കെ.ശ്രീജിത്ത്
മാന്ത്രികനെന്നോ കലാകാരനെന്നോ ഒക്കെ വിളിക്കാവുന്ന ഫുട്‌ബോളറാണ് ബാജിയോ. ഫുട്‌ബോളിനെക്കുറിച്ച് എന്തെങ്കിലുമറിയാവുന്ന ആരും ബഹുമാനിക്കുന്ന കളിക്കാരന്‍. ബ്രസീലിന് പെലെ എന്താണോ അര്‍ജന്റീനയ്ക്ക് മറഡോണ എന്താണോ അതുപോലെയാണ് ഇറ്റലിക്ക് റോബര്‍ട്ടോ ബാജിയോ. അവര്‍ക്ക് അയാള്‍ ഒരു മിത്താണ്. ഇതിഹാസമാണ്. അതിനെല്ലാമപ്പുറം തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് പടരുന്ന സ്വാധീനമാണ്. മറഡോണയും റൊണാള്‍ഡീഞ്ഞോയും മെസ്സിയുമെല്ലാം ഉള്‍പ്പെടുന്ന ഫുട്‌ബോളിലെ കലാകാരന്‍മാരുടെ പട്ടികയിലാണ് റോബര്‍ട്ടോ ബാജിയോയുടെയും സ്ഥാനം. ഡീഗോ മറഡോണ ബാജിയോയെ വിളിച്ചത് ജീനിയസ് എന്നാണ്. പെലെ വിളിച്ചതാകട്ടെ ഇതിഹാസം എന്നാണ്. ഇതൊക്കെയായിട്ടും അയാള്‍ വേണ്ടത്ര അറിയപ്പെട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അയാള്‍ അര്‍ഹിക്കുന്ന പരിഗണന അയാള്‍ക്കൊരിക്കലും ഫുട്‌ബോള്‍ ലോകം നല്‍കിയിട്ടില്ല എന്ന് ഭൂരിഭാഗം ആരാധകരും വിശ്വസിക്കുന്നു. അത് കേവലം ഒരു വിശ്വാസം മാത്രമല്ല, സത്യമാണ്. ഒരുപക്ഷെ 1994ലെ ലോകകപ്പ് ഇറ്റലി ജയിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമായേനെ.

ബാജിയോ തന്റെ യൂത്ത് കരിയര്‍ ആരംഭിക്കുന്നത് വുസെന്‍സയിലാണ്. പതിനെട്ടാമത്തെ വയസില്‍ അയാള്‍ ഫിയോന്റീനയുമായി കരാര്‍ ഒപ്പിട്ടു. ഒരു യുവതാരത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരുന്നു അത്. എന്നാല്‍ ട്രാന്‍സ്ഫറിന് രണ്ട് ദിവസം മുമ്പ് അയാളുടെ കാല്‍മുട്ടിന് സാരമായി പരിക്കേല്‍ക്കുന്നു. 220 തുന്നലുകളാണ് വേണ്ടിവന്നത്. ഇതിലെ ഏറ്റവും സങ്കടകരമായ കാര്യം എന്താണെന്നുവെച്ചാല്‍ വേദനസംഹാരികള്‍ ബാജിയോയ്ക്ക് അലര്‍ജിയായതിനാല്‍ പൂര്‍ണ ബോധത്തില്‍ തന്നെ തുന്നലുകളിടേണ്ടിവന്നു. അന്ന് ആ വേദന മുഴുവന്‍ അയാള്‍ സഹിച്ചു. എന്നാല്‍ അതിനേക്കാള്‍ വേദനിക്കുന്ന കാര്യം മറ്റൊന്നായിരുന്നു. ഇനിയൊരിക്കലും ബാജിയോയ്ക്ക് ഫുട്‌ബോള്‍ കളിക്കാനായേക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അയാളുടെ ഫുട്‌ബോള്‍ കരിയര്‍ അവസാനിച്ചെന്ന് അന്നാണ് ആദ്യമായി എല്ലാവരും കരുതിയത്. എന്നാല്‍ 18 മാസത്തിനപ്പുറം അയാള്‍ വീണ്ടും ഫുട്‌ബോള്‍ മൈതാനത്ത് തിരിച്ചെത്തി. എന്നാല്‍ അധികം വൈകാതെ വീണ്ടും അയാളുടെ കാല്‍മുട്ടിന് പരിക്കേറ്റു. എന്നാല്‍ ഫിയോന്റീന അവരുടെ യുവതാരത്തെ കൈവിട്ടില്ല. അവര്‍ ബാജിയോയെ നിലനിര്‍ത്തി. തുടര്‍ന്ന് എണ്‍പതുകളുടെ അവസാനം ക്രിയാത്മകമായ കളിയിലൂടെ അയാള്‍ ആരാധകരെ ത്രസിപ്പിച്ചു. അന്നുമുതലെ വായുവിലൂടെ വളഞ്ഞുപുളഞ്ഞുവരുന്ന അയാളുടെ ഫ്രീകിക്കുകള്‍ ഏറെ പ്രസിദ്ധമായിരുന്നു. ഡേവിഡ് ബെക്ക്ഹാമോ ആന്ദ്രെ പിര്‍ലോയോ ഡെല്‍പിയേറോയോ അത് ചെയ്യുന്നതിനുമുമ്പേ ബാജിയോ അത്തരം ഫ്രീകിക്കുകളെടുത്തു തുടങ്ങിയിരുന്നു. തകര്‍പ്പന്‍ ഡ്രിബഌകള്‍, അത്യുഗ്രന്‍ ലോങ് റേഞ്ചറുകള്‍, മനോഹരമായ ചിപ്പ് ഷോട്ടുകള്‍ അങ്ങനെ എല്ലാതരം വിദ്യകളും അയാളുടെ ആവനാഴിയിലുണ്ടായിരുന്നു.

1990ഓടെ ഫിയോന്റീന അവരുടെ പത്താം നമ്പറുകാരനെ യുവന്റസിന് വിറ്റു. ലോകറെക്കോഡ് വിലയ്ക്കായിരുന്നു ആ വില്പന. അതുകൊണ്ടുതന്നെ അന്നത് വലിയ വാര്‍ത്തയായി. എന്നാല്‍ ഫിയോന്റീന ആരാധകര്‍ക്ക് ആ വില്പന ഒട്ടും രസിച്ചില്ല. അവര്‍ കലാപം തന്നെ നടത്തി. ആ വര്‍ഷം ഫിയോന്റീനയ്‌ക്കെതിരായ മത്സരത്തില്‍ യുവന്റസിന് ഒരു പെനാല്‍റ്റി ലഭിക്കുന്നു. എന്നാല്‍ ടീമിന്റെ പെനാല്‍റ്റികള്‍ സ്ഥിരമായി എടുക്കുന്ന ബാജിയോ പക്ഷെ ആ പെനാല്‍റ്റിയെടുക്കാന്‍ വിസമ്മതിക്കുന്നു. തന്റെ പഴയ ക്ലബിനെതിരെ പെനാല്‍റ്റിയെടുക്കാന്‍ അയാള്‍ക്ക് മനസ് വന്നില്ല. ഇത് യുവന്റസ് ആരാധകരെ രോക്ഷാകുലരാക്കി. എന്നാല്‍ അധികം വൈകാതെ തന്നെ യുവന്റസിന്റെ ഏറ്റവും മികച്ച കളിക്കാരനായി ബാജിയോ മാറി. ക്ലബിന്റെ ആരാധകര്‍ അയാളെ നെഞ്ചിലേറ്റി. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ അയാള്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളിച്ചു. യുവന്റസിനുവേണ്ടി അഞ്ച് സീസണ്‍ കളിച്ച ബാജിയോ 115 ഗോളാണ് അടിച്ചുകൂട്ടിയത്. മിക്ക മത്സരങ്ങളിലും ഏതെങ്കിലും തരത്തിലുള്ള ബാജിയോയുടെ മിടുക്ക് കൊണ്ടാണ് ടീം ജയിച്ചത്. ഏതാണ്ട് ഒറ്റയ്ക്ക് അയാള്‍ ആ കാലം മുഴുവന്‍ യുവന്റസിനെ ചുമലിലേറ്റി.

1993ലാണ് ബാജിയോ അയാളുടെ ഫോമിന്റെ ഏറ്റവും ഉയരത്തിലെത്തിയത്. ആ വര്‍ഷം അയാള്‍ ബാലന്‍ദ്യോര്‍ പുരസ്‌കാരം നേടുകയും ഫിഫ വേള്‍ഡ് പ്ലേയര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കുപ്പെടുകയും ചെയ്തു. ആ വര്‍ഷം തന്നെയാണ് അയാള്‍ യുവന്റസിന് യുവേഫ കപ്പ് നേടിക്കൊടുത്തതും. ഏതാണ്ട് ഒരു ദശകത്തിനിടെ യുവന്റസ് നേടുന്ന ആദ്യ യൂറോപ്യന്‍ ട്രോഫിയായിരുന്നു അത്. 1994 ആകുമ്പോഴേയ്ക്കും റോബര്‍ട്ടോ ബാജിയോ ഒരു ആഗോള സൂപ്പര്‍സ്റ്റാര്‍ ആയി മാറിയിരുന്നു. ആ വര്‍ഷം അമേരിക്കയില്‍ നടന്ന ലോകകപ്പിലേയ്ക്ക് പോകുമ്പോള്‍ ഇറ്റലി ഏറ്റവും പ്രതീക്ഷ വെച്ചിരുന്നത് ബാജിയോയിലായിരുന്നു. അന്ന് ബാജിയോയുടെ ചുമലിലുണ്ടായിരുന്നത് ആര്‍ക്കും സഹിക്കാനാകാത്തത്ര ഭാരമായിരുന്നു. 1994 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിന് ശേഷമുള്ള മൂന്ന് നോക്കൗട്ട് മത്സരങ്ങളും ഇറ്റലി ജയിച്ചത് ബാജിയോയുടെ മിടുക്ക് കൊണ്ടും അയാള്‍ അടിച്ച ഗോളുകള്‍ കൊണ്ടുമായിരുന്നു. നൈജീരിയ, സ്‌പെയിന്‍, ബള്‍ഗേറിയ എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു ആ വിജയങ്ങള്‍. ബാജിയോയുടെ അസാധാരണ വൈഭവം കൊണ്ടായിരുന്നു ഇറ്റലി ആ ലോകകപ്പിന്റെ ഫൈനലിലെത്തിയത്. ബാജിയോ ഇല്ലായിരുന്നെങ്കില്‍ ഇറ്റലി അവിടം വരെ എത്തില്ലായിരുന്നു. എന്നാല്‍ ഫൈനല്‍ അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു. ബ്രസീലിനെതിരായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ ബാജിയോ പെനാല്‍റ്റി പാഴാക്കി. അയാളെടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോവുകയായിരുന്നു. ഇറ്റലി തോറ്റു. ബ്രസീല്‍ ചാമ്പ്യന്‍മാരായി. അന്നയാള്‍ പെനാല്‍റ്റി സ്‌പോട്ടില്‍ തലകുനിച്ചുനില്‍ക്കുന്ന ചിത്രമാണ് ബാജിയോ എന്ന് കേള്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍. അന്നയാള്‍ ആ പെനാല്‍റ്റി സ്‌പോട്ടില്‍ ഏറെനിമിഷം അതേ നില്പ് നിന്നിരുന്നു. അതുകണ്ട് ‘നിന്നുകൊണ്ട് മരിച്ചയാള്‍’ എന്നുപോലും അയാളെക്കുറിച്ച് ആളുകള്‍ പറഞ്ഞു. ഇറ്റലിയുടെ അഞ്ചാമത്തെ പെനാല്‍റ്റിയായിരുന്നു ബാജിയോ എടുത്തത്. അതിനുമുമ്പ് പെനാല്‍റ്റിയെടുത്ത രണ്ട് ഇറ്റലി കളിക്കാര്‍ ആ കിക്കുകള്‍ പാഴാക്കിയിരുന്നു. അതായത് ബാജിയോ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നതിനുമുമ്പ് തന്നെ ഇറ്റലി തോറ്റിരുന്നു എന്നര്‍ത്ഥം. അയാള്‍ അന്ന് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചിരുന്നെങ്കിലും ഇറ്റലിയുടെ വിധിയില്‍ മാറ്റമൊന്നും ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാള്‍ ലോകകപ്പ് ഫൈനല്‍ പോലൊരു വേദിയില്‍ പെനാല്‍റ്റി പാഴാക്കിയത് അത്ര പെട്ടെന്നൊന്നും ആളുകള്‍ക്ക് മറക്കാനാകില്ല. മാത്രമല്ല, ബാജിയോ കരിയറില്‍ വളരെ അപൂര്‍വമായി മാത്രമെ പെനാല്‍റ്റി പാഴാക്കിയിട്ടുമുള്ളൂ.

ആ അനുഭവം ബാജിയോയുടെ ബാക്കിയുള്ള ജീവിതം മുഴുവന്‍ വലിയൊരു മുറിവായി അവശേഷിച്ചു. എന്നാല്‍ അയാളൊരിക്കലും ധൈര്യം കൈവിട്ടില്ല. 1998 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങിയപ്പോള്‍ ഇറ്റലിയുടെ ആദ്യ കിക്കെടുക്കാന്‍ ബാജിയോ തയ്യാറായി. അയാള്‍ ആത്മവിശ്വാസത്തോടെ അത് ഗോളാക്കി മാറ്റുകയും ചെയ്തു. അതോടെ 94ലെ മുറിവ് ഒരുപരിധി വരെ ഉണക്കാന്‍ അയാള്‍ക്കായി. നിര്‍ഭാഗ്യവശാല്‍ ആ മത്സരവും ഇറ്റലി തോറ്റിരുന്നു. ഇറ്റലിക്കുവേണ്ടി മൂന്ന് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോളടിച്ച ഏക കളിക്കാരനാണ് റോബര്‍ട്ടോ ബാജിയോ. അയാള്‍ മൊത്തം ഒമ്പത് ലോകകപ്പുകളാണ് നേടിയത്. ഇതോടെ ഇറ്റലിയുടെ ഇതിഹാസ സ്‌ട്രൈക്കര്‍മാരായ പൗളോ റോസിയുടെയും ക്രിസ്റ്റിയന്‍ വിയേരിയുടെയും നേട്ടത്തിനൊപ്പം അയാളുമെത്തി. ഇവര്‍ മൂന്ന് പേരുമാണ് ഒമ്പത് ഗോളോടെ ലോകകപ്പിലെ ഇറ്റലിയുടെ ടോപ് സ്‌കോറര്‍മാര്‍. എ.സി മിലാന് ശേഷം ബൊളോഗ്നിയ്ക്ക് വേണ്ടിയാണ് ക്ലബ് ഫുട്‌ബോളില്‍ ബാജിയോ കളിച്ചത്. പിന്നീട് ഇന്റര്‍ മിലാനിലേയ്ക്ക് മാറി. പരിക്കുകള്‍ തുടര്‍ച്ചയായി അയാളെ വേട്ടയാടി. രണ്ടായിരം ആയപ്പോഴേയ്ക്കും അയാള്‍ തളര്‍ന്നുതുടങ്ങിയിരുന്നു. എന്നാലും അയാള്‍ അവസാനമായി ഒരു ശ്രമം കൂടി നടത്തി. പ്രവിശ്യാ ക്ലബായ ബ്രെസിയയില്‍ ചേര്‍ന്നു. ഇതോടെ അയാളുടെ കരിയര്‍ അവസാനിച്ചുവെന്ന് പലരും കരുതി. എന്നാല്‍ എന്നത്തെയുംപോലെ അയാള്‍ എല്ലാ പ്രതീക്ഷകളെയും മറികടന്നു. 2000 മുതല്‍ 2004 വരെ എല്ലാ സീസണിലും ഗോളിന്റെ കാര്യത്തില്‍ ഇരട്ട അക്കം കടന്ന ബാജിയോ ബ്രെസിയയെ തോളിലേറ്റി. ഇതോടെ ആരാധകര്‍ അയാളെ ജീവിച്ചിരിക്കുന്ന ഇതിഹാസമായി വാഴ്ത്തി. ഇറ്റലിക്കുവേണ്ടി 56 മത്സരങ്ങളില്‍ 27 ഗോളാണ് റോബര്‍ട്ടോ ബാജിയോ അടിച്ചത്. ക്ലബ് ഫുട്‌ബോളില്‍ മൊത്തം 488 മത്സരങ്ങള്‍ കളിച്ച ബാജിയോ 218 ഗോളാണ് സ്‌കോര്‍ ചെയ്തത്.

ആര്‍ക്കും അവഗണിക്കാനാകാത്ത ജീനിയസ് ആണ് റോബര്‍ട്ടോ ബാജിയോ. ഫുട്‌ബോളിന്റെ ചരിത്രമെഴുതുമ്പോള്‍ ആ പേര് ഒരിക്കലും ഒഴിവാക്കാനാകില്ല. ആദ്യകാലത്ത് അയാളെ എന്തുചെയ്യണമെന്ന് പരിശീലകര്‍ക്ക് അറിയില്ലായിരുന്നു. അയാളൊരു സ്‌ട്രൈക്കറായിരുന്നു. എന്നാല്‍ പരമ്പരാഗത രീതിയിലുള്ള സ്‌ട്രൈക്കറായിരുന്നില്ല. അയാളൊരു പ്ലേമേയ്ക്കറായിരുന്നു. എന്നാല്‍ പരമ്പരാഗത രീതിയിലുള്ള പ്ലേമേയ്ക്കറായിരുന്നില്ല. സ്വതന്ത്ര ഗണത്തില്‍പ്പെട്ട ജീനിയസായിരുന്നു അയാള്‍. 1990ലെ ഇറ്റാലിയന്‍ ഫുട്‌ബോളിലെ ചിട്ടവട്ടങ്ങള്‍ക്ക് ചേരുന്ന കളിയായിരുന്നില്ല അയാളുടേത്. അതുകൊണ്ടാണ് ബാജിയോ ബ്രസീലിലോ അര്‍ജന്റീനയിലോ ആണ് ജനിച്ചിരുന്നതെങ്കില്‍ അയാള്‍ പെലെയുടെയോ മറഡോണയുടെയോ ഒക്കെ തലത്തില്‍ വരുന്ന കളിക്കാരനായി മാറിയേനെ എന്ന് ആളുകള്‍ വിശ്വസിച്ചുപോന്നത്. എന്നാല്‍ ആരാധകര്‍ക്ക് അയാളെന്നും ഒരു ചാമ്പ്യനായിരുന്നു. നിമിഷനേരം കൊണ്ട് കളി മാറ്റിമറിക്കാന്‍ കഴിവുള്ള മാന്ത്രികന്‍. ബാജിയോ ഒരു ഫ്രീകിക്കെടുക്കാന്‍ വരുമ്പോള്‍ എതിര്‍ ക്ലബിന്റെ ആരാധകര്‍ പോലും നിശബ്ദരായിരിക്കുമായിരുന്നു. കാരണം അവര്‍ക്കറിയാമായിരുന്നു അസാധാരണമായി എന്തോ നടക്കാന്‍ പോവുകയാണെന്ന്. ഫ്രാന്‍സെസ്‌കോ ടോട്ടിയെയും അലസാന്ദ്രോ ഡെല്‍ പിയേറോയെയും പോലുള്ള ഇറ്റലിയുടെ യുവതാരങ്ങള്‍ ബാജിയോയെ ആണ് പ്ലേമേക്കര്‍ റോളിലെ അവസാന വാക്കായി കണ്ടിരുന്നതും പിന്തുടര്‍ന്നിരുന്നതും.

അന്താരാഷ്ട്രതലത്തില്‍ റോബര്‍ട്ടോ ബാജിയോ 1990കളിലെ ഫുട്‌ബോളിന്റെ മുഖമായിരുന്നു. ഇറ്റലിയുടെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍മാരിലൊരാളായിരുന്നു റോബര്‍ട്ടോ ബാജിയോ എന്നത് നമ്മുക്ക് മറക്കാം. അയാള്‍ എങ്ങനെയാണ് കളിച്ചിരുന്നതെന്നും അയാള്‍ എങ്ങനെയാണ് സ്വയം ലോകത്തിന് മുന്നില്‍ അവതരിച്ചിരുന്നത് എന്നതിലുമാണ് അയാളുടെ അസാധാരണത്വം കുടികൊള്ളുന്നത്. പരമമായ ആനന്ദത്തോടെയും അത്യന്തം ഭാവനാത്മകവും ക്രിയാത്മകവുമായിട്ടായിരുന്നു ബാജിയോ കളിച്ചിരുന്നത്. മാത്രമല്ല അയാളുടെ കളിയിലെപ്പോഴും പ്രവചനാതീതമായ എന്തോ ഒന്ന് എപ്പോഴും ഉണ്ടായിരുന്നു. ആ പ്രവചനാതീതതയാണ് ആരാധകരെ ഫുട്‌ബോള്‍ എന്ന കളിയെ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്നത്. അയാള്‍ എപ്പോഴും കൊണ്ടുനടന്ന ഒരു ക്ലാസ് ഉണ്ടായിരുന്നു. വല്ലാത്തൊരു മാന്ത്രികതയുണ്ടായിരുന്നു. അയാളിലെ കലാകാരനെ നിരന്തരം മൈതാനത്ത് കാണാമായിരുന്നു. അയാളുടെ ഫുട്‌ബോള്‍ കരിയര്‍ എന്നുപറയുന്നത് കേവലം ട്രോഫികളുടേത് മാത്രമല്ല. മറിച്ച് വല്ലാത്ത തിരിച്ചടികളുടെയും അസാധാരണവും പ്രചോദനാത്മകവുമായ തിരിച്ചുവരവുകളുടേത് കൂടിയാണ്. പരിക്കുകള്‍ മൂലമുള്ളതും കളിയിലെ തിരിച്ചടികള്‍ മൂലമുള്ളതുമായ വേദനകള്‍ക്കിടയിലും അയാള്‍ കാണിച്ച അക്ഷോഭ്യതയും സൗകുമാര്യതയും വരുംതലമുറകള്‍ക്ക് പോലും മാതൃകയാണ്. ആ മാതൃകയാണ് റോബര്‍ട്ടോ ബാജിയോ ഫുട്‌ബോള്‍ ചരിത്രത്തില്‍ അവശേഷിപ്പിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും ജീനിയസായ ഒരു ഫുട്‌ബോളര്‍ താന്‍ കളിച്ച കളിയിലെ ചരിത്രത്തിന് നല്‍കുന്ന സംഭാവന.



