021ലെ ആദ്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസീലന്റിനെ കിരീടത്തിലേയ്ക്ക് നയിച്ചത് കെയ്ന്‍ വില്യംസണായിരുന്നു. അന്ന് ന്യൂസീലന്റ് ഇന്ത്യയെ ആണ് തോല്പിച്ചത്. അതോടെ സ്റ്റീഫന്‍ ഫ്‌ളെമിംഗിനുശേഷം ഐ.സി.സി ട്രോഫി നേടുന്ന ന്യൂസീലന്റ് ക്യാപ്റ്റനായി വില്യംസണ്‍ മാറി. ഇതുവരെ 105 ടെസ്റ്റുകള്‍ കളിച്ച വില്യംസണ്‍ 9,276 റണ്ണാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. 54.88 ആണ് ശരാശരി. 33 സെഞ്ച്വറിയും 37 അര്‍ദ്ധ സെഞ്ച്വറിയും നേടി. 251 ആണ് ഉയര്‍ന്ന സ്‌കോര്‍. 173 ഏകദിന മത്സരങ്ങളില്‍ നിന്ന് 49.21 ശരാശരിയില്‍ 7,235 റണ്ണാണ് അയാളുടെ സമ്പാദ്യം. 148 ആണ് ഉയര്‍ന്ന സ്‌കോര്‍. 93 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 2,575 ആണ് വില്യംസണിന്റെ സമ്പാദ്യം. 33.44 ആണ് ശരാശരി. 95 ആണ് ഉയര്‍ന്ന സ്‌കോര്‍. ഐ പി എല്ലില്‍ 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലിലെത്തിയപ്പോള്‍ ടീമിന്റെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണായിരുന്നു. അന്ന് ഹൈദരാബാദ് ധോണിയുടെ ചെന്നൈയോട് തോറ്റു. ആ സീസണില്‍ 735 റണ്‍ നേടിയ വില്യംസണായിരുന്നു ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സും ഐ പി എല്ലില്‍ ചാമ്പ്യന്‍മാരായപ്പോള്‍ വില്യംസണ്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ രണ്ട് ഫൈനലുകളിലും അയാള്‍ക്ക് കളിക്കാനായില്ല.

ആധുനിക ക്രിക്കറ്റില്‍ ഏറ്റവും സുന്ദരമായി ബാറ്റ് ചെയ്യുന്ന കളിക്കാരനാണ് കെയ്ന്‍ വില്യംസണ്‍. ആ ബാറ്റിംഗ് കാണുന്നതുപോലെ ആനന്ദകരമായ മറ്റൊന്ന് ആധുനിക ക്രിക്കറ്റിലുണ്ടായിട്ടില്ല എന്നുതന്നെ പറയാം. അയാള്‍ ഏറ്റവും മികച്ച ബാറ്റര്‍ മാത്രമല്ല, ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാള്‍ കൂടിയായിരുന്നു. ഇതിനൊക്കെ അപ്പുറത്ത് അയാളെപ്പോലെ ഇത്രയും മാന്യമായി ക്രിക്കറ്റ് കളിച്ച മറ്റൊരു കളിക്കാരന്‍ ആധുനിക ക്രിക്കറ്റിലുണ്ടാകില്ല. എല്ലാ അര്‍ത്ഥത്തിലും ആരാധകരുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന, ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ക്രിക്കറ്ററാണ് കെയ്ന്‍ വില്യംസണ്‍. വില്യംസണിന്റെ സവിശേഷതകളെക്കുറിച്ച് ഒരാള്‍ക്ക് പോലും ഭിന്നാഭിപ്രായമുണ്ടായിട്ടില്ല എന്നതുതന്നെ അയാളുടെ മഹത്വം വിളിച്ചറിയിക്കുന്നതാണ്. കെയ്ന്‍ വില്യംസണ്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണ്. എക്കാലത്തെയും മികച്ച കളിക്കാരിലൊരാളും. ക്രിക്കറ്റ് എന്ന ഗെയിമിന് എന്തുകൊണ്ടും അനുയോജ്യനായ അംബാസഡര്‍. ഇനി എത്രകാലം കഴിഞ്ഞാലും അക്കാര്യത്തില്‍ മാറ്റമുണ്ടാകില്ല.



