Wednesday, February 18, 2026
Google search engine
HomeFunny Momentsക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരില്‍ നക്ഷത്രക്കൂട്ടം

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരില്‍ നക്ഷത്രക്കൂട്ടം

കെ.ശ്രീജിത്ത്

നമ്മുക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഫുട്‌ബോളിലെ സൂപ്പര്‍താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആ റൊണാള്‍ഡോയുമായി ബന്ധപ്പെട്ട ചില കൗതുകങ്ങളുണ്ട്. എന്തൊക്കെയാണ് അതെന്ന് നമ്മുക്കൊന്ന് നോക്കാം.

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ പേരിലെ ആദ്യ ഭാഗമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിന്റെ രണ്ടാം ഭാഗം. ക്രിസ്റ്റ്യാനോയുടെ അമ്മ റൊണാള്‍ഡ് റീഗന്റെ വലിയ ആരാധികയായിരുന്നു. നടനായിരുന്ന റീഗന്‍ രണ്ടാമതും അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേറ്റതിനും ഒരു മാസത്തിന് ശേഷമാണ് ക്രിസ്റ്റ്യാനോയുടെ ജനനം. തുടര്‍ന്നാണ് ക്രിസ്റ്റിയാനോയുടെ അമ്മ മകന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന പേരിടുന്നത്.

2015ല്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഒരു നക്ഷത്രക്കൂട്ടത്തിന് റൊണാള്‍ഡോയുടെ പേരിട്ടു. ലങ്കാസ്റ്റര്‍ സര്‍വകലാശാലയിലെ ആസ്‌ട്രോ ഫിസിക്‌സ് അധ്യാപകനായ ഡേവിഡ് സോബ്രാലിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തില്‍ കണ്ടെത്തിയ ഗാലക്‌സിക്കാണ് കോസ്‌മോസ് റെഡ്ഷിഫ്റ്റ് സെവന്‍ ഗാലക്‌സി അഥവാ സി ആര്‍ സെവന്‍ ഗ്യാലക്‌സി എന്ന് പേരിട്ടത്.

സ്വന്തം നാടായ പോര്‍ച്ചുഗീസ് ദ്വീപ് മദെയ്‌ര അവിടുത്തെ വിമാനത്താവളത്തിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേര് നല്‍കി ആദരിച്ചു. 2017 മുതല്‍ ഈ വിമാനത്താവളം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്. 

മദെയ് രയില്‍ തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍ ഒരു മ്യൂസിയവും സ്ഥാപിച്ചിട്ടുണ്ട്. മ്യൂസിയോ സി ആര്‍ സെവന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിയത്തില്‍ റൊണാള്‍ഡോയുടെ കുട്ടിക്കാലം, പ്രശസ്തിയിലേയ്ക്കുള്ള അയാളുടെ വളര്‍ച്ച, ഫുട്‌ബോളര്‍ എന്ന നിലയിലുള്ള നേട്ടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്മരണികകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മള്‍ട്ടിമീഡിയ ഡിസ്‌പ്ലേകളും ഇന്ററാക്ടീവ് ഗെയിമുകളുമെല്ലാം മ്യൂസിയത്തിലുണ്ട്. റൊണാള്‍ഡോയ്ക്ക് ലഭിച്ച ബാലന്‍ ദ്യോര്‍ പുരസ്‌കാരങ്ങളും താരത്തിന്റെ പോര്‍ച്ചുഗല്‍ ദേശീയ ടീം ജേഴ്‌സികളുമൊക്കെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പ്രശസ്ത കനേഡിയന്‍ സംഗീതജ്ഞനായ ഡ്രെയ്ക്കിന്റെ ഏറെ ജനപ്രീതി നേടിയ മ്യൂസിക്ക് ആല്‍ബത്തിലെ ഒരു പാട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. സ്‌കോര്‍പിയോണ്‍ എന്ന ആല്‍ബത്തിലെ ബ്ലൂ ടിന്റ് എന്ന പേരുള്ള പാട്ടിലാണ് ഡ്രെയ്ക് റൊണാള്‍ഡോയുടെ പേര് പരാമര്‍ശിച്ചിട്ടുള്ളത്.

റൊണാള്‍ഡോയ്ക്ക് കാറുകളോട് വല്ലാത്ത ഭ്രമമാണ്. ഇരുപതോളം ആഡംബര കാറുകളാണ് റൊണാള്‍ഡോയ്ക്ക് സ്വന്തമായുള്ളത്. ബുഗാട്ടി ഷിറോണ്‍, ഫെരാരി ഫൈവ് നയന്റി നയന്‍ ജി ടി ഒ, റോള്‍സ് റോയ്‌സ് ഫാന്റം തുടങ്ങിയ അത്യന്തം വിലയേറിയ കാറുകളാണ് ആ ശേഖരത്തിലുള്ളത്.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ഒക്കനാഗന്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള ഒരു വിഷയമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന് കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടും. എന്നാലത് സത്യമാണ്. സര്‍വകലാശാലയിലെ സോഷ്യോളജി വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ കോഴ്‌സിന്റെ ഭാഗമായി റൊണാള്‍ഡോയുടെ ജീവിതത്തെക്കുറിച്ചും ഫുട്‌ബോള്‍ കരിയറിനെക്കുറിച്ചും പഠിക്കാം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments